Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

പ്രഫ. മാലിക് ബദ്‌രി ഇസ്‌ലാമിക പ്രസ്ഥാനങ്ങെള അടുത്തറിഞ്ഞ മനശ്ശാസ്ത്രജ്ഞന്‍

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ പഠനകാലം, കാലഘട്ടത്തിലെ പ്രഗത്ഭരായ പല ഇസ്ലാമിക പണ്ഡിതന്മാരെയും നേരില്‍ കാണാനും അവരുമായി സഹവസിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അങ്ങനെ നേരില്‍ കണ്ട് സംസാരിക്കാനും ഹ്രസ്വമെങ്കിലും സഹവസിക്കാനും കഴിഞ്ഞ പ്രിയ അധ്യാപകനായിരുന്നു, ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ലോകത്തോടു വിട പറഞ്ഞ പ്രഫ. മാലിക് ബദ്‌രി. ഇസ്ലാമിക മനശ്ശാസ്ത്രത്തില്‍ ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള പണ്ഡിതനായിരുന്നു സുഡാന്‍കാരനായ ബദ്‌രി. ഇസ്ലാമിക് സൈക്കോളജിയെ ഒരു സ്വതന്ത്ര പഠനശാഖയായി വികസിപ്പിക്കുന്നതില്‍ മാലിക് ബദ്‌രിയുടെ വൈജ്ഞാനിക സംഭാവനകള്‍ മുന്‍നിര്‍ത്തി, ഇസ്ലാമിക മനശ്ശാസ്ത്രത്തിന്റെ പിതാവ് എന്നാണ് പണ്ഡിതലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 
1932-ല്‍ സുഡാനിലെ റുഫാ പട്ടണത്തിലെ ഒരു പണ്ഡിത കുടുംബത്തിലാണ് മാലിക് ബാബികര്‍ ബദ്‌രിയുടെ ജനനം. പിതാവായ ശൈഖ് ബാബികര്‍ ബദരി സുഡാനില്‍ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. 1956-ല്‍ ബയ്റൂത്തിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് മനശ്ശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ മാലിക് ബദ്‌രി, അതേ വിഷയത്തില്‍ ബ്രിട്ടനിലെ ലെസ്റ്റര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് യഥാക്രമം 1958-ല്‍ ബിരുദാനന്തര ബിരുദവും 1961-ല്‍ പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി. 1967-ല്‍ മനശ്ശാസ്ത്രത്തില്‍ സ്പെഷലൈസേഷനു പുറമെ, ശ്രദ്ധേയമായ നിരവധി ഗവേഷണ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡോക്ടറേറ്റ് ലഭിച്ച ശേഷം ലണ്ടനിലെ മിഡില്‍സക്സ് ആശുപത്രിയില്‍ Department of Psychiatry and Nuerology-യില്‍ കുറച്ചുകാലം ജോലി ചെയ്തു. ബയ്റൂത്തിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ജോര്‍ദാന്‍, ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ തുടങ്ങി നിരവധി യൂനിവേഴ്സിറ്റികളില്‍ പ്രഫസറായി സേവനമനുഷ്ഠിച്ചു. ഇസ്ലാമിക് സൈക്കോളജിയില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചതിനു പുറമെ, അറബിയിലും ഇംഗ്ലീഷിലുമായി ശ്രദ്ധേയമായ പല പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. Islam and Analytical Psychology, Islam and Alcoholism,  The Catastrophe of AIDS, The Dilemma of Muslim Psychologists,  Contemplation: An Islamic Psychospiritual Study,  Sustenance of the Soul  തുടങ്ങിയവ മാലിക് ബദ്‌രിയുടെ പ്രശസ്തമായ കൃതികളാണ്.

ലോക്ക് ഡൗണ്‍ കാലത്ത് International Institute of Islamic Thought സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ഒരു വെബിനാര്‍ ടോക്കാണ് അവസാനമായി കേട്ടത്. 2016-ലാണ് മാലിക് ബദ്‌രിയെ വ്യക്തിപരമായി പരിചയപ്പെടുന്നത്. ഐ.ഐ.യു.എമ്മില്‍ തന്നെ പ്രഫസറായ ഹൈദറാബാദ് സ്വദേശി ഡോ. മുഹമ്മദ് മുംതാസ് അലിയാണ് അതിനു വഴിയൊരുക്കിയത്. യൂനിവേഴ്സിറ്റിയില്‍ മാലിക് ബദ്‌രിയുടെ ഓഫീസിലെ ആദ്യ കൂടിക്കാഴ്ച തന്നെ അദ്ദേഹത്തെകുറിച്ച് ഇനിയും അറിയാനുള്ള ആഗ്രഹം ജനിപ്പിക്കുന്നതായിരുന്നു. കാഴ്ചയിലെ പ്രായാധിക്യം ഒരിക്കലും പ്രകടമാകാത്തവിധം ഊര്‍ജസ്വലമായിരുന്നു മാലിക് ബദ്‌രിയുടെ സംസാരവും പ്രകൃതവും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ സാവധാനത്തില്‍ മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന് വിദ്യാര്‍ഥികളോട് പ്രത്യേക വാത്സല്യമായിരുന്നു. മാലിക് ബദരി എന്ന പണ്ഡിതശ്രേഷ്ഠനിലേക്ക് ഏറെ അടുപ്പിച്ചത്, ഇസ്ലാമിക പ്രസ്ഥാനങ്ങളെയും അതിന്റെ നേതാക്കളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകളായിരുന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും അതിന്റെ സ്ഥാപകന്‍ ഹസനുല്‍ ബന്നായെയും കുറിച്ച് യൂനിവേഴ്സിറ്റിയില്‍ അദ്ദേഹം നടത്തിയ പൊതു പ്രഭാഷണം, ഒരു പ്രസ്ഥാനത്തെ കുറിച്ചും വ്യക്തിയെ കുറിച്ചുമുള്ള കേവല ചരിത്ര വിവരണമായല്ല അനുഭവപ്പെട്ടത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന പ്രസ്ഥാനത്തിന്റെയും അതിന്റെ നേതാക്കളുടെയും ജീവിതത്തിലെ അധികമാരും അറിയാത്ത ആത്മീയവും വൈകാരികവുമായ അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു ആ ക്ലാസ്സ്.
മൗലാനാ മൗദൂദിയുമായുള്ള മാലിക് ബദ്‌രിയുടെ സംഭവബഹുലമായ ആദ്യകൂടിക്കാഴ്ചയെ കുറിച്ച് അത്ഭുതാദരവോടെയാണ് കേട്ടിരുന്നത്. കുവൈത്തില്‍നിന്ന് ഒരു ഫോക്സ് വാഗന്‍ ബീറ്റില്‍ കാറില്‍ സുഹൃത്തുമൊന്നിച്ച് പാകിസ്താനില്‍ മൗദൂദിയുടെ വീടുവരെ ദിവസങ്ങളോളം ഡ്രൈവ് ചെയ്ത അതിസാഹസികയാത്രയുടെ ത്രില്ലടിപ്പിക്കുന്ന അനുഭവവിവരണം കേട്ടതോടെ, മാലിക് ബദരിയെ ഒരിക്കല്‍കൂടി നേരില്‍ കാണണമെന്നും കഴിയുമെങ്കില്‍ ഇന്റര്‍വ്യൂ തരപ്പെടുത്തണമെന്നും മനസ്സില്‍ കരുതി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ ഓഫീസില്‍ ചെന്ന് കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. അദ്ദേഹം താല്‍പ്പര്യപൂര്‍വം സ്വീകരിച്ചിരുത്തി വര്‍ത്തമാനങ്ങള്‍ ചോദിച്ചറിഞ്ഞു. ഓഫീസില്‍ സെക്രട്ടറി ഉണ്ടായിരുന്നുവെങ്കിലും അധികകാര്യങ്ങളും സ്വയം തന്നെ നിര്‍വഹിക്കുകയായിരുന്നു വയോധികനായ മാലിക് ബദ്‌രി. കേരളീയ മുസ്‌ലിം സമൂഹത്തില്‍ മാലിക് ബദ്‌രിയെ വേണ്ടവിധം പരിചയപ്പെടുത്തുന്ന ഒരു അഭിമുഖം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്‌ലാമിക് സൈക്കോളജിയിലെ തന്റെ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സഹകാരിയാണെന്നറിഞ്ഞപ്പോള്‍ മൗദൂദിയെ കുറിച്ചും ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുമായി അധിക സംസാരവും. മൗദൂദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം വിശദമായി എഴുതിയ കുറിപ്പ് തന്റെ കമ്പ്യൂട്ടറില്‍നിന്നെടുക്കാന്‍, എന്നെത്തന്നെ ചുമതലപ്പെടുത്തുകയും കമ്പ്യൂട്ടര്‍ വിട്ടുതരികയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആ കമ്പൂട്ടറില്‍നിന്ന് ആ ഫയലുകള്‍ ഞാന്‍ തന്നെ തപ്പിയെടുക്കുകയായിരുന്നു. A Tribute to Maulana Maududi from an Autobiographical Point of View  എന്ന പേരില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക നവജാഗരണത്തിന് നേതൃത്വം നല്‍കിയ രണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ ജമാഅത്തെ ഇസ്‌ലാമിയെയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും കൃത്യമായി അപഗ്രഥിക്കുകയും താരതമ്യത്തിന് വിധേയമാക്കുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ വൈകാരികമായി സമീപിക്കുന്ന ഈജിപ്തിലെ ഇഖ്‌വാനില്‍നിന്ന് വ്യത്യസ്തമായി, ബുദ്ധിപരമായി സമീപിക്കുന്ന മൗലാനാ മൗദൂദിയുടെ ശൈലിയിലേക്ക് അറുപതുകളില്‍ ആകര്‍ഷിക്കപ്പെട്ട അദ്ദേഹം മൗലാനാ മൗദൂദിയുമായി അദ്ദേഹത്തിന്റെ മരണം വരെയും സൗഹൃദം പുലര്‍ത്തിയിരുന്നു. Islam and Alcoholism  പോലുള്ള പുസ്തകങ്ങള്‍ എഴുതാന്‍ ഏറ്റവും കൂടുതല്‍ പ്രചോദനമായത് മൗലാനാ മൗദൂദിയുടെ Understanding Islam  (ഇസ്ലാം മതം) ആണെന്ന് മാലിക് ബദ്‌രി തന്നെ എഴുതിയിട്ടുണ്ട്.
ഒരു കേഡര്‍ പ്രസ്ഥാനമെന്ന നിലയില്‍ സയ്യിദ് മൗദൂദി ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ പ്രവര്‍ത്തകരെയും പാകപ്പെടുത്തിയ രീതിയെ മാലിക് ബദ്‌രി ഏറെ പ്രശംസിച്ചിട്ടുണ്ട്. വികാരത്തേക്കാള്‍ വിചാരത്തിന് പ്രാധാന്യം നല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന് മനസ്സിലാക്കാന്‍ ഇടവന്ന ഒരു സംഭവം ഡോ. മഹ്മൂദ് അബൂ സുആദിനെ ഉദ്ധരിച്ചുകൊണ്ട് തന്റെ ആത്മകഥയില്‍ മാലിക് ബദ്‌രി എഴുതുന്നുണ്ട്: പ്രമുഖ ഈജിപ്ഷ്യന്‍ സാമ്പത്തിക വിശാരദനായിരുന്ന ഡോ. മഹ്മൂദ് അബൂ സുആദ്, ഹസനുല്‍ ബന്നായുമായി അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന ഇഖ്‌വാനിയായിരുന്നു. ഈജിപ്തില്‍ ഇഖ്‌വാന്റെ സ്വാധീനം