മാറ്റുവിന്‍ ചട്ടങ്ങളേ....
ഒരു സായാഹ്നത്തില്‍ ഉമര്‍ (റ) കൂട്ടുകാരുമൊന്നിച്ച് ഇരിക്കുമ്പോള്‍ പറഞ്ഞു: 'തമന്നൗ' (ഓരോരുത്തരും തങ്ങളുടെ ആശകളും സ്വപ്‌നങ്ങളും പങ്കുവെച്ചാലും).
ഒരാള്‍: 'ഈ വീട് നിറയെ സ്വര്‍ണശേഖരം ഉണ്ടാവുക. അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുക. അതാണ് എന്റെ ആഗ്രഹം.'
ഉമര്‍: 'അടുത്തയാള്‍.'
അയാള്‍: 'ഈ വീട് നിറയെ മുത്തും മരതകവും മാണിക്യവും വൈഢൂര്യവും പവിഴവും ഉണ്ടാവുക. അവയെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക, ദാനം ചെയ്യുക. ഇതാണ് എന്റെ ആശ.'
'ഇനി അടുത്ത ആള്‍'-ഉമര്‍.
'ഉമറേ, ഞങ്ങളെന്ത് പറയാനാണ് ഇനി? താങ്കളുടെ ആശ എന്തെന്ന് പറയൂ, കേള്‍ക്കട്ടെ.'
ഉമര്‍: 'എന്റെ ആഗ്രഹം പറയാം. ഈ വീടിന്റെ അകത്തളം അബൂഉബൈദത്തുബ്‌നുല്‍ ജര്‍റാഹ്, ഹുദൈഫതുബ്‌നുല്‍ യമാന്‍, മുആദുബ്‌നു ജബല്‍, സാലിം മൗലാ അബൂഹുദൈഫ പോലുള്ള പുരുഷകേസരികളാല്‍ നിറയുക. എന്നിട്ട് ആ വ്യക്തിത്വങ്ങളെ ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍, അല്ലാഹുവിന്റെ അഭീഷ്ടത്തിനൊത്ത് ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ഇതാണ് എന്റെ മധുരാഭിലാഷം' -ഉമര്‍ പറഞ്ഞു നിര്‍ത്തി (സ്വിഫത്തുസ്സഫ്‌വ/ ഇബ്‌നുല്‍ ജൗസി). അമൂല്യമായ മനുഷ്യവിഭവസമ്പത്തിന്റെ ബുദ്ധിപൂര്‍വകവും സമര്‍ഥവുമായ വിനിയോഗം മുഹമ്മദ് നബി(സ)യില്‍നിന്ന് നേരിട്ടു കണ്ട് പഠിച്ച ഉമറിന് അങ്ങനെ മാത്രമേ സ്വപ്‌നം കാണാനും ആശിക്കാനും കഴിയുമായിരുന്നുള്ളൂ.
രക്തഖനികളേക്കാള്‍ അമൂല്യമാണ് മനുഷ്യവിഭവസമ്പത്ത്. അപൂര്‍വ ലോഹങ്ങളില്‍നിന്ന് മനോഹരമായ ആഭരണങ്ങളും സാമഗ്രികളും രൂപപ്പെടുത്തിയെടുക്കാനുള്ള വൈദഗ്ധ്യമാണാവശ്യം. സമൂഹത്തില്‍നിന്ന് ഉപയോഗയോഗ്യമായ വ്യക്തിത്വങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിലാണ് നേതൃത്വത്തിന്റെ മിടുക്ക്. അതാണ് നബി (സ) പറഞ്ഞത്: ''ഒട്ടകം നൂറെണ്ണം കാണും. പക്ഷേ, വാഹനമായി ഉപയോഗിക്കാന്‍ പറ്റുന്നത് ഒന്നു പോലും കണ്ടേക്കില്ല'' (ബുഖാരി).
