പരിതഃസ്ഥിതി
നജാ ഹുസൈന്‍
ഒരു തൈ നട്ടപ്പോള്‍
നാളെയവളൊരു
തണല്‍ മരമാണെന്ന്,
മുത്തശ്ശന്‍.
പെണ്‍ തയ്യാണെന്നും
കായ്ക്കാനുള്ളതാണെന്നും
ഇടതടവില്ലാതെ
നനച്ചുകൊടുക്കണമെന്നു -
മോര്‍മപ്പെടുത്തി മുത്തശ്ശി.
പൂത്തു തുടങ്ങിയപ്പോള്‍
പൂമ്പാറ്റകളെയകറ്റാന്‍
പാറാവുകാരന്റെ
വേഷമണിഞ്ഞതഛന്‍.
ഗ്രീഷ്മത്തിലും
ശിശിരത്തിലും
ശൈത്യത്തിലും
ഇലകള്‍ കൊഴിയാതെ
കാത്തുസൂക്ഷിച്ചതമ്മ.
മണ്ണില്‍ വളക്കൂറ്
പോരാഞ്ഞിട്ടോ,
പരിതഃസ്ഥിതി
പരിതാപമായിട്ടോ
പറിച്ചുനട്ട്,
ബാധ്യതയൊഴിച്ചവര്‍.
നീരു തേടിയവള്‍
പുതുമണ്ണിലാഴ്ന്നിറങ്ങി.
തായ് തടിയുറപ്പിച്ചപ്പോള്‍
കാത്തുനില്‍ക്കാനില്ലെന്ന് കാലം.
കിട്ടുന്ന ഫലങ്ങളില്‍
കുറവു വന്നപ്പോള്‍
കിട്ടിയ വിലയ്ക്ക്
തടി വെട്ടി വില്‍ക്കാന്‍
മത്സരിക്കുകയാണവര്‍.
Comments