Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

ഖുര്‍ആന്‍ വായിക്കേണ്ടതും പഠിക്കേണ്ടതും എങ്ങനെ?

ഇല്‍യാസ് മൗലവി 

എന്തു വായിക്കണം, എന്തു പഠിക്കണം എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ വായിക്കണം, എങ്ങനെ മനസ്സിലാക്കണം എന്നുള്ളതും. ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളായ ഖുര്‍ആനിനും ഹദീസിനും ഇതു ബാധകമാണ്. ഇസ്‌ലാമിന് ചീത്തപ്പേരുണ്ടാക്കുന്നതിലും അതിന്റെ മഹത്വം ഇടിച്ചുതാഴ്ത്തുംവിധം വികലമാക്കുന്നതിലും  ഈയൊരു ചോദ്യത്തെ അവഗണിച്ചതിന് ചെറുതല്ലാത്ത പങ്കുണ്ട്.
ഇസ്‌ലാമിന്റെ സന്തുലിതത്വവും അതിന്റെ മധ്യമ നിലപാടും പൊതുജനസമക്ഷം അവതരിപ്പിക്കുക എന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ഈ വിഷയത്തില്‍ വന്ന മികച്ച ഗ്രന്ഥമാണ്  'കൈഫ നതആമലു മഅല്‍ ഖുര്‍ആനില്‍ കരീം.' 'ഖുര്‍ആനോടുള്ള നമ്മുടെ സമീപനം എങ്ങനെയായിരിക്കണം' എന്ന പേരില്‍ ഐ.പി.എച്ച് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. പരിഭാഷാ രംഗത്ത് പരിണിതപ്രജ്ഞരായ വി.കെ അലി, പി.കെ ജമാല്‍ എന്നീ രണ്ടു പണ്ഡിതന്മാരാണ് ഗ്രന്ഥം അറബിയില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുള്ളത്. അറബിയില്‍ നാനൂറ്റി അമ്പതില്‍പരം പേജുള്ള ഗ്രന്ഥത്തിന്റെ സംഗൃഹീത വിവര്‍ത്തനമാണിത്. സാധാരണക്കാരെ സംബന്ധിച്ചേടത്തോളം ഈ സംഗ്രഹം ധാരാളം മതി.
വിശുദ്ധ ഖുര്‍ആനെ പരിചയപ്പെടുത്തുന്ന കൃതികള്‍ പണ്ടുമുതലേ രചിക്കപ്പെട്ടുപോന്നിട്ടുണ്ട്. പക്ഷേ അവ മിക്കതും ഖുര്‍ആന്‍ വിജ്ഞാനീയങ്ങളുമായി, അഥവാ ഉലൂമുല്‍ ഖുര്‍ആനുമായി  ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. വഹ്‌യ്, ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, മുഹ്കമും  മുതശാബിഹും, നാസിഖും മന്‍സൂഖും,  തഫ്സീറിന്റെ അടിസ്ഥാന നിയമങ്ങള്‍, സൂറത്തുകളുടെയും ആയത്തുകളുടെയും അവതരണ കാരണവും പശ്ചാത്തലവും, ഖിറാഅത്തുകളം അതിന്റെ ഇമാമുകളും, ഏഴു ഹര്‍ഫുകള്‍, മക്കീ-മദനീ സൂറത്തുകളും അവയുടെ പ്രത്യേകതകളും, ഖുര്‍ആന്റെ അമാനുഷികതയും അതിന്റെ ഇനങ്ങളും, അതിലെ അപരിചിത പദങ്ങളുടെ കുരുക്കഴിക്കല്‍ തുടങ്ങി ഖുര്‍ആനുമായി ബന്ധപ്പെട്ട നിരവധി വിജ്ഞാനങ്ങളുടെ പഠനമാണ് ഉലൂമുല്‍ ഖുര്‍ആന്‍ എന്ന പേരിലറിയപ്പെടുന്ന ഖുര്‍ആന്‍ വിജ്ഞാനശാസ്ത്രം. ഇവയിലേറ്റവും പ്രസിദ്ധമായതാണ് ഇമാം സുയൂത്വിയുടെ 'അല്‍ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍', ഇമാം ബദ്റുദ്ദീന്‍ സര്‍ഖശിയുടെ 'അല്‍ബുര്‍ഹാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍', സുര്‍ഖാനിയുടെ 'മനാഹിലുല്‍ ഇര്‍ഫാന്‍' എന്നീ കനപ്പെട്ട കൃതികള്‍. ഈ വിഷയത്തിലെഴുതപ്പെട്ട കൃതികളുടെയും അതിന്റെ കര്‍ത്താക്കളുടെയും ലിസ്റ്റ് തന്നെ രണ്ടും മൂന്നും വാല്യങ്ങളിലായി ക്രോഡീകരിക്കാന്‍ മാത്രമുണ്ട്.
