ദല്‍ഹിയിലെ 'മതംമാറ്റ റാക്കറ്റ്' വസ്തുതയെന്ത്?
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ടി.വി ചാനലുകള്‍ അവയുടെ പ്രധാന വാര്‍ത്താ സമയങ്ങളില്‍ ഉത്തര്‍പ്രദേശ് പോലീസ് ദല്‍ഹിയിലെ ഒരു 'മതംമാറ്റ റാക്കറ്റ്' തകര്‍ത്തതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഈ റാക്കറ്റിന്റെ കണ്ണികള്‍ ഇന്ത്യയൊട്ടുക്കും പടര്‍ന്നു നില്‍ക്കുകയാണെന്നും ചാനലുകള്‍ നമ്മെ അറിയിച്ചു. പാക് ചാര ഏജന്‍സിയായ ഐ.എസ്.ഐ ആണ് ഇതിനൊക്കെ ഫണ്ട് നല്‍കുന്നതെന്ന് കലിപൂണ്ട ആങ്കര്‍മാര്‍ നമ്മോട് പറഞ്ഞുകൊണ്ടിരുന്നു.
ഈ പറയപ്പെട്ട 'റാക്കറ്റി'ല്‍ ഉള്‍പ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യധാരാ മാധ്യമങ്ങള്‍ അവകാശപ്പെട്ടത് ആയിരത്തിലധികം പേര്‍ ഈ റാക്കറ്റിന്റെ ഇരകളായിട്ടുണ്ടെന്നാണ്. നോയ്ഡയിലെ അന്ധവിദ്യാലയത്തില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് മതംമാറ്റി എന്ന് ആ കുട്ടികളുടെ കുടുംബങ്ങള്‍ ആരോപിച്ചത് മാത്രമാണ് ഇതുവരെയുണ്ടായ പ്രതികരണം.
എന്താണീ 'മതപരിവര്‍ത്തന റാക്കറ്റ്?' അത് നടത്തി എന്ന് ആരോപിക്കപ്പെട്ട, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ആരൊക്കെ? എന്താണ് അവരില്‍ ആരോപിക്കപ്പെട്ട കുറ്റം? ടി.വി സ്‌ക്രീനില്‍ തെളിയുന്ന ഈ നരേറ്റീവുകള്‍ക്കു പിന്നില്‍ വല്ല സത്യവുമുണ്ടോ?
ന്യൂസ് ലോണ്‍ട്രി പത്രം ഒരു അന്വേഷണം നടത്തുകയുണ്ടായി. ദല്‍ഹിയിലെ ബട്‌ല ഹൗസിലുള്ള ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ താമസിക്കുന്ന ഒരാളുടെ നാമഫലകത്തില്‍ എഴുതിവെച്ചത് ഇങ്ങനെ: 'മുഹമ്മദ് ഉമര്‍ ഗൗതം, ചെയര്‍മാന്‍ ഐ.ഡി.സി.'
ഈ ഉമറാണ് 'മതംമാറ്റ റാക്കറ്റി'ന്റെ തലവന്‍ എന്നാണ് യു.പി പോലീസ് ഭീകരവിരുദ്ധ സ്‌ക്വാഡ് ആരോപിക്കുന്നത്. മുഫ്തി ഖാസി ജഹാംഗീര്‍ ഖാസിമി എന്നയാള്‍ക്കൊപ്പം ഉമറിനെ യു.പി പോലീസ് ജൂണ്‍ 20-ന് അറസ്റ്റ് ചെയ്തു. ഇസ്‌ലാമിക് ദഅ്‌വാ സെന്റര്‍ എന്ന ഐ.ഡി.സിയില്‍ ജീവനക്കാരനാണ് ജഹാംഗീര്‍.
ഫ്‌ളാറ്റില്‍ ചെന്ന് ബെല്ലടിച്ചപ്പോള്‍ ഒരു സ്ത്രീ അകത്തുനിന്ന് വന്നു പറഞ്ഞു: 'ഞങ്ങള്‍ക്ക് മീഡിയയോട് സംസാരിക്കാന്‍ താല്‍പര്യമില്ല. നിങ്ങള്‍ സത്യം തുറന്നു പറയുന്നില്ലല്ലോ.' ആ സ്ത്രീയാണ് ഉമറിന്റെ ഭാര്യ. പേര്, റസിയ. അമ്പത്തിയൊന്ന് വയസ്സ്. അവര്‍ക്ക് പറയാനുള്ളത് പറയിക്കാന്‍ കുറച്ച് മിനക്കെടേണ്ടിവന്നു.
