Prabodhanm Weekly

Pages

Search

2021 ജൂലൈ 09

3209

1442 ദുല്‍ഖഅദ് 28

കൊച്ചിയിലെ ഇസ്‌ലാമിക നവജാഗരണം

ടി.കെ ഹുസൈന്‍

ഫോര്‍ട്ട്‌കൊച്ചിയിലെ സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗല്ലിയിലെ വാടകവീട്ടിലായിരുന്നു എന്റെ ജനനം. അക്കാലത്ത് ജനന തീയതി രേഖപ്പെടുത്തിവെക്കുന്ന പതിവില്ല. ഏതെങ്കിലും സംഭവത്തോട് ചേര്‍ത്ത് ജനിച്ച ദിവസത്തെ ഓര്‍ത്തുപറയുകയാണ് പതിവ്. ഉദാഹരണത്തിന്, 1939-'45 കാലത്ത് യുദ്ധം ഭയന്ന് നാടുവിട്ട സംഭവം നടന്നിരുന്നു. അതിനോട് ചേര്‍ത്ത് 'യുദ്ധം ഭയന്ന് പോയപ്പോള്‍ മൂത്തമകന്‍ വയറ്റിലായിരുന്നു'വെന്ന് പറയും. എന്റെ ജനന തീയതിയുടെ കാര്യത്തിലും അവ്യക്തത ഉണ്ടായിട്ടുണ്ട്. ഏതായാലും സ്‌കൂള്‍ രേഖപ്രകാരം 1949 ജൂണ്‍ ഒന്നിനാണ് ജനനം. ഒരുപക്ഷേ, ജൂണ്‍ മാസത്തില്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അതിലേക്ക് ചേര്‍ത്ത് തീയതി രേഖപ്പെടുത്തിയതാവാം.  ജനനം കൊച്ചിയിലാണെങ്കിലും, കുടുംബവേരുകള്‍ കിടക്കുന്നത് മലബാറിലാണ്. മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശി ടി.കെ കോയക്കുട്ടിയായിരുന്നു ഉപ്പ. താനൂരിലെ കോര്‍മെന്‍ ബീച്ച് ഭാഗത്താണ് അദ്ദേഹത്തിന്റെ കുടുംബം താമസിച്ചത്. തെങ്ങിലകത്തെന്നായിരുന്നു വീട്ടുപേര്. ഇപ്പോഴുമവിടെ ഉപ്പയുടെ സഹോദരന്മാരായ മുഹമ്മദലിയുടെയും  തിരുച്ചിറപ്പള്ളിയില്‍ താമസമാക്കിയ മുഹമ്മദിന്റെയും മക്കള്‍ താമസിക്കുന്നുണ്ട്. പോര്‍ട്ടിലെ തൊഴിലില്‍ കണ്ണുവെച്ച്  ജോലി ആവശ്യാര്‍ഥം ഉപ്പ ഫോര്‍ട്ട്‌കൊച്ചിയില്‍ വരികയാണുണ്ടായത്. കപ്പലില്‍നിന്ന് ചരക്ക് വലിയ തോണിയിലിറക്കി എഫ്.എ.സി.ടി, എച്ച്.എം.ടി പോലുള്ള കമ്പനികളിലേക്ക് കൊണ്ടുപോകുന്ന കോണ്‍ട്രാക്റ്റ് വര്‍ക്ക് സ്രാങ്കായിട്ടായിരുന്നു ഉപ്പയുടെ ജോലി. 
