Prabodhanm Weekly

Pages

Search

2021 ജൂലൈ 09

3209

1442 ദുല്‍ഖഅദ് 28

വ്യക്തിശുചിത്വം ചില മാര്‍ഗനിര്‍ദേശങ്ങള്‍

ഡോ. ടി.കെ യൂസുഫ്‌

നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത സഹസ്രകോടി സൂക്ഷ്മാണുക്കളുടെ പാരാവാരത്തിലാണ് നാം ജീവിക്കുന്നത്. നമുക്ക് ചുറ്റുമുള്ള വായുവിലും വെള്ളത്തിലും മണ്ണിലും നമ്മുടെ ശരീരത്തില്‍ പോലും ട്രില്യന്‍ കണക്കിന് സൂക്ഷ്മാണുക്കള്‍ ജീവിക്കുന്നുണ്ട്. നമ്മുടെ കണ്ണിലും മൂക്കിലും വായിലും വയറ്റിലും ത്വക്കിലും മറ്റു അവയവങ്ങളിലുമായി ശരീരകോശത്തിന്റെ മൂന്നിരട്ടിയോളം വരുന്ന സൂക്ഷ്മാണുക്കളാണ് നമ്മുടെ കൂടെയൂള്ളത്. ഇവയില്‍ ചിലത് അപകടകാരികളാണെങ്കിലും അധികപേരും നമുക്ക് വേണ്ടപ്പെട്ടവരാണ്. രോഗാണുക്കളില്‍ ഏറ്റവും വലിയ വില്ലനായ ഇത്തിരി കുഞ്ഞന്‍ വൈറസിന് കേവലം മുപ്പത് നാനോമീറ്റര്‍ വലിപ്പമാണുള്ളത്. ആയിരം നാനോമീറ്റര്‍ വലിപ്പമുള്ള ബാക്ടീരിയകള്‍, വ്യത്യസ്ത രൂപത്തിലുള്ള ഫംഗസുകള്‍, പാരാസൈറ്റുകള്‍ തുടങ്ങി നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് ദര്‍ശിക്കാനാവാത്ത ഒരു സൂക്ഷ്മജീവിപ്രപഞ്ചം തന്നെ നമ്മുടെ ശരീരത്തിലുണ്ട്.
ചില അവയവങ്ങളില്‍ കീടാണുക്കളുടെ സാന്നിധ്യം അധികമായിരിക്കും. മൂക്ക്, വായ, തൊണ്ട, ആമാശയം, ത്വക്ക് എന്നിവിടങ്ങളിലാണ് കൂടുതല്‍ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. ഇവയുമായി ഒരു സന്തുലിത താളപ്പൊരുത്തത്തിലും സൗഹൃദത്തിലുമാണ് നാം ജീവിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇവ പരിധിയിലധികമായി പെറ്റുപെരുകും, അല്ലെങ്കില്‍ രോഗഹേതുക്കളായ അപരിചിത സൂക്ഷ്മാണുക്കള്‍ ആക്രമണം നടത്തും. അപ്പോഴാണ് നമ്മുടെ പ്രതിരോധ സംവിധാനത്തില്‍ താളപ്പിഴ സംഭവിച്ച് നാം രോഗികളായിത്തീരുന്നത്. ട്രില്യന്‍ കണക്കിന് സൂക്ഷ്മാണുക്കളുടെ കൂടെ ആരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യന് ആയിരക്കണക്കിന് വൈറസുകള്‍ എന്തുകൊണ്ട് ഭീഷണിയായിത്തീരുന്നുവെന്നതിന് ശാസ്ത്രത്തിന് തൃപ്തികരമായ വ്യാഖ്യാനമൊന്നുമില്ല. പ്രതിരോധം ദുര്‍ബലമാകുമ്പോള്‍ എന്ന ഒരു വിശദീകരണം മാത്രമാണുള്ളത്. രോഗാണുക്കളെ നേരിടാനുള്ള പ്രതിരോധ സംവിധാനം ദൈവം തന്നെ ശരീരത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. പക്ഷേ ചില സമയത്ത് ഇവ ആര്‍ജിത പ്രതിരോധത്തെ അതിജയിക്കാറുണ്ട്. അതുകൊണ്ടുതന്നെ അപകടകരമായ അണുക്കള്‍ ശരീരത്തില്‍ കയറാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമായ രക്ഷാമാര്‍ഗം.
