Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

തുനീഷ്യയിെല അട്ടിമറി ഇ്രസേയലിനു േവണ്ടി 

സുെെലമാന്‍ സ്വാലിഹ്

കുറേ കാലമായി തുനീഷ്യ ശരിക്കും അപകട മുനമ്പില്‍ തന്നെയായിരുന്നു. കാരണം തുനീഷ്യന്‍ ജനതയാണ് സ്വേഛാധിപതികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ മുഴുവന്‍ അറബ് സമൂഹങ്ങള്‍ക്കും കരുത്തു പകര്‍ന്നത്; രണ്ട് നൂറ്റാണ്ടായി അറേബ്യന്‍ ആകാശത്തു നിന്ന് അപ്രത്യക്ഷമായ സ്വാതന്ത്ര്യത്തിന്റെ സൂര്യനെ വീണ്ടെടുക്കാനുള്ള യത്‌നത്തില്‍ മുന്നില്‍ നിന്നത്. ജനാധിപത്യപരീക്ഷണം തുനീഷ്യയില്‍ വിജയിച്ചാല്‍ അറബ് ഹൃദയങ്ങള്‍ മാതൃക തേടിപ്പോവുക അങ്ങോട്ടേക്കായിരിക്കും.
തുനീഷ്യന്‍ സംഭവവികാസങ്ങളെ സൂക്ഷ്മമായി പിന്തുടരുന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യം മീഡിയ നടത്തുന്ന കള്ളക്കളിയാണ്. അടിസ്ഥാന വസ്തുതകള്‍ മറച്ചുവെക്കുകയും സമൂഹത്തെ വിശദാംശങ്ങളില്‍ തളച്ചിടുകയും ചെയ്യുക എന്നതാണത്. ഉദാഹരണത്തിന്, പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, നയപരമായ ഭിന്നതകള്‍, പാര്‍ലമെന്റിലെ സംഘര്‍ഷങ്ങള്‍, പാര്‍ലമെന്റ് സ്പീക്കര്‍ റാശിദ് ഗന്നൂശിക്കെതിരെ സെക്യുലരിസ്റ്റുകള്‍ മുദ്രാവാക്യം വിളിച്ചത് ഇതൊക്കെ മീഡിയ പൊലിപ്പിച്ചങ്ങു കൊടുക്കും. യഥാര്‍ഥത്തില്‍ കൊളോണിയല്‍ - സ്വേഛാധിപത്യ ശക്തികളാണ് ഇവ്വിധം പുകയുണ്ടാക്കി പൊതുജനത്തെ വഴിതെറ്റിക്കുന്നത്. ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ വികലമാക്കുകയും അങ്ങനെ ആ ജനാധിപത്യപരീക്ഷണത്തെ തകര്‍ത്ത് അവര്‍ സ്വന്തം ഭാഗധേയം നിര്‍ണയിക്കുന്നത് തടയുകയുമാണ് ലക്ഷ്യം.
ഈ ജനാധിപത്യ ധ്വംസനത്തിന് ഏകാധിപത്യ - കൊളോണിയല്‍ ശക്തികള്‍  മുന്നില്‍ നിര്‍ത്തുക സെക്യുലരിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവരെയായിരിക്കും. 2013 ജൂലൈ 3-ന് ഈജിപ്തില്‍ നടന്ന അട്ടിമറി മികച്ച ഉദാഹരണമാണ്. ഈ അട്ടിമറിയുടെ ഒരു പോസിറ്റീവ് വശം അത്തരക്കാരുടെ മുഖംമൂടി വലിച്ചു ചീന്താനായി എന്നതാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. അധികാരക്കൈമാറ്റത്തിലോ സ്വന്തം ഭാഗധേയം നിര്‍ണയിക്കാനുള്ള ജനതയുടെ അവകാശത്തിലോ അവര്‍ വിശ്വസിക്കുന്നേയില്ല. സമൂഹം ഇസ്‌ലാമികാഭിമുഖ്യമുള്ളവരായി മാറുന്നു എന്ന് കണ്ടാല്‍ ആ ജനാധിപത്യപരീക്ഷണത്തെ തകര്‍ക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാവും. ജനാധിപത്യ വിഷയത്തില്‍ അവര്‍ക്ക് ഒട്ടും ആത്മാര്‍ഥതയില്ല എന്നാണ് അതിനര്‍ഥം. നീതിബോധത്തിന് ചേരാത്ത ഇരട്ടത്താപ്പു നിലപാടുകള്‍ സ്വീകരിച്ച് സ്വേഛാധിപത്യത്തിനും അതിക്രമത്തിനും സഹായം ചെയ്തുകൊടുക്കുകയും ചെയ്യും അവര്‍.

