Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

നവോത്ഥാനത്തിന് കരുത്തു പകര്‍ന്ന് ദഹ്‌ലവി ധാരയിലെ തഫ്‌സീറുകള്‍

മമ്മൂട്ടി അഞ്ചുകുന്ന്

വിശുദ്ധ ഖുര്‍ആന്‍ സംബന്ധമായ നിരവധി പഠനങ്ങള്‍ ലോകമെമ്പാടും നടന്നുവരുന്നുണ്ട്. പ്രവാചകന്‍ തന്റെ ജീവിതത്തിലൂടെയാണ് അനുചരന്മാര്‍ക്ക് ഖുര്‍ആന്‍ വ്യാഖ്യാനിച്ചുകൊടുത്തത്. ഖുര്‍ആന്റെ അക്ഷരവായനയെ ആദ്യമായി റദ്ദു ചെയ്തത് പ്രവാചക ജീവിതം തന്നെയായിരുന്നു. രണ്ട് ചട്ടകള്‍ക്കിടയിലെ ഒരു പുസ്തകമായല്ല പ്രവാചകന്‍ അനുചരന്മാര്‍ക്ക് ഖുര്‍ആന്‍ കൈമാറിയത് എന്നതില്‍നിന്നു തന്നെ ഇത് വ്യക്തമാണ്. പ്രവാചക ജീവിതത്തിനു ശേഷം ഖുര്‍ആന്‍ സംബന്ധിയായ പഠനങ്ങള്‍ തഫ്‌സീറുകളിലൂടെയാണ് വികാസം പ്രാപിച്ചത്. തഫ്‌സീര്‍ രചനാ ചരിത്രത്തിന്റെ വേരുകള്‍ സ്വഹാബികളിലേക്കു വരെ ചെന്നെത്തും. പിന്നീട് പില്‍ക്കാരക്കാരാല്‍ ആയിരക്കണക്കിന് ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയുണ്ടായി. ഹിജ്റയുടെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമിക സാന്നിധ്യം രേഖപ്പെടുത്തിയ പ്രദേശം എന്ന നിലയില്‍  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഖുര്‍ആന്‍ വ്യാഖ്യാന രചനകള്‍ നമുക്ക് കണ്ടെടുക്കാന്‍ കഴിയും. 
വിശുദ്ധ ഖുര്‍ആനെ സമീപിക്കുന്ന രീതിയെ മാനദണ്ഡമാക്കി തഫ്‌സീറുകളില്‍ വലിയ തോതില്‍ വൈവിധ്യങ്ങളുണ്ട്.  മുന്‍ഗാമികളില്‍നിന്ന് ലഭ്യമായതും പ്രമാണികമായതുമായ കാര്യങ്ങള്‍ മാത്രം ഉക്കൊള്ളിച്ചുകൊണ്ടുള്ള രചനാ രീതിയാണ് ഇതില്‍ ഒന്നാമത്തേത്. ഇത് ആധികാരിക നിവേദനങ്ങളെ അടിസ്ഥാനമാക്കി മാത്രം രചിക്കപ്പെട്ടവയാണ്. ഇന്ത്യയില്‍ രചിക്കപ്പെട്ട തഫ്‌സീറുകളില്‍ ആദ്യ കാലത്ത് ഈ ശൈലിയാണ് നിലവിലുണ്ടായിരുന്നത്.  ഇമാം റാസിയുടെ രചനാ ശൈലി പിന്തുടര്‍ന്ന് ഗവേഷണാത്മകമായ രീതിയില്‍ ഖുര്‍ആനെ സമീപിക്കുന്ന ശൈലി രൂപപ്പെട്ടത് പില്‍ക്കാലത്താണ്. സ്വന്തം നിരീക്ഷണങ്ങള്‍ പങ്കു വെക്കുന്നതോടൊപ്പം മറ്റുള്ളവയെ വിമര്‍ശനാത്മകമായി സമീപിക്കുകയും ചെയ്യുന്ന ശൈലിയിലാണ് ഇത്തരം തഫ്‌സീറുകള്‍ രചിക്കപ്പെട്ടത്. മുന്‍കാലങ്ങളില്‍തന്നെ ഈ ശൈലി ഇന്ത്യയില്‍ രൂപപ്പെട്ടിരുന്നെങ്കിലും, ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(1703-1762)യിലൂടെയാണ് ഖുര്‍ആന്റെ ധൈഷണിക വായനക്ക് പ്രചുരപ്രചാരം ലഭിച്ചത്.
