പണ്ഡിതന്മാരുടെ ഭരണകൂട ദാസ്യം
ചോദ്യം: ''മുസ്‌ലിംകളെ അതിക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും ചെയ്‌തെന്ന് മാത്രമല്ല അവരെ രാജ്യത്തു നിന്ന് പുറത്താക്കുന്നതും രണ്ടു മൂന്ന് വര്‍ഷം മുമ്പ് റോഹിങ്ക്യന്‍ മുസ്‌ലിംകളെയും ഫലസ്ത്വീന്‍ മുസ്‌ലിംകളെയും അതിക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്നതും നാം ഫോട്ടോയില്‍ കണ്ടിട്ടുണ്ട്. ഇതിന്റെ പിന്നിലെല്ലാം പ്രവര്‍ത്തിക്കുന്നത് ഭരണകൂടങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇസ്‌ലാമിക ലോക പണ്ഡിതന്മാരും മുസ്‌ലിം രാജ്യങ്ങളും എന്തുകൊണ്ട് ഒരു സമിതിയുണ്ടാക്കാന്‍ മുന്നോട്ടു വന്നില്ല?''
ഉത്തരം: ''ഫോട്ടോയിലും വീഡിയോയിലും കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വീഡിയോയും ആര്‍ക്കും എങ്ങനെയും ഉണ്ടാക്കാം. അതിനാല്‍ കാണുന്നതൊക്കെ വിശ്വസിക്കാന്‍ നമുക്ക് കഴിയില്ല. രണ്ടാമതായി, അങ്ങനെ അടികിട്ടുകയും തൊഴി കിട്ടുകയും വീട് കത്തിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ ആ നാട്ടിലെ മുസ്‌ലിംകള്‍ നമസ്‌കരിക്കുന്നവര്‍ ആയിരിക്കില്ല. റസൂല്‍ (സ) ഒരിക്കല്‍ പറഞ്ഞു: 'ഞാന്‍ വേറെയാരെയെങ്കിലും നമസ്‌കരിക്കാന്‍ ഏല്‍പിച്ചിട്ട് ഇവിടെയൊക്കെ ചുറ്റിനടന്നു നമസ്‌കരിക്കാന്‍ വരാത്തവരുടെ വീട് ചുട്ടു കരിച്ചാലോ എന്നാലോചിച്ചു പോയി.' നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഭരണാധികാരികളാണ് അത് ചെയ്യേണ്ടത്. അപ്പോള്‍, ഗുജറാത്തിലെ മുസ്‌ലിംകള്‍ നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം. ആരാണ് അത് ചെയ്യേണ്ടത്? അപ്പോള്‍ അതിന് അല്ലാഹു പറ്റിയ ആളുകളെ അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും. ഈമാന്‍ ഇല്ലാത്തതിന്റെയും ഇബാദത്ത് ഇല്ലാത്തതിന്റെയും കാരണം കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ സംഭവിക്കുന്നത്.''
കേരളത്തിലെ ഒരു മത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥി പൊതു സദസ്സില്‍ ഉന്നയിച്ച ചോദ്യവും അതിന് സ്ഥാപനത്തിന്റെ മേധാവിയായ പണ്ഡിതന്‍ നല്‍കിയ മറുപടിയുമാണ് മേല്‍ ഉദ്ധരിച്ചത്. വീഡിയോയില്‍നിന്ന് യഥാതഥം പകര്‍ത്തിയതാണിത്.
ലോകമെങ്ങും നടക്കുന്ന മുസ്‌ലിം വംശഹത്യയെയും ഇസ്‌ലാമോഫോബിയയെയും മുസ്‌ലിം സമുദായത്തിലെ ചില പണ്ഡിതന്മാര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് ശിഷ്യന്റെ ചോദ്യത്തിന് ഉസ്താദ് കൊടുത്ത മറുപടി. സ്‌പെയിനിന്റെ പതനത്തിന് വഴിവെച്ച കാരണങ്ങളിലൊന്ന് ആ രാജ്യത്തെ പണ്ഡിതന്മാരുടെ വഞ്ചനാത്മക നിലപാടുകളായിരുന്നു. യൂറോപ്പിന്റെ ജ്ഞാനോദയത്തിനും നാഗരിക വികാസത്തിനും സര്‍വതലങ്ങളിലും സഹായവും പിന്‍ബലവുമായി നിലകൊണ്ട സ്‌പെയിന്‍ എണ്ണൂറ് വര്‍ഷം മുസ്‌ലിം ഭരണത്തിലായിരുന്നു. ആഭ്യന്തര ഛിദ്രതയും സുഖാഡംബര പ്രമത്തതയും മൂലം സംഭവിച്ച സ്‌പെയിനിന്റെ പതനം പൂര്‍ത്തിയാകുന്നത് ക്രി. 1492-ല്‍ ഗ്രാനഡ (ഗര്‍നാത്വാ) അടിയറ വെക്കപ്പെട്ടതോടെയാണ്. ഉമവി ഭരണകാലഘട്ടത്തില്‍ (ക്രി. 662-750) സൈന്യാധിപനായ മൂസാബ്‌നു നുസൈര്‍, യുദ്ധതന്ത്രജ്ഞനായ ത്വാരിഖു ബ്‌നു സിയാദിന്റെ നേതൃത്വത്തില്‍ ക്രി. 