Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 23

3199

1442 റമദാന്‍ 11

അന്തമാനിലെ നോമ്പുകാലം

ടി.കെ ഹമീദ് ശാന്തപുരം

ബംഗാള്‍ ഉള്‍ക്കടലിന്റെ അഗാധ വിസ്തൃതിയില്‍ നീണ്ടുകിടക്കുന്ന കൊടുംകാടുകളുടെ നാടാണ് അന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍. ഈ ദ്വീപുകളിലെത്താന്‍  ഇന്ത്യയുടെ മുഖ്യഭൂമിയില്‍നിന്ന് ആകാശയാത്രയാണെങ്കില്‍ രണ്ട് മണിക്കൂറും കടല്‍യാത്രയാണെങ്കില്‍ 58 മണിക്കൂറും വേണം.  അന്തമാന്‍ ദ്വീപ് ഒരു നൂറ്റാണ്ടുകാലം ബ്രിട്ടീഷ് പിടിയിലായിരുന്നു.   ദ്വീപിന് മൂന്നു വര്‍ഷത്തെ ജപ്പാന്‍ പടയോട്ടത്തിന്റെ കഥയും പറയാനുണ്ട്. ദ്വീപുകളുടെ ഉത്തര ഭാഗത്ത് മ്യാന്മറും ദക്ഷിണ പൂര്‍വ ഭാഗത്ത് ഇന്തോനേഷ്യയും പശ്ചിമഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലുമാണ് അതിരുകള്‍. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും മിക്ക പ്രദേശങ്ങളില്‍നിന്നുള്ള ജനങ്ങളും ഈ ദ്വീപസമൂഹത്തിലുണ്ട്. ഒരു മിനി ഇന്ത്യ എന്ന് വേണമെങ്കില്‍ പറയാം.
പ്രഭാതവും വനമേഖലയിലെ തണുപ്പും ഒഴിച്ചുനിര്‍ത്തിയല്‍ അന്തമാനില്‍ ഇപ്പോള്‍ ചൂടുകാലമണ്. കാലാവസ്ഥ മുന്‍കാലങ്ങളില്‍നിന്ന് ഏറെ മാറിയിട്ടുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. എങ്കിലും കുടിവെള്ളക്ഷാമം ഇവിടെയില്ല. കാടുകളിലെ നീരുറവകള്‍ വലിയ ജലസംഭരണികളിലേക്ക്  ശേഖരിച്ച് പൈപ്പ് വഴിയാണ് ജലവിതരണം. കടലിനാല്‍ ചുറ്റപ്പെട്ട ദ്വീപുവാസികള്‍ക്കിത് വലിയൊരു അനുഗ്രഹമാണ്. വേണ്ടതിലധികം മഴ ലഭിച്ചിരുന്ന അന്തമാനിലിപ്പോള്‍ വേണ്ടത്ര മഴ ലഭിക്കുന്നില്ല.
അന്തമാനിലെ മുസ്‌ലിംകള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരായതിനാല്‍ അവിടങ്ങളിലെ ശീലങ്ങളും സമ്പ്രദായങ്ങളുമെല്ലാം ഇവരുടെ നോമ്പനുഭവങ്ങളിലും ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ദ്വീപ് മുസ്‌ലിംകള്‍ അവരുടെ മത-സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ തല്‍പരരാണ്. കേരള മുസ്‌ലിംകളുമായുള്ള നിരന്തര ബന്ധമാണ് ഇതിന് പ്രധാന കാരണം. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റ് തടവിലാക്കി ഇവിടെയെത്തിച്ച ഉത്തരേന്ത്യക്കാരാണ് ദ്വീപിലെത്തപ്പെട്ട ആദ്യ മുസ്‌ലിംകള്‍. 1921-ലെ ഖിലാഫത്ത് പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തില്‍നിന്ന് നാടുകടത്തപ്പെട്ടവരുടെ പിന്‍തലമുറയാണ് ദ്വീപ് മുസ്‌ലിം കളിലെ വലിയൊരു വിഭാഗം. അതിനു ശേഷവും പല പ്രദേശങ്ങളില്‍നിന്നായി മുസ്‌ലിംകള്‍ ഇവിടേക്ക് കുടിയേറി താമസിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണ്.
ദ്വീപ്മുസ്‌ലിംകളുടെ നോമ്പുകാല ജീവിതം അതീവ ലളിതമാണ്. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് തലസ്ഥാന നഗരിയായ പോര്‍ട്ട് ബ്ലെയറിലാണ്. മലയാളി മുസ്‌ലിംകള്‍ ഏറെ തിങ്ങിത്താമസിക്കുന്ന ദിഗ്ലിപ്പൂര്‍, മായാബന്തര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇവരെ കാണാം. ഇവര്‍ക്കിടയില്‍ അത്താഴത്തിന്റെ സമയമായെന്നറിയിക്കാന്‍ പള്ളികള്‍ക്ക് മുമ്പില്‍ വെളിച്ചം കത്തിച്ചുവെക്കുകയും അവസാനിച്ചെന്നറിയിക്കാന്‍ അത് അണക്കുകയും ചെയ്യുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. പള്ളികളില്‍ ചെന്ന് കൂട്ടായി നോമ്പ് തുറക്കുന്ന രീതിയാണ് മറ്റുള്ളവരെപ്പോലെ ഇവരും സ്വീകരിക്കുന്നത്.
തമിഴ് മുസ്‌ലിംകള്‍ നോമ്പുതുറ സമയത്ത് ഒരു പ്രത്യേക തരം കഞ്ഞി കുടിക്കാറുണ്ട് . 'അലീമ' എന്നാണ് ഇതിന്റെ പേര്. ആട്ടിറച്ചി കൊത്തിയരിഞ്ഞ് പച്ചക്കറി കഷ്ണങ്ങളും ഗോതമ്പും നെയ്യും ചേര്‍ത്ത് രാവിലെത്തന്നെ വേവിക്കാന്‍ തുടങ്ങും. തിളച്ചു തിളച്ച് പാകമായ കഞ്ഞി വൈകുന്നേരം വരെ വലിയ ചെമ്പുകളില്‍ സൂക്ഷിക്കും. നോമ്പുതുറയുടെ സമയത്താണ് പിന്നീട് ചെമ്പ് തുറക്കുക. അപ്പോള്‍ അതില്‍നിന്നുയരുന്ന വാസന നല്ലൊരു അനുഭവമാണ്. നൈസാം കാലഘട്ടത്തില്‍ ഹൈദറാബാദിലും വിവിധ നഗരങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന 'ഹലീം' എന്ന വിശിഷ്ട ഭക്ഷണമായിരിക്കാം  ഒരുപക്ഷേ ദ്വീപിലേക്ക് കുടിയേറിയ 'അലീമ.' കോഴിക്കോട് നഗരത്തില്‍ ഈ അടുത്ത് ഇതിന്റെ വിവിധ രുചിക്കൂട്ടുകളോടുകൂടി  ഒരു 'ഹലീം ഫെസ്റ്റ്'  തന്നെ നടക്കുകയുണ്ടായി.
അലീമ ആ പ്രദേശത്തെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും വിതരണം ചെയ്യും. അവിടത്തെ ഏഴായിരത്തോളം വരുന്ന മുസ്‌ലിംകളില്‍ പലരും  പോര്‍ട്ട് ബ്ലെയറിലെ ജുമാ മസ്ജിദിലും പോലീസ് പള്ളിയിലുമാണ് രാത്രി തറാവീഹിനും മറ്റും പങ്കെടുത്തിരുന്നത്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്ത് പോലീസുകാര്‍ക്കു വേണ്ടി നിര്‍മിച്ചതായതുകൊണ്ടാണ് ഇത് പോലീസ് പള്ളി എന്നറിയപ്പെടുന്നത്. പക്ഷേ ഇത് ജുമാ മസ്ജിദിന്റെ കീഴില്‍ തന്നെയാണ്.
മലപ്പുറം ജില്ലയിലെ മണ്ണാര്‍ക്കാടും തിരൂരും മലപ്പുറവും മഞ്ചേരിയും വണ്ടൂരും നിലമ്പൂരുമെല്ലാം അന്തമാനിലുണ്ട്. 1921-നെ തുടര്‍ന്ന് നാടു കടത്തപ്പെട്ടവരും അല്ലാത്തവരുമായ മലബാര്‍ മുസ്‌ലിംകള്‍ ഇട്ട  സ്ഥലനാമങ്ങളാണിവയല്ലാം. ഈ പ്രദേശങ്ങളില്‍ മലപ്പുറം ജില്ലയിലെ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്നു. ഇന്നും ഇവര്‍ കുടുംബാംഗങ്ങളെ കാണാന്‍ കേരളത്തിലേക്ക് വരാറുണ്ട്.
