വിപ്ലവകാരികള്‍
(ജീവിതം - 12 )
ചിലരുടെ വ്യക്തിത്വം തന്നെ നല്ലൊരു സന്ദേശമായി അനുഭവപ്പെടും. അത്തരത്തില്‍ എന്നെ ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു അബ്ദുല്‍ അഹദ് തങ്ങളുടേത്. ഐ.ആര്‍.എസിലെ ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. എളിമ കൊണ്ട് വലിപ്പം തോന്നിയ വ്യക്തിത്വം. ആദ്യം കണ്ടുമുട്ടിയതെങ്ങനെയാണോ പിന്നെ കണ്ടുമുട്ടുമ്പോഴൊക്കെയും അങ്ങനെ തന്നെ. ശുഭ്രവസ്ത്രധാരിയായിട്ടല്ലാതെ കണ്ടിട്ടേയില്ല. സ്ഥായിയായൊരു വ്യക്തിത്വത്തിന്റെ ഉടമ. കുറച്ചു മാത്രം, പുതുക്കെ സംസാരിക്കും. മറ്റുള്ളവര്‍ പറയുന്നത് എല്ലാം കേള്‍ക്കും.
ചില ആളുകളുടെ സ്ഥാനവും പദവിയുമൊന്നും അറിയില്ലെങ്കിലും അറിയാതെ ആദരിച്ചുപോകും; അറിയാതെ സ്‌നേഹിച്ചുപോകും. അങ്ങനെയുള്ള അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു തങ്ങള്‍. പ്രകടനങ്ങളില്ലാത്ത സ്‌നേഹമായിരുന്നു തങ്ങളുടേത്. അതുകൊണ്ടുതന്നെയാവാം മരണം വരെയും ഒരു വൈരുധ്യവും ആ പെരുമാറ്റത്തില്‍ അനുഭവപ്പെടാതിരുന്നത്.
തങ്ങളോടുള്ള സ്‌നേഹവും ആദരവും വര്‍ധിച്ച ഒരു സന്ദര്‍ഭമുണ്ട്. തങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ ആരോ (ആരാണെന്ന് ഓര്‍ക്കുന്നില്ല) തങ്ങളെക്കുറിച്ച് പറഞ്ഞു: 'തങ്ങള്‍ എന്ന് സ്വയം പറയാന്‍ ഇഷ്ടപ്പെടാത്ത ഒരാളായിരുന്നു തങ്ങള്‍.' മാത്രമല്ല മക്കള്‍ക്ക് അങ്ങനെ ഒരു പദവി അദ്ദേഹം കൈമാറിയിട്ടുമില്ല. എന്തായിരിക്കും കാരണം?
'തങ്ങള്‍' എന്നത് ജന്മം കൊണ്ട് ഒരാളിലേക്ക് വന്നുചേരുന്ന ഒന്നായിട്ടാണല്ലോ സങ്കല്‍പം. വിശുദ്ധ ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ച സാമൂഹിക വ്യവസ്ഥ അനുസരിച്ച് ആദം നബിയുടെ മക്കളില്‍ ചിലര്‍ക്ക് ജന്മം കൊണ്ട് ഇങ്ങനെ ഒരു 'പദവി' ലഭിക്കാനുള്ള സാധ്യത ചിന്താവിഷയമായി. ഇസ്‌ലാമിന്റെ സാമൂഹിക വ്യവസ്ഥയെ കുറേക്കൂടി ഗൗരവത്തില്‍ നിരൂപണവിധേയമാക്കാന്‍ തങ്ങള്‍ ഒരു നിമിത്തമായിട്ടുണ്ട്.
ജന്മത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ തട്ടുകളായി കാണുന്ന ജാതി വ്യവസ്ഥയോട് കലഹിക്കുന്ന ഒരു മനസ്സ് നേരത്തേ ഉണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചകനും ആ 'കലഹ'ത്തിന് പിന്തുണയാണ് നല്‍കിയത്. നാട്ടിലായിരിക്കെ, ഒരു ദിവസം ഏഴാം ക്ലാസ്സ് വരെ കൂടെ പഠിച്ചിരുന്ന മോഹനകൃഷ്ണന്‍ എന്ന സഹോദരന്റെ വീട്ടില്‍ പോയി. ഇസ്ലാമിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഇസ്‌ലാമിലെ സാമൂഹിക സമത്വത്തെ സംബന്ധിച്ച് സംസാരിച്ചപ്പോള്‍ അവനില്‍നിന്നുണ്ടായ പ്രതികരണം മനസ്സില്‍ ഒരു മുറിപ്പാടു പോലെ മായാതെ ഇന്നും നില്‍ക്കുന്നുണ്ട്; 'നിങ്ങളിലുമുണ്ട് ജാതി വ്യവസ്ഥ. ഒസ്സാന്മാര്‍ എന്നൊരു വിഭാഗമുണ്ടല്ലോ. അവര്‍ താഴ്ന്ന ജാതിക്കാരല്ലേ? സാധാരാണ മുസ്‌ലിംകള്‍ അവരുമായി വിവാഹബന്ധം പോലും നടത്താറില്ലല്ലോ?' അങ്ങനെ ഒരു സമ്പ്രദായത്തെക്കുറിച്ച് നേരത്തേ അറിയുമായിരുന്നില്ല. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, ഇസ്‌ലാമിലില്ലാത്ത ഇത്തരം ചില സ്ഖലിതങ്ങള്‍ മുസ്‌ലിം സമുദായത്തിലുണ്ട് എന്ന്.
ഒരു സമുദായത്തിന്റെ 'പ്ലാറ്റ്‌ഫോമി'ല്‍ നിന്നു കൊണ്ട് ഇസ്‌ലാമിനെ പ്രബോധനം ചെയ്യാന്‍ പരിമിതികളുണ്ടെന്ന് ബോധ്യപ്പെട്ട പല സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു. ഒരു ദര്‍ശനത്തെ പ്രതിനിധീകരിക്കാന്‍ ഒരു സമുദായത്തിനു കഴിയില്ല എന്നതിനുള്ള ഉദാഹരണമായിട്ടാണിത് തോന്നിയിട്ടുള്ളത്. കാരണം, സത്യത്തിന്റെ പ്രതിനിധീകരണം ഒരു ജനിതക പാരമ്പര്യ പ്രക്രിയയല്ലല്ലോ. കണ്ടെത്തലും അംഗീകരിക്കലുമാണല്ലോ അതിന്റെ അടിസ്ഥാനം.
