Prabodhanm Weekly

Pages

Search

2021 ജൂലൈ 09

3209

1442 ദുല്‍ഖഅദ് 28

അനീതികളെ തുറന്നെതിര്‍ത്ത പണ്ഡിതശൃംഖല

ഡോ. എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

മധ്യകാല മുസ്‌ലിം  ഭരണക്രമങ്ങളില്‍ ഇസ്‌ലാമിക പണ്ഡിതരുടെ പ്രാതിനിധ്യം പല തരത്തിലായിരുന്നു. ഭരണം, രാഷ്ട്രീയം, അധികാരം തുടങ്ങിയ മേഖലകളോട് പൊതുവെ മൂന്നു രീതികളില്‍ അവര്‍ പ്രതികരിച്ചു. സമകാലിക ഭരണത്തോടും രാഷ്ട്രീയത്തോടും കൂടുതല്‍ അടുത്തു നിന്ന ആദ്യ വിഭാഗം പണ്ഡിതര്‍,  ഭരണകൂടത്തിലെ അതിപ്രധാനങ്ങളായ ശൈഖുല്‍ ഇസ്‌ലാം പദവി, കോടതി വ്യവഹാരങ്ങളുടെ നേതൃത്വം, നയതന്ത്ര - വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ളവയുടെ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി (റ) സല്‍ജൂക് സുല്‍ത്താന്‍ മലിക് ഷായുടെ നിസാമിയ്യ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തതും 'നസ്വീഹതുല്‍ മുലൂക്' എന്ന ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപദേശനിര്‍ദേശങ്ങളടങ്ങുന്ന കൃതി എഴുതിയതും ഉദാഹരണം. രാജഭരണകൂടങ്ങള്‍ നിലനിന്ന കാലത്ത് 'നസ്വീഹത്' ഒരു സുപ്രധാന രാഷ്ട്രീയ സംജ്ഞയായിരുന്നു. അതിനാല്‍ 'നസ്വീഹതുല്‍ മുലൂക്' പോലെ നിരവധി രചനകള്‍ കാണാനാവും. സുഹ്റവര്‍ദി ത്വരീഖത്തിന്റെ ശൈഖും  'അവാരിഫുല്‍ മആരിഫി'ന്റെ കര്‍ത്താവുമായ ശൈഖ് അബൂ ഹഫ്സ് ശിഹാബുദ്ദീന്‍ സുഹ്റവര്‍ദി, അബ്ബാസി ഖലീഫ അല്‍ നാസ്വിറിന്റെ നയതന്ത്ര പ്രതിനിധിയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇന്ത്യയില്‍ പ്രബോധനത്തിനു നേതൃത്വം നല്‍കിയ ശൈഖ് ബഹാഉദ്ദീന്‍ സകരിയ്യാ  സുഹ്റവര്‍ദി, മംലൂക് സുല്‍ത്താന്‍  ഇല്‍തുമിഷിന്റെ ശൈഖുല്‍ ഇസ്‌ലാം പദവി അലങ്കരിച്ച പണ്ഡിതനാണ്. ഉസ്മാനീ ഭരണകാലത്ത് മുല്ലാ ഫെനാരി, സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ അധ്യാപകന്‍ ശൈഖ് അക് ശംസുദ്ദീന്‍ അടക്കം  നിരവധി പണ്ഡിതര്‍ ശൈഖുല്‍ ഇസ്‌ലാം പദവി വഹിച്ചിട്ടുണ്ട്. ഇബ്നു റുശ്ദും ഇബ്നു ഖല്‍ദൂനുമൊക്കെ ഖാദി സ്ഥാനം അലങ്കരിച്ചവരാണ്.