സൂക്ഷ്മാണുക്കള്‍ പ്രകൃതിയില്‍ എല്ലായിടത്തും കാണപ്പെടുന്നുണ്ടെങ്കിലും ചില ജീവികള്‍ അപകടകരമായ അണുക്കളുടെ ആവാസ കേന്ദ്രമാണ്. മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗാണുക്കള്‍ കൂടുതലും കാണപ്പെടുന്നത് മാംസഭോജികളായ വന്യജീവികള്‍, പന്നി, പട്ടി, പരുന്ത്, കഴുകന്‍, കൊതുക്, ചെള്ള്, എലി തുടങ്ങിയവയിലാണ്. ഇവയുടെ മാംസം ഭക്ഷിക്കുന്നത് ഇസ്‌ലാം വിരോധിച്ചിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.  പ്രകൃതിയില്‍ മണ്ണിലും വെള്ളത്തിലുമെല്ലാം ധാരാളം സൂക്ഷ്മാണുക്കളുണ്ടെങ്കിലും അവയൊന്നും അപകടകാരികളല്ല. എന്നാല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ കൊണ്ടും മറ്റ് ജൈവമാലിന്യങ്ങള്‍ കൊണ്ടും പരിസ്ഥിതി മലിനമാകുമ്പോള്‍ മാത്രമാണ് പ്രകൃതി രോഗാണുക്കളുടെ ഉറവിടമായിത്തീരുന്നത്.
ശുചിത്വം രോഗപ്രതിരോധരംഗത്ത് നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. അംഗശുദ്ധിയിലൂടെയും കുളിയിലൂടെയും ശരീരത്തിലെ എല്ലാവിധ മാലിന്യങ്ങളും നീക്കം ചെയ്ത് ശരീരത്തിലും വസ്ത്രത്തിലും ശുചിത്വം പുലര്‍ത്തേണ്ടത് നമസ്‌കാരം പോലുള്ള ആരാധനാ കര്‍മങ്ങള്‍ക്ക് അനിവാര്യമാണ്. അഞ്ചു നേരം ഈ ചിട്ട പാലിക്കുന്നതിലൂടെ രോഗാണുക്കളെ ഒരളവോളം ചെറുത്തുനിര്‍ത്താന്‍ സാധിക്കും. അല്ലാഹു ശുദ്ധിയുള്ളവരെ ഇഷ്ടപ്പെടുന്നു എന്ന ഖുര്‍ആന്‍ വചനവും വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് എന്ന നബിവചനവും ഇവിടെ പ്രസക്തമാണ്.
മാലിന്യശുദ്ധീകരണത്തിന് ഏറ്റവും നല്ല മാര്‍ഗം വെള്ളം കൊണ്ട് കഴുകുന്നതാണ്. 'നിങ്ങളെ ശുദ്ധീകരിക്കുന്നതിന് അല്ലാഹു ആകാശത്തു നിന്ന് വെള്ളമിറക്കിത്തന്നു' എന്ന് ഖുര്‍ആന്‍ (അല്‍അന്‍ഫാല്‍ 11) ഒരു അനുഗ്രഹമായി എടുത്തു പറയുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വെള്ളം ശുചീകരണത്തിനുള്ള ഏറ്റവും നല്ല  മാധ്യമമാണ്. ആകാശത്തു നിന്ന് ശുദ്ധമായ വെള്ളമിറക്കി നിങ്ങളെ ശുദ്ധീകരിക്കുന്നതിന് എന്നും ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.
മനുഷ്യശരീരത്തില്‍ ചര്‍മത്തിലാണ് ഏറ്റവും കൂടുതല്‍ ബാക്ടീരിയകളും ഫംഗസുകളും കാണപ്പെടുന്നത്. ശരീരത്തിലെ ഒരു ചതുരശ്ര സെന്റീമീറ്ററില്‍ ഒരു ലക്ഷം സൂക്ഷ്മാണുക്കള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ വസ്ത്രധാരണം കൊണ്ട് മറയ്ക്കപ്പെടാത്ത സ്ഥലങ്ങളില്‍ ഈ അണുസംഖ്യ പത്ത് മില്യന്‍ വരെ കാണപ്പെടും. അംഗശുദ്ധിയിലൂടെ മുഖം, കൈകാലുകള്‍ തുടങ്ങി  ഏറ്റവും കൂടുതല്‍ അണുസാന്നിധ്യമുള്ള അവയവങ്ങളാണ് കഴുകുന്നത്. അതോടൊപ്പം ശരീരത്തിലേക്ക് രോഗാണുക്കള്‍ പ്രവേശിക്കുന്ന പ്രധാന മാര്‍ഗങ്ങളായ വായും മൂക്കും വൃത്തിയാക്കുന്നതും അംഗശുദ്ധിയുടെ അവിഭാജ്യഘടകമാണ്. വായ രോഗാണുക്കളുടെ കവാടം മാത്രമല്ല, അവയുടെ സങ്കേതം കൂടിയാണ്. വായില്‍ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് മുന്നൂറിരട്ടി രോഗണുക്കള്‍ വസിക്കുന്നുണ്ട്. എന്തിനേറെ വായിലെ ഒരു മില്ലി ദ്രവത്തില്‍ നൂറ് മില്യന്‍ രോഗാണുക്കളെങ്കിലുമുണ്ടാകും. വായില്‍ കാണപ്പെടുന്ന 60 ശതമാനം ബാക്ടീരിയകളും പരാന്നഭോജികളും പോഷണം കണ്ടെത്തുന്നത് പല്ലിനിടയിലെ ഭക്ഷ്യാവശിഷ്ടങ്ങളില്‍നിന്നാണ്. ഇവ ഉല്‍പാദിക്കുന്ന സ്രവങ്ങളും അമ്ലങ്ങളുമാണ് വായില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നത്. ദിവസവും പല പ്രാവശ്യം വായ കഴുകുന്നതാണ് ഇതിനെതിരെയുള്ള പ്രതിവിധി. അംഗശുദ്ധിയുടെ സമയത്ത് പല്ല് തേക്കുന്നത്  നബിചര്യയാണ്.  ദന്തശുദ്ധി ആരോഗ്യ സംരക്ഷണത്തില്‍ വളരെ പ്രധാനമാണ്.
അംഗശുദ്ധിയുടെ സമയത്ത് മൂക്കില്‍ വെള്ളം കയറ്റി ചീറ്റി നാസാരന്ദ്രങ്ങള്‍ ശുദ്ധീകരിക്കേണ്ടതുണ്ട്. മൂക്കിനകത്ത് സൂക്ഷ്മാണുക്കളുടെ കോളനികള്‍ തന്നെ കാണപ്പെടുന്നുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ വുദൂ എടുക്കുന്നവരില്‍ സാധ്യമായ രൂപത്തില്‍ വെള്ളം കയറ്റി ചീറ്റുന്നതുകൊണ്ട് ഇവ അധികം കാണപ്പെടുന്നില്ല. അതുപോലെ അംഗശുദ്ധിയിലൂടെ മുഖത്തും കൈകളിലും പാദങ്ങളിലുമുള്ള കീടാണുക്കളെ തുരത്താനാകും. വുദു എടുക്കുന്ന സമയത്ത് കൈകാലുകളുടെ വിരലുകളുടെ വിടവുകളും ചുളിവുകളും അഴുക്ക് നീങ്ങുംവിധം ശുദ്ധീകരിക്കാന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൈകളില്‍ രോഗാണുക്കളുടെ സാന്നിധ്യം അധികമായതുകൊണ്ടാണ് വുദൂഇന് പുറമെ ഉറക്കമുണര്‍ന്ന ഉടനെയും മലമൂത്രവിസര്‍ജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കാന്‍ തിരുമേനി പ്രത്യേകം കല്‍പിച്ചത്.
ശരീരം മുഴുവന്‍ ശുദ്ധീകരിക്കുന്ന കുളിയും ഇസ്‌ലാമിക അധ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചില സാഹചര്യങ്ങളില്‍ അത് നിര്‍ബന്ധമാണ്, അത്തരം സന്ദര്‍ഭങ്ങളില്‍ കുളിക്കാതെ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ ധാരാളം അവസരങ്ങളില്‍ കുളിക്കുന്നത് ഐഛികമായി എണ്ണിയിട്ടുണ്ട്. ഒരാഴ്ചയിലധികം കുളിക്കാതിരിക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യമല്ല. നന്നായി കുളിക്കുന്നതിലൂടെ ശരീരത്തിലെ തൊണ്ണുറ് ശതമാനം സൂക്ഷ്മാണുക്കളെയും നിര്‍മാര്‍ജനം ചെയ്യാനാകും. മുസ്‌ലിംകള്‍ കുളിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കാണുന്നുണ്ടെങ്കിലും മുന്‍കാലഘട്ടങ്ങളില്‍ പാശ്ചാത്യരടക്കമുള്ള പല സമുദായങ്ങളിലും കുളി ഒരപൂര്‍വ സംഭവമായിരുന്നു. 