പ്രശ്‌നത്തിന്റെ അടിവേര്

അട്ടിമറിക്കുന്നത് ഇസ്‌ലാമിസ്റ്റുകളുടെ ഭരണ കൂടത്തെയാകുമ്പോള്‍ എന്തുകൊണ്ടാണ് ഈ സെക്യുലരിസ്റ്റുകള്‍ ഏകാധിപതികള്‍ക്കൊപ്പം നില്‍ക്കുന്നത്? അറബ് സെക്യുലര്‍ കക്ഷികളുടെ ചരിത്രം ആഴത്തില്‍ പഠിച്ചാല്‍ ഇതിന് ഉത്തരം കിട്ടും. അമേരിക്കന്‍ വിധേയത്വവും മുന്‍കാലങ്ങളില്‍ ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്കുള്ള വിധേയത്വവും ഇസ്‌ലാംനിരാസവും ഈ കക്ഷികളുടെ കൂടപ്പിറപ്പാണ്. ഇസ്‌ലാമിന് തടയിട്ടില്ലെങ്കില്‍ ആ ദര്‍ശനം ജനസമൂഹങ്ങളുടെ സമഗ്ര വിമോചനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചേക്കുമെന്ന ഭയമാണ് ഇതിനു പിന്നില്‍. ഇസ്‌ലാമിനോടുള്ള ഫ്രാന്‍സിന്റെ നിലപാടും അത് പരത്തുന്ന ഇസ്‌ലാമോഫോബിയയും ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ  മൂല്യങ്ങളാട് ഇസ്‌ലാം ഏറ്റുമുട്ടുന്നു എന്ന ന്യായം പറഞ്ഞ് അത് കൊണ്ടുവരുന്ന നിയമങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ഇത് തുനീഷ്യയിലെ സമസ്യകളെ മാത്രമല്ല, ഫ്രാന്‍സും അറേബ്യന്‍ സ്വേഛാധിപത്യവും തമ്മിലുള്ള ചങ്ങാത്തത്തെയും നമുക്ക് വിശദീകരിച്ചുതരുന്നില്ലേ?
പൊതുകാര്യങ്ങളുടെ നിര്‍വഹണത്തിനും പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനും ഭരണഘടന നിലനിന്നേ മതിയാവൂ. അതാണ് അടിത്തറ. ഈജിപ്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ 1923-ല്‍ കൊണ്ടുവന്ന ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. 1952 വരെ ഈ നില തുടര്‍ന്നു. ഈജിപ്തിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിനും അവിടത്തെ രാജാവിനും ഭരണഘടന എങ്ങനെയെങ്കിലും റദ്ദായിക്കിട്ടിയാല്‍ മതി. ന്യൂനപക്ഷ വരേണ്യ വിഭാഗത്തില്‍ തന്നെ അധികാരം നിലനിര്‍ത്താനും അധികാരം ബഹുജനങ്ങളിലേക്കെത്താതിരിക്കാനും ഭരണഘടനയെ തട്ടി നീക്കിയേ മതിയാവൂ. ഭരണഘടനയില്‍ വെള്ളം ചേര്‍ക്കുന്ന കൗശലവും പില്‍ക്കാലത്തുണ്ടായി. ഭരണഘടനയില്‍ ചില ഇനങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അവ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കും. ഈ ഇരട്ടത്താപ്പ് കൂടുതല്‍ അപകടകരമാണ്. ഭരണഘടനയുടെ കശക്കിയെറിയലാണ് ഈജിപ്തിലും സംഭവിച്ചത്. ഭരണഘടനയിലെ ചില പഴുതുകള്‍ വ്യാഖ്യാനിച്ചാണ് ഭരണഘടനയെ തന്നെ ഇല്ലാതാക്കുക.
