Prabodhanm Weekly

Pages

Search

2021 ജൂലൈ 09

3209

1442 ദുല്‍ഖഅദ് 28

പുഞ്ചിരി എന്ന മാസ്മരിക വിസ്മയം

ഇ.എം ഹസൈനാര്‍, കോതമംഗലം

'Smile is the beauty of the soul' ( Laila Gifty Akita).  ആത്മാവിന്റെ സൗന്ദര്യമാണ് പുഞ്ചിരി. ദൈവം മറ്റു ജീവികള്‍ക്ക് നല്‍കാതെ മനുഷ്യര്‍ക്ക് മാത്രം കനിഞ്ഞേകിയ  സമ്മാനം. മുറിവുകളുണക്കാനുള്ള ദിവ്യാമൃതം, സൗഹൃദങ്ങള്‍ പൂത്തുലയാനുള്ള സിദ്ധൗഷധം. ഹൃദ്യമായ  പുഞ്ചിരിയില്‍ അലിയാത്തവരാരുണ്ട്! പല മഞ്ഞുരുക്കങ്ങളുടെയും തുടക്കം ഒരു ചെറു പുഞ്ചിരിയാവും. കൊടുക്കുന്നവനും കിട്ടുന്നവനും ഒരുപോലെ കുളിര്‍മയേകുന്ന  ഈ 'സ്വദഖ'യെ പക്ഷേ പലരും വേണ്ടവിധം വിലമതിക്കാറില്ല. 
നബി (സ) അരുളി: 'എല്ലാ നന്മകളും സ്വദഖയാണ്, സുസ്‌മേരവദനനായി നിന്റെ സഹോദരനെ നീ എതിരേല്‍ക്കുന്നതു പോലും.' ചുറ്റുമുള്ളവരിലെല്ലാം പോസിറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കുകയാണ് ഒരു പുഞ്ചിരി. ചിരി എന്നത് ദൈവികമാണ്. അവനാണ് ചിരിപ്പിച്ചതും കരയിപ്പിച്ചതുമെന്ന് അല്ലാഹു  ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടല്ലോ (53:43). ചിരിയെ പുഞ്ചിരിയോട് ചേര്‍ത്തും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതായി കാണാം. ഉറുമ്പുകളുടെ സംസാരം കേട്ട് പുഞ്ചിരി തൂകിയ സുലൈമാന്‍ നബിയെ പറ്റി 'ഫ തബസ്സമ ദാഹികന്‍ മിന്‍ ഖൗലിഹാ' എന്നാണല്ലോ പറയുന്നത്.
ചിരി ആയുര്‍ദൈര്‍ഘ്യം  കൂട്ടുമെന്ന്  ശാസ്ത്രം അവകാശപ്പെടുന്നു. ലോകത്തിലെ പ്രധാനപ്പെട്ട  അഞ്ചു  ബ്ലൂ സോണുകളെ (നൂറും അതിലധികവും വര്‍ഷം ആരോഗ്യകരവും സന്തുഷ്ടവുമായ  ജീവിതം നയിക്കുന്ന ആളുകള്‍ അധികമായി കാണപ്പെടുന്ന  പ്രദേശങ്ങള്‍) കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട  അനേകം വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. ജപ്പാനിലെ ഒകിനാവൊ എന്ന ബ്ലൂ സോണിലെ ജനങ്ങള്‍  ആരോടും പരിഭവമോ വിദ്വേഷമോ ഇല്ലാതെ മന്ദസ്മിതരായി മിതമായ ആഹാരശീലങ്ങള്‍ പാലിച്ച് ജീവിക്കുന്നവരത്രെ. 
ധാരാളമായി മാംസം കഴിക്കുന്ന പെന്‍സില്‍വാനിയയിലെ റൊസെറ്റോ ഗ്രാമീണര്‍ നൂറും അതിലധികവും വര്‍ഷം ജീവിക്കുന്നവരാണ്. അവര്‍ക്ക് ഹൃദ്രോഗമോ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളോ കുറവാണ്.  അവരെ സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സംഘം അവരുടെ ദീര്‍ഘായുസ്സിന്റെ കാരണമായി പറയുന്നത്, അവര്‍  തീരെ മാനസിക പിരിമുറുക്കം ഇല്ലാത്ത ജനതയാണെന്നാണ്.  ചിരി മുഖത്ത്  സദാ മായാതെ കൊണ്ടുനടക്കുന്നുവെന്നതാണ് അവരുടെ മറ്റൊരു പ്രത്യേകത.
പുഞ്ചിരി മാനസിക സംഘര്‍ഷം കുറക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നതോടൊപ്പം ശരീരപേശികള്‍ക്കു വേണ്ടി എന്‍ഡോര്‍ഫിനുകള്‍ (Endorphins) ഉല്‍പാദിപ്പിക്കുന്നു;  മാനസിക സമ്മര്‍ദം കൂട്ടുന്ന കോര്‍ട്ടിസോളിന്റെ (Cortisol) അളവ് കുറക്കുകയും ചെയ്യുന്നു. മുഖത്ത് ചുളിവ് വരാതിരിക്കാനുള്ള വിദ്യ കൂടിയാണിത്. സ്‌മൈല്‍ തെറാപ്പി, സ്‌മൈല്‍ വര്‍ക്ക്‌ഷോപ്പ് എന്നിവ സര്‍വ സാധാരണമാണല്ലോ ഇന്ന്. 