വ്യക്തിശുചിത്വത്തിന്റെ ഭാഗമായി കുളി, ദന്തശുദ്ധി, നഖം വെട്ടല്‍, ശൗച്യം ചെയ്യല്‍, മീശരോമം വെട്ടല്‍, കക്ഷ-ഗുഹ്യ രോമങ്ങള്‍ നീക്കല്‍ തുടങ്ങിയ പത്തോളം കാര്യങ്ങള്‍ നബിവചനങ്ങളില്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിലെ ഇത്തരം ശുചിത്വനിയമങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ രോഗപ്രതിരോധത്തിന് അവ വളരെ സഹായകമാണെന്നു കാണാം. ഉദാഹരണമായി വിസര്‍ജനത്തിനു ശേഷം വെള്ളം കൊണ്ട് ശൗച്യം ചെയ്യാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്. അത് ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ. വെള്ളം അല്ലാതെ ശൗച്യം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളിലൊന്ന് ടോയ്ലറ്റ് പേപ്പറുകളാണ്. ആ കടലാസുകള്‍ കൊണ്ട് മാലിന്യം പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധ്യമല്ല. മാത്രവുമല്ല,  ടിഷ്യൂ പേപ്പറിന്റെ ഏഴ് അടുക്കുകളെ ഭേദിച്ച് കൈയിലെത്താന്‍ മലത്തിലെ അണുക്കള്‍ക്ക് കഴിയും. നഖം വെട്ടാനുള്ള നിര്‍ദേശവും നിസ്സാരമായി കാണാനാവില്ല. കാരണം ഓരോ നഖത്തിന് ചുവട്ടിലും എണ്ണമറ്റ രോഗാണുക്കള്‍ കാണപ്പെടുന്നുണ്ട്. പ്രവാചകചര്യയില്‍പെട്ട മറ്റു നിര്‍ദേശങ്ങളും രോഗപ്രതിരോധരംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്നവയാണ്.
മലമൂത്രവിസര്‍ജനത്തിനു ശേഷമുള്ള ശുചീകരണത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മൂത്രമൊഴിച്ചതിനു ശേഷം ശുദ്ധിയാക്കാന്‍ പലരും വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ പ്രവാചകന്‍ ഇക്കാര്യവും കണിശമായി കല്‍പിച്ചതായി കാണാം. സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം  തന്നെ ശരീരത്തില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യതയുള്ള എല്ലാ മാര്‍ഗങ്ങളും ഇസ്‌ലാം വിരോധിക്കുന്നുണ്ട്. തുമ്മുന്ന അവസരങ്ങളില്‍ നബി രണ്ടു കൈകള്‍ കൊണ്ടും വസ്ത്രം കൊണ്ടും മുഖം പൊത്തിയിരുന്നു (തിര്‍മിദി). കോട്ടുവായിടുമ്പോഴും വായ് പൊത്തിപ്പിടിക്കാന്‍ ആജ്ഞാപിച്ചിട്ടുണ്ട്. നബി (സ) പറഞ്ഞു: 'നിങ്ങള്‍ ആരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ അവന്റെ കൈ കൊണ്ട് വായ് പൊത്തിപ്പിടിക്കട്ടെ' (മുസ്‌ലിം).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (39-43)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീധന പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍
കെ.സി ജലീല്‍ പുളിക്കല്‍