Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

'ഹന്തൂ ബലന്‍' മിനിക്കോയിലെ നോമ്പുകാലം

അലി മണിക്ഫാന്‍ / സദ്‌റുദ്ദീന്‍ വാഴക്കാട്

'ഹന്തൂ ബലന്‍' എന്ന് ആര്‍ത്തുവിളിക്കുന്ന കുട്ടികളുടെ സന്തോഷ ബഹളങ്ങളിലാണ് മിനിക്കോയ് ദ്വീപിലെ റമദാന്‍ ആരംഭം. റമദാന്‍ മാസം സമാഗതമായോ എന്നറിയാന്‍ നിലാവ് കാണാന്‍ പോകുന്ന കുട്ടികള്‍! അവരുടെ കൈയില്‍ ഇളനീരുണ്ടാകും. ചന്ദ്രപ്പിറ കണ്ടാല്‍ ഇളനീര്‍ കുടിക്കും.  'ഹന്തൂ ബലന്‍' എന്ന് ഉച്ചത്തില്‍ വിളിച്ചു പറയും. ഇത് മഹല്‍ ഭാഷയാണ്. 'ഹന്തു' എന്നാല്‍ ചന്ദ്രന്‍, 'ബലന്‍' എന്നാല്‍ കാണല്‍! 'ഹന്തോ, ഹന്തോ' എന്നാണ് ആര്‍ത്തുവിളിക്കുക. ഇതാണ് റമദാനിന്റെ തുടക്കം. പ്രത്യേകം തയാറാക്കിയ പലഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് ദ്വീപുകാര്‍ റമദാനെ സ്വീകരിക്കുക. ശഅ്ബാന്‍ മാസത്തിന്റെ അവസാനം ഈ പലഹാരങ്ങള്‍ ഒരുക്കാനുള്ള തിരക്കിലും ആവേശത്തിലുമായിരിക്കും സ്ത്രീകള്‍. ആവിയില്‍ പുഴുങ്ങിയ തേങ്ങയട, കൈകൊണ്ട് പരത്തിയ അരിപ്പത്തിരി,  എണ്ണയില്‍ പൊരിക്കുന്ന മാസ് അട തുടങ്ങിയവയാണ് പ്രധാനം. ശഅ്ബാന്റെ അവസാന ദിനങ്ങളില്‍ കുറച്ചുപേര്‍ വീടുകള്‍ തോറും കയറിയിറങ്ങി പലഹാരങ്ങള്‍ ശേഖരിക്കും. അവയെല്ലാം ഒരിടത്ത് ഒരുമിച്ചുകൂട്ടും. ശേഷം, വിഹിതം വെച്ച് എല്ലാവര്‍ക്കും വിതരണം ചെയ്യും. എല്ലാവരുടെയും പലഹാരങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്ന പങ്കുവെപ്പിന്റെ സംസ്‌കാരമാണിത്. മിനിക്കോയ് ദ്വീപില്‍ വിഭവങ്ങള്‍ പങ്കുവെക്കുന്നതിന്റെ മഹത്തായ പല മാതൃകകളും കാണാം. അത് ദ്വീപിന്റെ നന്മയാണ്. 
റമദാന്‍ പിറന്ന അന്ന് രാത്രി, തറാവീഹ് നമസ്‌കാരം കഴിഞ്ഞാല്‍ എല്ലാവരും വീടുകളില്‍ പോയി ചായയും പലഹാരവും കഴിക്കും. സ്വന്തം വീടുകളില്‍നിന്ന് മാത്രമല്ല, അയല്‍പ്പക്കങ്ങളിലും  ബന്ധുവീടുകളിലും പോയി ആ രാത്രി ചായയും പലഹാരവും കഴിക്കുന്നു. മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കി റമദാന്‍ ആരംഭിച്ചാല്‍, അല്ലാഹുവുമായുള്ള ബന്ധവും ദൃഢമാക്കാം എന്നതായിരിക്കുമോ ഇതിന്റെ പൊരുള്‍, അറിയില്ല! 
അത്താഴത്തിന് മുട്ടിവിളിക്കാന്‍ പ്രത്യേകം ആളുണ്ടായിരുന്നു മുമ്പൊക്കെ. ഒരാള്‍ ഉച്ചത്തില്‍ പാട്ടു പാടി പോകും; 'ഹാറു കാങ്ങ് തെദുവാഉ' - അത്താഴം കഴിക്കാന്‍ എഴുന്നേല്‍ക്കുക എന്നാണര്‍ഥം. അത്താഴ സമയമറിയാന്‍ ഘടികാരങ്ങളൊന്നും ആദ്യകാലത്ത് ഉണ്ടായിരുന്നില്ലല്ലോ. സമയം ഏതാണ്ട് അനുമാനിച്ചെടുക്കും. പിന്നീട് ഹവര്‍ ഗ്ലാസ് ഉപയോഗിച്ചു തുടങ്ങി. മധ്യത്തില്‍ നേര്‍ത്ത ദ്വാരമുള്ള, രണ്ടു ഭാഗത്തും ഗ്ലാസുള്ള ഉപകരണം.  ഒരു ഗ്ലാസില്‍ മണല്‍ നിറച്ചിരിക്കും. ഇത് മുകള്‍ ഭാഗത്താക്കി വെച്ചാല്‍, മണല്‍ താഴെയെത്താന്‍ ഒരു മണിക്കൂറെടുക്കും. ശേഷം തിരിച്ചുവെക്കും. ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അര മണിക്കൂറിന്റെ ഗ്ലാസും ലഭ്യമായിരുന്നു. മിനിക്കോയിലെ പള്ളിയില്‍ ഹവര്‍ ഗ്ലാസും അത് തിരിച്ചും മറിച്ചും വെക്കാനായി ഒരാളും ഉണ്ടായിരുന്നു. 'ഫുളി ബളാ മിസ്‌കുയ്' എന്നാണ് ഈ പള്ളിയുടെ പേര്; 'കുപ്പി നോക്കുന്ന പള്ളി' എന്നാണ് അര്‍ഥം. മഴക്കാലത്തും സൂര്യന്‍ തെളിയാത്ത മൂടിയ കാലാവസ്ഥയിലുമാണ് മുമ്പ് ഹവര്‍ ഗ്ലാസ് ആവശ്യമായിരുന്നത്, അല്ലാത്തപ്പോള്‍ നിഴല്‍ നോക്കി സമയം കണക്കാക്കുമായിരുന്നു.
വളരെ നേരത്തേ, രാത്രി രണ്ടു മണിയോടെയൊക്കെ അത്താഴം കഴിക്കും. ചോറ് തന്നെയാണ് മുഖ്യ ആഹാരം. അത്താഴം കഴിഞ്ഞ് വീണ്ടും ഉറങ്ങാന്‍ കിടക്കും. സ്വുബ്ഹ് നമസ്‌കരിക്കണമെന്നൊന്നും ഇല്ല. പൊതുവില്‍ എല്ലാവരും നോമ്പെടുക്കും, പക്ഷേ, നമസ്‌കരിക്കുന്നതില്‍ ശ്രദ്ധയുണ്ടാകില്ല. നോമ്പ് തുറക്കുമ്പോള്‍ ഒരു സന്തോഷമൊക്കെ ഉണ്ടാകുമല്ലോ! അതു കൊണ്ടാകണം നോമ്പെടുക്കുന്നത്. പിന്നെ, നോമ്പെടുക്കാത്തവര്‍ക്ക് ഭക്ഷണം കിട്ടാന്‍ സംവിധാനമൊന്നുമുണ്ടാകില്ല. മിനിക്കോയില്‍ ഹോട്ടലുകള്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ തന്നെയായിരുന്നു മിനിക്കോയ്കാരുടെ ഭക്ഷണം. പില്‍ക്കാലത്ത് പുറത്തുനിന്ന് ആളുകള്‍ കൂടുതലായി വരാന്‍ തുടങ്ങിയപ്പോഴാണ് രണ്ടോ മൂന്നോ ഹോട്ടല്‍ അവര്‍ക്കു വേണ്ടി ഉണ്ടാക്കിയത്. ഇതുകൊണ്ടെല്ലാം മിനിക്കോയില്‍ നോമ്പെടുക്കാത്തവരുണ്ടാകില്ല, പക്ഷേ, നമസ്‌കരിക്കാത്തവര്‍ ഉണ്ടാകും! ആമീന്റെ പ്യൂണ്‍, 'നിലവങ്ക' ഉണ്ടായിരുന്നു; നോമ്പില്‍ വളരെ കൃത്യമാണ്, പക്ഷേ നമസ്‌കരിക്കില്ല. ആമീന്‍ പുറപ്പെടുവിക്കുന്ന ഭരണപരമായ കാര്യങ്ങള്‍ കവലയില്‍ വെച്ച് ശംഖ് ഊതി വിളിച്ചു പറഞ്ഞിരുന്നത് ഈ 'നിലവങ്ക' ആയിരുന്നു. റമദാന്റെ പകല്‍ ചിലര്‍ പള്ളിയില്‍ പോയി ഓതും, കുറച്ചു പേര്‍ കവലയില്‍ വെടിപറഞ്ഞിരിക്കും. നോമ്പെടുത്തുകൊണ്ടുതന്നെ കടലില്‍ പോയി മീന്‍ പിടിക്കും. നോമ്പുകാലത്ത് കടലില്‍ മീന്‍ പിടിക്കുന്നതിന് വിലക്കൊന്നും ഇല്ല.
