ഉമര്‍ ഗൗതമിന്റെ അറസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
പ്രശസ്ത ജര്‍മന്‍ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ 'വിചാരണ' എന്ന നോവല്‍ ഒരു നൂറ്റാണ്ട് മുമ്പാണ് എഴുതപ്പെട്ടതെങ്കിലും അതിലെ കഥാപാത്രങ്ങള്‍ക്കും കഥാപരിസരങ്ങള്‍ക്കും തുടര്‍ച്ചകളുണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. പലപ്പോഴും അവിശ്വസനീയമെന്നും അസംഭവ്യമെന്നും തോന്നിക്കുന്ന, നീതിയുടെയും മനുഷ്യാവകാശത്തിന്റെയും വെളിച്ചത്തുരുത്തുകള്‍ ലവലേശം കണ്ടെത്താന്‍ കഴിയാത്ത ഇരുണ്ട ലോകത്തെയാണ് കാഫ്കയുടെ 'വിചാരണ'യുള്‍പ്പെടെയുള്ള കൃതികള്‍ ആവിഷ്‌കരിക്കുന്നത്. നോവലില്‍ ജോസഫ് കെ എന്ന ബാങ്ക് മാനേജര്‍ കഥാപാത്രത്തെ കൃത്യമായ കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ സ്റ്റേറ്റിന്റെ ഏജന്റുമാര്‍ തട്ടിക്കൊണ്ടുപോവുകയും അയാള്‍ ചെയ്ത കുറ്റം അവ്യക്തമായി തുടരുകയും ചെയ്യുന്നു.
അതുകൊണ്ടാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മനീഷാ സേഥി അവരുടെ പുസ്തകത്തിന് 'കാഫ്ക ലാന്റ്' എന്ന് പേരിട്ടത്. കൃത്യമായ കാരണങ്ങളില്ലാതെ ഭീകരത ആരോപിച്ചും കരിനിയങ്ങള്‍ ചുമത്തിയും ഭരണകൂടം അന്യായമായി അറസ്റ്റ് ചെയ്യുകയും വിചാരണ നീണ്ടുപോവുകയും അതുവഴി വര്‍ഷങ്ങളോളം ഇന്ത്യന്‍ ജയിലുകളില്‍ ജീവിതം ഹോമിക്കേണ്ടിവരികയും ചെയ്ത നിരപരാധികളെക്കുറിച്ചും അതിന് കാരണമായ കരിനിയമങ്ങളെക്കുറിച്ചും അടിമുടി കാവിവത്കരിക്കപ്പെട്ട സ്റ്റേറ്റിന്റെ സംവിധാനങ്ങളെക്കുറിച്ചുമെല്ലാം ആ പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
നമ്മുടെ രാജ്യം എന്നോ ഒരു കാഫ്കാ ലാന്റായി പരിണമിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സംഘ് പരിവാര്‍ ഭരണകൂട ഭീകരതയുടെ ഭാഗമായി പലതരം ഫാബ്രിക്കേറ്റഡ് കഥകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ വ്യാപകമായി നിരപരാധികള്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്കിടയിലേക്ക് മുസ്‌ലിം മത പണ്ഡിതരും പ്രബാധകരും പുതുതായി വരവു വെക്കപ്പെടുകയാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ചുനല്‍കിയിട്ടുള്ള സമാധാനപൂര്‍ണമായ മതപ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഉത്തര്‍ പ്രദേശിലെ മുഹമ്മദ് ഉമര്‍ ഗൗതം എന്ന ശ്യാം പ്രതാപ് സിംഗ് ഗൗതമിന്റെ അന്യായമായ അറസ്റ്റ് തരുന്ന സൂചനകള്‍ പലതാണ്.
'തബ്‌ലീഗ് കോവിഡി'നു ശേഷം അത്യധികം ഉത്സാഹത്തോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉത്തരേന്ത്യയിലെ വാര്‍ത്താ ചാനലുകള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് ഉമര്‍ ഗൗതമിനെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മത പ്രബോധന -പ്രചാരണ സംരംഭങ്ങളെക്കുറിച്ചുമാണ്. ഉമര്‍ ഗൗതമിനു മേല്‍ യോഗിയുടെ യു.പി പോലീസ് ആരോപിക്കുന്നത് പലതരം കുറ്റങ്ങളാണ്. അദ്ദേഹം പല കണ്ണികളുള്ള മതംമാറ്റ റാക്കറ്റിന് നേതൃത്വം കൊടുക്കുന്നു, ഇതുവരെ ആയിരത്തോളം പേരെ നിര്‍ബന്ധിച്ച് മതംമാറ്റി വിദേശ ഫണ്ട് സ്വീകരിക്കുന്നു, പാക് ചാരസംഘടനയായ ഐ.സ്.ഐയുമായി ബന്ധം സ്ഥാപിക്കുന്നു എന്നിങ്ങനെയാണ് സ്റ്റേറ്റ് ഭാഷ്യത്തിന്റെ ചുവടു പിടിച്ച് ചാനലുകള്‍ ചര്‍ച്ച പൊലിപ്പിച്ചെടുക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് ഇതുവരെ കൃത്യമായ ഒരു തെളിവ് ആര്‍ക്കും ഹാജരാക്കാനായിട്ടില്ല. മറ്റു പലതിലുമെന്നതു പോലെ ഇതിലും യു.പി പോലീസിന്റെ കൃത്യമായ തിരക്കഥയുണ്ടായിട്ടുണ്ട്.
