Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

എന്താണ് സ്വാതന്ത്ര്യം?

ടി. മുഹമ്മദ് വേളം

മനുഷ്യനെ വളരെ ആകര്‍ഷിക്കുന്ന ആശയമാണ് സ്വാതന്ത്ര്യം. പക്ഷേ എന്താണ് സ്വാതന്ത്ര്യമെന്നത് വീക്ഷണഭേദമനുസരിച്ച് വ്യത്യാസപ്പെടുന്ന കാര്യമാണ്. സ്വാതന്ത്ര്യം എപ്പോഴും എന്തോ ഒന്നില്‍നിന്നുള്ള വിമുക്തിയാണ്. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളവും സ്വാതന്ത്ര്യം വിമുക്തി തന്നെയാണ്. അത് തിന്മയില്‍നിന്നുള്ള വിമോചനമാണ്. അഥവാ സ്വന്തം തെറ്റുകളില്‍നിന്നും അന്യന്റെ തെറ്റുകളുടെ ഫലങ്ങളില്‍നിന്നുമുള്ള വിമോചനം. 
നാം എന്തില്‍നിന്നാണ് സ്വതന്ത്രരാവേണ്ടത്? തിന്മകളില്‍നിന്നാണ് നാം സ്വതന്ത്രരാവേണ്ടത്. തിന്മകളുടെ അടിമത്തമാണ് മനുഷ്യരെ അസ്വതന്ത്രരാക്കുന്നത്. വ്യക്തിജീവിതത്തിലെ തിന്മകളില്‍നിന്നും സാമൂഹിക ജീവിതത്തിലെ സംഘടിതവും സ്ഥാപനവല്‍കൃതവുമായ തിന്മകളില്‍നിന്നും വിമോചിതരാകുമ്പോഴാണ് മനുഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറന്നുയരുന്നത്. സ്വാതന്ത്ര്യം എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല, നന്മ ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞത്; നിങ്ങള്‍ എത്രമാത്രം നല്ലവരായിരിക്കുന്നുവോ നിങ്ങള്‍ അത്ര മാത്രം സ്വതന്ത്രരായിരിക്കുമെന്ന്. തിന്മകളില്‍നിന്ന് സ്വതന്ത്രനാവാനുള്ള നിരന്തരമായ പരിശ്രമത്തിന്റെ പേരാണ് സ്വാതന്ത്ര്യമെന്ന മഹിതമൂല്യം. അപ്പോള്‍ മാത്രമേ സ്വാതന്ത്ര്യം ഒരു മഹത്തായ മൂല്യമായി മാറുകയുള്ളൂ. സ്വാതന്ത്ര്യം യഥാര്‍ഥത്തില്‍ ആന്തരികമായ ഒരവസ്ഥയാണ്. ആ ആന്തരികമായ അവസ്ഥയെ പുറത്തും സാക്ഷാത്കരിക്കാന്‍ വേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ് ലോകത്തിലെ എല്ലാ വിമോചനപോരാട്ടങ്ങളും. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ആന്തരികമായ ഒരു സ്വാസ്ഥ്യമാണ്. ആ സ്വാസ്ഥ്യം പുറത്ത് നിഷേധിക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യദാഹികള്‍ സമരങ്ങളുടെ കൊടി ഉയര്‍ത്തുന്നത്. 
വൈദേശികാധിപത്യമെന്നത് ഏറ്റവും ശക്തമായ സാമൂഹിക തിന്മയാണ്. പക്ഷേ വൈദേശികാധിപത്യം മാത്രമല്ല സാമൂഹിക തിന്മ. ബ്രാഹ്മണ മേധാവിത്വത്തിന്റെ ആഭ്യന്തര കൊളോണിയലിസവും ഇതുപോലെയോ ഇതിനേക്കാള്‍ ശക്തമോ ആയ സാമൂഹിക കുറ്റകൃതമാണ്. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചപോലെ മനുഷ്യന്റെ എല്ലാ ധാര്‍മികബോധങ്ങളെയും ക്ഷയിപ്പിച്ചുകളയുന്ന അധാര്‍മികതയാണ് ജാതിബോധം. വൈദേശികാധിപത്യം മണ്ണിനെയും ശരീരങ്ങളെയുമാണ് കോളനികളാക്കുന്നതെങ്കില്‍ ആന്തരിക കൊളോണിയലിസം മനസ്സുകളെയാണ്  ശരീരത്തോടൊപ്പം കോളനികളാക്കി മാറ്റുന്നത്. ആന്തരിക സ്വാതന്ത്ര്യത്തെയാണ് ജാതിബോധം ആദ്യം നിഷേധിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെതിരായ പോരാട്ടത്തിന് ആശയപരവും ദൈവശാസ്ത്രപരവുമായ ശക്തമായ അടിത്തറ വേണ്ടിവരും. 
