ജാതിയുടെ നിര്‍മൂലനം
(ബോധിസത്വന്റെ കലാപങ്ങള്‍-2)
മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയ നടപടികളോട് ഡോ. അംബേദ്കര്‍ അത്ര ആഭിമുഖ്യം കാണിച്ചില്ല. അതൊന്നും യഥാര്‍ഥ മാര്‍ഗങ്ങളല്ലെന്നും ജാതിയെ തകര്‍ക്കാന്‍ ജാതിവ്യവസ്ഥയെ സ്ഥാപിച്ച മതപരമായ ധാരണകളെ ഉന്മൂലനം ചെയ്യുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം Annihilation of Caste എന്ന പുസ്തകത്തില്‍ പറയുന്നു. അതേസമയം ഹിന്ദു എന്ന അസ്തിത്വത്തെയും മതത്തെയും അദ്ദേഹം അംഗീകരിക്കുന്നുണ്ടെന്നു വേണം കരുതാന്‍. ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഛത്രപതി ശിവജിയെ സ്വാമി രാംദാസ് പ്രേരിപ്പിച്ചതായി ഇതേ പുസ്തകത്തില്‍ അംബേദ്കര്‍ പരാമര്‍ശിക്കുന്നുണ്ട്. അതായത്, ഹിന്ദു എന്നത് ഒരു കൊളോണിയല്‍ നിര്‍മിതിയല്ല. എന്തെന്നാല്‍ പതിനേഴാം നൂറ്റാണ്ടിലെ മറാത്താ സാമ്രാട്ട് ശിവജിയുടെ മതവും തത്ത്വശാസ്ത്രവും ഹിന്ദു ആണ്.
ശിവജി തന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ ഹിന്ദവി സ്വരാജ്യ എന്നാണ് വിശേഷിപ്പിച്ചത്. Hindu Self-rule എന്നാണ് എല്ലാവരെയും പോലെ അംബേദ്കറും ഇതിന് അര്‍ഥം കല്‍പിക്കുന്നത്. അതേസമയം Self-rule of Indian People എന്ന അര്‍ഥത്തില്‍ ഗാന്ധിജിയും ഹിന്ദവി സ്വരാജ് എന്ന പദമുപയോഗിച്ചിട്ടുണ്ട്. എന്തായാലും ദേശവുമായും മതവുമായും കലര്‍ന്ന് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു പദം തന്നെയാണ് ഹിന്ദു. ഹിന്ദു, ഹിന്ദുയി, ഹിന്ദി, ഹിന്ദവി തുടങ്ങിയ പദങ്ങള്‍ ഇന്ത്യന്‍ എന്ന അര്‍ഥത്തിലാണ് സുല്‍ത്താന്മാരുടെയും മുഗളന്മാരുടെയും ഭരണത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്നത്. അമീര്‍ ഖുസ്രു അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദവി ഭാഷകളെ പട്ടികപ്പെടുത്തുന്നുണ്ട്. ഈ അര്‍ഥത്തിലാവാം കോണ്‍ഗ്രസ്സും ഗാന്ധിയും ഈ പദം പ്രയോഗിച്ചത്. എന്തായാലും ശിവജിയുടെ മതത്തെ ഹിന്ദു എന്നെടുത്താല്‍ പതിനേഴാം നൂറ്റാണ്ട് മുതല്‍ക്കെങ്കിലും ഹിന്ദു മതം എന്ന ആശയമുണ്ട് എന്നു വരുന്നു.
സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയ പരിഷ്‌കരണത്തെയും സംബന്ധിച്ച ഒരു സംവാദം ഉന്നയിക്കുന്നുണ്ട് Annihilation of Caste-ല്‍. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായ പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെങ്കിലും, 1887-ല്‍ മഹാദേവ ഗോവിന്ദ റാനഡെ, രഘുനാഥ് റാവു എന്നിവരുടെ നേതൃത്വത്തില്‍ മതപരിഷ്‌കരണം ഉള്‍പ്പെടെ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കു വേണ്ടി ഇന്ത്യന്‍ നാഷ്‌നല്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് എന്ന ഒരു സംഘടനയും കോണ്‍ഗ്രസ്സിന്റെ ഭാഗമായിത്തന്നെ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാലത്തൊക്കെ സോഷ്യല്‍ കോണ്‍ഫറന്‍സിന് പരിഗണനയും പ്രാധാന്യവും നല്‍കിവന്ന കോണ്‍ഗ്രസ്, പക്ഷേ പിന്നീട് അതിനെ എതിര്‍ത്തു. സാമൂഹികമായി ഉദ്ധരിക്കപ്പെടുകയും പരിഷ്‌കരണവിധേയമാവുകയും ചെയ്യാത്ത സമൂഹത്തിന് രാഷ്ട്രീയമായ പരിവര്‍ത്തനം സാധ്യമല്ലെന്ന് സോഷ്യല്‍ കോണ്‍ഫറന്‍സ് വാദിച്ചു. അസ്പൃശ്യരോടുള്ള പെരുമാറ്റങ്ങളെ മുന്‍നിര്‍ത്തി അംബേദ്കര്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ വിമര്‍ശിക്കുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഭരിക്കാന്‍ യോഗ്യമല്ലെന്ന, ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ സിദ്ധാന്തം ആവര്‍ത്തിച്ചുരുവിടുന്ന ഏതൊരു കോണ്‍ഗ്രസ്സുകാരനും ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെ ഭരിക്കാന്‍ യോഗ്യമല്ലെന്നും സമ്മതിക്കണം. അതേസമയം ജാതിവ്യവസ്ഥയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടാത്ത സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ പരിഷ്‌കരണ കാഴ്ചപ്പാടിനെയും അദ്ദേഹം തള്ളിക്കളയുന്നു.
സമഗ്രവിമോചനം എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ജാതീയതക്കെതിരായ രാഷ്ട്രീയ സമരങ്ങളിലേര്‍പ്പെടുന്ന മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം അംബേദ്കര്‍ ഇവിടെ ഉന്നയിക്കുന്ന ആശയത്തിന് വലിയ പ്രസക്തിയുണ്ട്. ഹിന്ദുമതത്തിലെ സാമൂഹിക പരിഷ്‌കരണം എന്നാല്‍ ഹിന്ദു സമൂഹത്തിന്റെ ആഭ്യന്തരമായ പുനര്‍നിര്‍മാണവും പുനഃസംഘാടനവുമാണ്. ഒരു സമൂഹത്തെ രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യമാക്കുന്നത് ഇതാണെന്ന് വരുമ്പോള്‍, സമുദായത്തിന്റെ പുനഃസംവിധാനവും ആദര്‍ശവല്‍ക്കരണവും മുന്‍ഗണനയില്‍ പ്രഥമമായി വരുന്നു എന്നാണര്‍ഥം. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ജാതീയത, അസമത്വം, വിധവാപദവി, സ്ത്രീപ്രശ്നം, വിദ്യാഭ്യാസ നിഷേധം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളിലുള്ള ഇടപെടലുകള്‍ക്ക് സമാന്തരമായി സമുദായത്തിനകത്തുള്ള വൈകല്യങ്ങളെ നിര്‍മൂലനം ചെയ്യുന്നതിലുള്ള ബാധ്യതയുടെ പ്രാഥമികത്വത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഏതാണ്ടിതേ തലത്തില്‍ നിന്നുകൊണ്ടാണ് അംബേദ്കര്‍ കമ്യൂണിസത്തെയും സമീപിക്കുന്നത്. പ്രത്യേകാവകാശമുള്ള ചെറുന്യൂനപക്ഷത്തിന്റെ ചൂഷണം, തല്‍ഫലമായുണ്ടാകുന്ന ദാരിദ്ര്യവും മറ്റു പ്രശ്നങ്ങളും തുടങ്ങിയ കാര്യങ്ങളിലുള്ള മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെ അദ്ദേഹം അംഗീകരിക്കുന്നു. എന്നാല്‍ ഈ ചൂഷണത്തെ പൂര്‍ണമായും സാമ്പത്തികമായി മാത്രം വിശകലനം ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ചൂഷണത്തിന്റെ സാംസ്‌കാരിക വശങ്ങള്‍ സാമ്പത്തിക ചൂഷണത്തേക്കാള്‍ മോശവും നിന്ദ്യവുമാണ്. ഉല്‍പാദനോപകരണങ്ങളുടെയും സ്വത്തിന്റെയും സ്വകാര്യ ഉടമാവകാശത്തെ നിയന്ത്രിക്കുക എന്ന മാര്‍ക്സിയന്‍ പരിഹാരങ്ങളെയും അംബേദ്കര്‍ അംഗീകരിച്ചില്ല. വര്‍ഗരഹിതമായ ഒരു സമൂഹത്തെ മറ്റൊരു നിലക്ക് അദ്ദേഹവും അംഗീകരിച്ചു. എന്നാല്‍ ഭരണകൂടത്തിന്റെ നാശവുമായി ബന്ധപ്പെട്ട മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളെ അംഗീകരിച്ചില്ല. സമൂഹം ഉള്ളേടത്തോളം ഭരണകൂടവും നിലനില്‍ക്കുമെന്നും നിലനില്‍ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.(Buddhism and Communism എന്ന പ്രബന്ധം നോക്കുക).
