Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

റമദാന്‍ ആഘോഷിക്കുന്ന ലക്ഷദ്വീപുകള്‍

ഇസ്മത്ത് ഹുസൈന്‍

ഞങ്ങള്‍ ചക്രവാളത്തിലേക്ക് നോക്കിയിരുന്നു. മേഘാവൃതമായ ആകാശത്തെ അരുണവര്‍ണം കടുത്തിരുന്നു. ഒരുപാട് കണ്ണുകള്‍ പ്രതീക്ഷയോടെ തെളിയാന്‍ പോകുന്ന ചന്ദ്ര തിളക്കത്തെ തെരഞ്ഞുകൊണ്ടിരുന്നു. കുട്ടികള്‍ അക്ഷമരാണ്. തറാവിയാ പള്ളികളില്‍ ഒത്തുകൂടി കൂക്കി വിളിക്കാന്‍ അവര്‍ക്ക് ധൃതിയായിരിക്കുന്നു.
പഴയ കാലത്താണെങ്കില്‍ തുണി തുമ്പത്ത് വറുത്ത അരിയും ചന്ദ്രക്കല പോലെ മുറിച്ചെടുത്ത കരിക്കിന്‍ കഷ്ണങ്ങളും എടുത്താണ് മാസപ്പിറവി കാണാന്‍ 'മേലാവാ' (പടിഞ്ഞാറെ കടപ്പുറം)യിലേക്ക് പോവുക. ദ്വീപിലുള്ള സ്ത്രീകളും പുരുഷന്മാരും കടപ്പുറത്ത് കൂട്ടംകൂട്ടമായി ഇരുന്ന് ആകാശ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കും.
ഇന്നിപ്പോള്‍ കടല്‍തീരത്ത് ആളുകള്‍ കുറവാണ്. പല ഭാഗങ്ങളില്‍ ചെറിയ ചെറിയ കൂട്ടങ്ങള്‍ മൊബൈലുകള്‍ തുറന്ന് സൂം ചെയ്ത് പിറവി നോക്കുന്നു.
'മാസം കണ്ടിനിയോ
ബിളി ബിളിയിട്ടിനിയോ
ഹവ്വാ തിത്തിയ കണ്‍പോലെ'
ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍ വടക്ക് ജെട്ടിക്കടുത്തുള്ള കടപ്പുറത്തുനിന്നും വിളിയാളം മുഴങ്ങി. പിറവി കണ്ടിട്ടുണ്ട്. അത് വിളിച്ചറിയിക്കാനുള്ള വിളിയാളമാണ് ഞങ്ങള്‍ മുഴക്കുന്നത്. കണ്ട ചന്ദ്രക്കല ആദി ഉമ്മയായ ഹവ്വാ ബീവിയുടെ കണ്ണുപോലെയാണ്. ദ്വീപിലെ വാമൊഴി വഴക്കത്തിന്റെയുള്ളില്‍ ഒളിപ്പിച്ചുവെച്ച അറിയിപ്പ് വാക്കുകള്‍ ശ്രദ്ധിച്ച് ഞാന്‍ ആകാശത്തിന്റെ തെളിച്ചത്തിലേക്ക് നോക്കി. മലപോലെ കറുത്ത മേഘത്തിന്റെ അരികുപറ്റി മുറിച്ചെടുത്ത കരിക്കിന്‍ കഷ്ണം പോലെ പ്രകാശത്തിന്റെ ഒരു തിളക്കം. കളഞ്ഞുപോയ നിധി കണ്ടുകിട്ടിയ സന്തോഷത്തില്‍ ഞാന്‍ പള്ളിയിലേക്ക് നടന്നു. എന്റെ ഉള്ളിലെ കുട്ടി മാസം കണ്ടിനിയോ എന്ന് വിളിയാളം മുഴക്കാന്‍ തുടങ്ങുന്നതും നോക്കി ഞാന്‍ നടന്നു.
വെറും രണ്ടര കിലോമീറ്റര്‍ നീളവും അര കിലോമീറ്റര്‍ വീതിയുമുള്ള എന്റെ നാടായ കില്‍ത്താന്‍ ദ്വീപില്‍ ഏകദേശം നാല്‍പതിന് മുകളില്‍ പള്ളികളുണ്ട്. എല്ലാ പള്ളികളിലും തറാവീഹിന്റെ വിളി ഉയരും. അത്താഴത്തിന്റെ സമയമറിയിക്കാന്‍ അത്താഴം വിളി സംഘക്കാരുണ്ട്. അവര്‍ പ്രത്യേകം തയാറാക്കിയ പാട്ടുകള്‍ പാടി പാതിരാത്രി നാടിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ജാഥ പോലെ നടക്കും.
'റളിയല്ലീ ഇലാഹി അലൈഹി
ബദ്‌രിയല്‍ ഖുബ്‌റാനലൈഹി
കപ്പലില്‍ ഉണ്ടെഞ്ചും പൂവ്
പൂവഞ്ചും പൂത്ത് മലര്‍ന്ത്
അത്താളം മുട്ടുന്ന ലോകര്‍
മുട്ടുകള്‍ കേട്ടാലുണര്‍ച്ച' 
ഇങ്ങനെ പാട്ടുകള്‍ പാടി അത്താഴം വിളിക്കാര്‍ ഓരോ വീടും ഉണര്‍ത്തി ഉണര്‍ത്തി കടന്നുപോവും. അത്താഴത്തില്‍ ഊറ്റ് ചോറും ഉപ്പും പാലും ചോറും മീന്‍ മുളകിട്ടതുമായിരിക്കും പ്രധാന വിഭവങ്ങള്‍. അത്താഴത്തിന് എഴുന്നേല്‍ക്കുന്ന കൊച്ചു കുട്ടികള്‍ക്ക് നോമ്പ് പരിശീലനത്തിന് ഒരു നിയ്യത്ത് ചൊല്ലി കൊടുക്കും. 'ഒരു മുറി നൂമ്പേ ഉച്ചപ്പിരാന്തേ, കഞ്ഞിക്കലത്ത് ഇളി ഇളി നൂമ്പേ.' ഇങ്ങനെ നിയ്യത്ത് ചൊല്ലി നോമ്പെടുക്കുന്ന കുട്ടികള്‍ക്ക് ഉച്ചയാകുമ്പോഴേക്കും വിശക്കും. അപ്പോള്‍ ഭക്ഷണം കൊടുത്ത് വീണ്ടും നിയ്യത്ത് ചൊല്ലി കൊടുക്കും.
ഉച്ച നമസ്‌കാരം കഴിഞ്ഞാല്‍ പള്ളികളില്‍ ഹിസ്‌ബോത്തുണ്ടാവും. കുട്ടികളും മുതിര്‍ന്നവരുമൊക്കെ വലിയ വട്ടമായി പള്ളിയില്‍ വളഞ്ഞിരിക്കും. ഓരോരുത്തരായി ഖുര്‍ആന്‍ തജ്‌വീദ് നിയമപ്രകാരം ഓതണം. ഓതുമ്പോള്‍ ശദ്ദില്‍ മണിക്കാന്‍ മറന്നാല്‍, മദ്ദില്‍ നീട്ടാന്‍ വിട്ടുപോയാല്‍, തെറ്റിച്ചോതിയാല്‍ അപ്പോള്‍ പിടിക്കും. വീണ്ടും തെറ്റില്ലാതെ ഓതണം. വട്ടത്തിലിരിക്കുന്ന ആര്‍ക്കും തെറ്റ് പിടിക്കാം. ആവേശത്തോടെ ഹിസ്‌ബോത്തില്‍ പങ്കെടുത്തത് ഇന്നും മറക്കാനാവുന്നില്ല. ളുഹ്‌റില്‍ ആരംഭിക്കുന്ന ഹിസ്‌ബോത്ത് അസ്വ്ര്‍ നമസ്‌കാരം വരെ നീണ്ടുപോകും. അസ്വ്ര്‍ കഴിഞ്ഞാല്‍ പിന്നെ ഇളനീര്‍ പറിക്കാന്‍ പോകും. ഇളനീരില്ലാതെയുള്ള ദ്വീപ് നോമ്പുതുറ ഓര്‍ക്കാനേ കഴിയില്ല.
റമദാന്‍ പിറക്കുന്നതിനു മുമ്പ് ശഅ്ബാന്‍ മാസത്തില്‍ പള്ളികളിലേക്ക് വിളക്ക് കത്തിക്കാനുള്ള നെയ്യ് ശേഖരിക്കുന്ന ഒരു ചടങ്ങുണ്ട്. കുട്ടികള്‍ കൂട്ടം ചേര്‍ന്ന ഓരോ വീടുകളിലും കയറിയിറങ്ങിയാണ് എണ്ണ ശേഖരിക്കുക. കുട്ടികള്‍ നടന്നുപോകുമ്പോള്‍ വിളിച്ചു പറയുന്ന ഒരു നാടന്‍ ശീലുണ്ട്. ബറാഅത്ത് ദിനത്തോടടുപ്പിച്ചാണ് ഈ ശേഖരണം.
