Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

തഫ്‌സീറിന്റെ അനിവാര്യതയും മുഫസ്സിറിന്റെ യോഗ്യതയും

സ്വാലിഹ് നിസാമി പുതുപൊന്നാനി

വ്രതമനുഷ്ഠിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക് (സ്വാഇമൂന്‍, സ്വാഇമാത്ത്) മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട് (അല്‍ അഹ്‌സാബ് 35). 'സ്വാമ' എന്ന അറബി പദത്തിന്റെ രണ്ടു തരം നാമരൂപങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്: സൗമ്, സ്വിയാം. പിടിച്ചുവെക്കുക, തടഞ്ഞുവെക്കുക എന്ന അര്‍ഥമാണ് 'സ്വാമ'ക്കുള്ളത്. അസാധാരണ മാര്‍ഗത്തില്‍ ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത മര്‍യമിനെ ചാരിത്ര്യശുദ്ധിയില്‍ സംശയിച്ചുകൊണ്ട് ആളുകള്‍ അതുമിതും പറഞ്ഞു ശല്യപ്പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍, അവരോട് പ്രതികരിക്കേണ്ട രീതി മര്‍യമിനെ അല്ലാഹു പഠിപ്പിച്ചു: 'മര്‍യമേ, ആംഗ്യം കാണിക്കുക: റഹ്മാനായ അല്ലാഹുവിനു വേണ്ടി ഞാന്‍ സൗമ് നേര്‍ച്ച നേര്‍ന്നിരിക്കുന്നു. അതിനാല്‍, ഇന്ന് ഞാന്‍ ഒരാളോടും സംസാരിക്കുന്നതല്ല.' ഇവിടെ സൗമ് അര്‍ഥമാക്കുന്നത് മൗനവ്രതം ആണെന്ന്  തുടര്‍ന്നുള്ള വിവരണത്തില്‍ വ്യക്തമാകുന്നു. ഇവിടെ മാത്രമാണ് സൗമ് എന്ന വാക്ക് ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്. വാക്കുകള്‍ പിടിച്ചുവെക്കുക/ തടഞ്ഞുവെക്കുക എന്ന അര്‍ഥത്തിലാണ് ഇവിടെ സ്വാമ എന്ന പ്രയോഗം. ഖുര്‍ആനില്‍ മറ്റു ഒമ്പതിടങ്ങളിലും സ്വിയാം എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്. അത് കേവല ഭാഷാര്‍ഥത്തിലോ ഭാഷാലങ്കാരത്തിലോ അല്ലെന്നു കാണാം. ആരാധനയുടെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന സാങ്കേതിക അര്‍ഥകല്‍പന അവിടങ്ങളില്‍ അനിവാര്യമാണ്.

ആയാത്തുസ്സ്വിയാം 
(സ്വിയാം സൂക്തങ്ങള്‍)

സ്വിയാമിന്റെ അടിസ്ഥാന നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നാല് സൂക്തങ്ങളേ ഖുര്‍ആനിലുള്ളൂ. അല്‍ബഖറ 183 മുതല്‍ 187 വരെയുള്ള സൂക്തങ്ങള്‍. ഇവയെ ആയാത്തുസ്സ്വിയാം എന്നു വിളിക്കാം. നൂറ്റി അമ്പത്തി ആറാം സൂക്തം, നേര്‍ക്കുനേര്‍ സ്വിയാമിനെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും, സ്വിയാമും ദൈവസാമീപ്യവും പ്രാര്‍ഥനയും ഉത്തരസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ചരിത്ര പാരമ്പര്യം, ധാര്‍മിക ശിക്ഷണ രീതി, മാനുഷിക പരിഗണന, ഖുര്‍ആനിലെ പ്രതിപാദന ശൈലി, സുന്നത്തിന്റെ അനിവാര്യത തുടങ്ങിയ വിവിധ ആശയങ്ങള്‍ സമഗ്രമായി ഉള്‍ക്കൊള്ളുന്ന സൂക്തങ്ങളാണ് ആയാത്തുസ്സ്വിയാം.
''വിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങള്‍ക്കുമേല്‍  നിര്‍ബന്ധമാക്കപ്പെട്ട പോലെ, നിങ്ങള്‍ക്കു മേലും സ്വിയാം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഭക്തരാകാന്‍ വേണ്ടി.  എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം.  ആ ദിവസങ്ങളില്‍ നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍, അല്ലെങ്കില്‍ യാത്രയിലാണെങ്കില്‍ നഷ്‌പ്പെട്ട നോമ്പുകള്‍ മറ്റു ദിവസങ്ങളില്‍ വീണ്ടെടുക്കുക. (പ്രായാധിക്യം, ഗര്‍ഭം തുടങ്ങിയവ നിമിത്തം) നോമ്പ്  ശാരീരികപ്രയാസമായി അനുഭവപ്പെടുന്നതിനാല്‍ വ്രതമുപേക്ഷിക്കുന്നവര്‍ പ്രായശ്ചിത്തമായി ഒരു സാധുവിനു ഭക്ഷണം കൂടി നല്‍കേണ്ടതാണ്.  കൂടുതല്‍ നന്മ ചെയ്യാന്‍ സ്വയം സന്നദ്ധനാകുന്നുവെങ്കില്‍ അതവന് ഗുണം തന്നെ.  നോമ്പനുഷ്ഠിക്കലാകുന്നു നിങ്ങള്‍ക്ക് ഗുണം, നിങ്ങള്‍ സംഗതി തിരിച്ചറിയുന്നവരാണെങ്കില്‍. ജനങ്ങള്‍ക്ക് സന്മാര്‍ഗദര്‍ശകമായും പ്രസ്തുത സന്മാര്‍ഗത്തിലേക്കുള്ള വ്യക്തമായ അടയാളങ്ങളായും സത്യാസത്യങ്ങളെ വകതിരിക്കുന്ന വിവേചകമായും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. പ്രസ്തുത മാസത്തിനു സാക്ഷിയായവര്‍ ആ മാസം വ്രതമനുഷ്ഠിക്കട്ടെ. റമദാന്‍ ദിവസങ്ങളില്‍ നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍, അല്ലെങ്കില്‍ യാത്രയിലാണെങ്കില്‍ നഷ്‌പ്പെട്ട നോമ്പുകള്‍ മറ്റു ദിവസങ്ങളില്‍ വീണ്ടെടുക്കുക. നിങ്ങള്‍ക്ക് എളുപ്പം ഉണ്ടാക്കുന്ന സംഗതികള്‍ കല്‍പിക്കാനത്രെ അല്ലാഹു ഇഛിക്കുന്നത്; അവന്‍ നിങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കാനല്ല ഉദ്ദേശിക്കുന്നത്. നിശ്ചയിക്കപ്പെട്ട വ്രതനാളുകള്‍ പൂര്‍ത്തീകരിക്കാനും നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിച്ചതിന് പ്രതിനന്ദിയായി  നിങ്ങളവനെ തക്ബീര്‍ ചൊല്ലി വാഴ്ത്താനും  അവന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി. എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് ചോദിച്ചാല്‍ 'നിശ്ചയം ഞാന്‍ സമീപസ്ഥനാകുന്നു' എന്നവരോട് പറയുക. പ്രാര്‍ഥിക്കുന്ന ഏതൊരാളും എന്നോട് പ്രാര്‍ഥിക്കുമ്പോഴെല്ലാം ആ പ്രാര്‍ഥനക്ക് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ എന്നില്‍നിന്നും അവര്‍ ഉത്തരം തേടിക്കൊള്ളുക/എന്നിലേക്കുള്ള ക്ഷണത്തിനു ഉത്തരം നല്‍കുക; എന്നെക്കൊണ്ടുള്ള വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക; നിങ്ങള്‍ വിവേകപാതയില്‍ ചരിക്കുന്നവരാകാന്‍ വേണ്ടി. സ്വിയാം രാവുകളില്‍ ഇനിമുതല്‍ നിങ്ങളുടെ സ്ത്രീകളെ സംഗം ചെയ്യാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാകുന്നു; നിങ്ങള്‍ അവരുടെ വസ്ത്രവുമാകുന്നു. നിങ്ങള്‍ ഇക്കാര്യത്തില്‍ ആത്മവഞ്ചനയിലായിരുന്നുവെന്ന കാര്യം അല്ലാഹു അറിഞ്ഞിരിക്കുന്നു; അതിനാല്‍, അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരികയും മാപ്പു നല്‍കുകയും ചെയ്യുന്നു. എന്നാല്‍, ഇനിമുതല്‍ നിങ്ങള്‍ക്ക് ഇണകളുടെ ശാരീരിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാവുന്നതും അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ളത് തേടാവുന്നതുമാണ്. അപ്രകാരം, രാത്രിയുടെ ഇരുണ്ട നൂലില്‍നിന്നും ഫജ്റിന്റെ വെളുത്ത നൂല്‍ വ്യക്തമാകുന്ന സമയം വരെയും നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാവുന്നതാണ്. തുടര്‍ന്ന്, രാത്രിയാകുന്നതുവരെ നിങ്ങള്‍ സ്വിയാം പൂര്‍ത്തിയാക്കുക. മസ്ജിദുകളില്‍ ഉദ്ദേശ്യപൂര്‍വം  പാര്‍ക്കുന്ന സമയത്ത് നിങ്ങള്‍ ഇണകളുമായി  ശാരീരിക സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. ഇവയെല്ലാം അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു. അതിലേക്ക് നിങ്ങള്‍ അടുക്കരുത്. ഇപ്രകാരമത്രെ ജനങ്ങള്‍ക്ക്  അല്ലാഹു തന്റെ സൂക്തികള്‍ വിവരിച്ചുനല്‍കുന്നത്; അവര്‍ ഭക്തരാകാന്‍ വേണ്ടി.''
ഈ ലേഖകന്‍ തെരഞ്ഞെടുത്തിട്ടുള്ള വ്യാഖ്യാനത്തിന് അനുസൃതമായതും വ്യാഖ്യാനസ്വഭാവത്തിലുള്ളതുമായ സാരമാണ് മുകളില്‍ നല്‍കിയിട്ടുള്ളത്. നേര്‍പരിഭാഷയല്ല. നേര്‍ പരിഭാഷ ആശയം അവ്യക്തമാക്കും. ലേഖകന്‍ തെരഞ്ഞെടുത്തിട്ടുള്ളതല്ലാത്ത വ്യാഖ്യാനങ്ങള്‍ക്കും പലേടത്തും സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഒന്നാമത്തെ സൂക്തത്തിലെ  'കമാ കുതിബ' എന്നതിലെ 'കമാ' (പോലെ) എടുക്കുക. ഇത് എവിടേക്കാണ് ബന്ധിക്കുന്നതെന്ന കാര്യത്തില്‍ മൂന്ന് സാധ്യതയുണ്ട്: ഒന്ന്, പൂര്‍വ സമുദായത്തിന് നിര്‍ബന്ധമാക്കപ്പെട്ടപോലെ. അതായത്, അവര്‍ക്കും കല്‍പനയുണ്ടായിരുന്നു; അതുപോലെ നിങ്ങള്‍ക്കും. കല്‍പനയുടെ തുടര്‍ച്ചയിലാണ് സാമ്യം. രണ്ട്, അവര്‍ക്ക് കല്‍പിക്കപ്പെട്ട പോലെയുള്ള നോമ്പ് നിങ്ങള്‍ക്കും കല്‍പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സ്വിയാമിന്റെ ഘടനയിലും സ്വഭാവത്തിലുമാണ് സാമ്യം. മൂന്ന്, അവര്‍ക്ക് ഏതാനും ദിവസങ്ങളിലെ വ്രതം കല്‍പിക്കപ്പെട്ടിരുന്നു; അതുപോലെ ആ ദിവസങ്ങളില്‍ നിങ്ങള്‍ക്കും കല്‍പിക്കുന്നു. ഇവിടെ നോമ്പെടുക്കേണ്ട ദിനങ്ങളുടെ എണ്ണത്തിലോ ആ ദിനങ്ങള്‍ ഏതാണെന്നതിലോ ആണ് സാമ്യം. ഇപ്പറഞ്ഞ മൂന്ന് സാധ്യതകളെയും തള്ളിക്കളയാന്‍ കഴിയില്ല. എന്നാല്‍, പരിഭാഷയില്‍ ഈ മൂന്ന് സാധ്യതകളും ധ്വനിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ലേഖകന്‍ ഒന്നാമത്തെ സാധ്യതയെ മാത്രമാണ് ധ്വനിപ്പിക്കുന്നത്.
ഇതുപോലെ, പ്രസ്തുത സൂക്തങ്ങള്‍ ധാരാളം അര്‍ഥവൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.  ഒട്ടേറെ അകംപൊരുളുകളും ആശയങ്ങളും തത്ത്വങ്ങളും അവയിലുണ്ട്. ഇവ കൃത്യമായും വ്യക്തമായും  മനസ്സിലാകുമ്പോഴാണ് വിശുദ്ധ ഖുര്‍ആന്റെ ആഴവും പരപ്പും തിരിച്ചറിയാന്‍ കഴിയുക. ഖുര്‍ആന്‍ സൂക്തങ്ങളിലെ അമാനുഷികതയും അര്‍ഥവിശാലതയും മാനവിക മൂല്യങ്ങളും  പുറത്തെടുക്കുന്ന പ്രക്രിയയാണ് മുഫസ്സിര്‍/ഖുര്‍ആന്‍ വ്യാഖ്യാതാവ് നിര്‍വഹിക്കുന്നത്. അതിന് സാധ്യമാകണമെങ്കില്‍ മുഫസ്സിര്‍ ആര്‍ജിക്കേണ്ട കഴിവുകളും യോഗ്യതകളും മുന്നൊരുക്കങ്ങളും എന്തെല്ലാമാണെന്ന് ആയാത്തുസ്സ്വിയാം അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്നതാണ്.

ഖുര്‍ആന്‍ പാരായണ വൈവിധ്യം

ഖുര്‍ആന്‍ എങ്ങനെ വായിക്കാമെന്ന  പ്രശ്‌നത്തിന് ഉത്തരം കാണാന്‍ സുന്നത്ത് (നബിയുടെ ഇടപെടല്‍) അനിവാര്യമാണ്. ഓരോ വചനവും വായിക്കേണ്ടതെങ്ങനെയെന്ന നിശ്ചയത്തില്‍നിന്നത്രെ സമൂഹം ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ആരംഭിക്കുന്നത്. ദൈവവചനത്തിന്റെ മനോഹാരിതയും സാംഗീതാത്മകതയും പുറത്തുവന്നത് നബി തന്റെ ശബ്ദത്തില്‍ അത് ഓതിക്കേള്‍പ്പിച്ചപ്പോഴാണ്.  മുഹമ്മദ് നബിയുടെ ഖുര്‍ആന്‍ പാരായണം ആരെയും ആകര്‍ഷിക്കുന്നതും മനോഹരവുമായിരുന്നു. നബിയുടെ പാരായണം, വചനത്തിന്റെ അര്‍ഥധ്വനികള്‍ പ്രതിഫലിപ്പിക്കുന്ന വിധമായിരുന്നു.