ശ്യം പ്രതാപില്‍നിന്ന്
ഉമര്‍ ഗൗതമിലേക്ക്
റസിയയും ഉമറും വിവാഹിതരായിട്ട് മുപ്പതിലേറെ വര്‍ഷം കഴിഞ്ഞു. യു.പിയിലെ ഫത്തേപൂര്‍ ജില്ലയില്‍നിന്നുള്ള രജ്പുത് കുടുംബാംഗങ്ങളാണ് രണ്ടു പേരും. 'എന്റെ ഭര്‍ത്താവ് ഹനുമാന്‍ ഭക്തനായിരുന്നു. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും അദ്ദേഹം അമ്പലത്തില്‍ പോകും.' 1980-കളുടെ ആദ്യത്തില്‍ തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാനുണ്ടായ സാഹചര്യം വിവരിക്കുകയായിരുന്നു റസിയ. ''ഞങ്ങള്‍ വലിയ ഭക്തരായിരുന്നു. എത്രത്തോളമെന്നാല്‍ ചിലപ്പോള്‍ എന്നെ ആളുകള്‍ പൂജിത (ഭക്ത) എന്ന് വിളിക്കാറുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഹിന്ദു കുടുംബങ്ങളുടെ മതാചാരമനുസരിച്ച് ഞങ്ങള്‍ 'മാഗി സ്‌നാന'ത്തിനും പോകുമായിരുന്നു. ഗംഗയില്‍ മുങ്ങുക പോലുള്ള കര്‍മങ്ങള്‍ ഉള്‍പ്പെടുന്ന മുപ്പത് ദിന മതാചാരണമാണ് മാഗിസ്‌നാനം. കൗമാരത്തിലാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്.''
വര്‍ഷം 1984. ഉമര്‍ അന്ന് ശ്യാം പ്രതാപ് ഗൗതം ആണ്. ഇപ്പോള്‍ ഉത്തരാഖണ്ഡിലുള്ള ഗോവിന്ദ് വല്ലഭ് പാന്ത് യൂനിവേഴ്‌സിറ്റിയില്‍ ബി.എസ്.സിക്ക് പഠിക്കുന്നു. അയാളുടെ റൂംമേറ്റുകളില്‍ ഒരാള്‍ മുസ്‌ലിമായിരുന്നു, പേര് നാസിര്‍ ഖാന്‍. 'നാസിര്‍ എന്റെ ഭര്‍ത്താവിനെ എല്ലാ ആഴ്ചയും തന്റെ സൈക്കിളില്‍ ക്ഷേത്രത്തില്‍ കൊണ്ടു ചെന്നാക്കും.' റസിയ പറയുന്നു. 'ഒരു ദിവസം ശ്യാം ഈ നാസറിനോട് ചോദിച്ചു, എന്നെ ഇങ്ങനെ എല്ലാ ആഴ്ചയും പതിവ് തെറ്റിക്കാതെ ക്ഷേത്രത്തില്‍ കൊണ്ടുവിടുന്നത് എന്തിനാണ്?' അപ്പോള്‍ നാസിര്‍ പറഞ്ഞു; 'ഞാന്‍ ബാധ്യതപ്പെട്ടവരോട് ഇങ്ങനെ ചെയ്യണമെന്നാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത്. ഈ സംഭവമാണ് ശ്യാമിന്റെ ജീവിതഗതി തിരിച്ചുവിട്ടത്.'
എന്റെ 'ഹുഖൂഖി'ല്‍ വരുന്നവരോട് എന്ന് നാസിര്‍ പറഞ്ഞത്, തന്റെ സാമൂഹിക വൃത്തത്തിലുള്ളവരെ കുറിച്ചാണ്. അവരോട് ബാധ്യതകളുണ്ടെന്നാണ് തന്റെ മതം പഠിപ്പിക്കുന്നതെന്നും പറഞ്ഞു. ഒരു മാസക്കാലം ശ്യാം ബൈബിളും ഗീതയും ഖുര്‍ആനും വായിച്ചു, പിന്നെ ഇസ്‌ലാം ആശ്ലേഷിച്ചു, മുഹമ്മദ് ഉമര്‍ ഗൗതം എന്ന പേര് സ്വീകരിച്ചു. മതംമാറ്റത്തില്‍ അസ്വാഭാവികതയൊന്നുമുണ്ടായിരുന്നില്ല. കാരണം ഫത്തേപൂരിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും രജ്പുത് കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാറുണ്ട്.
