Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

സി.പി.എമ്മിന് ഓര്‍മകള്‍ ഉണ്ടായിരിക്കണം

ടി.കെ.എം ഇഖ്ബാല്‍

കേരളത്തിലെ സി.പി.എമ്മിന്റെ വിവാദ പുരുഷനായി മാറിയ ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ ഭൂരിപക്ഷ വര്‍ഗീയത എന്നു പറയാന്‍ ഉദ്ദേശിച്ചാല്‍ പോലും നാവില്‍ വരിക ന്യൂനപക്ഷ വര്‍ഗീയത എന്നാണ്. അങ്ങനെയാണ് ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രം എന്ന് സെക്രട്ടറി പറഞ്ഞുപോയത്! മുസ്‌ലിം വര്‍ഗീയതയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാവണം, ഭൂരിപക്ഷ വര്‍ഗീയത, സവര്‍ണ ഫാഷിസം തുടങ്ങിയ വാക്കുകള്‍ പാര്‍ട്ടി നേതാക്കളുടെ സ്മൃതിപഥത്തില്‍നിന്നും പയ്യെപ്പയ്യെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. കേരള സി.പി.എം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെയും ആഭ്യന്തര വൈരുധ്യങ്ങളുടെയും ആഴമാണ് ഇത് വെളിപ്പെടുത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന സി.പി.ഐ (എം) വളരെ വേഗം വലതുപക്ഷത്തേക്ക് കൂറുമാറുകയാണെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. 1964-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിച്ച വലിയ പിളര്‍പ്പിലൂടെ രൂപംകൊണ്ട സി.പി.എം ഒരു ഘട്ടത്തില്‍ കേന്ദ്ര ഭരണത്തില്‍  സ്വാധീനം ചെലുത്തുന്ന തലത്തിലോളം വളര്‍ന്നിരുന്നു. ദീര്‍ഘകാലം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവ് ജ്യോതിബസുവിന് 1996-ല്‍  കൂട്ടുകക്ഷി ഭരണത്തില്‍ പ്രധാനമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെടുത്തിയത് പാര്‍ട്ടിയുടെ ചരിത്രപരമായ മണ്ടത്തങ്ങളില്‍ ഒന്നായി ജ്യോതിബസു തന്നെ പിന്നീട് വിലയിരുത്തുകയുണ്ടായി. പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ അധികാരം കൈയാളിയ പാര്‍ട്ടി ആദ്യം പറഞ്ഞ രണ്ട് സംസ്ഥാനങ്ങളില്‍ അതിദയനീയമാംവിധം തൂത്തെറിയപ്പെട്ടതും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം വെറും മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങിയതും സംഘ് പരിവാറിന്റെ വളര്‍ച്ചയില്‍ ആശങ്കിക്കുന്ന ആരെയും സന്തോഷിപ്പിക്കുകയില്ല. നീണ്ട കാലം അധികാരത്തിലിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അണികള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേക്കേറിയത് എന്തുകൊണ്ട് എന്നതിനെക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ചയും ആത്മവിമര്‍ശനവും പാര്‍ട്ടി നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. സംഘ് പരിവാര്‍ ഫാഷിസത്തെ ആശയപരമായും രാഷ്ട്രീയമായും എതിര്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ അടിസ്ഥാനവര്‍ഗ അണികള്‍ ഏതു നിമിഷവും സംഘ് പരിവാര്‍ പക്ഷത്തേക്ക് കൂറുമാറാവുന്ന വിധം വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നത് പാര്‍ട്ടിയുടെ അടിസ്ഥാനപരമായ  ദൗര്‍ബല്യത്തെയാണ് അനാവരണം ചെയ്യുന്നത്. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ ഭരണവും അധികാരവും മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുന്നു എന്നത് പുതിയ വിമര്‍ശനമല്ല.
