Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

കറുത്തവര്‍ കൂടി നിര്‍മിച്ച ഇസ്‌ലാമിക നാഗരികത

അബ്ദുല്ല ത്വഹാവി

1948-ല്‍ ഒക്‌ലഹോമ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്ന അമേരിക്കന്‍ യുവാവ് ജോര്‍ജ് മാക്വിലിനാണ് അവിടെ അഡ്മിഷന്‍ നേടിയ ഒന്നാമത്തെ കറുത്ത വര്‍ഗക്കാരന്‍. ക്ലാസിലെ വംശീയ നിയമമനുസരിച്ച് വെളുത്തവര്‍ക്കും കറുത്തവര്‍ക്കും വെവ്വേറെ സൗകര്യങ്ങളായിരുന്നു. കാന്റീനിലും പഠനമുറിയിലും ജോര്‍ജിന് പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. ഈ അനുഭവങ്ങളാണ് വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കരുത്തായത്. ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും അമേരിക്കയിലെ വര്‍ണവിവേചനത്തിന് മാറ്റമുണ്ടായിട്ടില്ലെന്ന് ജോര്‍ജ് ഫ്ളോയ്ഡിന്റെ ദാരുണാന്ത്യം നമ്മെ ഓര്‍മിപ്പിക്കുന്നു.
ഇനി ആയിരത്തിനാനൂറു വര്‍ഷം മുമ്പ് മക്കയില്‍നിന്നുള്ള മറ്റൊരു അനുഭവം.  ഉമയ്യ വംശത്തിന്റെ ഭരണകാലമാണ്. 'ഹജ്ജിനായി എത്തുന്നവര്‍ക്ക് അത്വാഉബ്നു അബീറബാഹ് (മ.ഹി. 115) മാത്രമേ ഫത്‌വ നല്‍കാവൂ' എന്ന് വിളിച്ചു പറയാനായി ആളുകളെ ചുമതലപ്പെടുത്തിയിരുന്നതായി ഫാകിഹാനി (മ.ഹി. 272) 'അഖ്ബാറു മക്ക' എന്ന തന്റെ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മക്കയിലെ ഒരു സ്ത്രീയുടെ കറുത്ത വര്‍ഗക്കാരനായ അടിമയായിരുന്ന അത്വാഅ് 'ഹിജാസിലെ പണ്ഡിതന്മാരുടെ നേതാവ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഖത്വീബുല്‍ ബഗ്ദാദി (മ.ഹി. 463) തന്റെ 'അല്‍ഫഖീഹു വല്‍ മുതഫഖ്ഖിഹു' എന്ന കൃതിയില്‍ ഉദ്ധരിക്കുന്ന സംഭവം അത്വാഇന്റെ വലിപ്പം കാണിക്കുന്നുണ്ട്. ഉമവി ഖലീഫ സുലൈമാനുബ്നു അബ്ദില്‍ മലിക് (മ.ഹി. 95) തന്റെ രണ്ടു മക്കളുമായി അത്വാഇനെ സമീപിച്ചു. അത്വാഅ് മുഖം കൊടുത്തില്ല. ഹജ്ജുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ ചോദിച്ചപ്പോള്‍ മുഖം തിരിഞ്ഞിരുന്നു. തന്റെ സാന്നിധ്യം അത്വാഇന് ഇഷ്ടമായില്ലെന്നു മനസ്സിലാക്കിയ സുലൈമാന്‍, മക്കളോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ഇരുവരും എഴുന്നേറ്റു. ഖലീഫ പറഞ്ഞു: 'മക്കളേ! അറിവു നേടുന്നതില്‍ നിങ്ങളിരുവരും വീഴ്ച വരുത്തരുത്. ഈ കറുത്ത അടിമയുടെ മുമ്പില്‍ നാം അപമാനിതരായത് ഞാന്‍ ഒരിക്കലും മറക്കില്ല.'
അടിമകള്‍ക്ക് മക്കയിലും അമേരിക്കയിലുമുായ ഈ വിരുദ്ധാനുഭവങ്ങളില്‍നിന്ന് മാനുഷിക സമത്വത്തിന് ഇസ്‌ലാം നല്‍കുന്ന സ്ഥാനം മനസ്സിലാക്കാം. വൈവിധ്യവും വൈജാത്യവും അംഗീകരിക്കുന്നതോടൊപ്പം വംശീയവും വര്‍ഗപരവുമായ വ്യത്യാസങ്ങള്‍ അലിയിച്ചുകളയുകയായിരുന്നു ഇസ്‌ലാം. മുമ്പ് അടിമയായിരുന്ന  പണ്ഡിതന്‍ പോലും രാജാക്കന്മാര്‍ക്ക് മുഖം കൊടുക്കാതിരിക്കുമാറ് ആഭിജാതനായി മാറി. ശ്രേഷ്ഠതകളുടെ മാനദണ്ഡം ആത്മീയത മാത്രമായി. പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ മാത്രം വെളിപ്പെടുന്ന തരം ആത്മീയത.
വൈജ്ഞാനിക-സാഹിത്യ-രാഷ്ട്രീയ-പോരാട്ട വേദികളില്‍ തിളങ്ങിനില്‍ക്കുകയും നൂറ്റാണ്ടുകളോളം ഇസ്‌ലാമിക സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ഗതികോര്‍ജം പകര്‍ന്നു നല്‍കുകയും ചെയ്ത അതിപ്രഗത്ഭരായ കറുത്ത വര്‍ഗക്കാരുണ്ട്; പൗരസ്ത്യ ഇസ്‌ലാമിക ലോകത്ത് അവര്‍ ന്യൂനപക്ഷമായിരുന്നുവെങ്കിലും.

മുസ്‌ലിം പ്രതിനിധി അടിമ, റോമന്‍ പ്രതിനിധി രാജകുമാരന്‍

പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ചവരില്‍ ഭൂരിപക്ഷവും അടിമകളും ദരിദ്രരുമായിരുന്നു. മൂല്യങ്ങളെയും മനുഷ്യസ്വഭാവങ്ങളെയും സാമൂഹിക-സാമ്പത്തിക ഘടനകളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രബോധനത്തെ സംബന്ധിച്ചേടത്തോളം അവരുടെ സാന്നിധ്യം സ്വാഭാവികമായിരുന്നു. അറേബ്യന്‍ മരുഭൂമിയിലെ മര്‍ദിതരെങ്കിലും ദൈവഭക്തരായ ആ തലമുറ പുതിയ മതത്തിന്റെ പ്രബോധനത്തിന് സജ്ജരാക്കപ്പെട്ടു. ഇവരില്‍ പ്രമുഖനായിരുന്നു ബിലാലുബ്നു റബാഹ് (മ.ഹി. 20). അതുകൊണ്ടാണ് ഉമര്‍(റ) പറഞ്ഞത്, 'അബൂബക്ര്‍ ഞങ്ങളുടെ നേതാവാണ്, ഞങ്ങളുടെ നേതാവിനെ (ബിലാലിനെ) മോചിപ്പിച്ചവനാണ്' (ബുഖാരി) എന്ന്. ഹി.430-ല്‍ നിര്യാതനായ അബൂനുഐമില്‍ അസ്വ്ഫഹാനി 'ഹില്‍യത്തുല്‍ ഔലിയാഇ'ല്‍ ബിലാലിനെ വിശേഷിപ്പിച്ചത്  'ഇബാദത്തെടുക്കാനായി ജീവിതം സമര്‍പ്പിച്ചയാള്‍' എന്നായിരുന്നു. ഉമര്‍(റ) ബിലാലിനെ 'ഞങ്ങളുടെ നേതാവ്' എന്നു വിശേഷിപ്പിച്ചത് അന്ന് മക്കയില്‍ ഉദയം ചെയ്തു തുടങ്ങിയ ഇസ്‌ലാമിക നവമൂല്യങ്ങളുടെ വാചാലമായ പ്രകാശനമായിരുന്നു.
കറുത്ത തൊലിയുണ്ടായിരുന്ന ബിലാല്‍ ഒരു പ്രസ്ഥാനത്തിന്റെ മാതൃകയും ആ പ്രസ്ഥാനം പ്രതിനിധീകരിക്കുന്ന മൂല്യങ്ങളെ സ്വാംശീകരിച്ചയാളുമായിരുന്നു. നബി(സ)യുടെയും ശേഷം ഖലീഫമാരുടെയും കൂടെ ജീവിച്ചപ്പോള്‍ വിശ്വാസത്തിലും ജീവിത സമര്‍പ്പണത്തിലുമെല്ലാം അദ്ദേഹം മികച്ച മാതൃകയായി. ഫലസ്ത്വീനിലെ ഖൈസാരിയ്യയില്‍ ഹി. 13-ല്‍ നടന്ന ഉപരോധത്തിനിടെ റോമക്കാരുമായി സംഭാഷണത്തിന് നിയോഗിക്കപ്പെട്ടത് ബിലാലായിരുന്നു. ആ നിയോഗം പുതിയൊരു സംസ്‌കാരത്തിന്റെ ഉദയവും റോമന്‍ സംസ്‌കാരത്തിന്റെ അസ്തമയവുമായിരുന്നു. ഇന്നലെ വരെ അടിമയായിരുന്ന ബിലാല്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ചപ്പോള്‍ റോമക്കാരെ പ്രതിനിധീകരിച്ചത് ചക്രവര്‍ത്തിയുടെ മകനായിരുന്നു. അന്നത്തെ ക്രൈസ്തവ സംസ്‌കാരത്തിന്റെ പ്രതിനിധാനമെന്നോണം ഒരു വെളുത്ത പുരോഹിതനായിരുന്നു ആശയവിനിമയത്തിനായി ക്ഷണിച്ചത്. അദ്ദേഹത്തിന്റെ കൈയില്‍ അപ്പോള്‍ രത്നനിര്‍മിതമായ കുരിശുണ്ടായിരുന്നു.