തൊണ്ണൂറുകളിലെപ്പോഴോ ഉമറും റസിയയും ദല്‍ഹിയിലേക്ക് പോന്നു. ഒരു പതിറ്റാണ്ടുകാലം, അതായത് 1995 മുതല്‍ 2007 വരെ ഉമര്‍ അസമിലെ എ.ഐ.യു.ഡി.എഫ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ ബദ്‌റുദ്ദീന്‍ അജ്മല്‍ നടത്തുന്ന അജ്മല്‍ ആന്റ് സണ്‍സ് കമ്പനിയില്‍ ജോലിക്കാരനായി. ആ കമ്പനി നടത്തുന്ന സ്‌കൂളുകളുടെ മേല്‍നോട്ടവും ഉമര്‍ നിര്‍വഹിച്ചിരുന്നു.
2008-ലാണ് ഉമര്‍ ഇസ്‌ലാമിക് ദഅ്‌വാ സെന്റര്‍ സ്ഥാപിക്കുന്നത്. അതൊരു ജീവകാരുണ്യ കൂട്ടായ്മയാണ്. ഐ.ഡി.സി ലോക്ക് ഡൗണ്‍ കാലത്ത് പാവപ്പെട്ടവര്‍ക്ക് പുതപ്പും ഭക്ഷണവുമെല്ലാം നല്‍കിയിരുന്നു- റസിയ പറഞ്ഞു.
യു.പി പോലീസ് ആരോപിക്കുന്ന 'മതംമാറ്റ റാക്കറ്റി'നെ പറ്റി ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: ''ഇസ്‌ലാം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ആരെങ്കിലും എന്റെ ഭര്‍ത്താവിനെ സമീപിച്ചാല്‍ അതിന് വേണ്ട നിയമാനുസൃത രേഖകള്‍ ശരിപ്പെടുത്തിക്കൊടുക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഒപ്പു വെച്ച സത്യവാങ് മൂലം വേണമല്ലോ മതംമാറ്റം ഔദ്യോഗികമായി അംഗീകരിക്കപ്പെടാന്‍. അതിന് സൗകര്യം ചെയ്തുകൊടുക്കും. ജഹാംഗീര്‍ ഖാസിമി ഒപ്പുവെച്ച ഒരു മതംമാറ്റ സര്‍ട്ടിഫിക്കറ്റും ഐ.ഡി.സിയില്‍നിന്ന് നല്‍കും. ഇതെങ്ങനെയാണ് നിയമവിരുദ്ധമാവുക?''
ഐ.എസ്.ഐ ഫണ്ടിംഗ് എന്ന ആരോപണവും റസിയ പുഛിച്ചുതള്ളി. സുഹൃത്തുക്കളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും (അവര്‍ ചിലപ്പോള്‍ അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാകാം) ഒക്കെയാണ് സഹായിക്കുന്നത്. ചിലപ്പോള്‍ സകാത്ത് വിഹിതവും ലഭിക്കും.
''നോക്കൂ, എന്റെ ഭര്‍ത്താവ് വളരെ മാന്യനാണ്, ആദരിക്കപ്പെടുന്ന പണ്ഡിതനാണ്. ഈ സംഭവം കാരണം ഞങ്ങളാകെ അസ്വസ്ഥരാണ്. നിങ്ങള്‍ ചുറ്റുവട്ടത്തുള്ള ആരോടും ചോദിച്ചുനോക്കൂ, ഞങ്ങള്‍ ആരെയെങ്കിലും നിര്‍ബന്ധിച്ച് മതംമാറ്റിയിട്ടുണ്ടോ എന്ന്. ഞങ്ങളുടെ വീട്ടുജോലി ചെയ്യുന്നത് ഒരു നേപ്പാളിയാണ്. അയാളോട് ചോദിച്ചുനോക്കൂ, ഞങ്ങള്‍ അയാളെ മതംമാറ്റാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന്.''
ഉമറിനും റസിയക്കും രണ്ട് ആണ്‍മക്കളും ഒരു മകളുമാണ്. മൂത്ത മകന്‍ എഞ്ചിനിയറാണ്, ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ എം.ബി.എക്ക് തയാറെടുക്കുന്നു. ദല്‍ഹിയിലെ ഒരു കല്‍പിത സര്‍വകലാശാലയില്‍ അസി. പ്രഫസറാണ് മകള്‍ ഫാത്വിമ. മതംമാറിയവര്‍ക്ക് ഔദ്യോഗികാംഗീകാരം ലഭിക്കാനായി ഐ.ഡി.സി തയാറാക്കിയ എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് ഫാത്വിമ പറയുന്നു. ''സ്വന്തം ഇഷ്ടപ്രകാരം മതംമാറിയവരുടെ വീഡിയോ ക്ലിപ്പുകള്‍ ഞങ്ങള്‍ക്ക് ഹാജരാക്കാനാവും.'' പിതാവിന് നീതി ലഭിക്കാനായി ഓണ്‍ലൈന്‍ കാമ്പയിന്‍ തുടങ്ങാനും കുടുംബം ആലോചിക്കുന്നുണ്ടെന്നും ഫാത്വിമ വ്യക്തമാക്കി.
അപ്പോഴേക്കും ചില അയല്‍ക്കാരെല്ലാം അവിടെ എത്തിച്ചേര്‍ന്നു. കാന്‍പൂര്‍ സ്വദേശിനി അന്‍ജും ആണ് അവരിലൊരാള്‍. പത്തു വര്‍ഷം മുമ്പാണ് സിക്ക് മതത്തില്‍നിന്ന് അവര്‍ ഇസ്‌ലാമിലേക്ക് വന്നത്. ''എന്റെ ഭര്‍ത്താവ് മുസ്‌ലിമാണ്. ഞങ്ങളുടെ ബന്ധം നിയമാനുസൃതമാക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഉമറിന്റെ സഹായം തേടിയത്.'' തൊട്ട് താഴെ നിലയില്‍ പാര്‍ക്കുന്ന ഒരു വൃദ്ധ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ''മതവും ഭക്ഷണവും ഒരാളുടെയും തൊണ്ടയിലൂടെ കുത്തിയിറക്കാന്‍ പറ്റില്ല.'' ഏതാനും ദിവസങ്ങള്‍ക്കു ശേഷം ചില ചാനലുകാര്‍ തന്റെ വീട്ടില്‍ വന്നിരുന്നെന്നും ഉമറിനെക്കുറിച്ച് ചോദിച്ചെന്നും അവര്‍ പറഞ്ഞു. ''ഞാന്‍ പറഞ്ഞതൊന്നും അവര്‍ സംപ്രേഷണം ചെയ്തില്ല. ഉമറിനെപ്പറ്റി നല്ല കാര്യങ്ങളാണല്ലോ ഞാന്‍ പറഞ്ഞിരുന്നത്.''
അപ്പോള്‍ റസിയ ഞങ്ങള്‍ക്ക് മില്ലത്ത് ടൈംസ് എന്ന യൂട്യൂബ് ചാനലില്‍ വന്ന സുജിത് ശുക്ലയുമായുള്ള ഒരു അഭിമുഖം കാണിച്ചു തന്നു. അദ്ദേഹം ബംഗളൂരില്‍ ഡോക്ടറാണ്. ഉമര്‍ അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ട്രെയ്ന്‍ യാത്രയിലാണ് സുജിത് ഉമറിനെക്കുറിച്ച് കേള്‍ക്കുന്നത്. 2004-ല്‍ ഇസ്‌ലാം സ്വീകരിക്കണമെന്ന് തോന്നിയപ്പോള്‍ ഉമറിനെ ബന്ധപ്പെട്ടു. അങ്ങനെ എല്ലാം ഡോക്യുമെന്റ് ചെയ്തു, ഫയല്‍ ചെയ്തു. മതംമാറ്റം കൊണ്ട് സാമ്പത്തികമായി വല്ല മെച്ചവുമുണ്ടായോ എന്ന് അടുത്ത ചോദ്യം. സുജിത് ശുക്ല ചിരിച്ചുകൊണ്ട് പറഞ്ഞു: 'സാമ്പത്തികമായി പറഞ്ഞാല്‍ അതൊരു നഷ്ടക്കച്ചവടമാണ്. കാരണം മതംമാറ്റത്തോടെ എല്ലാ കുടുംബബന്ധങ്ങളും അറുത്തുമാറ്റപ്പെടുകയല്ലേ.''
ലഖ്‌നൗവിലെ ഗോംതി നഗര്‍ പോലീസ് സ്റ്റേഷന്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ ഉമറിനും ഖാസിമിക്കുമെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കല്‍, ദേശീയോദ്ഗ്രഥനത്തെ തുരങ്കം വെക്കല്‍, മതവിശ്വാസികളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ 2020-ല്‍ പാസാക്കിയ മതംമാറ്റ നിരോധന നിയമം പ്രയോഗിച്ചും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 21-ന് ലഖ്‌നൗവില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ 'മതംമാറ്റ റാക്കറ്റ്' കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ട്. ആ കേസ് ജൂണ്‍ നാലിന് മുഹമ്മദ് റംസാന്‍ എന്ന വിപുല്‍ വിജയ് വര്‍ഗിയക്കും അയാളുടെ ഭാര്യാ സഹോദരന്‍ മുഹമ്മദ് കാശിഫിനുമെതിരെയാണ് ഫയല്‍ ചെയ്തിരിക്കുന്നത്. തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച് ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിലേക്ക്, അവിടത്തെ പുരോഹിതനെ കൊല്ലാനായി അവര്‍ പോയി എന്നാണ് കുമാര്‍ ആരോപിക്കുന്നത്. അവിടത്തെ പുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതി മുസ്‌ലിംകള്‍ക്കും അവരുടെ വിശ്വാസ സംഹിതക്കുമെതിരെ വിഷം തുപ്പുന്ന ഒരു ഹിന്ദുത്വ തീവ്രവാദിയാണ്. റംസാനും കാശിഫിനുമെതിരെയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ആയിരം ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതംമാറ്റിയത് കണ്ടെത്തിയതെന്നാണ് കുമാര്‍ അവകാശപ്പെട്ടത്.
റസിയ ഈ ആരോപണം തള്ളി. റംസാനും കാശിഫും ദസ്‌ന ക്ഷേത്രത്തിലേക്ക് പോയത്, അവിടത്തെ പൂജാരി ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച് അധിക്ഷേപകരമായി സംസാരിച്ചത് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാനായിരുന്നു. നാഗ്പൂര്‍ സ്വദേശിയായ റംസാനെ ഉമറിന് അറിയാം. ആഇശ എന്ന സ്ത്രീയെ വിവാഹം ചെയ്ത ശേഷം ഇസ്‌ലാം സ്വീകരിച്ച ആളാണ് റംസാന്‍.
കഴിഞ്ഞ ജൂണ്‍ 23-ന് ആള്‍ ഇന്ത്യാ ദഅ്‌വാ സെന്റേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ഉമറിനെയും ഖാസിമിയെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. തന്റെ മതം ആചരിക്കാനും പ്രചരിപ്പിക്കാനുള്ള ഒരു പൗരന്റെ അവകാശം ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 25-28 അനുഛേദങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഈ പ്രദേശത്ത് ഏഴു വര്‍ഷമായി ജീവിക്കുന്ന ശഹാബുദ്ദീന് ഉമറിനെ നന്നായറിയാം. മതംമാറ്റം നിയമാനുസൃതമാക്കാന്‍ വേണ്ടി മാത്രമാണ് ആളുകള്‍ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നതെന്ന ശഹാബുദ്ദീന്‍ പറയുന്നു. 'ഒക്കെ രാഷ്ട്രീയക്കളിയാണ്', പതിറ്റാണ്ടുകളായി ഈ കോളനിയില്‍ വസിക്കുന്ന മറ്റൊരാള്‍ പറഞ്ഞു. റസിയയും ഇത് ശരിവെച്ചു: 'കോവിഡ് ബാധിച്ച് എത്രയെത്ര ആളുകള്‍ മരിച്ചു, എത്രയെത്ര ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി! അപ്പോഴും ഗവണ്‍മെന്റിന്റെ ശ്രദ്ധ മതംമാറ്റത്തിലാണ്.' യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇതെന്നും റസിയ കൂട്ടിച്ചേര്‍ത്തു.
അപ്പോഴേക്കും ഡോര്‍ ബെല്‍ മുഴങ്ങി. ദല്‍ഹി പോലീസില്‍നിന്നുള്ള കുറച്ച് പേരാണ്. തിരിച്ചറിയല്‍ വെരിഫിക്കേഷന് വന്നിരിക്കുകയാണ്. ഉമറിന്റെ ഭാര്യയും മകളും അസ്വസ്ഥരായി. സ്ഥലം എം.എല്‍.എ അമാനുല്ലാ ഖാന് ധൃതിയില്‍ ഫോണ്‍ കോളുകള്‍ പോകുന്നു. രണ്ട് സ്ത്രീകളും മറ്റൊരു റൂമിലേക്ക് പോയി. പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി ഗൗതമിന്റെ മകന്‍ മുന്നോട്ടുവന്നു. ഈ 'ന്യൂ നോര്‍മലി'നെ അഭിമുഖീകരിക്കാന്‍ ആ കുടുംബം ശീലിച്ചുകഴിഞ്ഞിരിക്കുന്നു.
(ന്യൂസ് ലോണ്‍ട്രി, ജൂണ്‍ 26. ഈ ന്യൂസ് പോര്‍ട്ടലിലെ സീനിയര്‍ കറസ്‌പോണ്ടന്റാണ് ലേഖിക).
Comments