711-ല്‍ കിഴക്കന്‍ യൂറോപ്പില്‍ വേരുകളുള്ള ജര്‍മാനികള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ചു. ഖാദി ബര്‍ബാതില്‍ നടന്ന യുദ്ധത്തില്‍ മുസ്‌ലിം സൈന്യം വിജയിക്കുകയും സ്‌പെയിന്‍ മുഴുവന്‍ മുസ്‌ലിം ഭരണത്തിനു കീഴിലാവുകയും ചെയ്തു. ക്രി. 995-ഓടെ ഒന്നായി നിലകൊണ്ട സ്‌പെയിന്‍ ഇരുപത്തൊന്ന് കൊച്ചു രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ട് പരസ്പരം പോരടിക്കുന്ന കാഴ്ചക്കാണ് പിന്നെ കണ്ടത്. നാനാ ദിക്കില്‍നിന്നും ആപത്തുകള്‍ ഒന്നാന്നായി വന്ന് സ്‌പെയിനിനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്ന സന്ദിഗ്ധ ഘട്ടത്തില്‍, ഇതികര്‍ത്തവ്യതാ മൂഢരായിത്തീര്‍ന്ന ബഹുജനങ്ങള്‍ പരിഭ്രാന്തരായി. ദിശാബോധം നഷ്ടപ്പെട്ട സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കേണ്ട പണ്ഡിതന്മാര്‍ തങ്ങളുടെ കര്‍ത്തവ്യം വിസ്മരിച്ച് നിസ്സംഗരായി നിലകൊണ്ടു. കര്‍മശാസ്ത്ര വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ ഇഴകീറി പരിശോധിക്കുന്ന തിരക്കിലായിരുന്നു അവര്‍. ഓരോരുത്തരും തങ്ങള്‍ നിലകൊള്ളുന്ന മദ്ഹബിനെ വിജയിപ്പിച്ചെടുക്കാനുള്ള ബദ്ധപ്പാടിലായിരുന്നു. ത്വവാഇഫ് രാജാക്കന്മാരുടെ അക്രമങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ന്യായീകരണം ചമയ്ക്കുകയായിരുന്നു പണ്ഡിതന്മാരില്‍ ഒരു വിഭാഗം.
പ്രകാശഗോപുരങ്ങളായ പണ്ഡിതന്മാരാണ് ജനസമൂഹത്തിന് ജീവന്‍ പകരുന്നത്. സമുദായത്തിലെ പണ്ഡിതന്മാര്‍ 'റബ്ബാനികള്‍' ആയാല്‍ സമുദായം പ്രതാപത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉത്തുംഗതയില്‍ വിരാജിക്കും. പണ്ഡിതന്മാര്‍ 'റബ്ബാനിയ്യത്തി'ല്‍നിന്ന് അകലുകയും സ്വാര്‍ഥ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണം മുഖ്യ ലക്ഷ്യമായി കരുതുകയും ഭൂമിയിലേക്ക് കനം തൂങ്ങി ഭൗതിക കാമനകളില്‍ അഭിരമിക്കുകയും ചെയ്താല്‍ സമുദായത്തിന്റെ ജീവചൈതന്യം ചോര്‍ന്നുപോവുകയും നാശത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ആക്രമണോത്സുകമായ ക്രൈസ്തവതയുടെ കടന്നാക്രമണഫലമായി സ്‌പെയിനിലെ മുസ്‌ലിംകള്‍ വിനാശത്തിന്റെ അഗാധതകളില്‍ ആണ്ടുകൊണ്ടിരുന്നപ്പോള്‍ പണ്ഡിതന്മാരില്‍ ഒരു വിഭാഗത്തിന്റെ മുഖ്യശ്രദ്ധ മദ്ഹബീ ഫിഖ്ഹിലും അതിന്റെ ശംഖോപശാഖകളിലുമായിരുന്നു. സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന തീവ്ര വേദനകളും ശോച്യാവസ്ഥയും അവര്‍ മറന്നു, അല്ലെങ്കില്‍ മറപ്പിക്കപ്പെട്ടു. ഒരു വിഭാഗം പണ്ഡിതന്മാരാവട്ടെ ഇമാം ഇബ്‌നു ഹസം വിവരിച്ച കൂട്ടത്തിലായിരുന്നു. ഇബ്‌നു ഹസം പറഞ്ഞു: ''ആട്ടിന്‍തോലണിഞ്ഞ് വന്യ മൃഗങ്ങളുടെ ഹൃദയം പേറുന്ന, ഫിഖ്ഹീ അപ്പോസ്തലന്മാരായി ചമയുന്ന, അധര്‍മികളായ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. തിന്മയുടെയും കുഴപ്പത്തിന്റെയും ആളുകള്‍ക്ക് അവരുടെ തിന്മകളും ദ്രോഹങ്ങളുമെല്ലാം മനോഹരമെന്ന് തോന്നിച്ചുകൊടുക്കുകയും അവരുടെ അധര്‍മങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കി സഹായിക്കുകയും ചെയ്യുന്നവരാണ് അവര്‍'' (മജ്മൂഉ റസാഇലിബ്‌നു ഹസം, 3/173).
