സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് ഉത്തരാഖണ്ഡും ഭോപ്പാലും വഴികാട്ടുന്നു
അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്ത് തൗഹീദ് സംസ്ഥാപിക്കാന്‍ ജീവിതം സമര്‍പ്പിച്ച മുഹമ്മദ് നബിയുടെ അനുയായികള്‍ ഇന്ന് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ബഹുദൈവാരാധനാ രീതികളും സമുദായ ഗാത്രത്തെ വികലമാക്കിയിരിക്കുന്നു. മാനവ സമുദായത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്ന മഹിതസ്ഥാനം നല്‍കി അല്ലാഹു ബഹുമാനിച്ച ഈ സമുദായം ഇന്ന് ആ ആദരവ് അര്‍ഹിക്കാത്തവരായി മാറിയിരിക്കുന്നു. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ട സമുദായം ഇന്ന് ആ സ്ഥാനത്തിന് അര്‍ഹരല്ലാത്തവരായി മാറിക്കൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥയില്‍നിന്ന് സമുദായത്തെ മോചിപ്പിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ പണ്ഡിതന്മാരും നേതാക്കളുമാണ്.
സമുദായം വര്‍ജിക്കേണ്ട ദുരാചാരങ്ങളുടെ പട്ടികയില്‍ ആദ്യത്തേതാണ് സ്ത്രീധനം. മകള്‍ക്കൊരു വരനെ ലഭിക്കാന്‍ വലിയ വില നല്‍കേണ്ട ഗതികേടിലാണ് വധുവിന്റെ മാതാപിതാക്കള്‍. മറ്റു പല സമുദായങ്ങളിലും സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും മുസ്‌ലിം സമുദായത്തില്‍ സ്ത്രീധനത്തിന്റെ ഗ്രാഫ് മേലോട്ടുതന്നെയാണ്. ഇതിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാവാറുണ്ടെങ്കിലും സമുദായത്തിന്റെ കൂട്ടായ പരിശ്രമം ഈ രംഗത്ത് ഉണ്ടാകുന്നില്ല. മതപണ്ഡിതന്മാരും നേതാക്കന്മാരും ഈ തിന്മ നിര്‍മാര്‍ജനം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്നില്ല. പലരും അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നു. ചില മഹല്ല് കമ്മിറ്റികള്‍ സ്ത്രീധനത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.
തികച്ചും അനാശാസ്യകരമായ ഇത്തരം സമ്പ്രദായങ്ങള്‍ക്കെതിരെ ഒരു വിഭാഗം പണ്ഡിതന്മാര്‍ രംഗത്തു വന്നിരിക്കുന്നുവെന്നതാണ് ഏറ്റവും ആശ്വാസകരമായ പുതിയ വാര്‍ത്ത. സ്ത്രീധനം വാങ്ങി നടത്തുന്ന വിവാഹങ്ങളില്‍ കാര്‍മികത്വം വഹിക്കാന്‍ വരില്ലെന്ന് ഉത്തരാഖണ്ഡിലെയും ഭോപ്പാലിലെയും പണ്ഡിത സഭകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സ്ത്രീധനം ആവശ്യപ്പെടുന്ന കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തിരിക്കുന്നു. സ്ത്രീധനം നിര്‍മാര്‍ജനം ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവും പണ്ഡിതനുമായ മുഫ്തി സലീം അഹ്മദ് വ്യക്തമാക്കി. ശ്ലാഘനീയമാണ് ഇത്തരം നീക്കങ്ങള്‍.
