Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

മുരീദ് ബര്‍ഗൂസി അതിജീവനപ്പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്ന കവി

അബൂസ്വാലിഹ

തന്റെ ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും ആവേശവും പകര്‍ന്ന തലയെടുപ്പുള്ള ഫലസ്ത്വീനിയന്‍ കവിയും എഴുത്തുകാരനുമായിരുന്നു, ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ കഴിഞ്ഞ ഫെബ്രുവരി പതിനാലിന് എഴുപത്തിയാറാം വയസ്സില്‍ മരണപ്പെട്ട മുരീദ് ബര്‍ഗൂസി. ഫലസ്ത്വീനിലെ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയുടെ പ്രാന്തത്തിലുള്ള ദേര്‍ ഗസ്സാന ഗ്രാമത്തില്‍ 1944 ജൂലൈ എട്ടിനായിരുന്നു ജനനം. 1967-ലെ അറബ് - ഇസ്രയേല്‍ യുദ്ധം നടക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുക്കുന്നതിനായി അദ്ദേഹം കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ എത്തിച്ചേര്‍ന്നു. യുദ്ധം നടന്ന അതേ വര്‍ഷമാണ് ബര്‍ഗൂസി ബിരുദം നേടിയത്. പിന്നെ നീണ്ട മുപ്പത് വര്‍ഷം അദ്ദേഹത്തിന് റാമല്ലയിലേക്ക് തിരിച്ചു ചെല്ലാനായില്ല. പിന്നീട് ലബനാന്‍, ജോര്‍ദാന്‍, ഇറാഖ് തുടങ്ങി പലപല നാടുകളില്‍ പ്രവാസിയായി അലഞ്ഞു നടന്ന് അധിനിവേശം ചെയ്യപ്പെട്ട തന്റെ നാടിനു വേണ്ടി തൂലിക പടവാളാക്കി. വീണ്ടും ഈജിപ്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഈജിപ്ഷ്യന്‍ എഴുത്തുകാരി റദ്‌വാ ആശൂറിനെ കണ്ടുമുട്ടുന്നതും അവര്‍ വിവാഹിതരാകുന്നതും. അവര്‍ക്കൊരു മകനുണ്ട്, കവി കൂടിയായ തമീം ബര്‍ഗൂസി.
തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഓസ്‌ലോ കരാര്‍ ഒപ്പിട്ടതിനു ശേഷമാണ് ബര്‍ഗൂസിക്ക് ജന്മനാട്ടിലേക്ക് തിരിച്ചുവരാനായത്. ഈ അനുഭവങ്ങള്‍ ഉള്‍ച്ചേര്‍ത്ത് അദ്ദേഹം എഴുതിയ ആത്മകഥാംശമുള്ള രചനയാണ് 'ഞാന്‍ റാമല്ല കണ്ടു.' ഒരു ജനതയെ പിഴുതെറിഞ്ഞതിന്റെയും പ്രവാസത്തിന്റെയും ഓര്‍മക്കുറിപ്പാണത്. 1972-ല്‍ ബൈറൂത്തില്‍ വെച്ച് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയ പ്രശസ്ത ഫലസ്ത്വീനിയന്‍ നോവലിസ്റ്റ് ഗസ്സാന്‍ കനഫാനിയും ഇതേ ദുഷ്ടശക്തികള്‍ 1987-ല്‍ ലണ്ടനില്‍ വെച്ച് കൊലപ്പെടുത്തിയ ഫലസ്ത്വീനിയന്‍ കാര്‍ട്ടൂണിസ്റ്റ് നാജി അലിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. അവരൊക്കെയും ഈ ആത്മകഥനത്തില്‍ കടന്നുവരുന്നുണ്ട്. 2009 -ല്‍ ഇതിന്റെ രണ്ടാം ഭാഗം അദ്ദേഹം പുറത്തിറക്കി. 'ഞാന്‍ ജനിച്ചത് അവിടെ, ഞാന്‍ ജനിച്ചത് ഇവിടെ' എന്നാണ് ഈ കൃതിയുടെ ശീര്‍ഷകം. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറങ്ങി.
അനീതി പെരുക്കുന്ന കാലത്ത് കവിത മൂര്‍ച്ചയുള്ളതും നേരില്‍ ചെന്ന് തറക്കുന്നതുമാകണമെന്ന് ബര്‍ഗൂസി ഉറച്ചു വിശ്വസിക്കുന്നു. 'കഴുത്ത് മിലിട്ടറി ബൂട്ടുകള്‍ക്കിടയില്‍ പെട്ടുപോയ, നിരന്തരം അടച്ചുപൂട്ടലുകളും ചെക്ക് പോയിന്റുകളും അഭിമുഖീകരിക്കുന്ന ഒരു ജനതയോട് കവിതയുടെ ലാവണ്യനിയമങ്ങള്‍ പഠിച്ചു വരൂ എന്ന് പറയാന്‍ കഴിയുമോ?' - അദ്ദേഹം ചോദിക്കുന്നു. ഈ സുതാര്യതയും വളച്ചുകെട്ടില്ലായ്മയുമാണ് അദ്ദേഹത്തിന്റെ കവിതകളെ ശ്രദ്ധേയമാക്കുന്നത്.

നിശ്ശബ്ദത പറഞ്ഞു:
സത്യത്തിന് വാചാലത ആവശ്യമില്ല.
കുതിരപ്പടയാളിയുടെ മരണശേഷം
വീട്ടിലേക്ക് മടങ്ങുന്ന കുതിര
എല്ലാം പറയുന്നുണ്ട്,
അത് ഒന്നും പറയുന്നില്ലെങ്കിലും.

മുരീദ് ബര്‍ഗൂസിയുടെ ശ്രദ്ധേയമായ രണ്ട് കവിതകള്‍ ഇവിടെ ചേര്‍ക്കുന്നു:

 എത്ര നല്ലതാണ്!

വിരിപ്പില്‍ കിടന്ന് മരിക്കുക എത്ര നല്ലതാണ്,
ഒരു വൃത്തിയുള്ള തലയണക്കു മീതെ
കൂട്ടുകാര്‍ ഒപ്പം നിന്ന്.
എത്ര നല്ലതാണ്, ഒരിക്കലങ്ങ് മരിക്കുക
കൈകള്‍ നെഞ്ചില്‍ കോര്‍ത്തു വെച്ച്
ശൂന്യമായി, വിളറി
പാടോ ചങ്ങലയോ ബാനറോ ഒന്നുമില്ലാതെ
പരാതികളില്ലാതെ.

എത്ര നല്ലതാണ്, ഒരു പൊടി പുരളാത്ത മരണം
ഷര്‍ട്ടില്‍ തുളകളില്ലാതെ
വാരിയെല്ലുകളില്‍ അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ.
എത്ര നല്ലതാണ്, ഒരു വെള്ളത്തലയണ വെച്ചുള്ള മരണം
അപ്പോള്‍ നാം കവിള്‍ ചേര്‍ക്കുന്നത് തെരുവോരത്തെയാകില്ല
ഇഷ്ടക്കാര്‍ക്ക് നമ്മുടെ കൈകള്‍ പിടിക്കാന്‍ കൊടുത്ത്
നിരാശയിലായ ഡോക്ടര്‍മാരാല്‍, നഴ്സുമാരാല്‍ വലയിതനായി
മനോഹരമായ ഒരു വിടചോദിക്കല്‍ അല്ലാതെ ഒന്നും
ബാക്കിവെക്കാതെ
ലോകത്തെ അതുള്ള മാതിരിയങ്ങ് വിട്ടുപോവുക
ഏതോ ഒരു നാള്‍, ഏതോ ഒരാള്‍
ഇതൊക്കെ ശരിയാക്കുമെന്ന പ്രതീക്ഷയോടെ.