ഭരണകൂട നയങ്ങളെ വിമര്‍ശനബുദ്ധിയോടെ സമീപിച്ച് പ്രതിപക്ഷത്തിരുന്നവരാണ് രണ്ടാം വിഭാഗം പണ്ഡിതന്മാര്‍. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ), സയ്യിദ് അഹ്മദ് സര്‍ഹിന്ദി (റ ), ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) തുടങ്ങിയ നിരവധി പണ്ഡിതര്‍ ഈ ഗണത്തില്‍ പെടുന്നു. ഇന്ത്യയിലെ മുസ്‌ലിം ഭരണകാലത്ത് ഇത്തരം നിരവധി പണ്ഡിതന്മാരെ കണ്ടെത്താനാവും. ദല്‍ഹി സല്‍ത്തനത്തുകളുടെ കാലത്ത് ഇസ്‌ലാമിക പ്രബോധനത്തിനും വിദ്യാഭ്യാസത്തിനും നേതൃത്വം നല്‍കിയ നിസാമുദ്ദീന്‍ ഔലിയ (റ) അവരിലൊരാളാണ്. തുഗ്ലക്ക് രാജവംശത്തിന്റെ ഭരണ നിലപാടുകളെയും ജനങ്ങളോടുള്ള സമീപനങ്ങളെയും അദ്ദേഹം എതിര്‍ത്തു. സേവന പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം നേടിയെടുത്ത കീര്‍ത്തി തന്റെ സ്വീകാര്യതക്ക് വെല്ലുവിളിയാകും എന്നു പോലും സുല്‍ത്താന്‍ കരുതിയിരുന്നു. താന്‍ ദല്‍ഹിയിലെത്തുന്നതിനു മുമ്പ് നിസാമുദ്ദീന്‍ ഔലിയ (റ) നാടുവിടണമെന്ന ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ ഉത്തരവിനോട് 'ദല്‍ഹി ഇനിയും ദൂരെയാണ്' എന്നാണ് അദ്ദേഹം പ്രതിവചിച്ചത്. ഗിയാസുദ്ദീന്‍ തുഗ്ലക് ബംഗാള്‍ - ദല്‍ഹി അതിര്‍ത്തിയിലെത്തിയപ്പോള്‍ മരണപ്പെട്ടത്  നിസാമുദ്ദീന്‍ ഔലിയ(റ)യുടെ കറാമത്തായാണ് പലരും കരുതുന്നത്.
അക്ബര്‍ ചക്രവര്‍ത്തിയുടെ പുതിയ മതവാദങ്ങളെ ചെറുക്കാന്‍ പണ്ഡിതശ്രേഷ്ഠനായ സയ്യിദ് അഹ്മദ് സര്‍ഹിന്ദി  മുമ്പിലുണ്ടായിരുന്നു. അബുല്‍ ഫസല്‍, ഫൈസി അടക്കമുള്ള കൊട്ടാരപണ്ഡിതന്മാര്‍ അക്ബറിന്റെ തീരുമാനങ്ങള്‍ക്ക് സമ്മതം മൂളി വിധേയത്വം പ്രകടിപ്പിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമാണ് സര്‍ഹിന്ദി ഉയര്‍ത്തിയത്. അക്ബറിന്റെ മരണശേഷം അധികാരത്തിലേറിയ ജഹാംഗീറിന്റെ ദര്‍ബാറിലെ അനിസ്‌ലാമികാചാരങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ഹിന്ദിയുടെ പങ്ക് വലുതാണ്. ഔറംഗസീബിന്റെ മരണത്തോടെ പതനമാരംഭിച്ച മുഗള്‍ ഭരണത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പണ്ഡിതനാണ് ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി. ഭരണ മേഖലയിലുള്ളവരെ വിമര്‍ശിച്ചും ശാസിച്ചും അദ്ദേഹമെഴുതിയ കത്തുകള്‍ പ്രസിദ്ധമാണ്. ജാട്ട് - മറാത്താ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ നിന്നും മുഗള്‍ ഭരണത്തെ രക്ഷിക്കാന്‍ അഹ്മദ് ഷാഹ് ദുറ്‌റാനിയെ സന്ദേശമയച്ച് വിളിച്ചു വരുത്തുന്നതില്‍ ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ പങ്ക് പ്രധാനമാണ്. കൂടാതെ വ്യക്തി, കുടുംബം, നഗരം (ദല്‍ഹി കേന്ദ്രീകൃത ഭരണവ്യവസ്ഥയില്‍ ജീവിച്ച അദ്ദേഹം സാമൂഹിക- രാഷ്ട്രീയ വികാസത്തിന് നഗരം അനിവാര്യമാണെന്നു ചിന്തിച്ചു), രാഷ്ട്രം എന്നിങ്ങനെ ക്രമപ്രവൃദ്ധമായ രാഷ്ട്രവളര്‍ച്ച വിശദീകരിക്കുന്ന 'ഇര്‍തിഫാഖാത്' എന്ന രാഷ്ട്രീയ ചിന്തയും അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്.