നബിയില്‍നിന്നും ഖുര്‍ആന്റെ ശബ്ദം പകര്‍ത്തിയവര്‍ പകര്‍ന്നുതന്നതാണ് ഇന്നും നിലനില്‍ക്കുന്ന ആ ശബ്ദം. നബിയുടെയോ ശിഷ്യന്മാരുടെയോ ശബ്ദം, പാരായണ ശൈലി റെക്കോര്‍ഡ് ചെയ്യപ്പെട്ടത് അനേകം ജനമനസ്സുകളിലായിരുന്നു. അവര്‍ പകര്‍ന്നുതന്നതു പ്രകാരം, ഖുര്‍ആനിലെ ഒട്ടേറെ സ്ഥലങ്ങളില്‍  അര്‍ഥത്തെ ബാധിക്കുന്ന തരത്തിലുള്ള പാരായണഭേദങ്ങള്‍  നബിയില്‍നിന്നും അവര്‍ പകര്‍ത്തിയിട്ടുണ്ട്. ഒരു വചനം വ്യാഖ്യാനിക്കുന്നതിനു മുമ്പേ, അതിലെ പാരായണ ഭേദങ്ങള്‍ മനസ്സിലാക്കാന്‍ മുഫസ്സിര്‍ നിര്‍ബന്ധിതനാണ്. നാം ചര്‍ച്ച ചെയ്യുന്ന സൂക്തങ്ങളില്‍ തന്നെ, ഇദ്ദത്തുന്‍/ ഇദ്ദത്തന്‍, യുത്വീഖൂനഹൂ/യുത്വവ്വിഖൂനഹൂ, അന്‍ തസ്വൂമൂ/അസ്സ്വൗമു തുടങ്ങിയ ഭേദങ്ങള്‍ കാണാം. അര്‍ഥധ്വനിയില്‍ ഈ ഭേദങ്ങള്‍ സ്വാധീനിക്കുന്നു. സ്വാഭാവികമായും വ്യാഖ്യാനങ്ങളെയും.  എങ്ങനെ വായിക്കണം എന്നതില്‍നിന്നാണ് എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യം രൂപപ്പെടുന്നത്.

ഭാഷാ വ്യുല്‍പത്തി

മുഫസ്സിര്‍ ആര്‍ജിക്കേണ്ട അടിസ്ഥാന അറിവുകളില്‍ പ്രധാനമാണ്  ഭാഷാ വ്യുല്‍പത്തി. വ്യാകരണം, സ്വര്‍ഫ്, പദോല്‍പത്തി ശാസ്ത്രം, അര്‍ഥധ്വനി ശാസ്ത്രം (ഇല്‍മു ദലാല:), ബലാഗഃ (മആനീ, ബയാന്‍,  ബദീഅ) തുടങ്ങിയ കലകളില്‍ നൈപുണിയില്ലാത്തവര്‍ക്ക് ഖുര്‍ആന്റെ സൗന്ദര്യവും ആശയവ്യാപ്തിയും തിരിച്ചറിയാന്‍ കഴിയില്ല. കാവ്യശാസ്ത്രം മനസ്സിലാക്കിയവര്‍ക്ക് ഖുര്‍ആനിലെ കാവ്യഭാഷ മനസ്സിലാക്കാം. അറബി സാഹിത്യ ചരിത്രവും മുഫസ്സിര്‍ പഠിക്കേണ്ടതുണ്ട്. പ്രയോഗങ്ങളുടെ രഹസ്യം, ദേശ/ ഗോത്ര ദേദങ്ങള്‍, സാംസ്‌കാരിക വിനിമയം തുടങ്ങിയ കാര്യങ്ങള്‍ അപ്പോഴാണ് വെളിച്ചത്തുവരിക. മേല്‍ സൂക്തങ്ങളിലെ സ്വിയാം, ഇദ്ദ, യുത്വീഖൂന, ഫിദ്യ, ശഹ്ര്‍, റമദാന്‍, മസാജിദ്, മറള് തുടങ്ങിയ പദങ്ങള്‍ ഭാഷാലാബില്‍ സൂക്ഷ്മ പരിശോധന ചെയ്യേണ്ടവയാണ്. ഭാഷയിലെ സാധാരണ അര്‍ഥം, കാലാന്തരത്തിലെ പ്രയോഗചരിത്രം, ആലങ്കാരിക അര്‍ഥം, സാങ്കേതിക അര്‍ഥം തുടങ്ങിയ സംഗതികള്‍  മനസ്സിലാക്കുമ്പോള്‍, ഈ പദങ്ങളിലെ ആശയങ്ങള്‍ക്ക് വ്യക്തത ലഭിക്കുന്നു.
