Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

േസ്വഛാധിപത്യത്തിേലെക്കാരു പിന്മടക്കം ഞങ്ങള്‍ക്കിനി സാധ്യമല്ല

റാശിദുല്‍ ഗന്നൂശി

2021  ജൂലൈ 26 -  തുനീഷ്യന്‍ തലസ്ഥാനം തൂനിസിന്റെ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന പാര്‍ലമെന്റ് കെട്ടിടം സൈനിക ടാങ്കുകള്‍ വളഞ്ഞ കാഴ്ചയോടെയാണ് അന്നത്തെ പ്രഭാതം ഞാനും എന്റെ സഹപ്രവര്‍ത്തകരും വരവേറ്റത്. ജനം ജനാധിപത്യ മാര്‍ഗത്തിലൂടെ ഞങ്ങളെ തെരഞ്ഞെടുത്തയച്ച പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശനം  പ്രസിഡന്റിന്റെ കല്‍പനപ്രകാരം ഞങ്ങള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. തലേരാത്രി നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തില്‍ പ്രസിഡന്റ ഖൈസ് സഈദ് ഒരേസമയം  അമ്പരപ്പും ഞെട്ടലും ഉളവാക്കുന്ന ഒരുകൂട്ടം നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന നിയമനിര്‍മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സസ്‌പെന്റ് ചെയ്തതായി അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയെ പുറത്താക്കുകയും പാര്‍ലമെന്റ് അംഗങ്ങളുടെ സവിശേഷാധികാരങ്ങളും അവകാശങ്ങളും എടുത്തുകളയുകയും ചെയ്തു.  മുഴുവന്‍ എക്‌സിക്യൂട്ടീവ് -  ജുഡീഷ്യല്‍ അധികാരങ്ങളും ഒറ്റയടിക്ക് സഈദ് കൈപ്പിടിയിലൊതുക്കി. നീണ്ട ഒരു ദശാബ്ദക്കാലമായി   ജനാധിപത്യ പരിഷ്‌കരണങ്ങള്‍ക്കു വേണ്ടി തുനീഷ്യന്‍ ജനത നടത്തിക്കൊണ്ടിരുന്ന കഠിനവും നിസ്തന്ദ്രവുമായ പോരാട്ടത്തിന്റെ ഫലമാണ് തന്റെ ഈ ചെയ്തിയിലൂടെ സഈദ് റദ്ദാക്കാന്‍ ശ്രമിച്ചത്. തീര്‍ത്തും ഭരണഘടനാവിരുദ്ധമാണ്, തുനീഷ്യന്‍ ജനാധിപത്യത്തെ അപകടപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ഈ നീക്കങ്ങള്‍.
പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ധര്‍ണ ഇരുന്ന ഞാന്‍  പിന്നീട് ആ സമരമാര്‍ഗത്തില്‍നിന്ന് പിന്തിരിയാന്‍ തീരുമാനിച്ചു. സഹപ്രവര്‍ത്തകരോടും അവിടം വിട്ടുപോകാന്‍ ഞാനാവശ്യപ്പെട്ടു. ഭരണകൂടവുമായുള്ള മുഖാമുഖം രക്തച്ചൊരിച്ചിലില്‍ കലാശിച്ചേക്കുമോ എന്ന ആശങ്ക കൊണ്ടാണ് ഇത്തരമൊരു തീരുമാനം ഞങ്ങളെടുത്തത്. ഇപ്പോള്‍ ആഴ്ചകള്‍ക്കു ശേഷവും രാഷ്ട്രീയ സ്തംഭനാവസ്ഥ തുടരുകയാണ്. പ്രതിസന്ധിക്കുള്ള പരിഹാരം ഉരുത്തിരിഞ്ഞുവരുമെന്ന പ്രതീക്ഷയോടെയാണ് പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലക്ക് ഞാനിതെഴുതുന്നത്.
ഭരണരംഗത്തും മറ്റുമുള്ള തുനീഷ്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രകടനത്തോട് ജനങ്ങള്‍ക്കുള്ള അതൃപ്തി മനസ്സിലാക്കാവുന്നതും ന്യായീകരിക്കത്തക്കതുമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളും മരണവും കുത്തനെ ഉയരുന്നതിനാണ്  രാജ്യം സാക്ഷ്യം വഹിക്കുന്നത്. മഹാമാരി വിതച്ച പ്രതിസന്ധി  ഫലപ്രദവും കാര്യക്ഷമവുമായി നേരിടാന്‍ കഴിയാതെ ആരോഗ്യ സംവിധാനം കിതക്കുകയാണ്. പ്രയാസകരമായ സാമ്പത്തിക സ്ഥിതിയും നീണ്ടുപോകുന്ന രാഷ്ട്രീയ പ്രതിസന്ധിയും സൃഷ്ടിക്കുന്ന ദുര്‍ഘടാവസ്ഥക്കു പുറമെയാണ് കോവിഡ് കൊണ്ടുവന്ന ഗുരുതരമായ സ്ഥിതിവിശേഷം.
ഒരു പതിറ്റാണ്ടു മുമ്പ് തുനീഷ്യക്കാരനായ പഴം - പച്ചക്കറി കച്ചവടക്കാരന്‍ മുഹമ്മദ് ബൂ അസീസിയാണ് സ്വയം തീകൊളുത്തി അറബ് വസന്തത്തിന് തിരിതെളിച്ച പ്രക്ഷോഭ പരമ്പരകള്‍ക്ക് രാസത്വരകമായത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധവും സര്‍വവ്യാപിയായ അഴിമതിയും വികസനരാഹിത്യവും സാമ്പത്തികത്തകര്‍ച്ചയും മുഖമുദ്രമായ അമ്പതു വര്‍ഷം നീണ്ട സ്വേഛാധിപത്യ വാഴ്ചക്കാണ് ബൂ അസീസിയുടെ ആത്മാഹുതി തുനീഷ്യയില്‍ അന്ത്യം കുറിച്ചത്. എന്നാല്‍, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തേട്ടമല്ല ഇപ്പോഴത്തെ അസ്വസ്ഥതകള്‍ക്കു കാരണം;  സാമ്പത്തികരംഗത്ത് വേണ്ടത്ര മുന്നേറാനാകാത്തതിലുള്ള നൈരാശ്യവും അസംതൃപ്തിയുമാണ്.
മുഹമ്മദ് ബൂ അസീസിയും വ്യത്യസ്ത രാഷ്ട്രീയ വീക്ഷാഗതികള്‍ വെച്ചുപുലര്‍ത്തുന്ന ആയിരക്കണക്കിന്  തുനീഷ്യക്കാരും എന്തിനു വേണ്ടിയാണോ പോരാട്ടമുഖത്തിറങ്ങിയത് ആ ലക്ഷ്യം ഒരിക്കലും കൈവിടില്ലെന്ന് ദൃഢനിശ്ചയം ചെയ്തവരാണ് ഞങ്ങള്‍. നിയമവാഴ്ചയും ഭരണകൂട സ്ഥാപനങ്ങള്‍ക്കിടയിലെ അധികാര വിഭജനവും ഉറപ്പുവരുത്തുന്ന ഭരണഘടന തയാറാക്കാനും, വ്യക്തികളുടെയും സാമൂഹിക വിഭാഗങ്ങളുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും ഞങ്ങള്‍ കഠിനശ്രമം തന്നെ നടത്തി. എല്ലാറ്റിലുമുപരി ജനാധിപത്യപരമായ തെരഞ്ഞെടുപ്പു സംവിധാനങ്ങളോട് ഞങ്ങള്‍ ആദരപൂര്‍വം പ്രതിബദ്ധത പുലര്‍ത്തി. 2014-ല്‍ ഞങ്ങള്‍, തുനീഷ്യയില്‍ രൂപകല്‍പന ചെയ്ത ഭരണഘടന അറബ് ലോകത്തെ ഏറ്റവും പുരോഗമനാത്മകമായ ഭരണഘടനയെന്ന് പ്രശംസിക്കപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് സഈദ് ഇന്നാ ഭരണഘടന ചീന്തിയെറിയുകയാണ്. രാജ്യത്ത് സ്വസ്ഥതയും സമാധാനവും തിരിച്ചുകൊണ്ടുവരാനാണ് തന്റെ നടപടിയെന്നാണ് അദ്ദേഹത്തിന്റെ വാദം. എല്ലാം താല്‍ക്കാലികമാണെന്ന് സഈദ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീരുമാനങ്ങളോരോന്നും വ്യക്തമാക്കുന്നത് സ്വേഛാധിപത്യ ഭരണകൂടത്തെ പ്രതിഷ്ഠിക്കാനുള്ള ഒരു പ്ലേ ബുക്ക് കൃത്യതയോടെ പിന്തുടരുകയാണ് അദ്ദേഹമെന്നാണ്. രാഷ്ട്രത്തിനു നേരെ വലിയ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റിന് അനുമതി നല്‍കുന്ന ഭരണഘടനയുടെ 80-ാം വകുപ്പാണ് സഈദ് തന്റെ പ്രവൃത്തിക്ക് ഉപോദ്ബലകമായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ 'അസാധാരണ നടപടികള്‍' എടുക്കുന്നതിനു മുമ്പ് പ്രധാനമന്ത്രിയോടും പാര്‍ലമെന്റ് സ്പീക്കറോടും പ്രസിഡന്റ് കൂടിയാലോചന നടത്തണമെന്ന് ഇതേ ആര്‍ട്ടിക്ക്ള്‍ നിബന്ധന വെക്കുന്നുണ്ട്. മാത്രമല്ല 80-ാം വകുപ്പ് പ്രാബല്യത്തിലുള്ള സവിശേഷ ഘട്ടത്തിലുടനീളം പ്രസിഡന്റിന്റെ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പാര്‍ലമെന്റ് തുടര്‍ച്ചയായി സമ്മേളിച്ചുകൊണ്ടിരിക്കണമെന്നും ഭരണഘടനയുടെ പരാമൃഷ്ട അനുഛേദം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വകുപ്പ് പ്രയോഗിക്കാനുള്ള ആ സാഹചര്യം തന്നെ അസാധ്യമാക്കിയിരിക്കുകയാണ് പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്ത നടപടിയിലൂടെ, പ്രസിഡന്റ്. തുനീഷ്യന്‍ ജനതയും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംസ്ഥാപിച്ച, ഭരണഘടനാ നിയന്ത്രണങ്ങളിലും സന്തുലിതാവസ്ഥകളിലും അധിഷ്ഠിതമായ ഉത്തരവാദിത്ത / അധികാര വിഭജന ഘടനയെയാണ് പ്രസിഡന്റ് തകിടം മറിച്ചിരിക്കുന്നത്.
സ്വയംപ്രഖ്യാപിത സെക്യുലരിസ്റ്റുകള്‍ക്കും ഇസ്‌ലാമിസ്റ്റുകള്‍ക്കുമിടയിലുള്ള ആശയഭിന്നതകള്‍ കുത്തിപ്പൊക്കി സഈദിന്റെ ഭരണഘടനാവിരുദ്ധമായ  നീക്കങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചില രാഷ്ട്രീയ പ്രതിയോഗികള്‍. ഈ സെക്യുലര്‍  - ഇസ്‌ലാമിസ്റ്റ് ലേബല്‍തന്നെ  സൂക്ഷ്മാര്‍ഥത്തില്‍ രണ്ടു കൂട്ടര്‍ക്കും ചേരുന്നതല്ല എന്നതാണ് വസ്തുത. അന്നഹ്ദയെ സംബന്ധിച്ചേടത്തോളം ഒരു മുസ്‌ലിം ഡെമോക്രാറ്റ് പാര്‍ട്ടിയായാണ് ഞങ്ങള്‍ അതിനെ കാണുന്നത്. യഥാര്‍ഥത്തില്‍ ഇവിടെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയല്ല, തുനീഷ്യന്‍ ജനാധിപത്യം തന്നെയാണ്. തുനീഷ്യയുടെ ജനാധിപത്യ പരിവര്‍ത്തനത്തിനും ഭരണഘടനക്കും എതിരായ ഈ അട്ടിമറിശ്രമം ജനായത്ത മൂല്യങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണമാണ്.  ശക്തവും സ്പഷ്ടവുമായ രീതിയില്‍ അന്താരാഷ്ട്ര സമൂഹം ഈ അട്ടിമറിനീക്കത്തെ അപലപിക്കാന്‍ തയാറാകണം. അറബ് വസന്തം ജന്മം നല്‍കിയ ജനാധിപത്യ പരീക്ഷണങ്ങളില്‍ അതിജീവിച്ച ഒരേയൊരെണ്ണമാണ് തുനീഷ്യയിലേത്. ജനാധിപത്യത്തിനു വേണ്ടി കൊതിക്കുന്ന അറബ് സമൂഹങ്ങള്‍ക്ക് ഇന്നും പ്രത്യാശയുടെ പ്രഭവകേന്ദ്രമാണ് തുനീഷ്യ.
പ്രശ്‌നങ്ങളെമ്പാടും നേരിടുന്നുണ്ട് തുനീഷ്യ. സങ്കീര്‍ണമായതും ആഴത്തിലുമുള്ള, ഘടനാപരമായ സാമൂഹിക -  സാമ്പത്തിക പ്രതിസന്ധികളോട് മുഖാമുഖം നിന്നുകൊണ്ടുതന്നെ  പുതിയൊരു ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന അത്യന്തം ശ്രമകരമായ ദൗത്യമാണ് ഞങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്. തൂക്കുസഭകളും സഖ്യസര്‍ക്കാറുകളും സൃഷ്ടിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പു നിയമങ്ങളോടാണ് ഞങ്ങള്‍ മല്ലിട്ടത്. ജനാധിപത്യ വ്യവസ്ഥയുടെ രൂപീകരണ പുരോഗതിയിലും സാമൂഹിക - സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിലും കോവിഡ് മഹാമാരിയോട് പൊരുതുന്നതിലും ഞങ്ങള്‍ക്ക് വേണ്ടത്ര വേഗതയില്ലായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ ഈ പ്രതിസന്ധികളൊന്നും ഭരണഘടന പിച്ചിച്ചീന്തുന്നതിനും ജനാധിപത്യ വ്യവസ്ഥ മുഴുവന്‍ അപായപ്പെടുത്തുന്നതിനുമുള്ള ന്യായമല്ല തന്നെ. ഏക വ്യക്തിവാഴ്ച രാജ്യം നേരിടുന്ന സാമ്പത്തിക ദുര്‍ഘടാവസ്ഥക്ക് പരിഹാരമല്ല. പൗരാവകാശനിഷേധം, അഴിമതി, അസമത്വം, സ്വജനപക്ഷപാതിത്വം എന്നിവയിലേ സ്വേഛാധിപത്യം അന്തിമമായി കലാശിക്കൂ.
ഖൈസ് സഈദ് തന്റെ തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിക്കുമെന്നാണ് ഞാന്‍ ഇപ്പോഴും ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നത്. ക്രിയാത്മകവും സൃഷ്ടിപരവുമായ ചില ചുവടുവെപ്പുകള്‍ വെക്കാന്‍ അദ്ദേഹത്തിന് ഇനിയും കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.  തുനീഷ്യയുടെ പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങളും മേഖലാ സുഹൃദ് രാജ്യങ്ങും അത്തരം ചുവടുവെപ്പുകള്‍ നടത്താന്‍  അദ്ദേഹത്തിന് പിന്തുണയും സഹായവും നല്‍കണം. ഒരു പുതിയ    ഗവണ്‍മെന്റിന്റെ രൂപീകരണത്തിനും അംഗീകാരത്തിനും അരങ്ങൊരുക്കാനും,  തൊഴിലില്ലായ്മയും മഹാമാരിയും നേരിടുന്നതിന് ധീരമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ലമെന്റ് പുനഃസ്ഥാപിക്കപ്പെടണം. നിലവിലെ സ്തംഭനാവസ്ഥ മറികടക്കുന്നതിന് പോംവഴി തേടി ഒരു ദേശീയ സംവാദത്തിന് ഖൈസ് സഈദ് മുന്നിട്ടിറങ്ങുമെന്നാണ് എന്റെ പ്രതീക്ഷ.
ജനാധിപത്യത്തെ തൂക്കിയെറിയാനല്ല, നാളിതുവരെ നമ്മളാര്‍ജിച്ച നേട്ടങ്ങളുടെ ബാക്കി പൂര്‍ത്തീകരിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഒരൊറ്റ വ്യക്തിയുടെ കൈകളില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍  സ്വേഛാധിപത്യം സൃഷ്ടിക്കുന്ന ഘനാന്ധകാരത്തിലേക്കും ഇഛാഭംഗത്തിലേക്കും നമ്മുടെ രാജ്യം എങ്ങനെ എടുത്തെറിയപ്പെട്ടു എന്ന് കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്. ദേശീയ സംവാദങ്ങളിലൂടെയാണ് പോയ കാലത്ത് തുനീഷ്യ അതിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അതിജീവിച്ചത്. ആ രീതിയിലൂടെ തന്നെയുള്ള അതിജീവനത്തിന് ഇനിയും നമ്മള്‍ പ്രാപ്തരാണ്. 
വിവ: മുഹമ്മദ് ഫിന്‍സര്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി