Prabodhanm Weekly

Pages

Search

2021 ജൂലൈ 09

3209

1442 ദുല്‍ഖഅദ് 28

ചെമ്മങ്ങോട്ട് മൊയ്തീന്‍ കുട്ടി മുന്‍ഷി

മുഹമ്മദ് കുട്ടി ചേലേമ്പ്ര

ഹൃദ്യമായ പെരുമാറ്റം കൊണ്ട് പരിചയപ്പെട്ടവരുടെ ഹൃദയത്തില്‍ ഇടംകണ്ടെത്താന്‍ കഴിഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു ചേലേമ്പ്രയില്‍ നിര്യാതനായ ചെമ്മങ്ങോട്ട് മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ (71).  അറബിക് അധ്യാപകനായിരുന്ന അദ്ദേഹത്തെ മുന്‍ഷി എന്ന് ആദരപൂര്‍വം പ്രവര്‍ത്തകരും നാട്ടുകാരും വിളിച്ചു. ഫറോക്ക് കരുവന്‍തിരുത്തിയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം ഉല്‍പതിഷ്ണുവും മുജാഹിദ് പ്രവര്‍ത്തകനുമായിരുന്ന പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന് പ്രസ്ഥാന പാതയില്‍ എത്തിച്ചേരുകയായിരുന്നു. ഫറോക്ക്-ചാലിയം മേഖലയിലായിരുന്ന പ്രസ്ഥാന തട്ടകം പിന്നീട് മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ അവിടേക്ക് മാറ്റി. ഫറോക്കിലെ ആദ്യകാല നേതാക്കളായ പരേതരായ  മുഹമ്മദ് മാനുക്ക, പി.സി മൊയ്തീന്‍ സാഹിബ് എന്നിവരോടൊപ്പമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍ പ്രവര്‍ത്തകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നപ്പോള്‍ പരിചയപ്പെട്ട ഒട്ടുവളരെപ്പേരുമായുള്ള സുഹൃദ് ബന്ധം മരണം വരെയും അദ്ദേഹം നിലനിര്‍ത്തി.
ദൈവഭക്തി, സൗമ്യത, ലാളിത്യം എന്നിവ മുഖമുദ്രയാക്കി. സാമ്പത്തിക രംഗത്ത് അങ്ങേയറ്റത്തെ സൂക്ഷ്മത പുലര്‍ത്തി. പുതിയ തലമുറയോട് ഇണങ്ങിച്ചേര്‍ന്ന് അവരെ പിതൃതുല്യം ഓമനത്തത്തോടെ പേരെടുത്ത് വിളിക്കുന്നത് കേള്‍ക്കാന്‍ കൗതുകമായിരുന്നു. ദീനക്കിടക്കയിലുള്ളവരെ ചെന്നുകണ്ട് ആശ്വസിപ്പിക്കാന്‍ പലപ്പോഴും ഈയുള്ളവനെയും കൂട്ടും. ഇനി പോകാനുള്ള പ്രസ്ഥാന പ്രവര്‍ത്തകരുടെയും അല്ലാത്തവരുടേതുമായ പേരുകള്‍ ഇടക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. പ്രയാസപ്പെടുന്നവരാണെന്നു കണ്ടാല്‍ അടുത്ത ഹല്‍ഖാ യോഗത്തില്‍ അക്കാര്യം അജണ്ടയിലുള്‍പ്പെടുത്തി തന്റെ വിഹിതം ഒന്നാമതു നല്‍കി അവരെ സഹായിക്കാനും മറന്നില്ല. ജമാഅത്ത് -ജുമുഅ നമസ്‌കാരങ്ങള്‍ക്ക് നേരത്തേ പള്ളിയിലെത്തി വൈകി പിരിഞ്ഞുപോരുകയായിരുന്നു പതിവ്.
പറയത്തക്ക രോഗങ്ങളൊന്നുമില്ലാതിരുന്ന തന്നെ കീഴടക്കാനെത്തിയ മഹാമാരിയെ നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം നേരിട്ടു. ഒരാഴ്ചയിലേറെ ആശുപത്രിയിലായി പെട്ടെന്ന് രോഗം ഗതിമാറി വെന്റിലേറ്ററിലായപ്പോഴും ആ ചുണ്ടുകളില്‍ ദൈവസ്മരണ നിറഞ്ഞുനിന്നു. തന്റെ അവസാന നിശ്വാസത്തിലും പ്രാര്‍ഥനകള്‍ ഉരുവിട്ട് കൈകൊണ്ട്  അഭിവാദ്യമോതി മരണത്തിന്റെ തണുപ്പിലേക്ക് ഉപ്പ ഇറങ്ങിപ്പോയത് അരികെയുണ്ടായിരുന്ന മകന്‍ ഓര്‍ത്തെടുക്കുന്നു.
പരിമിതമായ സ്ഥലത്ത് കൊച്ചു വീട്, അതില്‍ വിവാഹിതരായ ആണ്‍മക്കളും മരുമക്കളും പേരമക്കളും അടങ്ങുന്ന വലിയ കുടുംബം. സംതൃപ്തമായിരുന്നു ആ ജീവിതം. ഭാര്യ: ഫാത്വിമ. മക്കള്‍: മന്‍സൂര്‍, മുഹമ്മദ് ശരീഫ്, ഉമ്മുസല്‍മ, സഹ്‌ലാബി, സൗദ. 


മന്തേടത്ത് ഫാത്വിമ

മലപ്പുറം ജില്ലയിലെ മങ്കട ഏരിയയിലെ കര്‍ക്കിടകം പ്രാദേശിക ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയായിരുന്ന മന്തേടത്ത് ഫാത്വിമ (58) കഴിഞ്ഞ ഏപ്രില്‍ 23-ന് അല്ലാഹുവിലേക്ക് യാത്രയായി. ചെറുപ്പം മുതലേ പിതാവ് ചേരിയം അബൂസാഹിബിന്റെ ശിക്ഷണത്തിലൂടെ പ്രസ്ഥാനത്തെ ഉള്‍ക്കൊള്ളുകയും വിവാഹശേഷവും ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുകയും ചെയ്തു. നാട്ടുകാരുടെയും അയല്‍വാസികളുടെയും സ്‌നേഹബഹുമാനങ്ങള്‍ പിടിച്ചുപറ്റിയ പെരുമാറ്റമായിരുന്നു ഫാത്വിമയുടെ വ്യക്തിത്വത്തിലെ പ്രധാന മാതൃക. ഭര്‍ത്താവ് പരേതനായ ചോയത്തല ഉമ്മറിനോടൊപ്പം പത്തു വര്‍ഷക്കാലം യു.എ.ഇയില്‍ പ്രവാസജീവിതം നയിച്ചപ്പോഴും പ്രസ്ഥാന പരിപാടികളില്‍ പങ്കെടുത്തിരുന്നു. മക്കളെയും മരുമക്കളെയും മുഴുവന്‍ ഇസ്‌ലാമിക ജീവിതത്തിലും പ്രസ്ഥാനനിരയിലും ചേര്‍ക്കാനും ഫാത്വിമക്ക് സാധിച്ചു. ശാന്തപുരം അല്‍ ജാമിഅ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൈസ് പ്രിന്‍സിപ്പലായ, രണ്ടാമത്തെ മകന്‍ അശ്‌റഫ് അലിയുടെ കൂടെ ശാന്തപുരം അല്‍ ജാമിഅ ക്വാട്ടേഴ്‌സിലായിരുന്നു മരണപ്പെടുമ്പോള്‍ താമസിച്ചിരുന്നത്. മങ്കട ചേരിയം ഐഡിയല്‍ ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കുന്നതിനു വേണ്ടി സ്വന്തം പേരിലുള്ള സ്ഥലം സൗജന്യമായി വിട്ടുകൊടുത്തത് ദീനീസേവനരംഗത്തെ ഫാത്വിമയുടെ ആത്മാര്‍ഥതക്ക് മികച്ച ഉദാഹരണമാണ്. മൂത്ത മകന്‍ ബാബു എന്ന അബ്ദു സമാന്‍ റിയാദിലാണ്. ത്വാഹിറ, സമീറ, ഷമീമ എന്നിവരാണ് പെണ്‍മക്കള്‍. തനിമ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ്, വി. അബ്ദുല്‍ ഹകീം (വള്ളിക്കാപ്പറ്റ), അബ്ദുല്‍ അഹദ് കോഡൂര്‍ (അധ്യാപകന്‍, അല്‍ അസ്ഹര്‍ ആലുവ), മുഹ്‌സിന (മങ്കട), ഷമീമ (ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍) എന്നിവര്‍ മരുമക്കള്‍. ജമാഅത്തെ ഇസ്‌ലാമി മുന്‍ ശൂറാ അംഗം ജമാലുദ്ദീന്‍ മങ്കടയുടെ മാതൃസഹോദരിയാണ് ഫാത്വിമ.

ഡോ. ജമീല്‍ അഹ്മദ്

ടി. അനീസ് ബാബു

കര്‍ത്തവ്യനിര്‍വഹണത്തിലും സൗഹൃദബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും സുന്ദര സ്മരണകള്‍ ബാക്കിവെച്ച് ശാന്തപുരത്തെ തോളൂര്‍ അനീസ് ബാബു (43) നാഥനിലേക്ക് യാത്രയായി. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ കാന്റീന്‍ ജീവനക്കാരനായിരുന്ന പരേതനായ തോളൂര്‍ അബ്ദുല്ലയുടെ മകനായ അനീസ് ബാബു ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പൂപ്പലത്ത് പ്രവര്‍ത്തിച്ചുവരുന്ന ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഓഫീസ് സ്റ്റാഫായി രണ്ട് ദശകത്തിലധികം സേവനമനുഷ്ഠിച്ചു. കര്‍മകുശലതയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും പ്രതീകമായിരുന്ന അനീസ്, ജീവനക്കാരന്‍ എന്നതിലുപരി രക്ഷിതാക്കളെയും പൊതുസമൂഹത്തെയും സ്‌കൂളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വര്‍ത്തിച്ചു. അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, സന്ദര്‍ശകര്‍ തുടങ്ങി സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്ലതുമാത്രം പറയാന്‍ കഴിയുന്ന ഉന്നതമായ ഗുണവിശേഷങ്ങളും പ്രവര്‍ത്തന ശൈലിയുമായിരുന്നു അനീസിന്റേത്. മദ്‌റസയില്‍നിന്നും ശാന്തപുരം കോളേജില്‍നിന്നും നേടിയെടുത്ത അറിവും പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ചെടുത്ത പരിചയ സമ്പന്നതയും ആദര്‍ശനിഷ്ഠയുള്ള കര്‍മയോഗിയാക്കി ആ യുവസുഹൃത്തിനെ മാറ്റി. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ പുലര്‍ത്തിയ കണിശതയും കൃത്യതയും അനീസിനെ ശ്രദ്ധേയനാക്കി. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്ഥാപനത്തിന്റെ ബാലന്‍സ് ഷീറ്റ് കൃത്യവും കുറ്റമറ്റതുമായിരുന്നു. കോഴിക്കോട് എസ്.ഐ.ഒ ഓഫീസിലും കുറേ നാള്‍ ജോലി ചെയ്തിരുന്നു.
എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം കഴിയുന്ന മനസ്സിന്റെ ഉടമയായ അനീസ് പരിചയപ്പെടുന്നവരുടെയെല്ലാം ഉറ്റ സുഹൃത്തായിരുന്നു. കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും കുടുംബബന്ധം ചേര്‍ക്കുന്ന കാര്യത്തില്‍ ഒട്ടും വീഴ്ച വരുത്തിയില്ല.
നാട്ടിലെ കുടിവെള്ള സംരംഭം, സകാത്ത് സംഭരണവും വിതരണവും തുടങ്ങിയവയിലെല്ലാം ശാഗഭാക്കായിരുന്നു. 
മാതാവ്: സുലൈഖ ആര്യാട്ടില്‍. ഭാര്യ: ഷാഹിദ (ഹോമിയോ ഫാര്‍മസിസ്റ്റ്). മക്കള്‍: അസീം അബ്ദുല്ല, അദ്‌ല ഫാത്വിമ, അസ്മിയ്യ.

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്

 

ഇ.പി ഹസൈനാര്‍ സാഹിബ് വട്ടയ്ക്കാട്ടുപടി

വട്ടയ്ക്കാട്ടുപടി പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന് നായകത്വം വഹിച്ചിരുന്ന ഇ.പി ഹസൈനാര്‍ സാഹിബ് കഴിഞ്ഞ മെയ് 31-ന് അല്ലാഹുവിലേക്ക് യാത്രയായി. ര് വര്‍ഷമായി അവശനായിരുന്ന അദ്ദേഹം രോഗശയ്യയിലായിരുന്നു. സാത്വികനായ പിതാവില്‍നിന്ന് ചെറുപ്രായത്തില്‍ തന്നെ ലഭിച്ച ദീനീവിദ്യാഭ്യാസം ഇസ്‌ലാമിക പ്രസ്ഥാനത്തെ അടുത്തറിയാന്‍ നിമിത്തമായി. യുവാവായിരിക്കെ സമീപപ്രദേശമായ പൂപ്പാനിയില്‍ അദ്ദേഹം തന്റെ ഉപജീവന മാര്‍ഗമായി തെരഞ്ഞെടുത്ത കച്ചവടം വഴി സഹോദരസമുദായങ്ങളിലെ നിരവധിയാളുകളുമായി സൗ
ഹൃദം ഉാക്കാനും അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും സാധിക്കുകയുായി. പത്ത് മുസ്‌ലിം വീടുകള്‍ മാത്രമുണ്ടായിരുന്ന പൂപ്പാനി പ്രദേശത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അല്ലാഹുവിന്റെ ഭവനം നിര്‍മിക്കാനും കഴിഞ്ഞു. ഏതാണ്ട് 45 വര്‍ഷത്തെ പൂപ്പാനി ജീവിതം അവസാനിപ്പിച്ച് സ്വദേശമായ വട്ടയ്ക്കാട്ടുപടിയില്‍ തിരിച്ചെത്തിയ അദ്ദേഹം അവിടത്തെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൂന്ന് പതിറ്റാണ്ടോളം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് വട്ടയ്ക്കാട്ടുപടിയില്‍ ചുക്കാന്‍ പിടിച്ചു. കിടപ്പിലാവുന്നതിന്റെ ഏതാനും നാളുകള്‍ക്കു മുമ്പ്, കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹല്‍ഖാ ഓഫീസിലേക്ക് തനിക്കിനി കയറിവരാന്‍ കഴിയില്ല എന്നു പറഞ്ഞ് സങ്കടപ്പെടുകയുായി. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്നു. പൂപ്പാനി കാനാംപുറം കുടുംബാംഗം നഫീസയാണ് ഭാര്യ. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ യഹ്‌യ ഉള്‍പ്പെടെ ര് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമു്.

അലി മരക്കാര്‍

സി. മൊയ്തീന്‍ ബാവ

നാട്ടുകാരേയും ബന്ധുക്കളേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയായിരുന്നു മലപ്പുറം ജില്ലയിലെ താനാളൂര്‍ സ്വദേശി സി. മൊയ്തീന്‍ ബാവ സാഹിബിന്റെ വേര്‍പാട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ സഹയാത്രികനും വെല്‍ഫെയര്‍ പാര്‍ട്ടി താനൂര്‍ മണ്ഡലം പ്രഥമ ട്രഷററും താനാളൂര്‍ മസ്ജിദുല്‍ ഹുദ പ്രസിഡന്റുമായിരുന്നു. താനൂര്‍, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചു കൊണ്ട് ഹസ്തം എന്ന പേരില്‍ ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റ് തന്നെ അദ്ദേഹം രൂപീകരിച്ചു. സ്വന്തം കുടുംബത്തില്‍ നിന്നാണ് ആദ്യം ഇതിലേക്കാവശ്യമായ ധനസമാഹരണം നടത്തിയത്. പഞ്ചായത്തിലെ ഡയാലിസിസ് സെന്റര്‍ പോലുള്ള പൊതു ജീവകാരുണ്യ സംവിധാനങ്ങള്‍ക്ക് അദ്ദേഹം വലിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കി. നാട്ടില്‍ ഇരുന്നൂറോളം രോഗികളെ ഓരോ മാസവും പരിചരിക്കുന്ന പാലിയേറ്റീവ് യൂനിറ്റിന് ഒരു ആംബുലന്‍സ് തന്നെ അദ്ദേഹം സംഭാവന നല്‍കി. അന്‍പതിലേറെ പേര്‍ പഠിതാക്കളായുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്ററിന് സൗജന്യമായി തന്റെ ഓഡിറ്റോറിയം വിട്ടു നല്‍കി. ജനങ്ങളുടെ പ്രശ്നങ്ങള്‍ അന്വേഷിച്ചറിഞ്ഞും പരിഹരിച്ചും സമൂഹത്തില്‍ നിറഞ്ഞു നിന്നു. കുടുംബസമേതം ഖുര്‍ആന്‍ പഠിക്കുകയും അഞ്ച് പെണ്‍മക്കളില്‍ ഒരാളെ ഹാഫിളയാക്കുകയും ചെയ്തു.
അറുപതാം വയസ്സിലും പൂര്‍ണ ആരോഗ്യവാനായി സമൂഹത്തില്‍ നിറഞ്ഞ് നിന്ന സമയത്താണ് അദ്ദേഹം അല്ലാഹു അദ്ദേഹത്തെ തിരിച്ച് വിളിച്ചത്.

സാജിദ് എടക്കര

എം.എ സിദ്ദീഖ്

കാഞ്ഞിരപ്പള്ളി പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകന്‍ എം.എ സിദ്ദീഖ് 2021 മെയ് 13-ന് (ചെറിയ പെരുന്നാള്‍ ദിവസം) നമ്മെ വിട്ടുപിരിഞ്ഞു. പ്രബോധനം വായനയിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തെ അറിയുകയും പ്രസ്ഥാന ഘടനയിലേക്കു കടന്നുവരികയും ചെയ്ത അദ്ദേഹം പ്രവര്‍ത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. സത്യസന്ധത, സമര്‍പ്പണം, ഉത്തരവാദിത്തനിര്‍വഹണത്തിലെ കൃത്യത തുടങ്ങിയ ഗുണങ്ങള്‍ ഒത്തിണങ്ങിയ വ്യക്തിത്വത്തെയാണ് അദ്ദേഹത്തിന്റെ വേര്‍പാടു മൂലം നഷ്ടമായത്. തന്റെ സഹധര്‍മിണിയുടെ മരണശേഷം അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനമേഖലയായിരുന്നു കാഞ്ഞിരപ്പള്ളി ദയ പാലിയേറ്റീവ് സൊസൈറ്റി. അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഹൃദയസംബന്ധമായ രോഗം മൂലം ചികിത്സയിലിരിക്കുമ്പോഴും സുസ്‌മേരവദനനായി ഹോം കെയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനരംഗങ്ങളിലും സജീവമായിരുന്നു. നാലു പെണ്‍ക്കളുടെയും വിവാഹം കഴിഞ്ഞ ശേഷമാണ് അദ്ദേഹം യാത്രയായത്.

അബ്ദുല്‍ ജലീല്‍

കിളിയന്‍തൊടി മൊയ്തു

എടവണ്ണപ്പാറ പരിസരവാസിയായിരുന്ന കിളിയന്‍തൊടി മൊയ്തു (76) നാഥനിലേക്ക് യാത്രയായി. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരുന്ന മൊയ്തു സാഹിബിന്റെ നിര്യാണത്തോടെ പ്രസ്ഥാന വീഥിയിലെ ആത്മാര്‍ഥതയുള്ള നിശ്ശബ്ദ സേവകനെയാണ് നഷ്ടമായിരിക്കുന്നത്. വിനയവും സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മക്കളെ പ്രസ്ഥാന പ്രവര്‍ത്തകരാക്കി മാറ്റാന്‍ കഴിയാതെ പോയതില്‍ പ്രയാസപ്പെട്ടിരുന്നുവെങ്കിലും ദീനീപാതയില്‍ ഉറപ്പിച്ചു നിര്‍ത്താനായതില്‍ ആശ്വാസം കണ്ടെത്തിയിരുന്നു.
തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളില്‍ പക്ഷം ചേരാതെ ഉറച്ചുനിന്നു. കടബാധ്യത വരുത്താതെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തി. പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഭാര്യ ഖദീജ സദാ താങ്ങായി വര്‍ത്തിച്ചു. പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളില്‍ ഇരുവരും ഭാഗഭാക്കായി. സഹധര്‍മിണിയോടും മക്കളോടും സ്‌നേഹപൂര്‍വം പെരുമാറിയ മൊയ്തു നല്ലൊരു കുടുംബനാഥന്‍ തന്നെയായിരുന്നു.
പരേതന്റെ എല്ലാ മക്കളും എന്റെ ശിഷ്യരാണ്. കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ കൂട്ടുകാരായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: സുബൈര്‍, നിസാര്‍, അനീസ് (എല്ലാവരും ജിദ്ദ). സറീന. മരുമക്കള്‍: ഉസാമത്ത് (മാധ്യമം), ജാസി, നസ്‌റി, നാഫില.

റഹ്മാന്‍ മധുരക്കുഴി

എം. മുനവര്‍ പാഷ മൈസൂര്‍

മര്‍ഹൂം ടി. ഹസന്‍ മാസ്റ്ററുടെ പ്രാസ്ഥാനിക യാത്രകളില്‍ അദ്ദേഹത്തിന് ധൈര്യവും സ്ഥൈര്യവും നല്‍കി ഒപ്പമുായിരുന്ന പ്രിയ ഭാര്യ ഫാത്വിമ കഴിഞ്ഞ മെയ് 20-ന് അല്ലാഹുവിലേക്ക് യാത്രയായി. മൂത്ത പെണ്‍കുട്ടി കുഞ്ഞിപ്പാത്തുമ്മയുടെ വിവാഹം ഇസ്സുദ്ദീന്‍ മൗലവിയുടെ മകന്‍ അബ്ദുര്‍റശീദുമായി നടക്കുന്ന സന്ദര്‍ഭത്തില്‍ നികാഹ് ഖുത്വ്ബ മലയാളത്തില്‍ നടത്താന്‍ കെ.പി.കെ അഹ്മദ് മൗലവി എഴുന്നേറ്റു നിന്നപ്പോള്‍ കല്യാണത്തിന് വന്ന മഹല്ല് ഭാരവാഹികളും കാരണവന്മാരും ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. അടുത്ത ദിവസം മക്കളെ മദ്‌റസയില്‍നിന്നും പുറത്താക്കി. യാഥാസ്ഥിതിക കുടുംബത്തില്‍നിന്നും വന്നവരായിട്ടും തന്റെ പ്രിയതമന്റെ കൂടെ ഉറച്ചു നിന്നു അവര്‍.
അങ്ങനെയാണ് പറപ്പൂര്‍ മസ്ജിദുസ്സലാമിന്റെ തുടക്കം. സ്ത്രീകള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ള പള്ളിയില്‍ തുടക്കം മുതലേ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഖുര്‍ആന്‍ ക്ലാസുകളിലും വാരാന്ത യോഗങ്ങളിലും അവര്‍ മുന്‍നിര സാന്നിധ്യമായി. പിന്നീട് അവിടെ പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജ് ഉയര്‍ന്നു വന്നപ്പോള്‍ സ്ഥാപനത്തിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും തന്റെ മക്കളെ പോലെ സ്‌നേഹിച്ചു; അവര്‍ക്കൊക്കെയും ഉമ്മയായി. പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ നാളുകളില്‍ പ്രസ്ഥാന നായകര്‍ക്ക് അവര്‍ സല്‍ക്കാരമൊരുക്കി. പ്രസ്ഥാനത്തിന്റെ യോഗങ്ങളില്‍ മുന്‍നിരയില്‍ അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഏതു സംരംഭങ്ങള്‍ക്കും അവരുടെ സംഭാവനയുാവും.
തന്റെ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും ചേര്‍ത്തു നിര്‍ത്തി. അവരൊക്കെയും പ്രസ്ഥാനപ്രവര്‍ത്തകരായി വളര്‍ന്നു. ശരീരം വഴങ്ങുന്ന കാലമൊക്കെയും ഇബാദത്തുകളില്‍ മുഴുകി. ശരീരം മനസ്സിന്റെ കൂടെ സഞ്ചരിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ മരണത്തെ കിനാവ് കാണാന്‍ തുടങ്ങി. ഭര്‍ത്താവിന്റെയും മകളുടെയും പേരക്കുട്ടികളുടെയും മരുമകന്റെയും സഹോദരിയുടെയുമൊക്കെ വേര്‍പാടുകള്‍ അവരെ കൂടുതല്‍ തളര്‍ത്തി. അവരിലേക്ക് എത്താന്‍ കൊതിച്ചു. 
95-ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ നല്ലത് മാത്രമേ അവരെക്കുറിച്ച് എല്ലാവര്‍ക്കും പറയാനുായിരുന്നുള്ളൂ.
മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുസ്സലാം, അബ് ദുല്‍ മജീദ്, അബ്ദുര്‍റഹ്മാന്‍, റുഖിയ്യ, ഉമ്മുകുത്സു, കുഞ്ഞിപാത്തുമ്മ.


എന്‍.കെ അബ്ദുല്‍ അസീസ്

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (39-43)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീധന പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍
കെ.സി ജലീല്‍ പുളിക്കല്‍