വര്‍ധിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍, അതിന്റെ കീഴില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന നിര്‍ദേശം അദ്ദേഹം ഹസനുല്‍ ബന്നായുടെ മുന്നില്‍ വെച്ചു. അതിവേഗം മാറിമറിയുന്ന ഈജിപ്ഷ്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ആ രാഷ്ട്രീയ കക്ഷിയുടെ നേതാവാകാന്‍ ആത്മീയ നേതൃപരിവേഷമുള്ള ഹസനുല്‍ ബന്നായായിരിക്കില്ല അനുയോജ്യനെന്നും, താന്‍ തന്നെ അതിനെ നയിക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതുകേട്ട ബന്നാ ആ നിര്‍ദേശം സ്വീകരിച്ചുവെന്നു മാത്രമല്ല,  മതാധ്യാപകന്‍ മാത്രമായ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകാന്‍ യോഗ്യനല്ലെന്നും യൂനിവേഴ്സിറ്റി ലക്ചററായ താങ്കളാണ് അതിന് ഏറ്റവും യോജിച്ച വ്യക്തിയെന്നും എന്നാല്‍ ഇക്കാര്യം സംഘടനയില്‍ ചര്‍ച്ചചെയ്യാന്‍ സമയമായിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. അബൂ സുആദ് ഇക്കാര്യം സംഘടനയില്‍ ചര്‍ച്ച ചെയ്യാന്‍ ബന്നായെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ, ഇഖ്വാന്റെ സ്ഥാപക നേതാക്കളടങ്ങുന്ന ജനറല്‍ മീറ്റിംഗില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ അബൂ സുആദിന് അവസരം നല്‍കി. ഇഖ്‌വാനു കീഴില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം മറ്റ് അംഗങ്ങള്‍ക്കും സ്വീകാര്യമായി. എന്നാല്‍ അതിന്റെ ആദ്യ അധ്യക്ഷനായി ഡോ. അബൂ സുആദിന്റെ പേര് നിര്‍ദേശിക്കപ്പെട്ടതോടെ ആ ഹാളില്‍ പ്രതിഷേധത്തിന്റെ  കൊടുങ്കാറ്റടിച്ചു. ആ അഭിപ്രായത്തോട് അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, അബൂ സുആദിനെ ശാരീരികമായി കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. ആ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍നിന്ന് ഹസനുല്‍ ബന്നാ തന്നെയാണ് ഡോ. സുആദിനെ രക്ഷപ്പെടുത്തി, സ്വയം ഡ്രൈവ് ചെയ്ത് വീട്ടില്‍ കൊണ്ടുവന്നാക്കിയത്. ഡോ. അബൂ സുആദിനെ വീട്ടില്‍ കൊണ്ടാക്കി ബന്നാ തിരികെയെത്തിയപ്പോഴേക്കും മറ്റു അംഗങ്ങളെല്ലാം ചേര്‍ന്ന് സുആദിനെ ഇഖ്‌വാനില്‍നിന്ന് പുറത്താക്കാന്‍ തീരുമാനമെടുത്തിരുന്നു. ഹസനുല്‍ ബന്നാ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ആ തീരുമാനം പിന്‍വലിച്ചത്. ഹസനുല്‍ ബന്നായല്ലാത്ത ഒരു നേതാവിനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധമായിരുന്നു, ഇഖ്‌വാന്റെ സ്ഥാപകാംഗങ്ങളുടെ പോലും അവസ്ഥ. ഇഖ്‌വാന്റെ നേതൃത്വം ഹസനുല്‍ ഹുദൈബി ഏറ്റെടുത്ത സന്ദര്‍ഭത്തിലും ഇഖ്‌വാന്‍ വൃത്തത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.