യോഗ്യനും പ്രാപ്തനുമായ വ്യക്തിയാണ് ദൗത്യനിര്‍വഹണത്തിന് തെരഞ്ഞെടുക്കപ്പെടേണ്ടത്. നവോത്ഥാന-പരിഷ്‌കരണ സംരംഭങ്ങളെല്ലാം വിജയിക്കുന്നത് ഏറ്റെടുത്ത് നടത്തുന്ന വ്യക്തികളുടെ കഴിവും പ്രാപ്തിയും കൊണ്ടാണ്. അപ്പോള്‍ വ്യക്തികള്‍ പ്രധാനമാണ്. ആയുധനിര്‍മാണ ഫാക്ടറികളും ആയുധ സംഭരണകേന്ദ്രങ്ങളും ഉണ്ടായതുകൊണ്ട് കാര്യമില്ല. അവ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ള കരങ്ങളാണ് ആവശ്യം. സമര്‍ഥനായ യോദ്ധാവിന് മാത്രമേ അവ ഉപയോഗിച്ച് വിജയം കൊയ്യാന്‍ കഴിയൂ. പാഠ്യപദ്ധതികളും സിലബസ്സും പഠനസാമഗ്രികളും ഉണ്ടായതുകൊണ്ടു മാത്രം പ്രയോജനമില്ല. അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്ന അധ്യാപകരും പരിശീലകരും വേണം. സമിതികളും വേദികളും കമ്മിറ്റികളും രൂപവത്കരിച്ചതുകൊണ്ട് മാത്രമായില്ല. അവ കാര്യക്ഷമമായി കൊണ്ടുനടത്താന്‍ ആശയവും ആവേശവുമുള്ള വ്യക്തികള്‍ വേണം. ഇമാം ഇബ്‌നുല്‍ ഖയ്യിം പറഞ്ഞത് എത്ര ശരിയാണ്! (യാ ലഹു മിന്‍ ദീന്‍, ലൗ കാന ലഹു രിജാലുന്‍- 'എന്തൊരു മഹത്തായ ദീനാണിത്! കൊണ്ടു നടക്കാന്‍ പുരുഷ കേസരികളുണ്ടെങ്കില്‍!' സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അക്ഷയഖനികളല്ല ഉമര്‍ (റ) സ്വപ്‌നം കണ്ടത്; ഭൂമിയുടെയും ആകാശത്തിന്റെയും വാതിലുകള്‍ തുറന്ന് ഖനികള്‍ പുറത്തെടുക്കാന്‍ കെല്‍പും കരുത്തുമുള്ള വ്യക്തികളെയാണ്. നൂറു പേര്‍ക്ക് തുല്യമായി ചിലപ്പോള്‍ ഒരൊറ്റ വ്യക്തി മതിയാവും. ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തി ആയിരം വ്യക്തികള്‍ക്കും ചില ഘട്ടങ്ങളില്‍ ഒരു സമൂഹത്തിനും തുല്യമായി എന്നു വരും. 'ഹീറ' രാജ്യം ഉപരോധിച്ച ഖാലിദുബ്‌നുല്‍ വലീദ് (റ) കൂടുതല്‍ സൈനികരെ അയച്ച് സഹായിക്കണമെന്ന് ഖലീഫ അബൂബക്‌റിനോട് അഭ്യര്‍ഥിച്ചു. ഖഅ്ഖാഉബ്‌നു അംറുത്തമീം (റ) എന്ന ഒരേയൊരു സ്വഹാബിയെ അയച്ചുകൊടുത്താണ് അബൂബക്ര്‍ (റ), ഖാലിദുബ്‌നുല്‍ വലീദിന്റെ അഭ്യര്‍ഥന പരിഗണിച്ചത്. കൂടെ ഒരു സന്ദേശവും; 'ഖഅ്ഖാഇനെ പോലുള്ള ഒരു വ്യക്തിയുള്‍പ്പെട്ട സൈന്യം ഒരിക്കലും പരാജയപ്പെടില്ല. ആയിരം പടയാളികളേക്കാള്‍ മികച്ചതാണ് സൈനിക മുന്നണിയില്‍ ഖഅ്ഖാഅ് എന്ന ഒരേയൊരു ഭടന്റെ ശബ്ദവും സാന്നിധ്യവും.'