സ്വേഛാധികാര ശക്തികള്‍ ദുരുപയോഗം  ചെയ്യുന്ന അത്തരം പഴുതുകളിലൊന്നാണ്  'അനിവാര്യ ഘട്ടം' എന്നത്. രാജ്യസുരക്ഷ അപകടത്തിലാണെന്നും പറഞ്ഞ് ഭരണാധികാരി തനിക്ക് തോന്നുന്ന നടപടിക്രമങ്ങളൊക്കെ സ്വീകരിക്കുന്നു. അതിന്റെ ഭാഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കല്‍. ഭരണഘടന അനുശാസിക്കുന്ന ഒരു നിയന്ത്രണവും അതോടെ ഭരണാധികാരിക്ക് ബാധകമല്ലാതാവുന്നു; പ്രത്യേകിച്ച് പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍.
മിക്ക രാജ്യങ്ങളിലും അടിയന്തരാവസ്ഥ എന്ന ഈ പഴുത് ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യത്തെ മുളയിലേ നുള്ളിക്കളയാനാണ്. 2013 മുതല്‍ ഈജിപ്തില്‍ അടിയന്തരാവസ്ഥയാണ്. അനിവാര്യ ഘട്ടം മനപ്പൂര്‍വം  സൃഷ്ടിക്കപ്പെടുന്നതാണെന്നും മനസ്സിലാക്കണം. 1954-ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റായ ജമാല്‍ അബ്ദുന്നാസിര്‍ തന്നെ കയ്‌റോ നഗരത്തില്‍ പ്രക്ഷോഭങ്ങളും സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്യുകയുണ്ടായി. തൊഴിലാളികള്‍ ജനാധിപത്യത്തിനെതിരെ മുദ്രാവാക്യം മുഴക്കാനും ഭരണഘടന റദ്ദാക്കണമെന്ന് ആവശ്യപ്പെടാനും അത് കാരണമായി. ഇതിന്റെ ആവര്‍ത്തനമാണ് 2013-ല്‍ ഈജിപ്തിലും ഇപ്പോള്‍ തുനീഷ്യയിലും നടന്നിരിക്കുന്നത്. അതായത് ജനാധിപത്യത്തെ അലസിപ്പിച്ച് അധികാരം ഒരാളിലേക്ക് മാത്രമായി കേന്ദ്രീകരിക്കുക.
തുനീഷ്യയില്‍ അധികാരം പിടിച്ചെടുത്ത ഖൈസ് സഈദ് സ്വയം പരിചയപ്പെടുത്തിയത് താന്‍ ഭരണഘടനാ നിയമസംഹിത പഠിപ്പിക്കുന്ന അധ്യാപകനാണ് എന്നാണ്. താന്‍ സര്‍വകലാശാലയില്‍ നിയമം പഠിപ്പിച്ച വിദ്യാര്‍ഥികളാണ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കാന്‍ നിര്‍ബന്ധിച്ചെന്നും പറഞ്ഞുവെക്കുന്നു. അതുവഴി ജനമനസ്സുകളില്‍ താന്‍ ഭരണഘടനയുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും സംരക്ഷകനായിരിക്കുമെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ഖൈസിന് കഴിഞ്ഞു. ജനഹിതത്തെയും പൗരസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നത് ഭരണഘടനയാണ് എന്ന് നന്നായി അറിയുന്നവനാണല്ലോ അദ്ദേഹം. താന്‍ തന്നെക്കുറിച്ച് ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കാന്‍ പണിപ്പെട്ട ചിത്രമേതോ അതാണ് ഈ അട്ടിമറിയിലൂടെ വികലമാക്കപ്പെട്ടിരിക്കുന്നത്. അതായിരുന്നല്ലോ അയാളുടെ യഥാര്‍ഥ മൂലധനം. ഭരണഘടന കുളം തോണ്ടുകയും ജനാധിപത്യപരീക്ഷണത്തെ അലസിപ്പിക്കുകയും ചെയ്ത ആദ്യത്തെ ഭരണഘടനാ നിയമ പ്രഫസര്‍ എന്ന ചിത്രമാണ് ഇനി ജനമനസ്സുകളില്‍ രൂപപ്പെടാന്‍ പോകുന്നത്.
ഖൈസ് സഈദിന്റെ പ്രസംഗം ഞാന്‍ ശ്രദ്ധിച്ചു. ജനങ്ങളെ ഒന്നും ബോധ്യപ്പെടുത്താന്‍ അയാള്‍ക്കാവുന്നില്ല. വെടിവെച്ചിടുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ജനം അഭിപ്രായപ്രകടനം നടത്തുന്നത് തടയാന്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കാമെന്നാണ് അതിന്റെ അര്‍ഥം. പാര്‍ലമെന്റ് അടച്ചുപൂട്ടാനും എം.പിമാര്‍ അങ്ങോട്ട് വരുന്നത് തടയാനും സൈന്യത്തെ ഇറക്കുകയായിരുന്നല്ലോ ഖൈസ്. തന്റെ പദവിയുടെ നിയമാനുസൃതത്വത്തിന്റെ, അഥവാ തെരഞ്ഞെടുപ്പു സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചിരിക്കുകയാണ് അയാള്‍. ഖൈസ് അധികാരത്തിലെത്തിയതും പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതും ജനം വോട്ട് ചെയ്തിട്ടാണ്. ഖൈസ് തനിക്കൊപ്പം സൂക്ഷ്മദൃക്കുകളായ ഉപദേഷ്ടാക്കളെ നിര്‍ത്തിയിരുന്നെങ്കില്‍ ഈ നടപടിയില്‍ ഏറ്റവുമധികം നഷ്ടമുണ്ടാകുന്നത് അദ്ദേഹത്തിനു തന്നെ എന്ന് അവര്‍ ഉപദേശിക്കുമായിരുന്നു. ഈ അട്ടിമറിക്കു പിന്നില്‍ കളിച്ച ശക്തികള്‍ ആവശ്യം കഴിഞ്ഞാല്‍ ഖൈസിനെ എടുത്ത് പുറത്തേക്കെറിയും. കാരണം ആ ശക്തികള്‍ ഒരു അറബ് രാജ്യത്തും തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയെ പൊറുപ്പിക്കില്ല. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും തെരഞ്ഞെടുപ്പുകള്‍ക്കുമൊക്കെ എതിരാണ് ആ ശക്തികള്‍. ഈജിപ്തിലെ അട്ടിമറിയുടെ കോപ്പികളെടുക്കാനേ അവര്‍ക്ക് താല്‍പ്പര്യമുള്ളൂ. തുനിഷ്യന്‍ ജനത അതിന് സമ്മതിക്കുമോ?
ഈജിപ്ഷ്യന്‍ അനുഭവം മുമ്പിലുള്ളതുകൊണ്ടാണ് അട്ടിമറിശ്രമമുണ്ടായപ്പോള്‍ തുര്‍ക്കി ജനത തെരുവിലിറങ്ങി ജനാധിപത്യത്തിന് പ്രതിരോധം തീര്‍ത്തത്. ആ മാതൃക തുനീഷ്യന്‍ ജനത സ്വീകരിക്കുമോ? ഈജിപ്തില്‍ പട്ടാളത്തെ ക്ഷണിച്ചുവരുത്തിയ സെക്യുലര്‍ പാര്‍ട്ടികള്‍ക്കുണ്ടായ അതേ അനുഭവം തന്നെയാണ് തുനീഷ്യയിലെ സെക്യുലര്‍ പാര്‍ട്ടികള്‍ക്കും ഉണ്ടാകാന്‍ പോകുന്നത്.

ഇസ്രയേലിന്റെ പങ്ക്

സംഭവ ലോകത്തെ ആഴത്തില്‍ പഠിക്കുകയും യാഥാര്‍ഥ്യങ്ങളെ വ്യക്തതയോടെയും ധീരതയോടെയും തുറന്നു പറയുകയും ചെയ്യുന്ന പണ്ഡിതന്മാരെയാണ് ഇന്ന് മുസ്‌ലിം സമൂഹം തേടുന്നത്. സമൂഹത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കഴിവില്ലായ്മയുടെയും വിധേയത്വത്തിന്റെയും ഒത്തുതീര്‍പ്പുകളുടെയും മണലില്‍ തല പൂഴ്ത്തിവെച്ചിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. ഇവിടെ ഗവേഷകരുടെ ധീരത ആവശ്യപ്പെടുന്ന ഒരു പഠന മേഖലയുണ്ട്. അറേബ്യന്‍ സംഭവഗതികളെ രൂപപ്പെടുത്തുന്നതിലും സ്വന്തം ഭാഗധേയം നിര്‍ണയിക്കുന്നതില്‍നിന്ന് അറബ് സമൂഹങ്ങളെ തടയുന്നതിലും ജനാധിപത്യപരീക്ഷണങ്ങളെ പരാജയപ്പെടുത്തുന്നതിലും ഇസ്രയേലിനുള്ള പങ്ക് എന്നതാണ് ആ വിഷയം. അറബ് വസന്തത്തെ കുഴിച്ചുമൂടാന്‍ വേണ്ടി ഇസ്രയേല്‍ നടത്തുന്ന ചരടുവലികള്‍ക്ക് വേണ്ടതിലധികം തെളിവുകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.