ഭരണ - രാഷ്ട്രീയ മേഖലകളില്‍ പ്രസ്താവ്യമായ ഇടപെടലുകള്‍ നടത്താതെ വൈജ്ഞാനിക-ആത്മീയ മേഖലകളില്‍ മുഴുകിയ പണ്ഡിതരാണ് മൂന്നാം വിഭാഗത്തിലുള്ളത്. പില്‍ക്കാല സൂഫീ പണ്ഡിതരിലധികവും മൂന്നാം വിഭാഗത്തില്‍ പെടുന്നവരാണ്.   

ഉസ്മാനീ ഭരണവും പണ്ഡിതരും

മുഹമ്മദ് ജെസാരി, ശംസുദ്ദീന്‍ ഫെനാരി, അലാഉദ്ദീന്‍ തൂസി, മുല്ലാ ഗുനാരീ തുടങ്ങിയ ആദ്യകാല ഉസ്മാനീ പണ്ഡിതന്മാര്‍ ഭരണകൂടത്തോട് ക്രിയാത്മകമായ ബന്ധം പുലര്‍ത്തിയവരായിരുന്നു. 1376-ല്‍ ഉസ്മാനീ സുല്‍ത്താന്‍ ബായസീദ് ഒന്നാമന്റെ കാലത്ത്  മുഹമ്മദ് ജെസാരിക്ക് ഉയര്‍ന്ന പദവി ലഭിച്ചിരുന്നു. ശംസുദ്ദീന്‍ ഫെനാരി, ബായസീദ് രണ്ടാമന്റെ മനാസിര്‍ മദ്‌റസയിലെ അധ്യാപകനായിരുന്നു. പില്‍ക്കാലത്ത് സുല്‍ത്താനുമായി അഭിപ്രായ വ്യത്യാസമുണ്ടായതോടെ കറാമാന്‍ പ്രദേശത്തേക്കു മാറി. സുല്‍ത്താന്‍ ഖേദം പ്രകടിപ്പിച്ചതിനു ശേഷം മാത്രമാണ് അദ്ദേഹം തിരിച്ചു വന്നത്.
ഹനഫീ മദ്ഹബ് പ്രധാന നിയമ സ്രോതസ്സായി സ്വീകരിച്ച ഉസ്മാനികള്‍ 'ശൈഖുല്‍ ഇസ്‌ലാം' എന്ന സ്ഥാപനം ഉയര്‍ത്തിക്കൊണ്ടുവരികയും ഭരണ നയങ്ങള്‍ക്ക് അനുസൃതമായി വിധി പ്രഖ്യാപിക്കാന്‍ പ്രാപ്തിയുളള പണ്ഡിതരെ സജ്ജരാക്കുകയും ചെയ്തു. ഉസ്മാനികളുടെ രാഷ്ട്രീയ പരിവര്‍ത്തനങ്ങളില്‍ പണ്ഡിതരുടെ ഭാഗധേയം അതിപ്രധാനമാണ്. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളില്‍ മുസ്‌ലിം പ്രദേശങ്ങളെ ആകമാനം ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ വിവിധ മദ്ഹബുകളെ ഉള്‍പ്പെടുത്തി നിയമ വ്യവസ്ഥ സ്ഥാപിക്കേണ്ടിവന്ന സാഹചര്യത്തില്‍ പ്രഗത്ഭരായ പണ്ഡിതരുടെ സേവനം അനിവാര്യമായി വന്നു. ഭരണനിര്‍വഹണ മേഖലകളിലും വ്യത്യസ്ത ഉദ്യോഗസ്ഥ മേഖലകളിലും കഴിവുള്ള പണ്ഡിതന്മാര്‍ വേണമായിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹിന്റെ ഉത്തരവ് പ്രകാരം തയാറാക്കിയ ഈ നിയമ വ്യവസ്ഥ രൂപപ്പെടുത്താന്‍ ധാരാളം