Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

റജബ് മാസത്തിലെ പ്രത്യേക അനുഷ്ഠാനങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?

മുശീര്‍

ചോദ്യം:  റജബ് മാസത്തിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ?

അല്ലാഹു പവിത്രമാക്കിയ, യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' (അത്തൗബ 36).
ഇമാം ത്വബരി,  ഇബ്നു അബ്ബാസില്‍നിന്ന് ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ ഉദ്ധരിച്ചത് കാണാം: ''എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍  (അഥവാ അധര്‍മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍നിന്നു നാലു മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞു അവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയും,  അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായ നന്മകളുമാക്കിയിരിക്കുന്നു'' (തഫ്സീറുത്ത്വബരി: 16775).
പവിത്രമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്ന് എന്ന നിലക്കും, ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാലും ആ മാസങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
അബൂബക്ര്‍ (റ) നിവേദനം ചെയ്യുന്നു. റസൂല്‍ (സ) പറഞ്ഞു: ''ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്. അഥവാ ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയും ജുമാദക്കും ശഅ്ബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത്'' (ബുഖാരി: 4662).
ഇവിടെ 'മുളറിന്റെ റജബ്' എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍  ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. അത് റമദാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവെച്ചുകൊണ്ടാണ് 'റജബു മുളര്‍' എന്ന് നബി (സ) വ്യക്തമാക്കിയത്.
റജബ് മാസത്തെപ്പറ്റി നബി (സ) 'മുളറിന്റെ റജബ്' എന്നു പറയാന്‍ കാരണം, വേറെ ചില ഗോത്രക്കാര്‍ ആ മാസത്തിന്റെ ആചരണത്തില്‍ വ്യത്യാസം വരുത്തിയിരുന്നതാണെന്ന് ഇബ്നു കസീര്‍ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഹജ്ജ് സമ്മേളനത്തില്‍ ദൂരപ്രദേശങ്ങളില്‍നിന്ന് നിര്‍ഭയം വന്നുചേരാനുള്ള സൗകര്യത്തിനു വേണ്ടി ഹജ്ജ് മാസത്തിനു മുമ്പ് ദുല്‍ഖഅ്ദ് മാസവും, അതേ മാതിരി ഹജ്ജിന്റെ ശേഷം സമാധാനപൂര്‍വം തിരിച്ചുപോകാനുള്ള സൗകര്യത്തിനു വേണ്ടി അതിന്റെ ശേഷം മുഹര്‍റം മാസവും-അങ്ങനെ മൂന്നു മാസം-അല്ലാഹു തുടര്‍ച്ചയായി യുദ്ധം ഹറാമാക്കിയിരിക്കുന്നു. ഇടക്കുവെച്ച് ഉംറ കര്‍മം ചെയ്തു പോകുന്നവരുടെ സൗകര്യം കണക്കിലെടുത്ത് റജബ് മാസവും ഹറാമാക്കിയിരിക്കുകയാണ്.
ചില കാലങ്ങള്‍ക്കും ചില സ്ഥലങ്ങള്‍ക്കും അല്ലാഹു ചില പ്രത്യേക സ്ഥാനങ്ങള്‍ കല്‍പിച്ചിരിക്കുന്നു. മറ്റുള്ളവയിലില്ലാത്ത ചില അനുഷ്ഠാനങ്ങളും ആചരണങ്ങളും അവയില്‍ അവന്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ നിശ്ചയിച്ചതിലുള്ള യുക്തിരഹസ്യങ്ങള്‍ അല്‍പം ചിലതൊക്കെ നമുക്ക് അറിയാന്‍ കഴിഞ്ഞേക്കുമെങ്കിലും മുഴുവനായോ, വിശദമായോ അതിലടങ്ങിയ തത്ത്വരഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് കഴിയുകയില്ല. അതിനാല്‍ ഓരോന്നിനും കല്‍പിച്ച പവിത്രതയും സ്ഥാനവും അതേ രൂപത്തില്‍ അംഗീകരിക്കുകയല്ലാതെ, അതില്‍ മാറ്റമോ വ്യത്യാസമോ വരുത്താന്‍ മനുഷ്യര്‍ക്ക് അവകാശമോ, അനുവാദമോ ഇല്ല. ചോദ്യം ചെയ്യാതെ അതനുസരിക്കുകയാണ് നമ്മുടെ കടമ. അതാണ് നേര്‍ക്കുനേരെയുള്ള മതനടപടിയും.  നേരെമറിച്ച് അവയിലൊക്കെ അല്ലാഹു കല്‍പിച്ചതിനെതിരായി മാറ്റിത്തിരുത്തുക എന്നത് അവിശ്വാസവുമായിരിക്കും.
യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന പവിത്രമായ മാസം, തിന്മകള്‍ കഠിനമായി വിലക്കപ്പെട്ടതും നന്മകള്‍ ഏറെ മഹത്വമുള്ളതും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളില്‍ ഒരു മാസം എന്നതൊഴിച്ചാല്‍, പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചരണങ്ങളോ റജബ് മാസത്തില്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. ധാരാളം കെട്ടിച്ചമയ്ക്കപ്പെട്ട ഹദീസുകളും ദുര്‍ബല ഹദീസുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങള്‍  റജബ് മാസത്തില്‍ പലരും നടത്തിവരുന്നതായും കാണാം.
ഈ മാസത്തിന് സവിശേഷതയും പവിത്രതയും കൈവരാന്‍ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്രസംഭവങ്ങളോ ഉണ്ടെന്നതിന് ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.  റജബിനെക്കുറിച്ച് സ്വതന്ത്രമായി ഒരു കൃതിതന്നെ രചിച്ച ഇമാം ഇബ്നുഹജരില്‍ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തുന്നു:
''റജബ് മാസത്തിന്റെ ശ്രേഷ്ഠതയോ, അതില്‍ നോമ്പനുഷ്ഠിക്കുന്നത് സവിശേഷം ശ്രേഷ്ഠമാണെന്ന് പറയുന്നതോ ഇനി അതില്‍ ഏതെങ്കിലുമൊരു ദിവസം നോമ്പ് ശ്രേഷ്ഠമാണെന്നു കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവില്‍ പ്രത്യേകം നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതോ ആയ പ്രബലമോ തെളിവിനു കൊള്ളാവുന്നതോ ആയ ഒരൊറ്റ ഹദീസും വന്നിട്ടില്ല. ഇമാം അബൂഇസ്മാഈല്‍ അല്‍ഹിറവി എനിക്ക് മുമ്പേ തന്നെ ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നും അല്ലാത്തവരില്‍നിന്നുമായി നമുക്കും ഈ സംഗതി സ്വഹീഹായ പരമ്പരയിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍- അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- ഉദ്ധരിക്കുന്നതില്‍ ചില പണ്ഡിതന്മാര്‍ അയവുള്ള സമീപനം കൈക്കൊള്ളാറുണ്ട്. എങ്കില്‍ കൂടി കര്‍മമനുഷ്ഠിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിനു പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാരാ ശര്‍അ് അനുശാസിക്കാത്ത ഒരു കാര്യം ശര്‍അ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അത് ശരിയായ സുന്നത്താണെന്നു ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടിവരുന്നത്. അബൂമുഹമ്മദ് ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, 'എന്നില്‍നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി' എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍  പെട്ടുപോകുന്നത് ഓരോരുത്തരും സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, അപ്പോള്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? യഥാര്‍ഥത്തില്‍ ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ അത് വിധിവിലക്കുകളുടെ വിഷയത്തിലോ പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ'' (തബ്യീനുല്‍ അജബി ബിമാവറദ ഫീ ഫള്‌ലി റജബ്, പേജ്: 3).
തുടര്‍ന്ന് അദ്ദേഹം റജബിലെ നോമ്പിനെക്കുറിച്ച മൂന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നു. അതിലൊന്ന്: ഉസാമത്തുബ്നു സൈദില്‍നിന്ന്: 'ഞാന്‍ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു; ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ?' 'അത് റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന മാസമാണ് എന്ന് തിരുമേനി (സ) മറുപടി പറഞ്ഞു' (നസാഈ).
ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഇതില്‍ റജബിന് റമദാനുമായി ഒരു സാദൃശ്യമുണ്ടെന്ന ധ്വനിയുണ്ട്. മാത്രമല്ല, റമദാന്‍ പോലെ ആളുകള്‍ റജബിലും ചില ആരാധനാകര്‍മങ്ങള്‍ ചെയ്യാറുണ്ടെന്നും, എന്നാല്‍ ആ ശ്രദ്ധ അവര്‍ ശഅ്ബാനില്‍ കാണിക്കുന്നില്ലെന്നും അതാണ് താന്‍ അതില്‍ (ശഅ്ബാനില്‍) പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതെന്നും പറഞ്ഞതില്‍നിന്ന് റജബ് മാസത്തിനും ഒരു ശ്രേഷ്ഠതയുണ്ടെന്ന സൂചനയുണ്ട്. അതേപ്പറ്റി അവര്‍ക്ക് അറിവും നിശ്ചയവും ഉണ്ടായിരുന്നു എന്നും'' (തബ്യീനുല്‍ അജബിബിമാ വറദ ഫീ ഫള്‌ലി റജബ്).
റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള  ഏതാണ്ടെല്ലാ ഹദീസുകളും അദ്ദേഹം തന്റെ ഈ ലഘുകൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവയിലൊരെണ്ണം പോലും സ്വഹീഹായതല്ലെന്നും ഒന്നുകില്‍ ദുര്‍ബലമായവയോ അല്ലെങ്കില്‍  കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും വ്യക്തമാക്കുന്നുണ്ട്.  ഒടുവില്‍ ഇമാം അബൂബക്ര്‍ അത്ത്വര്‍തൂസിയുടെ ഇവ്വിഷയകമായ ഒരു പ്രസ്താവന അദ്ദേഹം ഉദ്ധരിക്കുന്നു: ''റജബ് മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തില്‍ കറാഹത്തായിത്തീരും; 1. റജബ് മാസത്തില്‍ പ്രത്യേക നോമ്പുണ്ടെന്ന മട്ടില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പനുഷ്ഠിക്കല്‍. 2. ഇതര സുന്നത്ത് നോമ്പുകള്‍ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കല്‍. 3. ഇതര മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാള്‍  പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന ഭാവത്തില്‍ ഈ മാസത്തില്‍ നോമ്പെടുക്കല്‍'' (തബ്യീനുല്‍ അജബിബിമാ വറദ ഫീ ഫള്‌ലി റജബ്).
ഈ മൂന്നടിസ്ഥാനത്തില്‍ റജബില്‍  നോമ്പനുഷ്ഠിക്കുന്നത് വെറുക്കപ്പെട്ടതാണെന്നും അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അത് തിരുമേനി (സ) വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്നുഹജര്‍ അവസാനിപ്പിക്കുന്നത്.
അതുപോലെ, റജബ് മാസത്തില്‍ പ്രത്യേകമായി നോമ്പ് സുന്നത്തുണ്ട് എന്ന് കുറിക്കുന്ന ഹദീസുകളെല്ലാം പറ്റേ ദുര്‍ബലങ്ങളാണ്. അല്ലാത്തവ വ്യാജനിര്‍മിതവും.