'ബറാഅത്തോ ബര്‍ക്കത്തോ
ഹസ്സന ഹലിമാനൈതായോ
നൈയ്യുളോള്‍ക്കിത് ബര്‍ക്കത്ത്
നൈയ്യില്ലാത്തോള്‍ക്കിത് ലഅ്‌നത്ത്
ഓയോംഓയോം ഹസ്സന ഹലിമാ
നൈയ്തായോ'
നോമ്പ് പിടിക്കുന്ന കുട്ടികളെ രസിപ്പിക്കാന്‍ പറഞ്ഞു കൊടുക്കുന്ന രസകരമായ ഒരു ഉപമാനം ദ്വീപുകളിലുണ്ട്. അതിങ്ങനെയാണ്.
ഒരു നൂമ്പെടുത്താല്‍ ഞാറിന മേല്‍ സ്വര്‍ഗത്തില്‍ പോകും.
രണ്ടുമെടുത്ത് ഈര്‍ക്കിലമേല്
മൂന്നുമെടുത്ത് മൂക്കാലിയമേല്
നാലുമെടുത്ത് നാക്കാലിയ മേല്
അഞ്ചുമെടുത്ത് കൊഞ്ചിനമേല്
ആറുമെടുത്ത് അറഫാ മേല്
ഏഴും പിടിച്ച് ഏണിയമേല്
എട്ടും പിടിച്ച് പട്ടിന മേല്
ഒമ്പതും പിടിച്ച് ഒട്ടകത്തമേല്
പത്തും പിടിച്ച് പച്ചക്കുതിരമേല്
മുപ്പതും പിടിച്ച് മുത്തും പവിഴവും കയറ്റി ഏഴ് കുമ്പകാരന്‍ കപ്പലിനമേല്
ബാലമനസ്സുകളില്‍ ഭാവനയുടെ പുതിയ തലങ്ങള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ അമ്പരപ്പിക്കുന്ന കല്‍പിത ലോകങ്ങളാണ് റമദാനുമായി ചേര്‍ത്ത് ദ്വീപുകാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇസ്‌ലാമിക സൂഫി വഴിത്താരയില്‍ ചേര്‍ന്നു നില്‍ക്കുന്നവരായതുകൊണ്ട് ദ്വീപ്ജീവിതത്തിലും ആചാരാനുഷ്ഠാനങ്ങളിലും സൂഫിസത്തിന്റെ പരിവേഷം ദര്‍ശിക്കാനാവും. റമദാന്‍ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് തലമുണ്ഡനം ചെയ്ത് പ്രത്യേകം തയാറാക്കിയ പള്ളികളില്‍ കല്‍വത്തിനിരിക്കുന്ന സമ്പ്രദായവും ദ്വീപുകളിലുണ്ടായിരുന്നു.
റമദാന്‍ അവസാനിക്കുന്നതോടെ പെരുന്നാള്‍ പിറവി കാണാന്‍ വീണ്ടും ദ്വീപുകാര്‍ കടപ്പുറത്ത് ഒത്തുകൂടും. പെരുന്നാള്‍ പിറവി കാണുന്നതോടെ പുതിയ ആഘോഷത്തിലേക്കാണ് വാതില്‍ തുറക്കുക.
പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന 'തിക്കിര്‍' ആഘോഷമാണ് നടക്കുക. ബൈത്തുകള്‍ ചൊല്ലി ദഫ് മുട്ടി രണ്ട് പള്ളികളില്‍നിന്നുമിറങ്ങുന്ന സംഘം ദ്വീപിലെ എല്ലാ വീടുകളിലും പോകും.
റമദാന്‍ വലിയ ഉത്സവാരവങ്ങളോടെയാണ് ലക്ഷദ്വീപുകളില്‍ വന്നണയുന്നത്. പ്രവര്‍ത്തനക്ഷമവും ഭാവനാത്മകവുമായ ഒരു പരിവേഷം ദ്വീപ്‌സമൂഹം റമദാനിന് ചുറ്റും ചമച്ചുവെച്ചതിനാലാവാം റമദാന്‍ ആത്മാവിലും ശരീരത്തിലും അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ദ്വീപുകാരുടെ മനസ്സ് ആഘോഷത്താല്‍ പുളകിതമാകുന്നത്. 

(കില്‍ത്താന്‍ ദ്വീപുകാരനായ ഇസ്മത്ത് ഹുസൈന്‍ ലക്ഷദ്വീപില്‍നിന്നുള്ള ആദ്യ മലയാള നോവലായ കോ ലോടത്തിന്റെ രചയിതാവാണ്. പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിഡന്റും ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമി മെമ്പറുമാണ്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