പക്ഷേ വാര്‍ത്താ മാധ്യമങ്ങള്‍ ഈ വിഷയം മിണ്ടില്ല. കാരണം അവക്ക് അവയുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തൃപ്തിപ്പെടുത്താന്‍ അവക്ക് കഴിയാതായിരിക്കുന്നു. ഇസ്രയേല്‍ ചാരക്കണ്ണുകളുമായി തങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന് ബോധ്യമുള്ളതിനാല്‍ അറബ് രാഷ്ട്രീയക്കാരും മിണ്ടാന്‍ തയാറല്ല. സ്വേഛാധിപത്യത്തിന് വിടുവേല ചെയ്യുന്ന ഒരു അറബ് 'സാംസ്‌കാരിക നായകന്‍' പറഞ്ഞത് ഇവിടെ എടുത്തുദ്ധരിക്കാം: ''ഇസ്രയേലിന്റെ തൃപ്തിയും അംഗീകാരവുമില്ലാതെ ഒരാള്‍ക്കും ഈജിപ്തിന്റെ പ്രസിഡന്റ് പദവിയിലെത്താനാവില്ല. ഈജിപ്തിന് ദോഷകരമാവും വിധത്തില്‍ നൈല്‍ നദിയില്‍ എത്യോപ്യ നിര്‍മിക്കുന്ന നഹ്ദ അണക്കെട്ട് പ്രശ്‌നം തീര്‍ക്കാനും ഇസ്രയേല്‍ തന്നെ വേണം!''
അറേബ്യന്‍ സംഭവ യാഥാര്‍ഥ്യത്തെ രൂപപ്പെടുത്തുന്നതില്‍ ഇസ്രയേലിനുള്ള പങ്കിനെ എങ്ങനെയാണ് നിഷേധിക്കാനാവുക, തങ്ങളുടെ ജനതകളെ കീഴ്‌പ്പെടുത്താന്‍ അറേബ്യന്‍ ഏകാധിപതികള്‍ ഇസ്രയേലിന്റെ മാരകശക്തിയെ കൂട്ടുപിടിക്കുമ്പോള്‍? അറബ് നാടുകളില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുന്നവര്‍ക്കെതിരെ പാശ്ചാത്യ നാടുകളില്‍ (അവരല്ലോ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍) നിന്നുയരാവുന്ന പ്രതിഷേധങ്ങളെ അവര്‍ക്കു വേണ്ടി നിശ്ശബ്ദമാക്കിക്കൊടുക്കുന്നത് ഇസ്രയേല്‍ അല്ലേ?
എന്തുകൊണ്ട് ഖൈസ് സഈദ്?
ഇസ്രയേലുമായി അറബ് രാഷ്ട്രങ്ങള്‍ ഒത്തുതീര്‍പ്പുണ്ടാക്കി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിന് എതിരായിരുന്നു തുനീഷ്യന്‍ ജനത. ആ എതിര്‍പ്പിന് മുന്നില്‍ നിന്നയാളാണ് ഖൈസ് സഈദ്. അദ്ദേഹം പ്രസിഡന്റാകുന്നതും ഈ ഒത്തുതീര്‍പ്പ് വിരുദ്ധ തരംഗത്തിന്റെ ബലത്തിലാണ്. ഇപ്പോള്‍ മനസ്സിലാകുന്നത്, അറേബ്യന്‍ ദുശ്ശക്തികള്‍ ഇങ്ങനെയൊരു അട്ടിമറി പ്ലാന്‍ ചെയ്ത് ഖൈസിനെ അതിലേക്ക് ചാടിക്കുകയായിരുന്നു എന്നാണ്. അയാളുടെ ഇസ്രയേല്‍വിരുദ്ധ ഇമേജ് അതോടെ തകര്‍ന്നുകിട്ടും. സ്വന്തമായി ഒരു സ്ട്രാറ്റജി സ്വീകരിക്കാനാവാതെ ഖൈസ് ഉഴറി നിന്നപ്പോള്‍, അട്ടിമറി തന്നെ കാമ്യം എന്ന നിലപാടിലേക്ക് അറബ് ഏകാധിപതികള്‍ അയാളെ വഴിനടത്തുകയായിരുന്നു. അയാള്‍ പുറത്താക്കപ്പെടുന്നതിലായിരിക്കും ഇനി ഇത് പര്യവസാനിക്കുക. അറബ് സമൂഹങ്ങളില്‍ ആവേശമുണര്‍ത്തിയ തുനീഷ്യന്‍ ജനാധിപത്യവും അപ്പോഴേക്കും കുഴിച്ചുമൂടപ്പെട്ടിട്ടുണ്ടാവും.
ഏകാധിപതികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗുണ്ടാസംഘങ്ങളുണ്ട് അറബ് ലോകത്ത്. ഈജിപ്തില്‍ 'ബല്‍ത്വജിയ്യ' എന്നും സിറിയയില്‍ 'ശബീഹ' എന്നും ആ ഗുണ്ടാസംഘങ്ങള്‍ അറിയപ്പെടുന്നു. ഭരണകൂടത്തിനു വേണ്ടി കൊല നടത്തലും അരാജകത്വം സൃഷ്ടിക്കലുമൊക്കെയാണ് ഇവയുടെ പണി. ഇതുപോലൊരു ഗുണ്ടാ പണിയാണ് തുനീഷ്യയില്‍ ഫ്രീ ദസ്തൂരിയന്‍ പാര്‍ട്ടിയും ഇസ്‌ലാംവിരുദ്ധയായ അതിന്റെ അധ്യക്ഷ(അബീര്‍ മൂസ)യും അറബ് സ്വേഛാധിപതികള്‍ക്കു വേണ്ടി ചെയ്തുകൊടുത്തത്. അരാജകത്വം സൃഷ്ടിച്ച് പാര്‍ലമെന്റ് സ്തംഭിപ്പിക്കലായിരുന്നു ഇത്തരം പാര്‍ട്ടികളുടെ അജണ്ട. ഇതിന്റെ പിന്നില്‍ കളിക്കുന്നവര്‍ ആരൊക്കെയെന്ന്  തുനീഷ്യന്‍ ജനത മനസ്സിലാക്കുന്നുണ്ടാവില്ലേ?
ഏതൊരു രാഷ്ട്രീയ നിരീക്ഷകനും തിരിച്ചറിയുന്ന ഒരു വസ്തുതയുണ്ട്. ഏതു വിധേനയും നിലവിലെ തുനീഷ്യന്‍ ഭരണകൂടത്തെ തകര്‍ക്കലാണ് മേഖലയിലെ ഏകാധിപതികളുടെ ലക്ഷ്യം. അതിനു വേണ്ടി അവര്‍ ഇസ്രയേലുമായി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇസ്രയേലിനെ മുന്നില്‍ നിര്‍ത്തി കടം നല്‍കുന്ന അന്താരാഷ്ട്ര വേദികളെ സ്വാധീനിക്കുന്നു. അങ്ങനെ തുനീഷ്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭരണം അട്ടിമറിച്ചതോടെ ഇവര്‍ തന്നെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എളുപ്പമായിരിക്കുമല്ലോ. അത് സമൂഹത്തിന് ആശ്വാസകരമാവുമെന്നതിലും തര്‍ക്കമില്ല. സ്വാതന്ത്ര്യത്തേക്കാളും ജനാധിപത്യത്തേക്കാളും രാഷ്ട്രീയ സ്ഥിരതക്കും സുരക്ഷിതത്വത്തിനും അവര്‍ പ്രാമുഖ്യം നല്‍കിയാലും അത്ഭുതപ്പെടാനില്ല.