പണ്ഡിതര്‍ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ഉസ്മാനികളുടെ കാലത്ത് 1500-2000-ത്തോളം പണ്ഡിതര്‍ ഭരണമേഖലകളില്‍ സേവനമര്‍പ്പിച്ചിട്ടുണ്ടെന്ന് അബ്ദുര്‍റഹ്മാന്‍ അച്ചില്‍ എഴുതുന്നു. ഖിലാഫത്തിന്റെ നിയമാടിത്തറ രൂപപ്പെടുത്തുന്നതിലും പ്രത്യയശാസ്ത്ര പരിസരം ഒരുക്കുന്നതിലും ഈ പണ്ഡിതരുടെ പങ്ക് വലുതാണ്.  ഇബ്‌നു അറബിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും  ചിന്തകളാണ് തുര്‍ക് വംശജരായ ഉസ്മാനികള്‍ക്ക് തങ്ങളുടെ ഖിലാഫത്ത് അവകാശവാദങ്ങള്‍ക്കുള്ള താത്ത്വിക പ്രതലം ഒരുക്കിക്കൊടുത്തത്.
മംലൂകുകള്‍ക്കും സഫവികള്‍ക്കുമെതിരെയുള്ള സൈനിക നടപടികള്‍ക്ക് പണ്ഡിതരുടെ ഫത്‌വകളുടെ സഹായം തേടിയിരുന്നു. സഫവികളെ പിന്തുണച്ച കിസില്‍ബാഷ് തുര്‍ക്കുമെന്‍ ഗോത്രവും അനാതോലിയയില്‍ വിമതശബ്ദമുയര്‍ത്തിയ ശൈഖ് ശഹ്കുലു ബാബാ തെകെലിയും ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് മതപരമായിത്തന്നെ മറുപടി പറയാന്‍ പണ്ഡിതരെ ആശ്രയിക്കേണ്ടിവന്നതും ഉസ്മാനീ ഭരണത്തില്‍ അവരുടെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണമായി.
ഇറാന്‍, ദമസ്‌ക്‌സ്, കയ്റോ, ബഗ്ദാദ്, തബ്‌രീസ്, ബുഖാറ, സമര്‍ഖന്ദ് തുടങ്ങിയ ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രങ്ങളില്‍നിന്നൊക്കെ ഇസ്തംബൂളിലേക്ക് പണ്ഡിതരെ ആകര്‍ഷിക്കാനും ക്ഷണിക്കാനും ഉസ്മാനീ സുല്‍ത്താന്മാര്‍ മത്സരിച്ചതും ഖിലാഫത്തില്‍ പണ്ഡിതരുടെ സാന്നിധ്യം അധികരിക്കാന്‍ ഹേതുവായി. കൂടാതെ ഉസ്മാനി ഭരണസ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യവും ഈ തീരുമാനങ്ങളുടെ പിറകിലുണ്ടായിരുന്നു. മഹ്മൂദ് ഗീലാനി, അബ്ദുര്‍റഹ്മാന്‍ ജാമി, ജലാലുദ്ദീന്‍ ദവ്വാനി, ഫത്ഹുല്ലാഹ് ശിര്‍വാനി തുടങ്ങി അക്കാലത്തെ പ്രസിദ്ധ പണ്ഡിതരെയും സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് ക്ഷണിച്ചിരുന്നു.