ഉമ്മ ഖദീജ, പട്ടാമ്പിയിലെ പാലത്തിങ്കല്‍ കുടുംബത്തിലെ അംഗമാണ്. കയ്യാമയെന്നാണ് ഉമ്മയുടെ വിളിപ്പേര്. അവരുടെ സഹോദരന്‍ ശിപായി ബാവ പോലീസുദ്യോഗസ്ഥനായിരുന്നു. ഉമ്മയെ തനിക്കൊപ്പം കൂട്ടി അദ്ദേഹം കൊച്ചിയിലേക്ക് പോന്നു. കൊച്ചിയില്‍ വെച്ചാണ് ഉപ്പയും ഉമ്മയും വിവാഹിതരാവുന്നത്. പാലത്തിങ്കല്‍ വീടിനെക്കുറിച്ച് കൂടുതലറിയുന്നത് മലര്‍വാടി ആവശ്യാര്‍ഥം 1987-ല്‍ യു.എ.ഇ സന്ദര്‍ശിക്കുന്ന വേളയിലാണ്. ദുബൈ ഫ്രൂട്ട്‌സ് മാര്‍ക്കറ്റില്‍വെച്ച് ഒരു പട്ടാമ്പിക്കാരനുമായി സംസാരിക്കവെ പട്ടാമ്പി എന്റെ ഉമ്മയുടെ സ്ഥലമാണെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹത്തിന് കൗതുകമായി. പട്ടാമ്പിക്കാരന്‍ ഉമ്മയുടെ വീട്ടുപേര് തിരക്കി. പാലത്തിങ്കല്‍ വീടെന്ന് ഞാന്‍ പറഞ്ഞു. ഞാനും പാലത്തിങ്കല്‍ കുടുംബാംഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മയുടെ അമ്മാവന്റെ മകനാണദ്ദേഹം. ഈ സംഗമം കുടുംബബന്ധം വിളക്കിച്ചേര്‍ക്കാന്‍ സഹായകമായി. 
എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോള്‍, എളാപ്പ ആലിക്കുട്ടിയുടെ പുത്രന്റെ 'സുന്നത്ത്' കല്യാണത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ആലിക്കുട്ടി ജമാഅത്തെ ഇസ്‌ലാമി കൊച്ചി ഹംദര്‍ദ് ഹല്‍ഖ പ്രവര്‍ത്തകനാണ്. പതിവുപ്രകാരം നടക്കാറുള്ള മൗലിദ് പാരായണം 'സുന്നത്ത്' കല്യാണ ദിനത്തില്‍ നടന്നില്ല. അതിനാല്‍, ഞാനൊഴികെ കുടുംബത്തിലെ മറ്റാരും ചടങ്ങില്‍ പങ്കുകൊണ്ടില്ല. ചടങ്ങു കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ എന്നെ കാത്തിരുന്നത് ഉപ്പയുടെ ചൂരല്‍ കഷായമായിരുന്നു. പുരോഗമനാശയക്കാരന്‍ ആലിക്കുട്ടി എളാപ്പയുടെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തത് പിതാവിന് ഒട്ടും ഉള്‍ക്കൊള്ളാനായില്ല. ചൂരല്‍ വീണതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ അങ്ങിങ്ങായി ദിവസങ്ങളോളം ഉണ്ടായിരുന്നു. പിന്നീട്, പിതാവിനോട് ഒരുതരം നീരസവും എളാപ്പയോട് സ്‌നേഹവും കൂടിത്തുടങ്ങി. പിതൃവ്യനോടുള്ള സ്‌നേഹത്തിലൂടെ എന്നില്‍ ജമാഅത്തിനോടുള്ള അനുരാഗം നാമ്പെടുക്കുകയായിരുന്നു. 
കൊച്ചിയിലെ ചക്കരയിടുക്ക് പ്രദേശത്ത് ജമാഅത്ത് പ്രവര്‍ത്തകര്‍ നടത്തുന്ന  സ്ഥാപനമാണ് നൗകാ ബീഡികമ്പനി. അക്കാലത്ത് ജമാഅത്തുകാരുടെ പ്രധാന ജോലി ബീഡി തെരുക്കലായിരുന്നുവല്ലോ. ബീഡിതെരുക്കലിനൊപ്പം വായന തകൃതിയായി നടക്കും. അത്തരം വായനയുടെ ഫലമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തികള്‍ വരെ ഉണ്ട്. വേലായുധന്‍ വലിയ്യുദ്ദീനായത് അങ്ങനെയാണ്. കൊച്ചിയിലെ ബീഡികമ്പനിക്കടുത്ത് ഒരു സ്റ്റഡി സര്‍ക്ക്ള്‍ പതിവായി നടക്കാറുണ്ട്. എളാപ്പ ആലിക്കുട്ടി  അതില്‍ പങ്കെടുക്കും. ഞാനും സ്റ്റഡി ക്ലാസ്സില്‍ പങ്കെടുത്തു തുടങ്ങി. ജമാഅത്ത് പ്രവര്‍ത്തകരായിരുന്നു ക്ലാസിന് മേല്‍നോട്ടം വഹിച്ചത്. കേട്ടത് മുഴുവന്‍ മനസ്സിലായില്ലെങ്കിലും ക്ലാസുകളോട് ഞാന്‍ പെട്ടെന്ന് താദാത്മ്യപ്പെട്ടു. 