ഖുര്‍ആന്‍ പദങ്ങള്‍, ഭാഷാ ശൈലി, അധ്യായങ്ങളുടെ ക്രമീകരണങ്ങള്‍, പദങ്ങളുടെ ഉപയോഗക്രമം, വ്യാകരണം തുടങ്ങിയവക്ക് പ്രാധാന്യം കൊടുക്കുന്ന രചനാ ശൈലിയിലാണ് ഇന്ത്യയിലെ ആദ്യകാല തഫ്‌സീറുകളില്‍ പലതും രചിക്കപ്പെട്ടത്. കര്‍മശാസ്ത്ര സംബന്ധിയായ തഫ്‌സീറുകളും രചിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ വാക്യങ്ങളുടെ ആന്തരികതലം വിവരിക്കുന്ന ശൈലിയിലുള്ള സൂഫി തഫ്‌സീറുകളും ധാരാളമായി രചിക്കപ്പെട്ടു. ഖുര്‍ആന്റെ സാമൂഹിക- രാഷ്ട്രീയ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന ആധുനിക തഫ്‌സീറുകളും ഇന്ത്യയില്‍ വിരചിതമായിട്ടുണ്ട്.
ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് അറേബ്യന്‍ ഉപഭൂഖണ്ഡം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈജ്ഞാനിക സംഭാവനകള്‍ അര്‍പ്പിച്ചത് ഇന്ത്യന്‍ ഉപഭൂഖണ്ഡമാണെന്നു പറയാം. ഹിജ്റ ആദ്യ നൂറ്റാണ്ട് മുതല്‍ തന്നെ ഇസ്‌ലാം അതിന്റെ സാന്നിധ്യമറിയിച്ച ഇന്ത്യയില്‍ ശേഷമുള്ള നൂറ്റാണ്ടുകളില്‍ നിരവധി പണ്ഡിതരും പ്രബോധകരും ഉയര്‍ന്നുവന്നു. ആദ്യ കാലങ്ങളില്‍ സൂഫികളായിരുന്നു പ്രബോധനത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. അവരുടെ പ്രബോധന ശൈലി ഗ്രന്ഥങ്ങളേക്കാളുപരി വാമൊഴിയെ ആശ്രയിച്ചായിരുന്നു. അപ്പോഴും പണ്ഡിതന്മാര്‍ക്കിടയില്‍ ഖുര്‍ആന്‍ സംബന്ധമായ പഠനങ്ങളും ഗവേഷണങ്ങളും നടന്നുപോന്നു. അവരുടേതായ ഇടങ്ങളില്‍ അതിന് പ്രചാരം സിദ്ധിക്കുകയും ചെയ്തു. ഹിജ്റ 842-ല്‍ മരണപ്പെട്ട ഖാദി ശിഹാബുദ്ദീന്‍ ദൗലത്താബാദിയുടെ പല  വാല്യങ്ങളുള്ള അല്‍ ബഹ്റുല്‍ മവാജ് ആണ് ഇന്ത്യയില്‍ രചിക്കപ്പെട്ട ആദ്യത്തെ വിഖ്യാതമായ ഖുര്‍ആന്‍ തഫ്‌സീര്‍. ഖുര്‍ആനിലെ വാക്യ ഘടനക്കും ഭാഷാ, വ്യാകരണ ശൈലികള്‍ക്കും അധ്യായങ്ങള്‍ തമ്മിലെ ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ശൈലിയാണ് ഇതില്‍ അവലംബിച്ചത്. ഇതേ കാലയളവില്‍ തന്നെ, ഇന്ത്യക്കാരനായ ശൈഖ് അലാവുദ്ദീന്‍ അബുല്‍ ഹസന്‍ അറബിയില്‍ നാല് വാല്യങ്ങളുള്ള ഒരു തഫ്‌സീര്‍ രചിക്കുകയുണ്ടായി.