ഒരവസ്ഥയില്‍നിന്നും മറ്റൊരവസ്ഥയിലേക്ക് മാറാതെ പിടിച്ചുനില്‍ക്കുക/തടഞ്ഞുവെക്കുക എന്ന ആശയമുള്ള സ്വാമയില്‍നിന്നാണ് സ്വിയാം എന്ന നാമരൂപം ഉണ്ടായിട്ടുള്ളത്. തീറ്റ കഴിക്കാതെ ആലയില്‍ ഉറച്ചുനില്‍ക്കുന്ന മൃഗത്തെക്കുറിച്ച് 'സ്വാമത്ത്/ദ്ദാബ്ബ:' എന്ന് പറയും. പകല്‍ മുഴുവന്‍ അന്നപാനമൈഥുനങ്ങള്‍ ഒഴിവാക്കി ഇഛകളെ തടഞ്ഞുവെക്കുന്ന ഉപവാസത്തെ, 'സാങ്കേതിക പദവി' നല്‍കി സ്വിയാം എന്ന് ഉപയോഗിച്ചതിലെ പൊരുത്തം വ്യക്തം. വെളിപ്പെടുക എന്ന അടിസ്ഥാന ആശയമാണ് ശഹ്റിനുള്ളത്. ദൃഷ്ടിയില്‍നിന്നും പൂര്‍ണമായി ഒരു ദിനം മറഞ്ഞുനില്‍ക്കുന്ന ഖമര്‍, അടുത്ത ദിനം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എത്തിനോല്‍ക്കുന്നതോടെ ശഹ്ര്‍ ആരംഭിക്കുന്നു. നമസ്‌കാരത്തില്‍ സുജൂദ് ഉള്‍പ്പെട്ട കാലം മുതല്‍, നമസ്‌കാരത്തിനായി തയാര്‍ ചെയ്യപ്പെടുന്ന സ്ഥലങ്ങള്‍ മസ്ജിദ് ആയിത്തീര്‍ന്നു. ബൈത്തില്‍നിന്നായിരുന്നു ആരാധനാലയങ്ങളുടെ തുടക്കം. ആദ്യ ബൈത്ത് ബക്കയില്‍ പണിയപ്പെട്ടു.
ഉപരിസൂചിത സൂക്തങ്ങളിലെ ആകിഫൂന, ആയത്ത്, ഫജ്ര്‍, ലൈല്‍ തുടങ്ങിയ പദങ്ങള്‍ക്ക് പദാര്‍ഥത്തിന് പുറമെ സാങ്കേതിക അര്‍ഥം കൂടിയുണ്ട്. മസ്ജിദിലെ കേവലവാസം  ഇഅ്തികാഫ് ആകുന്നില്ല. ആയത്ത് കേവല അടയാളമല്ല. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യ വെളിച്ചം പൊട്ടിവിടരുന്ന ഘട്ടമാണ് ഫജ്ര്‍. സൂര്യന്‍  തലകാണിക്കാന്‍ തുടങ്ങുമ്പോള്‍ ഉദയമായി. സൂര്യന്‍ പൂര്‍ണമായി മറയുമ്പോഴാണ് ലൈല്‍ തുടങ്ങുന്നത്. ഫജ്ര്‍ രണ്ടിനമുണ്ട്. കറുപ്പ് കലര്‍ന്ന ഘട്ടവും വെളുപ്പിലേക്ക് കടക്കുന്ന ഘട്ടവും. വ്രതമാരംഭിക്കേണ്ട ഘട്ടം കിഴക്കന്‍ ചക്രവാളത്തില്‍ വെള്ളനൂല്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. അതിനുമുമ്പുള്ള സമയമെല്ലാം രാത്രിയാകുന്നു. അപ്പോള്‍ വ്രതകാലം കൃത്യമായി നിര്‍വചിച്ചു; ഫജ്ര്‍ മുതല്‍ ലൈല്‍ വരെ. വ്രതത്തെ പകലിലേക്ക് ചുരുക്കുന്ന ആഖ്യാനങ്ങള്‍ കൃത്യമല്ല. പകല്‍ ആരംഭിക്കുന്നതിന് ഏതാണ്ട് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പ് വ്രതം ആരംഭിക്കുന്നു.  