എളാപ്പയെപോലെ മറ്റു പലരും എന്നില്‍  സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരിലൊരാളാണ്  ബി.എസ്.സി വരെ പഠിച്ച അയല്‍വാസിയും സുഹൃത്തുമായ അനസ്. ഗാനാലാപനമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. കുറച്ചുദിവസമായി അദ്ദേഹത്തെ പള്ളിയില്‍ കാണാറുണ്ട്. അടുത്തകാലത്ത് അനസില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്റെ മറ്റൊരു സുഹൃത്ത് അബ്ദുല്‍ ഗഫൂര്‍ വഴി അക്കാര്യം ഞാനറിഞ്ഞു, അനസ് പുത്തന്‍ ആശയത്തില്‍ ആകൃഷ്ടനായ കാര്യം. അത്ഭുതകരമെന്നു പറയാം, അനസിന്റെ പുതിയ ചിന്തയില്‍ ഞാനും ആകൃഷ്ടനായി. മതവിഷയങ്ങളില്‍ ക്ലാസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സ്വന്തം വീട്ടില്‍ അദ്ദേഹം യോഗം  സംഘടിപ്പിച്ചപ്പോള്‍, ഞാനതില്‍ പങ്കെടുത്തു. യഥാര്‍ഥത്തില്‍ എളാപ്പയില്‍നിന്ന് മനസ്സിലാക്കിയ ആശയത്തെ നെഞ്ചേറ്റുകയായിരുന്നു അനസ്.
പില്‍ക്കാലത്ത് ജമാഅത്ത് അംഗമായിത്തീര്‍ന്ന വി.പി മുഹമ്മദായിരുന്നു അനസ് സംഘടിപ്പിച്ച ആദ്യയോഗത്തില്‍ ക്ലാസ്സെടുത്തിരുന്നത്. വി.പിക്ക് എന്നേക്കാള്‍ എട്ട് വയസ് അധികമുണ്ടാവും. ക്ലാസിനു ശേഷം, പ്രവര്‍ത്തനത്തിന് ഒരു രൂപം വേണമല്ലോയെന്ന ആലോചന വന്നു. അങ്ങനെ, ആദ്യയോഗത്തില്‍ വെച്ചുതന്നെ ഒരു വേദി രൂപീകരിച്ചു. ഇസ്‌ലാമിക് സ്റ്റുഡന്‍സ് ആന്റ് യംഗ്‌മെന്‍സ് അസോസിയേഷന്‍ (ഐ.എസ്.വൈ.എ) എന്നായിരുന്നു അതിന്റെ പേര്. 1966-ലാണിത്. അതിന്റെ പ്രഥമ സെക്രട്ടറി ഞാനായിരുന്നു. ടി.കെ അബ്ദുല്ല സാഹിബാണ് ഐ.എസ്.വൈ.എയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനവേളയില്‍  കെ. മൊയ്തു മൗലവിയും ടി.കെയോടൊപ്പം പ്രഭാഷകനായി ഉണ്ടായിരുന്നു. ആകര്‍ഷകവും ആവേശകരവുമായിരുന്നു ടി.കെ അബ്ദുല്ല സാഹിബിന്റെയും കെ. മൊയ്തു മൗലവിയുടെയും പ്രഭാഷണങ്ങള്‍. ആയിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഐ.എസ്.വൈ.എ കൊച്ചിയില്‍ ആഴത്തില്‍ സ്വാധീനമുണ്ടാക്കിയ വേദിയാണ്. ജമാഅത്തിന് കൊച്ചിയില്‍ പശ്ചാത്തലമൊരുക്കിയത് ഐ.എസ്.വൈ.എ ആയിരുന്നു. 
