ഖുല്‍അ് സ്ത്രീക്ക് നല്‍കിയ ആയുധമാണ്
ഖുല്‍ഇനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍, ദമ്പതികളുടെ അവകാശങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക നിയമം എന്തുമാത്രം സന്തുലിതത്വമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കാണാവുന്നതാണ്. സംശയത്തിനിടമില്ലാത്തവിധം വ്യക്തമായ യാഥാര്‍ഥ്യമാണിത്. സ്ത്രീക്ക് ഖുല്‍ഇനുള്ള അവകാശം നിഷേധിക്കുകയും ശരീഅത്തിന്റെ അധ്യാപനത്തിന് വിപരീതമായി, അത് നടപ്പാക്കാനും നടപ്പാക്കാതിരിക്കാനുമുള്ള അധികാരം പുരുഷന്റെ താല്‍പര്യത്തിന് വിട്ടുകൊടുക്കുകയും ചെയ്തുകൊണ്ട് ഇപ്പോള്‍ തെറ്റ് പ്രവര്‍ത്തിച്ചിട്ടുള്ളത് നാം തന്നെയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ നേരത്തേ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ കുഴപ്പങ്ങള്‍ക്ക് ഉത്തരവാദി ഇസ്‌ലാമിക ശരീഅത്തല്ല. സ്ത്രീക്ക് ഈ അവകാശം അംഗീകരിച്ചുകൊടുക്കുകയാണെങ്കില്‍ ഇന്ന് നമ്മുടെ വൈവാഹിക ജീവിതരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവും, എന്നല്ല ഒരുപരിധിവരെ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുകയും ചെയ്യും.
ഖുല്‍ഇന്റെ അവകാശം ഫലത്തില്‍ സ്ത്രീയില്‍നിന്ന് എടുത്തുകളയാനുള്ള കാരണം, ഖുല്‍അ് ദമ്പതികള്‍ തമ്മിലുള്ള സ്വകാര്യപ്രശ്‌നമാണെന്നും ന്യായാധിപന് അതില്‍ ഇടപെടാന്‍ അധികാരമില്ലെന്നുമുള്ള തെറ്റായ ധാരണയാണ്. അങ്ങനെ ഫലത്തില്‍, ഖുല്‍അ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും പുരുഷന്റെ ഇഷ്ടത്തെ മാത്രം ആശ്രയിച്ചായിത്തീര്‍ന്നു. സ്ത്രീ ഖുല്‍ഇന് ആവശ്യപ്പെടുകയും, പുരുഷന്‍ തന്റെ ദുഷ്ടത കൊണ്ടോ സ്വാര്‍ഥം മൂലമോ അതിന് സമ്മതിക്കാതിരിക്കുകയും ചെയ്താല്‍ പിന്നെ സ്ത്രീക്ക് ഒരു രക്ഷയുമില്ല. ഇത് ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്. കാരണം വൈവാഹിക ബന്ധത്തിലെ ഒരു കക്ഷിയെ തികച്ചും നിസ്സഹായാവസ്ഥയില്‍ മറുകക്ഷിയുടെ കൈയിലേല്‍പ്പിക്കുക എന്നത് ഒരിക്കലും ശരീഅത്തിന്റെ ലക്ഷ്യമല്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം വൈവാഹിക ജീവിതത്തിന്റെ നാഗരികവും സദാചാരപവുമായ ഉത്തമ താല്‍പര്യങ്ങള്‍ നഷ്ടപ്പെടുകയാവും ഫലം.