മനുഷ്യന്റെ ഏകതയുമായി ബന്ധപ്പെട്ട് ഖുര്‍ആനും പ്രവാചകനും പറഞ്ഞ കാര്യങ്ങള്‍ എത്ര ഹൃദ്യമാണ്! അത്തരം ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും ഉള്‍പ്പുളകമുണ്ടാക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായം തുടങ്ങുന്നതു തന്നെ മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു തറവാട്ടുകാരാണ് എന്ന യാഥാര്‍ഥ്യം വിളിച്ചറിയിച്ചു കൊണ്ടാണ്: ''അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു ദൈവത്തിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും ദൈവം നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.''
മാത്രമല്ല, 'ആദിയില്‍ മനുഷ്യരെല്ലാം ഒരൊറ്റ സമുദായമായിരുന്നു; പിന്നീടവര്‍ ഭിന്നിച്ചുപോയി' എന്ന് ഖുര്‍ആന്‍ പത്താം അധ്യായം ഒമ്പതാം സൂക്തത്തില്‍ കാണാം. വേറെയും പല ഭാഗങ്ങളിലായി ഖുര്‍ആന്‍ മനുഷ്യന്റെ ഏകതക്ക് അടിവരയിടുന്നുണ്ട്. മാത്രമല്ല, ജനനം മനുഷ്യന്റെ ശ്രേഷ്ഠതക്കുള്ള മുന്നുപാധിയല്ല എന്ന യാഥാര്‍ഥ്യത്തെ പ്രവാചക വചനങ്ങളും വ്യക്തമാക്കുന്നുണ്ട്. 'അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഏറ്റവും ധര്‍മബോധമുള്ളവനാണ്' എന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചത്.
കറുപ്പിന്റെയും വെളുപ്പിന്റെയും കുല-ഗോത്രമഹിമകളുടെയുമൊക്കെ പേരില്‍ തമ്മിലടിച്ചിരുന്നവരായിരുന്നല്ലോ അറബികള്‍. സ്രഷ്ടാവായ ദൈവത്തിന്റെ സരണിയില്‍ അവരെ അണിനിരത്തിക്കൊണ്ട് പ്രവാചകന്‍ പ്രഖ്യാപിച്ചു: 'അനിസ്‌ലാമിക കാലത്തെ എല്ലാ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.' പിന്നെ ഇങ്ങനെ തുടര്‍ന്നു: 'ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കോളോ ഒട്ടും ശ്രേഷ്ഠതയില്ല; ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.'
എത്ര മനോഹരമായ പ്രഖ്യാപനങ്ങള്‍! ഈ പ്രഖ്യാപനങ്ങളെ പ്രവാചകന്‍ പ്രയോഗവല്‍ക്കരിച്ച രീതി ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവങ്ങളാണ്. മനുഷ്യനില്‍ 'ജാതിബോധം' തലപൊക്കുക പ്രധാനമായും രണ്ട് സന്ദര്‍ഭങ്ങളിലാണ്. അതിലൊന്ന് ആരാധനാലയങ്ങളോടനുബന്ധിച്ചാണെങ്കില്‍ മറ്റൊന്ന് വിവാഹത്തോടനുബന്ധിച്ചാണ്. ആദമിന്റെ മക്കള്‍ എന്ന നിലക്ക് മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു ജാതിയാണല്ലോ. ഈ യാഥാര്‍ഥ്യത്തെ പ്രയോഗത്തില്‍ വരുത്താന്‍ ഈ രണ്ട് മര്‍മങ്ങളെയും പ്രവാചകന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റെ ആ നിലപാടുകള്‍ വളരെയധികം ചിന്തിപ്പിച്ച കാര്യങ്ങളാണ്. അതിലൊന്ന് മക്കാവിജയവേളയില്‍ ബിലാലിനെ കഅ്ബാലയത്തിന്റെ മുകളില്‍ കയറ്റിയ സംഭവമാണ്. മറ്റൊന്ന് സ്വന്തം അമ്മായിയുടെ മകള്‍ സൈനബിനെ നേരത്തേ അടിമയായിരുന്ന സൈദിന് വിവാഹം കഴിച്ചുകൊടുത്തതാണ്.
പെരിന്തല്‍മണ്ണയില്‍ വെച്ചാണെന്ന് തോന്നുന്നു മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ ഒരു പരിപാടി ശ്രവിക്കാന്‍ അവസരമുണ്ടായി. മക്കാവിജയവേളയില്‍ ബിലാലിനെ പ്രവാചകന്‍ കഅ്ബാലയത്തിന്റെ മുകളില്‍ കയറ്റി വിജയപ്രഖ്യാപനം നടത്തിച്ച സംഭവം അദ്ദേഹം വിവരിച്ചു. ശാന്തഗംഭീരമായ സ്വരത്തില്‍ ആ സംഭവം അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ 'കോരിത്തരിപ്പ്' ഇന്നും വിട്ടുമാറിയിട്ടില്ല. ആരായിരുന്നു ബിലാല്‍? കാലിത്തൊഴുത്തില്‍ ഉറങ്ങിശീലിച്ച ഒരു കറുത്ത കുറിയ അടിമ. പതിഞ്ഞ മൂക്കും തടിച്ച ചുണ്ടുകളും ചുരുണ്ട മുടിയും ഉള്ള ഒരാള്‍. ചരിത്രത്തില്‍ എന്നും അടിച്ചമര്‍ത്തപ്പെട്ട സകല മനുഷ്യരുടെയും പ്രതിനിധി; അടിമകളുടെ, കറുത്തവരുടെ, ദലിതരുടെ, അവര്‍ണരുടെ, വിദേശികളുടെ, അഭയാര്‍ഥികളുടെ, അഗതികളുടെ, അനാഥരുടെ...
എന്താണ് കഅ്ബാലയം? ഏകദൈവാരാധനക്കായി ഭൂമിയില്‍ സ്ഥാപിതമായ ആദ്യത്തെ ആരാധനാലയം. ദൈവിക അധ്യാപനപ്രകാരം ആരാധനാലയങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തുള്ള കോടിക്കണക്കിന് വിശ്വാസികള്‍ ദൈവാരാധന നടത്തുമ്പോള്‍ മുഖം തിരിക്കേണ്ട 'ദിശ' (ഖിബ്‌ല). വെറുതെ നോക്കിനിന്നാല്‍ തന്നെ പുണ്യം നിശ്ചയിക്കപ്പെട്ട ഭവനം.