ഐ.എസ്.വൈ.എ വളര്‍ന്ന് കൊച്ചിയിലെ യുവാക്കളുടെയും വിദ്യാര്‍ഥികളുടയും ശ്രദ്ധേയമായ വേദിയായി മാറി. വേദിക്ക് ജമാഅത്തുമായി നേരിട്ടു ബന്ധമില്ല. എങ്കിലും, അതിനെ പിന്നില്‍നിന്ന് ചലിപ്പിച്ചിരുന്നത്  ജമാഅത്ത് നേതാക്കളായിരുന്നു. വി.പി മുഹമ്മദ്, കെ.യു ഹംസ, പി.കെ അബ്ദുല്ലക്കുട്ടി, 'ഹദീസ് ശരീഫിലെ കഥകള്‍' രചിച്ച എസ്.വി മുഹമ്മദ്, കെ.ഇ അഹ്മദ് കുട്ടി എന്ന പള്ളുരുത്തി ഹാജി എന്നിവര്‍ ക്ലാസെടുക്കാന്‍ വരും. അവരില്‍ വി.പി മുഹമ്മദ് ഒഴികെയുള്ളവര്‍ കാലയവനികയില്‍ മറഞ്ഞു. 
ഐ.എസ്.വൈ.എയുടെ രൂപീകരണത്തിനുശേഷം, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) കൊച്ചിയില്‍ ശക്തിപ്പെട്ടു. ഇബാദത്ത് വിഷയം കൊച്ചിയില്‍ സജീവമാകുന്നത് അങ്ങനെയാണ്. ഇബാദത്തിലെ അഭിപ്രായ വ്യത്യാസം നേരത്തേ ഉണ്ടായിരുന്നുവെങ്കിലും, അത്ര സജീവമായിരുന്നില്ല. ജമാഅത്തും മുജാഹിദും രണ്ടല്ല, ഒന്നാണെന്ന ധാരണയായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. ആയിടക്ക് മുജാഹിദ് വിഭാഗത്തിന്റെ പ്രഭാഷണപരമ്പര കൊച്ചിയില്‍ നടന്നു. കെ.സി അബൂബക്കര്‍ മൗലവിയാണ് ഒരു ദിവസം പ്രഭാഷകനായി വന്നത്. മുജാഹിദിന്റെ ജമാഅത്ത് വിമര്‍ശനം അതിരുവിട്ടപ്പോള്‍, ജമാഅത്ത് ദ്വിദിന പ്രഭാഷണപരമ്പര നടത്താന്‍ തീരുമാനിച്ചു. എം.വി മുഹമ്മദ് സലീം മൗലവിയായിരുന്നു പ്രഭാഷകന്‍. വിഷയം ആഴത്തില്‍ സ്പര്‍ശിച്ച് രണ്ട് ദിവസങ്ങളിലായി നാലു മണിക്കൂര്‍ വീതം അദ്ദേഹം സംസാരിച്ചു. അറബി ഭാഷയിലുള്ള റഫറന്‍സ് ഗ്രന്ഥങ്ങള്‍ മേശപ്പുറത്ത് നിരത്തി പ്രസംഗത്തിനിടയില്‍ ആവശ്യമായ ഉദ്ധരണികള്‍ എടുത്തുദ്ധരിക്കും. സലീം മൗലവിയുടെ പ്രസംഗം വലിയ മതിപ്പാണ് ഉണ്ടാക്കിയത്.