ഖുര്‍ആനെ സംബന്ധിച്ചറിയേണ്ട സുപ്രധാന വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഈ കൃതി നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്ത് ഖുര്‍ആന്റെ സവിശേഷതകളും ഉദ്ദേശ്യലക്ഷ്യങ്ങളും വിവരിക്കുന്നു. ഖുര്‍ആന്‍ അമാനുഷികമാണ്, അത് എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലത്തേക്കുമുള്ള ദൈവികഗ്രന്ഥമാണ്.  ഇത് സമര്‍ഥിച്ച ശേഷം ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന അടിസ്ഥാന ആദര്‍ശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, കുടുംബസംവിധാനം, സ്ത്രീസ്വാതന്ത്ര്യം, സാഹോദര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ വിശ്വമാനവികത, അന്യമതസ്ഥരോടുള്ള സഹിഷ്ണുത തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. രണ്ടാം ഭാഗത്ത് ഖുര്‍ആന്‍ പഠന-പാരായണ രീതികളെക്കുറിച്ചും മനഃപാഠമാക്കുന്നതിനെക്കുറിച്ചും പാരായണം ശ്രവിക്കുന്നതിനെക്കുറിച്ചും സവിസ്തരം വിശദീകരിക്കുന്നു.
ഖുര്‍ആന്‍ വ്യാഖ്യാന (തഫ്സീര്‍) ത്തെക്കുറിച്ചാണ് മൂന്നാം ഭാഗം. മുഖ്യമായ ഈ ഭാഗമാണ് പുസ്തകത്തിന്റെ കാമ്പും കാതലും.   ഖുര്‍ആന്‍ വ്യാഖ്യാനം അനിവാര്യമാണെന്നും പ്രവാചകന്റെ കാലം മുതല്‍ ഈ പ്രക്രിയ തുടര്‍ന്നുവന്നിട്ടുണ്ടെന്നും ഏതെല്ലാം വികാസപരിണാമങ്ങളാണ് ഈ മേഖലയില്‍ സംഭവിച്ചതെന്നും വിവരിക്കുന്നു.  ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ദീക്ഷിക്കപ്പെടേണ്ട അടിസ്ഥാനതത്ത്വങ്ങള്‍, ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ഖുര്‍ആനെത്തന്നെയും നബിചര്യയെയും അവലംബിക്കല്‍, പൂര്‍വസൂരികളുടെ വ്യാഖ്യാനങ്ങള്‍ ആശ്രയിക്കല്‍, അവതരണ പശ്ചാത്തലങ്ങളും കാരണങ്ങളും ഗ്രഹിക്കല്‍, അറബിഭാഷാ പരിജ്ഞാനം നേടല്‍ തുടങ്ങിയ വിഷയങ്ങള്‍ പിന്നീട് വരുന്നു.
ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചതിക്കുഴിയില്‍ വീഴുന്നത് എന്തുകൊണ്ട് എന്നാണ് തുടര്‍ന്ന്  അന്വേഷിക്കുന്നത്. മുതശാബിഹുകളുടെ അനുധാവനം, വ്യത്യസ്ത ചിന്താഗതിക്കാര്‍ നടത്തുന്ന ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍,  ഇസ്റാഈലീ കഥകളുടെ കടന്നുകയറ്റം, മുസ്‌ലിം സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നുള്ള വ്യതിയാനം, നിയമം റദ്ദാക്കല്‍ (നസ്ഖ്) വാദം, വൈജ്ഞാനിക ദൗര്‍ബല്യം എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളായി വിവരിക്കുന്നു.
നാലാം ഭാഗത്ത് ഖുര്‍ആന്‍ മനുഷ്യന്റെ ജീവിത പദ്ധതിയാണെന്നും അത് ജീവിതത്തിന്റെ നിഖില മേഖലകളിലും പിന്‍പറ്റണമെന്നും മനുഷ്യരാശിക്ക് അതിന്റെ സന്ദേശം എത്തിച്ചുകൊടുക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ഖുര്‍ആനില്‍നിന്ന് സ്വേഛാനുസാരം ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുക്കുകയും ജീവിതത്തിന്റെ ചില മേഖലകളില്‍  മാത്രമായി അവയെ ഒതുക്കിവെക്കുകയും ചെയ്യുന്ന അവസരവാദത്തെ  കണക്കിനു കളിയാക്കുന്നു.  അപ്രധാന വിഷയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി സുപ്രധാന വിഷയങ്ങള്‍ അവഗണിച്ചുതള്ളുന്നതും അന്ധവിശ്വാസങ്ങളെ അനുധാവനം ചെയ്യുന്നതും വിമര്‍ശനവിധേയമാക്കുന്നു.