നൂറുന്നബി എന്ന പേരില്‍ ശൈഖ് ഹുസൈന്‍ ബിന്‍ ഖാലിദ് നാഗൂരിയും തഫ്സീറുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ മുഹമ്മദ് യൂസുഫ് ഹസനി ദഹ്‌ലവിയും കാശിഫുല്‍ ഹഖാഇഖ് എന്ന പേരില്‍  ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് താനേശ്വരിയും ഖുര്‍ആന് വ്യാഖ്യാനമെഴുതിയ ഇന്ത്യക്കാരാണ്. മന്‍ബഉല്‍ ഉയൂന്‍ എന്ന പേരില്‍ നാല് വാല്യങ്ങളില്‍ മുബാറക് ബിന്‍ ഹളര്‍ നാഗൂരിയും തഫ്‌സീര്‍ എഴുതുകയുണ്ടായി. ഇമാം റാസിയുടെ തഫ്സീറുല്‍ കബീറിന് ഫാര്‍സിയില്‍ തര്‍ജമ തയാറാക്കിയത് ശൈഖ് സ്വഫിയ്യുദ്ദീന്‍ ഇര്‍ദബീലി എന്ന കശ്മീരീ പണ്ഡിതനാണ്. നിസാഅ്  ബീഗം എന്ന സ്ത്രീയുടെ നിര്‍ദേശപ്രകാരമാണ് ഇത് രചിച്ചത്. ഇങ്ങനെ നൂറുകണക്കിന് തഫ്സീറുകള്‍ രചിക്കപ്പെട്ടെങ്കിലും പലതും ഇന്ന് ലഭ്യമല്ല.
ഖാദി സ്വനാഉല്ല പാനിപ്പത്തി രചിച്ച തഫ്സീറുല്‍ മസ്ഹരി ശ്രദ്ധേയമായ ഇന്ത്യന്‍ തഫ്‌സീറുകളിലൊന്നാണ്. ഏഴ് വാല്യങ്ങളിലായി രചിക്കപ്പെട്ട ഈ ഗ്രന്ഥം അറബി ഭാഷയില്‍ തന്നെ പ്രശസ്തമായ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയാണ്. നസമുല്‍ ജവാഹിര്‍ എന്ന പേരില്‍ മൂന്ന് വാല്യങ്ങളില്‍ മുഫ്തി വലിയ്യുല്ലാഹി ഇബ്‌നു അഹ്മദ് അല്‍ ഹുസൈനി ഫുര്‍ഹാബാദി ഫാര്‍സിയില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം രചിക്കുകയുണ്ടായി. 
ഇന്ത്യയില്‍ പ്രചാരമുള്ള  ഒരു ഭാഷയില്‍ ജനകീയനായ ഒരു പണ്ഡിതനാല്‍ ആദ്യമായി ഖുര്‍ആന്‍ ഭാഷാന്തരം ചെയ്യപ്പെടുന്നത് പേര്‍ഷ്യനിലേക്കാണ്. ഇമാം ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയാണ് പേര്‍ഷ്യനിലേക്ക്  ഖുര്‍ആന്‍ തര്‍ജമ ചെയ്യുന്നത്. ഫത്ഹുര്‍റഹ്മാന്‍ എന്ന പേരിലുള്ള ഈ രചന വിശുദ്ധ ഖുര്‍ആന്റെ സന്ദേശം സാധാരണക്കാര്‍ക്ക് നേരിട്ട് പ്രാപ്യമാകണമെന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു.  ഇതിനോട് കലഹിച്ച് ഒട്ടേറെ സമകാലികര്‍ ഷാഹ് സാഹിബിനെതിരെ ശബ്ദമുയര്‍ത്തി. വിശുദ്ധ ഖുര്‍ആന്‍ ഭാഷാന്തരം ചെയ്യുന്നതിനെതിരെയുള്ള വിമര്‍ശനങ്ങളെ ഷാഹ് സാഹിബ്  വൈജ്ഞാനികമായി നേരിടുകയും ആ സന്ദേശം തലമുറകളിലേക്ക് കൈമാറുകയും ചെയ്തു. ഉര്‍ദു ഭാഷ രൂപപ്പെട്ടു വരുന്ന സാംസ്‌കാരിക പരിസരത്തു നിന്ന് ഷാഹ് സാഹിബിന്റെ പുത്രന്മാരായ ഷാഹ് റഫീഉദ്ദീന്‍, ഷാഹ്  അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഹിന്ദുസ്ഥാനി ഭാഷയിലേക്ക് (ഉര്‍ദുവിന്റെ ആദ്യകാല രൂപം) മൗസുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ തര്‍ജമ നടത്തി. ഷാഹ് അബ്ദുല്‍ ഖാദര്‍ എഴുതി:
'എന്റെ പിതാവ് ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി വിശുദ്ധ ഖുര്‍ആന്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്തതിനെ അവലംബമാക്കി അബ്ദുല്‍ ഖാദര്‍ എന്ന ഞാന്‍ വിശുദ്ധ ഗ്രന്ഥം ഹിന്ദുസ്ഥാനിയിലേക്ക് തര്‍ജമ ചെയ്യുന്നു.'