ഒരു ആരാധനാലയം എന്ന നിലക്ക് ഇതിനേക്കാള്‍ മഹത്വമുള്ള മറ്റൊന്നില്ല. അതിന്റെ മുകളിലാണ് എത്യോപ്യന്‍ അടിമയായിരുന്ന ബിലാലിന്റെ കറുത്ത കാല്‍പാദങ്ങള്‍ പതിയുന്നത്!
വെളുത്ത പ്രവാചകന്റെ ചുമലില്‍ ചവിട്ടിക്കൊണ്ടായിരുന്നു ബിലാല്‍ കഅ്ബയുടെ മുകളില്‍ കയറിയത്. അല്ല, അങ്ങനെയാണ് പ്രവാചകന്‍ ബിലാലിനെ കഅ്ബാലയത്തിന്റെ മുകളില്‍ കയറ്റിയത്. വെളുത്തു തുടുത്ത പ്രവാചകന്റെ ചുമലില്‍ ചവിട്ടി, കറുത്തിരുണ്ട ബിലാല്‍ കഅ്ബാലയത്തിന്റെ 'ശിരസ്സി'ല്‍ ചവിട്ടുന്നു. ഇതെന്തൊരു സംഭവമാണ്! അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നും ആദ്യം ആട്ടിയോടിക്കപ്പെട്ടിരുന്നത് ആരാധനാലയങ്ങളുടെ പരിസരത്തുനിന്നായിരുന്നു എന്നോര്‍ക്കണം. നമ്മുടെ നാട്ടില്‍, പട്ടിക്കും പൂച്ചക്കും സ്വതന്ത്രമായി നടക്കാവുന്ന വഴിയിലൂടെ കീഴാളന് നടക്കാന്‍ പാടില്ലാത്ത കാലത്താണ് പ്രവാചകന്റെ നേതൃത്വത്തിലുള്ള ഈ 'കാല്‍വെപ്പ്!' ഇതു കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ആ വിപ്ലവത്തിന്റെ മഹത്വം ശരിക്കും മനസ്സിലാവുക. ഇസ്‌ലാം ആഗ്രഹിക്കുന്ന സാമൂഹിക വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രമാണിത്.
കറുത്ത ബിലാലിനെത്തന്നെ ഈ ദൗത്യത്തിനു വേണ്ടി പ്രവാചകന്‍ തെരഞ്ഞടുത്തതില്‍ വേറെയും ചില പാഠങ്ങളുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ചരിത്രപരമായ പല കാരണങ്ങളാല്‍ പിന്നാക്കമായവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഒരു മാര്‍ഗമാണല്ലോ 'സംവരണം' എന്ന തത്ത്വം. ഈ തത്ത്വമല്ലേ യഥാര്‍ഥത്തില്‍ പ്രവാചകന്‍ ഇവിടെ പ്രയോഗിക്കുന്നത്? പല കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയവരെ അങ്ങനെത്തന്നെ നിലനിര്‍ത്താനല്ല, പ്രത്യേക പരിഗണന നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രവാചകന്‍ ശ്രമിച്ചത് എന്നതും ശ്രദ്ധേയമായി തോന്നിയ കാര്യമാണ്. 'ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു' എന്ന വിശുദ്ധ ഖുര്‍ആന്‍ പതിനേഴാം അധ്യായത്തിലെ ഏഴാം സൂക്തത്തിലൂടെയുള്ള ദൈവിക പ്രഖ്യാപനം മനുഷ്യന്‍ അടിസ്ഥാനപരമായി തുല്യരാണെന്ന കാര്യമാണല്ലോ പറഞ്ഞുതരുന്നത്. എന്നിരിക്കെ, ജന്മം കൊണ്ട് ചിലര്‍ക്ക് പ്രത്യേക പരിഗണന കൈവരുന്നതും ചിലര്‍ക്ക് അവഗണന കൈവരുന്നതും ഇസ്ലാം പഠിപ്പിക്കുന്ന സാമൂഹിക വ്യവസ്ഥക്കേല്‍ക്കുന്ന കളങ്കമല്ലേ?
'ഒസ്സാന്മാര്‍' എന്ന പേരിലുള്ള അവഗണന ജാതീയതയിലേക്കും 'തങ്ങന്മാര്‍' എന്ന പേരിലുള്ള പരിഗണന പൗരോഹിത്യത്തിലേക്കുമാണ് നയിക്കുക. ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്. 'ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണ് മനുഷ്യര്‍' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജാതീയതയുടെ കടക്കല്‍ കത്തി വെച്ചിട്ടുണ്ട് പ്രവാചകന്‍. 'ഇസ്‌ലാമില്‍ പൗരോഹിത്യമില്ല' എന്നു പ്രഖ്യാപിച്ചുകൊണ്ട് പൗരോഹിത്യം വരാനുള്ള പഴുതും പ്രവാചകന്‍ അടച്ചിട്ടുണ്ട്.
ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോഴാണ് അബ്ദുല്‍ അഹദ് തങ്ങളുടെ നിലപാടിന്റെ മഹത്വം മനസ്സിലാവുക. 'സവര്‍ണ മേധാവിത്വം' കൊണ്ടുനടക്കാന്‍ പറ്റിയ വ്യക്തിത്വവും അതിനു പറ്റിയ സന്ദര്‍ഭവും തങ്ങള്‍ക്കുണ്ടായിരുന്നു. എന്നിട്ടും 'തങ്ങള്‍' എന്ന് സ്വയം പറയാന്‍ ഇഷ്ടപ്പെട്ടില്ല; മക്കള്‍ക്ക് അങ്ങനെ ഒരു പദവി ചാര്‍ത്തിക്കൊടുത്തതുമില്ല. ചില പാരമ്പര്യങ്ങളെ പറിച്ചെറിഞ്ഞാലേ നല്ല മാറ്റങ്ങള്‍ക്ക് വഴിതെളിയൂ. പ്രവാചകന്‍ സൈദിന് സൈനബിനെ വിവാഹം കഴിച്ചുകൊടുത്തതില്‍ ഇതു കാണാന്‍ കഴിയും. ആ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥയിലെ അടിമയായിരുന്നല്ലോ സൈദ്. അടിമയായിരുന്ന സൈദിന് സ്വന്തം അമ്മായിയുടെ മകളായ സൈനബിനെ പ്രവാചകന്‍ വിവാഹം കഴിച്ചുകൊടുത്തു. സൈദിന്റെയും സൈനബിന്റെയും പാരമ്പര്യം, യഥാര്‍ഥത്തില്‍ ആദം നബിയുടേതാണ് എന്നതാണല്ലോ ഇതിനൊരു കാരണം. അതിനേക്കാള്‍ ശ്രേഷ്ഠമായ, പരിഗണിക്കേണ്ട മറ്റൊരു പാരമ്പര്യം വേറെ ഉണ്ടായിരുന്നെങ്കില്‍ സ്വന്തം അമ്മായിയുടെ മകളെക്കൊണ്ട് പ്രവാചകന്‍ ഇങ്ങനെ ഒരു വിവാഹം നടത്തുമോ?