വര്‍ഷങ്ങള്‍ക്കു മുമ്പ് തെക്കന്‍ തിരുവിതാംകൂറില്‍ നടന്ന ഒരു വിവാഹ ചടങ്ങ് ഓര്‍മവരികയാണ്. അക്കാലത്ത് അറിയപ്പെട്ട ജമാഅത്തെ ഇസ്‌ലാമി നേതാവായിരുന്ന പരേതനായ കെ. മൊയ്തു മൗലവിയായിരുന്നു കാര്‍മികത്വം നടത്താന്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ നേരത്തേ തീരുമാനിച്ച വിവാഹ ചടങ്ങായിരുന്നു അത്. പക്ഷേ താലികെട്ട് തുടങ്ങി ചില പരമ്പരാഗത ആചാരങ്ങള്‍ക്ക് ചിലര്‍ ഉദ്യുക്തരായപ്പോള്‍ കാര്‍മികത്വത്തിന് താന്‍ തയാറല്ലെന്ന് മൗലവി തുറന്നു പറഞ്ഞു. മാത്രമല്ല, ഇസ്‌ലാം അനുശാസിക്കാത്ത യാതൊന്നും തന്നെ പാടില്ലെന്ന് അദ്ദേഹം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ താലികെട്ടിന് മുന്നിട്ടിറങ്ങിയവര്‍ അതില്‍നിന്ന് പിന്മാറുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ ചടങ്ങ് ഭംഗിയായി നടക്കുകയും ചെയ്തു.
സ്ത്രീധനത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന പല ചെയ്തികളും ചില മഹല്ലുകളില്‍നിന്നും ഖത്വീബ്, ഖാദിമാരില്‍നിന്നും ഉണ്ടാകുന്നു എന്നതും കാണാതിരുന്നുകൂടാ. വരന് നല്‍കുന്ന സ്ത്രീധനത്തിന്റെ നിശ്ചിത ശതമാനം തുക കണിശമായും ഈടാക്കുന്ന പള്ളിക്കമ്മിറ്റികളുണ്ടത്രെ. സ്ത്രീധന ഇടപാട് ഇല്ലാത്ത വിവാഹമാണെങ്കിലും ഈ ഇനത്തില്‍ ഒരു സംഖ്യ ഈടാക്കുന്ന ഇടങ്ങളുമുണ്ട്. സ്ത്രീധനം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ രംഗത്തിറങ്ങേണ്ടവര്‍ അതിന്റെ വക്താക്കളായി മാറുന്നത് വിരോധാഭാസമാണ്. പള്ളിയുടെ നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു സ്രോതസ്സാണ് സ്ത്രീധന വിഹിതമെന്നാണ് പത്തനംതിട്ടയിലെ ഒരു മഹല്ല് കമ്മിറ്റി ഭാരവാഹി പറഞ്ഞത്. സ്ത്രീധനമില്ലാതെയാണ് കല്യാണം നടക്കാന്‍ പോകുന്നതെന്നറിഞ്ഞിട്ടും വധുവിന്റെ പിതാവിനെ സമ്മര്‍ദത്തിലാക്കി പണം ഈടാക്കിയ ഒരു സംഭവം ഉണ്ടായതും മറക്കാനായിട്ടില്ല.
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമുദായം ഏറ്റവുമധികം പരിഗണന നല്‍കേണ്ടതുണ്ടെന്ന അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വനിതാ വിഭാഗം ചീഫ് ഓര്‍ഗനൈസര്‍ ഡോ. അസ്മ സെഫ്‌റയുടെ പ്രസ്താവനയും ഗൗരവത്തോടെ കാണേണ്ടതാണ്. സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ അവിവാഹിതരായി കഴിഞ്ഞുകൂടുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. പറഞ്ഞുറപ്പിച്ച സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ ക്രൂരപീഡനത്തിനിരകയാകുന്ന സ്ത്രീകളെത്രയുമുണ്ട്. ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയും ബാപ്പയും സഹോദരിമാരുമൊക്കെ ഇവിടെ പ്രതിപ്പട്ടികയിലുണ്ട്. സ്ത്രീധനം മതവിരുദ്ധം മാത്രമല്ല ക്രിമിനല്‍ കുറ്റകൃത്യമാണെന്നും പണവും സ്വത്തും ആവശ്യപ്പെടുന്ന ഭര്‍തൃവീട്ടുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറൈശ് നേതാവ് ശരീഫ് ഖുറൈശി ആവശ്യപ്പെട്ടത് മുസ്‌ലിം നേതൃത്വത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണ്.
Comments