ഭരണകൂടത്തിന്റെ കുഴലൂത്തുകാര്‍
ഇമാം ഇബ്‌നു ഹസമിന്റെ നിരീക്ഷണം നാം ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചാണോ എന്ന് തോന്നുക സ്വാഭാവികം. ഭരണകൂടത്തോട് ഒട്ടിനില്‍ക്കുകയും ഭരണകൂടം വെച്ചുനീട്ടുന്ന പാരിതോഷികങ്ങളും പുരസ്‌കാരങ്ങളും അവ ചാര്‍ത്തി നല്‍കുന്ന ബഹുമതി പട്ടങ്ങളും സാക്ഷ്യ-മംഗള പത്രങ്ങളും ജീവിത സര്‍വസ്വമായും മഹത്തായ ജീവിത സാഫല്യമായും കരുതുകയും കൊട്ടിഘോഷിക്കുകയും ചെയ്യുന്ന പണ്ഡിതന്മാര്‍ ഇന്നുണ്ട്. അവര്‍ തങ്ങളുടെ ഭൗതിക താല്‍പര്യ സംരക്ഷണത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി ഭരണകൂടത്തിന് അടിയറവ് പറയുകയും വസ്തുതകളെ വളച്ചൊടിക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയും അക്രമങ്ങളെ വെള്ള പൂശുകയും അജ്ഞത നടിക്കുകയും ചെയ്യുന്നു. ഇത്തരം പണ്ഡിതന്മാരെ എണ്ണിയെണ്ണി പറഞ്ഞ് അവര്‍ എങ്ങനെ ദുഷ്ടരും സ്വേഛാധിപതികളുമായ ഭരണാധികാരികളുടെയും പിശാചിന്റെയും കുഴലൂത്തുകാരായി തീരുന്നുവെന്ന് ഇമാം ഗസ്സാലി വിശദമായി വിവരിച്ചിട്ടുണ്ട്. ഇഹ്‌യാ ഉലൂമിദ്ദീന്‍ ആറും ഏഴും അധ്യായങ്ങള്‍ ഇഹലോകത്തിന് വേണ്ടി തങ്ങളുടെ പരലോകം വില്‍ക്കുന്ന പണ്ഡിതന്മാരെ തുറന്നുകാട്ടുന്നു (അല്‍ബാബുസ്സാദിസ് ഫി ആഫാത്തില്‍ ഇല്‍മി വ ബയാനി അലാമാത്തി ഉലമാഇല്‍ ആഖിറത്തി വല്‍ ഉലമാഇസ്സൂഅ്). അക്രമികളായ ഭരണാധികാരികളോടുള്ള സമീപനം എന്താവണമെന്ന് പഠിപ്പിച്ച മഹാന്മാരായ പണ്ഡിതന്മാര്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ വാക്കുകള്‍ക്ക് മരണമില്ല: ''എന്റെ ജയില്‍വാസം എനിക്ക് അല്ലാഹുവുമായി സംവദിക്കാനുള്ള ഏകാന്ത നിമിഷങ്ങളാണ്. എന്നെ നാടുകടത്തിയാല്‍ അതൊരു തീര്‍ഥയാത്രയായി ഞാന്‍ കണക്കാക്കും. എന്നെ വധിച്ചാലോ അത് എനിക്ക് ശഹാദത്ത് പദവി നേടിത്തരും. അവര്‍ക്ക് ഇനി എന്താണ് ചെയ്യാനാവുക?'' കലിമത്തുത്തൗഹീദിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച സയ്യിദ് ഖുത്വ്ബിന്റെ വാക്കുകള്‍ക്കും മരണമില്ല: ''നമ്മുടെ വാക്കുകള്‍ ആത്മാവും ജീവനും ഇല്ലാത്ത കേവലം മെഴുകു പാവകളാണ്. എന്നാല്‍ ആദര്‍ശവാക്യത്തിനു വേണ്ടി നാം ശഹാദത്ത് വരിച്ചാല്‍ ആ വാക്കുകളിലേക്ക് ആത്മാവ് പ്രവേശിക്കുകയും അവക്ക് ജീവന്‍ കൈവരികയും ചെയ്യും.''
അക്രമികളായ ഭരണാധികാരികളുടെ ഓരം പറ്റിനില്‍ക്കുകയും അവരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും അവര്‍ ഇഛിക്കുന്ന ഫത്‌വകള്‍ മെനഞ്ഞു നല്‍കുകയും ചെയ്യുന്ന പണ്ഡിതന്മാര്‍ അറിയപ്പെടുന്നത് 'ഉലമാഉസ്സലാത്വീന്‍' എന്ന പേരിലാണ്; അഥവാ അവര്‍ ഭരണാധികാരികളുടെ /സുല്‍ത്താന്മാരുടെ പണ്ഡിതന്മാരാണ്. സ്വേഛാധിപതികളുടെയും അക്രമികളുടെയും ഭരണകൂടം നിലകൊള്ളുന്നത് അഞ്ച് ഘടകങ്ങളിലാണ്: 1. നിസ്തുലനും അനിഷേധ്യനുമായി വാഴ്ത്തപ്പെടുന്ന ഒരു നായകന്‍. 2. എതിരാളികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഒരു സൈന്യം. 3. നേതാവും നായകനുമായ ഭരണകര്‍ത്താവ് സര്‍വാവലംബമാക്കി കൊണ്ടുനടക്കുന്ന ഒരു സാമ്പത്തികശക്തി. 4. ഭരണാധികാരിക്ക് ജയജയ പാടുകയും ജനമധ്യത്തില്‍ അയാളെ അലങ്കരിച്ച് ആഘോഷിക്കുകയും ചെയ്യുന്ന വാര്‍ത്താ മാധ്യമങ്ങള്‍. 5. അയാളുടെ ഭരണത്തിനും ഇടപെടലുകള്‍ക്കും നിയമസാധുതയും ന്യായീകരണവും ഉണ്ടാക്കി കൊടുക്കുന്ന മത-പുരോഹിത വൃന്ദം (ശൈഖ് മുഹമ്മദ് ഹസനുദ്ദദു -മൗറിത്താനിയ- ശന്‍ഖീത്തിയുമായി അല്‍ജസീറ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ നടത്തിയ നിരീക്ഷണം - 20.04.2017).