മതകാര്യങ്ങളില്‍ അന്തമാന്‍ മുസ്‌ലിംകള്‍ ജാഗ്രതയുള്ളവരാണ്. മലപ്പുറം ജില്ലയിലെ നോമ്പുകാല കാഴ്ചകള്‍ തന്നെയാണ് അന്തമാനിലും കാണാനാവുക. റമദാന്‍ മാസത്തിനു മുമ്പ് തന്നെ നാട്ടിലേതുപോലെ മുന്നൊരുക്കങ്ങള്‍ തുടങ്ങും. ലോകത്ത് എവിടെയുമുള്ള മുസ്‌ലിം സമൂഹത്തെപ്പോലെ രാപ്പകലുകള്‍ ഖുര്‍ആന്‍ പാരായണം സജീവമാക്കും. പള്ളികള്‍ നോമ്പുകാലത്ത് ജനങ്ങളെ കൊണ്ട് നിറയും. ദിവസങ്ങള്‍ കഴിയും തോറും ആളുകള്‍ കുറഞ്ഞുവരാറുണ്ട്. മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിനു മുമ്പായി എല്ലാവരും പള്ളിയില്‍ എത്തും. നോമ്പുതുറക്കുള്ള കാരക്കയും പാനീയവും ചെറു എണ്ണക്കടികളും പള്ളിക്കമ്മിറ്റി നേരത്തേ തന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും.
പഴവര്‍ഗങ്ങള്‍ക്ക് അന്തമാനില്‍ പൊള്ളുന്ന വിലയാണ്. അതുകൊണ്ടുതന്നെ അവ തീന്മേശയില്‍ പ്രത്യക്ഷപ്പെടുക അപൂര്‍വമായി മാത്രം. ആപ്പിളിനും ഓറഞ്ചിനും മുന്തിരിക്കുമൊക്കെ കിലോക്ക് 250 രൂപയിലധികം വിലവരും. വിമ്പര്‍ലിഗഞ്ചിലെ മന്‍ഫഉല്‍ ഇസ്ലാം മസ്ജിദിലും സ്റ്റിവര്‍ട്ട്ഗഞ്ചിലെ മസ്ജിദുല്‍ ഇഹ്‌സാനിലും സ്ത്രീകള്‍ തറാവീഹ് നമസ്‌കാരത്തിന് വരുന്നത് പതിവു കാഴ്ചയാണ്. പോര്‍ട്ട് ബ്ലെയറില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഇസ്‌ലാമിക് ഗൈഡന്‍സ് സെന്ററിലും സ്ത്രീകള്‍ തറാവീഹ് നമസ്‌കാരത്തിന് എത്തുന്നു. എല്ലാ വീടുകളിലും ചെറുതും വലുതുമായ നാലുചക്ര വാഹനങ്ങള്‍ കാണാം. പള്ളികളുടെ പരിസരങ്ങളില്‍നിന്നു പോലും കുടുംബസമേതം ആളുകള്‍ വാഹനങ്ങളില്‍ വരുന്നതു കാരണം പള്ളിയുടെ ചുറ്റുപാടും റോഡ് വക്കുകളും വാഹനങ്ങള്‍ കൊണ്ട് നിറയും. സ്ഥലപരിമിതി കാരണം വാഹനങ്ങള്‍ പിന്നോട്ടെടുത്ത് സ്വന്തം വീടിന്റെ മുമ്പില്‍ തന്നെ പാര്‍ക്ക് ചെയ്ത് തിരിച്ചു വരുന്ന രസകരമായ കാഴ്ചകളും കാണാം!
ഇവിടെ സംഘടിത സകാത്ത് കമ്മിറ്റികളോ അതുപോലുള്ള സംരംഭങ്ങളോ പൊതുവെ കാണാന്‍ കഴിയില്ല. ഉണ്ടെങ്കില്‍തന്നെ അത് ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെ ശ്രമഫലമായി  നടക്കുന്ന ചെറു സംവിധാനങ്ങള്‍ മാത്രമാണ്. ഇതില്‍ എടുത്തു പറയാവുന്നതാണ് മന്‍ഫഉല്‍ ഇസ്‌ലാം സകാത്ത് കമ്മിറ്റി. ഇവരുടെ  ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ഇതര സമുദായങ്ങളുടെ പോലും പ്രശംസക്ക് പാത്രമായിട്ടുണ്ട്. ബംഗാളില്‍നിന്നും റമദാന്‍ സ്‌പെഷ്യല്‍ പിരിവുകാര്‍ അന്തമാനിലേക്ക് കപ്പല്‍ കയറാറുണ്ട്. കേരള ജമാഅത്തിന്റെ സഹകരണത്തോടെ ചില പള്ളികളില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു. ഇതില്‍ എല്ലാ വിഭാഗവും പങ്കെടുക്കാറുണ്ട്. വിമ്പര്‍ലിഗഞ്ചിലെ നയാപുരം എന്ന കൊച്ചു ഗ്രാമത്തില്‍ നോമ്പുകാലത്ത്  യുവാക്കളുടെ സഹകരണത്തോടെ എല്ലാ വര്‍ഷവും വലിയ ഒരു നോമ്പുതുറ സംഘടിപ്പിച്ചുവരുന്നു. പ്രസ്ഥാന പ്രവര്‍ത്തകരും മറ്റു സംഘടനകളിലെ യുവാക്കളും ഗ്രാമവാസികളും ഒരു പോലെ മേല്‍നോട്ടം വഹിച്ചാണ് ഇത് നടന്നുവരുന്നത്.  ബച്ചു എന്ന ബഷീറും സംഘവും ഈ നോമ്പുതുറയില്‍ നേതൃപരമായി ഏറെ സജീവമാണ്.
നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോയി റൊട്ടിയോ പത്തിരിയോ തിന്നും. ഈ സമയത്തിനിടയില്‍ പകല്‍ നഷ്ടപ്പെട്ട 'പാന്‍' ഏറെ ആവേശത്തോടെ ചവച്ചരക്കുന്നതു കാണാം. പിന്നെ ഇശാ നമസ്‌കാരത്തിനാണ് എല്ലാവരും പള്ളിയിലേക്ക് വരിക. അവസാന വിത്‌റും കഴിഞ്ഞ് പള്ളികളില്‍ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുത്ത് പിരിയും. വീടുകളിലെ നോമ്പു തുറപ്പിക്കലും നോമ്പു സല്‍ക്കാരങ്ങളും ഇവിടെയുമുണ്ട്. എങ്കിലും നോമ്പുകാല മാമൂലുകള്‍ കുറവാണ്. ഒന്നാമത്തെ പത്തിലെ ആദ്യത്തെ മൂന്നില്‍ മരുമക്കളെയും രണ്ടാമത്തെ പത്തില്‍ അമ്മോശന്മാരെയും സല്‍ക്കരിക്കണം എന്ന നിര്‍ബന്ധമൊന്നുമില്ല ഇവിടത്തുകാര്‍ക്ക്.  എപ്പോഴും ആരെയും ക്ഷണിച്ച് ഭക്ഷണം കൊടുക്കും.
സാംസ്‌കാരിക-വൈജ്ഞാനിക പരിപാടികള്‍ക്ക് അന്തമാനില്‍ പഞ്ഞമില്ല. ഖുര്‍ആന്‍ ക്ലാസുകളും  റമദാന്‍ പ്രഭാഷണങ്ങളും പള്ളികളിലും മറ്റുമായി നടന്നുവരുന്നു. പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ 'ഹ്യൂമന്‍ ടച്ച് '  എല്ലാ വര്‍ഷവും റമദാനില്‍ ഖുര്‍ആന്‍ പാരായണ മത്സരം മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കാറുണ്ട്. എല്ലാ വിഭാഗമാളുകളുടെയും പങ്കാളിത്തം ഇതില്‍ ഉണ്ടാകാറുണ്ട്. ഖുര്‍ആനുമായി ദ്വീപിലെ മുസ്‌ലിം ജനതയെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യാവലികള്‍ നേരത്തേ തയാറാക്കി നല്‍കി ഖുര്‍ആന്‍ ക്വിസ് മത്സരവും സംഘടിപ്പിക്കും. കേരളത്തില്‍നിന്ന് പ്രഭാഷകരെ  ക്ഷണിച്ചുവരുത്തി യുവാക്കള്‍ക്ക് പ്രത്യേകമായി ക്ലാസുകള്‍ സംഘടിപ്പിക്കാന്‍  പ്രസ്ഥാനം ശ്രദ്ധിക്കാറുണ്ട്.
അന്തമാന്‍ പ്രശാന്തവും സുന്ദരവുമാണ്.  എല്ലാ മത-ജാതി-ഭാഷാ വിഭാഗങ്ങളുടെയും സംഗമഭൂമിയായ അന്തമാന്‍ ഒരു മിനി ഇന്ത്യയാണ്. വ്യത്യസ്ത മതസമൂഹങ്ങള്‍ ഇവിടെ ഒരുമയോടെ ജീവിക്കുന്നു. സ്‌നേഹം കൊണ്ട് വിരുന്നൂട്ടിയും നന്മ കൊണ്ട് വസന്തം തീര്‍ത്തും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (161-170)
ടി.കെ ഉബൈദ്‌