'റോദ വീല്ലന്‍' എന്നാണ് ബാങ്ക് കേള്‍ക്കുമ്പോഴുള്ള ആദ്യത്തെ നോമ്പുതുറക്ക് പറയുക. 'നോമ്പ് വിടുക' എന്നാണ് അര്‍ഥം. ഇതിന് ഇളനീര്‍, പലഹാരങ്ങള്‍, ചായ ഒക്കെ ഉണ്ടാകും. നമസ്‌കാരശേഷമുള്ള ഭക്ഷണത്തിന് പ്രത്യേക പേരൊന്നുമില്ല. പത്തിരിയും 'സന്നത്ത്' എന്ന കറിയുമാണ് മുഖ്യമായും ഉണ്ടാവുക. ബ്രഡ് ഫ്രൂട്ടും കിഴങ്ങ് വര്‍ഗങ്ങളും കൊണ്ട് ഉണ്ടാക്കുന്ന മഞ്ഞ നിറത്തിലുള്ള കറിയാണ് സന്നത്ത്. മറ്റു ദ്വീപുകളില്‍ കഞ്ഞിയാണ് പ്രധാനം. പറവ മീന്‍ (Flying fish) പൊരിച്ചതുമുണ്ടാകും. നോമ്പിനെക്കുറിച്ച് പറയുമ്പോള്‍, ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചല്ല, കഴിക്കാതിരിക്കുന്നതിനെപ്പറ്റിയാണ് നാം ആലോചിക്കേണ്ടത്. ഭക്ഷണത്തിന്റെ നിയന്ത്രണമാണ് ഉപവാസം, അമിതാഹാരമല്ല. ഭക്ഷണത്തില്‍ കാര്യമായ നിയന്ത്രണവും ക്രമീകരണവും വരുത്തുന്ന നോമ്പ്, ശരീരത്തിന്റെ ശുദ്ധീകരണത്തിന് ഏറെ സഹായകരമാണ്. പല തരം രോഗങ്ങളില്‍നിന്നും ശരീരത്തെ സംരക്ഷിച്ചുനിര്‍ത്താന്‍, ഒരു മാസത്തെ ചിട്ടയായ ഉപവാസത്തിന് കഴിവുണ്ട്. പക്ഷേ, ആളുകള്‍ പൊതുവെ അങ്ങനെയല്ല നോമ്പിനെ സമീപിക്കുന്നത്. സാധാരണയില്‍ കൂടുതലാണ് നോമ്പുകാലത്ത് പലരുടെയും ഭക്ഷണം. ഇതുകൊണ്ട് നോമ്പിന്റെ ശരിയായ ശിക്ഷണം ലഭിക്കുന്നില്ല.