ഒന്നോര്‍ത്താല്‍, ഈ അഞ്ച് ഘടകങ്ങളും ഒത്തിണങ്ങിയ ഭരണകൂടമായിരുന്ന ഫിര്‍ഔനിന്റേത്. തെറ്റ് പറ്റാത്ത നായകനും നേതാവുമായി വാഴ്ത്തപ്പെട്ടു ഫിര്‍ഔന്‍. എല്ലാം അടിച്ചമര്‍ത്തുന്ന വിധ്വംസക ശക്തി അയാളുടെ സൈന്യം. സാമ്പത്തിക പിന്‍ബലമായി ഖാറൂന്‍, വിശ്വാസികളാകുന്നതിനു മുമ്പേ ഫിര്‍ഔനെ പിന്തുണക്കാനായി മുന്നില്‍ നിന്ന ആഭിചാരകന്മാര്‍, പിന്നെ മത-പുരോഹിത വര്‍ഗം.
ഭരണാധികാരികള്‍ക്ക് കുഴലൂത്ത് നടത്തുന്ന പണ്ഡിതന്മാരുടെ രംഗപ്രവേശത്തിന് ചില കാരണങ്ങളുണ്ട്:
1. അവരെ വാര്‍ത്തെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരെ കേവലം പണ്ഡിതന്മാരാക്കിത്തീര്‍ത്തു എന്നല്ലാതെ 'റബ്ബാനി'കളായ പണ്ഡിതന്മാരാക്കുന്നതില്‍ ശ്രദ്ധയൂന്നിയില്ല.
2. മറ്റു പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പിക്കാതെ, തന്നെ ആചാര്യപദവിയില്‍ സ്വയം പ്രതിഷ്ഠിക്കാനുള്ള വെമ്പല്‍. തനിക്കും തന്റെ ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിനും ഭരണമേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഭരണകൂടങ്ങളെ കണ്ണടച്ച് പിന്തുണക്കുന്നതു മൂലം സാധിക്കും എന്ന വിശ്വാസം.
3. ഭീരുത്വവും ഭരണാധികാരികളോടുള്ള ഭയവും. സമൂഹം എന്തായാലും താനും തന്റെ ഭൗതികതാല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വാര്‍ഥ മോഹങ്ങള്‍ക്ക് ഊനം ഉണ്ടാവരുതെന്നുമുള്ള നിര്‍ബന്ധം.
4. ഭരണാധികാരികളുമായുള്ള അടുപ്പവും ചങ്ങാത്തവും. തനിക്ക് എവിടെയും പ്രവേശനമുണ്ടെന്ന വീരസ്യം അത്തരക്കാരെ ഭരണാധികാരികളുടെ ദൂഷിത വലയത്തിന്റെ ഭാഗമാക്കും. ഈ പ്രവണത മുന്‍കൂട്ടി കണ്ടാവണം നബി (സ) മുന്നറിയിപ്പ് നല്‍കിയത്: അബൂ സഈദില്‍ ഖുദ്‌രി (റ) നിവേദനം: നബി (സ) പറഞ്ഞു: ''ചില ഭരണാധികാരികള്‍ വരാനിരിക്കുന്നു. ജനങ്ങളിലെ ചില വഞ്ചകപ്പരിഷകള്‍ അവരെ ആലിംഗനം ചെയ്ത് അവരോട് ചേര്‍ന്നു നില്‍ക്കും. അക്രമം പ്രവര്‍ത്തിക്കുകയും കളവ് പറയുകയും ചെയ്യുന്നവരാണ് ആ ഭരണാധികാരികള്‍. അവരുടെ അക്രമങ്ങള്‍ക്ക് അവരെ സഹായിക്കുകയും അവരുടെ കളവുകള്‍ സത്യമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ എന്നില്‍ പെട്ടവരല്ല. ഞാന്‍ അവരില്‍ പെട്ടവനുമല്ല. അത്തരം ഭരണാധികാരികളെ പിന്തുണക്കാതിരിക്കുകയും അവരുടെ വ്യാജോക്തികളെയും കള്ളങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്നവര്‍. അവര്‍ എന്നില്‍ പെട്ടവരാണ്. ഞാന്‍ അവരില്‍ പെട്ടവനുമാണ്'' (അഹ്മദ്).
