പൂവച്ചല്‍ ഖാദര്‍ അരങ്ങൊഴിഞ്ഞ തൂമന്ദഹാസം
പൂവച്ചല്‍ ഖാദര്‍ വിടവാങ്ങിയ വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍മകള്‍ എഴുപതുകളുടെ ആദ്യ പാദത്തിലേക്കാണ് ദുഃഖത്തിന്റെ അകമ്പടിയോടെ എന്നെ കൊണ്ടുപോയത്.
കോഴിക്കോട്ട് ചന്ദ്രിക ദിനപത്രത്തില്‍ ജോലി ചെയ്ത 1971 മുതല്‍ 1977 വരെയുള്ള കാലം. ഖാദറിന് അന്ന് കോഴിക്കോട്ട് വാട്ടര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി. മിക്ക ദിവസങ്ങളിലും ചന്ദ്രിക ഓഫീസില്‍ വരും. ദീര്‍ഘനേരം വര്‍ത്തമാനം പറഞ്ഞിരിക്കും.
ചന്ദ്രികയിലെ സഹപ്രവര്‍ത്തകനായ കാനേഷ് പൂനൂരിന്റെ ഉറ്റ സ്‌നേഹിതന്‍. ഖാദര്‍ പതിഞ്ഞ സ്വരത്തില്‍ സൗമ്യമായേ സംസാരിക്കൂ. മായാത്ത മന്ദസ്മിതം മുഖമുദ്രയാണ്. വെള്ളിയാഴ്ച നേരത്തേ വരും. ഞങ്ങള്‍ ഒരുമിച്ചാണ് പട്ടാള പള്ളിയിലേക്ക് ജുമുഅക്ക് പോയിക്കൊണ്ടിരുന്നത്. മിതഭാഷി, സൗമ്യന്‍, പക്വമതി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രകൃതം.
ചില സായാഹ്നങ്ങളില്‍ എം.എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, അബ്ദുല്ല നന്മണ്ട (എ.ഐ.ആര്‍) എന്നിവരും ഉണ്ടാവും ഞങ്ങളോടൊപ്പം വര്‍ത്തമാനം പറഞ്ഞിരിക്കാന്‍. കാരശ്ശേരി അന്ന് മാതൃഭൂമി പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹമീദ് ചേന്ദമംഗല്ലൂര്‍ കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനും. ആ സ്‌നേഹ കൂട്ടായ്മ വര്‍ഷങ്ങളോളം നിലനിന്നു. പിന്നീടും കണ്ടുമുട്ടുമ്പോഴൊക്കെ പഴയകാല ഓര്‍മകള്‍ അയവിറക്കി.
ഖാദര്‍ സിനിമകള്‍ക്ക് ഗാനരചന നടത്തിത്തുടങ്ങിയിരുന്നു അന്ന്. എം.ടിയുടെ നിര്‍മാല്യം സിനിമ കാണാന്‍ ഖാദറിനോടൊപ്പം പോയതോര്‍ക്കുന്നു.
ഖാദറിന് ഞാന്‍ പ്രബോധനം വാരിക മുടങ്ങാതെ കൊടുത്തുകൊണ്ടിരുന്നു. ഖാദര്‍ അത് ശ്രദ്ധാപൂര്‍വം വായിച്ചിരുന്നതായി എനിക്കറിയാം. ഞാന്‍ ചന്ദ്രിക വിട്ട് കുവൈത്തിലേക്ക് പോയിട്ടും ഖാദറിന് പ്രബോധനം തപാലില്‍ കിട്ടിക്കൊണ്ടിരുന്നു. അതിനുള്ള ഏര്‍പ്പാട് അദ്ദേഹം എന്നെക്കൊണ്ട് ചെയ്യിക്കുവോളം പ്രബോധനവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം ഗാഢമായി വളര്‍ന്നിരുന്നു.
നല്ല വായനക്കാരനായിരുന്നു. തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന ഖാദറിന് കോഴിക്കോടിന്റെ സംസ്‌കാരവുമായി ഇഴുകിച്ചേരാന്‍ പെട്ടെന്ന് കഴിഞ്ഞു.
തനിക്ക് അറിഞ്ഞുകൂടാത്ത നിരവധി മതവിഷയങ്ങള്‍ ചോദിച്ച് സംശയനിവൃത്തി വരുത്തിയിരുന്നു. തിരുവനന്തപുരത്തിന്റെ അന്നത്തെ ചുറ്റുപാടില്‍ അത്തരം കാര്യങ്ങളൊന്നും പഠിക്കാന്‍ സൗകര്യമുണ്ടായില്ല എന്ന് ദുഃഖത്തോടെ ഓര്‍ത്ത് പറയും.
പൂവച്ചല്‍ ഖാദര്‍ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു. ആ തൂമന്ദഹാസം മാഞ്ഞു. നിരവധി നല്ല ഓര്‍മകള്‍ വിട്ടേച്ചാണ് ഖാദര്‍ വിട ചൊല്ലിയത്. ഖാദറിന്റെ മരണ വാര്‍ത്ത വായിച്ചപ്പോള്‍ അതൊക്കെ മനസ്സിലേക്ക് തികട്ടി വന്നു. ഖാദറിന്റെ പരലോക നന്മക്കായി പ്രാര്‍ഥിക്കുന്നു.
വിവര്‍ത്തനങ്ങള്‍ ക്ഷണിക്കുന്നു
ഒമാനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഒമാന്‍' ദിനപ്പത്രത്തിന്റെ മാസാന്ത സപ്ലിമെന്റായ 'തര്‍ജുമാനി'ല്‍ ലോകെത്ത വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഒമാന്റെ സാഹിത്യ-സാംസ്‌കാരിക-ചരിത്ര -വൈജ്ഞാനിക-ടൂറിസം സംബന്ധിച്ച ലേഖനങ്ങളുടെ മൊഴിമാറ്റം നല്‍കാന്‍ ഉദ്ദേശിക്കുന്നു. പ്രസിദ്ധീകരിക്കുന്നവക്ക് പ്രതിഫലം നല്‍കുന്നതാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കേണ്ടതാണ്: മുമ്പ് മൊഴിമാറ്റം നടത്തിയതാവരുത്, ലേഖനത്തെയും ലേഖകനെയും കുറിച്ച ഹ്രസ്വമായ ഒരു മുഖവുര ഉണ്ടായിരിക്കണം, 1500-നും 2000-ത്തിനും ഇടയിലുള്ള വാക്കുകളില്‍ ഒതുങ്ങണം, ഫോട്ടോകളുണ്ടെങ്കില്‍ ഹൈ റസലൂഷനിലുള്ളതാകണം.
മൂലലേഖനത്തിന്റെ പകര്‍പ്പവകാശ ഉത്തരവാദിത്തം വിവര്‍ത്തകനായിരിക്കും.
മൊഴിമാറ്റം ചെയ്യപ്പെട്ടവയുടെ പകര്‍പ്പവകാശം 'ഒമാന്‍' ദിനപ്പത്രത്തില്‍ നിക്ഷിപ്തമായിരിക്കും. പത്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ വിവര്‍ത്തകന് അവ പുനഃപ്രസിദ്ധീകരിക്കാവുന്നതാണ്.
സൃഷ്ടികള്‍ എല്ലാ മാസവും 15-നു മുമ്പ് താഴെ വിലാസത്തില്‍ ലഭിക്കണം: [email protected]
Comments