അവശേഷിക്കുന്ന ഒരേയൊരു തട്ടകമായ കേരളത്തില്‍ ഏതുവിധേനയും അധികാരം നിലനിര്‍ത്താനുള്ള കഠിനശ്രമത്തിലാണ് പാര്‍ട്ടി. അപകടകരമായ വര്‍ഗീയ രാഷ്ട്രീയമാണ് അതിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. സവര്‍ണ സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ വേണ്ടി സംവരണത്തെ അട്ടിമറിച്ചും ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ കൈയിലൊതുക്കാന്‍ സംഘ് പരിവാറിനെ വെല്ലുന്ന വിധത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തെയും മുസ്‌ലിം സംഘടനകളെയും പൈശാചികവല്‍ക്കരിച്ചും കൊണ്ടുള്ള ഈ കളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലം ചെയ്തു എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന വേളയില്‍ പൂര്‍വാധികം ശക്തിയോടെ അത് തുടരുകയാണ് പാര്‍ട്ടിയും പാര്‍ട്ടി വക്താക്കളും മാധ്യമങ്ങളും. ആക്ടിംഗ് സെക്രട്ടറിയുടെ അതിരുവിട്ട മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെ പാര്‍ട്ടി നേതൃത്വത്തിനു തന്നെ തിരുത്തേണ്ടിവരുന്ന അവസ്ഥയോളം ഈ വോട്ട്ബാങ്ക് രാഷ്ട്രീയം ചെന്നെത്തിയിരിക്കുന്നു.
പാര്‍ട്ടിയുടെ മുസ്‌ലിം/ഇസ്‌ലാംവിരുദ്ധ കാമ്പയിന്റ കുന്തമുന തിരിച്ചുവെച്ചിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ നേരെയാണ്.  ലോക്‌സഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ യു.ഡി.എഫിന് വോട്ടു ചെയ്യാന്‍ തീരുമാനിച്ചതാണ് പെട്ടെന്നുള്ള പ്രകോപനം എന്ന് തോന്നാമെങ്കിലും ജമാഅത്തിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള കാമ്പയിന്‍ അതിനു മുമ്പേ തുടങ്ങിയതാണ്. പൗരത്വ പ്രക്ഷോഭകാലത്താണ് അത് മറനീക്കി പുറത്തുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം കര്‍തൃത്വത്തില്‍ നടന്ന എല്ലാ സമരങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി അതിന്റെ തനി സ്വരൂപം പുറത്തെടുത്തത്. മുസ്‌ലിംകളുടെ എല്ലാ രാഷ്ട്രീയ പ്രതിനിധാനങ്ങളും സംഘ് പരിവാറിന്റെ വളര്‍ച്ചയെ സഹായിക്കും എന്ന പഴയ തിസീസിന്റെ മറപിടിച്ചാണ് കാമ്പയിന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സംഘ് പരിവാറിനെ വളര്‍ത്തുന്നത് മുസ്‌ലിം രാഷ്ട്രീയമാണ് എന്ന് കണ്ടെത്തിയ സ്ഥിതിക്ക് മുസ്‌ലിം രാഷ്ട്രീയത്തെ ദുര്‍ബലമാക്കിയാല്‍ സംഘ് പരിവാര്‍ താനേ ദുര്‍ബലമാകും എന്ന തിയറി കൂടി ആവിഷ്‌കരിക്കാവുന്നതേയുള്ളൂ! പാര്‍ട്ടിയുടെ മുസ്‌ലിംവിരുദ്ധ നിലപാടുകളിലൂടെ സംഘ് പരിവാറിലേക്ക് ചോരുന്നത് സ്വന്തം അണികളാണ് എന്ന തിരിച്ചറിവ് പാര്‍ട്ടിക്ക് ഇനിയും ഉണ്ടായിട്ടു വേണം.
സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുമ്പൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്നിലുണ്ടായിരുന്നത് മാര്‍ക്‌സിസം എന്ന ഐഡിയോളജിയായിരുന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ ആഗോളതലത്തില്‍ തന്നെ മാര്‍ക്‌സിസം ആശയപരവും രാഷ്ട്രീയവുമായ പ്രതിസന്ധി നേരിടുകയും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനാശയങ്ങള്‍ പ്രയോഗ തലത്തില്‍ കൈയൊഴിയുകയും ചെയ്ത പശ്ചാത്തലത്തില്‍ വിമര്‍ശനത്തിന്റെ മുന നഷ്ടമായി. ഇന്ത്യയില്‍ സംഘ് പരിവാര്‍ ഫാഷിസം ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ന്നുവരികയും ചെയ്തു. ഈ സാഹചര്യത്തില്‍ ഫാഷിസത്തെ ചെറുക്കാന്‍, അതിന്റെ അപകടം തിരിച്ചറിഞ്ഞ എല്ലാ വിഭാഗങ്ങളുമായും കൈകോര്‍ക്കുക എന്ന നിലപാടിലേക്ക് ജമാഅത്തെ ഇസ്‌ലാമി ചെന്നെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഘടന പിന്തുണ നല്‍കിയത്. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ സി.പി.എമ്മും അത് സര്‍വാത്മനാ സ്വീകരിച്ചു. അന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ജമാഅത്തിനെക്കുറിച്ച് പറഞ്ഞ പ്രശംസാ വചനങ്ങള്‍, ഇപ്പോള്‍ അതിനെ പൈശാചികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് ദഹനക്കേടുണ്ടാക്കുന്നത് സ്വാഭാവികം മാത്രം.
കാലങ്ങളായി സി.പി.എം ജമാഅത്തിനെതിരെ ഉന്നയിക്കുന്ന പ്രധാന വിമര്‍ശം അത് മതരാഷ്ട്രവാദം ഉന്നയിക്കുന്നു എന്നാണ്. ജമാഅത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തു, ഇന്ത്യന്‍ ജനാധിപത്യത്തെയും സെക്യുലറിസത്തെയും തള്ളിപ്പറയുന്നു തുടങ്ങിയവ ഇതിന്റെ അനുബന്ധമായി വരുന്ന സ്ഥിരം വിമര്‍ശനങ്ങളാണ്. എല്ലാറ്റിനും കൂടിയുള്ള തെളിവ് അവിഭക്ത ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നല്‍കിയ അബുല്‍ അഅ്‌ലാ മൗദൂദിയുടെ എഴുത്തുകളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത കുറേ ഉദ്ധരണികളും. പല തവണ വിശദീകരിച്ചിട്ടും മറുപടി പറഞ്ഞിട്ടും ഒരേ നുണകള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുക എന്നതാണ് വിമര്‍ശകരുടെ രീതി. സ്വതന്ത്ര ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ടതും എഴുപത്തഞ്ച് വര്‍ഷം പിന്നിട്ടതുമായ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാന്‍, വിഭജനാനന്തരം പാകിസ്താനിലേക്ക് പോയ മൗദൂദി വിഭജനത്തിനു മുമ്പ് എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ വളച്ചൊടിച്ചും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും ഉദ്ധരിക്കുക മാത്രമേ വിമര്‍ശകര്‍ക്ക് വഴിയുള്ളൂ!
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വക്താക്കളായി സ്വയം അവരോധിച്ചുകൊണ്ടാണ് സി.പി.എം നേതാക്കളുടെയും ആസ്ഥാന ബുദ്ധിജീവികളുടെയും ജമാഅത്ത് വിമര്‍ശനങ്ങള്‍ എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.

തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന പാര്‍ട്ടി ഭരണം 

പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം ലക്ഷ്യം വെക്കുന്ന ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒന്നാണ് സി.പി.ഐ(എം). പ്രോലറ്റേറിയന്‍ സ്റ്റേറ്റിനെ പീപ്പ്ള്‍സ് ഡെമോക്രസി (ജനകീയ ജനാധിപത്യം) എന്ന ഓമനപ്പേരിലാണ് പാര്‍ട്ടി പരിപാടി പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ  പാര്‍ലമെന്ററി ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യം എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചുപോന്നത്.
'മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബൂര്‍ഷ്വാ ജനാധിപത്യത്തിന്റേതായ പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ കടന്നുചെല്ലുന്നതിന്റെ ഉദ്ദേശ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം, ഭരണവര്‍ഗങ്ങള്‍ക്ക് മേധാവിത്വമുള്ള ബൂര്‍ഷ്വാ ജനാധിപത്യത്തെ തകര്‍ത്തെറിഞ്ഞ് ജനങ്ങളുടെ ജനാധിപത്യം സ്ഥാപിക്കുകയാണ്' (ഇ.എം.എസ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം: 1920 തൊട്ട് 1998 വരെ, പേജ് 101). 98-നു ശേഷം ഈ നിലപാട് പാര്‍ട്ടി ഔദ്യോഗികമായി തിരുത്തിയതായി അറിവില്ല. മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് പാത പിന്തുടരുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം തൊഴിലാളി വര്‍ഗത്തിന് മേധാവിത്വുള്ള 'ജനകീയ ജനാധിപത്യം' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേധാവിത്വമുള്ള ഭരണം എന്നാണ്. ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ മാത്രമേ പ്രോലറ്റേറിയന്‍ സ്റ്റേറ്റ് സ്ഥാപിക്കാന്‍ കഴിയൂ. ഈ പാര്‍ട്ടി ഭരണം എത്രമാത്രം ജനാധിപത്യവിരുദ്ധമായിത്തീരുന്നു എന്ന് കാണാന്‍ റഷ്യയിലേക്കോ ചൈനയിലേക്കോ പോവേണ്ടതില്ല. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് നോക്കിയാല്‍ മതി. പാര്‍ട്ടിയിലെ വിമത ശബ്ദങ്ങളെയും പാര്‍ട്ടിക്ക് പുറത്തെ എതിരാളികളെയും സി.പി.എം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കിയാല്‍ മതി. നമ്മുടെ കണ്‍മുന്നിലുള്ള ഈ പ്രായോഗിക യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചുകൊണ്ട് പാശ്ചാത്യ ജനാധിപത്യത്തിനെതിരെ മുക്കാല്‍ നൂറ്റാണ്ട് മുമ്പ് മൗദൂദി നടത്തിയ ദാര്‍ശനിക വിമര്‍ശനങ്ങള്‍ സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുത്ത് ജമാഅത്തിന്റെ മേല്‍ ജനാധിപത്യവിരുദ്ധത ആരോപിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം വിലപ്പോവാന്‍ പ്രയാസമാണ്.

സ്വാതന്ത്ര്യ സമരത്തോടുള്ള സമീപനം

സ്വാതന്ത്ര്യ സമരത്തോടുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനം അത്രയൊന്നും ദേശസ്‌നേഹപരമായിരുന്നില്ല എന്ന്  ചരിത്ര വിദ്യാര്‍ഥികള്‍ക്കറിയാം. ക്വിറ്റ് ഇന്ത്യാ സമരത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞത് ചരിത്രപരമായ മണ്ടത്തമായി പാര്‍ട്ടി തന്നെ പിന്നീട് വിലയിരുത്തിയിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റ് റഷ്യ ജര്‍മന്‍ സഖ്യം വിട്ട്, ബ്രിട്ടീഷ് - അമേരിക്കന്‍ ചേരിയിലേക്ക് മാറിയതായിരുന്നു ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. 1964-ല്‍ സി.പി.എമ്മിന്റെ ഉത്ഭവത്തിന് കാരണമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നിലെ ഒരു പ്രധാന ഘടകം പാര്‍ട്ടിയിലെ റഷ്യ, ചൈന ചേരികള്‍ തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളായിരുന്നു. സി.പി.എം ചൈനീസ് ചേരി എന്നാണ് അന്ന് അറിയപ്പെട്ടത്. 1962-ലെ ഇന്ത്യ - ചൈന യുദ്ധത്തില്‍ പാര്‍ട്ടിയിലെ ചൈനീസ് ചേരി സ്വീകരിച്ച നിലപാട് വിവാദപരമായിരുന്നു.
മാര്‍ക്‌സിസത്തിന്റെയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രവും സിദ്ധാന്തവും പറയാന്‍ എന്തുകൊണ്ടും യോഗ്യനാണ് മുന്‍ നക്‌സലൈറ്റും കേരളത്തിലെ അറിയപ്പെടുന്ന ബുദ്ധിജീവിയുമായ കെ. വേണു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം വേണു പറയുന്നത് അല്‍പം ഉദ്ധരിക്കാം: 'ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ പാപ്പരത്തം ഏറ്റവുമധികം പ്രകടമായത് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ തുടര്‍ന്നുള്ള നാലു വര്‍ഷത്തിനുള്ളിലാണ്. 1947 ആഗസ്റ്റില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി ജോഷിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ദേശീയ ബൂര്‍ഷ്വാ സര്‍ക്കാറെന്ന നിലക്ക് പിന്തുണക്കാന്‍ തീരുമാനിക്കുകയുമാണ് പാര്‍ട്ടി ചെയ്തത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ 1948  ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്സില്‍ നേതൃത്വം രണദിവെയുടെ കൈയിലെത്തുകയും ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടില്ലെന്നും റഷ്യന്‍ മോഡല്‍ സായുധ ഉയിര്‍ത്തെഴുന്നേല്‍പു വിപ്ലവത്തിന് ഉടന്‍ സജ്ജമാകണമെന്നും തീരുമാനിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ കല്‍ക്കത്താ തിസീസ് വിപ്ലവം ചീറ്റിപ്പോയതോടെ, തെലങ്കാനയില്‍ ആന്ധ്ര പാര്‍ട്ടി ഘടകത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ചൈനീസ് മാതൃകയിലുള്ള ജനകീയ യുദ്ധത്തിന്റെ വക്താവായിരുന്ന സി. രാജേശ്വര റാവു പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുകയും ചൈനീസ് പാത ഇന്ത്യന്‍ വിപ്ലവത്തിന്റെ മാര്‍ഗമായി പ്രഖ്യാപിക്കുകയും ചെയ്തു. അടിച്ചമര്‍ത്തലിനെ നേരിട്ടുകൊണ്ട് തെലങ്കാനാ സമരത്തിന് പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോള്‍, അജയ ഘോഷിന്റെ നേതൃത്വത്തില്‍  1951-ല്‍ തെലങ്കാനാ സമരം പിന്‍വലിക്കുകയും പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിക്കുകയും ചെയ്യുന്ന നയപ്രഖ്യാപനം അംഗീകരിച്ചു.....' (കെ. വേണു, സി.പി.എം ഫാഷിസത്തിന്റെ പാതയില്‍, പേജ് 127). ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധികാരിക ചരിത്രങ്ങളില്‍ വായിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തന്നെയാണ് മാര്‍ക്‌സിസത്തിന്റെ വിമര്‍ശകനായി മാറിയ വേണു അദ്ദേഹത്തിന്റെ ശൈലിയില്‍ ചുരുക്കിപ്പറയുന്നത്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലേക്കുള്ള ചവിട്ടുപടിയായി പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ച പാര്‍ട്ടി സായുധ പരിപാടി ഉപേക്ഷിച്ചതായി ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല.
ഒരു വിപ്ലവ പാര്‍ട്ടി അധികാര പാര്‍ട്ടിയായി മാറുമ്പോള്‍ അനിവാര്യമായി സംഭവിക്കുന്ന പരിണാമങ്ങള്‍ നമുക്ക് മനസ്സിലാക്കാനാവും. പക്ഷേ, സ്വന്തം ഭൂതകാലം തമസ്‌കരിച്ചുകൊണ്ട് ഒരു പാര്‍ട്ടിയും അതിന്റെ വക്താക്കളും മറ്റുള്ളവരെ ദേശീയവിരുദ്ധരും ജനാധിപത്യവിരുദ്ധരുമായി മുദ്രയടിക്കുന്നതിലെ കാപട്യം തിരിച്ചറിയാതെ പോകരുത്.