ഹുദൈഫതുബ്‌നുല്‍ യമാന്‍ (റ) പറഞ്ഞു: ''ഫിത്‌ന'യുടെ ഇടങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കണം. ഭരണാധികാരികളുടെ കൊട്ടാര കവാടങ്ങളാണവ. ഭരണാധികാരികളെ സമീപിച്ച് അവരുടെ കള്ളങ്ങള്‍ സത്യമാണെന്ന് പറയുകയും അയാളില്‍ ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്നു ധരിപ്പിക്കുകയും ചെയ്യാന്‍ അവിടെ കടന്നു ചെല്ലുന്നവര്‍ ശ്രമിക്കും'' (ശറഹുസ്സുന്ന ലില്‍ ബഗ്‌വി 14/395). അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ നിരീക്ഷണം: ''ഭരണാധിപന്മാരുടെ ആസ്ഥാന കവാടങ്ങള്‍ ഫിത്‌നയുടെ കുടിപ്പാര്‍പ്പു കേന്ദ്രങ്ങളാണ്. അല്ലാഹുവാണ സത്യം, അവര്‍ നിങ്ങള്‍ക്ക് വെച്ചു നീട്ടുന്ന ദുന്‍യാവ്, നിങ്ങളുടെ ദീനിന്റെ നാശത്തിലേ അവസാനിക്കൂ'' (ജാമിഉ മുഅമ്മറുബ്‌നു റാശിദ്).
5. സമൂഹത്തില്‍ പടര്‍ന്നുപിടിച്ച ഭൗതിക സുഖാഡംബര പ്രമത്തത എന്ന വ്യാധി. എങ്ങനെയും സമ്പാദിക്കണമെന്നാണ് എല്ലാവരുടെയും മോഹം. പണ്ഡിതന്മാരും ഇതില്‍നിന്നൊഴിവല്ല. തന്റെ കുട്ടികള്‍ക്കും കുടുംബത്തിനും സര്‍വ ഐശ്വര്യങ്ങളോടും കഴിയാന്‍ കൊട്ടാരസദൃശമായ ഭവനം, പ്രൗഢി വിളിച്ചറിയിക്കുന്ന വിലകൂടിയ വാഹനം-ഇവയെല്ലാം യഥേഷ്ടം ലഭിക്കും. അത്തരം പണ്ഡിതന്മാരെ കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്: ''നാം നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അറിവ് നല്‍കിയിട്ടുണ്ടായിരുന്ന ആ മനുഷ്യന്റെ അവസ്ഥ പ്രവാചകന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുക. ആ ജ്ഞാനി തന്റെ ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്ന് കുതറിച്ചാടി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ ആയിത്തീര്‍ന്നു. നാം ഇഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍ വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ അയാളോ മണ്ണിലേക്ക് ഒട്ടിക്കളയുകയും സ്വേഛകളെ തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതു പോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അത് കിതച്ചു നാക്ക് നീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കു നീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ'' (അല്‍ അഅ്‌റാഫ് 175,176).
6. ഭരണകൂടങ്ങള്‍ക്കും ഇത്തരം പണ്ഡിതന്മാരെ ആവശ്യമാണ്. ഭരണകൂടങ്ങളുടെ അത്യാചാരങ്ങളെയും വംശഹത്യകളെയും അക്രമപ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുന്ന പണ്ഡിതന്മാരെ അവര്‍ ചെല്ലും ചെലവും നല്‍കി കൂടെ നിര്‍ത്തും. അവര്‍ക്ക് ഭരണകൂടത്തിന്റെ ഒത്താശയോടെ വേദികളും സമിതികളും ഉണ്ടാക്കി നല്‍കും. അവരുടെ ഏതാവശ്യവും നിറവേറ്റിക്കൊടുക്കും. തങ്ങളുടെ 'തിരുവായ്ക്ക് എതിര്‍വായ്' പറയാത്ത അനുയായിവൃന്ദങ്ങളാണ് ആ പണ്ഡിതന്മാരുടെ മൂലധനം. അത്തരം ശൈഖുമാരെയും മുരീദുമാരെയും ഏത് കാലത്തും ഭരണകൂടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നു കാണാം. ഓരോ കാലത്തും അവര്‍ പല പേരുകളില്‍ അറിയപ്പെട്ടു.
