Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

ജീവിതഗന്ധിയല്ലാത്ത മതത്തിന് ഇസ്‌ലാം എതിരാണ്

ടി. മുഹമ്മദ് വേളം

മതത്തെയും മതാചാരങ്ങളെയും രണ്ടു തരത്തില്‍ നോക്കിക്കാണാം.  മതത്തെ ചില ആചാരങ്ങളുടെ സമാഹാരമായും  ആചാരാനുഷ്ഠാനങ്ങളെ  ആചാരത്തിനു വേണ്ടിയുള്ള അനുഷ്ഠാനങ്ങളായും  നോക്കിക്കാണുന്ന രീതിയാണ് അതിലൊന്ന്. ഇസ്ലാം ഈ രീതിയുടെ എതിര്‍പക്ഷത്താണ് കൃത്യമായി നിലയുറപ്പിക്കുന്നത് എന്ന് കാണാന്‍ കഴിയും. ആചാരങ്ങളും അനുഷ്ഠാനങ്ങളും അല്ലാഹുവിന്റെ രൂപകല്‍പ്പനകളാണ്. അതുകൊണ്ടുതന്നെ അതിന്റെ രൂപഘടനകള്‍ക്ക് യുക്തിക്കതീതമായ ഒരു തലമുണ്ട്. എന്നാല്‍ ആ യുക്ത്യാതീതമായ തലം അതിന് ജീവിതവുമായുള്ള ബന്ധത്തെ ഒരിക്കലും മുറിച്ചുകളയുന്നതല്ല. ഇസ്ലാമിലെ ആരാധനകള്‍ക്ക് യുക്തിക്കു പുറത്തുള്ള തലങ്ങള്‍ മാത്രമല്ല ഉള്ളത്. യുക്തിപരമായ തലങ്ങളും ഉണ്ട്. ഇസ്ലാമിലെ ആരാധനകള്‍ ഒരേസമയം ദൈവത്തോടും ജീവിതത്തോടുമുള്ള സംവേദനമാണ്. അത് മനുഷ്യനിലെ യുക്ത്യാതീതമായ തലത്തോടും യുക്തിയോടും സംവദിച്ച് ആരാധകളിലേര്‍പ്പെടുന്നവരെ ദൈവത്തോട് അടുപ്പിച്ചുനിര്‍ത്തുകയും അവരുടെ ഹൃദയത്തെ സംസ്‌കരിക്കുകയും ചെയ്യുന്നു. ജീവിതത്തെ സ്വാധീനിക്കാത്ത ആരാധനകള്‍, അഥവാ ആരാധനക്കു വേണ്ടിയുള്ള ആരാധനകള്‍ എന്നത് ഇസ്ലാമിന്റെ മതഎതിര്‍പക്ഷമായ ബഹുദൈവത്വത്തിന്റെ  ആരാധനാസംസ്‌കാരമാണ്.
ബഹുദൈവത്വ മതസംസ്‌കാരങ്ങളില്‍ ആചാരത്തിനു വേണ്ടിയുള്ള ആചാരങ്ങള്‍, ആഘോഷത്തിനു വേണ്ടിയുള്ള ആചാരങ്ങള്‍, ഭൗതികമായ കാര്യസാധ്യത്തിനു വേണ്ടിയുള്ള അനുഷ്ഠാനങ്ങള്‍ എന്നിവയാണ് കാണാന്‍ കഴിയുക. ആത്മസംസ്‌കരണത്തിനു വേണ്ടിയുള്ള അനുഷ്ഠാനങ്ങള്‍ എന്ന സങ്കല്‍പം അവിടെ കാണാന്‍ കഴിയില്ല. ചില ആചാരങ്ങളില്‍ ചില അച്ചടക്കങ്ങളും മുറകളും വ്രതങ്ങളും ഉണ്ടാവും. ചിലപ്പോള്‍ അത് ഇസ്ലാമിലെ ആരാധനകളിലെ ആത്മസംസ്‌കരണത്തോട് സമാനത പുലര്‍ത്തുന്നു എന്ന് തോന്നിപ്പിക്കുകയും ചെയ്യും. എന്നാല്‍ ബഹുദൈവത്വത്തിലെ ആ വ്രതങ്ങളും മുറകളും ആ ആചാരത്തിനകത്തു മാത്രം പരിമിതമാണ്, ആചാരത്തിനു പുറത്തെ വിസ്തൃത ജീവിതവുമായി അതിന് ഒരു ബന്ധവും ഉണ്ടായിരിക്കുകയില്ല. വ്രതങ്ങളും മുറകളുമുള്ള ആചാരം ആചാരമായും ജീവിതം ജീവിതമായും സന്ധിക്കാത്ത  സമാന്തര രേഖകളായി എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കും.