എന്നാല്‍, ഇമാം മൗദൂദി താന്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ, ജമാഅത്തെ ഇസ്‌ലാമിയെ നയിക്കാന്‍ പ്രാപ്തമായ  നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടു വന്നിരുന്നു. തന്റെ കാലശേഷവും ഈ പ്രസ്ഥാനത്തിന് തുടര്‍ച്ചയുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്റെ അഭിപ്രായത്തില്‍ സയ്യിദ് മൗദൂദിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഇതാണ്. തന്റെ അനുയായികള്‍ ആഗ്രഹിക്കുംവിധം അധികാരവും സൗകര്യങ്ങളും ആഗ്രഹിച്ചിരുന്ന ആളായിരുന്നു മൗദൂദി എങ്കില്‍, തന്റെ പ്രപിതാക്കളുടെ സൂഫിത്വരീഖത്തിന്റെ ശൈഖായി അദ്ദേഹത്തിന് സ്വയം അവരോധിക്കാമായിരുന്നു. വര്‍ഷത്തില്‍ നടക്കുന്ന പ്രസ്ഥാനത്തിന്റെ ജനറല്‍ മീറ്റിംഗില്‍ പ്രസ്ഥാനാംഗങ്ങള്‍ക്ക് തന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കാനുള്ള അനുവാദം നല്‍കിയിരുന്നു മൗദൂദി. തെറ്റു പറ്റും നേതാവിന് എന്ന പാഠം മൗദൂദി, ജമാഅത്ത് അനുയായികളെ പഠിപ്പിച്ചിരുന്നു. ഇതാണ്, ജമാഅത്തിന്റെയോ മൗദൂദിയുടെയോ പ്രതിയോഗികള്‍ക്കു നേരെ പോലും ഒരു തരത്തിലുള്ള തീവ്ര വികാരവും വെച്ചുപുലര്‍ത്താത്ത അണികളായി അതിന്റെ അംഗങ്ങളെ വളര്‍ത്തിയെടുക്കാന്‍ ആ പ്രസ്ഥാനത്തെ സഹായിച്ചത്.
കാലഘട്ടത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അതിന്റെ തലമുതിര്‍ന്ന നേതാക്കളെയും അടുത്തറിഞ്ഞ്, ജീവിക്കുന്ന കാലത്തിനപ്പുറവും പ്രസ്ഥാനത്തിന്റെ ഭാവിയെ ദീര്‍ഘദൃഷ്ടിയോടെ നോക്കിക്കാണാന്‍ കെല്‍പുള്ള ക്രാന്തദര്‍ശിയായ പണ്ഡിതനായിരുന്നു മാലിക് ബദ്‌രി. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയനിലപാടുകളില്‍ ചിലതിനോട് അദ്ദേഹം പ്രകടിപ്പിക്കുന്ന വിയോജിപ്പ് വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് ദഹിക്കാതെ വരുമ്പോള്‍,  അനുഭവപരിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് താനിത് പറയുന്നതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയും. തത്ത്വങ്ങളേക്കാള്‍, കാലവും അനുഭവപരിജ്ഞാനവുമാണ് നമ്മെ പക്വമതികളും വിവേകശാലികളുമാക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ ജമാഅത്തെ ഇസ്‌ലാമിയെയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും ഒരുപോലെ അടുത്തറിയുകയും, അവയൊടൊപ്പം സഞ്ചരിക്കുകയും ചെയ്ത അപൂര്‍വം  പണ്ഡിതരില്‍ ഒരാളായിരുന്നു പ്രഫ. മാലിക് ബദ്‌രി. ഇസ്‌ലാമിക് സൈക്കോളജി എന്ന വിജ്ഞാനശാഖക്ക് വലിയ സംഭാവനകളര്‍പ്പിച്ച പണ്ഡിതനെയാണ്, മാലിക് ബദ്‌രിയുടെ വിയോഗത്തോടെ ലോകത്തിന് നഷ്ടമായിരിക്കുന്നത്. ദീര്‍ഘമായ തന്റെ ജീവിതയാത്രയില്‍ ഇസ്‌ലാമിക ലോകത്തിന് വിലമതിക്കാനാകാത്ത സേവനങ്ങള്‍ അര്‍പ്പിച്ചാണ് എണ്‍പത്തി ഒമ്പതാമത്തെ വയസ്സില്‍ അദ്ദേഹം രംഗമൊഴിയുന്നത്. അല്ലാഹുവിന്റെ പ്രവിശാലമായ കാരുണ്യം അദ്ദേഹത്തെ പൊതിയുകയും സ്വര്‍ഗത്തില്‍ ഉന്നതപദവി നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ- ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