ജാതിയെക്കുറിച്ച സങ്കല്‍പനങ്ങളെ അതിന്റെ വേരിലേക്ക് ചെന്ന് വിശകലനം ചെയ്യുകയാണ് അംബേദ്കര്‍. വംശത്തിന്റെയും രക്തത്തിന്റെയും ശുദ്ധിയുമായി ബന്ധപ്പെട്ട വാദത്തോട് അദ്ദേഹം പ്രതികരിക്കുന്നതു കാണാം. ലോകത്തൊരിടത്തും ശുദ്ധമായ വംശങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ഇന്നത്തെ നരവംശശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും പൊതുവായ അഭിപ്രായം. എല്ലായിടത്തും സങ്കരങ്ങളേയുള്ളൂ. വര്‍ണങ്ങള്‍ തമ്മില്‍ രക്തത്തിലും സംസ്‌കാരത്തിലും ഇടകലര്‍ന്നതിനു ശേഷം മാത്രമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ ഉണ്ടായതു തന്നെ എന്ന് അംബേദ്കര്‍ അഭിപ്രായപ്പെടുന്നു. പഞ്ചാബിലെ സരസ്വതബ്രാഹ്മണനും പഞ്ചാബിലെ ചാമറിനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? അതുപോലെ മദ്രാസിലെ അയ്യരും പറൈയനും തമ്മില്‍? മറ്റൊരു നിലക്ക് പഞ്ചാബിലെ സരസ്വതനും മദ്രാസിലെ അയ്യരും തമ്മിലോ പഞ്ചാബിലെ ചാമറും മദ്രാസിലെ പറൈയനും തമ്മിലോ പ്രത്യേകിച്ചെന്തെങ്കിലും വംശീയബന്ധമുണ്ടോ? വംശബന്ധത്തിലും പാരമ്പര്യത്തിലും പഞ്ചാബിലെ ബ്രാഹ്മണന് വേറെവിടെയുമുള്ള ബ്രാഹ്മണനേക്കാള്‍ വംശബന്ധമുള്ളത് പഞ്ചാബിലെത്തന്നെ ചാമറിനോടാണ്. അതുപോലെ അയ്യര്‍ക്ക് പറൈയനോടും.