നേരത്തേ സൂചിപ്പിച്ചതുപോലെ, ജാതീയമായ വിവേചനം തലപൊക്കുന്ന രണ്ട് സന്ദര്‍ഭങ്ങളിലൊന്ന് വിവാഹവുമായി ബന്ധപ്പെട്ടാണ്. മറ്റൊന്ന് ആരാധനാലയങ്ങളോടനുബന്ധിച്ചും. ഈ രണ്ട് മുഖ്യ ഇടങ്ങളിലും പാരമ്പര്യ സമ്പ്രദായങ്ങളെ മറികടന്നാണ് പ്രവാചകന്‍ ചില നീക്കങ്ങള്‍ നടത്തിയത്. ചില പാരമ്പര്യങ്ങളെ വലിച്ചെറിയാനുള്ള ഈ സന്നദ്ധതയാണ് വിപ്ലവത്തിന്റെ താക്കോല്‍. അതിനു സന്നദ്ധമാവുമ്പോഴാണ് ഒരാളില്‍ 'വിപ്ലവകാരി' ജനിക്കുന്നത്. ഈ അര്‍ഥത്തില്‍ അബ്ദുല്‍ അഹദ് തങ്ങളില്‍ ഒരു യഥാര്‍ഥ വിപ്ലവകാരിയെ കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാം വിഭാവന ചെയ്യുന്ന സാമൂഹിക മാറ്റത്തിനായി പാരമ്പര്യമായി കിട്ടിയ 'തങ്ങള്‍' പദവി തലമുറകള്‍ക്ക് കൈമാറാതെ ശ്രദ്ധിച്ചു, അദ്ദേഹം. ഇത് ശ്രദ്ധേയമായതുകൊണ്ടാണ് പ്രത്യേകം അനുസ്മരിച്ചത്.
വിവാഹം ഒരു വിവാദമായത് ഇപ്പോള്‍ വിവരിക്കുന്നില്ല. വിവാഹാനന്തരമുണ്ടായ കഠിനമായൊരു പരീക്ഷണ ഘട്ടത്തില്‍, താങ്ങും തണലുമായി നിന്നത് തങ്ങളാണ്. ആദ്യനാളുകളില്‍ ഭാര്യയോടൊന്നിച്ച് തങ്ങളുടെ കൂടെയായിരുന്നു താമസം. ഒരു പിതാവിന്റെ സ്ഥാനത്തു നിന്നു കൊണ്ടുള്ള തങ്ങളുടെ സാന്ത്വന വാക്കുകള്‍ ഒരിക്കലും മറക്കാത്ത ഓര്‍മകളാണ്. തങ്ങളുടെ സഹധര്‍മിണിയുടെ സമീപനവും മറക്കാനാവാത്തതാണ്. 'ആത്ത' എന്നാണ് എല്ലാവരും അവരെ വിളിച്ചിരുന്നത്. ഭാര്യ പലപ്പോഴും 'ആത്ത'യെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കാറുണ്ട്. ഒരു മകളെപ്പോലെ തൊട്ടും തലോടിയും 'ആത്ത' അവള്‍ക്ക് പകര്‍ന്നു നല്‍കിയ സ്നേഹം മായാത്ത ഓര്‍മകളാണ്.
തങ്ങളെപ്പോലുള്ള ഒരാള്‍, എടത്തനാട്ടുകരയിലെ ഏതോ കുടുംബത്തില്‍ പിറന്ന ഒരാളെ കുടുംബസമേതം കൂടെത്താമസിപ്പിക്കുന്നതിന്റെ യുക്തി എന്താണ്? ഈ ചോദ്യത്തിന്റെ വളച്ചുകെട്ടില്ലാത്ത ഉത്തരത്തിനു പറയുന്ന പേരാണ് ഇസ്ലാം. അങ്ങനെയാണ് ഇസ്‌ലാമിനെ മനസ്സിലാക്കിയിട്ടുള്ളത്. മക്കക്കാരനായ അബൂബക്‌റിനെയും പേര്‍ഷ്യക്കാരനായ സല്‍മാനെയും എത്യോപ്യക്കാരനായ ബിലാലിനെയും അവരുടെ പാരമ്പര്യം എന്തെന്ന് നോക്കാതെ ഒരു കുടക്കീഴില്‍ ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണല്ലോ ഇസ്ലാം. പ്രവാചകനിലൂടെ സ്ഥാപിതമായ ആ ഇസ്‌ലാമിന്റെ സുഗന്ധം ഈ കാലത്തും അനുഭവിച്ചറിയാന്‍ കഴിഞ്ഞത് തങ്ങളുടെയും കുടുംബത്തിന്റെയും സമീപനത്തിലൂടെയാണ്.
തങ്ങളുമായുള്ള ബന്ധം ആദര്‍ശബന്ധത്തിനപ്പുറം കുടുംബബന്ധമായി പരിണമിക്കുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. ഭാര്യാ സഹോദരന്‍ മുഹമ്മദ് ഷബീര്‍ തങ്ങളുടെ പേരക്കുട്ടിയായ ജഫ്‌ല ഹമീദുദ്ദീനെയാണ് വിവാഹം കഴിച്ചത്. അതോടെ പ്രിയപ്പെട്ട തങ്ങളുമായി ആദര്‍ശബന്ധത്തിനപ്പുറത്ത് കുടുംബബന്ധവും സ്ഥാപിതമായി. തങ്ങള്‍ സ്വന്തം കുടുംബത്തെയും അതിന് പാകപ്പെടുത്തിയതുകൊണ്ടാണല്ലോ അത് സാധ്യമാകുന്നത് എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ട കാര്യമാണ്.
ഇസ്‌ലാമിനെ അതിന്റെ ആദിമ വിശുദ്ധിയില്‍ പ്രതിനിധീകരിക്കാനും പ്രബോധനം ചെയ്യാനുമാണല്ലോ ഇസ്‌ലാമിക പ്രസ്ഥാനം നിലകൊള്ളുന്നത്. സ്വാഭാവികമായും അതിന് ചുക്കാന്‍ പിടിക്കുന്നവര്‍ അതിന്റെ പ്രയോക്താക്കളാവേണ്ടതാണ്. അബ്ദുല്‍ അഹദ് തങ്ങളില്‍നിന്ന് അത് പ്രത്യേകമായിത്തന്നെ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് ഇതിവിടെ കുറിച്ചത്.
ഇതിന്റെ അനുബന്ധമായി അനുസ്മരിക്കണമെന്നു തോന്നിയ കുളിര്‍മയുണ്ടാക്കിയ രണ്ട് അനുഭവങ്ങള്‍ കൂടി പറയട്ടെ. അതോടൊപ്പം സങ്കടകരമായ രണ്ടനുഭവങ്ങളും. അതിലൊന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സമുന്നതനായ ഒരു നേതാവ് ഒരേയൊരു മകന് വിവാഹാലോചന നടത്തുമ്പോള്‍ ആഗ്രഹമായി പറഞ്ഞ കാര്യങ്ങളാണ്: ഒന്നുകില്‍ 'ഒസ്സാന്‍' കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടി; അല്ലെങ്കില്‍ സത്യവിശ്വാസം സ്വീകരിച്ച ഒരു പെണ്‍കുട്ടി. എന്തായിരിക്കും ഇങ്ങനെ ചിന്തിക്കാനുള്ള പ്രേരണ? പാരമ്പര്യം ഇസ്‌ലാമിനേല്‍പിച്ച പരിക്കുകളെ പരിഹരിക്കാന്‍ എന്നാണതിന്റെ ഉത്തരം.
സങ്കടകരമായ അനുഭവം ചേര്‍ത്തു പറയുമ്പോഴാണ് പ്രസ്ഥാന നേതൃത്വം അങ്ങനെ ആഗ്രഹിച്ചതിന്റെ പ്രസക്തി മനസ്സിലാവുക.
ആലപ്പുഴയില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ ഒരു സഹോദരന്റെ കുറിപ്പ് കിട്ടി. ആ കുറിപ്പിലെ ഉള്ളടക്കം ഇതാണ്: 'ഞാനൊരു ബാര്‍ബര്‍ കുടുംബത്തിലെ അംഗമാണ്. മകള്‍ക്ക് വിവാഹപ്രായമായി. ഞങ്ങളുടെ കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹം ബാര്‍ബര്‍ കുടുംബങ്ങളിലേക്ക് മാത്രമേ നടന്നിട്ടുള്ളൂ. മകളെ അങ്ങനെ അല്ലാത്ത ഒരു കുടുംബത്തിലേക്ക് വിവാഹം കഴിച്ചയക്കാന്‍ ആഗ്രഹിക്കുന്നു. കഴിയുമോ?'
ഇതൊരു പിതാവിന്റെ സങ്കട ഹരജിയാണ്. ഇത്തരം സങ്കടങ്ങള്‍ കൂടി തീര്‍ക്കാനുള്ളതാണല്ലോ യഥാര്‍ഥത്തില്‍ ഇസ്‌ലാം. എന്നിരിക്കെ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുന്ന ഒരു സമുദായത്തിലേക്ക് ആരാണ് ഈ 'ജാഹിലിയ്യത്തി'നെ കടത്തിവിട്ടത്? ഇത്തരം തിന്മകളോട് നിശ്ശബ്ദത പാലിക്കുന്ന 'പാരമ്പര്യ'മാണ് സമുദായത്തിനുള്ളത്. ഇത്തരം ജാഹിലിയ്യാ പാരമ്പര്യങ്ങളോടുള്ള സമരമാണ് പ്രസ്ഥാനത്തിന്റെ നിലപാട്. അതിന്റെ ഭാഗമാണ് മേല്‍പറഞ്ഞ പ്രസ്ഥാന നേതൃത്വത്തിലുള്ള വ്യക്തിയുടെ ആഗ്രഹം.
രണ്ടാമത്തെ സങ്കടകരമായ അനുഭവം ഇസ്‌ലാം സ്വീകരിച്ച ഒരു സഹോദരനു വേണ്ടി വിവാഹാലോചന നടത്തിയപ്പോള്‍ കിട്ടിയ ഒരു 'തറവാട്ടുകാര'ന്റെ പ്രതികരണമാണ്. 'രണ്ട് തലമുറയെങ്കിലും കഴിയട്ടെ' എന്നായിരുന്നു ആ പ്രതികരണം!
യഥാര്‍ഥത്തില്‍ പ്രവാചകന്റെ അനുയായികള്‍ ആരും ഒരു തലമുറപോലും കഴിഞ്ഞവരായിരുന്നില്ല. എല്ലാവരും ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. മാത്രമല്ല, പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ എടുത്തു പറഞ്ഞ കാര്യങ്ങളിലൊന്ന്, 'അനിസ്‌ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതാ അസാധുവാക്കിയിരിക്കുന്നു' എന്നാണല്ലോ. ഇസ്‌ലാമിനകത്തുനിന്നു കൊണ്ടുള്ള അനിസ്‌ലാമിക കുലമഹിമകളും പദവികളും പേറിയുള്ള ഇത്തരം പാരമ്പര്യങ്ങളെ തിരുത്തലാണ് നവോത്ഥാനം.
എഴുത്തുകാരനും പണ്ഡിതനുമായ മറ്റൊരു നേതാവ് സ്വന്തം മകളെ സത്യവിശ്വാസം സ്വീകരിച്ച ഒരു സഹോദരന് വിവാഹം കഴിച്ചുകൊടുത്തുകൊണ്ടാണ് ഈ നവോത്ഥാനത്തില്‍ തന്റെ പങ്കാളിത്തം ഉറപ്പാക്കിയത്. ഇതും ശ്രദ്ധേയമായി തോന്നിയ കാര്യമാണ്. ഇസ്ലാം വിഭാവന ചെയ്യുന്ന സാമൂഹിക ക്രമത്തിനു വേണ്ടി സ്വന്തം ജീവിതം കൊണ്ട് വിപ്ലവത്തിന്റെ മുദ്രാവാക്യമെഴുതുന്ന നേതാക്കളാണല്ലോ പ്രസ്ഥാനത്തിന്റെ കരുത്ത്.
ആകാശത്തേക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കുന്നവനല്ല യഥാര്‍ഥ വിപ്ലവകാരി; സ്വന്തം ജീവിതം കൊണ്ട് നല്ല പരിവര്‍ത്തനങ്ങള്‍ക്കു വേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നവനാണ്. അത്തരം വ്യക്തികള്‍ കൂടിച്ചേരുമ്പോഴാണ് വിപ്ലവങ്ങള്‍ ഉണ്ടാവുക. ഇസ്‌ലാം അഥവാ ഇസ്‌ലാമിക പ്രസ്ഥാനം ഓരോ വ്യക്തിയില്‍നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. പാരമ്പര്യമായി കടന്നുകൂടിയ ജീര്‍ണതകളോട് രാജിയായിക്കൊണ്ട് എന്ത് വിപ്ലവമാണ് സാധിക്കുക! വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അധ്യായം നൂറ്റിപ്പതിനാലാം സൂക്തം വിശ്വാസികളെപ്പറ്റി പറയുന്നത്, 'അവര്‍ ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നല്ല കാര്യങ്ങളില്‍ മത്സരിച്ചു മുന്നേറുന്നു. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാണ്' എന്നാണ്.
വിപ്ലവ മുദ്രാവാക്യങ്ങളുടെ കുറവല്ല ലോകം അനുഭവിച്ചിട്ടുള്ളത്; ജീവിതം കൊണ്ട് വിപ്ലവങ്ങളെ അടയാളപ്പെടുത്തുന്നവരുടെ കുറവാണ്. അത് പരിഹരിച്ചവരാണ് പ്രവാചകന്മാര്‍. പ്രവാചകന്മാരെ പിന്‍പറ്റിയവരിലൂടെയാണ് ഇനി അത് സാധ്യമാവേണ്ടത്. അങ്ങനെ മാത്രമേ അത് സാധ്യമാവൂ. പ്രത്യേകിച്ചും സാമൂഹിക-മാനവിക വിപ്ലവങ്ങള്‍.
ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോള്‍ പല വിപ്ലവ മുദ്രാവാക്യങ്ങളും വിളിച്ചിട്ടുണ്ട്.
'ഞങ്ങളിലില്ലാ ഹൈന്ദവ രക്തം,
ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം,
ഞങ്ങളിലില്ലാ മുസ്‌ലിം രക്തം,
ഞങ്ങളിലുള്ളത് മാനവ രക്തം'
എന്നിങ്ങനെ മനോഹരമായ എത്രയെത്ര മുദ്രാവാക്യങ്ങള്‍! ജാതിമത പരിഗണനകളില്ലാതെ മനുഷ്യനെ ഒന്നായിക്കാണുന്ന ഒരു നല്ല സങ്കല്‍പം ആ മുദ്രാവാക്യങ്ങളിലുണ്ട്. പക്ഷേ, കാലം കുറേ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍, മുഷ്ടി ചുരുട്ടി ഈ മുദ്രാവാക്യങ്ങള്‍ വിളിച്ച അന്നത്തെ പാണന്‍ ഇന്നും പാണനാണ്. അന്നത്തെ തിയ്യന്‍ ഇന്നും തിയ്യനാണ്. അന്നത്തെ നായര്‍ ഇന്നും നായര്‍ തന്നെ. അന്നത്തെ നമ്പൂതിരി ഇന്നും അങ്ങനെത്തന്നെ! എന്ത് വിപ്ലവമാണ് നടന്നത്? യഥാര്‍ഥത്തില്‍ നടന്നത് ബഹളങ്ങള്‍ മാത്രമാണ്; വിപ്ലവങ്ങളല്ല. മനുഷ്യനെ ഉപരിപ്ലവമായി മാത്രം കാണുന്ന ഭൗതിക പ്രത്യയശാസ്ത്രങ്ങളിലൂടെ മാനവിക വിപ്ലവം സാധ്യമേ അല്ല എന്ന പാഠം പഠിച്ചത് അനുഭവങ്ങളിലൂടെയാണ്.
ഇസ്‌ലാം മനുഷ്യസമത്വം സ്ഥാപിക്കാന്‍ സ്വീകരിച്ച രീതിശാസ്ത്രം അത്ഭുതകരമായി തോന്നിയിട്ടുണ്ട്. അടിമകളെ ഉടമകള്‍ക്കെതിരിലോ കറുത്തവരെ വെളുത്തവര്‍ക്കെതിരിലോ തൊഴിലാളികളെ മുതലാളിമാര്‍ക്കെതിരിലോ സംഘടിപ്പിക്കുകയല്ല ചെയ്തത്. പരസ്പരം അംഗീകരിപ്പിച്ചുകൊണ്ടുള്ള സാമൂഹിക വിപ്ലവമാണ് നടത്തിയത്.
യഥാര്‍ഥത്തില്‍ മനുഷ്യര്‍ ഒരു ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണല്ലോ. അപ്പോള്‍ സ്വാഭാവികമായും ഒരു ദൈവിക ദര്‍ശനത്തിന് നിറത്തിന്റെയും വര്‍ണത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ മനുഷ്യനെ ഭിന്നിപ്പിക്കാന്‍ കഴിയില്ല. മനുഷ്യനെ വര്‍ണവും മറ്റും നോക്കാതെ ഒന്നിപ്പിക്കാനേ കഴിയൂ. ഭിന്നിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ക്കെതിരെ ഇരുകൂട്ടരെയും ബോധവല്‍ക്കരിക്കുക എന്ന നയമാണ് ഇസ്‌ലാമിന്റേത് എന്നാണ് മനസ്സിലായിട്ടുള്ളത്. ഇങ്ങനെ പരസ്പരം അംഗീകരിപ്പിക്കുന്നതിന്റെ മനസ്സില്‍ പതിഞ്ഞ മനോഹരമായൊരു ചരിത്ര സംഭവം ഇവിടെ അനുസ്മരിക്കട്ടെ.
അബൂദര്‍റുല്‍ ഗിഫാരി എന്ന പ്രവാചക ശിഷ്യന്‍ ഗിഫാര്‍ ഗോത്രത്തില്‍പെട്ട വെളുത്ത ഒരാളാണ്. ബിലാലും അബൂദര്‍റുല്‍ ഗിഫാരിയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. ദേഷ്യം വന്ന അബൂദര്‍റുല്‍ ഗിഫാരി 'കറുത്തവളുടെ മകനേ' എന്നോ മറ്റോ ബിലാലിനെപ്പറ്റി പറഞ്ഞുപോയി. ഇതറിഞ്ഞ പ്രവാചകന്‍ അബൂദര്‍റുല്‍ ഗിഫാരിയെ വിളിച്ച്, 'അല്ല അബൂദര്‍റേ, ആ ജാഹിലിയ്യത്തില്‍നിന്ന് ഇനിയും പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കാനായില്ലേ?' എന്ന് ചോദിക്കുന്നുണ്ട്. ആ ചോദ്യം അബൂദര്‍റിന് താങ്ങാന്‍ പറ്റിയില്ല. നീറുന്ന മനസ്സുമായി അദ്ദേഹം ബിലാലിന്റെ അടുത്ത് പോയി, പൊട്ടിക്കരഞ്ഞ്, മുഖം താഴ്ത്തിപ്പിടിച്ചുകൊണ്ട് മുഖത്ത് ചവിട്ടാന്‍ ബിലാലിനോട് കെഞ്ചുകയാണ് പിന്നെ!
ബിലാലിന്റെ കറുപ്പിനെ പരാമര്‍ശിച്ചുകൊണ്ടുള്ള അബൂദര്‍റിന്റെ ആ വിളിയില്‍ 'വര്‍ണവിവേചന'ത്തിന്റെ ഒരു അംശം കലര്‍ന്നിരുന്നു എന്നതാണല്ലോ ഈ സംഭവത്തിലെ പ്രശ്‌നം. ഇസ്‌ലാമിലേക്ക് പൂര്‍ണമായി പ്രവേശിക്കാത്തതിന്റെ ലക്ഷണമായിട്ടാണ് പ്രവാചകന്‍ അതിനെ കണ്ടത്. ഇവിടെ വെളുത്തവനെക്കൊണ്ട് കറുത്തവനെ അംഗീകരിപ്പിക്കുന്നത് എത്ര മനോഹരമായിട്ടാണ്!
ഇസ്‌ലാം പഠിപ്പിക്കുന്ന വിമോചനത്തിന്റെ രീതിശാസ്ത്രം ഈ സംഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ട്. ഏതെങ്കിലും വിഭാഗങ്ങളോടുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അടിസ്ഥാനത്തിലുള്ള ഐക്യപ്പെടലും പോരാട്ടവുമല്ല ഇസ്ലാമിന്റെ വിമോചന രീതിശാസ്ത്രം. ബിലാല്‍, സുമയ്യ, അമ്മാര്‍, യാസിര്‍ പോലെയുള്ള അടിമകളായിരുന്നവരെ ഖുറൈശികള്‍ക്കെതിരില്‍ അണിനിരത്തുകയല്ല പ്രവാചകന്‍ ചെയ്തത്. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, ഹംസ പോലെയുള്ള ഖുറൈശികളെയും അടിമകളായിരുന്നവരെയും ഇസ്‌ലാമിന്റെ കൊടിക്കീഴില്‍ തുല്യമനുഷ്യരാക്കുകയാണ് ചെയ്തത്. ഇസ്‌ലാമിന്റെ 'പ്ലാറ്റ്‌ഫോമി'ല്‍ ആദമിന്റെ എല്ലാ മക്കള്‍ക്കും സീറ്റുണ്ട്; കടന്നിരിക്കാന്‍ സന്നദ്ധതയുണ്ടെങ്കില്‍. അതില്‍ ഒരു വിവേചനവുമില്ല. ഇസ്‌ലാമിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കടന്നിരിക്കാതെ പുറത്തുനില്‍ക്കാനും ആദമിന്റെ മക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിന്റെ പേരില്‍ അവരോട് അനീതിയോ അക്രമമോ ഇസ്‌ലാം അനുവദിക്കുന്നില്ല. അധികാരമോ പദവികളോ ഉപയോഗിച്ച് ആരെങ്കിലും അവരോട് വിവേചനം കാണിച്ചാലോ? ഇസ്‌ലാം അതനുവദിക്കില്ല. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ഖലീഫാ 'ഉമറിന്റെ ചാട്ടവാര്‍' വീശിയ പല സന്ദര്‍ഭങ്ങളിലൊന്ന് വിവേചനത്തിനെതിരായിരുന്നു. ഇങ്ങനെ വര്‍ണം നോക്കാതെ മനുഷ്യനെ ചേര്‍ത്തുനിര്‍ത്താന്‍ ഇസ്‌ലാമിനേ കഴിയൂ.
അതുകൊണ്ടുതന്നെയാണ് ഇത്തരം ജാതീയ പ്രശ്‌നങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ അപവാദം മാത്രമാവുന്നത്. മറ്റു ജനതകളില്‍ നിലനില്‍ക്കുന്ന പോലെയുള്ള സാമൂഹിക വിപത്തായി മുസ്‌ലിം സമുദായത്തില്‍ ജാതീയതയില്ല. ഇസ്‌ലാമിന്റെ സ്വാധീനമാണതിനു കാരണം. ഈ യാഥാര്‍ഥ്യം മറന്നുകൊണ്ടല്ല ഇത്രയും പറഞ്ഞത്. അത്തരം അപവാദങ്ങളെപ്പോലും ഇസ്‌ലാം അനുവദിക്കുന്നില്ല എന്നതുകൊണ്ടാണ് അബ്ദുല്‍ അഹദ് തങ്ങളടക്കമുള്ള നേതാക്കള്‍ മേല്‍പറഞ്ഞ നിലപാടുകളെടുത്തത്.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വര്‍ണവിവേചനം, ജാതീയത പോലെയുള്ള തിന്മകളെ മായ്ച്ചുകളയാന്‍ ദൈവിക ദര്‍ശനം കൊണ്ട് മാത്രമേ സാധ്യമാകൂ. എന്നിരിക്കെ, ആ ദര്‍ശനത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അതിന്റെ ഒരംശവും ഉണ്ടാവാന്‍ പാടില്ലാത്തതാണ്.
ആധുനിക ശാസ്ത്രത്തിന്റെ പേരില്‍ പോലും വര്‍ണവിവേചനത്തെ ന്യായീകരിക്കുന്ന കാലമാണിത്. ഹിംമഌ എന്ന പരിണാമവാദി പറഞ്ഞത് 'നീഗ്രോകള്‍ എന്നു പറയുന്നത് മനുഷ്യക്കുരങ്ങില്‍നിന്ന് അധികമൊന്നും പരിണാമം സംഭവിച്ചിട്ടില്ലാത്തവരാണ്' എന്നാണ്. അതിനര്‍ഥം വെള്ളക്കാരാണ് പരിണാമ ശ്രേണിയിലെ ഉന്നതര്‍ എന്നാണല്ലോ. മാത്രമല്ല, അമേരിക്കയിലെ ഒരു കാഴ്ച ബംഗ്ലാവില്‍ 'ഓട്ടാബങ്കാ' എന്ന ഒരു നീഗ്രോ വംശജനെ മനുഷ്യനും മനുഷ്യക്കുരങ്ങിനും ഇടക്കുള്ള 'ഇടക്കണ്ണി'യായിപ്പോലും പ്രദര്‍ശിപ്പിച്ചിരുന്നു എന്നാണ് ചരിത്രം. ആ മനുഷ്യന്‍ പിന്നീട് ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്. ആധുനിക ശാസ്ത്രത്തിന്റെ പേരിലുള്ള പല സിദ്ധാന്തങ്ങളും മനുഷ്യത്വം തൊട്ടുതീണ്ടാത്തവയാണ്. മനുഷ്യപ്പറ്റില്ലാത്തതാണ് എന്നതുകൊണ്ടു മാത്രം അത് സത്യമാകാതിരിക്കണമെന്നില്ലല്ലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്‍ വംശീയമായി തുല്യരാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനെതിരില്‍ ഒരു ശാസ്ത്രീയമായ കണ്ടെത്തലോ? പിന്നെ ഖുര്‍ആന്‍ എങ്ങനെ ദൈവികമാവും? ഇത്തരം അവ്യക്തതകള്‍ നിലനില്‍ക്കുമ്പോഴാണ് 2001 ഫെബ്രുവരി 13-ലെ മാതൃഭൂമിയില്‍ മാനവ ജനിതക രേഖയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത വായിക്കുന്നത്. 'എല്ലാ മനുഷ്യരും ജനിതകമായി തുല്യരാണെന്ന സന്ദേശവുമായി മനുഷ്യ ജനിതകരേഖയുടെ ആദ്യ ചിത്രം ശാസ്ത്രജ്ഞന്മാര്‍ പുറത്തുവിട്ടു. വാഷിംഗ്ടന്‍, ലണ്ടന്‍, ബര്‍ലിന്‍, പാരിസ്, ടോക്കിയോ എന്നിവിടങ്ങളില്‍ ജീനോം പദ്ധതിയില്‍ അംഗങ്ങളായ ശാസ്ത്രജ്ഞരാണ് പത്രസമ്മേളനത്തില്‍ ഒരേസമയം ഈ പ്രഖ്യാപനം നടത്തിയത്... എല്ലാ മനുഷ്യരും ജനിതകമായി ആഫ്രിക്കക്കാരാണെന്നും വംശീയവ്യത്യാസം മനുഷ്യനിര്‍മിതമായ വെറും സങ്കല്‍പമാണെന്നുമുള്ള പ്രഖ്യാപനം കൂടിയാണ് മനുഷ്യ ജനിതക രേഖ.' ഖുര്‍ആനെതിരില്‍ ശാസ്ത്രത്തിന്റെ കണ്ടെത്തലോ എന്ന അവ്യക്തത ഇതോടെ തീര്‍ന്നു.
മാത്രമല്ല, ഏതെങ്കിലും സമുദായത്തില്‍ ജനിച്ച ഒരു പുരുഷന്‍ മറ്റേതെങ്കിലും സമുദായത്തില്‍ ജനിച്ച ഒരു സ്ത്രീയുമായി ദാമ്പത്യ ബന്ധത്തിലേര്‍പ്പെട്ടാല്‍ അതില്‍ കുഞ്ഞ് ജനിക്കുമല്ലോ. ആ കുഞ്ഞിന്റെ ജാതി ഏതായിരിക്കും? പ്രവാചകന്‍ പഠിപ്പിച്ചത് ഓരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടുകൂടിയാണ് എന്നാണ്. പിന്നീട് അവനെ ജൂതനോ ക്രിസ്ത്യനോ മജൂസിയോ ഒക്കെ ആക്കുന്നത് മാതാപിതാക്കളാണ്. ഈ യാഥാര്‍ഥ്യത്തില്‍ നിന്നു കൊണ്ടാണ് ഇസ്‌ലാം അതിന്റെ സാമൂഹിക വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നത്. ഇതിന് പകരം വേറൊരു ദര്‍ശനവുമില്ല എന്നതാണ് ഇസ്‌ലാമിനെ പ്രസക്തമാക്കുന്നതും.
മാല്‍ക്കം എക്‌സ് എന്ന അമേരിക്കന്‍ വിപ്ലവകാരി ഇസ്‌ലാം സ്വീകരിച്ച്, ഹജ്ജ് നിര്‍വഹിച്ച ശേഷം തന്റെ അനുഭവങ്ങള്‍ കുറിച്ചിട്ടുണ്ട്. ആധുനിക ലോകത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ പര്യപ്തമാണ് അദ്ദേഹത്തിന്റെ വിവരണം:
'ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ വ്യത്യസ്ത നിറക്കാര്‍. പക്ഷേ, ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്റെയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. വെളുത്തവര്‍ക്കും വെളുത്തവരല്ലാത്തവര്‍ക്കുമിടയില്‍ ഇത്തരം ഏകതാ ബോധം ഒരു കാലത്തും നിലനില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ് അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്. അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം സമൂഹത്തില്‍നിന്ന് വംശീയ പ്രശ്‌നങ്ങള്‍ മായ്ച്ചുകളയുന്ന ഒരേയൊരു ദര്‍ശനം ഇസ്‌ലാമാണ്... ഞാന്‍ പറയുന്ന ഈ വാക്കുകള്‍ കേട്ട് നിങ്ങള്‍ നടുങ്ങിയേക്കും.'
ഇതാണ് ഇസ്‌ലാമിന്റെ യാഥാര്‍ഥ്യവും അതിന്റെ പ്രസക്തിയും. എന്നിരിക്കെ ആദം സന്തതികള്‍ക്ക് വിശുദ്ധ ഖുര്‍ആനും പ്രവാചകനും പറഞ്ഞ പ്രകാരം 'പൗരത്വം' നല്‍കുന്നതില്‍ ഇസ്ലാമിന്റെ പേരില്‍ നിലകൊള്ളുന്ന സമൂഹം നിസ്സംഗത പുലര്‍ത്തുന്നു! ഇത് അപവാദങ്ങളാണെങ്കിലും, ഇസ്‌ലാമിന്റെ പേരില്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല എന്ന് തോന്നിയതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.
(തുടരും)
Comments