തുടര്‍ക്കഥയാവുന്ന അബദ്ധങ്ങള്‍

ചരിത്രപരമായ അബദ്ധങ്ങള്‍ തുടര്‍ക്കഥയാക്കി മാറ്റിയ സി.പി.എം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി നയങ്ങളെയും നിലപാടുകളെയും കുറിച്ച ഗൗരവമായ പ്രത്യയശാസ്ത്ര ചര്‍ച്ചകളോ വിശദീകരണങ്ങളോ പാര്‍ട്ടി ഇപ്പോള്‍ നടത്താറില്ല. അധികാരവും വോട്ട്ബാങ്ക് രാഷ്ട്രീയവും മാത്രമാണ് പാര്‍ട്ടി നയങ്ങളെ നിയന്ത്രിക്കുന്നത് എന്ന് പറയേണ്ടി വരും. ഇന്ത്യയിലെ ജാതി വ്യവസ്ഥയെയും സവര്‍ണ ഫാഷിസത്തെയും യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കാനോ വിശകലനം ചെയ്യാനോ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. മാര്‍ക്‌സിസത്തിന്റെ സാമ്പത്തികവര്‍ഗം എന്ന ഒരേയൊരു സംവര്‍ഗം ഉപയോഗിച്ചുകൊണ്ടാണ് ജാതിയെയും അവര്‍ വിശകലനം ചെയ്യുന്നത്. സാമ്പത്തിക അസമത്വം ഇല്ലാതായാല്‍ ജാതി ഇല്ലാതാവും എന്ന ലളിതവല്‍കൃതമായ ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് ഈ വിശകലന രീതി പിന്തുടരുന്നവര്‍ (മുതലാളിത്ത വികസന രീതികളെ ആശ്ലേഷിച്ചുകഴിഞ്ഞ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ പുതിയ ഫോര്‍മുലകളൊന്നുമില്ല. ബൂര്‍ഷ്വാ എന്ന വാക്ക് തന്നെ അവരുടെ പൊതു വ്യവഹാരത്തില്‍നിന്ന് ഏറക്കുറെ അപ്രത്യക്ഷമായിരിക്കുന്നു). ശ്രേണീബദ്ധമായ ഒരു സാമൂഹിക ഘടന എന്ന നിലയില്‍ ജാതിയെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ മാര്‍ക്‌സിസത്തിന്റെ ക്ലാസിക്കല്‍ വിശകലന രീതി കൊണ്ട് സാധ്യമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തന്നെ സവര്‍ണ അടിത്തറ കാരണമാണ് ജാതിയെ യഥാവിധി അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത് എന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.
സവര്‍ണ ഫാഷിസത്തെ മത വര്‍ഗീയതയായി ചുരുക്കിക്കാണുന്നതും ഇതേ സമീപന വൈകല്യത്തിന്റെ ഭാഗമാണ്.  ഭൂരിപക്ഷ വര്‍ഗീയത സമം ന്യൂനപക്ഷ വര്‍ഗീയത എന്നതാണ് സി.പി.എം സൃഷ്ടിച്ചുവെച്ചിരിക്കുന്ന ബൈനറി. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തും എന്ന പാര്‍ട്ടി സിദ്ധാന്തത്തിന്റെ മറ്റൊരു വേര്‍ഷനാണ് മുസ്‌ലിം രാഷ്ട്രീയം സംഘ് പരിവാറിന് വളംവെച്ചുകൊടുക്കും എന്നത്. ന്യൂനപക്ഷ വര്‍ഗീയതയെ സംഘ് പരിവാറിന്റെ വംശീയ അജണ്ടയുമായി തുലനം ചെയ്യുന്നതിലൂടെ രണ്ട് കാര്യങ്ങളാണ് സി.പി.എം ചെയ്യുന്നത്: ഒന്ന്, സംഘ് പരിവാറിന്റെ വംശീയ രാഷ്ട്രീയത്തെ മതവര്‍ഗീയതയിലേക്ക് ചുരുക്കുന്നു. രണ്ട്, മുസ്‌ലിം കര്‍തൃത്വത്തിലുള്ള എല്ലാ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ന്യൂനപക്ഷ വര്‍ഗീയത എന്ന് വിളിച്ചുകൊണ്ട് ഭീകരവല്‍ക്കരിക്കുകയും അത് സംഘ് പരിവാര്‍ രാഷ്ട്രീയത്തിന് സമാനമാണ് എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. ഈ രണ്ട് നിലപാടുകളിലൂടെയും സംഘ് പരിവാറിനെ സഹായിക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത്.
