Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

ഉള്ളകം ത്രസിപ്പിച്ച 'മലര്‍വാടി'

ടി.കെ ഹുസൈന്‍

കൊടുങ്ങല്ലൂര്‍ സ്വദേശിയായ സിദ്ദീഖ് ഹസന്‍ സാഹിബ് ജോലിയാവശ്യാര്‍ഥം എറണാകുളത്താണ് താമസം. ഖുര്‍ആന്‍ ക്ലാസിനും മറ്റും അദ്ദേഹത്തെ കൊച്ചിയില്‍ കൊണ്ടുവന്നിട്ടുണ്ട്. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ശ്രമത്തില്‍ എറണാകുളം ഇസ്‌ലാമിക് സെന്ററില്‍ മലര്‍വാടി ബാലമാസികയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. 'മലര്‍വാടി' എന്ന സ്വപ്‌നപദ്ധതിയെക്കുറിച്ച് എന്നോട് അദ്ദേഹം സംസാരിച്ചു: 'പ്രസാധകരായ മൂവ്‌മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റിന്റെ കീഴില്‍ കമേഴ്സ്യലായ ആധുനിക ഓഫ്‌സെറ്റ് പ്രിന്റിംഗ് കോംപ്ലക്സ്. അവിടെനിന്ന് മലര്‍വാടി പ്രിന്റ് ചെയ്യും. ഒപ്പം മറ്റു മാസികകളും വാരികകളും പ്രിന്റ് ചെയ്തുകൊടുക്കും. കമേഴ്സ്യല്‍ ലാഭത്തില്‍നിന്നുള്ള വരുമാനം കൊണ്ട് മലര്‍വാടി ഭംഗിയായി നടത്താം.' ഇതാണ് പദ്ധതിയുടെ ചുരുക്കം. മലര്‍വാടിയിലേക്ക് അദ്ദേഹം എന്ന ക്ഷണിച്ചു. ആലോചിച്ച് മറുപടി പറയാമെന്ന് മറുപടി നല്‍കി. 
ആയിടക്ക് ശാന്തപുരം ഇസ്‌ലാമിയാ കോേളജ് പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ ഒരു കത്ത് കിട്ടി. കോളേജില്‍ ഇംഗ്ലീഷും ഭൗതികവിഷയങ്ങളും പഠിപ്പിക്കാന്‍ ജോയിന്‍ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. ഒരാഴ്ചക്കു ശേഷം ശാന്തപുരത്തു ചെന്ന് എ.കെയെ നേരില്‍ കണ്ടു. അധ്യാപനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഓഫര്‍ മുന്നിലുണ്ടെന്നും അറിയിച്ചു. ശാന്തപുരത്ത് അധ്യാപകനായി ചേരുന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാതെയാണ് ഞാന്‍ മടങ്ങിയത്. 
അധ്യാപനമോ മലര്‍വാടിയോ എന്ന ചോദ്യം മനസ്സിലിട്ട് കുറച്ചുനാള്‍ നടന്നു. അവസാനം മലര്‍വാടി തെരഞ്ഞെടുത്തു. അതിന് ചില കാരണങ്ങളുണ്ടായിരുന്നു. എന്റെ നാടായ ഫോര്‍ട്ട്‌കൊച്ചിക്കടുത്താണ് മലര്‍വാടി ഓഫീസ്. അതിനാല്‍, വീടുമായുള്ള ബന്ധം മുറിയാതെ നോക്കാം. ദഅ്‌വത്തുല്‍ ഇസ്ലാം ട്രസ്റ്റിനു കീഴില്‍ നടക്കുന്ന ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുമാകാം. മലര്‍വാടി ഉത്തരവാദിത്തം ജമാഅത്തിന്റെ ആവശ്യമാണെന്നതാണ് അടുത്ത കാരണം. ജോലി ജമാഅത്ത് പ്രവര്‍ത്തനവും ജമാഅത്ത്പ്രവര്‍ത്തനം ജോലിയുമാകുന്ന അവസ്ഥ അനുഭൂതിദായകമാണ്. അധ്യാപകനായാല്‍, പഠിപ്പിക്കലിനപ്പുറം സാമൂഹികമായി കാര്യമായൊന്നും ചെയ്യാനാവണമെന്നില്ല.