തിന്മയില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ഥ സ്വാതന്ത്ര്യം എന്ന ബോധം  ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിക്ക് ശക്തമായി ഉണ്ടായിരുന്നു. നന്മ തിന്മകളെക്കുറിച്ചും ധര്‍മാധര്‍മങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഹിന്ദുമതത്തിന്റേതായ പരിമിതികളുണ്ടായിരുന്നു. അത് നല്‍കുന്ന സാധ്യതകളും അതിനുണ്ടായിരുന്നു. ബ്രിട്ടീഷ് ആധിപത്യം എന്നത് അന്നത്തെ ഇന്ത്യയിലെ പല തിന്മകളില്‍ പ്രബലമായ ഒരു തിന്മ മാത്രമാണ് എന്ന നല്ല ബോധ്യം ഗാന്ധിജിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്, നിങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം അടിമകളുടെ സ്വാതന്ത്ര്യം മാത്രമായിരിക്കുമെന്ന്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തോടൊപ്പം ലഹരിവിരുദ്ധ പോരാട്ടത്തെയും കണ്ണിചേര്‍ക്കുന്നുണ്ട്. 
ഹിന്ദു-മുസ്ലിം വൈരം യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിന്റെ തന്നെ  സൃഷ്ടിയായിരുന്ന ഒരു തിന്മയായിരുന്നു. പലതരം പരിമിതികളോടെയാണെങ്കിലും ഹിന്ദു-മുസലിം മൈത്രിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന ഭാഗമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന് ഹിന്ദു -മുസ്‌ലിം മൈത്രിയെ കുറിച്ചുണ്ടായിരുന്ന സങ്കല്‍പ്പത്തിന്റെ പരിമിതികളാകാം പാകിസ്താന്‍ എന്ന മറ്റൊരു രാഷ്ട്രത്തിന്റെ പിറവിക്കു കാരണമായത്. ആ മൈത്രീസങ്കല്‍പത്തെ അതിന്റെ ശരിയായ അര്‍ഥത്തിലേക്ക് വികസിപ്പിക്കുന്നതിന് പലരുടെയും അധികാരമോഹങ്ങളും സമുദായ സ്വാര്‍ഥതകളും തടസ്സമായി നിന്നിട്ടുണ്ടാവാം. എങ്കിലും ഹിന്ദു-മുസ്‌ലിം ഭായി ഭായി എന്ന സങ്കല്‍പം സ്വാതന്ത്ര്യസമരത്തിന്റെ തുടിപ്പുകളില്‍ ഒന്നായി പ്രവര്‍ത്തിച്ചിരുന്നു. ഗാന്ധിജി അതിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു. അങ്ങനെയാണ് ഖിലാഫത്ത് പ്രക്ഷോഭവും സ്വാതന്ത്ര്യസമരവും പരസ്പരം കണ്ണിചേര്‍ക്കപ്പെടുന്നത്. 
ലഹരിയില്‍നിന്നുള്ള മോചനമെന്നു പറയുന്നത് സ്വന്തം തിന്മയില്‍നിന്നുള്ള മോചനമാണ്. വൈദേശികാധിപത്യത്തില്‍നിന്നും ജാതിമേധാവിത്വത്തില്‍നിന്നുമുള്ള മോചനമെന്നത് അന്യന്റെ തിന്മയുടെ ഫലത്തില്‍നിന്നുള്ള വിമോചനമാണ്.
തെറ്റുചെയ്യാനും സ്വാതന്ത്ര്യമുണ്ടായിരിക്കെ ശരി ചെയ്യുന്നു എന്നതാണ് ശരിയെ ഒരു മഹത്തായ കാര്യമാക്കി മാറ്റുന്നത്. നന്മ മഹത്തരമാകുന്നതിന്റെ അസ്തിവാരം അതാണ്. നന്മയും സ്വാതന്ത്ര്യവും തമ്മിലുള്ള താളപ്പൊരുത്തത്തില്‍ മാത്രമേ സ്വാതന്ത്ര്യത്തിന് മഹത്തായ ഒരാശയമായി മാറാന്‍ കഴിയുകയുള്ളൂ. മൂല്യബോധത്തില്‍നിന്നും വേര്‍പ്പെട്ട സ്വാതന്ത്ര്യബോധം അടിമയാവുന്നതിന്റെയും അടിമയാക്കുന്നതിന്റെയും ബോധകവാടമാണ്. 
മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ് എന്നതിന്റെ അര്‍ഥം മനുഷ്യന് നന്മതിന്മകള്‍ക്കിടയില്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു എന്നുകൂടിയാണ്. എല്ലാ ചരാചരങ്ങളുടെയും സമക്ഷം സ്വാതന്ത്ര്യത്തിന്റേതും ഉത്തരവാദിത്തത്തിന്റേതുമായ  ഈ അമാനത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടു. എന്നാല്‍ മനുഷ്യനൊഴികെ മറ്റു ചരാചരങ്ങളെല്ലാം അതേറ്റെടുക്കാന്‍ വിസമ്മതിച്ചു. മനുഷ്യന്‍ അതേറ്റെടുക്കുകയും എന്നാല്‍ അക്രമിയായി മാറുകയും ചെയ്തു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. നന്മതിന്മകള്‍ക്കിടയിലെ സ്വാതന്ത്ര്യമെന്നത് മാലാഖമാര്‍ക്കോ മറ്റു ചരാചരങ്ങള്‍ക്കോ ഇല്ലാത്ത, മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും മാത്രം നല്‍കപ്പെട്ട സ്വത്വ സവിശേഷതയാണ്. മനുഷ്യര്‍ക്കാകട്ടെ, ജിന്നുകളില്‍നിന്ന് വ്യത്യസ്തമായി ഭൂമിയുടെ പ്രാതിനിധ്യവും (ഖിലാഫത്ത്) നല്‍കപ്പെട്ടിരിക്കുന്നു. ഭൂമിയുടെ നേതൃപദവിയാണത്. അതിനാവശ്യമായ സ്വാതന്ത്ര്യവും അധികാരവും അതില്‍ അടങ്ങിയിരിക്കുന്നു. നന്മതിന്മകള്‍ക്കിടയിലെ ഈ സ്വാതന്ത്ര്യം മനുഷ്യത്വത്തിന്റെ പ്രഥമപടി മാത്രമാണ്. അതില്‍ ചവിട്ടി മനുഷ്യമഹത്വത്തിന്റെ ഉയര്‍ന്ന വിതാനങ്ങളിലേക്ക് പ്രയാണം ചെയ്യുക എന്നതാണ് യഥാര്‍ഥത്തില്‍ മനുഷ്യധര്‍മം. മനുഷ്യാസ്തിത്വത്തിന്റെ ഈ പ്രാഥമികതയില്‍ മനുഷ്യമഹത്വത്തെക്കുറിച്ച ഭാവന അവസാനിച്ചുപോയി എന്നതാണ് ലിബറല്‍ ആധുനികതക്കു സംഭവിച്ച അബദ്ധം. അതുകൊണ്ടുതന്നെയാണ് അവരെ സംബന്ധിച്ചേടത്തോളം സ്വാതന്ത്ര്യമെന്നത് തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിയായി മാറുന്നത്. ലിബറലിസത്തില്‍ മനുഷ്യത്വം അതിന്റെ പ്രാഥമികതയില്‍നിന്ന് ഒരടി പോലും മുന്നോട്ടു പോകുന്നില്ല. മതദര്‍ശനങ്ങള്‍ പൊതുവില്‍ ചെയ്യുന്നത്, സ്വാതന്ത്ര്യത്തെ അതിന്റെ പ്രാഥമികതയില്‍ നിര്‍ത്തി അവസാനിപ്പിക്കാതെ അതിന് മൂല്യബോധത്തിന്റെ അര്‍ഥം നല്‍കാനാണ്. ഇതിന്റെ അഭാവം കാരണമാണ്, വലിയ രാഷ്ട്രീയ-സാമൂഹിക സ്വാതന്ത്ര്യം നിലനില്‍ക്കുന്ന പാശ്ചാത്യനാടുകളില്‍ ജീവിതത്തിന്റെ അര്‍ഥരാഹിത്യം ഉയര്‍ത്തിപ്പിടിക്കുന്ന  പ്രസ്ഥാനങ്ങളും സാഹിത്യങ്ങളും  വളരെയധികം ജനപ്രിയമാകുന്നത്. സ്വാതന്ത്ര്യത്തിന്റെ അര്‍ഥം കേവലം സ്വാതന്ത്ര്യം മാത്രമായപ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെയും അതുവഴി ജീവിതത്തിന്റെയും അര്‍ഥം നഷ്ടപ്പെടുകയായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ രഹസ്യം കുടികൊള്ളുന്നത് ഏകനായ ദൈവത്തിനുള്ള അടിമത്തത്തിലാണ്. ഒരാള്‍ ദൈവത്തിനു മാത്രം അടിമയാകുന്നതിലൂടെ മറ്റെല്ലാ അടിമത്തങ്ങളില്‍നിന്നും വിമോചിതനാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ രഹസ്യം മനസ്സിലാക്കാതെ പോകുന്നതാണ് മനുഷ്യരാശിയുടെ ദുര്യോഗം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി