ജീവിത സംസ്‌കരണം ഖുര്‍ആന്‍ പഠനത്തിലൂടെ
പുണ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും മാസമാണ് റമദാന്‍. ഇത് ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിച്ചിട്ടുള്ളതാണ്. അതിനര്‍ഥം ഒരാള്‍ വെറുതെ റമദാനില്‍ നിന്നു കൊടുത്താല്‍ ഈ പുണ്യങ്ങളൊക്കെ അയാള്‍ക്ക് കൈവരും എന്നല്ല. റമദാനിലെ ദിനരാത്രങ്ങളും മണിക്കൂറുകളും നിമിഷങ്ങളും പുണ്യകരമാവുന്നത് ഒരാള്‍ ആ നിര്‍ണിത ദിവസങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നു നോക്കിയാണ്. മനുഷ്യന്റെ മോക്ഷത്തിന്നും പരലോക രക്ഷക്കുമുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ അസുലഭമായ ഒരവസരം ഒരുക്കിത്തരികയാണ് പ്രപഞ്ചനാഥന്‍. അത് ആര്‍ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ അവര്‍ക്ക് മാത്രമേ റമദാന്‍ പുണ്യങ്ങളുടെ വസന്തമായിത്തീരുന്നുള്ളൂ. ഒരു ഇബാദത്തിന്റെയും നിര്‍വഹണം ആത്മാവ് നഷ്ടപ്പെട്ട കേവലം ആചാരമായിപ്പോകരുത് എന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ ഓരോ അനുഷ്ഠാനവും നിയമമാക്കിയിരിക്കുന്നത് അത് പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ അവ നിര്‍വഹിക്കപ്പെടണം. അനുഷ്ഠാനങ്ങളുടെയും മറ്റു കര്‍മങ്ങളുടെയും ആത്മാവ് ചോര്‍ന്നുപോകാതിരിക്കാന്‍ ഖുര്‍ആന്‍ പഠിക്കുകയും മനനം ചെയ്യുകയുമാണ് വഴിയെന്ന് അല്ലാഹു അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. അത് ചെയ്യാത്തവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു: ''ഇക്കൂട്ടര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അതോ, അവരുടെ ഹൃദയങ്ങള്‍ക്ക് പൂട്ടുകളിട്ടിട്ടുണ്ടോ?'' (മുഹമ്മദ്: 24). മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചും പ്രപഞ്ചസൃഷ്ടിപ്പിനെക്കുറിച്ചുമുള്ള ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. അത്തരം സൂക്തങ്ങളിലധികവും അവസാനിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ, ചിന്തിക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ എന്നൊക്കെ ചോദിച്ചു കൊണ്ടാണ്.
ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് മനനം ചെയ്തുകൊണ്ട്, തമ്പുരാനേ നീ ഇതൊന്നും വെറുതെ പടച്ചതല്ല എന്ന് വിനയാന്വിതരാവുന്ന ദൈവദാസന്മാരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് പാരായണം ചെയ്ത് അല്ലാഹുവിന്റെ ശക്തിവിശേഷങ്ങളെ ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞവരാണവര്‍. ജനം വഴിതെറ്റാനുള്ള പ്രധാന കാരണം, അല്ലാഹു ആരെന്ന് മനസ്സിലാക്കുന്നതില്‍ അവര്‍ക്ക് പറ്റിയ പിഴവാണെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നുണ്ട് (അസ്സുമര്‍ 67). അതുകൊണ്ടാണ് സ്രഷ്ടാവായ നാഥനെ അറിയാനുള്ള മാസം എന്നു കൂടി റമദാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുന്ന പക്ഷം എന്താണ് സംഭവിക്കുകയെന്ന് ഇമാം ഇബ്‌നു ഖയ്യിം നമുക്ക് പറഞ്ഞുതരുന്നുണ്ട്: ''അത്യത്ഭുതകരമായ സംഗതി എന്താണെന്ന് ചോദിച്ചാല്‍, നിങ്ങള്‍ അല്ലാഹുവിനെ അറിയുന്നു, പക്ഷേ അവനെ സ്‌നേഹിക്കുന്നില്ല. അവന്റെ വിളിയാളം നിങ്ങള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ ഉത്തരം പറയാന്‍, ലബ്ബൈക എന്ന് മനസ്സാന്നിധ്യത്തോടെ മൊഴിയാന്‍ വൈകിപ്പോകുന്നു. അല്ലാഹുവുമായി നടത്തുന്ന ഇടപാടുകള്‍ എത്രയധികം നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുമെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ നിങ്ങളുടെ മുഴുവന്‍ ഇടപാടുകളുമാവട്ടെ മറ്റുള്ളവരുമായി! അവന്റെ കോപത്തിന് പാത്രമായാലുണ്ടാവുന്ന ഭയാനക ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ട്. എന്നാല്‍ അല്ലാഹുവിന് സര്‍വം സമര്‍പ്പിച്ചുകൊണ്ട് ആ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ ശ്രമിക്കുന്നില്ല.''
ജീവിതത്തിലെ ഈ വൈരുധ്യങ്ങള്‍ ഖുര്‍ആന്‍ പഠനത്തിലൂടെ മാത്രമേ നീങ്ങിപ്പോവൂ. അത് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഏതൊരു പ്രവാചകനെയും അല്ലാഹു അയക്കുന്നത് ആ സമൂഹത്തെ വേദഗ്രന്ഥം പഠിപ്പിച്ച് അവരെ സംസ്‌കാരസമ്പന്നരാക്കാനാണെന്ന് ഖുര്‍ആന്‍ പറയുന്നു (അല്‍ബഖറ 151, ആലു ഇംറാന്‍ 164, അല്‍ ജുമുഅ 2). ഒരു റസൂലിന്റെ നിയോഗ ദൗത്യവും കൂടിയാണിത്. അതിനാല്‍ ഖുര്‍ആന്‍ പഠനത്തില്‍നിന്ന് അകന്നുപോയതാണ് മുസ്‌ലിം സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം ഒരു മൂലകാരണമെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. പക്ഷേ മുസ്‌ലിം മുഖ്യധാരയിലെ പല നേതാക്കളും പണ്ഡിതന്മാരും ജനസാമാന്യത്തെ ഖുര്‍ആന്റെ അര്‍ഥവും ആശയവും പഠിപ്പിക്കുന്നതില്‍ ഇന്നും തല്‍പ്പരരല്ല. ഈ വിമുഖതക്ക് പലതരം ന്യായങ്ങള്‍ അവര്‍ മുന്നോട്ട് വെക്കാറുണ്ടെങ്കിലും അതിനൊന്നും ഖുര്‍ആന്റെയോ നബിചര്യയുടെയോ ഇസ്‌ലാമിക ചരിത്രത്തിന്റെയോ യാതൊരു പിന്‍ബലവുമില്ല. ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം സമൂഹത്തെ പല നിലയില്‍ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുക എന്നതാണ് അത്തരം പ്രചാരവേലകളെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗം. വിവിധ മുസ്‌ലിം കൂട്ടായ്മകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അതിന് തെളിവാണ്.
ഖുര്‍ആന്‍ പഠനത്തിന് നാം കാര്യമായി അവലംബിക്കുക തഫ്‌സീറുകളെയാണ്. ഇസ്‌ലാമിക വിഷയങ്ങളിലും അറബി ഭാഷയിലും സാഹിത്യത്തിലും അഗാധ ജ്ഞാനമുള്ള പണ്ഡിതന്മാര്‍ എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയാണ് നാം ആധികാരികമായി മനസ്സിലാക്കുക. ഇതൊന്നുമില്ലാതെ വളരെ ലാഘവ ബുദ്ധിയോടെ, ഇസ്‌ലാമിന് അന്യമായ ആശയങ്ങള്‍ പോലും സമര്‍ഥിക്കാന്‍ ഖുര്‍ആനിക ആയത്തുകളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഈ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ളതാണ് ഈ ലക്കത്തിലെ പ്രധാന ലേഖനങ്ങള്‍.
Comments