 സംഘ് പരിവാറിന് തുല്യമായ വംശീയ അജണ്ട കൊണ്ടു നടക്കുന്ന ഒരു മുസ്‌ലിം സംഘടനയും ഇന്ത്യയില്‍ ഇല്ല എന്ന് ഏതു നിഷ്പക്ഷമതിയും സമ്മതിക്കും. സംഘ് പരിവാറിന് മുസ്‌ലിം ബദല്‍ സൃഷ്ടിച്ച് സ്വന്തം സിദ്ധാന്തത്തിന് ന്യായീകരണം ഉണ്ടാക്കാന്‍ വേണ്ടിയാണ് മൗദൂദി, ഗോള്‍വാള്‍ക്കര്‍ സമീകരണത്തിലൂടെ ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസിന്റെ മറുപുറത്ത് പ്രതിഷ്ഠിക്കാന്‍ സി.പി.എം പെടാപ്പാട് പെടുന്നത്. മൗദൂദി ദേശീയതയെ എതിര്‍ത്തു എന്ന് പറയുന്നവര്‍ തന്നെയാണ് ഗോള്‍വാള്‍ക്കറെപ്പോലെ മൗദൂദിയുടെയും റോള്‍ മോഡലായിരുന്നു വംശീയ ദേശീയതയുടെ വക്താവായ ഹിറ്റ്‌ലര്‍ എന്ന നട്ടാല്‍ മുളക്കാത്ത നുണ എഴുന്നള്ളിക്കുന്നത് (ഇതിന്റെ വിശദാംശങ്ങിലേക്ക് പിന്നീട് വരാം). മുസ്‌ലിംകളുടെ പൗരത്വത്തിനു പോലും ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ സംഘ് പരിവാര്‍ അതിന്റെ അജണ്ടകള്‍ നടപ്പിലാക്കുമ്പോഴും മുസ്‌ലിംകള്‍ സ്വന്തമായി സംഘടിക്കാനോ പ്രതിഷേധിക്കാനോ പാടില്ല എന്ന് തീട്ടൂരമിറക്കുന്നവരാണ് മുസ്‌ലിംകളുടെ രക്ഷാകര്‍തൃത്വം സ്വയം ഏറ്റെടുത്ത് മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളെ പൈശാചികവല്‍ക്കരിക്കുന്നത്. മുസ്‌ലിം വോട്ട്ബാങ്ക് എന്നേക്കുമായി നഷ്ടപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടായ നിമിഷം തൊട്ട് മുസ്‌ലിം വിരുദ്ധ വര്‍ഗീയ കാര്‍ഡ് കളിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു പാര്‍ട്ടി മതേതരത്വത്തെ ചൊല്ലി ആണയിടുന്നത് മിതമായി പറഞ്ഞാല്‍ അശ്ലീലമാണ്. മതേതര കക്ഷികളുമായി ചേര്‍ന്നു നിന്നു കൊണ്ട് സംഘ് പരിവാറിനെ ചെറുക്കണം എന്നു തന്നെയാണ് മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നത്. അത്തരം ജനാധിപത്യ ബദലുകള്‍ ഇന്ത്യയില്‍ രൂപപ്പെടാത്തതുകൊണ്ടാണ് അധികാരസിരകളില്‍ മുഴുവന്‍ പിടിമുറുക്കാന്‍  സംഘ് പരിവാറിന് കഴിയുന്നത്. പക്ഷേ, സി.പി.എമ്മിന്റെ ആകുലതകള്‍ സംഘ് പരിവാറിനെച്ചൊല്ലിയല്ല; അതിനെതിരെയുള്ള  മുസ്‌ലിം പ്രതികരണങ്ങളച്ചൊല്ലിയാണ്. പാര്‍ട്ടി കാലങ്ങളിലൂടെ ഉള്‍വഹിച്ച ജനാധിപത്യവിരുദ്ധത കൊണ്ടും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നം വരുമ്പോഴും അറിയാതെ പുറത്തേക്കൊഴുകുന്ന ഇസ്‌ലാമാഫോബിയ കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്.
സമൂഹത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ സമരപോരാട്ടങ്ങളെയോ ഭരണപരിഷ്‌കരണങ്ങളെയോ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. കേരളത്തിന്റെ ഇടതു ഭാവുകത്വത്തെ രൂപീകരിക്കുന്നതിലും അവര്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. ഇന്ത്യ നിര്‍ണായകമായ ഒരു ചരിത്ര ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഫാഷിസത്തിനെതിരെ ഉറച്ച നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടും ഇരകളോട് ഐക്യപ്പെട്ടുകൊണ്ടും ഇടതുപക്ഷം അതിന്റെ ചരിത്രപരമായ പ്രസക്തി അടയാളപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. അതിന് കഴിയുന്നില്ലെങ്കില്‍ വേട്ടക്കാരോടൊപ്പം നിന്ന് ഇരകളെ വേട്ടയാടാതിരിക്കാനുള്ള നീതിബോധമെങ്കിലും പാര്‍ട്ടി പ്രകടിപ്പിക്കേണ്ടതാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