ചുരുക്കത്തില്‍, ഖുര്‍ആനെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഉപകരിക്കുന്ന റഫറന്‍സ് ഗ്രന്ഥമാണിത്. തഫ്സീര്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഉലൂമുല്‍ ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, മന്‍ത്വിഖ്, ഭാഷാ അലങ്കാര ശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിലെ സാങ്കേതികപദങ്ങളും അടിസ്ഥാന നിയമങ്ങളും യഥേഷ്ടം പ്രയോഗിച്ചുകൊണ്ടുള്ള ഈ ഗ്രന്ഥം മൊഴിമാറ്റത്തിന് അനായാസം വഴങ്ങുകയില്ല. അതിനാല്‍ ചിലപ്പോഴെല്ലാം അത്തരം സാങ്കേതികപദങ്ങളും സംജ്ഞകളും അതേപടി ചേര്‍ക്കാന്‍ പരിഭാഷകര്‍ നിര്‍ബന്ധിതമായിട്ടുണ്ട്.
ദേശകാലങ്ങള്‍ക്ക് അതീതവും സത്യങ്ങളുടെ സാരാംശവുമായ വിശുദ്ധ ഖുര്‍ആനോട് അനുവര്‍ത്തിക്കേണ്ട സമീപന രീതിയാണ് ഈ ഗ്രന്ഥത്തിലെ മുഖ്യ പ്രതിപാദ്യങ്ങളിലൊന്ന്. ആദ്യ നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമുദായം  ഖുര്‍ആനോട് ഏറ്റവും ഉത്കൃഷ്ടമായ നിലപാടാണ് സ്വീകരിച്ചത്. ആശയങ്ങള്‍ ഗ്രഹിച്ചും ലക്ഷ്യം മനസ്സിലാക്കിയും അതിലെ അധ്യാപനങ്ങള്‍ പ്രയോഗവല്‍ക്കരിച്ചുമായിരുന്നു വിശുദ്ധ ഗ്രന്ഥത്തോടുള്ള അവരുടെ സമീപനം. ഇതിന് മികച്ച ഉദാഹരണമാണ് നബിയോടൊപ്പമുണ്ടായിരുന്ന അനുചരന്മാര്‍.  ഖുര്‍ആന്‍ അവരുടെ ജീവിതത്തെ മുച്ചൂടും മാറ്റിമറിച്ചു. ജാഹിലിയ്യാ സരണികളിലൂടെയുള്ള അപഥസഞ്ചാരത്തില്‍നിന്ന് ഇസ്‌ലാമിന്റെ സല്‍പന്ഥാവിലേക്ക് ഖുര്‍ആന്‍ അവരെ ആനയിച്ചു. ജാഹിലിയ്യത്തിന്റെ ഘനാന്ധകാരത്തില്‍നിന്ന് പുറത്തുകടന്ന് ഇസ്‌ലാമിന്റെ വെള്ളിവെളിച്ചവുമായി അവര്‍ ഭൂഖണ്ഡങ്ങളിലൂടെ ജൈത്രയാത്ര നടത്തി. നീതിയും നന്മയും വിളയാടുന്ന രാഷ്ട്ര സംവിധാനങ്ങള്‍ക്ക് രൂപം നല്‍കി. വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും അധിഷ്ഠാനങ്ങളില്‍ നവനാഗരികത കെട്ടിപ്പടുത്തു.
പക്ഷേ, ശേഷം വന്ന തലമുറകള്‍ ഖുര്‍ആനെ അവഗണിക്കുകയും കൈവെടിയുകയും അഗണ്യകോടിയില്‍ തള്ളുകയുമായിരുന്നു. അക്ഷരങ്ങളില്‍ അഭിരമിച്ച അവര്‍ ആശയങ്ങളെ മണ്ണിട്ടുമൂടി. ഖുര്‍ആനിലെ ചില ഭാഗങ്ങള്‍  എടുക്കുകയും മറ്റു ഭാഗങ്ങള്‍ തള്ളുകയും ചെയ്ത ഇസ്റാഈല്‍ സമുദായമായിരുന്നു അവര്‍ക്ക് മാതൃക. ജീവിതത്തിലൂടെ ഖുര്‍ആന് ഭാഷ്യം രചിക്കാന്‍ അവര്‍ക്കായില്ല. ഖുര്‍ആനിക സൂക്തങ്ങളുടെ കര്‍മാവിഷ്‌കാരം അവര്‍ക്ക് അന്യമായിരുന്നു. കേവലം പുണ്യത്തിനു വേണ്ടിയുള്ള ഗ്രന്ഥമായിരുന്നു അവര്‍ക്കത്. അവരുടെ അലമാരകളെ അലങ്കരിക്കാനായിരുന്നു ദൈവിക ഗ്രന്ഥത്തിന്റെ വിധി.
പണ്ഡിതന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ദീനീവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി. യാതൊരു യോഗ്യതയുമില്ലാത്തവര്‍ വരെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുകയും, ഇസ്‌ലാമിന്റെ തനിമ  നശിപ്പിച്ച് ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഇതുപോലെ ഒരു ഗ്രന്ഥത്തിന്റെ പ്രസക്തി പ്രത്യേകം പറയേണ്ടതില്ലല്ലോ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