നട്ടെല്ല് വളക്കാത്ത പണ്ഡിതന്മാര്‍
അക്രമികളായ ഭരണാധികാരികള്‍ക്ക് മുന്നില്‍ നട്ടെല്ല് വളക്കാതെ നിവര്‍ന്നു നിന്ന് പോരാടിയ ചരിത്രത്തിന്റെ സ്രഷ്ടാക്കളുണ്ട്. ഇമാം അഹ്മദുബ്‌നു ഹമ്പലിന് (മരണം, ഹിജ്‌റ 241) നിരവധി പീഡനങ്ങളും ഭേദ്യങ്ങളും ഏറ്റുവാങ്ങി വര്‍ഷങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ഇമാം ബുഖാരി (മരണം ഹി. 256)ക്കും ഉണ്ടായി സമാന അനുഭവം. ബുഖാരിക്കും ബുഖാറാ ഭരണാധികാരിക്കുമിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇമാം ദഹബി 'സിയറു അഅ്‌ലാമിന്നുബലാഅ്' എന്ന ഗ്രന്ഥത്തില്‍ ഒരു സംഭവം വിവരിക്കുന്നു. ബുഖാറാ ഗവര്‍ണര്‍ ഇമാം ബുഖാരിക്ക് സന്ദേശമയച്ചു. ''താങ്കളുടെ 'അല്‍ജാമിഅ്', 'അത്താരീഖ്' എന്നീ ഗ്രന്ഥങ്ങളുമായി എന്റെ സന്നിധിയില്‍ ഹാജരാവുക. എനിക്ക് താങ്കളില്‍നിന്ന് അവ കേള്‍ക്കണമെന്നുണ്ട്.'' ദൂതനോട് ഇമാം ബുഖാരി (റ): ''വിജ്ഞാനത്തെ ഞാന്‍ നിന്ദിക്കില്ല. ജനങ്ങളുടെ വാതില്‍ പടികളിലേക്ക് അവ ചുമന്നുകൊണ്ട് പോവുകയില്ല. നിങ്ങള്‍ക്ക് വല്ല ആവശ്യവുമുണ്ടെങ്കില്‍ എന്റെ പള്ളിയില്‍ വരാം, എന്റെ വീട്ടില്‍ വരാം.'' മമാലിക് രാജാക്കന്മാരുടെ യുഗത്തില്‍ ജീവിച്ച ഇമാം സ്വുയൂത്വിക്കുമുണ്ടായി അത്തരം അനുഭവങ്ങള്‍. ഭരണാധികാരികളുമായുള്ള ബന്ധത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തി ഇമാം. ഭരണാധികാരികളുമായി സൂക്ഷിക്കേണ്ട അകലത്തെക്കുറിച്ച് ഉണര്‍ത്തുന്ന ഗ്രന്ഥം തന്നെ രചിച്ചു അദ്ദേഹം. 'മാ റവാഹുല്‍ അസാത്വീനു ഫീ അദ്മില്‍ മജീഇ ഇല സ്സ്വലാത്വീന്‍'. ഈ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്ന ഒരു സംഭവം. അബ്ദുല്ലാഹിബ്‌നു അബ്ദില്‍ മലികു ബ്‌നു മര്‍വാന്‍ മദീനയില്‍ വന്നു. തന്റെ പരിചാരകനെ രാജാവ് മഹാ പണ്ഡിതനായ സഈദുബ്‌നുല്‍ മുസയ്യിബിന്റെ അരികത്തേക്കയച്ചു. 'അമീറുല്‍ മുഅ്മിനീന്‍ അങ്ങയെ വിളിക്കുന്നു, വന്നാലും.' സഈദ്: 'അയാളുടെ ആവശ്യം എന്താണ്?' പരിചാരകന്‍: 'അങ്ങ് അദ്ദേഹവുമായി സംസാരിക്കാനാണ്.' സഈദ്: 'ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.' പരിചാരകന്‍ നിരാശനായി മടങ്ങി. രാജാവിനെ വിവരം ധരിപ്പിച്ചു. രാജാവ് ഒന്നും ഉരിയാടിയില്ല.
ഭരണാധികാരികളുമായി കൃത്യമായ അകലം പാലിക്കുന്നതില്‍ ജാഗരൂകരായിരുന്നു മുന്‍കാല പണ്ഡിതന്മാര്‍. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വിടുവേല ചെയ്യുന്നത് മഹാ പാപമായി ഗണിച്ചു അവര്‍. സമൂഹ മനസ്സില്‍ ആ പണ്ഡിതവര്യരെ കുറിച്ച മതിപ്പ് കൂട്ടി ജാഗ്രത്തായ ഈ നിലപാട്. അധികാരകേന്ദ്രങ്ങളുമായി ഉറ്റബന്ധം സ്ഥാപിച്ച് ഭരണത്തിന്റെ ഭ്രമണപഥത്തില്‍ കറങ്ങി ജീവിതകാലം കഴിച്ചവരും പണ്ഡിതന്മാരുടെ ഗണത്തില്‍ ഉണ്ടായിരുന്നു എന്ന വസ്തുത നിഷേധിക്കുന്നില്ല.
ഭരണാധികാരികളില്‍നിന്ന് സമ്മാനമായോ ശമ്പളമായോ ഒന്നും കൈപ്പറ്റുകയില്ലെന്നും അവരുമായുള്ള ഉദാരമായ ഇടപഴക്കം തങ്ങളുടെ ദീനീ നിലപാടുകളെ പ്രതികൂലമായി ബാധിക്കുമെന്നും വിശ്വസിച്ച പണ്ഡിതന്മാരായിരുന്നു ഏറിയ കൂറും. മഹാനായ താബിഈ പണ്ഡിതന്‍ ഇമാം സുഫ്‌യാനുസ്സൗരി (മ. ഹി. 161) ഭരണാധികാരി തനിക്ക് വീതിച്ചു നല്‍കിയ ഗനീമത്ത് മുതല്‍ ഓഹരി സ്വീകരിക്കാന്‍ വിസമ്മതിച്ചു. കാരണം പറഞ്ഞത്; 'അത് എനിക്ക് ഹലാലായ മുതലാണെന്നറിയാം. പക്ഷേ അതുമൂലം എന്റെ ഹൃദയത്തില്‍ ഭരണാധികാരികളോടുള്ള സ്‌നേഹവും അടുപ്പവും ഉണ്ടാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്നാണ്.