ഉസ്വൂലുത്തഫ്‌സീര്‍ സംബന്ധിച്ച് ഷാഹ് സാഹിബ് നടത്തിയ രചനയാണ് അല്‍ ഫൗസുല്‍ കബീര്‍. ഫത്ഹുല്‍ കബീര്‍ എന്ന പേരില്‍ അറബിയില്‍ ഖുര്‍ആന്‍ വ്യാഖ്യാന  സംബന്ധിയായ മറ്റൊരു രചനയും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഷാഹ് സാഹിബിന്റെ കാലശേഷം വിശുദ്ധ ഗ്രന്ഥത്തിന്റെ സന്ദേശങ്ങള്‍ മുമ്പത്തേക്കാള്‍ ജനകീയമായി. ഇതര സാംസ്‌കാരിക സങ്കലനം മൂലം വന്നുഭവിച്ച പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ചോദ്യം ചെയ്യപ്പെടാനും പൊതുജനങ്ങള്‍ അവയെ കൈവെടിയാനും തുടങ്ങി. ഖുര്‍ആന്‍, ഹദീസ് വിജ്ഞാനങ്ങള്‍ ഷാഹ് സാഹിബിന്റെ മദ്‌റസ റഹീമിയ്യഃ കേന്ദ്രീകരിച്ചാണ് ഉത്തരേന്ത്യയില്‍ പ്രചാരം നേടിയത്. ഒട്ടനേകം പുതിയ മതപാഠശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഇത് നിദാനമായി.
ഷാഹ് വലിയ്യുല്ലാഹിയുടെ കാലശേഷം മദ്‌റസ റഹീമിയ്യയുടെ നേതൃത്വം ഇമാം ഷാഹ് അബ്ദുല്‍ അസീസ് ദഹ്‌ലവിയിലേക്ക് വന്നുചേര്‍ന്നു. പിതാവിനെപ്പോലെ തന്നെ ധിഷണാശാലിയും മഹാ പണ്ഡിതനുമായിരുന്നു ഷാഹ് അബ്ദുല്‍ അസീസ്. വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ നേരിട്ട് ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളുമായി അടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
മദ്‌റസ റഹീമിയ്യയില്‍ ഷാഹ് വലിയ്യുല്ലാഹ് ആരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ദര്‍സ് ഷാഹ് അബ്ദുല്‍ അസീസ് ദഹ്‌ലവിയും തുടര്‍ന്നുപോന്നു. പിതാവ് നിര്‍ത്തിയ ഭാഗത്തു നിന്നാണ് ഷാഹ് അബ്ദുല്‍ അസീസ് ദര്‍സ് ആരംഭിച്ചത്. അദ്ദേഹം മരണം വരെ ആ ദര്‍സ് തുടര്‍ന്നുപോരുകയും അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹം നിര്‍ത്തിയിടം മുതല്‍ ഷാഹ് ഇസ്ഹാഖ് മുഹദ്ദിസ് ദഹ്‌ലവി ദര്‍സ് തുടരുകയും ചെയ്തതായാണ് ചരിത്രം. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ്സുകള്‍ നടന്നിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള പ്രേരണ പണ്ഡിതരിലും ജനങ്ങളിലും വേരുപിടിക്കാന്‍ ഹേതുവായ അധ്യാപനരീതിയായിരുന്നു ഇത്.
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി എഴുതുന്നു: ''ഷാഹ് അബ്ദുല്‍ അസീസിന്റെ ഖുര്‍ആന്‍ ദര്‍സ് ജനങ്ങളില്‍  ഉന്മേഷവും  ഉണര്‍വും സൃഷ്ടിച്ചു. വിശുദ്ധ ഗ്രന്ഥവും അതിന്റെ വ്യാഖ്യാനവും താന്താങ്ങളുടെ സംസാര ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യാന്‍ പണ്ഡിതന്മാരെ പ്രേരിപ്പിച്ചത് മദ്‌റസ റഹീമിയ്യയില്‍ വലിയ്യുല്ലാഹി കുടുംബം, പ്രത്യേകിച്ച് ഇമാം അബ്ദുല്‍ അസീസ് തുടര്‍ന്നുപോന്ന ഈ ചരിത്രസംരംഭമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പഠനത്തില്‍ അന്ന് രൂപപ്പെട്ട ഈ പ്രവണത ഇന്നും തുടര്‍ന്നുപോരുന്നു. ഇതുമൂലം ലക്ഷക്കണക്കിന് വിശ്വാസികള്‍ വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധ പ്രവാചകരുടെയും മൗലികമായ സന്ദേശങ്ങളിലേക്ക്  തിരികെയെത്തുകയുണ്ടായി. അക്കാലം വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മതവിദ്യാഭ്യാസ സംവിധാനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് അത്ര വലിയ പ്രാധാന്യമുണ്ടായിരുന്നില്ല'' (രിജാലുല്‍ ഫിക്ര്‍, വാല്യം 4, പേജ് 257).
പേര്‍ഷ്യന്‍ ഭാഷയില്‍ ഷാഹ് അബ്ദുല്‍ അസീസ് ദഹ്‌ലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വ്യഖ്യാനമാണ് ഇന്ത്യയിലെ തഫ്‌സീര്‍ മേഖലയിലെ ആദ്യത്തെ സമ്പൂര്‍ണ കൃതിയായി കണക്കാക്കപ്പെടുന്നത്. തഫ്‌സീര്‍ അസീസി, ബുസ്താനു തഫ്‌സീര്‍ എന്നെല്ലാം അറിയപ്പെട്ട 'ഫത്ഹുല്‍ അസീസ്' എന്ന തന്റെ വിഖ്യാതമായ പേര്‍ഷ്യന്‍ ഖുര്‍ആന്‍ വ്യാഖ്യാനം എഴുതുമ്പോള്‍ അദ്ദേഹം രോഗാതുരനായി ഏറെ അവശ നിലയിലായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനിടയില്‍ സുപ്രധാന ഭാഗങ്ങള്‍ നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍   വിശുദ്ധ ഖുര്‍ആന്റെ ബൃഹത്തായ ആ വ്യാഖ്യാന ഗ്രന്ഥം തലമുറകളോളം പ്രകാശം പരത്തുമായിരുന്നു. ആദ്യത്തെയും അവസാനത്തെയും ചില ഭാഗങ്ങള്‍ മാത്രമാണ് അവയില്‍  ഇന്ന് ലഭ്യമായിട്ടുള്ളത്. ഖുര്‍ആന്റെ മനോഹാരിതയാണ് തഫ്‌സീര്‍ അസീസിയില്‍ കാണാന്‍ കഴിയുക. ഖുര്‍ആനിലെ  ഭാഷാപ്രയോഗങ്ങളുടെ വ്യത്യസ്തമായ ആന്തരിക സാരങ്ങളിലൂടെ നമ്മെ വഴിനടത്തുകയാണ്  ഇമാം അബ്ദുല്‍ അസീസ്. ബൗദ്ധിക തലത്തിലും ചിന്താപരമായും ഏറെ മികച്ചുനിന്ന ഈ കൃതിയുടെ ഭാഷാ ശൈലി ദുര്‍ഗ്രഹമല്ല. പേര്‍ഷ്യനില്‍നിന്ന് ഉര്‍ദുവിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട നാലു വാല്യങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ജവാഹിറേ അസീസി എന്നാണ് ഈ കൃതിയുടെ പേര്.
മൗലവി അഹ്മദ് ഹുസൈന്‍ ദഹ്‌ലവി ഏഴ് വാല്യങ്ങളില്‍ ഉര്‍ദുവില്‍ രചിച്ച തഫ്‌സീര്‍ ഏറെ പ്രസിദ്ധമാണ്. സിദ്ദീഖ് ഹസന്‍ ഖനോജി രചിച്ച ഫത്ഹുല്‍ ബയാന്‍ ഫീ മഖാസ്വിദുല്‍ ഖുര്‍ആന്‍ എന്ന അറബി ഭാഷയില്‍ നാല് വാല്യങ്ങളുള്ള തഫ്സീറിനും ഏറെ പ്രചാരം ലഭിച്ചു. ഇമാം ശൗഖാനിയുടെ ഫത്ഹുല്‍ ഖദീറിനെ അവലംബമാക്കി രചിച്ചതാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