1981 ആദ്യത്തില്‍ മലര്‍വാടി ബാലമാസികയില്‍ ചേര്‍ന്നു. ഒക്‌ടോബറില്‍ മാനേജര്‍ ചാര്‍ജ് ഏറ്റെടുത്തു. 1980 നവംബറിലായിരുന്നു മലര്‍വാടിയുടെ ആരംഭം. ആദ്യ മാനേജര്‍ ചാവക്കാട് തിരുവത്രയിലെ ഡോ. ടി.വി മുഹമ്മദലി. തൃശൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ടിറ്റ് ഫോര്‍ ടാറ്റ്' (ഉരുളക്കുപ്പേരി) മാസികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. മാസികയായിട്ടാണ് മലര്‍വാടി ആദ്യം പുറത്തിറങ്ങിയത്. '86-ല്‍ ദ്വൈവാരികയായി. സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് വീണ്ടും മാസികയായി. പിന്നീട് ദ്വൈവാരികയായി കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലര്‍വാടി ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തൃശൂരിലെ ഉമാ പ്രിന്റേഴ്സില്‍ അച്ചടിച്ച മലര്‍വാടിയുടെ ആദ്യകോപ്പിയുടെ കവര്‍ റോസാപ്പൂവിന്റെ ചിത്രമായിരുന്നുവെന്ന് ഓര്‍ക്കുന്നു.
നീണ്ട പത്തുവര്‍ഷം എന്നെ ത്രസിപ്പിച്ചു മലര്‍വാടി. അകാലത്തില്‍ അന്തരിച്ച ഇ.വി അബ്ദു സാഹിബായിരുന്നു മലര്‍വാടിയുടെ പ്രഥമ ചീഫ് എഡിറ്റര്‍. പ്രബോധനം വാരികയുടെ എഡിറ്റോറിയല്‍ സ്റ്റാഫ് അദ്ദേഹത്തെ സഹായിച്ചു. കോഴിക്കോട്ടുനിന്നാണ് എഡിറ്റോറിയല്‍ ജോലികള്‍ ചെയ്തത്.  ടി. മുഹമ്മദ് സാഹിബ്, വി.എ കബീര്‍, ടി.കെ ഉബൈദ്, വി.കെ ജലീല്‍, കെ.സി സലീം, വി.എസ് സലീം തുടങ്ങി പലരും മലര്‍വാടിയുടെ ആദ്യലക്കങ്ങളില്‍ പങ്കാളികളായി. എഡിറ്റ് ചെയ്ത മലര്‍വാടി വി.എസ് സലീം കൊച്ചിയിലെത്തിക്കും. പ്രൂഫ്‌റീഡിംഗും കംപോസിംഗും പേജ്‌സെറ്റിംഗും ഇല്ലസ്ട്രേഷനും ലേഔട്ടും പ്രിന്റിംഗും കൊച്ചിയില്‍ നടക്കും. 
എറണാകുളത്തെ ഓഫ്സെറ്റ് പ്രസ്സായ എസ്.ടി റെഡ്യാര്‍ ആന്റ് സണ്‍സില്‍നിന്നാണ്  പത്തു വര്‍ഷത്തിലധികം മലര്‍വാടി അച്ചടിച്ചത്. അവരുടെ പ്രിന്റിംഗ് നിലവാരവും ചാര്‍ജും ഉയര്‍ന്നതായിരുന്നു. അത് താങ്ങാനാവാതെ വന്നപ്പോള്‍ അച്ചടി ശിവകാശിയിലേക്ക് മാറ്റാന്‍ ആലോചനയായി. കാര്യമറിഞ്ഞ റെഡ്യാര്‍ മാനേജ്‌മെന്റ് ചാര്‍ജ് ഗണ്യമായി കുറച്ചു. പ്രസ്സിന്റെ ഉടമസ്ഥരിലൊരാളായ സുരേഷ്, മാനേജര്‍ രാമനാഥന്‍, ഫിലിം പ്രൊസസിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ബാബു എന്നിവര്‍ ദീര്‍ഘകാലം മലര്‍വാടിയോട് സൗഹാര്‍ദം പുലര്‍ത്തിയ മിത്രങ്ങളായിരുന്നു. എഡിറ്റോറിയലിന്റെ ഭാഗമായ പ്രൂഫ് റീഡിംഗ് ഉള്‍പ്പെടെ വരിസംഖ്യ പിരിക്കല്‍, ഏജന്റുമാരെ കണ്ട് പണം കണ്ടെത്തല്‍, പുതിയ ഏജന്റുമാരെ കാന്‍വാസ് ചെയ്യല്‍, ബണ്ട്‌ലുകള്‍ കെട്ടുന്നവരെ സഹായിക്കല്‍ തുടങ്ങി മലര്‍വാടിയുടെ മിക്ക ജോലികളും ഞാന്‍ ചെയ്തിട്ടുണ്ട്.  
മലര്‍വാടി പ്രിന്റ്‌ചെയ്യാനും ന്യൂസ്പ്രിന്റ് വാങ്ങാനുമുള്ള സംഖ്യ കണ്ടെത്തലായിരുന്നു ക്ലിഷ്ടമായ ജോലി. അതിന് മാസികയുടെ ഔദ്യോഗിക പത്രാധിപരായ പി.ഡി അബ്ദുര്‍റസാഖ് മൗലവിയെ ബുദ്ധിമുട്ടിക്കേണ്ടി വന്നിട്ടുണ്ട്. പ്രതിസന്ധി മൂര്‍ഛിച്ചപ്പോള്‍ മലര്‍വാടിയുടെ ഉടമസ്ഥത മലര്‍വാടി പബ്ലിക്കേഷന്‍ ട്രസ്റ്റിന് വിട്ടുകൊടുത്തു. മലര്‍വാടി പബ്ലിഷര്‍ സ്ഥാനം പി.വി അബ്ദുര്‍റഹ്മാന്‍ ഹാജിയില്‍നിന്ന് കെ.കെ മമ്മുണ്ണി മൗലവിയിലേക്ക് മാറി. അതിനിടെ, പ്രബോധനത്തില്‍നിന്ന് പോന്ന വി.എസ് സലീം ഫുള്‍ടൈം റസിഡന്റ് എഡിറ്ററായി. ക്ലറിക്കല്‍ ജോലികള്‍ക്ക് എടവനക്കാട്ടുകാരന്‍ കെ.എ റശീദും പിന്നീട്, കൊച്ചിയിലെ എന്‍.എം സൈനുദ്ദീനും ചാര്‍ജെടുത്തു. അതോടെ എനിക്കല്‍പം ആശ്വാസമായി. ഓഫീസ് അസിസ്റ്റന്റായിരുന്ന അബ്ദുല്ലക്കുട്ടി പോയപ്പോള്‍, ആ സ്ഥാനത്തേക്ക് പള്ളുരുത്തിക്കാരന്‍ ടി.എം.എ ഖലീല്‍ വന്നു. 
അങ്ങനെയിരിക്കെയാണ്, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫില്‍ പോകാമെന്ന ആശയം ട്രസ്റ്റ് മുന്നോട്ടുവെച്ചത്. ഞാനും വി.എസ് സലീമും അതിന് നിയോഗിക്കപ്പെട്ടു. യു.എ.ഇയിലേക്കാണ് യാത്ര. എറണാകുളത്തെ കച്ചവടക്കാരനായ പി.കെ ഹാശിം ഹാജി ടിക്കറ്റിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. മലര്‍വാടിയുടെ യു.എ.ഇ ഏജന്റ് മാലിക് ന്യൂസ് ഏജന്‍സിയാണ് സന്ദര്‍ശകവിസ അയച്ചുതന്നത്. പാകിസ്താനിയായ സര്‍ഫറാസ് അഹ്മദാണ് മാലിക് ന്യൂസ് ഏജന്‍സിയുടെ ഉടമസ്ഥന്‍. ചെറുപ്പക്കാരുടെ സ്വപ്‌നഭൂമിയായ ഗള്‍ഫില്‍ ആദ്യമായി കാലുകുത്താന്‍ പോവുകയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഉടമസ്ഥതയിലുള്ള വെല്ലിംഗ്ടണ്‍ ഐലന്റിലെ  വിമാനത്താവളമാണ് മധ്യകേരളത്തിലും ഉത്തരകേരളത്തിലുമുള്ള പ്രവാസികളുടെ ഏക ആശ്രയം. ഐലന്റില്‍നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബോംബെയിലേക്കും അവിടെനിന്ന് എയര്‍ ഇന്ത്യയുടെ ജംബോ ഫ്‌ളൈറ്റില്‍ ദുബൈയിലേക്കുമാണ് യാത്ര. 
യു.എ.ഇയില്‍ ജോലിചെയ്യുന്ന മലയാളികളെയാണ് കലക്ഷന് ഉന്നംവെച്ചത്. അവരില്‍നിന്ന്  വരിസംഖ്യ സ്വീകരിക്കാനുള്ള പദ്ധതി തയാറാക്കി. അഞ്ചു വര്‍ഷം, പത്തു വര്‍ഷം, ആജീവനാന്തം എന്നിവയാണ് സ്‌കീമുകള്‍. മലയാളികള്‍ താമസിക്കുന്ന എമിറേറ്റുകളില്‍ കയറിയിറങ്ങി. ഷാര്‍ജയിലെ എം.ടി ഇബ്‌റാഹീം സാഹിബ്, കൊടുങ്ങല്ലൂര്‍ പത്തായക്കാട്ടെ അബ്ദുര്‍റഹ്മാന്‍, അബൂദബിയിലെ ചൂണ്ടല്‍ സ്വദേശി അബ്ദുര്‍റഹ്മാന്‍, എടക്കഴിയൂരിലെ ഐ. മുഹമ്മദലി, എടച്ചേരി അബ്ദുര്‍റഹ്മാന്‍, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സില്‍ ജോലിചെയ്ത കെ.ഐ ഖാദര്‍ തുടങ്ങി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒട്ടേറെ പേര്‍ സഹായത്തിനായി ഒപ്പമുണ്ടായിരുന്നു.
അബൂദബിയിലെ മലയാളി ബിസിനസുകാരെ കണ്ട് പരസ്യം പിടിക്കാനും ശ്രമിച്ചു. വളര്‍ന്നുവരുന്ന സംരംഭകനായ എം.എ യൂസുഫലിയെ ചെന്ന് കാണാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചു. അബൂദബി ട്രാഫിക് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപമുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ ഞങ്ങളെത്തി. ആ ഭാഗം മുറൂര്‍ എന്നാണ് അറിയപ്പെടുന്നത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷ്‌നല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ ഇന്നത്തെ പ്രതാപമൊന്നുമില്ലാത്ത സാദാ കെട്ടിടം. ഞങ്ങള്‍ യൂസുഫലിയോട് വരവിന്റെ ഉദ്ദേശ്യമറിയിച്ചു: 'സംഭാവന വാങ്ങാനൊന്നും വന്നതല്ല, എം.കെ ഗ്രൂപ്പിന്റെ പരസ്യം വേണം.' ആസിഫ് ജ്വല്ലറിയുടെ പരസ്യം ആറുമാസത്തേക്ക് തരാന്‍ യൂസുഫലി തയാറായി. കെ.എം ട്രേഡിംഗ് സ്ഥാപനങ്ങളുടെ ഉടമ എടപ്പാള്‍ സ്വദേശി കെ മുഹമ്മദിനെയാണ് പരസ്യത്തിന് പിന്നെ സമീപിച്ചത്. കെ.എമ്മിന് എലക്ട്ര റോഡില്‍ റെഡിമെയ്ഡ് ഷോപ്പുണ്ട്. ഒരു വര്‍ഷം മുഴുവന്‍ മലര്‍വാടിയുടെ പുറംചട്ടയില്‍ കൊടുക്കാനുള്ള ഷോപ്പിന്റെ പരസ്യവും ചാര്‍ജും അദ്ദേഹം നല്‍കി. 
വിസ ഒരു മാസം കൂടി നീട്ടിക്കിട്ടി. പര്യടനം മൂന്നാം മാസത്തിലേക്ക്. റമദാന്‍ അടുത്തുവരുന്നു. അപ്പോഴാണ് പുതിയൊരു ആശയമുദിച്ചത്. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഡ്രീം പ്രൊജക്റ്റ് എന്തുകൊണ്ട് അറബികളുടെ മുന്നില്‍ അവതരിപ്പിച്ചുകൂടാ? തിരുവനന്തപുരത്തെ വൈ.എം ഇബ്‌റാഹീം മൗലവിയും വാടാനപ്പള്ളിയിലെ ആര്‍.എം അബ്ദുല്ലയും വളാഞ്ചേരി കുഞ്ഞിമുഹമ്മദ് മൗലവിയും കെ.ടി അബ്ദുര്‍റഹീം സാഹിബും പിന്തുണയേകി. അറബികള്‍ക്ക് പ്രൊജക്റ്റ് പരിചയപ്പെടുത്തുന്നതിന് അധികാരികളുടെ  അനുമതിപത്രം വേണം. അതിനുവേണ്ടി യു.എ.ഇ പ്രസിഡന്റിന്റെ കള്‍ച്ചറല്‍ അഡൈ്വസറായ ഡോ. ഇസ്സുദ്ദീന്‍ ഇബ്‌റാഹീമിനെ സന്ദര്‍ശിച്ച് പ്രോജക്ട് സമര്‍പ്പിച്ചു. അബൂദബി കോര്‍ട്ടില്‍ ട്രാന്‍സ്‌ലേറ്ററായി ജോലിചെയ്യുന്ന പി.എം.എ ഖാദറാണ് പ്രോജക്ട് പരിചയപ്പെടുത്തിയത്. ഡോ. ഇസ്സുദ്ദീന്‍ ഔഖാഫിലേക്ക് ഒരു കത്ത് തന്നു. അതുമായി ഫയര്‍ഫോഴ്സില്‍ ജോലിചെയ്യുന്ന വൈ.എം ഇബ്‌റാഹീമിന്റെ സഹായത്തോടെ ഔഖാഫിലെ ബന്ധപ്പെട്ട അധികാരിയെ സമീപിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് അനുമതിപത്രം (തസ്വ്‌രീഹ്) തന്നു. അറബികളെ സന്ദര്‍ശിക്കാനും സന്ദേശം പള്ളികളില്‍ വായിക്കാനുമുള്ള അനുമതിയായിരുന്നു അത്. 
പള്ളികളില്‍ ധാരാളം അറബികളുണ്ടാകുന്ന സന്ദര്‍ഭമാണല്ലോ റമദാന്‍. തസ്വ്‌രീഹുമായി പള്ളികളെത്തന്നെ സമീപിക്കാമെന്നു തീരുമാനിച്ചു. റമദാന്‍ ഒന്നിനും രണ്ടിനും  അനുമതിപത്രം കാണിച്ച് പിരിവുനടത്തി. തരക്കേടില്ലാത്ത കലക്ഷനും കിട്ടി. മൂന്നാം ദിവസം നാദീ സിയാഹ് (ടൂറിസ്റ്റ് ക്ലബ്) ഏരിയയിലെ ബിലാല്‍ മസ്ജിദ് തെരഞ്ഞെടുത്തു. ഹോട്ടല്‍ അംബാസഡറിന്റെ ഉടമ മഹ്മൂദ് ഹാജിയുടെ നോമ്പുതുറ കഴിഞ്ഞ് ഇശാ നമസ്‌കാരത്തിനു മുമ്പേ ഞങ്ങള്‍ പള്ളിയില്‍ സ്ഥലംപിടിച്ചു. നമസ്‌കാരശേഷം വി.എസ് എഴുന്നേറ്റ് സ്വയം പരിചയപ്പെടുത്തി അറബിയിലുള്ള സന്ദേശം വായിച്ചു. ഞാന്‍ പള്ളിയുടെ പ്രധാന കവാടത്തിലും ചൂണ്ടല്‍ റഹ്മാന്‍ തെക്ക് കവാടത്തിലും ചേന്ദമംഗല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ വടക്ക് കവാടത്തിലും നിന്നു. അപ്രതീക്ഷിതമായാണ് ഒരു അറബി എന്റെ കൈ പിടിച്ചത്. അദ്ദേഹം എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു. വീട്ടില്‍ കൊണ്ടുപോയി കാര്യമായി വല്ലതും തരാനായിരിക്കുമോ? അങ്ങനെ ഒരനുഭവം ഒമാനില്‍ വെച്ച് ഉണ്ടായതായി വി.എസ് പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഭാവം മാറി. കലക്ഷനു വേണ്ടി നിലത്തു വിരിച്ച ഷാള്‍ ദിര്‍ഹമുകളോടൊപ്പം ചുരുട്ടിപ്പിടിച്ചു. എന്നെ പോലീസ് വാഹനത്തിന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. വി.എസും അബ്ദുല്‍ഖാദറും തലതാഴ്ത്തി വണ്ടിയില്‍ ഇരിക്കുന്നു.
കുറേകഴിഞ്ഞാണ് നിജഃസ്ഥിതി പിടികിട്ടിയത്. റമദാനില്‍ പിരിവിന് വരുന്ന യാചകരെ അറസ്റ്റ് ചെയ്ത് കയറ്റിവിടാനുള്ള സ്പെഷ്യല്‍ ഓര്‍ഡര്‍ കിരീടാവകാശി ശൈഖ് ഖലീഫാ ബിന്‍ സാഇദ് (ഇപ്പോഴത്തെ യു.എ.ഇ പ്രസിഡന്റ്) ഇറക്കിയിരുന്നു. അതിന്റെ ഭാഗമായാണ് 'വി.ഐ.പി യാചകരെ' പിടികൂടിയത്. ഔഖാഫിന്റെ അനുമതിപത്രം സി.ഐ.ഡി ഉദ്യോഗസ്ഥനെ കാണിച്ചെങ്കിലും, നോക്കുക പോലും ചെയ്തില്ല അയാള്‍. ചെറിയൊരു പോലീസ് സ്റ്റേഷനിലേക്കാണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. അവിടെ വേറെയും ചിലരുണ്ട്. പ്രതികള്‍ പത്തിരുപതു പേരായപ്പോള്‍ എല്ലാവരെയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. കാര്‍പെറ്റ് വിരിച്ച വിശാലമായ ഹാളില്‍ എത്തിച്ചു. അന്നവിടെ കഴിഞ്ഞു. പിറ്റേ ദിവസം വിസാനിയമങ്ങള്‍ ലംഘിച്ചവരുടെ യാത്രാരേഖകള്‍ ശരിയാകുംവരെ താമസിപ്പിക്കുന്ന ഔട്ടര്‍ ജയിലിലേക്ക്. ഞങ്ങളുടെ കേസ് വ്യത്യസ്തമായതിനാല്‍, ജയിലര്‍ സൗമ്യമായാണ് പെരുമാറിയത്. 