വ്യാഖ്യാനങ്ങള്‍ 

ഒരു കാപ്പിക്കടയില്‍ കവി ഇരിക്കുന്നു
എഴുതിക്കൊണ്ട്:
പ്രായം ചെന്ന സ്ത്രീ വിചാരിക്കുന്നു
അയാള്‍ അമ്മക്ക് കത്തെഴുതുകയാവും
യുവതി വിചാരിക്കുന്നു
ഗേള്‍ഫ്രണ്ടിനുള്ള കത്തായിരിക്കും
കുട്ടി വിചാരിക്കുന്നു
ചിത്രം വരക്കുകയായിരിക്കും
ബിസിനസ്സുകാരന്‍ വിചാരിക്കുന്നു
കച്ചവടക്കരാര്‍ വല്ലതും തയാറാക്കുകയാവും
ടൂറിസ്റ്റ് വിചാരിക്കുന്നു
പോസ്റ്റ് കാര്‍ഡ് എഴുതുകയാവും
ഉദ്യോഗസ്ഥന്‍ വിചാരിക്കുന്നു
കടവും കള്ളിയും കണക്കു കൂട്ടുകയാവും
രഹസ്യപോലീസുകാരന്‍ പതുക്കെ
അയാള്‍ക്കു നേരെ നടന്നടുക്കുന്നു. 

(പ്രതീക്ഷ ബുക്‌സ് പ്രസിദ്ധീകരിച്ച ഫലസ്ത്വീനി കവിതകളുടെയും കാര്‍ട്ടൂണുകളുടെയും സമാഹാരമായ 'മുറിവുകളുടെ പുസ്തക'ത്തില്‍ നിന്നെടുത്തത്. വിവ: അശ്‌റഫ് കീഴുപറമ്പ്).

 

 