റജബിലെ പ്രാര്‍ഥനയെ കുറിച്ച് റജബ് മാസം പിറന്നാല്‍ പ്രത്യേക പ്രാര്‍ഥനകള്‍ വല്ലതും സുന്നത്തുണ്ടോ?

പരിശുദ്ധ റമദാന്‍ അടുത്തു വന്നുകൊണ്ടിരിക്കുകയാണ്, ഈ സന്ദര്‍ഭത്തില്‍ ആ പുണ്യമാസത്തെ പ്രാപിക്കാനും, അതിനെ ആരാധനാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാക്കാനും തൗഫീഖും തുണയും നല്‍കണേ എന്നും, അതിനു പാകത്തില്‍ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കേണമേ എന്നും ഓരോ വിശ്വാസിയും അകമറിഞ്ഞു പ്രാര്‍ഥിക്കണം.
അത് ഏതു ഭാഷയിലും പ്രാര്‍ഥിക്കാം. ഇന്ന പ്രാര്‍ഥന തന്നെ പ്രാര്‍ഥിക്കണമെന്നോ, ഇന്ന പ്രാര്‍ഥന സുന്നത്താണെന്നോ പറയാന്‍ സ്വീകാര്യയോഗ്യമായ ഒരു തെളിവും ഇല്ല.
റജബ് മാസമായിക്കഴിഞ്ഞാല്‍ സുന്നത്താണ്, റസൂല്‍ (സ) പഠിപ്പിച്ചതാണ് എന്നൊക്കെ പൊതുവെ ആളുകള്‍ ധരിച്ചുവശായ ഒരു പ്രാര്‍ഥന ഇങ്ങനെയാണ്: اللهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ
'റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യേണമേ, റമദാനിനെ ഞങ്ങള്‍ക്ക് എത്തിച്ചുതരുകയും ചെയ്യേണമേ' എന്നാണ് ആശയം.
നല്ല പ്രാര്‍ഥനയാണ്. എന്നാല്‍ ഇത് സുന്നത്തായ പ്രാര്‍ഥനയാണെന്ന വിശ്വാസം ശരിയല്ല. കാരണം ഒരു കാര്യം സുന്നത്താണെന്ന് പറയണമെങ്കില്‍ സ്വീകാര്യയോഗ്യമായ തെളിവു വേണം. ഈ ഹദീസ് ളഈഫാണ്/ ദുര്‍ബലമാണ്.  ളഈഫായ ഹദീസ് പ്രമാണയോഗ്യമല്ല. ഇതു സംബന്ധമായി വന്ന എല്ലാ ഹദീസുകളും ദുര്‍ബല ശ്രേണിയില്‍പെടുന്നവ തന്നെ. അതുകൊണ്ടുതന്നെ ഈ പ്രാര്‍ഥന സുന്നത്താണെന്നോ, അതിന് പ്രത്യേകം പുണ്യമുണ്ടെന്നോ ഒക്കെയുള്ള  വിശ്വാസത്തോടെ ഇപ്രകാരം പ്രാര്‍ഥിക്കുന്നത് ബിദ്അത്താണ്. കാരണം സുന്നത്തല്ലാത്ത ഒരു കാര്യം സുന്നത്താണെന്ന വിശ്വാസത്തോടെ ചെയ്യുന്നത് ബിദ്അത്താണ്.

സ്വലാത്തുര്‍റഗാഇബ് റജബില്‍ സ്വലാത്തുര്‍റാഗിബ് എന്ന പേരില്‍ ഒരു നമസ്‌കാരം സുന്നത്തുണ്ടോ?

റജബില്‍ സ്വലാത്തുര്‍റാഗിബ് (ആഗ്രഹ സഫലീകരണ നമസ്‌കാരം) എന്ന പേരില്‍ ഒരു നമസ്‌കാരം സ്ഥിരപ്പെട്ടു വന്നിട്ടില്ല. ഇമാം നവവി (റ) പറയുന്നു: ''സ്വലാത്തുര്‍റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹ സഫലീകരണ) നമസ്‌കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്‌രിബിനും ഇശാക്കും ഇടയില്‍ നമസ്‌കരിക്കുന്ന പന്ത്രണ്ട് റക്അത്ത് നമസ്‌കാരം, അതുപോലെ ശഅ്ബാന്‍ പതിനഞ്ചിന് നമസ്‌കരിക്കുന്ന നൂറ് റക്അത്ത് നമസ്‌കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേഛവുമാണ്. 'ഖൂതുല്‍ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ 'ഇഹ്‌യാ ഉലൂമിദ്ദീന്‍' എന്ന ഗ്രന്ഥത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല.  അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമുമാരുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട.  കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു.  ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദുര്‍റഹ്മാനുബ്‌നു ഇസ്മാഈല്‍ അല്‍മഖ്ദിസി ആ രണ്ട് നമസ്‌കാരങ്ങളും ബിദ്അത്തും വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ'' (അല്‍മജ്മൂഅ്, ശര്‍ഹുല്‍ മുഹദ്ദബ്: 4/56).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