നേരത്തേ പറഞ്ഞപോലെ ദാമ്പത്യബന്ധം പരിശുദ്ധിയോടും സ്‌നേഹത്തോടും കാരുണ്യത്തോടും സല്‍സ്വഭാവത്തോടും കൂടി എത്രത്തോളം നിലനില്‍ക്കുന്നുവോ അത്രയും ഭദ്രമായി നിലനില്‍ക്കണം എന്നതാണ് ഇസ്‌ലാമിക വൈവാഹിക നിയമത്തിന്റെ താല്‍പര്യം. പ്രസ്തുത ബന്ധം ശിഥിലമാക്കാന്‍ ശ്രമിക്കുകയോ, തകര്‍ക്കാന്‍ പ്രേരണ നല്‍കുകയോ ചെയ്യുന്നത് തെറ്റും കുറ്റവുമാണ്. എന്നാല്‍ ഈ ബന്ധം നിലനില്‍ക്കുന്നതുകൊണ്ട് കുഴപ്പമുണ്ടായിത്തീരുകയും ഇരുകക്ഷികളില്‍ ഒരാളുടെയോ അല്ലെങ്കില്‍ രണ്ടാളുകളുടെയുമോ സദാചാര നിലവാരം തകരുകയോ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്ഥാനത്ത് വെറുപ്പും വിദ്വേഷവും ഉണ്ടാവുകയോ ആണെങ്കില്‍ ആ ബന്ധം അങ്ങനെ തുടരുന്നത് ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഹാനികരവുമാണ്. ഈ അടിസ്ഥാനത്തില്‍ ഊന്നിനിന്നുകൊണ്ട് ദാമ്പത്യബന്ധം തുടര്‍ന്നുപോവുക അസാധ്യമാണെന്നു തോന്നുമ്പോള്‍ എടുത്തുപയോഗിക്കാന്‍ പറ്റുന്ന രൂപത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും ശരീഅത്ത് നിയമത്തിന്റേതായ ഓരോ ആയുധങ്ങള്‍ നല്‍കിയിരിക്കുന്നു. പുരുഷന് നല്‍കിയ ആയുധമാണ് ത്വലാഖ്. അത് എടുത്തുപയോഗിക്കാനുള്ള സ്വതന്ത്രമായ അധികാരം പുരുഷന് നല്‍കിയിരിക്കുന്നു. പകരം സ്ത്രീക്ക് നല്‍കിയ ആയുധമാണ് ഖുല്‍അ്. അത് എടുത്തുപയോഗിക്കാന്‍ ചില നിബന്ധനകള്‍ വെച്ചിരിക്കുന്നു എന്നുമാത്രം. അതായത് വിവാഹബന്ധം തുടര്‍ന്നുപോകാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ആദ്യമായി അവള്‍ പുരുഷനോട് ഖുല്‍അ് ആവശ്യപ്പെടണം. അയാള്‍ അതിന് വിസമ്മതിക്കുകയാണെങ്കില്‍ അവള്‍ കോടതിയുടെ സഹായം തേടണം.
ദമ്പതികളുടെ അവകാശങ്ങള്‍ക്കിടയില്‍ സന്തുലിതത്വം നിലനിര്‍ത്താന്‍ ഇതേ വഴിയുള്ളൂ. അല്ലാഹുവും റസൂലും യഥാര്‍ഥത്തില്‍ ഈ സന്തുലിതത്വം നിലനിര്‍ത്തുകയുണ്ടായി. എന്നാല്‍ ന്യായാധിപന്റെ അവകാശം എടുത്തുകളഞ്ഞതുവഴി ഈ സന്തുലിതത്വം ഇല്ലാതായിത്തീരുകയും ഇതിന്റെ പ്രകൃതിപരമായ അവസ്ഥയില്‍നിന്ന് വ്യതിചലിക്കുകയും ചെയ്തു. അതുവഴി സ്ത്രീക്ക് നല്‍കപ്പെട്ട നിയമത്തിന്റെ ആയുധം ഉപകാരശൂന്യമായിത്തീര്‍ന്നു. നിയമത്തിന്റെ മുഖം തന്നെ ഇവിടെ വികൃതമായിപ്പോയി. ഇപ്പോള്‍ ദാമ്പത്യബന്ധത്തില്‍ പുരുഷന്‍ അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുകയില്ലെന്ന് ആശങ്കിക്കുകയോ, അല്ലെങ്കില്‍ ബന്ധം തുടര്‍ന്നുപോകാന്‍ കഴിയുകയില്ലെന്ന് അവന്ന് തോന്നുകയോ ചെയ്താല്‍ പ്രസ്തുത ബന്ധം വിടര്‍ത്താവുന്നതാണ്. എന്നാല്‍ സ്ത്രീക്കാണ് അത്തരം ആശങ്കയുണ്ടാകുന്നതെങ്കിലോ, അല്ലെങ്കില്‍ അവള്‍ക്കീ ബന്ധം നിലനിര്‍ത്തിപ്പോവുക പ്രയാസമാണെന്ന് വന്നാലോ? അവളുടെ മുമ്പില്‍ ഒരു മാര്‍ഗവുമില്ല! ഈ ബന്ധം വിഛേദിക്കാന്‍ കൈയില്‍ ഒരായുധവുമില്ലാതെ അവള്‍ കുഴങ്ങുന്നു! ഭര്‍ത്താവ് അവളെ ഒഴിവാക്കുന്നില്ലെങ്കില്‍ ഏതു സാഹചര്യത്തിലും ഈ ബന്ധം തുടര്‍ന്നുപോകാന്‍ അവള്‍ നിര്‍ബന്ധിതയാവുകയും ചെയ്യുന്നു; അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുക അസാധ്യമായാലും വൈവാഹിക ജീവിതത്തിന്റെ ഇസ്‌ലാമികമായ താല്‍പര്യങ്ങള്‍ നഷ്ടപ്പെട്ടാലും ശരി. അല്ലാഹുവിന്റെയും റസൂലിന്റെയും ശരീഅത്തില്‍ ഇത്രക്ക് നഗ്നമായ അനീതി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടാകുമോ? അതിന് ആര്‍ക്കെങ്കിലും ധൈര്യമുണ്ടെങ്കില്‍, ന്യായാധിപന് ഖുല്‍ഇന്റെ കാര്യത്തില്‍ അധികാരമില്ലെന്ന്, ഫുഖഹാക്കളുടെ അഭിപ്രായങ്ങളല്ലാതെ, ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും അത് തെളിയിക്കട്ടെ.
ന്യായാധിപന്റെ അധികാരങ്ങള്‍
ഖുല്‍ഇന്റെ നിയമത്തെക്കുറിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ നമുക്ക് ഒരിക്കല്‍ കൂടി വായിക്കാം: ''ഇനി ദമ്പതികളിരുവരും അല്ലാഹുവിന്റെ പരിധി പാലിക്കുകയില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അപ്പോള്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും പ്രതിഫലം നല്‍കി മോചനം തേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല'' (അല്‍ബഖറ 229).
ഈ സൂക്തത്തില്‍ ദമ്പതികളെ പരാമര്‍ശിച്ചത് 'അവര്‍ പാലിക്കുകയില്ലെങ്കില്‍' എന്ന വാക്കുപയോഗിച്ചുകൊണ്ടാണ്. അങ്ങനെ വരുമ്പോള്‍ ഖുര്‍ആനിലെ, 'നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍' എന്ന വാക്കിന്റെ സംബോധിതര്‍ ദമ്പതിമാരാവാന്‍ തരമില്ല. അപ്പോള്‍ ഇവിടെ സംബോധിതര്‍ മുസ്്‌ലിംകളിലെ ഭരണകര്‍ത്താക്കളാണെന്ന് സമ്മതിക്കേണ്ടിവരും. ചുരുക്കത്തില്‍ ഈ സൂക്തത്തിലെ ദൈവിക വിധിയുടെ സാരമിതാണ്: ദമ്പതികളില്‍ ഇരുവരുടെയും യോജിപ്പോടെ ഖുല്‍അ് നടന്നിട്ടില്ലെങ്കില്‍ അത് ന്യായാധിപന്റെ അടുത്തെത്തിക്കേണ്ടതാണ്.
മേല്‍ കൊടുത്ത ഹദീസുകള്‍ ഇതിന് പിന്‍ബലം നല്‍കുന്നു. സ്ത്രീകള്‍ ഖുല്‍ഇന്റെ കേസുമായി റസൂലി(സ)ന്റെയും ഖലീഫമാരുടെയും സന്നിധിയില്‍ ചെന്നിരുന്നതും, അവര്‍ അവരുടെ പരാതി സ്വീകരിച്ചിരുന്നതുമെല്ലാം, ദമ്പതികള്‍ക്കിടയില്‍ ഖുല്‍ഇന് ഉഭയസമ്മതമില്ലെങ്കില്‍ സ്ത്രീക്ക് ന്യായാധിപന്റെ മുന്നില്‍ കേസ് കൊടുക്കാന്‍ അവകാശമുണ്ടെന്നതിന് തെളിവാണ്. പുരുഷന്‍ ഖുല്‍ഇന് വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ന്യായാധിപന് പരാതി കേള്‍ക്കാനല്ലാതെ തന്റെ വിധി അവനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അധികാരമില്ലെങ്കില്‍ ന്യായാധിപന്റെ മുന്നില്‍ കേസ് റഫര്‍ ചെയ്യുന്നതില്‍ യാതൊരു അര്‍ഥവുമില്ല. കാരണം ഇത്തരം അവസ്ഥകളില്‍ ന്യായാധിപനെ സമീപി
ക്കുന്നതും സമീപിക്കാതിരിക്കുന്നതും സമമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ന്യായാധിപന് അധികാരമില്ലെന്ന് ഹദീസില്‍നിന്ന് തെളിയുമോ? നബി(സ)യുടെയും ഖലീഫമാരുടെയും വിധികളില്‍ അവര്‍ ഉപയോഗിച്ചിരുന്ന വാചകം 'അവളെ ത്വലാഖ് ചൊല്ലുക' അല്ലെങ്കില്‍ 'അവളെ വേര്‍പ്പിരിക്കുക' അതുമല്ലെങ്കില്‍ 'അവളെ ഒഴിവാക്കുക' എന്നീ കല്‍പനക്രിയകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അഥവാ അങ്ങനെ ചെയ്യാന്‍ വിധി നല്‍കി എന്നു വിവരിക്കുന്ന തരത്തിലുള്ളതാണ്. ഇബ്‌നു ജരീര്‍ (റ) ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ 'അപ്പോള്‍ അവിടുന്ന് (റസൂല്‍) അവരെ വേര്‍പ്പെടുത്തി' എന്നു കാണാം. ഉബയ്യുബ്‌നു സുലൂലിന്റെ മകള്‍ ജമീലയില്‍നിന്ന് ഉദ്ധരിക്കപ്പെട്ട സംഭവത്തിലും ഇതേ വാചകം തന്നെയാണുള്ളത്. അപ്പോള്‍ ഖുല്‍ഇന്റെ പ്രശ്‌നത്തില്‍ ന്യായാധിപന് അധികാരമുണ്ടോ ഇല്ലേ എന്ന സംശയത്തിന് ഒട്ടും പഴുതില്ല.
എന്നാല്‍ ഭര്‍ത്താവ് ന്യായാധിപന്റെ വിധി കേവലം ശിപാര്‍ശയായി പരിഗണിക്കുകയും അത് നടപ്പില്‍ വരുത്താന്‍ വിസമ്മതിക്കുകയും ചെയ്താല്‍ ന്യായാധിപന് വിധി നടപ്പില്‍ വരുത്താന്‍ അയാളെ നിര്‍ബന്ധിക്കാന്‍ അധികാരമുണ്ടോ എന്ന ചോദ്യം ഉത്ഭവിക്കുന്നു. അതിന് മറുപടിയുണ്ട്: റസൂലി(സ)ന്റെയോ ഖലീഫമാരുടെയോ കാലത്ത് അവര്‍ ഒരു വിധി പുറപ്പെടുവിച്ചാല്‍ ആരെങ്കിലും അതിനെ ധിക്കരിച്ച ചരിത്രം ലഭ്യമല്ല. എന്നാല്‍ അലി(റ)യുടെ കാലത്തെ ഒരു സംഭവം ഈ വിഷയത്തില്‍ നമുക്ക് മാതൃകയാക്കാവുന്നതാണ്. അദ്ദേഹം ധിക്കാരിയായ ഒരാളോട് ഇങ്ങനെ പറഞ്ഞു: ''അവള്‍ മാധ്യസ്ഥന്മാരുടെ വിധി അംഗീകരിച്ചപോ
ലെ നീയും അംഗീകരിക്കാത്തപക്ഷം നിന്നെ ഞാന്‍ വിട്ടയക്കുകയില്ല.'' ഈ സംഭവത്തിലുണ്ടായതുപോലെ മാധ്യസ്ഥ തീരുമാനം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഭര്‍ത്താവിനെ ബന്ധനസ്ഥനാക്കാന്‍ ന്യായാധിപന് അധികാരമുണ്ടെങ്കില്‍ സ്വന്തം വിധി നടപ്പാക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കാന്‍ ന്യായാധിപന് ഏതായാലും അധികാരമുണ്ട്. അതുപോലെത്തന്നെ നാട്ടിലെ മറ്റേതു കാര്യത്തിലും വിധി പറയാന്‍ ന്യായാധിപന് അധികാരമുണ്ടായിരിക്കെ ഖുല്‍ഇന്റെ പ്രശ്‌നത്തില്‍ മാത്രം അധികാരമില്ല എന്ന് പറയുന്നത് ന്യായമല്ല. ന്യായാധിപന്റെ വിധി പ്രകാരം പുരുഷന്‍ ത്വലാഖ് ചൊല്ലാന്‍ വിസമ്മതിച്ചാല്‍ ന്യായാധിപന് അവരെ വേര്‍പ്പിരിക്കാന്‍ അധികാരമുള്ളതായി പല ശാഖാപരമായ പ്രശ്‌നങ്ങളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചത് നമുക്ക് കാണാന്‍ കഴിയും. അപ്പോള്‍ ഖുല്‍ഇന്റെ പ്രശ്‌നത്തില്‍ മാത്രം ന്യായാധിപന് അധികാരമില്ലാതിരിക്കുന്നത് എങ്ങനെയാണ്?
തുടര്‍ന്നുവരുന്ന ചര്‍ച്ചകളില്‍നിന്ന് ഈ വസ്തുത കൂടുതല്‍ സ്പഷ്ടമാവുന്നതാണ്. അതായത് ഭര്‍ത്താവ് ഷണ്ഡനാവുക, വിഷയാസക്തിയില്ലാത്തവനാവുക, ലിംഗം ഛേദിക്കപ്പെട്ടവനാവുക, കുഷ്ഠം വെള്ളപ്പാണ്ഡ്, ഭ്രാന്ത് തുടങ്ങിയവ ബാധിച്ചവനാവുക തുടങ്ങിയ സാഹചര്യങ്ങളിലും, പ്രായപൂര്‍ത്തിക്കു മുമ്പ് രക്ഷിതാക്കള്‍ നടത്തിയ വിവാഹം പ്രായപൂര്‍ത്തിയാവുമ്പോള്‍ സ്ത്രീക്ക് ദുര്‍ബലപ്പെടുത്താനുള്ള അവകാശം (ഖിയാറുല്‍ ബുലൂഗ്) തുടങ്ങിയ മറ്റു പ്രശ്‌നങ്ങളിലും ഗവേഷണാടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച നിയമങ്ങളിലും സ്ത്രീക്ക് ഖുല്‍അ് ലഭ്യമാക്കാന്‍ ന്യായാധിപന് പൂര്‍ണാധികാരം അത്യാവശ്യമായിത്തീര്‍ന്നിട്ടുണ്ട്. അല്ലാത്തപക്ഷം അത്തരം ഘട്ടങ്ങളില്‍ സ്ത്രീ നിസ്സഹായയായിത്തീരുകയും കാലാകാലം അവള്‍ ദുരിതം പേറേണ്ടിവരികയും ചെയ്യും. അല്ലെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്യുകയോ, അതുമല്ലെങ്കില്‍ തങ്ങളുടെ ശാരീരിക ഇഛകള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിത്തീരുകയോ ചെയ്യും. അതുമല്ലെങ്കില്‍ ഈ വിവാഹബന്ധം അറ്റുപോകാനായി മതപരിത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും. ഇക്കാര്യം വ്യക്തമാക്കാന്‍ വേണ്ടി ഒരു ഉദാഹരണം മാത്രം പറയാം:
ലൈംഗികശേഷിയില്ലാത്ത പുരുഷനെ(ഇനീന്‍)ക്കുറിച്ച കര്‍മശാസ്ത്ര വീക്ഷണമിതാണ്: അയാള്‍ക്ക് ഒരു വര്‍ഷത്തെ ചികിത്സക്കുള്ള അവസരം നല്‍കണം. സുഖം പ്രാപിക്കുകയും അപൂര്‍ണമായിട്ടെങ്കിലും (ദറുല്‍ മുഖ്ത്താറില്‍ ഇങ്ങനെ കാണാം: ലിംഗാഗ്രം മാത്രം പ്രവേശിച്ചാലും അയാള്‍ പൗരുഷമില്ലാത്തവനായി കരുതുന്നതല്ല. ഇനി ലിംഗം ഛേദിക്കപ്പെട്ടവനാണെങ്കില്‍ ശിഷ്ട ലിംഗം മുഴുവനായി പ്രവേശിക്കണം) ഒരു പ്രാവശ്യം സംഭോഗം നടത്താന്‍ സാധിക്കുകയും ചെയ്താല്‍ ഭാര്യക്ക് പിന്നെ വിവാഹബന്ധം വേര്‍പ്പിരിക്കുന്നതിന് (ഫസ്ഖ്) ആവശ്യപ്പെടാന്‍ അവകാശമുണ്ടായിരിക്കുകയില്ല. മാത്രവുമല്ല അവളുടെ പ്രസ്തുത അവകാശം എന്നന്നേക്കുമായി അവസാനിക്കുകയും ചെയ്യും. വിവാഹവേളയില്‍ പുരുഷന് ലൈംഗികശേഷിയില്ലെന്ന് അറിഞ്ഞിട്ടും സ്ത്രീ വിവാഹത്തിന് സമ്മതിച്ചതാണെങ്കില്‍ അവള്‍ക്ക് പിന്നെ ന്യായാധിപനെ സമീപിക്കാന്‍ തീരെ അവകാശമുണ്ടായിരിക്കുന്നതല്ല (ഫതാവാ ആലംഗീറില്‍ പറയുന്നു: വിവാഹവേളയില്‍ പുരുഷന്‍ സംഭോഗത്തിനു ശേഷിയില്ലാത്തവനാണെന്ന് അറിഞ്ഞിട്ടുണ്ടെങ്കില്‍ സ്ത്രീക്ക് കേസ് കൊടുക്കാന്‍ അവകാശമില്ല). വിവാഹശേഷം ഒരു പ്രാവശ്യമെങ്കിലും സംഭോഗത്തിലേര്‍പ്പെടാന്‍ സാധിക്കുകയും ശേഷം അയാളുടെ പൗരുഷം നഷ്ടപ്പെടുകയും ചെയ്താലും സ്ത്രീക്ക് പരാതിപ്പെടാന്‍ അവകാശമുണ്ടായിരിക്കുകയില്ല (ദറുല്‍ മുഖ്ത്താറില്‍ ഇങ്ങനെ കാണാം: ഒരു പ്രാവശ്യമെങ്കിലും സംഭോഗം നടന്ന ശേഷം പുരുഷന്റെ ലിംഗം ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ അയാളുടെ വിഷയാസക്തി നഷ്ടപ്പെടുകയോ ചെയ്താല്‍, സ്ത്രീക്ക് തന്റെ അവകാശം ഒരിക്കലെങ്കിലും ലഭിച്ചു എന്നതിന്റെ പേരില്‍ ദമ്പതികള്‍ക്കിടയില്‍ വേര്‍പിരിക്കാന്‍ പാടില്ല). വിവാഹം കഴിഞ്ഞയുടനെത്തന്നെ അയാള്‍ പൗരുഷമില്ലാത്തവനാണെന്ന് സ്ത്രീക്ക് ബോധ്യമാവുകയും എന്നിട്ടും അവള്‍ അയാളോടൊത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്താല്‍ അവള്‍ക്ക് എന്നന്നേക്കുമായി വിവാഹമോചനത്തിനുള്ള (ഫസ്ഖ്) അവകാശം നഷ്ടപ്പെട്ടു.
ഇത്തരം അവസ്ഥകളിലൊക്കെ സ്ത്രീക്ക് ഫസ്ഖിനുള്ള അവസരം നഷ്ടപ്പെടുന്നു. അപ്പോള്‍ സ്്ത്രീക്ക് അശക്തനായ ഈ ഭര്‍ത്താവില്‍നിന്ന് രക്ഷനേടാനുള്ള അവസാനത്തെ രക്ഷാമാര്‍ഗം ഖുല്‍അ് വാങ്ങുകയാണ്. പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവള്‍ ഭര്‍ത്താവില്‍നിന്ന് ഖുല്‍അ് ആവശ്യപ്പെട്ടാല്‍ മഹ്ര്‍ സംഖ്യയോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള സംഖ്യയോ ലഭിച്ചാല്‍ പോലും അവളെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല. അവള്‍ ന്യായാധിപന്റെ മുന്നില്‍ അഭയം തേടുകയാണെങ്കില്‍ അവരെ വേര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ അവളെ ത്വലാഖ് ചൊല്ലാന്‍ ന്യായാധിപന്‍ കല്‍പിക്കുന്നതിനെയോ ഭര്‍ത്താവ് നിരസിച്ചേക്കാം. അന്നേരം ആ പാവം സ്ത്രീയുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിച്ചുനോക്കുക. അപ്പോള്‍ അവളുടെ പരിണതി ഒന്നുകില്‍ ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ കന്യാസ്ത്രീകളെപ്പോലെ എല്ലാ വികാരങ്ങളും കടിച്ചമര്‍ത്തി ജീവിക്കുക. അതുമല്ലെങ്കില്‍ വിവാഹബന്ധം നിലനില്‍ക്കെ വ്യഭിചാരം ചെയ്യുക, അല്ലെങ്കില്‍ മതപരിത്യാഗം ചെയ്യുക ഇതേതെങ്കിലുമായിരിക്കും. ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീയെ പരീക്ഷണത്തിനു വിടുക ഇസ്്‌ലാമിക നിയമത്തിന്റെ താല്‍പര്യത്തിന് യോജിച്ചതാണോ? ഇത്തരം ദാമ്പത്യബന്ധം നിലനില്‍ക്കുന്നതുകൊണ്ട് ഇസ്്‌ലാമിക വൈവാഹിക ലക്ഷ്യം സാക്ഷാത്കരിക്കുമോ? അത്തരം ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും നിലനില്‍ക്കുമോ? പരസ്പരം ചേര്‍ന്നുകൊണ്ട് സമൂഹത്തിന് വല്ല ഉപകാരവും ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമോ? അവരുടെ ഗാര്‍ഹികാന്തരീക്ഷത്തില്‍ കാരുണ്യത്തിന്റെയും സൗഭാഗ്യത്തിന്റെയും മലക്കുകള്‍ വരുമെന്് പ്രതീക്ഷിക്കാമോ? ഇത്തരം ബന്ധത്തിന് വല്ല പവിത്രതയുമുണ്ടാവുമോ? വല്ല സദാചാര സംരക്ഷണവും ഉറപ്പുവരുമോ? ഇവക്കുള്ള മറുപടി നിഷേധാത്മകമാണെങ്കില്‍ ഈ നിരപരാധിയായ സ്ത്രീയുടെ നാശത്തിന് കാരണക്കാരാരാണ്? അവളെ തെറ്റു ചെയ്യാനും മതപരിത്യാഗം ചെയ്യാനും നിര്‍ബന്ധിതയാക്കിയതിന് ഉത്തരവാദിതകളാരാണ്? തീര്‍ച്ചയായും അല്ലാഹുവും റസൂലുമല്ല അതിന് കാരണക്കാര്‍. എന്തെന്നാല്‍ ഇസ്്‌ലാമിക നിയമത്തിലോ ശരീഅത്തിലോ ഇത്തരം യാതൊരു പാകപ്പിഴവുകള്‍ക്കും പഴുതുവെച്ചിട്ടില്ല.
(ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ദാമ്പത്യനിയമങ്ങള്‍ മുഹമ്മദന്‍ ലായിലും ശരീഅത്തിലും എന്ന കൃതിയില്‍നിന്ന്. വിവ: സി.കെ മുഹമ്മദ്).
Comments