ഇന്ത്യയില്‍ മധ്യവര്‍ഗത്തിന് ഇടയില്‍ പൊതുവിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും സ്വാധീനമുണ്ടായിരുന്ന ആള്‍ദൈവമാണ് സായിബാബ. അദ്ദേഹത്തിന്റെ അനുയായികളെ കുറിച്ചുള്ള ഒരു നിരീക്ഷണമുണ്ട്. സായിബാബയുടെ ആസ്ഥാനമായ പുട്ടപര്‍ത്തിയില്‍ പോയി പുണ്യം തേടിക്കൊണ്ട് അവര്‍ ജനസേവനം നടത്തുകയും അവിടത്തെ കക്കൂസുകള്‍ അടക്കം വൃത്തിയാക്കുകയും ചെയ്യും. എന്നാല്‍ തിരിച്ചുവന്ന് ഓഫീസില്‍ തന്റെ മുന്നില്‍ വരുന്ന ഒരു സാധാരണ മനുഷ്യനോട് അവന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് പെരുമാറണം എന്നുപോലും അവര്‍ക്ക് നിര്‍ബന്ധമുണ്ടാവുകയില്ല. മണമ്പൂര്‍ രാജന്‍ബാബുവിന്റെ 'ഇഷ്ടപാര്‍തിയിലെ ശിഷ്ടനേരങ്ങള്‍' എന്ന കവിത സായിഭക്തരുടെ ജീവിതബന്ധമില്ലാത്ത ആചാരസേവനത്തിന്റെ വളരെ നിശിതമായ വിമര്‍ശനാവിഷ്‌കാരമാണ്:
''നാസ്തികനായ എനിക്കും ഇപ്പോള്‍ തോന്നുന്നു;
ദൈവമുണ്ടെന്ന്.
ഇല്ലെങ്കില്‍
ഒരു മാസത്തേക്ക് ശമ്പളമില്ലാത്ത അവധിയെടുത്ത്
വീണ്ടും അവിടേക്ക് കുതിക്കുകയില്ലല്ലോ അദ്ദേഹം.

രാവും പകലും
എണ്ണചട്ടിയിലെ കടുകായി തിളയ്ക്കുന്ന
ഞാന്‍ കാച്ചിയ ചായ
പകര്‍ന്നു കുടിക്കാന്‍ നേരമില്ലാത്ത അദ്ദേഹം!

വിറകു വെട്ടുമ്പോള്‍
കാലില്‍ മഴു ആഴ്ന്ന എന്നെ
ആശുപത്രിയിലെത്തിക്കാന്‍
ക്രെഡിറ്റില്‍ ലീവില്ലാത്ത അദ്ദേഹം!

വീട്ടില്‍ നിലം തുടയ്ക്കാന്‍
ലോഷന്‍ ആര്‍ഭാടമാണെന്ന്
കയര്‍ക്കുന്ന അദ്ദേഹം!

അദ്ദേഹത്തെ കേള്‍ക്കാനാണ്
എന്റെയീ കാത്തിരിപ്പ്
അവിടത്തെ കക്കൂസ് കഴുകലിന്റെ
പാത്രം മോറലിന്റെ
നിലം തുടക്കലിന്റെ
ആനന്ദാനുഭവങ്ങള്‍ തൊടുക്കാന്‍
അദ്ദേഹത്തിന്റെ ആവനാഴിയില്‍
നേരം അനന്തം!''