ഈജിപ്ത് വിജയവേളയില്‍ സേനാനായകന്‍ അംറുബ്‌നുല്‍ ആസ്വ് (റ) അമീറുല്‍ മുഅ്മിനീന്‍ ഉമറി(റ)നോട് കൂടുതല്‍ സൈനികരെ അയച്ചു സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഉമറിന്റെ മറുപടി: 'ഞാനിതാ നാലായിരം ഭടന്മാരെ താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം അയക്കുന്നു. അതിലെ ഓരോ വ്യക്തിയും ആയിരം സൈനികര്‍ക്ക് തുല്യമാണ്. മിഖ്ദാദുബ്‌നു അംറ്, ഉബാദത്തുബ്‌നു സ്വാമിത്, സുബൈറുബ്‌നുല്‍ അവ്വാം, മസ്‌ലമതുബ്‌നു മുഖല്ലദ് ഇവര്‍ നാലു പേര്‍ ചേര്‍ന്നാല്‍ നാലായിരം സൈനികരായി.'
വ്യക്തികളിലെ വൈവിധ്യം,വൈജാത്യം
മനുഷ്യര്‍ പല തരക്കാരാണ്. ഓരോ വ്യക്തിയുടെയും അഭിരുചിയും ആഭിമുഖ്യവും വ്യത്യസ്തമാണ്. വൈവിധ്യവും വൈജാത്യവുമിയന്ന വാസനാ വിശേഷത്തിനുടമയാണ് ഓരോ വ്യക്തിയും. നല്ലവരുണ്ട്, കൂടുതല്‍ നല്ലവരുണ്ട്. ഏറെ മികച്ചവരുണ്ട്, വിശിഷ്ട വ്യക്തിത്വങ്ങളുണ്ട്. ബുദ്ധിമാന്മാരുണ്ട്, അതിബുദ്ധിമാന്മാരുമുണ്ട്, അസാധാരണ ബുദ്ധികൂര്‍മതയുള്ളവരുണ്ട്. ഇങ്ങനെ ഓരോ സവിശേഷ ഗുണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു ഓരോ വ്യക്തിയും. ഈ വസ്തുത നബി (സ) വിശദീകരിക്കുന്നതിങ്ങനെ: അബൂഹുറയ്‌റ (റ) ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: ''മനുഷ്യര്‍ ഖനികളാണ്; സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഖനികളെപ്പോലെ. ജാഹിലിയ്യാ കാലത്തെ അവരിലെ ഉത്തമന്മാര്‍ ഇസ്‌ലാമില്‍ വന്നാലും ഉത്തമന്മാര്‍ തന്നെ; അവര്‍ വിജ്ഞാനമാര്‍ജിച്ചാല്‍. മനുഷ്യാത്മാക്കള്‍ സമരസജ്ജമായി നിര്‍ത്തപ്പെട്ട സൈനികരാണ്. പരസ്പരം പരിചിതരായവര്‍ എന്നും ഇണങ്ങി ജീവിക്കും. അപരിചിതത്വത്തില്‍ കഴിഞ്ഞവര്‍ ഭിന്നിക്കും'' (ബുഖാരി, മുസ്‌ലിം).