എര്‍തുറുള്‍ ടെലിവിഷന്‍ പരമ്പര കണ്ട് അമേരിക്കക്കാരി ഇസ്‌ലാമിലേക്ക്

പ്രശസ്ത തുര്‍ക്കി ടെലിവിഷന്‍ പരമ്പരയായ 'എര്‍തുറുള്‍ ദില്‍രീസ്' കണ്ട് ഇസ്‌ലാമിലേക്ക് ആകൃഷ്ടയായ ഒരു അമേരിക്കക്കാരിയുടെ വീഡിയോ ക്ലിപ്പ് വൈറലാവുകയുണ്ടായി. ഈ വാര്‍ത്ത തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി സീരിയലിന് തിരക്കഥയെഴുതിയ മുഹമ്മദ് ബോസ്ദാഗ് പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ച ശേഷം ആ അമേരിക്കക്കാരി ഖദീജ എന്നാണ് അറിയപ്പെടുന്നത്. സീരിയല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് തന്നെ സ്വാധീനിച്ചതെന്ന് അവര്‍ പറയുന്നു. അതിലെ പ്രധാന കഥാപാത്രങ്ങളുടെ മൂല്യാധിഷ്ഠിത ജീവിതമാണ് താന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ആ  വനിത (60 വയസ്സ്) തൊട്ടടുത്ത മസ്ജിദിലെത്തി ഇസ്‌ലാം സ്വീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. അമേരിക്കയിലെ വെസ്‌കിന്‍സന്‍ സംസ്ഥാനത്താണ് അവര്‍ താമസിക്കുന്നത്.
നെറ്റ്ഫഌക്‌സില്‍ പരതിക്കൊണ്ടിരിക്കെ യാദൃഛികമായാണ് 'എര്‍തുറുള്‍' കാണാന്‍ ഇടവന്നത്. അതില്‍ ഇതള്‍ വിരിയുന്ന ചരിത്ര ഘട്ടത്തെക്കുറിച്ച് അവര്‍ക്ക് ഇതിനു മുമ്പ് യാതൊന്നും അറിഞ്ഞുകൂടായിരുന്നു. സീരിയലില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ നീതിക്കായുള്ള പോരാട്ടം ആരെയും പിടിച്ചുകുലുക്കും. എര്‍തുറുള്‍, തുര്‍ഗുത്ത് ആല്‍പ്, സല്‍ജാന്‍ ഹാതൂന്‍ എന്നീ കഥാപാത്രങ്ങളാണ് തന്നെ ഏറെ ആകര്‍ഷിച്ചത്. ബാംസി ബെറക് എന്ന കഥാപാത്രം യഥാര്‍ഥ ചരിത്രത്തില്‍ എര്‍തുറുളിനോടൊപ്പം ഉണ്ടായിരുന്നില്ലെന്നത് ഏറെ വേദനിപ്പിക്കുകയും ചെയ്തു. ഈ ചരിത്ര സീരിയലില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു കഥാപാത്രം മുഹ്‌യിദ്ദീന്‍ അറബി എന്ന ഇബ്‌നു അറബിയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ പലപ്പോഴും കരയിപ്പിച്ചിട്ടുണ്ട്. ആ വര്‍ത്തമാനങ്ങളാണ് തന്റെ ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ നല്‍കിയത്.
ഇസ്‌ലാമിക ചരിത്രത്തിലെ ഉസ്മാനീ കാലഘട്ടത്തെക്കുറിച്ച് തനിക്ക് ഇതിനു മുമ്പ് ഒന്നും അറിയുമായിരുന്നില്ല. സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ഉസ്മാനിയാ ഭരണകാലത്തെക്കുറിച്ച് കിട്ടാവുന്നതെല്ലാം തേടിപ്പിടിച്ച് വായിച്ചു. അഞ്ച് സീസണുകളിലായി നാനൂറ്റി അമ്പതോളം എപ്പിസോഡുകളിലായി നീണ്ടുകിടക്കുന്ന ഈ മെഗാ പരമ്പര നാലു തവണ ഇവര്‍ കണ്ടു തീര്‍ത്തു. ഇപ്പോള്‍ അഞ്ചാമത്തെ തവണയും കണ്ടുകൊണ്ടിരിക്കുകയാണ്!
പതിമൂന്നാം നൂറ്റാണ്ടില്‍ ഉസ്മാനീ സാമ്രാജ്യം സ്ഥാപിക്കപ്പെടുന്നതിനു തൊട്ടുമുമ്പുള്ള സംഭവങ്ങളാണ് സീരിയലിന്റെ മുഖ്യ ഇതിവൃത്തം. ഓഗോസ് തുര്‍ക്കി ഗോത്രങ്ങളില്‍പെടുന്ന ഖായ് ഗോത്രത്തിന്റെ നേതാവായ എര്‍തുറുള്‍ ബ്‌നു കന്‍ദോസിന്റെ ജീവചരിത്രമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഉസ്മാനീ സാമ്രാജ്യ സ്ഥാപകനായ ഉസ്മാന്‍ ഒന്നാമന്റെ പിതാവ് കൂടിയാണ് എര്‍തുറുള്‍.
സീരിയല്‍ കാണുകയും അനുബന്ധ പഠനങ്ങള്‍ക്ക് സമയം കണ്ടെത്തുകയും ചെയ്തതോടെ തന്റെ മനസ്സിനെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താനായെന്ന് ഖദീജ പറയുന്നു. ഖുര്‍ആന്‍ പഠനത്തിലേക്ക് എത്തിച്ചേരുന്നതും അങ്ങനെയാണ്. ഡിപ്രഷന് മരുന്ന് കഴിക്കാറുണ്ടായിരുന്ന ഖദീജ ഇസ്‌ലാം സ്വീകരിച്ചതോടെ മാനസിക പിരിമുറുക്കത്തിനുള്ള അത്തരം സകല മരുന്നുകളും നിര്‍ത്തി. അവരുടെ മനസ്സ് ഇപ്പോള്‍ വളരെ ശാന്തമാണ്. ഖദീജയെപ്പോലെ നിരവധിയാളുകളെ ഇസ്‌ലാമിക മൂല്യങ്ങളിലേക്ക് വഴിനടത്താന്‍ ഈ സീരിയല്‍ നിമിത്തമായിട്ടുണ്ട്. ഇരുപത്തിയഞ്ച് ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട സീരിയല്‍ എണ്‍പതിലധികം രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