ഉമറും കൂട്ടാളികളും ആയിരത്തോളം പേരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന് മീഡിയയും പോലീസും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഉമര്‍ വഴി ഇസ്ലാം സ്വീകരിച്ച ഒരാള്‍ പോലും ആ ആരോപണം ശരിവെക്കാന്‍ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.
ഇന്ത്യന്‍ ഭരണഘടന ഒാരോ പൗരനും അനുവദിച്ചു നല്‍കിയിട്ടുള്ള സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിധമായ മതപ്രബോധനത്തിന്റെയും ആശയപ്രചാരണത്തിന്റെയും വഴിയിലൂടെ തന്നെയായിരുന്നു ഉമര്‍ ഗൗതം സഞ്ചരിച്ചതെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സൂചിപ്പിക്കുന്നുണ്ട്.
ഉമര്‍ ഗൗതമിനെയും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാപനം ഐ.ഡി.സി(ഇസ്‌ലാമിക് ദഅ്‌വാ സെന്റര്‍)യെയും നേരത്തെ തന്നെ സംഘ് പരിവാര്‍ നോട്ടമിട്ടിരുന്നു. പറ്റിയ ഒരവസരത്തിനു വേണ്ടി യോഗി പോലീസ് കാത്തിരിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. ഉമര്‍ മതംമാറ്റ രേഖകള്‍ ശരിയാക്കി നല്‍കിയ രണ്ട് പേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ഉമര്‍ ഗൗതമിനെയും ഇസ്‌ലാമിക് ദഅ്‌വാ സെന്റര്‍ ജീവനക്കാരന്‍ മുഫ്തി ജഹാംഗീര്‍ ഖാസിമിയെയും അറസ്റ്റ് ചെയ്യുന്നത്. ഇസ്ലാം സ്വീകരിക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ഉമര്‍ നിയമ സഹായം നല്‍കാറുണ്ട്. നൂറുകണക്കിനാളുകള്‍ക്ക് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട തീര്‍ത്തും നിയമാനുസൃതമായ രേഖകള്‍ തയാറാക്കി നല്‍കിയിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക് ദഅ്‌വാ സെന്ററാകട്ടെ ഭരണഘടന അംഗീകരിക്കുന്ന തരത്തിലുള്ള മതപ്രബോധനം നടത്തുന്നതിനോടൊപ്പം ധാരാളം സേവന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. പട്ടിണിയില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തും ശൈത്യം കഠിനമാകുന്ന സീസണുകളില്‍ പാവപ്പെട്ടവര്‍ക്ക് കമ്പിളിപ്പുതപ്പ് നല്‍കിയും കോവിഡ് രൂക്ഷമായ സമയത്ത് രോഗികള്‍ക്ക് ആവശ്യമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയും ഉമറും അദ്ദേഹത്തിന്റെ സ്ഥാപനവും മുന്‍ നിരയിലുണ്ടായിരുന്നു. മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യമായി കൊണ്ടുനടക്കുന്നവര്‍ക്ക് ഇതൊക്കെ അസഹ്യമായിരുന്നു. അതിനാല്‍ ഉമര്‍ ഗൗതമിനെ എത്രയും പെട്ടെന്ന് പൂട്ടേണ്ടത് യോഗിയുടെ പോലീസിന്റെ ആവശ്യമായിരുന്നു. ഉമര്‍ ഗൗതമിനെ സംഘ് പരിവാര്‍ ഭയക്കുന്നതിന് വേറെയും ചില കാരണങ്ങളുണ്ട്. ഇസ്‌ലാമിക പ്രബോധനരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണദ്ദേഹം. മുന്‍ പ്രധാനമന്ത്രി വി.പി സിംഗിന്റെ അനന്തരവനാണെന്ന പ്രത്യേകതയുമുണ്ട്. ഉത്തര്‍ പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ രജപുത്ര കുടുംബാംഗങ്ങളാണ് ഉമറും ഭാര്യ റസിയയും.
സംഘ് പരിവാര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ടു നീങ്ങുന്നത്. സി.എ.എ -എന്‍.ആര്‍.സി സമരകാലത്ത് സര്‍വകലാശാലാ വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും വ്യാപകമായി വേട്ടയാടിയ യോഗി ഭരണകൂടം പിന്നീട് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കള്ളക്കഥയുണ്ടാക്കി അറസ്റ്റ് ചെയ്ത് കൃത്യമായ സന്ദേശം നല്‍കുകയായിരുന്നു. ഉമര്‍ ഗൗതമിന്റെ അറസ്റ്റോടെ സംഘ് പരിവാര്‍ അതിന്റെ അജണ്ടകളെ കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിക്കാന്‍ തയാറെടുക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്ട്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സ്വന്തം ജനതക്കും ലോകത്തിനും മുന്നില്‍ നാണം കെടുകയും ജനക്ഷേമം പാടേ കൈയൊഴിയുകയും ചെയ്ത സംഘ് പരിവാര്‍ ഭരണകൂടത്തിന്റെ എക്കാലത്തെയും ജീവവായു വംശീയതയും വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും തന്നെയാണ്. ലക്ഷദ്വീപും ഉമര്‍ ഗൗതമിന്റെ അറസ്റ്റുമെല്ലാം അതിന്റെ തുടര്‍ച്ചയാണ്.
Comments