പ്രമുഖ പണ്ഡിതനും അമീര്‍ തിമൂറിന്റെ പൗത്രന്‍ ഉലുഗ് ബേഗിന്റെ കൊട്ടാരത്തിലെ ഭൗമശാസ്ത്രജ്ഞനുമായ അലി ഗുഷ്ജിയെയും സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ ക്ഷണിച്ചുവരുത്തിയിരുന്നു. അമീര്‍ തിമൂറിന്റെ മരണശേഷം തിമുറികള്‍ക്കിടയില്‍ രൂപപ്പെട്ട അധികാര വടംവലികളും  കറകോയനുകള്‍, അക്കോയിനുകള്‍ എന്നീ  തുര്‍ക്‌മെന്‍ ഗോത്രങ്ങളുടെ ഉയര്‍ച്ചയും തിമൂരി- തുര്‍ക്കുമെന്‍ സംഘര്‍ഷവും ഈ പ്രദേശങ്ങളിലെ പണ്ഡിതരെ ഉസ്മാനീ അധീന പ്രദേശങ്ങളില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചതും ഉസ്മാനികളുടെ വൈജ്ഞാനിക വ്യവഹാരങ്ങളിലും ഭരണ- പണ്ഡിത ബന്ധങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമായി. സിറാജ് ഖത്വീബ്, ഹകീം ഖുത്വ്ബുദ്ദീന്‍ അജമി, മുസന്നിഫെക്, ശുക്റ്ല്ലാഹ് ശിര്‍വാനി, ലാരി അജമി തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ഉസ്മാനീ പ്രദേശങ്ങളിലേക്ക് ചേക്കേറിയവരാണ്. ഈ പണ്ഡിതരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നതിലൂടെ ഉസ്മാനീ ഭരണകര്‍ത്താക്കള്‍ തങ്ങളുടെ അധികാരം സുരക്ഷിതമാക്കിയതോടൊപ്പം പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി അത് പ്രയോജനപ്പെടുത്തുകയും ചെയ്തു. 
ഉസ്മാനീ ഭരണത്തില്‍ സ്ഥാനം ലഭിക്കുന്നത് മഹനീയമായി കരുതിയിരുന്ന പശ്ചാത്തലത്തിലും അധികാരമേഖലകളില്‍നിന്ന് അകന്നുമാറി സ്വതന്ത്രമായ വൈജ്ഞാനിക ലോകം സൃഷ്ടിച്ച സഅ്ദുദ്ദീന്‍ തഫ്തസാനി, സയ്യിദ് ശരീഫ് ജൂര്‍ജാനിയെപ്പോലുള്ള പണ്ഡിതരും ജീവിച്ചിരുന്നു. ഉസ്മാനീ ഭരണത്തിനു കീഴില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നത് പാണ്ഡിത്യവും ധാര്‍മികബോധവും അടിയറവു വെക്കുന്നതിനു തുല്യമായാണ് അവര്‍ കണ്ടത്. നിര്‍ബന്ധിതനായി ഖാദി സ്ഥാനം ഏറ്റുവാങ്ങേണ്ടി വന്ന പ്രസിദ്ധ പണ്ഡിതന്‍ മുല്ലാ ഹുസ്റേവ്  താന്‍ അധികാര സ്ഥാനത്തിരുന്ന കാലമത്രയും  വൃഥാവിലായിപ്പോയി എന്ന് പരിതപിച്ചിട്ടുണ്ട്.