പുണ്യത്തെക്കുറിച്ച സങ്കല്‍പ്പങ്ങള്‍ പല മതങ്ങളിലും പലതായിരിക്കും. എങ്കിലും പുണ്യമാണ് എല്ലാ ഭക്തരുടെയും ആരാധനകളുടെ മുഖ്യ ഉന്നം. കേവല ആചാരനിര്‍വഹണമല്ല പുണ്യമെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്: ''കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുന്നത് അല്ല പുണ്യം. പുണ്യം എന്നാല്‍ ശരിയായ വിശ്വാസത്തില്‍നിന്ന് മാത്രം കിളിര്‍ക്കുന്നതാണ്. അഥവാ അല്ലാഹുവിലും അന്ത്യദിനത്തിലും മാലാഖമാരിലും അവതീര്‍ണമായ ഗ്രന്ഥങ്ങളിലും അയക്കപ്പെട്ട പ്രവാചകന്മാരിലും ഉള്ള വിശ്വാസം. പിന്നെ സമ്പത്ത് പ്രിയപ്പെട്ടതായിരിക്കെ തന്നെ ബന്ധുവിനും അനാഥര്‍ക്കും അഗതിക്കും വഴിയിലായിപ്പോയവര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും വേണ്ടി ചെലവഴിക്കലാണ്. നമസ്‌കാരം നിലനിര്‍ത്തലും സകാത്ത് നല്‍കലുമാണ്. കരാര്‍ ചെയ്താല്‍ പാലിക്കലാണ്. വിപത്തുകളിലും സത്യാസത്യ സംഘട്ടനവേളകളിലും ധൈര്യവും ക്ഷമയും കൈക്കൊള്ളലാണ്'' (അല്‍ബഖറ: 177).
ഇസ്ലാമില്‍ ആരാധനകളുടെ ഹൃദയം ദൈവസ്മരണയാണ്. ആരാധനകളിലെ ദൈവസ്മരണയെ ആരാധനക്കു ശേഷവും കൈവിടാതെ കാക്കണമെന്ന്, ജീവിതത്തില്‍ ലയിപ്പിക്കണമെന്ന് ഒന്നിലധികം ആരാധനകളെ മുന്‍നിര്‍ത്തി അല്ലാഹു പഠിപ്പിക്കുന്നത് കാണാന്‍ കഴിയും: ''സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസം ദൈവസ്മരണയിലേക്ക് വിളിക്കപ്പെട്ടാല്‍ ആവേശപൂര്‍വം ആ സ്മരണയിലേക്ക് ചെല്ലുക. കച്ചവടം ഉപേക്ഷിക്കുക. കാര്യങ്ങള്‍ ഗ്രഹിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് അതാണ് ഉത്തമം. നമസ്‌കാരം  പൂര്‍ത്തീകരിക്കപ്പെട്ടാല്‍ ഭൂമിയില്‍ വ്യാപിക്കുക. ദൈവത്തിന്റെ ഔദാര്യങ്ങള്‍ തേടുകയും ചെയ്യുക. അഥവാ ലൗകിക വ്യവഹാരങ്ങളില്‍ വ്യാപൃതരാവുക. ദൈവത്തെ ധാരാളമായി സ്മരിക്കുകയും ചെയ്യുക'' (അല്‍ ജുമുഅ: 9-10).
ദൈവസ്മരണയുടെ ചിഹ്നങ്ങള്‍ കൊണ്ട് നിറഞ്ഞ ഹജ്ജിനെക്കുറിച്ച് അല്ലാഹു പറയുന്നു: ''അറഫയില്‍നിന്ന് പുറപ്പെട്ടാല്‍ മശ്അറുല്‍ ഹറാമിന്റെ അടുത്ത് (മുസ്ദലിഫയില്‍) തങ്ങി അല്ലാഹുവിനെ സ്മരിക്കുക. അവന്‍ നിങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത് എപ്രകാരമാണോ അപ്രകാരം സ്മരിക്കുവിന്‍.... നിങ്ങള്‍ ഹജ്ജ് ചടങ്ങുകള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ പണ്ട് നിങ്ങളുടെ പൂര്‍വ പിതാക്കളെ സ്മരിച്ചിരുന്നപോലെ ഇനി അല്ലാഹുവിനെ സ്മരിക്കുക; അല്ല, അതിനേക്കാള്‍ ശക്തമായി'' (അല്‍ബഖറ 198-200). ഹജ്ജിലെ ദൈവസ്മരണ ഹജ്ജില്‍ അവസാനിച്ചുപോകരുത്  എന്നര്‍ഥം.
നോമ്പിന്റെ ഉദ്ദേശ്യമായി അല്ലാഹു പറയുന്നത് ദൈവഭക്തി ആര്‍ജിക്കല്‍ ആണ്. ഹജ്ജ് ഭൗതികമായ ഒരു യാത്ര കൂടിയാണ് എന്ന നിലക്ക് അതിനു പാഥേയങ്ങള്‍ ഒരുക്കണം. പക്ഷേ ആ യാത്രയുടെയും കര്‍മത്തിന്റെയും ഉത്തമമായ പാഥേയം ദൈവ ഭക്തിയാണ് എന്ന് അല്ലാഹു പറയുന്നുണ്ട്. ഉദ്ദേശ്യരഹിതമായ ആചാരങ്ങള്‍ അല്ല അവ എന്നര്‍ഥം.