പ്രഭാഷണ പരമ്പരക്കു ശേഷം, ജമാഅത്ത്- മുജാഹിദ് ഭിന്നത രൂക്ഷമായി. അങ്ങനെയാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ ഐ.എസ്.വൈ.എയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ പുതിയപള്ളിക്ക് സമീപമുള്ള മദ്‌റസ ഹാളില്‍ ഒരു ചര്‍ച്ച നടത്താന്‍ തീരുമാനിക്കുന്നത്. 1972 ജൂണ്‍ നാലിനാണ് സംഭവം. അതാണ് കൊച്ചിയിലെ 'ഇബാദത്ത് ചര്‍ച്ച' എന്ന പേരില്‍ വിശ്രുതമായത്. പരിപാടിയില്‍ മുജാഹിദ് പക്ഷത്തുനിന്ന് കെ. ഉമര്‍ മൗലവി, എ. അലവി മൗലവി, ടി.വി മൊയ്തീന്‍കുട്ടി മൗലവി എന്നിവരും ജമാഅത്ത് പക്ഷത്തുനിന്ന് ഒ. അബ്ദുര്‍റഹ്മാന്‍, വി.കെ അലി, കെ. അബ്ദുല്ല ഹസന്‍ എന്നിവരും സുന്നീ പക്ഷത്തുനിന്ന് പൊന്നുരുന്തി പള്ളിയിലെ ഖത്വീബ് എ. സൈനുദ്ദീന്‍ മുസ്‌ലിയാരും പങ്കെടുത്തു. അഡ്വ. കെ.എം സെയ്തു മുഹമ്മദായിരുന്നു അധ്യക്ഷന്‍. ഓരോ പക്ഷത്തിന്റെയും ഇരുപതു മിനിറ്റ് വീതമുള്ള  പ്രബന്ധാവതരണവും തുടര്‍ന്ന് ചര്‍ച്ചയും, അങ്ങനെയായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നത്.
ഇബാദത്ത് ചര്‍ച്ച ഗംഭീരമായി നടന്നു. ജമാഅത്തിന്റെ ഇബാദത്ത് വീക്ഷണം ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. വി.കെ അലി, കെ. അബ്ദുല്ല ഹസന്‍ എന്നിവരുടെ ഗുരുവാണ് മുജാഹിദ് പക്ഷത്തെ അലവി മൗലവി. ഗുരുശിഷ്യബന്ധം കാത്തുസൂക്ഷിച്ച് ആദരവോടെയായിരുന്നു ശിഷ്യന്മാരും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും വിഷയം കൈകാര്യം ചെയ്തത്. നേരത്തേയുള്ള തീരുമാനപ്രകാരം ചര്‍ച്ചയില്‍ അവതരിപ്പിച്ച  പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തില്‍ ഐ.എസ്.വൈ.എ പുറത്തിറക്കുകയുണ്ടായി. ഇബാദത്ത് ചര്‍ച്ചക്കു ശേഷവും ഖണ്ഡനമണ്ഡന പ്രഭാഷണങ്ങള്‍ ധാരാളം നടന്നു. മുജാഹിദ് വിമര്‍ശനത്തിന് കൊച്ചിയിലെ ജമാഅത്ത് പ്രവര്‍ത്തകരാണ് പിന്നീട്, മറുപടി പറയാറുണ്ടായിരുന്നത്. കെ.എ ഖാസിം മൗലവി നോര്‍ത്ത് പറവൂര്‍, കെ.യു ഹംസ എന്നിവരായിരുന്നു ജമാഅത്തിനെ പ്രധിനിധീകരിച്ച് അധികവും സംസാരിച്ചത്. പാസ് കുഞ്ഞുമുഹമ്മദ്, വടുതല ഉമര്‍ എന്നിവരാണ് കെ.എന്‍.എമ്മിനെ  ചലിപ്പിച്ച വ്യക്തിത്വങ്ങള്‍. പാസ് കുഞ്ഞുമുഹമ്മദ് എന്റെ ബന്ധുവായി വരും. സി.എന്‍ അഹ്മദ് മൗലവിയുടേതടക്കമുള്ള വ്യാഖ്യാനഗ്രന്ഥങ്ങളുടെ സഹായത്തോടെ വിശുദ്ധ ഖുര്‍ആനെ ആഴത്തില്‍ പഠിച്ചു അദ്ദേഹം. വടുതലയില്‍നിന്ന് വന്ന് കൊച്ചിയില്‍ താമസമാക്കിയ വ്യക്തിയാണ് വടുതല ഉമര്‍. ഇരുവരും  ആകര്‍ഷണീയ വ്യക്തിത്വങ്ങളായിരുന്നു.  