'Peace begins with a smile' എന്ന് പറയാറുണ്ട്. പുഞ്ചിരി സൗമ്യതയുള്ള ഒരായുധമാണ്. ഒന്ന്  പുഞ്ചിരിക്കാന്‍ മനസ്സു വെച്ചിരുന്നെങ്കില്‍ പല സംഘര്‍ഷങ്ങളും യുദ്ധങ്ങളൂം ഒഴിവാകുമായിരുന്നു.  ഊഷ്മളമായ ഒരു പുഞ്ചിരിയില്‍ ഏതു വഴക്കും പിണക്കവും അലിഞ്ഞില്ലാതാവും. നബി തിരുമേനി എല്ലായ്‌പ്പോഴും പ്രസന്നവദനനായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്.  ഖൈസുബ്‌നു നദീര്‍ പറയുന്നു: 'എന്റെ ഇസ്‌ലാമാശ്ലേഷത്തിനു ശേഷം പുഞ്ചിരിക്കുന്ന പ്രവാചകനെയല്ലാതെ ഞാന്‍  കണ്ടിട്ടില്ല.' അബ്ദുല്ലാഹിബ്‌നു ഹാരിസ് പറയുന്നു: 'നബി തരുമേനിയേക്കാള്‍ പുഞ്ചിരി തൂകുന്ന ഒരാളെയും ഞാന്‍  കണ്ടിട്ടില്ല.' 
സ്വഹീഹുല്‍ ബുഖാരി എന്ന മഹദ് ഗ്രന്ഥത്തില്‍ 'ബാബുത്തബസ്സുമി വദ്ദഹ്ക്'  (പുഞ്ചിരി, ചിരി എന്നിവയെ സംബന്ധിക്കുന്ന) എന്ന ഒരധ്യായം തന്നെയുണ്ട്. നബി തിരുമേനി പല സന്ദര്‍ഭങ്ങളിലായി പുഞ്ചിരിച്ചതും ചിരിച്ചതും അതില്‍ എടുത്ത്  ചേര്‍ത്തിട്ടുണ്ട്. അതില്‍നിന്നു തന്നെ എത്രത്തോളം പ്രാധാന്യത്തോടെയാണ് മുന്‍കാല മഹത്തുക്കള്‍ ഈ വിഷയത്തെ സമീപിച്ചിരുന്നതെന്ന് വ്യക്തം.
പ്രവാചകപുത്രി ഫാത്വിമ പറഞ്ഞു: 'നബി എന്നെ സന്തോഷിപ്പിച്ചു, അഥവാ ചിരിപ്പിച്ചു;  അപ്പോള്‍ ഞാന്‍  ചിരിച്ചു.' ഒരു ചെറുപുഞ്ചിരി മറ്റുള്ളവര്‍ക്ക് സമ്മാനിക്കുമ്പോള്‍ തന്റെ ഹൃദയത്തില്‍ നിത്യനിര്‍മല പൗര്‍ണമി ഉദിക്കുകയാണെന്ന് കവി പറയുന്നു. 
ഒരു കണ്ണീര്‍കണം ഞാന്‍ മറ്റുള്ളവര്‍ക്കായി  പൊഴിക്കവെ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി  ഞാന്‍  മറ്റുള്ളവര്‍ക്കായി ചെലവാക്കവെ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി
(അക്കിത്തം)
നാം പുഞ്ചിരിയില്‍  പിശുക്കു  കാണിക്കുന്നവരാണോ?  ഒരു ചിരി സമ്മാനിക്കാന്‍ ദുരഭിമാനം സമ്മതിക്കാത്തവരാണോ നാം?  അപരിചിതര്‍, സഹയാത്രികര്‍,  റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘ കാത്തിരിപ്പിനിടയില്‍ കണ്ടുമുട്ടുന്നവര്‍ എന്നിവരിലേക്ക് ഒറ്റ പുഞ്ചിരി കൊണ്ട് എളുപ്പം കടന്നു ചെല്ലാനും സൗഹൃദം സ്ഥാപിക്കാനും സാധിക്കും. വിരസത അകറ്റാനും ഉപകരിക്കും.
A smile costs nothing but it creates much എന്നത്  സര്‍വാംഗീകൃത തത്ത്വമാണ്.  അതിനാല്‍  നാം  ഒരോരുത്തരും ആകര്‍ഷകമായ ഈ വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ സമൂഹത്തില്‍  വലിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അതോടൊപ്പം സ്വന്തം പിരിമുറുക്കവും  രക്തസമ്മര്‍ദവും കുറക്കാനും  രോഗപ്രതിരോധശേഷി കൂട്ടാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അത് സഹായകമാവുകയും ചെയ്യും.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (39-43)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീധന പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍
കെ.സി ജലീല്‍ പുളിക്കല്‍