ഖുര്‍ആനിലെ ശൈലികളെ കുറിച്ചുള്ള അവബോധമാണ് മറ്റൊരു പ്രധാന കാര്യം.  കതബ (വബ്തഗൂ മാ കതബല്ലാഹു ലകും) വിധിച്ചു എന്ന അര്‍ഥത്തിലും കുതിബ (കുതിബ അലൈകും) നിയമമാക്കി എന്ന അര്‍ഥത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ലഅല്ലകും/ ലഅല്ലഹും അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതീക്ഷയല്ല; പ്രോത്സാഹനമാണ്. മുബാശറത്ത്, റഫസ്,  ലിബാസ്, ഖൈത്, ഹുദൂദ്, ഖരീബ് തുടങ്ങിയ പദങ്ങള്‍ ആലങ്കാരികമാണ്. അലങ്കാരത്തില്‍ വ്യംഗ്യമായ ഉപമയുണ്ടാകും / സാമ്യതയുണ്ടാകും. 'അവര്‍ നിങ്ങളുടെ വസ്ത്രമാകുന്നു' എന്നു പറഞ്ഞാല്‍, ബന്ധത്തിലെ പരസ്പര സംരക്ഷണമാണ് പ്രത്യേകം എടുത്തുകാണിക്കുന്നത്. ഖുര്‍ആനില്‍ ലിബാസ് എല്ലായിടത്തും സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന കവചമാണ്, ഭംഗിയുടെ പ്രതീകമല്ല. ഇണയുടെ ചാരിത്ര്യവിശുദ്ധി സംരക്ഷിക്കുകയാണ് തുണ. കിഴക്കന്‍ ചക്രവാളത്തില്‍ വെളിപ്പെടുന്ന കറുപ്പും വെള്ളയുമായ കീറുകളാണ് നൂല്‍. അത്രക്കും സൂക്ഷ്മമാണ് ഫജ്‌റിന്റെ ഘട്ടം. കൃത്യമായ നിരീക്ഷണം ആവശ്യമാണ്. 
ബാശിറൂ, കുലൂ, ഇശ്‌റബൂ, ഇബ്ത്തഗൂ, അതിമ്മൂ എന്നീ കല്‍പനക്രിയകള്‍ ശ്രദ്ധിച്ചുനോക്കൂ.  ഭാഷയില്‍ കല്‍പനകള്‍ ആണെങ്കിലും എല്ലാം  സാങ്കേതികമായി കല്‍പനകള്‍ അല്ല. അതിമ്മൂ മാത്രമാണ് ഇവിടെ കല്‍പനയായിട്ടുള്ളൂ. രാത്രിവരെയും സ്വിയാം (അന്നപാനമൈഥുനം വെടിയല്‍) നിര്‍ബന്ധം. അതേസമയം, സ്വിയാം രാത്രിയില്‍ നിങ്ങള്‍ ഇണ ചേരൂ (ബാശിറൂ) എന്നത് കല്‍പനയല്ല. തൊട്ടുടനെ മസ്ജിദില്‍ പാര്‍ക്കുമ്പോള്‍ 'ഭോഗിക്കരുത്' (ലാ തുബാശിറൂ) എന്നതാകട്ടെ വിലക്കുമാണ്. തിന്നൂ, കുടിക്കൂ  (കുലൂ, ഇശ്‌റബൂ) എന്നിവ കല്‍പനക്രിയകളാണെങ്കിലും കല്‍പനകളല്ല.  ആവശ്യമെങ്കില്‍ തിന്നോളൂ, കുടിച്ചോളൂ എന്നാണ് അര്‍ഥം. അഥവാ, വ്രതകാലം ആണെന്ന് കരുതി അന്നപാനീയവും മൈഥുനവും രാത്രി വര്‍ജിക്കേണ്ടതില്ല. ഖുര്‍ആന്‍  അക്ഷരമാത്ര വായന നടത്തിയാല്‍ ഇവിടെയൊക്കെ കുഴങ്ങിപ്പോകുമെന്ന് ഉറപ്പാണല്ലോ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