അതായത് ഇസ്രയേല്‍ അതിന്റെ സ്ട്രാറ്റജി മാറ്റിപ്പിടിച്ചിരിക്കുകയാണ്. നേരിട്ട് ഇടപെട്ടാല്‍ അത് അറബ് സമൂഹങ്ങളുടെ ദേശാഭിമാനബോധത്തെ വ്രണപ്പെടുത്തുമെന്ന് അവര്‍ക്കറിയാം. അതിനാല്‍ തങ്ങളുമായി കൂട്ടുചേര്‍ന്ന നിഷ്ഠുരരായ അറബ് സ്വേഛാധിപതികളെ കളത്തിലിറക്കിയിരിക്കുകയാണ്. അട്ടിമറി നടത്താന്‍ പാകത്തില്‍ പശ്ചാത്തലമൊരുക്കിക്കൊടുക്കുന്ന ഗുണ്ടാസംഘങ്ങള്‍ക്ക് പണമെത്തിക്കലൊക്കെ അവര്‍ തന്നെ ചെയ്തുകൊള്ളും. ഇസ്രയേലിന് നഷ്ടമൊന്നുമില്ല; എപ്പോഴും ലാഭം മാത്രം. ഈജിപ്തിലേക്ക് ഇതുപോലെ ജനാഭിപ്രായത്തെ വഴിതെറ്റിക്കാനായി മീഡിയാ പ്രചാരണം നടത്താന്‍ ബില്യന്‍ കണക്കിന് ഡോളറാണ് ഒഴുക്കിവിട്ടത്. അതിശക്തമായ ആ മീഡിയാ പ്രചാരണത്തില്‍ കുടുങ്ങിയ ജനത്തിന് ഇങ്ങനെ തോന്നിപ്പോയി; രണ്ടാലൊരു മാര്‍ഗമേ ഇനി മുമ്പിലുള്ളൂ. ഒന്നുകില്‍ നിലവിലുള്ള ഭരണത്തെ അട്ടിമറിക്കുക. അല്ലെങ്കില്‍ ഈജിപ്ത് സിറിയയെയും ഇറാഖിനെയും പോലെയാവുക.... ആഭ്യന്തര യുദ്ധമുണ്ടാകുമെന്ന ധ്വനിയാണ് അതിലുണ്ടായിരുന്നത്.  തുനീഷ്യയിലും പുതിയതൊന്നും സംഭവിച്ചിട്ടില്ല. എല്ലാം അറബ് സ്വേഛാധിപതികളുടെ പഴകിപ്പുളിച്ച അടവുകള്‍. ജനം തെരഞ്ഞെടുത്ത ഒരു പ്രസിഡന്റിനെ ഉപയോഗിച്ച് അത് ചെയ്തു എന്ന വ്യത്യാസമേയുള്ളൂ.
ഖൈസ് സഈദ് ഈജിപ്ത് സന്ദര്‍ശിച്ചതോടെയാണ് അട്ടിമറിയുടെ തുടക്കം. ഈജിപ്തില്‍നിന്ന് മടങ്ങിയെത്തിയ ഖൈസ് മറ്റൊരാളായിരുന്നു. ഈജിപ്തിലെ അട്ടിമറി ഭരണകൂടത്തിന് തുനീഷ്യയിലെ സംഭവവികാസങ്ങളില്‍ വലിയ റോളുണ്ട്. തുനീഷ്യന്‍ അട്ടിമറിയെ ഈജിപ്ഷ്യന്‍ മീഡിയ ആഹ്ലാദാരവങ്ങളോടെയാണ് സ്വാഗതം ചെയ്തത്. ഇഖ് വാനുല്‍ മുസ്‌ലിമൂനെതിരായ വിജയമായി അവരതിനെ കൊണ്ടാടി.

 

മുഖ്യശത്രുവിനെതിരെ

അറബ് ഏകാധിപതികള്‍ ഇത്ര ക്രൂരമായും വന്യമായും ഇസ്‌ലാമിക ധാരയെ, പ്രത്യേകിച്ച് ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ വേട്ടയാടാന്‍ എന്താണ് കാരണം എന്ന് അന്വേഷിക്കുമ്പോള്‍ അത് ഇസ്രയേലിനു വേണ്ടി ചെയ്യുന്നതാണ് എന്ന് വ്യക്തമാവും. ഇസ്രയേലിന്റെ കണക്കുകൂട്ടലില്‍ അവര്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന ഏക ശക്തി ഈ ഇസ്‌ലാമിക ധാരയാണ്. ആ ശത്രുവിനെ വകവരുത്താന്‍ തങ്ങളുമായി സഖ്യത്തിലുള്ള അറബ് ഭരണാധികാരികള്‍ സഹായിക്കണം എന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. 2013-നു ശേഷമുള്ള അട്ടിമറികള്‍ വിശകലനം ചെയ്താല്‍ അവയുടെ മുഖ്യ ഉന്നം ഇസ്‌ലാമിക ധാരയെ ഉന്മൂലനം ചെയ്യലാണെന്നു വ്യക്തമാവും.