ഐ.എസ്.വൈ.എ എല്ലാ ഞായറാഴ്ചയും രാവിലെ ഇസ്‌ലാമികവിഷയങ്ങളില്‍ ക്ലാസ് സംഘടിപ്പിക്കാറുണ്ടായിരുന്നു. ധാരാളം വിദ്യാര്‍ഥികളെയും യുവാക്കളെയും ക്ഷണിക്കും. യുവാക്കള്‍ക്കുള്ള വിഷയങ്ങളാണ് ക്ലാസിന് തെരഞ്ഞെടുക്കുക. ഡോ. കമാല്‍ പാഷ, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ എന്നിവര്‍ ക്ലാസെടുക്കാന്‍ വന്നിട്ടുണ്ട്. വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും സാധാരണക്കാരിലേക്കും ജമാഅത്തിനെ എത്തിക്കാന്‍ സഹായകമായ വേദിയായിരുന്നു ഐ.എസ്.വൈ.എ. ചിലപ്പോള്‍ കത്തിനില്‍ക്കുന്ന വിവാദവിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. 'യുക്തിവാദം ഇസ്‌ലാമില്‍' എന്ന വിഷയം ഉദാഹരണം. അന്നത്തെ പ്രധാന വിഷയമായിരുന്നു യുക്തിവാദം. 'മോഡേണ്‍ ഏജ് സൊസൈറ്റിയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും' ഐ.എസ്.വൈ.എ ചര്‍ച്ചചെയ്ത മറ്റൊരു വിഷയമാണ്. 

ഇടിത്തീപോലെ അടിയന്തരാവസ്ഥ


1975-ലാണ് ശ്രീമതി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന്, ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടു. ജമാഅത്ത് നിരോധത്തിനുശേഷം, കൊച്ചിയില്‍ ഐ.എസ്.വൈ.എയുടെ ബാനറിലായിരുന്നു പ്രവര്‍ത്തനം. അതിനു കീഴില്‍ സ്‌ക്വാഡുകളും മറ്റു പ്രവര്‍ത്തനങ്ങളും നടക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ എറണാകുളത്തെ ലിസി ഹോസ്പിറ്റലിലായിരുന്നു. എന്റെ ജ്യേഷ്ഠസഹോദരന്‍ ടി.കെ മുഹമ്മദ് അള്‍സര്‍ ബാധിച്ച്  അഡ്മിറ്റായതിനാല്‍, അദ്ദേഹത്തെ പരിചരിക്കാന്‍ വന്നതാണ്. കെ.യു ഹംസ സാഹിബും ടൈഫോയ്ഡ് പിടിപെട്ട് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. നിരവധി ദിവസങ്ങളാണ് എനിക്ക് അവരോടൊപ്പം അവിടെ ചെലവഴിക്കേണ്ടിവന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം അറിഞ്ഞപ്പോള്‍, നൗകാ ബീഡികമ്പനിയാണ് ഓര്‍മയില്‍ തെളിഞ്ഞത്. പല ജമാഅത്തുകാരും ജോലിചെയ്യുന്ന കമ്പനിയാണല്ലോ അത്. വിവരങ്ങളറിയാന്‍ അപ്പോള്‍തന്നെ ഹോസ്പിറ്റല്‍ വിട്ട് ഞാന്‍ നൗകാ ബീഡികമ്പനിയിലേക്ക് ചെന്നു. ജമാഅത്ത് പ്രവര്‍ത്തകര്‍ അവിടെ ഒരുമിച്ചുകൂടിയിട്ടുണ്ട്. അറസ്റ്റടക്കം എന്തും നെഞ്ചേറ്റാന്‍ സജ്ജമായാണ് അവരുടെ നില്‍പ്. അവരുടെ മുഖങ്ങളില്‍ ആത്മവിശ്വാസം. അറസ്റ്റുവരിച്ച് ജയിലില്‍ വരാന്‍ താല്‍പര്യമുണ്ടോയെന്ന്  അതിരറ്റ സ്‌നേഹവായ്പുള്ള പി.ബി മുഹമ്മദ് സാഹിബ് എന്നോട് ആരാഞ്ഞു. 
പോലീസ് ജമാഅത്ത് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ തുടങ്ങി. ഒന്നുരണ്ട് ദിവസങ്ങള്‍ കൊണ്ട് പലരും അഴികള്‍ക്കുള്ളിലായി. അറസ്റ്റുസമയത്ത് ഞാന്‍ ആശുപത്രിയിലോ വീട്ടിലോ ഉണ്ടായിരുന്നില്ല. ഞാന്‍ നൗകാ ബീഡികമ്പനിയില്‍ വന്നിരിക്കുകയാണല്ലോ. എന്നെ എവിടെയും കാണാത്തതിനാല്‍, അറസ്റ്റ് ചെയ്തിരിക്കാമെന്ന കിംവദന്തി വീട്ടിലും നാട്ടിലും പരന്നു. എന്നെ അറസ്റ്റ് ചെയ്യാനുള്ള ഒരു ന്യായവും പോലീസിനുണ്ടായിരുന്നില്ല. കാരണം, ആ സമയത്ത് ജമാഅത്തംഗമോ അതിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന  വ്യക്തിയോ ആയിരുന്നില്ല ഞാന്‍.
പി.കെ അബ്ദുല്ലക്കുട്ടി, ടി.എം ഹൈദ്രോസ്, പി.ബി മുഹമ്മദ്, പള്ളുരുത്തി ഹാജി, പി.എ ഹംസ, എം.എ അബ്ദു, പി.എ മുഹമ്മദ് എന്നിവര്‍ അടിയന്തരാവസ്ഥക്കാലത്ത്  കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ ജമാഅത്ത് പ്രവര്‍ത്തകരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് രസകരമായ അനുഭവങ്ങളാണ് പങ്കുവെക്കാനുണ്ടായിരുന്നത്. ജയിലില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും ജമാഅത്ത് പ്രവര്‍ത്തകരും ഒരേ സെല്ലിലാണ് കഴിഞ്ഞത്. അത് ആശയക്കൈമാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. വിശുദ്ധഖുര്‍ആനും പുസ്തകങ്ങളും കൈമാറി.
അടിയന്തരാവസ്ഥ നിലനില്‍ക്കെ ഇന്ദിരാ ഗാന്ധി 1977 മാര്‍ച്ച് 19-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ എന്ത് സമീപനം സ്വീകരിക്കണമെന്ന ആലോചനകള്‍ ജമാഅത്തിനുള്ളില്‍ തകൃതിയായി നടക്കുന്നു. അതിനു വേണ്ടി കോഴിക്കോട്ട് യോഗം ചേര്‍ന്നു. ശൈഖ് മുഹമ്മദ് കാരകുന്നും ഉസ്മാന്‍ തറുവായിയും മറ്റുമായിരുന്നു യോഗത്തിലെ പ്രധാനികള്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരാവകാശങ്ങള്‍ ധ്വംസിക്കുകയും മൗലികാവകാശങ്ങളെ കാറ്റില്‍ പറത്തുകയും ചെയ്ത ഇന്ദിരാ ഗാന്ധിയെയും അവരുടെ പാര്‍ട്ടിയെയും പരാജയപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ യോഗം തീരുമാനിച്ചു. തീരുമാനം കേരളത്തിലുടനീളം പ്രാവര്‍ത്തികമാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിനിധികള്‍ യാത്രചെയ്തു. കൊച്ചിയില്‍ ജമാഅത്ത് അംഗങ്ങളല്ലാത്ത മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങി. വീടുവീടാന്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇടതുപക്ഷ സ്ഥാനാര്‍ഥികളും നേതാക്കളുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും പ്രചാരണത്തിന് സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. 
തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും അവരുടെ കക്ഷിയും ദയനീയമായി പരാജയപ്പെട്ടു. ജനതാ പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന്റെ പിറ്റേ ദിവസം കേന്ദ്ര മന്ത്രിസഭ ജമാഅത്തിന്റെ മേലുള്ള നിരോധം റദാക്കുകയായിരുന്നു. അതോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. നിരോധം നീക്കിയതിനെ തുടര്‍ന്ന് കോഴിക്കോട് മാനാഞ്ചിറയില്‍ പൊതുസമ്മേളനം നടന്നു.  കൊച്ചിയില്‍നിന്ന് പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും മാനാഞ്ചിറയിലെ പൊതുസമ്മേളനത്തില്‍ അണിചേര്‍ന്നു. 
(തുടരും)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (39-43)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീധന പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍
കെ.സി ജലീല്‍ പുളിക്കല്‍