ഉസ്മാനീ ഭരണക്രമത്തില്‍ സാമ്പ്രദായിക നിയമങ്ങള്‍ (ഉറുഫ്, ഖാനൂന്‍)ക്കപ്പുറം ശരീഅത്തിന് പ്രാധാന്യം ലഭിക്കുന്നത്, അധികാര സ്ഥാനങ്ങളിലിരിക്കുമ്പോഴും ശരീഅത്ത് ഉദ്‌ഘോഷിക്കുന്ന നീതി സുല്‍ത്താന്മാരെ ബോധിപ്പിക്കാനും അവരുടെ തീരുമാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും കഴിവും ധീരതയുമുള്ള പണ്ഡിതന്മാര്‍ ഉസ്മാനീ ഖിലാഫത്തിലുണ്ടായിരുന്നത് കാരണമാണ്. ഖലീഫ സലീം ഒന്നാമന്‍ ആരോപണവിധേയരായ 150 ട്രഷറി ജീവനക്കാരെ വധിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് കൊട്ടാരത്തില്‍ പാഞ്ഞെത്തിയ ശൈഖുല്‍ ഇസ്‌ലാം അലി ജമാലി വിധി നടപ്പിലാക്കുന്നതില്‍നിന്ന് ഖലീഫയെ തടഞ്ഞു. സുല്‍ത്താനെ പരലോക ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടത് മുഫ്തി എന്ന നിലക്ക് തന്റെ കടമയാണെന്നു പറഞ്ഞ അദ്ദേഹം ശരീഅത്തിനു വിരുദ്ധമായ ഈ നടപടിയില്‍നിന്നും പിന്മാറണമെന്നും ജീവനക്കാര്‍ക്ക് പൊറുത്തുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. കുപിതനായ  ഖലീഫ സലീം ഭരണകാര്യത്തില്‍ ഇടപെടരുത് എന്നാജ്ഞാപിച്ചു.  സുല്‍ത്താന്റെ പരലോക വിഷയമായതിനാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന് ശൈഖുല്‍ ഇസ്‌ലാമും. ഒടുവില്‍ സുല്‍ത്താന്‍ തന്റെ തീരുമാനത്തില്‍നിന്ന് പിന്മാറുകയാണുണ്ടായതെന്ന് അഹ്മദ് താഷ്‌കോപ്രിസാദെ (അല്‍ ശഖാഇഖു അല്‍ നുഅ്മാനിയ്യ) എഴുതുന്നു.
ശൈഖ് അലി അക്ബര്‍,  സുല്‍ത്താന്‍ സലീമിനു സമര്‍പ്പിച്ച  'ഹിതായ് നാമെ' ശരീഅത്തിന്റെ അപ്രമാദിത്വം വിശദീകരിക്കുന്ന കൃതിയാണ്. 1600 വരെയുള്ള കാലയളവില്‍ ഉസ്മാനീ ഭരണകര്‍ത്താക്കള്‍ക്കും പണ്ഡിതര്‍ക്കും  ഇടയിലുള്ള ബന്ധവും നയവും വിശദീകരിക്കുന്ന അബ്ദുര്‍റഹ്മാന്‍ അത്ചിലിന്റെ 'Scholars and Sultans in the Early Modern Ottoman Empire' (2017) വളരെ ശ്രദ്ധേയമായ ചരിത്ര സന്ദര്‍ഭങ്ങള്‍ പങ്കു വെക്കുന്നുണ്ട്.
അധികാരത്തിലേറുന്നയാള്‍ തന്റെ സഹോദരങ്ങളെ വധിച്ചുകളയുന്ന കീഴ്‌വഴക്കം (Fratricide) ഉസ്മാനീ ഖിലാഫത്തിനെതിരെ  ഏറെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കാന്‍ സാധ്യതയുള്ളവരെ വധിച്ചുകളയണമെന്ന സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ ഉത്തരവ് ഖിലാഫത്തിന്റെ പില്‍ക്കാലചരിത്രത്തില്‍ ഒഴിയാബാധയായി തുടരുകയാണുണ്ടായത്. ഭരണകൂട സുസ്ഥിരത  സംരക്ഷിക്കുക എന്ന 'മസ്‌ലഹ' / 'പൊതുതാല്‍പ്പര്യം'  പറഞ്ഞ് കൊട്ടാരപണ്ഡിതരും ഈ അലിഖിത നിയമത്തെ പിന്തുണക്കുകയാണ് ചെയ്തത്.  സുല്‍ത്താന്‍ ഉസ്മാന്‍ രണ്ടാമന്റെ കാലത്തെ  ശൈഖുല്‍ ഇസ്‌ലാം ആയിരുന്ന അസ്അദ് ഐഫന്ദിയെപ്പോലെ ചുരുക്കം ചിലരാണ് ഈ നിയമത്തിനെതിരെ ശബ്ദമുയര്‍ത്തിയത്. 1603-ല്‍ അധികാരത്തിലേറിയ സുല്‍ത്താന്‍ അഹ്മദ് ഒന്നാമന്‍ ഈ സമ്പ്രദായം നിര്‍ത്തലാക്കി.
ആദ്യകാലത്ത് മുസ്തഫാ കമാല്‍ അത്താതുര്‍ക്കിന്റെ  ഭരണത്തെ അനുകൂലിച്ച ബദീഉസ്സമാന്‍ സഈദ് നൂര്‍സി, അത്താതുര്‍ക്ക് ഇസ്‌ലാമിക വിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞപ്പോള്‍ ശക്തമായ വിമര്‍ശനങ്ങളാണഴിച്ചുവിട്ടത്. അക്കാരണത്താല്‍ തന്നെ ജയില്‍വാസമനുഭവിക്കേണ്ടി വന്നു. കമാലിസ്റ്റ് പട്ടാള ഭരണകൂടം പിടിമുറുക്കിയ പശ്ചാത്തലത്തില്‍  തുര്‍ക്കി മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക- രാഷ്ട്രീയ മേഖലകളിലെ  ഉയിര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യം വെച്ച് മില്ലി ഗോരുഷ് (നാഷ്‌നല്‍ ഔട്ട്ലുക് മൂവ്മെന്റ്) എന്ന മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനത്തിന് ജന്മം നല്‍കാന്‍ നജ്മുദ്ദീന്‍ അര്‍ബകാനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഗുരുവും നഖ്ശബന്ദീ ത്വരീഖത്തിന്റെ ആചാര്യനുമായ ശൈഖ് സാഹിദ് കോത്കു ആണ്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അദ്ദേഹത്തിന്റെ അനുയായികളിലൊരാളാണ്.
ഫ്രഞ്ച് അധിനിവേശത്തിനെതിരെ ലിബിയയുടെ  സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ സയ്യിദ് മുഹമ്മദ് ഇബ്നു അലി സനൂസി(1787-1859)യും അദ്ദേഹത്തിന്റെ സനൂസിയ്യാ സരണിയുടെ പില്‍ക്കാല നേതൃത്വവും സത്യത്തിനും നീതിക്കും വേണ്ടി അചഞ്ചലമായി പോരാടിയവരാണ്. സുഡാനില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ ശൈഖ് മുഹമ്മദ് അഹ്മദുബ്നു അബ്ദില്ലാഹ് അല്‍ മഹ്ദി(1844-1885)യുടെയും അദ്ദേഹത്തിന്റെ മഹ്ദി പ്രസ്ഥാനത്തിന്റെയും ചരിത്രവും ഇവിടെ ഓര്‍ക്കാം. ഇമാം സനൂസിയും ശൈഖ് മുഹമ്മദ് അഹ്മദ് അല്‍ മഹ്ദിയും ഉസ്മാനീ ഖിലാഫത്തിന്റെ പ്രാദേശിക നേതാക്കളുടെ അധികാര ദുര്‍വിനിയോഗത്തെ ശക്തമായി വിമര്‍ശിച്ചവരായിരുന്നു. ഉസ്മാനീ ഖിലാഫത്തിന്റെ പിന്തുണയോടെ സുഡാന്റെ മേല്‍ അധികാരം നിലനിര്‍ത്തിയിരുന്ന ഈജീപ്തിലെ ഖിദൈവി രാജവംശത്തെ പരാജയപ്പെടുത്തി മഹ്ദി രാഷ്ട്രം പോലും സ്ഥാപിക്കാന്‍  സാധിച്ചുവെന്നത് മഹ്ദി പ്രസ്ഥാനത്തിന്റെ ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത വ്യക്തമാക്കിത്തരുന്നു.
പോര്‍ച്ചുഗീസ് - ഡച്ച് അധിനിവേശത്തിനെതിരെ പോരാടിയ കേരളത്തിലെ മഖ്ദൂം കുടുംബവും ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ മലബാര്‍ സമൂഹത്തെ അണിനിരത്തിയ മമ്പുറം തങ്ങന്മാരും അധികാരികളുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ഉറച്ചു നിന്ന് പോരാടണമെന്ന് പഠിപ്പിച്ചവരാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (39-43)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീധന പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍
കെ.സി ജലീല്‍ പുളിക്കല്‍