ദ്വീപില്‍ നോമ്പുതുറയുടെ പ്രധാന വിഭവം ഇളനീര്‍ തന്നെ. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള പാനീയമാണ് ഇളനീര്‍. ലോകയുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് ഇളനീര്‍ നേരിട്ട് ഞരമ്പുകളിലേക്ക്, ഗ്ലൂക്കോസ് കയറ്റുന്ന പോലെ ഇഞ്ചക്ഷനായി നല്‍കിയിരുന്നുവത്രെ! തെങ്ങില്‍നിന്ന് എടുക്കുന്ന നീരയാണ് മറ്റൊന്ന്. തെങ്ങ് ചെത്തി, കൈതയുടെ ഓല കൊണ്ട് വരിഞ്ഞുകെട്ടും. അതില്‍നിന്ന് നീര് ഒലിച്ചിറങ്ങും. ഒന്നിനു മേല്‍ മറ്റൊന്നായി, രണ്ട് ചിരട്ടകള്‍ ചേര്‍ത്തുണ്ടാക്കിയ പാത്രമുണ്ടാകും. നന്നായി മിനുക്കി, ചിത്രപ്പണികളൊക്കെ ചെയ്തതായിരിക്കും അത്. അതിലാണ് നീര ശേഖരിക്കുന്നതും കുടിക്കാന്‍ കൊടുക്കുന്നതും. തെങ്ങില്‍നിന്ന് ദിവസം രണ്ടു തവണ നീര എടുക്കും. അധികസമയം വെച്ചാല്‍ അത് രൂപം മാറിപ്പോകും. അതുകൊണ്ടാണ് രണ്ടു തവണ എടുക്കുന്നത്. ഈ നീര അങ്ങനെത്തന്നെ കുടിക്കാം, ലഹരിയൊന്നും ഉണ്ടാകില്ല. നീര തിളപ്പിച്ചാണ് ചക്കര ഉണ്ടാക്കുന്നത്. ചൂടാക്കുമ്പോള്‍ അതിലെ വെള്ളം ആവിയായിപ്പോകും, ചക്കര ബാക്കിയാകും. അതാണ് തെങ്ങിന്‍ ചക്കര. തെങ്ങിന്‍ ചക്കര മുമ്പ് വ്യവസായാടിസ്ഥാനത്തില്‍ ഉണ്ടാക്കുകയും കേരളത്തിലേക്ക് കയറ്റിയയക്കുകയും ചെയ്തിരുന്നു. തെങ്ങില്‍ കയറി നീര കൊണ്ടുവരുന്നത് പുരുഷന്മാര്‍, ശേഷം ചക്കര ഉണ്ടാക്കുന്നത് സ്ത്രീകള്‍. ലിക്വിഡ് രൂപത്തിലാണ് ചക്കര ഉണ്ടാവുക, ടിന്നിലാണ് അത് സൂക്ഷിച്ചിരുന്നത്. ചക്കര കടയില്‍ കൊടുത്ത്, തുല്യമായ മറ്റു സാധനങ്ങള്‍ വാങ്ങുന്ന ബാര്‍ട്ടര്‍ സമ്പ്രദായം മിനിക്കോയില്‍ ഉണ്ടായിരുന്നു. ഞാന്‍ ആമീന്റെ കണക്കെഴുത്തുകാരനായിരിക്കെ ചക്കര കയറ്റുമതിയുടെ കണക്കുകള്‍ നോക്കിയത് ഓര്‍മയുണ്ട്. ഇപ്പോള്‍ ഇതൊക്കെ കുറവാണ്. തെങ്ങുകയറാനും പഴയതുപോലെ ആളില്ല. കരയില്‍നിന്ന് പോകുന്നവരാണ് ദ്വീപിലും ഇപ്പോള്‍ തെങ്ങ് കയറുന്നത്, അവരില്‍ ഹിന്ദിക്കാരുമുണ്ട്!
തറാവീഹ് നമസ്‌കാരം ആദ്യകാലത്ത് ഇരുപത് റക്അത്ത് മാത്രമായിരുന്നു, അലം തറ മുതലുള്ള സൂറത്തുകള്‍ രണ്ടു തവണ ആവര്‍ത്തിച്ച് ഓതും. പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം എട്ട് റക്അത്തും ദീര്‍ഘിച്ച ഓത്തും തുടങ്ങി. മാലിദ്വീപുകാരന്‍ ഹുസൈന്‍ ദീദി വന്നതോടെയാണ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ദ്വീപില്‍ ആരംഭിച്ചത്. അദ്ദേഹം പോയതിനു ശേഷം പുരോഗമന ആശയക്കാര്‍ ജുമുഅ ആരംഭിച്ചു. അദ്ദേഹം ആദ്യം തറാവീഹ് ഇരുപതാണ് നമസ്‌കരിച്ചിരുന്നത്. രണ്ടാം ഘട്ടത്തില്‍ അദ്ദേഹം വന്നപ്പോള്‍, 'വഹാബിസം' എന്ന് ആളുകള്‍ വിളിച്ചിരുന്ന ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ബാഡാ വില്ലേജ് കേന്ദ്രീകരിച്ചായിരുന്നു ഇത്. പിന്നീട് കുദഹി വില്ലേജും സമാന ആശയക്കാരായി. ബാഡാ വില്ലേജിലാണ് ആദ്യം എട്ട് റക്അത്ത് നമസ്‌കരിച്ചിരുന്നത്.  