മനുഷ്യപ്രകൃതിയില്‍ നിലീനമായ സ്വഭാവ ഗുണങ്ങളുടെ മാറ്റ് ഇസ്‌ലാമില്‍ പ്രവേശിക്കുന്നതോടെ വര്‍ധിക്കും. ക്രോമസോമിലെ പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം തലമുറകളിലൂടെ നിലനില്‍ക്കും. സ്വഭാവ വൈശിഷ്ട്യത്തിന് പണ്ടേ പേരു കേട്ടവര്‍ ഇസ്‌ലാമില്‍ വന്നാല്‍ വിജ്ഞാനമാര്‍ജിച്ച് ഉന്നതിയുടെ ഉത്തുംഗതയില്‍ എത്തും. ജന്മസിദ്ധവും ആര്‍ജിതവുമായ കഴിവുകളും യോഗ്യതകളുമുണ്ട്. സ്വഭാവത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഖനികളിലെ ലോഹങ്ങളെ പോലെയാണ്. ഓരോ ലോഹത്തിനുമുണ്ട് അതതിന്റെ സവിശേഷത. ഇരുമ്പ് സ്വര്‍ണമല്ല. സ്വര്‍ണം വെള്ളിയല്ല. രത്‌നം കല്‍ക്കരിയല്ല. കല്‍ക്കരി പാടങ്ങളില്‍നിന്ന് കുഴിച്ചെടുക്കുന്നത് ഇരുമ്പയിരല്ല. എന്നാല്‍, ഒരേ ഇനത്തിലുള്ള പദാര്‍ഥങ്ങളെ പരിപോഷിപ്പിച്ചും സംസ്‌കരിച്ചും ഉരുക്കി സ്ഫുടം ചെയ്തും മൂല്യവര്‍ധന വരുത്തി വിവിധോദ്ദേശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. മനുഷ്യവിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ മനസ്സിലാക്കിവെക്കേണ്ട മഹാ തത്ത്വമാണ് നബി (സ) പറഞ്ഞുവെച്ചത്.
ഓരോ വ്യക്തിയുടെയും കഴിവുകള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. വ്യക്തിയില്‍ നിലീനമായ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതിലായിരുന്നു നബി (സ) ശ്രദ്ധിച്ചത്. സല്‍മാനുല്‍ ഫാരിസി(റ)യെ ഏല്‍പിച്ച ചുമതലയല്ല അബൂബക്ര്‍ സ്വിദ്ദീഖി(റ)നെ ഏല്‍പിച്ചത്. അബൂഹുറയ്‌റ ചെയ്യേണ്ട കാര്യങ്ങള്‍ അബൂഹുറയ്‌റക്കും സൈദുബ്‌നു സാബിതിന് കഴിയുന്ന കാര്യങ്ങള്‍ സൈദുബ്‌നു സാബിതിനും വീതിച്ചു നല്‍കി. അബൂബക്‌റിന് സല്‍മാനുല്‍ ഫാരിസിയാകാന്‍ കഴിയാത്തതു പോലെ മറിച്ചും സാധ്യമല്ല എന്ന് നബി (സ) നന്നായി മനസ്സിലാക്കിയിരുന്നു. ഇതാണ് വ്യക്തികളെ കുറിച്ച തിരിച്ചറിവ്. ''അല്ലാഹു ആരെയും അവരുടെ കഴിവിന് അതീതമായ ചുമതലാ ഭാരം വഹിപ്പിക്കുകയില്ല'' (അല്‍ബഖറ: 286). പരലോകത്തുള്ള വിചാരണയും അതേ വിധമായിരിക്കും. പാടത്ത് കന്നുപൂട്ടി നടക്കുന്ന കര്‍ഷകനോട് നീ എന്തുകൊണ്ട് വിമാനം പറത്തുന്നില്ല എന്ന ചോദ്യം എത്രമാത്രം നിരര്‍ഥകമാണോ അതുപോലെ അര്‍ഥശൂന്യമാണ് ഒരു വ്യക്തിക്ക് അയാളുടെ കര്‍മമേഖലയില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ ഏല്‍പിച്ചുകൊടുക്കുന്നതും, അതിന്റെ പേരില്‍ അയാളെ വിചാരണ ചെയ്യുന്നതും. ഓരോ വ്യക്തിയെയും വിലയിരുത്തേണ്ടത്, അയാളുടെ കര്‍മമണ്ഡലത്തിലെ നൈപുണി ഏതു വിധത്തില്‍ ഉപയോഗപ്പെടുത്തി എന്ന് നോക്കിയാണ്. ഒരേ മാനദണ്ഡം ഉപയോഗിച്ചല്ല എല്ലാവരെയും അളക്കേണ്ടത് എന്നു സാരം.