ആ ധാരയില്‍പെടുന്നതാണ് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടിയും. ചിലര്‍ക്ക് പരിഹസിക്കാന്‍ പോലും കാരണമാകുന്ന വിധത്തില്‍, രാഷ്ട്രീയ മേഖലയില്‍ അങ്ങേയറ്റത്തെ സമാധാനപരതയാണ് ഈ പാര്‍ട്ടി മുറുകെ പിടിക്കുന്നത്. ഗവണ്‍മെന്റ് രൂപവല്‍ക്കരണവേളയില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പലതും വേണ്ടെന്നു വെക്കുകയാണ് പാര്‍ട്ടി ചെയ്തത്. പ്രസിഡന്റ് മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ക്ക് അവര്‍ വഴങ്ങി; ഹിശാം മിശീശിയുടെ ഭരണകൂടത്തിന് വിശ്വാസവോട്ട് നല്‍കി. അങ്ങനെയുള്ളൊരു പാര്‍ട്ടിക്ക് ഭീകരമുദ്ര പതിച്ചുനല്‍കാനുള്ള ശ്രമം, എതിരാളികള്‍ ലക്ഷ്യമിടുന്നത് ഒരു പാര്‍ട്ടിയെ അല്ല, ഇസ്‌ലാമിനെത്തന്നെയാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. ഇസ്‌ലാമിക ചിന്തകള്‍ കൊണ്ടുനടക്കുന്നവരോ, ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവരോ ഒക്കെ ഈ ഭീകര പട്ടികയിലേക്ക് ചേര്‍ക്കപ്പെടും.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും സഖ്യം ചേരാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പൊടുന്നനെ ഈജിപ്തില്‍ അട്ടിമറിയുണ്ടാകാനുള്ള ഒരു പ്രധാന കാരണം. മുര്‍സിയും ഖൈസും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരാണ്. മുര്‍സി താന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കു വേണ്ടി, തന്റെ ജനതക്കും ദേശത്തിനും വേണ്ടി ജയിലിന്റെ ഏകാന്തതയില്‍ കിടന്ന് പൊരുതുകയും ഒടുവില്‍ ആ മാര്‍ഗത്തില്‍ രക്തസാക്ഷിയാവുകയും ചെയ്തു. സത്യങ്ങള്‍ പുറത്തുവരുമെന്ന ഭീതിയാല്‍ പുറത്തു നിന്ന് ഒരാളെയും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാതൃകാ നേതാവായി ചരിത്രത്തില്‍ അദ്ദേഹം അനുസ്മരിക്കപ്പെടുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യും. ആ പാതയില്‍ സഞ്ചരിക്കാനായി ദശലക്ഷങ്ങള്‍ അദ്ദേഹത്തിനു പിന്നിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു പ്രസിഡന്റായ ഖൈസ് സഈദ് അറബ് ഏകാധിപതികള്‍ക്ക് വഴങ്ങുകയാണുണ്ടായത്. തുനീഷ്യന്‍ വിപ്ലവത്തെയും ജനാധിപത്യപരീക്ഷണത്തെയും ഇസ്രയേല്‍ താല്‍പര്യപ്രകാരം തകര്‍ക്കാന്‍ അയാള്‍ കൂട്ടുനിന്നു.
ഇപ്പോള്‍ അറബ് ലോകത്ത് കാണുന്നത് ഒരു തരം ശാന്തതയാണ്. അതിനു പിന്നില്‍ എന്തിനെയും തകര്‍ക്കാന്‍ പോന്ന ഒരു കൊടുങ്കാറ്റ് പതിയിരിക്കുന്നുണ്ടെന്ന് ചരിത്രം ആഴത്തില്‍ പഠിച്ച എല്ലാവര്‍ക്കുമറിയാം. ഇസ്രയേലിനുമതറിയാം.  ആ  കൊടുങ്കാറ്റ് വൈകിപ്പിക്കുന്നതിനാണ് അവര്‍ അറബ് സ്വേഛാധിപതികളുമായി കൂട്ടുകൂടുന്നത്. ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അറബ് വിപ്ലവങ്ങള്‍ക്ക് ഒരിക്കല്‍ നേതൃത്വം കൊടുത്തവരാണ് തുനീഷ്യന്‍ ജനത. സമൂഹത്തിന്റെ അന്തസ്സും അഭിമാനവും തിരിച്ചുപിടിക്കുന്ന വിധത്തിലുള്ള സമഗ്രമായ വിപ്ലവത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ക്ക് ഒരിക്കല്‍കൂടി കഴിയട്ടെ. 
(കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ മീഡിയ ഫാക്കല്‍റ്റിയില്‍ അധ്യാപകനാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി