ജാതി എന്ന ്രപശ്‌നം
ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും പ്രശ്നത്തിനു പുറമെ, ഈ ചിന്താ സമ്പ്രദായത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയത് ജാതിപ്രശ്നമാണ്. പിന്നീട് മലക്കം മറിച്ചിലുകളുണ്ടായെങ്കിലും പ്രാചീനമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ സവര്‍ക്കര്‍ തക്കം കിട്ടുമ്പോഴെല്ലാം ന്യായീകരിക്കുകയാണ് ചെയ്തത്.42
ജാതിയും ഹിന്ദുത്വവും
ഗോള്‍വാള്‍ക്കറുടെ ചിന്തകള്‍ ജാതീയത എന്ന ഈ അടിച്ചമര്‍ത്തല്‍ സംവിധാനത്തെ ന്യായീകരിക്കുക മാത്രമല്ല അതിനെ പ്രശംസിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, യൂറോപ്പിന്റെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് പറയുന്നു: 'രക്തരൂഷിതമായ വിപ്ലവങ്ങളുടെയും യുദ്ധങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ചൂഷണങ്ങളുടെയും അടിമത്തത്തിന്റെയും യഥാര്‍ഥകാരണം രാഷ്ട്രീയ-സാമ്പത്തിക ശക്തികള്‍ ഒരിടത്ത് മാത്രം ഒരുമിച്ചുകൂടിയതാണ്. അതിനാല്‍, ഹിന്ദു സമൂഹത്തില്‍ (വര്‍ണാശ്രമത്തിലൂടെ) രാഷ്ട്രീയ- സാമ്പത്തിക ശക്തികള്‍ വേര്‍തിരിക്കപ്പെട്ടു. സമ്പാദിക്കുന്നവര്‍ക്ക് (വൈശ്യര്‍) ഭരണാധികാരികളാകാന്‍ കഴിയില്ല. ഭരിക്കുന്നവരുടെ (ക്ഷത്രിയര്‍) കൈകളില്‍ സമ്പത്തുമുണ്ടാകില്ല. ഈ രണ്ട് ശക്തികളാകട്ടെ, അതായത് സാമ്പത്തിക-രാഷ്ട്രീയ ശക്തികള്‍, അധികാരമോ സമ്പത്തോ ഇല്ലാത്ത മൂന്നാമത്തെ 'നിസ്വാര്‍ഥ ശക്തിയുടെ' (ബ്രാഹ്മണന്റെ) മേല്‍നോട്ടത്തിലാണ്. അധികാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും എല്ലാ ഉദ്ദേശ്യങ്ങള്‍ക്കും ഉപരിയായി, തന്റെ ആത്മീയവും ധാര്‍മികവുമായ ശ്രേഷ്ഠതയുടെ അടിസ്ഥാനത്തില്‍, ഭരണാധികാരികള്‍ക്കോ സമ്പന്നര്‍ക്കോ ഒരു അനീതിയും സംഭവിക്കുന്നില്ലെന്ന് ഈ വ്യവസ്ഥ ഉറപ്പുവരുത്തുന്നു.'43 ഗോള്‍വാള്‍ക്കറുടെ രചനകളില്‍ ഇത്തരത്തിലുള്ള ധാരാളം പരാമര്‍ശങ്ങള്‍ വേറെയും കാണാന്‍ സാധിക്കും.
ഉപാധ്യായയുടെ ഏകാത്മ മാനവദര്‍ശനം (Integral Humanism) പോലും ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. അദ്ദേഹം എഴുതുന്നു: 'സമൂഹത്തില്‍ വിവിധ തട്ടുകളുണ്ട്. ഇവിടെ (നമ്മുടെ രാജ്യത്ത്) ജാതികളുണ്ടായിരുന്നുവെങ്കിലും ജാതികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന ആശയം ഞങ്ങള്‍ ഒരിക്കലും സ്വീകരിച്ചില്ല. നമ്മുടെ സങ്കല്‍പ്പമനുസരിച്ച്, നാല് ഘടകങ്ങള്‍ അത്യുന്നതനായ മനുഷ്യന്റെ ഭാഗമാണ്. മനുഷ്യന്റെ തല ബ്രാഹ്മണനാണെന്നും ക്ഷത്രിയന്‍ അവന്റെ കൈയാണെന്നും വൈശ്യന്‍ വയറാണെന്നും ശൂദ്രന്‍ കാലാണെന്നും വിശ്വസിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ തല, കൈകള്‍, വയറ്, കാലുകള്‍ എന്നീ അവയങ്ങള്‍ക്കിടയില്‍ ഏതെങ്കിലും വിധത്തിലുള്ള സംഘട്ടനങ്ങള്‍ക്ക് സാധ്യതയുണ്ടോ? ഒരിക്കലുമില്ല. ഈ സങ്കല്‍പത്തിലാണ് ജാതിവ്യവസ്ഥ ആരംഭിച്ചത്. ഈ ആശയം സജീവമായി നിലനിര്‍ത്തുന്നില്ലെങ്കില്‍, പരസ്പരം സഹായിക്കുന്നതിനു പകരം വ്യക്തികള്‍ക്കിടയില്‍ പൊരുത്തക്കേടുകളും സംഘട്ടനങ്ങളുമാണുണ്ടാവുക. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. എന്നാല്‍ ഇത് മനുഷ്യനെ സംബന്ധിച്ച യഥാര്‍ഥ സങ്കല്‍പ്പത്തില്‍നിന്നുള്ള വ്യതിചലനത്തിന്റെ ഫലമാണ്.'44
രാഷ്ട്രീയ-സാമ്പത്തിക ചിന്ത
മേല്‍പ്പറഞ്ഞ പ്രത്യയശാസ്ത്ര അടിത്തറയില്‍ രൂപപ്പെട്ടതും ഉപാധ്യായയുടെ പ്രഭാഷണങ്ങളില്‍ വിശദമായി വിവരിക്കുന്നതും ബി.ജെ.പി അതിന്റെതത്ത്വചിന്തയായി കരുതുന്നതുമായ രാഷ്ട്രീയ-സാമ്പത്തിക ആശയങ്ങള്‍ ഹ്രസ്വമായി അവലോകനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
സാമ്പത്തിക നയങ്ങളെക്കുറിച്ചായിരുന്നു ഉപാധ്യായുടെ നാലാമത്തെ പ്രഭാഷണം. ഈ പ്രഭാഷണത്തിന്റെ സമാപനത്തില്‍, അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ സംഗ്രഹിക്കുന്നത് ഉചിതമായിരിക്കും.
മുതലാളിത്തവും സോഷ്യലിസവും ഏകാത്മ മനുഷ്യനെ(Integral Man)യും അവന്റെ യഥാര്‍ഥവ്യക്തിത്വത്തെയും അഭിലാഷങ്ങളെയും അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. മുതലാളിത്തം മനുഷ്യനെ പണത്തിനു വേണ്ടി ആര്‍ത്തിമൂത്ത ഒരു സ്വാര്‍ഥ മൃഗമായി കണക്കാക്കുന്നു. അതിന്റെ മുമ്പാകെ ഒരൊറ്റ നിയമം മാത്രമേയുള്ളൂ; അന്ധമായ മത്സരത്തിന്റെ നിയമം മാത്രം. രണ്ടാമത്തേത് സോഷ്യലിസവും കമ്യൂണിസവുമാണ്. കര്‍ശനമായ നിയമങ്ങളാല്‍ മാത്രം നിയന്ത്രിക്കാവുന്നതും അടിച്ചമര്‍ത്തലുകളില്ലാതെ ഒരു നന്മയും ലഭിക്കാത്തതുമായ ഒരു മഹത്തായ പദ്ധതിയുടെ നിസ്സാരവും അര്‍ഥശൂന്യവുമായ ഭാഗമായാണ് കമ്യൂണിസം ഇതിനെ കണ്ടത്. രണ്ടും മനുഷ്യനെ മനുഷ്യത്വരഹിത(dehumanise)മാക്കി. ഈ രണ്ട് ഭൗതികവ്യവസ്ഥകളും ദൈവത്തിന്റെ അത്യുന്നത സൃഷ്ടിയായ മനുഷ്യന്റെ യഥാര്‍ഥ വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞു. നമുക്ക് അവന്റെ വ്യക്തിത്വത്തിനും അസ്തിത്വത്തിനും പുനര്‍ജീവന്‍ നല്‍കാന്‍ സാധിക്കണം. മനുഷ്യന് അവന്റെ ശരിയായ സ്ഥാനവും പദവിയും വകവെച്ചു നല്‍കണം. അവന്റെ മഹത്വം തിരിച്ചറിയാന്‍ പ്രാപ്തമാക്കുകയും വേണം. അവന്റെ കഴിവുകളെ തട്ടിയുണര്‍ത്തണം. അവന്റെ വ്യക്തിത്വത്തില്‍ ഉള്‍ച്ചേര്‍ന്ന ദിവ്യമായ ഉയരങ്ങളില്‍ (Divine Heights) എത്തിച്ചേരാന്‍ അവനെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. തികച്ചും വികേന്ദ്രീകൃതമായ ഒരു സമ്പദ്വ്യവസ്ഥയിലൂടെ മാത്രമേ ഇത് സാധ്യമാകൂ. മുതലാളിത്തവും കമ്യൂണിസവും നമുക്കാവശ്യമില്ല. നമുക്ക് വേണ്ടത് മനുഷ്യന്റെ സന്തോഷമാണ്. എന്നാല്‍ ഈ രണ്ട് ആശയങ്ങളും മനുഷ്യസമൂഹത്തോട് സംഘട്ടനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടിനും മനുഷ്യനെ മനസ്സിലാക്കാനോ അവനാവശ്യമായ ഉദ്‌ബോധനങ്ങള്‍ നല്‍കാനോ സാധിക്കുന്നില്ല. അതിനാല്‍ താഴെ പറയുന്ന വിശേഷണങ്ങളുള്ള ഒരു സാമ്പത്തികവ്യവസ്ഥ നമുക്കുണ്ടാകേണ്ടതുണ്ട്:
1. അന്തസ്സോടെയും അഭിമാനത്തോടെയുമുള്ള മിനിമം ജീവിതനിലവാരത്തിന് ആവശ്യമായ വിഭവങ്ങളുടെ ലഭ്യത ഓരോ വ്യക്തിക്കും ഉറപ്പുവരുത്തണം.
2. ഓരോ വ്യക്തിക്കും മിനിമം ജീവിതനിലവാരത്തില്‍നിന്നും മുകളിലേക്ക് ഉയരാന്‍ സാധിക്കണം. ലോകത്തിന്റെയും സമൂഹത്തിന്റെയും വികാസത്തില്‍തന്റേതായ പങ്കു വഹിക്കാനും സാധിക്കണം.
3. ആരോഗ്യമുള്ള ഓരോ വ്യക്തിക്കും അര്‍ഹമായ ജോലി നേടാനാകുമെന്നതിനാല്‍ മേല്‍പ്പറഞ്ഞ രണ്ട് ലക്ഷ്യങ്ങള്‍ അതുവഴി കൈവരിക്കാനും സാധിക്കും. പ്രകൃതിവിഭവങ്ങള്‍ പാഴായിപ്പോകുന്നത് സൂക്ഷിക്കേണ്ടതും അനിവാര്യമാണ്.
4. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി തദ്ദേശീയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ വിഭവങ്ങള്‍ ആവശ്യാനുസാരം ഉപയോഗപ്പെടുത്തുകയും ചെയ്യുക.
5. രാജ്യത്തിന്റെ സാംസ്‌കാരികവും ധാര്‍മികവുമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതും മുഴുവന്‍ മനുഷ്യര്‍ക്കും ഉപകാരപ്രദവുമായ സാമ്പത്തികവ്യവസ്ഥയാണ് ഉണ്ടാകേണ്ടത്.
6. ഈ അടിസ്ഥാനതത്ത്വങ്ങള്‍ മുമ്പില്‍ വെച്ചാണ് സമ്പദ്‌വ്യവസ്ഥയുടെ വിവിധ വശങ്ങള്‍ സംബന്ധിച്ച തീരുമാങ്ങള്‍ എടുക്കേണ്ടത്. ഈ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സമ്പദ് വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങള്‍ എപ്രകാരമാണ് നിയന്ത്രിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത്.46
ഈ പഠനപരമ്പരയില്‍ സംഘ് ചിന്തയുടെ അടിസ്ഥാന ഘടകങ്ങള്‍ മനസ്സിലാക്കാനുതകുന്ന ചിലകാര്യങ്ങളാണ് പരാമര്‍ശിച്ചത്. അവരുടെ നയനിലപാടുകളും ആശയപദ്ധതികളും സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ നമുക്ക് മുമ്പാകെ ഉയര്‍ന്നുവരുന്നുണ്ട്. ഒരൊറ്റ വേദഗ്രന്ഥത്തയും മതനേതാവിനെയും അംഗീകരിക്കുന്നത് സെമിറ്റിക് മതചിന്തയാണെന്നാണ് ഇവരുടെ പ്രധാന വാദം. അത് ഇന്ത്യയുടെ സംസ്‌കാരത്തിനും നാഗരികതക്കുമെതിരാണെന്നും ഇവര്‍ പറയുന്നു. ഇക്കാരണത്താല്‍, ഒരു വിഭാഗത്തെ ഭാരതവല്‍ക്കരണത്തിന്റെ (Indianization) വൃത്തത്തില്‍നിന്ന് ഒഴിവാക്കുകയാണെങ്കില്‍, ഈ വിഭാഗത്തില്‍പെടുത്താവുന്ന നിരവധി 'ഇന്ത്യന്‍ മതങ്ങള്‍' വേറെയുമുണ്ട്. മേല്‍പറഞ്ഞ അടിസ്ഥാനത്തിലാണെങ്കില്‍ സിഖ് മതം 'ഭാരതവല്‍ക്കരണ'ത്തില്‍നിന്ന് പുറത്തുപോകേണ്ടിവരുമോ? സംഘ് സൈദ്ധാന്തികര്‍ ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല.
വേറെയും ചോദ്യങ്ങളുണ്ട്. ഹിന്ദുത്വം മതവും രാഷ്ട്രീയവുമല്ലെന്നും മറിച്ച് കേവല നാഗരികത മാത്രമാണെന്നും വാദിക്കുന്നു. രണ്ട് സമുദ്രങ്ങള്‍ക്കും രണ്ട് പര്‍വതങ്ങള്‍ക്കും ലങ്കക്കുമിടയിലെ ഭൂമി പവിത്രവും അവിടെ ജീവിക്കുന്നവര്‍ വിശുദ്ധരുമാണെന്നാണ് സങ്കല്‍പ്പമെങ്കില്‍, ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അയല്‍ രാജ്യങ്ങളുമായി ഊഷ്മളമായ സാഹോദര്യബന്ധം നിലനിര്‍ത്താനാണ്. കാരണം ഈ നിര്‍വചനമനുസരിച്ച് അവിടത്തെ ജനങ്ങളും നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ്. അയല്‍രാജ്യങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കുന്നതും അവരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും ഭരണകൂടത്തിന്റെ താല്‍പര്യം എന്നതിലുപരി ഹിന്ദുത്വത്തിന്റെ നിലപാടല്ല എന്നുവരും. കാരണം നിങ്ങള്‍ പറയുന്ന വിശദീകരണങ്ങള്‍ പ്രകാരമാണെങ്കില്‍ സംഘ് പ്രത്യയശാസ്ത്രമനുസരിച്ച് ഹിന്ദുത്വത്തിന് അത്തരം വിവേചനം പാടില്ലാത്തതാണ്. എന്നാല്‍ പ്രായോഗിക മണ്ഡലത്തിലെ അനുഭവങ്ങളും ചരിത്രരേഖകളും ഇതിനെതിരെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഹിന്ദുത്വപ്രസ്ഥാനത്തിന്റെ പ്രായോഗിക സമീപനങ്ങളും നിലപാടുകളും അവരുടെ പ്രത്യയശാസ്ത്രസിദ്ധാന്തങ്ങളെ സ്ഥിരീകരിക്കുന്നുണ്ടോ എന്നതാണ് യഥാര്‍ഥ ചോദ്യം. സംഘ് പ്രസ്ഥാനം ഏതെങ്കിലും പ്രത്യേക മതത്തെ പിന്തുണക്കുന്നില്ലെങ്കില്‍ അവരുടെ നേതാക്കളും എഴുത്തുകാരും 'ഹിന്ദുമതം അപകടത്തിലാണ്' എന്ന് ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്? എന്തിനാണ് മസ്ജിദുകളും ക്ഷേത്രങ്ങളും തമ്മിലുള്ള വിവാദങ്ങള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്? രാംമന്ദിര്‍ പ്രസ്ഥാനത്തെക്കുറിച്ച് ഇവര്‍ ന്യായീകരിക്കുന്നത് ഇപ്രകാരമാണ്; രാംമന്ദിര്‍ പ്രസ്ഥാനം ഒരു മതപ്രസ്ഥാനമല്ല. ബാഹ്യ ആക്രമണകാരികളുടെ മുന്നില്‍ ഈ രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങളുടെയും ദേശീയവികാരങ്ങളുടെയും പ്രകടനം മാത്രമാണ് ഈ പ്രസ്ഥാനം വഴി സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ഇതാണ് വസ്തുതയെങ്കില്‍ ഈ പ്രസ്ഥാനത്തിലെ ജനങ്ങളുടെ താല്‍പര്യം ഈയൊരു വിഷയത്തില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ടോ? മാത്രവുമല്ല, രാജ്യത്തെ പതിനായിരക്കണക്കിന് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധനാ മണ്ഡലങ്ങളിലും മതപരമായ ഘോഷയാത്രകളിലും നിരന്തരം വിവാദങ്ങളും പ്രകോപനങ്ങളുമുണ്ടാക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്? ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണെന്ന് ആര്‍ക്കാണറിയാത്തത്!
മറ്റൊരു പ്രധാന ചോദ്യമിതാണ്: ദീന്‍ദയാല്‍ ഉപാധ്യായ മുന്നോട്ടുവച്ചതും ഭരണഘടനയില്‍ അതിന്റെ പ്രത്യയശാസ്ത്രമായി ബി.ജെ.പി എഴുതിവെച്ചതും സംഘിന്റെ ബൗദ്ധിക അടിസ്ഥാനങ്ങളുമായി ആഴത്തില്‍ ബന്ധമുള്ളതുമായ സാമ്പത്തിക വ്യവസ്ഥക്ക് പുല്ലുവില പോലും കല്‍പ്പിക്കാതെ നിരന്തരം അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? നിലവില്‍ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഘടനകളുടെ നയങ്ങളില്‍ ഇതിന്റെ വിദൂരസൂചനകള്‍ പോലും കാണാന്‍ സാധിക്കുകയില്ല. സംഘ്ഭരണകൂടത്തെ നിലവില്‍ ഈ രാജ്യത്ത് മുതലാളിത്തത്തെയും മുതലാളിത്ത കൊളോണിയലിസത്തെയും ദരിദ്രവിരുദ്ധ സാമ്പത്തിക ലിബറല്‍ തത്ത്വങ്ങളെയും ശക്തമായി പിന്തുണക്കുന്നവരായിട്ടാണ് കാണാന്‍ കഴിയുക. 'ഏകാത്മ മാനവദര്‍ശനം' സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക നയങ്ങളില്‍ എവിടെയും പ്രതിഫലിക്കുന്നില്ല.
സംഘ് പ്രത്യയശാസ്ത്രങ്ങളുടെ ചിന്തകള്‍ക്കകത്ത് നിലനില്‍ക്കുന്ന വൈരുധ്യങ്ങളും ചിന്താപരവും പ്രായോഗികവുമായ സംഘട്ടനങ്ങളും ഈ പ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ ചിന്താ സമ്പ്രദായത്തെക്കുറിച്ചും വിവിധ സംശയങ്ങള്‍ക്ക് കാരണമാകുന്നു. സംഘ്പരിവാര്‍ ചിന്തകളും ആശയങ്ങളും വാസ്തവത്തില്‍ പുരാതന ബ്രാഹ്മണ മേധാവിത്വത്തെ ആധുനിക രൂപത്തില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണെന്ന് സംഘിന്റെ പല വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദുത്വ തത്ത്വചിന്തകള്‍ക്കും പ്രായോഗിക പദ്ധതികള്‍ക്കും വിലങ്ങുതടിയായി മാറുന്നത് വേദഗ്രന്ഥത്തിന്റെയും പ്രവാചകന്മാരുടെയും അധ്യാപനങ്ങള്‍ക്കനുസരിച്ച വിശ്വാസങ്ങളും ജീവിതവ്യവസ്ഥകളും പിന്തുടരുന്നവരാണ്. അതുകൊണ്ടാണ് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഇവിടത്തെ പ്രത്യേക സാംസ്‌കാരിക സംവിധാനത്തിലേക്ക് സമന്വയിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്; അതിന് ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ആഴമേറിയതും ഗൗരവമര്‍ഹിക്കുന്നതും വസ്തുനിഷ്ഠവുമായ വിശകലനങ്ങളും പഠനങ്ങളും ആവശ്യമാണ്. അതുസബന്ധിച്ച കാര്യങ്ങള്‍ പിന്നീട് എഴുതുന്നതാണ്, ഇന്‍ശാ അല്ലാഹ്.
(അവസാനിച്ചു)
വിവ: അബ്ദുല്‍ഹകീം നദ്‌വി
അടിക്കുറിപ്പുകള്‍
42. ഉദാഹരണത്തിന് നോക്കുക: V.D.Savarkar, (1969), Hindutva: Who is a Hindu?, Veer Savarkar Prakashan, Bombay, pp. 101-104.
43. M.S. Golwalkar, (2000), Bunch of Thoughts, Sahitya Sindhu Prakashana, Bangalore, pp. 75-76.
44. Deen Dayal Upadhyay, Ed. VR Pandit, (2002), Integral Humanism, Deendayal Research Institute, Delhi, p. 29.
45. Deen Dayal Upadhyay, Ed. VR Pandit, (2002), Integral Humanism, Deendayal Research Institute, Delhi.
Comments