നോമ്പിന്റെ ഉദ്ദേശ്യപ്രഖ്യാപനം നടത്തിക്കൊണ്ടാണ് നോമ്പിനെക്കുറിച്ച് സൂറഃ അല്‍ബഖറയിലെ ദിവ്യപ്രഭാഷണം ആരംഭിക്കുന്നത്: ''വിശ്വാസികളേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപെട്ടിരിക്കുന്നു. നിങ്ങള്‍ ദൈവഭക്തിയുള്ളവരായേക്കും'' (183). നോമ്പിനെക്കുറിച്ച കാര്യങ്ങള്‍ അവിടെ പറയാനുള്ളത് മുഴുവന്‍ പറഞ്ഞശേഷം തൊട്ടുടനെ പറയുന്ന കാര്യം ഒറ്റനോട്ടത്തില്‍ നോമ്പുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് ചിലപ്പോള്‍ തോന്നാം. യഥാര്‍ഥത്തില്‍ നോമ്പിനെ സാധാരണ ജീവിതത്തിലേക്ക് ഘടിപ്പിക്കുകയും ലയിപ്പിക്കുകയും ചെയ്യുന്നതിന്റെ അതിഗംഭീരമായ ദിവ്യപാഠമാണത്: ''നിങ്ങളുടെ ധനം പരസ്പരം അന്യായമായി തിന്നാതിരിക്കുക. അന്യരുടെ ധനത്തില്‍നിന്ന് ഒരു ഭാഗം കുറ്റകരമായി  അനുഭവിക്കാനായി ഭരണാധികാരികളെയോ വിധികര്‍ത്താക്കളെയോ  സമീപിക്കാതിരിക്കുക'' (അല്‍ ബഖറ: 188). നോമ്പ് എന്നാല്‍ ഹലാലായ ഭക്ഷണവും നോമ്പിന്റെ നേരങ്ങളില്‍ കഴിക്കാതിരിക്കലാണ്. നോമ്പ് കഴിയുന്നതോടെ ആ വ്യവസ്ഥ അവസാനിച്ചു. ആ വ്രതനിഷ്ഠ ഇനി പാലിക്കേണ്ടതില്ല. പക്ഷേ തുടര്‍ജീവിതത്തിന്റെ വിസ്തൃതിയില്‍ മറ്റൊരു നിഷ്ഠ പുലര്‍ത്തണം എന്നാണ് ഇവിടെ ഓര്‍മപ്പെടുത്തുന്നത്. അത് ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്. നോമ്പ് അല്ലാത്ത കാലത്ത് അനുവദനീയമായതും നോമ്പില്‍ പാടില്ലായിരുന്നു. അത് ഒരു കഠിനവ്രതമാണ്. അത് പൂര്‍ത്തീകരിച്ചവരോട് പറയാനുള്ളത് സാധാരണ ജീവിതത്തില്‍ നോമ്പ് അല്ലാത്ത തുടര്‍മാസങ്ങളില്‍ നിങ്ങള്‍ വ്രതനിഷ്ഠകള്‍ ഒന്നുമില്ലാതെ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പക്ഷേ മറ്റൊരു ലളിതനിഷ്ഠ ഓര്‍മപ്പെടുത്താനുള്ള സന്ദര്‍ഭം ഇതാണ്. അന്യരുടെ മുതല്‍ തിന്നരുത്, അതിനായി വ്യാജരേഖ ചമക്കരുത്. വാഗ്വിലാസം കാട്ടരുത്. നോമ്പ് ഒരു പരിശീലനമാണ്. ആ പരിശീലനത്തിന്റെ ഫലമായി ഉണ്ടാവേണ്ടത് അന്യന്റെ  മുതല്‍ തിന്നാതിരിക്കാനുള്ള ജാഗ്രതയാണ്. നോമ്പിനെ നോമ്പില്‍ ഉപേക്ഷിക്കാതെ ജീവിതത്തിലേക്ക് പകര്‍ത്തുകയാണ് ഈ കല്‍പനയിലൂടെ അല്ലാഹു ചെയ്യുന്നത്. അതുകൊണ്ടാണ് ഈ കല്‍പ്പന തൊട്ടുടനെ ഇവിടെത്തന്നെ ചേര്‍ത്തത്.
പ്രവാചകന്‍ റമദാന്‍ അല്ലാതെ ഏറ്റവും കൂടുതല്‍ നോമ്പെടുത്ത മാസം നോമ്പിന്റെ തൊട്ടുമുമ്പുള്ള ശഅ്ബാന്‍ ആണ്. അത് നോമ്പിനുള്ള ഒരുക്കമാണ്. റമദാന്‍ കഴിഞ്ഞാല്‍ ശവ്വാലിലെ ആറു നോമ്പുകള്‍ പ്രബലമായ ഐഛികാനുഷ്ഠാനമാണ്. നോമ്പുമാസത്തെ അതിന്റെ മുമ്പിനോടും ശേഷത്തോടും  നോമ്പ് കൊണ്ട് ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. റമദാന്‍ നോമ്പിന് ഒരുക്കവും അതിന് തുടര്‍ച്ചയും ഉണ്ട്. അപ്പുറവും ഇപ്പുറവുമായി ഒരു ബന്ധവുമില്ലാത്ത കേവലം അനുഷ്ഠാനമല്ല അത്.
നമസ്‌കാരത്തെ അനുസരിക്കുക എന്ന ഒരു സങ്കല്‍പം പ്രവാചക വചനങ്ങളില്‍ കാണാന്‍ കഴിയും. പ്രവാചകന്‍ പറയുന്നു: ''നമസ്‌കാരത്തെ അനുസരിക്കാത്തവന് നമസ്‌കാരം ഇല്ല. നീചകൃത്യങ്ങളില്‍നിന്നും തിന്മകളില്‍നിന്നും വിരമിക്കലാണ് നമസ്‌കാരത്തിനുള്ള അനുസരണം.'' നമസ്‌കാരം വൃത്തികേടുകളില്‍നിന്നും തെറ്റുകളില്‍നിന്നും മനുഷ്യനെ തടയുന്നു എന്ന് അല്ലാഹു പറയുന്നുണ്ട് (അല്‍ അന്‍കബൂത്ത്: 45). അപ്പോള്‍ നമസ്‌കാരം എന്നത് ഒരനുഷ്ഠാനം മാത്രമല്ല, ഒരു മൂല്യമണ്ഡലം കൂടിയാണ്. നമസ്‌കരിക്കുന്നതിലുടെ ആ മൂല്യമണ്ഡലത്തിന് വിധേയനാവുക കൂടിയാണ് വിശ്വാസി ചെയ്യുന്നത്. ദൈവസ്മരണയും അതില്‍നിന്നുണ്ടാവുന്ന ജീവിതസംസ്‌കരണവും സ്വാധീനിക്കാത്ത നമസ്‌കാരം പ്രതിഫലത്തിനല്ല, കുറ്റത്തിനാണ് കാരണമാവുക എന്ന് പ്രവാചകന്‍ പറയുന്നുണ്ട്: ''ഒരുവന്റെ നമസ്‌കാരം അവനെ നീചകൃത്യങ്ങളില്‍നിന്നും തിന്മകളില്‍നിന്നും വിലക്കുന്നില്ല എങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അകല്‍ച്ച അല്ലാതെ ഒന്നും അവന്‍ വര്‍ധിപ്പിക്കുന്നില്ല. ആ നമസ്‌കാരം കൊണ്ട് അല്ലാഹുവിന്റെ വെറുപ്പ് അല്ലാതെ ഒന്നും വര്‍ധിക്കുന്നില്ല.''
കേവല ആചാരത്തെയും അതിന്റെ നടത്തിപ്പിനെയും ആചാരനടത്തിപ്പിന്റെ ഊരാളപദവികളെയും അന്തസ്സത്തയുള്ള മതത്തിന് തുല്യമാക്കുന്നതിനെ ഖുര്‍ആന്‍ അതിനിശിതമായി ചോദ്യം ചെയ്യുന്നുണ്ട്: ''ഹാജിമാര്‍ക്ക് വെള്ളംകൊടുക്കലും കഅ്ബയുടെ പരിപാലനവും അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസത്തോടും അവന്റെ മാര്‍ഗത്തിലെ പോരാട്ടത്തോടും നിങ്ങള്‍ തുല്യമാക്കുകയാണോ? അല്ലാഹുവിന്റെ അടുത്ത് അവ രണ്ടും തുല്യമല്ല'' (അത്തൗബ: 19).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