വാഖിദി(മ.ഹി. 207)യുടെ ഫുതൂഹുശ്ശാം എന്ന കൃതിയില്‍ സംഭവം ഇങ്ങനെ വായിക്കാം: റോമന്‍ ചക്രവര്‍ത്തി ഹിര്‍ഖലിന്റെ മകന്‍ ഫലസ്ത്വീന്‍ ക്രൈസ്തവര്‍ക്കിടയില്‍ സംപൂജ്യനായ ഒരു പുരോഹിതനോട് മുസ്‌ലിംകളുമായി നല്ല നിലയില്‍ സംസാരിക്കാന്‍ നിര്‍ദേശിച്ചു. ചക്രവര്‍ത്തിയുടെ മകന്‍, ഏറ്റവും വാചാലമായി സംസാരിക്കുന്ന ഒരാളെ പറഞ്ഞയക്കുമെന്ന് അറിയിച്ചതായി പറയാനും ആവശ്യപ്പെട്ടു. അറബികളിലെ അവശവിഭാഗത്തില്‍പെട്ടവരെ സംഭാഷണം നടത്താനായി പറഞ്ഞുവിടരുതെന്ന്പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്തു.
ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ മകന്‍ നിര്‍ദേശിച്ചതുപോലെ പുരോഹിതന്‍ മുസ്‌ലിംകളെ സമീപിച്ച് ചക്രവര്‍ത്തിയുടെ സന്ദേശം കേള്‍പ്പിച്ചു. തദവസരം ബിലാല്‍(റ) മുസ്‌ലിംകളുടെ സേനാനായകനായ അംറുബ്നുല്‍ ആസ്വി(മ.ഹി. 43)നെ സമീപിച്ച്, പ്രതിനിധിയായി താങ്കള്‍ പോകണമെന്ന് പറഞ്ഞു.  അംറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'താങ്കള്‍ പോവുക, അല്ലാഹുവിന്റെ സഹായം തേടുക, സംബോധന ചെയ്യുമ്പോള്‍ അയാളെ പേടിക്കാതിരിക്കുക, നന്നായി മറുപടി പറയുക, ഇസ്‌ലാമിക ചിഹ്നങ്ങളെ ബഹുമാനിക്കുക.' അപ്പോള്‍ ബിലാല്‍: 'അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ നിങ്ങള്‍ക്ക് എന്നെ കാണാന്‍ കഴിയും.'
മുസ്‌ലിംകളുടെ പക്ഷത്തുനിന്ന് ചെന്ന ബിലാലിനെ ക്രിസ്ത്യന്‍ പുരോഹിതന് ഒട്ടും ബോധിച്ചില്ല. മുസ്‌ലിംകള്‍ തന്നെ അവമതിച്ചതായി അയാള്‍ക്ക് തോന്നി. ഞങ്ങള്‍ സംസാരിക്കാനായി ക്ഷണിച്ചപ്പോള്‍ ഞങ്ങളെ വിലകുറച്ചു കണ്ട മുസ്‌ലിംകള്‍ അവരുടെ ഒരടിമയെ തങ്ങളോട് സംസാരിക്കാനായി പറഞ്ഞയച്ചെന്ന് അയാള്‍ പരിഭവിച്ചു. അയാള്‍ ബിലാലിനോടായി പറഞ്ഞു: ''അടിമയായ നീ നിന്റെ യജമാനനോട്, 'രാജാവ് നിങ്ങളുടെ നേതാവിനോട് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നു' എന്നു പോയി പറയു.'' ബിലാല്‍ പറഞ്ഞു: 'പുരോഹിതരേ! ഞാന്‍ അല്ലാഹുവിന്റെ ദൂതന്റെ വിമോചിത അടിമയാണ്; ബാങ്കുകൊടുത്തിരുന്നയാളാണ്. നിങ്ങളുടെ ചക്രവര്‍ത്തിയുമായി സംസാരിക്കാന്‍ ഞാന്‍ അയോഗ്യനൊന്നുമല്ല.' അപ്പോള്‍ പുരോഹിതന്‍ പറഞ്ഞു: 'അവിടെ നില്‍ക്കൂ! ഞാന്‍ ചക്രവര്‍ത്തിയുമായി ഇക്കാര്യം സംസാരിക്കട്ടെ!' പുരോഹിതന്‍ ചക്രവര്‍ത്തിയെ സമീപിച്ച് വിഷയം ധരിപ്പിച്ചു. അയാള്‍ തിരിച്ചുവന്നു. കൂടെയുണ്ടായിരുന്ന ദ്വിഭാഷി ബിലാലിനോടായി പറഞ്ഞു: 'കറുത്തവനേ! ഞങ്ങള്‍ അടിമകളോട് സംസാരിക്കാറില്ലെന്നും, നിങ്ങളുടെ സേനാനായകനെയോ ഉത്തരവാദപ്പെട്ട മറ്റു വല്ലവരെയോ പറഞ്ഞയക്കണമെന്നും പറയാന്‍ ചക്രവര്‍ത്തി നിര്‍ദേശിച്ചിരിക്കുന്നു.' അതോടെ ബിലാല്‍(റ) നിരാശനായി മടങ്ങി. എങ്കിലും ഒരു മുന്‍ അടിമയുടെ തന്റേടം ഈ സംഭവത്തോടെ അവര്‍ക്ക് നേരില്‍ കാണാനായി.
ഉമറിന്റെ അടിമയും കറുത്തവര്‍ഗക്കാരനുമായ മഹ്ജഅ്(റ) ബദ്‌റില്‍ 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒന്നാമതായി വധിക്കപ്പെട്ടയാളാ'യി 'അഅ്ലാമിന്നുബലാഇ'ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹി. 33-ല്‍ നിര്യാതനായ മിഖ്ദാദുബ്നുല്‍ അസ്‌വദാണ് മറ്റൊരാള്‍. കറുത്തവര്‍ഗക്കാരനും അടിമയുമായിരുന്ന മിഖ്ദാദിനു മാത്രമായിരുന്നു ബദ്ര്‍ യുദ്ധത്തില്‍ കുതിര ഉണ്ടായിരുന്നത്. മുസ്‌ലിം പക്ഷത്ത് അശ്വഭടനായി ബദ്റില്‍ മിഖ്ദാദ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അലി(റ) അനുസ്മരിക്കുന്നുണ്ട്. 'അല്ലാഹുവിന്റെ ദൂതന്റെ അശ്വഭടന്‍' എന്ന പേരിലാണ് മിഖ്ദാദ് അറിയപ്പെട്ടിരുന്നത്.

പുതിയ മാനദണ്ഡം

എല്ലാ കറുത്ത സ്വഹാബികളും ആഫ്രിക്കന്‍ വംശജരായിരുന്നില്ല. അറബികളായ ചില സ്വഹാബികളും കറുത്തവരായിരുന്നു. ഇവരില്‍ പ്രധാനിയാണ് ഖസ്റജ് ഗോത്രജനായ ഉബാദത്തുബ്നു സ്വാമിത് (റ). സിറിയയില്‍ ബിലാല്‍(റ) നിര്‍വഹിച്ച ദൗത്യം ഈജിപ്തില്‍ നിര്‍വഹിച്ചയാളാണ്. ശാമില്‍ ഹിര്‍ഖലിന്റെ മകനായിരുന്നുവെങ്കില്‍ ഈജിപ്തില്‍ മുഖൗഖിസാണെന്ന വ്യത്യാസം മാത്രം.
ഈജിപ്ത് ജയിച്ചടക്കിയ അംറുബ്നുല്‍ ആസ്വ്(റ) മുഖൗഖിസുമായി ആശയവിനിമയം നടത്താന്‍ ഒരു സംഘത്തോടൊപ്പം ഉബാദത്തുബ്നു സ്വാമിതി(റ)നെ അയച്ചു. ഉബാദയുടെ കറുപ്പ് കണ്ട് ഭയന്ന മുഖൗഖിസ്, 'നിങ്ങള്‍ ഈ കറുത്തവനെ എന്റെ അടുത്തുനിന്ന് മാറ്റി മറ്റൊരാളെ സംസാരിക്കാന്‍ വിടൂ' എന്ന് മുസ്‌ലിംകളോട് നിര്‍ദേശിച്ചു. അപ്പോള്‍ മുസ്‌ലിംകള്‍ ഒന്നടങ്കം പറഞ്ഞു: 'ഈ കറുത്തയാള്‍ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും നല്ല വിവരമുള്ള, അഭിപ്രായ സുബദ്ധതയുള്ള ആളാണ്. അദ്ദേഹം ഞങ്ങളുടെ യജമാനനാണ്, ഞങ്ങളില്‍  ഉത്തമനും മുമ്പനുമാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ വര്‍ത്തമാനവും അഭിപ്രായവും മുഖവിലക്കെടുക്കും. അദ്ദേഹത്തിന്റെ അഭിപ്രായത്തോടും വാക്കിനോടും വിയോജിക്കരുതെന്ന് ഞങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നു.' അപ്പോള്‍ മുഖൗഖിസ് ചോദിച്ചു: 'ഈ കറുത്തയാള്‍ നിങ്ങളിലെ ഏറ്റവും ശ്രേഷ്ഠനായതെങ്ങനെ? അവന്‍ നിങ്ങളിലെ ഏറ്റവും ചെറിയവനായിക്കഴിയണം.' മുസ് ലിംകള്‍: 'അങ്ങനെയല്ല കാര്യം; താങ്കള്‍ പറഞ്ഞത് പോലെ അദ്ദേഹം കറുത്തവനാണെങ്കിലും ഞങ്ങളിലെ ഏറ്റവും ശ്രേഷ്ഠനും ഏറ്റവുമാദ്യം ഇസ്‌ലാം സ്വീകരിച്ചവരിലൊരാളും ബുദ്ധിപരമായും അഭിപ്രായ സുബദ്ധതയാലും മികച്ചവനുമാണ്. കറുപ്പ് ഞങ്ങള്‍ക്കിടയില്‍ വെറുക്കപ്പെടുന്ന നിറമല്ല.' ഇതുകേട്ട് മുഖൗഖിസ് ഉബാദയോട് പറഞ്ഞു: 'കറുത്തവനേ! വരൂ, സംസാരിക്കൂ!' (ഹി. 257-ല്‍ നിര്യാതനായ ഇമാം ഇബ്നു അബ്ദില്‍ ഹകമിന്റെ 'ഫുതൂഹുമിസ്വ്റ് വല്‍മഗ്‌രിബ്' എന്ന കൃതിയില്‍നിന്ന്). രണ്ടു സന്ദര്‍ഭങ്ങളിലും മുസ്‌ലിംകള്‍ പറഞ്ഞ ഒരു വാക്യമുണ്ട്: 'കറുപ്പ് ഞങ്ങള്‍ക്കിടയില്‍ വെറുക്കപ്പെടുന്ന നിറമല്ല.'
പ്രവാചകത്വത്തിന്റെ തുടക്കം മുതല്‍ക്കെ കറുത്തവര്‍ക്ക് നബി(സ)യുമായി അടുത്തിടപഴകാന്‍ സാധിച്ചിരുന്നു. മസ്ജിദുന്നബവിയില്‍ തങ്ങളുടേതായ കലകള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നതായി 'സ്വഹീഹു ഇബ്നു ഹിബ്ബാനി'ല്‍ കാണാം. നവ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിര്‍മിതിയില്‍ കറുത്ത പല സ്വഹാബികളും നിര്‍ണായകമായ പങ്കാളിത്തം വഹിച്ചു. 'നബി(സ)യുടെ പാറാവുകാരന്‍' എന്ന മഹനീയ ദൗത്യം നിര്‍വഹിക്കാന്‍ ബിലാലിന് അവസരം ലഭിച്ചു. ഹാഫിള് ഇബ്നു അബ്ദില്‍ ബര്‍റ് (മ.ഹി. 463) തന്റെ 'അല്‍ ഇസ്തീആബ് ഫീ മഅ്രിഫത്തില്‍ അസ്വ്ഹാബ്' എന്ന കൃതിയില്‍ 'കറുത്തവനായ ബിലാലിന് പലപ്പോഴും നബി(സ) ഏകനായിരിക്കുമ്പോള്‍ കൂടെ കഴിയാന്‍ അവസരം ലഭിച്ചിരുന്നു' എന്ന് രേഖപ്പെടുത്തുന്നു. ഇബ്നുല്‍ അസീര്‍ (മ.ഹി. 630) തന്റെ 'ഉസുദുല്‍ ഗാബ'യില്‍ എഴുതുന്നു: 'നബി(സ)യെ കാണാന്‍ വന്ന ഉമറിന് സമ്മതം വാങ്ങി നല്‍കാന്‍ വരെ ബിലാലിന് അവസരം ലഭിച്ചു.' കറുത്ത സ്വഹാബിയായ ജുലൈബീബ്(റ) വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെപ്പറ്റി നബി(സ): 'അദ്ദേഹം യുദ്ധത്തില്‍ ഏഴു പേരെ കൊന്നു;  പിന്നെയാണ് ശത്രുക്കള്‍ അദ്ദേഹത്തെ വധിച്ചത്. അദ്ദേഹം എന്നില്‍പെട്ടവനാണ്, ഞാന്‍ അദ്ദേഹത്തില്‍പെട്ടവനാണ്, അദ്ദേഹം എന്നില്‍പെട്ടവനാണ്, ഞാന്‍ അദ്ദേഹത്തില്‍ പെട്ടവനാണ്' (ബുഖാരി). മക്കയില്‍നിന്ന് പലായനം ചെയ്തെത്തിയവര്‍ക്ക് ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ മനഃപാഠമുണ്ടായിരുന്നതിനാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്ന പണ്ഡിതനായ സ്വഹാബി അബൂഹുദൈഫയുടെ വിമോചിത അടിമ സാലിം മറ്റൊരു ഉദാഹരണം.
നബി(സ)യുടെ പോറ്റുമ്മയും ഉസാമബ്നു സൈദി(മ.ഹി. 54)ന്റെ മാതാവുമായ എത്യോപ്യന്‍ വംശജ ഉമ്മു അയ്മന്‍ ഈ ഗണത്തിലെ ശ്രേഷ്ഠവനിതയാണ്. ഉമ്മു അയ്മന്റെ കറുപ്പ് ഉസാമക്ക് പകര്‍ന്നു കിട്ടിയിരുന്നു. നബി(സ)യുടെ വിയോഗത്തിനു ശേഷം അബൂബക്റും ഉമറും ഉമ്മു അയ്മനെ ഇടക്കിടെ സന്ദര്‍ശിക്കുമായിരുന്നു. ഇരുവരെയും കാണുമ്പോള്‍ 'ആകാശത്തുനിന്ന് വഹ്‌യ് നിലച്ചുപോയല്ലോ' എന്ന് പറഞ്ഞ് അവര്‍ കരയുമായിരുന്നു.

കറുപ്പിന്റെ മഹത്വം

ഇസ്‌ലാമിന്റെ ആരംഭകാലത്തെ ഈ കറുത്ത വര്‍ഗക്കാര്‍ ചരിത്രത്തില്‍ കറുത്തവര്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് വലിയ ഇന്ധനമായി. ഇസ്‌ലാമിലൊഴികെ മറ്റൊരു സംസ്‌കാരത്തിലും ഈ  വര്‍ണത്തിന് ഇവ്വിധം സാന്നിധ്യവും അംഗീകാരവും ലഭിച്ചിട്ടില്ല. തങ്ങളുടെ ജിഹാദീ- വൈജ്ഞാനിക- സാംസ്‌കാരിക മുദ്രകള്‍ തങ്ങള്‍ക്കു ശേഷമുള്ള താബിഈ തലമുറകളിലെ അടിമകള്‍ക്കും വിമോചിത അടിമകള്‍ക്കും പകര്‍ന്നു നല്‍കാനും നബിയുടെ ഈ അനുചരന്മാര്‍ക്ക് സാധിച്ചു.
ഇസ്‌ലാമിക വൈജ്ഞാനിക- ധൈഷണിക വൃത്തത്തിലെ പ്രഗത്ഭരിലൊരാളായ യസീദുബ്നു അബീഹബീബ് അന്നൂബി(മ.ഹി. 128)യെക്കുറിച്ച് ഇമാം ദഹബി 'താരീഖുല്‍ ഇസ്‌ലാമി'ല്‍ എഴുതിയത് ഇങ്ങനെ: 'അതിപ്രഗത്ഭരിലൊരാളായ യസീദ് കറുത്തവനും എത്യോപ്യന്‍ വംശജനുമായിരുന്നു. ഈജിപ്തിലെ മുഫ്തിയായിരുന്ന ഇദ്ദേഹം ബുദ്ധിമതിയും വിവേകിയുമായിരുന്നു.'
കഥകളിലും ഐതിഹ്യങ്ങളിലും വിചിത്രങ്ങളായ വിശ്വാസങ്ങളിലും അഭിരമിച്ചിരുന്ന ഈജിപ്ഷ്യന്‍ വൈജ്ഞാനിക മണ്ഡലത്തെ  ഭദ്രമായ വൈജ്ഞാനിക, ബൗദ്ധികാടിത്തറകളില്‍  പുനരാവിഷ്‌കരിച്ചതില്‍ വലിയ പങ്ക് യസീദുന്നൂബിക്കാണ്. യുദ്ധങ്ങളും ഫിത്‌നകളും മാത്രം ചര്‍ച്ചയാക്കിയിരുന്ന ഈജിപ്തുകാര്‍ക്ക് ഹലാലും ഹറാമും ഫിഖ്ഹീ മസ്അലകളും പഠിപ്പിച്ചു തുടങ്ങിയത് അദ്ദേഹമാണ്.
ഈജിപ്തിലെ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ മഹാപ്രഭാവന്മാരായ ഹദീസ് പണ്ഡിതന്‍ അബ്ദുല്ലാഹിബ്നു ലഹീഅ (മ.ഹി. 174),  മുഫ്തി ലൈസുബ്നു സഅ്ദ് (മ.ഹി. 175) എന്നിവര്‍ യസീദുന്നൂബിയുടെ ശിഷ്യന്മാരാണ്.  ലൈസ് തന്റെ ഗുരുവര്യന്‍ യസീദിനെ 'ഞങ്ങളുടെ യജമാനന്‍, ഞങ്ങളുടെ പണ്ഡിതന്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇമാം ലൈസിനെപ്പോലൊരു മഹാന്‍, തന്റെ ഗുരുവായ കറുത്ത അടിമ യസീദിനെപ്പറ്റി 'ഞങ്ങളുടെ യജമാനന്‍' എന്ന് വിശേഷിപ്പിക്കുന്നത് എത്രമാത്രം ആലോചനാമൃതമാണ്!
ഈജിപ്തുകാരെ അമവി ഖിലാഫത്തിനനുകൂലമാക്കുന്നതില്‍ രാഷ്ട്രീയമായി ഇടപെട്ടു പ്രവര്‍ത്തിച്ച യസീദ് തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: 'എന്റെ പിതാവ് ദുന്‍ഖല (ഇപ്പോള്‍ സുഡാനിലെ സ്ഥലം) സ്വദേശിയാണ്. ഈജിപ്തിലാണ് ഞാന്‍ വളര്‍ന്നത്. അലവികളായിരുന്ന ഈജിപ്തുകാരെ ഞാന്‍ ഉസ്മാനികളാക്കി മാറ്റി.' ഉമവികളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നുവെങ്കിലും ഈജിപ്തിലെ ഉമവി ഖലീഫമാരുടെ ചില നടപടികളോട് ശക്തമായി വിയോജിച്ചിരുന്നു. ശിഷ്യന്‍ ഇബ്നു ലഹീഅ ഗുരുവിനെ അനുസ്മരിക്കുന്നു: ''രോഗശയ്യയിലായിരുന്ന യസീദുബ്നു അബീഹബീബിനെ സന്ദര്‍ശിച്ച ഈജിപ്ഷ്യന്‍ അമീര്‍ ഹൗസറത്തുബ്നു സുഹൈല്‍ അല്‍ബാഹിലി (മ.ഹി. 132) ചോദിച്ചു: 'അബൂറജാഅ്! ചെള്ളിന്റെ രക്തമുള്ള വസ്ത്രം ധരിച്ച് നമസ്‌കരിക്കാന്‍ പറ്റുമോ?' ഇതുകേട്ടപ്പോള്‍ യസീദ് മുഖം തിരിച്ചു, സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഹൗസറ എഴുന്നേല്‍ക്കാന്‍ ഭാവിച്ചു. അപ്പോള്‍ യസീദ് പ്രതികരിച്ചു: നിങ്ങള്‍ ഓരോ ദിവസവും ഒരുപാടു പേരെ കൊല്ലുന്നു. എന്നിട്ട് ചെള്ളിന്റെ രക്തം നജസാണോ അല്ലേ എന്നതിനെപ്പറ്റി എന്നോട് ചോദിക്കുന്നു!''
അധികാരികളുടെ മുമ്പില്‍ പണ്ഡിതന്മാരുടെ സ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതിലും അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതിലും യസീദ് മുന്‍പന്തിയിലുണ്ടായിരുന്നു.
ഉമറുബ്നു അബ്ദില്‍ അസീസ് (മ.ഹി. 101) ഈജിപ്തുകാര്‍ക്ക് മുഫ്തിമാരായി നിശ്ചയിച്ചുകൊടുത്ത മൂന്നു പേരിലൊരാള്‍ യസീദായിരുന്നു. ഉമവീ അമീര്‍ അബ്ദുല്‍ അസീസു ബ്നു മര്‍വാന്റെ (മ.ഹി. 85) പൗത്രന്‍ സിയാദ് ഒരിക്കല്‍ യസീദിനോട് ചില കാര്യങ്ങള്‍ അറിയാനായി തന്നെ വന്നുകാണാന്‍ പറഞ്ഞു. അതിനു മറുസന്ദേശമായി അദ്ദേഹം ഇങ്ങനെ കൊടുത്തയച്ചു: 'നിങ്ങള്‍ എന്റെ അടുത്തേക്ക് വരിക. നിങ്ങള്‍ എന്റെ അടുത്തേക്ക് വരുന്നത് നിങ്ങള്‍ക്ക് അലങ്കാരമാണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നത് നിങ്ങള്‍ക്ക് അപമാനമാണ്.'

സമൂഹത്തിന് നേതൃത്വം

ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച താബിഈ പണ്ഡിതന്‍ അത്വാഉബ്നു അബീറബാഹും യസീദുമെല്ലാം ഒരേ സ്രോതസ്സില്‍നിന്നാണ് ജലപാനം ചെയ്തത്. കറുത്തവനായ അത്വാഇനെ പുകഴ്ത്തിക്കൊണ്ട് ഇമാം അബുല്‍ഹസന്‍ അല്‍ ഇജ്ലി (മ.ഹി. 261) തന്റെ 'മഅ്രിഫത്തുസ്സുഖാത്ത്' എന്ന കൃതിയില്‍ എഴുതുന്നു: 'ജീവിച്ചിരുന്ന കാലത്ത് മക്കക്കാരുടെ മുഫ്തിയായിരുന്നു അത്വാഅ്.' ഇമാം ദഹബി, അത്വാഇനെ വിശേഷിപ്പിക്കുന്നത് 'ഹറമിലെ മുഫ്തിയായ ശൈഖുല്‍ ഇസ്‌ലാം' എന്നാണ്. അത്വാഅ് കറുത്തവനായിരുന്നു എന്നതോടൊപ്പം,  കോങ്കണ്ണനും തളര്‍വാത രോഗിയും മുടന്തനുമായിരുന്നു. അവസാനകാലത്ത് കണ്ണ് കാണാതെയുമായി എന്ന് ഇബ്നുഖുതൈബ ദീനവരി (മ.ഹി. 276) 'അല്‍ മആരിഫി'ല്‍ രേഖപ്പെടുത്തുന്നു. ചരിത്രകാരനായ ഇബ്നു ഖുന്‍ഫുദ് ഖുസന്‍ത്വീനി (മ.ഹി. 810) തന്റെ 'അല്‍വഫയാത്ത്' എന്ന കൃതിയില്‍ അത്വാഇനെപ്പറ്റി കുറിച്ചത് ശ്രദ്ധേയമാണ്: 'സൗന്ദര്യമോ സമ്പത്തോ കൊണ്ട് നേടാവുന്നതല്ല വിജ്ഞാനം. അത് അല്ലാഹു അവനുദ്ദേശിക്കുന്ന ചിലരുടെ ഹൃദയത്തില്‍ വെച്ചു കൊടുക്കുന്ന പ്രകാശമാണ്.'