കാലത്തിന്റെ കാലൊച്ച
കാലത്തോടൊപ്പം വളരുന്നു എന്നതാണ് ഇസ്‌ലാമിന്റെ സവിശേഷത. കാലത്തിന്റെ കാലൊച്ചകള്‍ കേട്ടു വളരാനും വികസിക്കാനുമുള്ള ശേഷി ഇസ്‌ലാമില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളും ഈ ശേഷി കൈവരിക്കണം. കാലഹരണപ്പെട്ട രീതികളും ചട്ടങ്ങളും ചിട്ടകളുമായി ഒരു പ്രസ്ഥാനത്തിനും അധികകാലം മുന്നോട്ടു നീങ്ങാനാവില്ല. പുതുതലമുറയുടെ ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മുന്നില്‍ വിറങ്ങലിച്ചും സ്തംഭിച്ചും നിന്നാല്‍ കാലത്തിന്റെ അപ്രതിഹതമായ പ്രവാഹത്തില്‍ പിന്തള്ളപ്പെടും. തലമുറകള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ സംഭവിക്കുന്ന ദ്രുതമാറ്റങ്ങള്‍ നമുക്കറിവുള്ളതാണ്. മുമ്പൊക്കെ മാറ്റങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടിവരുമായിരുന്നു. ഇന്ന് ആ കാലഗണനക്ക് മാറ്റം വന്നിരിക്കുന്നു. ജനങ്ങളുടെ മനോഭാവത്തിലും ചിന്താരീതികളിലും കണ്ണിമ വെട്ടിത്തുറക്കുന്ന വേഗതയിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. പുതിയ തലമുറയെ ഉള്‍ക്കൊള്ളാനും അവരുടെ ബൗദ്ധിക തൃഷ്ണകളെ അഭിസംബോധന ചെയ്യാനും നേതൃത്വങ്ങള്‍ക്ക് സാധിക്കണം.
1900 മുതല്‍ 2000 വരെയുള്ള 100 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ ഏഴു തലമുറകള്‍ ജീവിച്ചതായാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിട്ടുള്ളത്. ഗ്രേറ്റസ്റ്റ് ജനറേഷന്‍ (1901-1927), സൈലന്റ് ജനറേഷന്‍ (1928-1945), ബേബി ബൂമേര്‍സ് (1946-1964), ജനറേഷന്‍ എക്‌സ് (1965-1980), മില്ലേനിയല്‍സ് (1981-1997), ജനറേഷന്‍ സെഡ് (1980-2010), ജനറേഷന്‍ അല്‍ഫാ (2011-2025). ശാസ്ത്ര-സാങ്കേതിക മേഖലയിലെ വിസ്മയാവഹമായ പുരോഗതിയുടെ മടിത്തട്ടിലാണ് 'അല്‍ഫാ' തലമുറ പിറന്നു വീണത്. മുന്‍തലമുറകളേക്കാള്‍ വിദ്യാസമ്പന്നരാണ് അവര്‍. സാമ്പത്തിക ശേഷിയുടെ കാര്യത്തിലും മുന്‍തലമുറകളെ അവര്‍ കടത്തിവെട്ടും. മനോഭാവത്തിലും പ്രവണതകളിലും ഗണനീയമായ മാറ്റങ്ങളുള്ള തലമുറയാണത്; അതായത് നാം ജീവിക്കുന്ന ഈ തലമുറ. ഈ സവിശേഷതകള്‍ എല്ലാമുള്ള തലമുറയെ ഇസ്‌ലാമിനോടും ഇസ്‌ലാമിക പ്രസ്ഥാനത്തോടും അടുപ്പിച്ചുനിര്‍ത്താന്‍ പുതിയ രീതികള്‍ കണ്ടെത്തണം. പഴയ രീതികളോടും ചിട്ടവട്ടങ്ങളോടും പൊരുത്തപ്പെട്ടുപോകാന്‍ അവര്‍ക്കാവില്ല. അത് അവരുടെ കുറ്റമല്ല. അവരുടെ മനോഘടന ആ വിധമാണ്.
ഓരോ വ്യക്തിയും വ്യത്യസ്തനാണ്. ഈ വ്യത്യസ്തത അംഗീകരിക്കുകയാണ് വ്യക്തിയെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍ ആദ്യമായി വേണ്ടത്. തന്നോട് ചോദിക്കുന്നവരുടെയും താന്‍ അഭിസംബോധന ചെയ്യുന്നവരുടെയും വ്യക്തിപരമായ വ്യത്യാസങ്ങളും അഭിരുചിഭേദങ്ങളും പഠിച്ചും തിരിച്ചറിഞ്ഞുമാണ് നബി (സ) ഓരോരുത്തരോടും ഇടപെട്ടിരുന്നത്. ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്ന ഒരു സംഭവം. അബ്ദുല്ലാഹിബ്‌നി അംറിബ്‌നില്‍ ആസ്വ് ആണ് റിപ്പോര്‍ട്ട് ചെയ്തത്: ഞങ്ങള്‍ നബി(സ)യോടൊപ്പം ഇരിക്കുമ്പോള്‍ ഒരു യുവാവ് വന്ന് നബി(സ)യോട്: 'റസൂലേ, നോമ്പ് നോറ്റു കൊണ്ട് എനിക്ക് ഭാര്യയെ ചുംബിക്കാമോ?'
നബി (സ): 'പാടില്ല.' വയോധികന്‍ നബി(സ)യോട് ചോദിച്ചു: 'നോമ്പ് നോറ്റുകൊണ്ട് എനിക്ക് ഭാര്യയെ ചുംബിക്കാമോ?'
നബി (സ) പറഞ്ഞു: 'വിരോധമില്ല.' നബി(സ)യുടെ വ്യത്യസ്തമായ മറുപടി കേട്ട് ഞങ്ങള്‍ പരസ്പരം നോക്കി. ഞങ്ങളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കിയ റസൂല്‍: 'നിങ്ങള്‍ അന്യോന്യം നോക്കാന്‍ എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായി. ആ വയോധികന് തന്നെ നിയന്ത്രിച്ചു നിര്‍ത്താനാവും. യുവാവിന് അങ്ങനെ കഴിഞ്ഞുകൊള്ളണമെന്നില്ല.'
തന്നോട് ഉപദേശം തേടി വരുന്നവര്‍ക്ക് നബി (സ) നല്‍കുന്ന വസ്വിയ്യത്തുകളിലും ഈ വ്യത്യാസം കാണാം. ഉപദേശം തേടിയെത്തുന്നവരുടെ സ്വഭാവവും പ്രകൃതവും വിലയിരുത്തി അവര്‍ക്കാവശ്യമായ ഉപദേശമായിരുന്നു നബി (സ) നല്‍കിയിരുന്നത്. അബൂദര്‍റി(റ)ല്‍നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്ന ഹദീസ്: ഞാന്‍ നബിയോട് ആവശ്യപ്പെട്ടു: ''അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഒരു വസ്വിയ്യത്ത് നല്‍കിയാലും.''
നബി (സ): ''നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തെറ്റ് സംഭവിച്ചുപോയാല്‍ തുടര്‍ന്ന് ഒരു നന്മ ചെയ്യുക. ആ നന്മ തിന്മയെ മായ്ച്ചുകൊള്ളും. ജനങ്ങളോട് സദ്‌സ്വഭാവത്തോടെ വര്‍ത്തിക്കുക.'' അബൂദര്‍റിന് വേണ്ട ഉപദേശം അതായിരുന്നു.
ബുഖാരി അബൂഹുറയ്‌റയില്‍നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം. ഒരാള്‍ നബിയോട്: ''റസൂലേ, എനിക്ക് ഒരു കൊച്ചു ഉപദേശം തരാമോ? അധികമായാല്‍ എനിക്ക് ഓര്‍ത്തുവെക്കാന്‍ കഴിയില്ല.'' നബി (സ): ''നീ കോപിക്കരുത്.'' അതേ വാക്ക് നബി (സ) പലവട്ടം പറഞ്ഞു. അയാളിലെ ന്യൂനത കണ്ടറിഞ്ഞ റസൂലിന്റെ ഉപദേശമായിരുന്നു അത്.
അബൂഹുറയ്‌റ (റ) ഉദ്ധരിക്കുന്ന മറ്റൊരു സംഭവം: ഒരു ഗ്രാമീണ അറബി നബി(സ)യെ സമീപിച്ച് പറഞ്ഞു: ''സ്വര്‍ഗപ്രവേശം സാധിതമാക്കുന്ന ഒരു കര്‍മം പറഞ്ഞുതരാമോ?''
നബി (സ): ''നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക. അവനില്‍ പങ്കുചേര്‍ക്കരുത്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അനുഷ്ഠിക്കുക, സകാത്ത് നല്‍കുക, റമദാനില്‍ വ്രതമനുഷ്ഠിക്കുക.'' അയാള്‍: ''അല്ലാഹുവാണ, ഞാന്‍ ഒരിക്കലും ഇവയില്‍ കൂട്ടുകയോ കുറക്കുകയോ ഇല്ല.'' അയാള്‍ പിരിഞ്ഞു പോയപ്പോള്‍ നബി (സ) അവിടെ കൂടിയിരുന്നവരോട്: ''സ്വര്‍ഗവാസിയെ കണ്ട് നിര്‍വൃതിയടയണമെന്നുള്ളവര്‍ അയാളെ നോക്കിയാല്‍ മതി'' (ബുഖാരി).
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ 'അനുപമ ഖുര്‍ആന്‍ തലമുറ' (ജീലുന്‍ ഖുര്‍ആനിയ്യുന്‍ ഫരീദ്) എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ വിജയിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. തര്‍ബിയത്ത് പാഠ്യപദ്ധതിയും യോഗ നടപടികളും ഇഹ്തിസാബീ രീതിയും കാലം തേടുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നവീകരിച്ചുകൊണ്ടിരുന്നു അവര്‍. അവര്‍ക്ക് പ്രസ്ഥാനം നിരന്തരം, അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന നദിയാണ്. എന്നും പുതുമ കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായതിനാല്‍ മുഷിപ്പോ മടുപ്പോ തോന്നാത്തവിധം എല്ലാവരും എല്ലാ പ്രവര്‍ത്തനങ്ങളിലും യോഗങ്ങളിലും സജീവ ഭാഗഭാഗിത്വം വഹിച്ചു. തങ്ങളുടെ അംഗങ്ങളെ തര്‍ബിയത്ത് നല്‍കി വാര്‍ത്തെടുക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതില്‍ ഇഖ്‌വാനോളം വിജയിച്ച ഒരു സംഘടനയെയും ചൂണ്ടിക്കാണിക്കാനാവില്ലെന്ന് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തെക്കുറിച്ച് ഗവേഷണ പഠനം നടത്തിയ ഡോ. നാഫിദ് സുലൈമാന്‍ ജഅബ്, ഡോ. മുഹമ്മദ് കാമില്‍ അല്‍ജമല്‍, ഡോ. അലി അബ്ദുല്‍ ഹലീം മഹ്മൂദ് എന്നിവര്‍ വ്യക്തമാക്കുന്നു. ആറ് അടിസ്ഥാനങ്ങളില്‍ ഊന്നിയതാണ് അവരുടെ ഗവേഷണ പഠനം. വിശ്വാസം, ആദര്‍ശം, സാമൂഹിക-സാംസ്‌കാരിക വശം, വൈജ്ഞാനിക മേഖല, ജിഹാദ്-കായിക പരിശീലന ഘടകം, പ്രബോധനം, സംഘടനാ സംവിധാനവും പൊതു ഭരണവും.
Comments