തങ്ങളുടെ പിതാക്കന്മാര്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്മാരായതു മൂലം ഉണ്ടായ വരുമാനത്തില്‍നിന്ന് ആര്‍ജിച്ച സമ്പത്താവാം എന്ന് കരുതി അനന്തര സ്വത്ത് വാങ്ങാന്‍ കൂട്ടാക്കാതിരുന്ന പണ്ഡിതന്മാരുണ്ട്. ദഹബി രേഖപ്പെടുത്തുന്നു: ''ഇമാമും മുഹദ്ദിസുമായ യസീദുബ്‌നു സരീഇന്റെ പിതാവ് മരണമടഞ്ഞു. ഇറാഖിലെ അബുല്ല പ്രവിശ്യയില്‍ ഗവര്‍ണറായിരുന്ന പിതാവ് അഞ്ചു ലക്ഷം ദീനാറിനുള്ള സ്വത്ത് വിട്ടേച്ചാണ് മരണപ്പെട്ടത്. അതില്‍നിന്ന് ഒരു ചില്ലിക്കാശ് പോലും സ്വീകരിക്കാന്‍ മകന്‍ യസീദ് തയാറായില്ല.''
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടോടെയാണ് പണ്ഡിതന്മാര്‍ വ്യാപകമായ തോതില്‍ ഭരണാധികാരികളുടെ സഹായവും 'കൈമടക്കും' സ്വീകരിക്കുന്ന സ്ഥിതി വന്നത്. പള്ളികളില്‍നിന്ന് വേര്‍പെട്ട വിദ്യാ കേന്ദ്രങ്ങളും പാഠശാലകളും നിലവില്‍ വന്നതോടെ പണ്ഡിതന്മാരുടെ സ്വതന്ത്രമായ നിലനില്‍പിനും നിലപാടുകള്‍ക്കും അത് വിഘാതമായേക്കുമോ എന്ന ഭയപ്പാടുമുണ്ടായിരുന്നു പണ്ഡിതന്മാരില്‍ പലര്‍ക്കും. 'ഭരണാധികാരികള്‍ തങ്ങളുടെ സ്തുതിപാഠകന്മാര്‍ക്ക് വാരിക്കോരി നല്‍കി. തങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും തങ്ങളെ പ്രകീര്‍ത്തിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരെ ഭരണാധികാരികള്‍ക്കാവശ്യമായിരുന്നു. വിദ്വല്‍സദസ്സുകള്‍ക്ക് തിളക്കം കൂട്ടാന്‍ പണ്ഡിതന്മാരുടെ സാന്നിധ്യവും ഭരണാധികാരികള്‍ അഭികാമ്യമായി കരുതി.' ഇമാം ഗസ്സാലിയുടേതാണ് ഈ നിരീക്ഷണം.
ജനങ്ങളെ കഷ്ടപ്പെടുത്തി നികുതിയും ചുങ്കവും പിരിച്ച് ഭരണാധികാരികള്‍ ഉണ്ടാക്കുന്ന സമ്പത്തിന്റെ വിഹിതം പറ്റാന്‍ മത്സരിച്ച പണ്ഡിതന്മാരെ അധിക്ഷേപിച്ച് സ്‌പെയിനിലെ പണ്ഡിതനായ ശന്‍തറീനി (മ.ഹി. 542) 'അദ്ദഖീറതു ഫീ മഹാസിനി അഹ്‌ലില്‍ ജസീറ' എന്ന ഗ്രന്ഥത്തില്‍ ഉപന്യസിച്ചിട്ടുണ്ട്. സമഖ്ശരി (മ. ഹി. 539) തന്റെ ഗ്രന്ഥമായ 'മഖാമാത്തി'ല്‍ 'ഉലമാഉസ്സൂഇ'നെ വിമര്‍ശിച്ച് എഴുതുന്നു: ''ഈ ഉലമാഉസ്സൂഇന്റെ (ദുഷ്ട പണ്ഡിതന്മാര്‍) കാര്യം അത്ഭുതം തന്നെ. അവര്‍ ശര്‍ഈ വിധികളും കല്‍പനകളുമൊക്കെ കണിശമായും കര്‍ക്കശമായും ക്രോഡീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഉമറാഉസ്സൂഇനു വേണ്ടി (ദുഷ്ട ഭരണാധികാരികള്‍) അവയില്‍ വെള്ളം ചേര്‍ക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്തു അവര്‍.'' ഭരണാധികാരികളെ സുഖിപ്പിക്കുന്ന ഫത്‌വകള്‍ നല്‍കുന്ന ഫുഖഹാക്കളെയും പണ്ഡിതന്മാരെയും കുറ്റവാളികളെന്നും വഞ്ചക പരിഷകളെന്നും വിശേഷിപ്പിക്കാന്‍ പണ്ഡിതവര്യനായ ഇമാം ഖറാഫി (മ. ഹി. 684) മടിക്കുന്നില്ല.
ഭരണാധികാരികളെ ദുഷിപ്പിക്കുന്നതില്‍ പധാന പങ്ക് പണ്ഡിതന്മാര്‍ക്കാണെന്ന് താജുദ്ദീനുസ്സുബ്കി (ഹിജ്‌റ 771) വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നു. 'ത്വബഖാത്തുശ്ശാഫിഇയ്യ'യില്‍ അദ്ദേഹം എഴുതി: ''ഭരണാധികാരികളെ നശിപ്പിക്കുന്നത് ഫുഖഹാക്കളിലെ അധര്‍മികളാണ്. ഫുഖഹാക്കളിലുണ്ട് സദ്‌വൃത്തരും ദുര്‍വൃത്തരും. സദ്‌വൃത്തര്‍ ഭരണാധികാരികളുടെ വാതില്‍ക്കല്‍ ചെല്ലില്ല. ദുര്‍വൃത്തരാവട്ടെ ഭരണാധികാരികളെ തേടിച്ചെല്ലും. പിന്നെ ഭരണാധികാരികളുടെ ഇഛക്കൊത്ത വിധം മതവിധികള്‍ നല്‍കുകയല്ലാതെ അവര്‍ക്ക് ഗത്യന്തരമുണ്ടാവില്ല. ആയിരം പിശാചുക്കളേക്കാള്‍ ജനങ്ങള്‍ക്ക് ഉപദ്രവകാരികളാണ് അത്തരം പണ്ഡിതന്മാര്‍. സദ്‌വൃത്തരായ പണ്ഡിതന്മാരാവട്ടെ ആയിരം ആബിദുകളേക്കാള്‍ മികച്ചവരും.''
ബഹുജന വികാരങ്ങളോടൊപ്പം നിലകൊണ്ട് രാഷ്ട്രീയ നേതൃത്വങ്ങളെക്കൊണ്ട് പാവങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതില്‍ വിജയിച്ച പണ്ഡിതന്മാരും ധാരാളമുണ്ട്. ആര്‍ജവത്തിന്റെയും തന്റേടത്തിന്റെയും ഉത്തമോദാഹരണങ്ങള്‍ രചിച്ച അത്തരം പണ്ഡിത ഗണത്തില്‍ പെട്ട മഹദ് വ്യക്തിത്വമാണ് ഖാദിശ്ശഹീദ് അബൂ അബ്ദില്ലാഹിബ്‌നില്‍ ഫര്‍റാഅ് അല്‍ അന്‍ദുലീസി (മരണം ഹി. 537). സ്‌പെയിന്‍ -മൊറോക്കോ രാജാവായ അലിബ്‌നു യൂസുഫ് താശഫീനുല്ലാതൂനി, സൈനിക മുന്നേറ്റങ്ങള്‍ക്ക് കരം പിരിക്കാന്‍ മുതിര്‍ന്നപ്പോള്‍ ആ പണ്ഡിതവര്യന്റെ ശൗര്യം സ്ഫുരിക്കുന്ന വീറുറ്റ കത്ത് അവസാനിക്കുന്നത് ഇങ്ങനെ: ''സംഭാവന എന്ന പേരില്‍ നിങ്ങള്‍ പിരിച്ചുണ്ടാക്കുന്ന ഈ സമ്പത്ത് പാവങ്ങളായ അനാഥകളെയും ദരിദ്ര ജനസഹസ്രങ്ങളെയും അടിച്ചമര്‍ത്തിയും ഞെക്കിപ്പിഴിഞ്ഞും ഉണ്ടാക്കുന്നതാണ്. ദുഷ്ടപണ്ഡിതന്മാരായിരിക്കാം നിങ്ങള്‍ക്കിതിന് ഉപദേശം നല്‍കിയത്.'' പിരിച്ച പണം രാജാവ് തിരികെ നല്‍കി പ്രശ്‌നം അവസാനിപ്പിച്ചു.
താര്‍ത്താരികളെ ചെറുക്കാന്‍ മംലൂക് ഭരണാധികാരി ളാഹിര്‍ ബീബറസ് ശാം നിവാസികളില്‍നിന്ന് സഹായവും സംഭാവനയും ആവശ്യപ്പെട്ടപ്പോള്‍ പല പണ്ഡിതന്മാരും അതിന് അനുവാദം നല്‍കി. പക്ഷേ ഇമാം നനവി അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അദ്ദേഹം രാജാവിനെഴുതി: 'അമീര്‍ അലാഉദ്ദീന്റെ അടിമയായിരുന്നുവല്ലോ നിങ്ങള്‍. നിങ്ങള്‍ക്ക് സാമ്പത്തികശേഷിയില്ലായിരുന്നു. പിന്നെ ഈ സമ്പത്തൊക്കെ അല്ലാഹു നല്‍കി. നിങ്ങളുടെ അധീനതയില്‍ ആയിരം അടിമകളും നൂറുകണക്കിനു വെപ്പാട്ടികളുമുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. അവരുടെ കൈയില്‍ കുമിഞ്ഞുകൂടിയ ആഭരണങ്ങളും സമ്പത്തുകളും എടുത്തിട്ട് പോരേ പാവങ്ങളെ പിഴിയുന്നത്?' ഇമാം നവവിയുടെ ഉറച്ച നിലപാടിനു മുന്നില്‍ രാജാവിന് പിടിച്ചുനില്‍ക്കാനായില്ല.
Comments