കറുത്ത മുസ്‌ലിംകളിലെ മറ്റൊരു മഹാപ്രതിഭയാണ് താബിഉകളുടെ ഇമാമായി അറിയപ്പെടുന്ന സഈദുബ്നു ജുബൈര്‍ (മ.ഹി. 94). ഇമാം ദഹബി 'തദ്കിറത്തുല്‍ ഹുഫ്ഫാളി'ല്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: 'പണ്ഡിതന്മാരിലെ വിചക്ഷണനായിരുന്ന സഈദുബ്നു ജുബൈര്‍ കറുത്ത വര്‍ണമുള്ളയാളായിരുന്നു. കൂഫക്കാര്‍ ഹജ്ജിനുവരുമ്പോള്‍, സംശയങ്ങള്‍ തീര്‍ക്കാന്‍ നിങ്ങളുടെ കൂടെ സഈദില്ലേ എന്ന് ഇബ്നു അബ്ബാസ് (റ) (മ.ഹി. 68) ചോദിക്കുമായിരുന്നു.' വൈജ്ഞാനിക മേഖലയില്‍ സമുന്നതസ്ഥാനീയനായിരുന്നതോടൊപ്പം കൂഫയിലെ ജഡ്ജിയായും അബൂബുര്‍ദല്‍ അശ്അരി(മ.ഹി. 103)യെ പോലുള്ള ജഡ്ജിമാരുടെ എഴുത്തുകാരനായും സേവനമനുഷ്ഠിച്ചു.  ഉമവി ഗവര്‍ണറായ ഹജ്ജാജുബ്നു യൂസുഫി(മ.ഹി. 95)നെതിരെ പണ്ഡിതന്മാര്‍ വിപ്ലവമാരംഭിച്ചപ്പോള്‍ സഈദുബ്നു ജുബൈര്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. അതിന്റെ പേരില്‍ ഹജ്ജാജ് അദ്ദേഹത്തെ കഠിനമായി പീഡിപ്പിക്കുകയുണ്ടായി.
കറുപ്പുനിറമുള്ള പ്രധാനിയായ മറ്റൊരു പണ്ഡിതനാണ് മദീനയിലെ ഖുര്‍ആന്‍ പാരായണ വിദഗ്ധനായ അബൂറുവൈം നാഫിഉബ്നു അബ്ദിര്‍റഹ്മാന്‍ അല്‍മദനീ (മ.ഹി. 170). അദ്ദേഹത്തെ ഇമാം ഇബ്നുല്‍ ജസരി (മ.ഹി. 833). 'ഗായത്തുന്നിഹായ ഫീത്വബഖാത്തില്‍ ഖുര്‍റാഅ്' എന്ന കൃതിയില്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെ: 'ഖുര്‍ആന്‍ പാരായണരംഗത്തെ അതിപ്രഗത്ഭനായ അദ്ദേഹം കരിങ്കറുപ്പ് നിറമുള്ളയാളായിരുന്നു. സല്‍സ്വഭാവിയും നര്‍മബോധമുള്ളയാളുമായിരുന്നു. മദീനയിലെ എഴുപതില്‍പരം താബിഉകളില്‍നിന്ന് ഖുര്‍ആന്‍ പാരായണം പഠിച്ചു.'
കറുപ്പ് നിറമുള്ള പ്രമുഖ സ്വൂഫി അബുല്‍ ഖൈര്‍ ഹമ്മാദുബ്നു അബ്ദില്ലാ തൈനാത്തി (മ.ഹി. 349) യെക്കുറിച്ച് ഇമാം ദഹബി 'താരീഖുല്‍ ഇസ്‌ലാമി'ല്‍ എഴുതിയത് ഇങ്ങനെയാണ്: 'ധാരാളം കറാമത്തുകള്‍ പ്രകടമായ അബുല്‍ഖൈര്‍ കറുത്തയാളും ലോകനേതാക്കളിലൊരാളുമായിരുന്നു.' അദ്ദേഹം കറാമത്തുകളുള്ളയാളും കൃത്യമായ മുഖലക്ഷണം പറയാന്‍ കഴിയുന്നയാളുമായിരുന്നുവെന്ന് ഖുശൈരി മഹത്വപ്പെടുത്തിയിട്ടുണ്ട്. ദഹബി പരിചയപ്പെടുത്തിയ മറ്റൊരു കറുത്ത പണ്ഡിതനാണ് അബൂസ്വാലിബ് (മ.ഹി. 328). അബ്ദുല്ലാഹിബ്നു യഹ്‌യത്തഗ്‌ലബിയുടെ വിമോചിത അടിമയായ ഇദ്ദേഹം  ന്യായാധിപന്മാര്‍ക്ക് സ്വീകാര്യനുമായിരുന്നുവെന്ന് ദഹബി ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

(തുടരും)

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