നോമ്പുപിടിക്കാനും തുറക്കാനുമുള്ള സൗകര്യങ്ങള്‍ ജയിലിലുണ്ടായിരുന്നു. രണ്ടു ദിവസത്തിനു ശേഷം സാഹചര്യങ്ങളുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടു. കഴിഞ്ഞ രണ്ടു മാസം ഓടി നടന്നതിനാല്‍ പടച്ചവന്‍ നല്‍കിയ വിശ്രമവേള. അബ്ദുല്‍ഖാദറിന്റെ കാര്യമോര്‍ത്തായിരുന്നു വിഷമം. പാവം ഞങ്ങളെ സഹായിക്കാന്‍ കൂടിയതാണ്. ചൂണ്ടല്‍ റഹ്മാന്‍ ഉടന്‍ മാറിക്കളഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു. ഇത്തിസ്വാലാത്തില്‍  ഉദ്യോഗമുള്ള അദ്ദേഹവും കുടുങ്ങിയിരുന്നെങ്കില്‍, നികത്താനാവാത്ത  നഷ്ടമായേനെ. അബ്ദുല്‍ ഖാദറിനുണ്ടായ ജോലിനഷ്ടം അമീര്‍ കെ.സി അബ്ദുല്ല മൗലവി ഇടപെട്ട് തീര്‍ത്തുകൊടുത്തു. 
ജയിലില്‍നിന്ന് പുറത്തിറക്കാന്‍ ഡോ. ഇസ്സുദ്ദീന്‍ ഇബ്‌റാഹീമുള്‍പ്പെടെ പലരും ശ്രമിക്കുന്നുവെന്നും കിരീടാവകാശിയുടെ  ഉത്തരവായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തിയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇനി ഞങ്ങളെ അബൂദബി എയര്‍പോര്‍ട്ടിലേക്കാണ് കൊണ്ടുപോവുക. അങ്ങനെ ഇഅ്തികാഫിന്റെ നിയ്യത്തില്‍ ഇരുപതു ദിവസം ജയിലില്‍ കഴിച്ചുകൂട്ടി ഞങ്ങള്‍. ദൗത്യം അവസാനിക്കാറായ സമയത്താണ് എല്ലാം സംഭവിച്ചത്. നിരാശരായില്ല ഞങ്ങള്‍. മാസങ്ങളോളം മലര്‍വാടി നടത്താനുള്ള തുക വരിസംഖ്യയായും പരസ്യവകയിലുമായി സമാഹരിക്കാനായത് സന്തോഷമേകി. സഹകരിച്ചവരോട് നന്ദിപറഞ്ഞ് ദൗത്യം അവസാനിപ്പിക്കാനായില്ലല്ലോ എന്നൊരു ഖേദം മാത്രമേയുള്ളൂ.
****
മലര്‍വാടിയിലായിരിക്കെ എഴുത്തുകാരുമായി ബന്ധം സ്ഥാപിക്കാനായത് വലിയ നേട്ടമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെടാനായി. 'കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ കാക്കമാര്‍ ചെയ്ത ഏറ്റവും നല്ല കാര്യ'മെന്നാണ് ബഷീര്‍ മലര്‍വാടിയെ വിശേഷിപ്പിച്ചത്. തന്റെ പുസ്തകങ്ങളില്‍നിന്ന് കുട്ടികള്‍ക്കു പറ്റിയ ഭാഗങ്ങള്‍ പ്രസിദ്ധീക്കാന്‍ അനുവദിക്കുകയും ചെയ്തു. മകന്‍ അനീസ് ബഷീറിന് മലര്‍വാടി ഇഷ്ടപ്പെട്ട കാര്യം അദ്ദേഹം കത്തിലൂടെ പത്രാധിപരെ എഴുതി അറിയിച്ചു. അത് മലര്‍വാടി പ്രസിദ്ധീകരിച്ചു. ബഷീറിന്റെ പല രചനകളും മലര്‍വാടിയില്‍ വന്നു. കവി പി.ഐ ശങ്കരനാരായണന്‍, കെ.എന്‍.സി മേനോന്‍, പി പ്രകാശ്, കാഞ്ഞിരമറ്റം സുകുമാരന്‍, സി.ടി അലി, കല്ലട പ്രതാപസിംഹന്‍, പി മധുസൂദനന്‍ തുടങ്ങിയവര്‍ മലര്‍വാടിയിലെ  എഴുത്തുകാരായിരുന്നു. ചിത്രകാരനായ സി.എന്‍ കരുണാകരനെ പോലുള്ളവരുമായി ആത്മബന്ധം സ്ഥാപിക്കാനായതും വലിയ കാര്യം തന്നെ.