ഹുമ്മിലോളു ജുമുഅത്ത് പള്ളിയില്‍ ഇരുപതും നമസ്‌കരിക്കുമായിരുന്നു. ഉപ്പിച്ച എന്ന് വിളിക്കുന്ന കണ്ണൂരുകാരന്‍ ഒരു അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഇവിടെ ഇമാമായിരുന്നു. രണ്ട് പള്ളികളിലും മഹല്‍ ഭാഷയില്‍ ഖുത്വ്ബകള്‍ നടക്കുകയുണ്ടായി. ആ ഘട്ടത്തില്‍ ഹുസൈന്‍ ദീദി, ഇടവിട്ട ദിവസങ്ങളില്‍ രണ്ട് പള്ളികളിലും പോയി രണ്ട് രീതിയിലും നമസ്‌കരിക്കുമായിരുന്നു. പിന്നീട് പെരുന്നാള്‍ ഒരുമിച്ചു നടത്താന്‍ ദീദി സാഹിബ് ശ്രമിച്ചിരുന്നെങ്കിലും ബാഡ വില്ലേജ് കേന്ദ്രീകരിച്ചുള്ള പരിഷ്‌കരണവാദികള്‍ സഹകരിച്ചില്ല. ഇപ്പോള്‍ രണ്ട് രീതിയിലും നമസ്‌കാരങ്ങള്‍ നടക്കുന്ന പള്ളികള്‍ മിനിക്കോയിലുണ്ട്. ചെറിയ പള്ളികളായിരുന്നു ദ്വീപിലുണ്ടായിരുന്നത്, 3500 ആയിരുന്നു എന്റെ ചെറുപ്പകാലത്ത് മിനിക്കോയിലെ ജനസംഖ്യ. ഇപ്പോഴത് 15000 ആയിട്ടുണ്ടാകണം. ഇതിനനുസരിച്ച് പള്ളികളും വലുതായി.
തറാവീഹ് നമസ്‌കാരം കഴിഞ്ഞാല്‍ വില്ലേജ് ഹൗസുകളില്‍ പോയി ഒന്നിച്ച് ചായയും പലഹാരവും കഴിക്കും. മിനിക്കോയിയുടെ ഒരു പ്രത്യേകത സാമൂഹിക ബന്ധങ്ങളാണ്. ജോലിയും ജീവിതവും പൊതുവെ കൂട്ടായിട്ടുള്ളതാണ്. മീന്‍ പിടിക്കാന്‍ പോകുന്നതും അത് സംസ്‌കരിക്കുന്നതും മാസ് ഉണ്ടാക്കുന്നതും ആളുകള്‍ ഒരുമിച്ചാണ്. ഓരോ വില്ലേജിനും വില്ലേജ് ഹൗസ് ഉണ്ടാകും. ഇതാണ് പ്രാദേശിക കേന്ദ്രങ്ങള്‍. ഇവിടെ ഒരുമിച്ചിരുന്ന് ചായ കഴിക്കുന്നതും മറ്റും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ഇപ്പോള്‍ വില്ലേജുകളില്‍ ഇഫ്ത്വാറുകള്‍ സംഘടിപ്പിക്കാറുണ്ട്. ആളുകള്‍ പരസ്പരം വീട്ടിലേക്ക് ക്ഷണിക്കുകയും സല്‍ക്കരിക്കുകയും ചെയ്യും. മീന്‍ പിടിക്കാന്‍ പോയ ബോട്ടുകള്‍ തിരിച്ചുവരുമ്പോള്‍, കരയില്‍ കാത്തു നില്‍ക്കുന്നവര്‍ക്കും ഒരു വിഹിതമുണ്ടാകും. വിഭവങ്ങള്‍ പങ്കുവെക്കുന്ന മിനിക്കോയിയുടെ ഈ സംസ്‌കാരം വളരെ മാതൃകാപരമാണ്.  ഇതുവഴി സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുന്നു. ദ്വീപിന്റെ ഇത്തരം നന്മകള്‍ കൂടുതല്‍ പഠിക്കാനും പകര്‍ത്താനും കാത്തുസൂക്ഷിക്കാനും  ശ്രദ്ധിക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