എല്ലാ സമൂഹങ്ങളിലും ജാതിയുണ്ട് എന്ന ഒരു വാദം ഉയര്‍ത്തപ്പെടാറുണ്ട്. മുസ്‌ലിം, സിഖ് സമൂഹങ്ങളിലെ ചില ജാതിപരിഗണനകളെ മുന്‍നിര്‍ത്തിയാണ് ജാതിവാദികള്‍ ഇങ്ങനെ പറയാറുള്ളത്. അംബേദ്കര്‍ ഇതിനെ കൈകാര്യം ചെയ്യുന്നുണ്ട്. ഒന്നാമതായും ഒരു മുസ്‌ലിമിന്, അല്ലെങ്കില്‍ ഒരു സിഖുകാരന് മുസ്‌ലിം, സിഖ് എന്നതു തന്നെ മതിയായ ഐഡന്റിറ്റിയാണ്. മുസ്‌ലിമാണെന്നു പറഞ്ഞാല്‍ പിന്നെ ആള്‍ ശീഈ ആണോ സുന്നി ആണോ, സയ്യിദാണോ ശൈഖാണോ പത്താനാണോ, അല്ലെങ്കില്‍ സിഖ് എന്ന് പറഞ്ഞാല്‍ ജാട്ടാണോ സെയിനിയാണോ രജ്പുത്താണോ മസ്ഹബിയാണോ റവിദാസിയാണോ എന്നൊന്നും ആരും ചോദിക്കാറില്ല. എന്നാല്‍ അങ്ങനെ ഹിന്ദുവാകാന്‍ ഒരാള്‍ക്ക് പറ്റില്ല. അയാളുടെ ഐഡന്റിറ്റി ഹിന്ദുവിലല്ല, ജാതിയിലാണുള്ളത്. രണ്ടാമത്, ജാതിനിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒരു മുസ്‌ലിമും ഒരു സിഖുകാരനും ബഹിഷ്‌കൃതരോ ഭ്രഷ്ടരോ ആകില്ല. എന്നല്ല, അങ്ങനെയൊരു ജാതിനിയമം തന്നെയില്ല. മൂന്നാമതായി, ഹിന്ദുവല്ലാത്തവരില്‍ ജാതിക്ക് വിശുദ്ധിയില്ല. അവര്‍ക്കത് ഒരു ക്രമമോ അതിജീവനോപാധിയോ മാത്രമാണ്, മതസിദ്ധാന്തമല്ല.
അംബേദ്കറുടെ വീക്ഷണത്തില്‍ മുഹമ്മദീയരുടെ ആഗമനത്തിനു മുമ്പ് ഹിന്ദു എന്ന പേരില്‍ ഒരു സമൂഹം പോയിട്ട് അങ്ങനെയൊരു വാക്കു പോലുമുണ്ടായിരുന്നില്ല. ജാതികളുടെ ഒരു സമാഹാരം മാത്രമായിരുന്നു ഇന്ത്യന്‍ സമൂഹം. ഇവിടെ, ജാതികളുടെ നിര്‍മൂലനം എന്ന ആശയം ഒരു വൈരുധ്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഹിന്ദു എന്ന ഐഡന്റിറ്റിയെയും ജാതി എന്ന സമ്പ്രദായത്തെയും ഒരുപോലെ തള്ളിക്കളഞ്ഞാല്‍പിന്നെ ഇവിടെയുള്ള ജാതിസമൂഹങ്ങളുടെ ഐഡന്റിറ്റി എന്തായിരിക്കും? ഒപ്രസ്ഡ് ക്ലാസ്സസ് എന്ന അര്‍ഥത്തിലാണ് അവരെ ദലിത് എന്ന് വിളിക്കുന്നത്. ഒപ്രഷന്‍ ഇല്ലാതായിക്കഴിഞ്ഞാല്‍പിന്നെ ദലിത് സ്വത്വവും നിലനില്‍ക്കില്ല. ഒരുപക്ഷേ ഈ വൈരുധ്യവും കൂടിയാകാം ബുദ്ധമത സ്വീകാരത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
അതേസമയം ഇത് മറ്റൊരു നിലക്കാണ് അംബേദ്കര്‍ സമ്മതിക്കുന്നത്. ഹിന്ദുമതത്തിന്റെ നിര്‍മാര്‍ജനം സാധ്യമല്ലെന്ന് അദ്ദേഹം അംഗീകരിക്കുന്നു. ഒപ്പം ഹിന്ദുമതത്തെ നിലനിര്‍ത്തിക്കൊണ്ട് ജാതിനിര്‍മൂലനം സാധ്യമല്ലെന്നും വാദിക്കുന്നു. പിന്നെയുള്ള പോംവഴിയായാണ് മതപരിവര്‍ത്തനം നിര്‍ദേശിക്കുന്നത്.
മതത്തെ സമീപിക്കുന്നതിലും വിശകലനം ചെയ്യുന്നതിലുമൊക്കെ ആധുനിക യുക്തിയാണ് അംബേദ്കര്‍ സ്വീകരിക്കുന്നത്. ഇതിന് പല ഉദാഹരണങ്ങള്‍ പറയാന്‍ പറ്റും. ഹിന്ദുമതത്തിന്റെ ഔദ്യോഗിക ഭാഷ്യമായി അദ്ദേഹം അംഗീകരിക്കുന്നത് യുക്തിയെ പൂര്‍ണമായും ബഹിഷ്‌കരിക്കുന്ന മനുവിനെയാണ്. മതവിമര്‍ശനത്തില്‍, വിശിഷ്യാ ഇസ്‌ലാം വിമര്‍ശനത്തില്‍ കേവല നാസ്തികയുക്തിവാദികള്‍ സ്വീകരിക്കുന്ന അതേ സമീപനമാണ് അദ്ദേഹത്തിന്റേതും. യുക്തിക്ക് പരിഗണന നല്‍കിക്കൊണ്ട് മതത്തെ സമീപിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നവരെ അവഗണിക്കാനോ മതത്തിനു പുറത്ത് നിര്‍ത്താനോ ആണ് അവര്‍ ശ്രമിക്കാറുള്ളത്.
അതുപോലെ മതത്തിന് പൗരോഹിത്യത്തിന്റേതല്ലാത്ത ഒരു വെര്‍ഷന്‍ ഉണ്ട് എന്ന് പറയുന്നതും അദ്ദേഹം അംഗീകരിക്കുന്നില്ല. പുരോഹിത ബ്രാഹ്മണന്‍, മതേതര ബ്രാഹ്മണന്‍ എന്ന് രണ്ട് പ്രയോഗങ്ങളെ സങ്കല്‍പിച്ചുകൊണ്ടാണ് 'അനിഹിലേഷന്‍ ഒഫ് കാസ്റ്റ്' എന്ന പ്രഭാഷണത്തില്‍ അത്തരമൊരു വെര്‍ഷന്‍ സാധ്യമാണ് എന്ന വാദത്തെ അദ്ദേഹം പരിഹസിക്കുന്നത്. തുടര്‍ന്ന് ബ്രാഹ്മണ വ്യക്തികളെക്കുറിച്ച ചില മുന്‍വിധികളും സൃഷ്ടിക്കുന്നുണ്ട്. ബ്രാഹ്മണനായി ജനിച്ച ഒരാളും സാമൂഹിക വിപ്ലവകാരിയാകാന്‍ ആഗ്രഹിക്കില്ല എന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്. അങ്ങനെയൊരു ധാരണ തന്നെ അര്‍ഥശൂന്യമാണെന്നും തറപ്പിച്ചു പറയുന്നു. ഗോപാല്‍ ഹരി ദേശ്മുഖും ഗണേഷ് അഗാര്‍ക്കറുമൊക്കെ ജാതീയതക്കെതിരെ തീവ്രമായി പോരാടിയിരുന്ന അതേ മഹാരാഷ്ട്രയിലിരുന്നാണ് അദ്ദേഹം ഇത് പറയുന്നത് എന്നും ഓര്‍ക്കേണ്ടതാണ്.
ഖുര്‍ആനിന് സയുക്തികവും മാനുഷികവുമായ വായനകള്‍ നല്‍കുന്ന മുസ്‌ലിം ചിന്തകന്മാരോട് കേവല നാസ്തികയുക്തിവാദികള്‍ പുലര്‍ത്തുന്ന അതേ സമീപനം വേദങ്ങളുടെ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് അംബേദ്കറും പ്രകടിപ്പിക്കുന്നുണ്ട്. ജനമനസ്സുകളില്‍ വേദങ്ങള്‍ ഉറപ്പിച്ചെടുത്ത വിശ്വാസങ്ങളുടെ ഫലമാണ് ജനങ്ങളുടെ പ്രവൃത്തികള്‍ എന്നതിനാല്‍ അവരെ തിരുത്തണമെങ്കില്‍ വേദങ്ങളുടെ വിശുദ്ധിയെക്കുറിച്ച വിശ്വാസം അവസാനിപ്പിക്കലല്ലാതെ വഴിയില്ലെന്നും അദ്ദേഹം പറയുന്നു. വേദം വ്യാകരണശുദ്ധിയോടെ വായിച്ചും യുക്തിസഹമായി വ്യാഖ്യാനിച്ചും അവ ജനങ്ങള്‍ മനസ്സിലാക്കുന്ന കാര്യമല്ല പറയുന്നത് എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും അവയെ ജനങ്ങള്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നതു തന്നെയാണ് പ്രധാനമെന്നും അദ്ദേഹം ശഠിക്കുന്നു.
കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള സമരങ്ങളില്‍ അതിയായ താല്‍പര്യമൊന്നും അംബേദ്കര്‍ കാണിച്ചില്ല. അതാകട്ടെ, ജാതിയോടുള്ള കൊളോണിയലിസ്റ്റുകളുടെ വിപരീതസമീപനം നിമിത്തമൊന്നുമായിരുന്നില്ല. മറിച്ച്, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാമൂഹികാധികാരനിഷ്ഠുരതയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയാധികാരനിഷ്ഠുരത തീരെ ചെറുതാണ്. സമൂഹത്തെ വെല്ലുവിളിക്കുന്ന പരിഷ്‌കര്‍ത്താവാണ്, അധികാരത്തെ വെല്ലുവിളിക്കുന്ന വിപ്ലവകാരിയേക്കാള്‍ ധീരന്‍.
ഇന്ത്യയിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് ബാബാ സാഹെബ് ഡോ. ബി.ആര്‍ അംബേദ്കര്‍. നിയമം, രാഷ്ട്രമീമാംസ, തത്ത്വചിന്ത, മതം, സാമ്പത്തികശാസ്ത്രം എന്ന് തുടങ്ങി സകല മേഖലകളിലും മഹത്തായ ചിന്തകളും സംഭാവനകളും അര്‍പ്പിച്ച മഹാന്‍. ഒപ്പം ജാതിവിരുദ്ധ സമരങ്ങളിലെ കരുത്തനായ പോരാളിയും. ഇന്നും അധഃസ്ഥിതരുടെ പോരാട്ടങ്ങള്‍ക്ക് ഏറ്റവുമധികം പ്രചോദനം നല്‍കുന്നത് അംബേദ്കര്‍ തന്നെ. ലോകത്തു തന്നെ ഇന്ന് നടക്കുന്ന സബാള്‍ട്ടേണ്‍ പഠനങ്ങളില്‍ അധഃസ്ഥിതരുടെ വിശകലനത്തിനും താരതമ്യത്തിനുമൊക്കെ അദ്ദേഹത്തിന്റെ ചിന്തകളെ മാനദണ്ഡമാക്കുന്നു. ക്ലാസ്സിക്കല്‍ ബുദ്ധമതത്തില്‍നിന്ന് വളരെയധികം ഭിന്നമായ ഒരു നവയാനത്തിന് തുടക്കം കുറിക്കുകയാണ് യഥാര്‍ഥത്തില്‍ 1956-ല്‍ നാഗ്പൂരിലെ ബുദ്ധമതസ്വീകരണ ചടങ്ങിലൂടെ അദ്ദേഹം ചെയ്തതെങ്കിലും ബുദ്ധ തത്ത്വചിന്തയുടെ വികാസത്തില്‍ അത് വലിയ സ്വാധീനം ചെലുത്തി. മതപരിവര്‍ത്തനം, മനുഷ്യാവകാശപ്രഖ്യാപനങ്ങള്‍ തുടങ്ങിയവയില്‍ നാഗ്പൂര്‍ ചടങ്ങ് ഒരു മാതൃകയായിത്തീരുകയും ചെയ്തു.
മതം, സമൂഹം, ജാതി തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്; യോജിപ്പുകളും വിയോജിപ്പുകളും പ്രകടിപ്പിച്ചുകൊണ്ടുതന്നെ.
(അവസാനിച്ചു)
Comments