ഫീല്‍ഡ് അസിസ്റ്റന്റുമാരായി സേവനമനഷ്ഠിച്ച ജമാലുദ്ദീന്‍ പള്ളുരുത്തി, ഹമീദ് കൊടിയത്തൂര്‍, വിദേശപര്യടനകാലത്ത് എഡിറ്റോറിയല്‍ ചുമതല നിര്‍വഹിച്ച ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഗ്രന്ഥകാരനായ എന്‍.എം ഹുസൈന്‍, ആര്‍ട്ടിസ്റ്റ് സജീവന്‍, സദാനന്ദന്‍, അബ്ദുസ്സലീം, എസ്.ആര്‍.എം റോഡിലെ മജീദ്, റശീദ്,  മലര്‍വാടി ബാലസംഘം കോര്‍ഡിനേറ്റര്‍മാരായ എം.എച്ച്. അബ്ദുര്‍റഹീം കൊച്ചി, കാക്കനാട്ടെ അബൂബക്കര്‍ സിദ്ദീഖ്, ഏജന്റുമാര്‍ക്കുള്ള ബണ്ട്‌ലുകള്‍ കെട്ടുകയും അവ പോസ്റ്റോഫീസിലും ആര്‍.എം.എസ്സിലും എത്തിക്കുകയും ചെയ്യന്ന  സി.എ ബാവ, പി.എ മുഹമ്മദ്, സി.ആര്‍ വലിയുദ്ദീന്‍.......അങ്ങനെ പലരെയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതെ വയ്യ. 
1990-ല്‍ മലര്‍വാടിയുടെ പത്താം വാര്‍ഷികം ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്നു. എം.ടി വാസുദേവന്‍ നായര്‍, കുഞ്ഞുണ്ണി മാഷ്, എന്‍.പി മുഹമ്മദ്, കെ.എ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് പല സര്‍ഗാത്മകപരിപാടികളും  മലര്‍വാടി ആവിഷ്‌കരിച്ചു. പഞ്ചദിനക്യാമ്പുകള്‍ അവയിലൊന്നായിരുന്നു. കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്യാമ്പുകള്‍ നടന്നു. ക്യാമ്പുകളില്‍ നടന്ന 'വിചാരണ' പരിപാടി പഠനാര്‍ഹമായിരുന്നു. ആലുവ വൈ.എം.സി.എയില്‍ കുട്ടികളുടെ ദ്വിദിന ക്യാമ്പ് നടന്നു. ദ്വദിന ക്യാമ്പിലെ ഒരിനം കുട്ടികളുടെ ജീവിതത്തിലുണ്ടായ പ്രധാന അനുഭവത്തിന്റെ അവതരണമായിരുന്നു. കെ. പാനൂര്‍, സി. രാധാകൃഷ്ണന്‍, ഫാ. എ. അടപ്പൂര്‍, വൈശാഖന്‍, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, കുഞ്ഞുണ്ണി മാഷ്, ടോമിന്‍ ജെ. തച്ചങ്കരി ഐ.പി.എസ്  തുടങ്ങിയവര്‍ വിവിധ ക്യാമ്പുകളില്‍ പങ്കെടുത്തു. യുവത്വത്തിന്റെ ഊര്‍ജസ്വലമായ പത്തു വര്‍ഷം കുട്ടികള്‍ക്കു വേണ്ടി ചെലവഴിച്ച ശേഷമാണ് ഞാന്‍ മലര്‍വാടിയില്‍നിന്ന് വിടവാങ്ങിയത്. 
(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി