Prabodhanm Weekly

Pages

Search

2021 ജൂലൈ 09

3209

1442 ദുല്‍ഖഅദ് 28

ഒരു പാര്‍ട്ടിയുടെ അധോലോക കാഴ്ചകള്‍


രാഷ്ട്രീയക്കാരും കുറ്റവാളികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റി ജനം വളരെ ഉത്കണ്ഠാകുലരായിരുന്ന ഒരു കാലമുണ്ടായിരുന്നു. ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ക്രിമിനല്‍ സംഘങ്ങളുമായുള്ള രഹസ്യ ബന്ധങ്ങളാണ് അന്ന് ചര്‍ച്ചയായിരുന്നത്. ഇന്നത് ഒരു ചര്‍ച്ചാ വിഷയമേ അല്ല. അത്തരം വാര്‍ത്തകള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ ഒരു പരിഗണനയും ഇന്ന് നല്‍കുന്നില്ല. ഇതിന് പലതുണ്ട് കാരണങ്ങള്‍. അതിലൊന്ന്, രാഷ്ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള ബന്ധങ്ങള്‍ ഇപ്പോള്‍ വളരെ പരസ്യമാണ് എന്നതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആ ബന്ധങ്ങള്‍ എല്ലാ മറയും നീക്കി പുറത്തുവരും. ക്രിമിനലുകള്‍ തന്നെ ചിലപ്പോള്‍ രാഷ്ട്രീയക്കാരുടെ വേഷമെടുത്തണിയുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പാര്‍ലമെന്റിലും നിയമസഭകളിലും എത്തിപ്പെടുകയും അത്തരക്കാര്‍ക്ക് നിയമനിര്‍മാണ സഭകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നതിനാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അത്തരമാളുകള്‍ തന്നെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ഒക്കെയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. മൊത്തം രാഷ്ട്രസംവിധാനം തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വരുതിയിലേക്ക് വരുമ്പോള്‍ രാഷ്ട്രീയക്കാരും ക്രിമിനലുകളും തമ്മിലെന്ത് എന്ന ചര്‍ച്ചക്കു തന്നെ എന്ത് പ്രസക്തി! അങ്ങനെയൊരു നിസ്സംഗതയിലേക്ക് മാറിയിരിക്കുന്നു പൊതുജനങ്ങളുടെ മാനസികാവസ്ഥ. ക്രിമിനലുകള്‍ തന്നെ രാഷ്ട്രീയക്കാരായി മാറുന്ന ഈ പ്രവണതയെ 'കുത്തനെയുള്ള ഉദ്ഗ്രഥനം' (Vertical Integration) എന്നൊരു പരികല്‍പന വികസിപ്പിച്ചുകൊണ്ടാണ് മിലന്‍ വൈഷ്ണവ് തന്റെ When Crime Pays: Money and Muscle in Indian Politics എന്ന പുസ്തകത്തില്‍ വിശകലനം ചെയ്യുന്നത്. ഈ വിഷയത്തില്‍ വന്നിട്ടുള്ള ഏറ്റവും ആധികാരികമായ പഠനങ്ങളിലൊന്നാണിത്. സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പു കാലത്ത് തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ അറുപതിനായിരം സത്യവാങ്മൂലങ്ങളെങ്കിലും പരിശോധിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയ ക്രിമിനലിസത്തിന്റെ ആഴം ഗ്രന്ഥകാരന്‍ കാട്ടിത്തരുന്നത്.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ അതങ്ങ് ഉത്തരേന്ത്യയിലല്ലേ എന്ന തോന്നല്‍ മലയാളികള്‍ക്ക് പൊതുവെ ഉണ്ടാകാറുണ്ട്. കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയും ക്രിമിനലിസത്തില്‍നിന്ന് മുക്തമല്ലെങ്കിലും രാഷ്ട്രീയ ജീവിതത്തില്‍ ഒരു ശരാശരി സംശുദ്ധി ഉണ്ട് എന്ന് നാമൊക്കെയും കരുതിപ്പോന്നു. ആ ധാരണയെ അട്ടിമറിക്കുന്ന സംഭവങ്ങളാണ് കോഴിക്കോട് വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചുരുള്‍ നിവര്‍ന്നുകൊണ്ടിരിക്കുന്നത്. ചെറുമീനുകളേ ഇപ്പോള്‍ വലയിലായിട്ടുള്ളൂ.  അവ തന്നെ വല പൊട്ടിച്ച് പുറത്തു ചാടാനാണ് സാധ്യത. 'പൊട്ടിക്കല്‍' സംഘത്തിന്റെ കരുത്ത് വെച്ച് നോക്കുമ്പോള്‍ അതിനേ സാധ്യതയുള്ളൂ. കൊമ്പന്‍ സ്രാവുകളിലേക്കൊന്നും അന്വേഷണം എത്താനേ പോകുന്നില്ല. 'ഇടതുപക്ഷ' പ്രസ്ഥാനത്തിന്റെ അധോലോക കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കാമ്പയിന്‍ പ്രഹസനങ്ങള്‍ നടത്തി മറച്ചുപിടിക്കാവുന്ന ഒന്നല്ല ഇത്. പാര്‍ട്ടിക്ക് വേണ്ടി ക്വട്ടേഷന്‍ എടുക്കുന്ന സംഘത്തിന്റെ തലവന്‍ ജയിലില്‍ ജീവപര്യന്തം കിടന്നുകൊണ്ടാണ് സ്വര്‍ണ കള്ളക്കടത്തിനും കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്നതിനുമൊക്കെ നേതൃത്വം നല്‍കുന്നത് എന്നത് ഉത്തരേന്ത്യന്‍ അധോലോകത്തെപ്പോലും വെല്ലുന്നതാണ്. ഇതിനൊക്കെ ആരാണ് സൗകര്യം ചെയ്തുകൊടുക്കുന്നത്? പാര്‍ട്ടിയും അത് നയിക്കുന്ന ഭരണകൂടവുമല്ലേ? പിടിയിലായവരെ തള്ളിപ്പറഞ്ഞും പോഷക സംഘടനയില്‍നിന്ന് പുറത്താക്കിയും കേരളത്തിലെ സി.പി.എമ്മിന് കൈകഴുകാനാവില്ല. അവര്‍ ജനങ്ങളോട് മറുപടി പറഞ്ഞേ മതിയാകൂ.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (39-43)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീധന പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍
കെ.സി ജലീല്‍ പുളിക്കല്‍