മാര്‍ക്‌സിസം മഹത്തായ കെട്ടുകഥ
വൈരുധ്യാധിഷ്ഠിത ഭൗതികവാദം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണമാണ്. ഇത് ഭൗതികവാദം തന്നെ അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോള്‍ പ്രായോഗികമല്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഈ ദാര്‍ശനിക വിഷയത്തെ ഇസ്ലാമിക വെളിച്ചത്തില്‍ പരിശോധിക്കാനാണ് ഈ എഴുത്തില്‍ ശ്രമിക്കുന്നത്.
വൈരുധ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന് സിദ്ധാന്തിച്ചത് ജര്‍മന്‍ തത്ത്വചിന്തകനായ ഹെഗലാണ്. ഹെഗല്‍ വൈരുധ്യങ്ങളുടെ സംഘര്‍ഷ സ്ഥലമായി കണ്ടത് ആശയമണ്ഡലത്തെയാണ്. ഒരാശയം രൂപപ്പെടുന്നു. ഹെഗല്‍ അതിന് തിസീസ് എന്ന് വിളിച്ചു. അതിനെതിരായ മറ്റൊരു ആശയം രൂപമെടുക്കുന്നു. അല്ലെങ്കില്‍ തിസീസിനെതിരായ പ്രതിവാദം ഉണ്ടാവുന്നു. ഇതിനെ ഹെഗല്‍ ആന്റിതിസീസ് എന്നു വിളിച്ചു. തുടര്‍ന്ന് ഇവ രണ്ടിന്റെയും സമന്വയമുണ്ടാകുന്നു. ഹെഗലിന്റെ ഭാഷയില്‍ സിന്തസിസ്. ഈ സിന്തസിസ് പിന്നീട് ഒരു തിസീസായി മാറുന്നു. ഈ തിസീസിനെതിരെ ആന്റിതിസീസ് ഉണ്ടാവുന്നു. അതില്‍നിന്ന് സിന്തസിസ് ഉണ്ടാവുന്നു.
യുവ ഹെഗലിയന്മാരായിരുന്നു കാള്‍ മാര്‍ക്‌സും ഫെഡ്രറിക് എംഗല്‍സും. അവരുടെ ബൗദ്ധിക ജീവിതത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍, ഈ തത്ത്വചിന്താപരമായ വിശകലന രീതിശാസ്ത്രത്തെ മറ്റൊരു രീതിയില്‍ അവതരിപ്പിച്ചതാണ് വൈരുധ്യാധിഷ്ഠിത ഭൗതികവാദം. ഹെഗല്‍ ആശയമണ്ഡലത്തില്‍ നടക്കുന്നു എന്നു സിദ്ധാന്തിച്ച വൈരുധ്യങ്ങളുടെ സംഘട്ടനത്തെ ഭൗതിക മണ്ഡലത്തിലേക്ക് മാറ്റിനടുകയാണ് മാര്‍ക്‌സും എംഗല്‍സും ചെയ്തത്. മാര്‍ക്‌സിന്റെ തന്നെ ഭാഷയില്‍, തല കീഴായി നിന്നിരുന്ന ഹെഗലിയന്‍ വൈരുധ്യവാദത്തെ തലനേരെയാക്കി നിര്‍ത്തുകയായിരുന്നു മാര്‍ക്‌സിസം. ഭൗതിക പ്രപഞ്ചത്തിലും സാമൂഹിക ജീവിതത്തിലും മനുഷ്യന്റെ ആശയ വൈകാരിക തലത്തിലും ഈ വൈരുധ്യ നിയമമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാര്‍ക്‌സ് അവകാശപ്പെട്ടു. ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ല, ഉള്ളവന്‍ / ഇല്ലാത്തവന്‍, അടിമ /ഉടമ, ഭൂവുടമ /കൃഷിക്കാരന്‍, മുതലാളി / തൊഴിലാളി എന്നിങ്ങനെ ഭൗതിക വസ്തുക്കള്‍ കൈവശം വെക്കുന്നവരും അത് കൈവശം വെക്കാനാവാത്തവരും തമ്മിലുള്ള വൈരുധ്യവും അവര്‍ തമ്മിലുള്ള സംഘര്‍ഷവുമാണ് ചരിത്രത്തെ നയിക്കുന്നതെന്നാണ് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ അന്തസ്സത്ത.
മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ നിയന്ത്രിക്കുന്ന നിയമമെന്ന അര്‍ഥത്തില്‍ ഇതിനെ ചരിത്രപരമായ ഭൗതികവാദമെന്നും മാര്‍ക്‌സിസം വിളിക്കുന്നു. സമ്പത്തും അതിന്റെ ഉടമസ്ഥതയും അതിനെ ചുറ്റിയുള്ള ബന്ധങ്ങളുമാണ് സമൂഹത്തിന്റെ അടിത്തറ. നിയമങ്ങള്‍, മതങ്ങള്‍, കലാ-സാഹിത്യ സൃഷ്ടികള്‍ മുതലായ ആശയലോകം ഈ അടിത്തറകളുടെ മേല്‍പുരയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘട്ടനമാണ് സമൂഹത്തിന്റെ നിയാമക ശക്തി. ഈ സംഘട്ടനത്തിലൂടെ ഉള്ളവനും ഇല്ലാത്തവനുമില്ലാത്ത വര്‍ഗരഹിത സമൂഹം രൂപം കൊള്ളുന്നു. മതങ്ങള്‍ ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ അതതു കാലത്ത് സമ്പത്ത് കൈവശം വെക്കുന്നവരുടെ, കുറേക്കൂടി മാര്‍ക്‌സിയന്‍ പദാവലികളില്‍ പറഞ്ഞാല്‍ ഉല്‍പാദന ഉപാധികള്‍ കൈവശം വെക്കുന്നവരുടെ താല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും താങ്ങിനിര്‍ത്തുന്നതുമായിരിക്കും എന്നത് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പ്രധാന ഭാഗമാണ്.
വൈരുധ്യവാദത്തില്‍ ഹെഗലും മാര്‍ക്‌സും തമ്മിലുള്ള വ്യത്യാസം മാര്‍ക്‌സിസത്തെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണെങ്കിലും മാര്‍ക്‌സിസത്തിന് പുറത്തു നിന്ന് ആലോചിക്കുമ്പോള്‍ അത് അത്ര മൗലിക പ്രധാനമല്ല. ആശയതലത്തിലാവട്ടെ, ഭൗതിക തലത്തിലാവട്ടെ വൈരുധ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് മനുഷ്യ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത് എന്ന ആശയമാണ് മൗലികമായി പരിശോധിക്കപ്പെടേണ്ടത്. കാരണം ഹെഗല്‍ പറഞ്ഞ തിസീസ്, ആന്റിതിസീസ്, സിന്തസിസ് സിദ്ധാന്തത്തില്‍ മാര്‍ക്‌സ് കൂട്ടിച്ചേര്‍ക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തിട്ടില്ല. തലതിരിച്ചിടുക മാത്രമാണ് ചെയ്തത്. മാര്‍ക്‌സിന്റെ ഭാഷയില്‍ തല നേരെയാക്കി നിര്‍ത്തുക മാത്രം.
ഹെഗലും മാര്‍ക്‌സും പറയുന്ന വൈരുധ്യങ്ങള്‍ എന്ന സങ്കല്‍പ്പം തന്നെയാണ് ഒന്നാമതായി വിശകലനവിധേയമാക്കേണ്ടത്. ഇവര്‍ പറയുന്ന വൈരുധ്യങ്ങള്‍ യഥാര്‍ഥത്തില്‍ വൈരുധ്യങ്ങളല്ല, വൈവിധ്യങ്ങളാണ്. ഈ വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തിന് ദൈവികമായ നിയമങ്ങളുണ്ട്. ഇവ പാലിച്ചുകൊണ്ട് ഈ വൈവിധ്യങ്ങള്‍ പരസ്പരം ഇടപഴകിയാല്‍ സംഘര്‍ഷത്തിനു പകരം സമന്വയം രൂപപ്പെടും. വൈവിധ്യങ്ങള്‍ക്കിടയില്‍ പാലിക്കേണ്ട ദൈവിക നിയമങ്ങള്‍ പാലിക്കപ്പെടാതിരിക്കുമ്പോഴാണ് വൈവിധ്യങ്ങള്‍ വൈരുധ്യങ്ങളായി മാറുന്നത്. അപ്പോള്‍ മാത്രമാണ് വൈരുധ്യങ്ങളുടെ സംഘട്ടനം ഉണ്ടാവുന്നത്. ഉദാഹരണത്തിന്, സമ്പന്നനും ദരിദ്രനും. ദൈവിക നിയമങ്ങളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ മറ്റു വ്യത്യാസങ്ങളെ, വൈവിധ്യങ്ങളെ പോലെ സാമ്പത്തിക വ്യത്യാസവും പൂര്‍ണമായി ഒരിക്കലും ഇല്ലാതാവുകയില്ല, ഇല്ലാതാവേണ്ടതുമില്ല. പക്ഷേ, സാമ്പത്തിക ചൂഷണം വൈവിധ്യത്തിന്റെ ഭാഗമല്ല, അനീതിയുടെയും അക്രമത്തിന്റെയും ഭാഗമാണ്. അതുകൊണ്ട് സമ്പത്ത് സമ്പാദിക്കുന്നതിന് ഇസ്‌ലാം ധാരാളം നിയമങ്ങള്‍ നിശ്ചയിച്ചു. അവയെല്ലാം അന്യായത്തെയും ചൂഷണത്തെയും തടയുന്നതാണെന്നു കാണാന്‍ കഴിയും. ഉള്ളവന്‍ ഇല്ലാത്തവനെ ചൂഷണം ചെയ്ത് ഏതു വിധേനയും സമ്പത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സാധ്യതാ വാതിലുകളെല്ലാം ഇസ്‌ലാം അടച്ചുകളഞ്ഞു. പലിശനിരോധം ഈ തത്ത്വത്തിന്റെ ഒന്നാം തരം ഉദാഹരണമാണ്. ഇങ്ങനെ ന്യായമായി മാത്രം സമ്പാദിച്ച സമ്പത്തില്‍ തന്നെ സമ്പത്ത് കുറഞ്ഞവര്‍ക്കും ഇല്ലാത്തവര്‍ക്കും നിശ്ചിത അളവ് അവകാശം നിശ്ചയിച്ചു. ചരിത്രപരമോ സാമൂഹികമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ സമ്പത്ത് ഇല്ലാതെ പോയ മനുഷ്യര്‍ക്ക് വളരാനാവശ്യമായ പ്രാഥമിക സമ്പത്ത് അല്ലെങ്കില്‍ പ്രാഥമിക മൂലധനം സമ്പത്തുള്ളവരുടെ സമ്പത്തില്‍ തന്നെ അവകാശമാക്കി നിശ്ചയിച്ചു. ഇത് പിരിച്ചോ പിടിച്ചോ എടുക്കുകയും അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കി നിശ്ചയിച്ചു. ഇസ്‌ലാമിലെ സാമ്പത്തിക നിയമങ്ങളുടെ അടിത്തറ തന്നെ സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കുക (ഖുര്‍ആന്‍ 59:7) എന്നതാണ്.
ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തില്‍ ഒരാളുടെ സമ്പത്തില്‍ ധാരാളം അവകാശികള്‍ ഉണ്ടാവുന്നതിന്റെ യുക്തി സമ്പത്തിന്റെ വികേന്ദ്രീകരണത്തെ ത്വരിതപ്പെടുത്തുക എന്നതാണെന്ന് അബുല്‍ അഅ്‌ലാ മൗദൂദി നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിലെ സാമ്പത്തിക നിയമങ്ങളെ അവയുടെ സാകല്യത്തില്‍ പരിശോധിക്കുമ്പോള്‍ സമ്പന്നന്റെ താല്‍പര്യങ്ങളും സമ്പത്ത് കുറഞ്ഞവരുടെ താല്‍പര്യങ്ങളും തമ്മില്‍ സംഘര്‍ഷഭരിതമായ വൈരുധ്യങ്ങള്‍ ഒന്നും തന്നെയില്ല. ദരിദ്രന് വളരുന്നതിനും വികസിക്കുന്നതിനും തടസ്സം നില്‍ക്കുന്ന വംശീയ ഉച്ചനീചത്വപരമായ എല്ലാറ്റിനെയും ഇസ്‌ലാം ഇല്ലാതാക്കുന്നു. ഉള്ളവന്‍ എന്നാല്‍ ഇല്ലാത്തവന്റെ വര്‍ഗശത്രു എന്നതിനു പകരം, ഇല്ലാത്തവനെയും വളരാന്‍ സഹായിക്കുന്നവന്‍ എന്ന സാഹോദര്യത്തിന്റെ വിതാനത്തിലേക്ക് കാര്യങ്ങളെ കൊണ്ടുവരുന്നു. സമ്പന്നന്റെ സമ്പത്ത് ന്യായമായി സമ്പാദിച്ചതാണെങ്കില്‍ അത് തകരാതെ തന്നെ ഇല്ലാത്തവനും വളരാനുള്ള സാമൂഹിക സാഹചര്യവും സാമ്പത്തിക പിന്‍ബലവും സൃഷ്ടിച്ചെടുക്കുന്നു.
ഇവിടെ വൈവിധ്യങ്ങളുടെ സംഘട്ടനത്തിലൂടെ പുതിയത് രൂപമെടുക്കുന്നതിനു പകരം വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തിലൂടെ സമൂഹം മുന്നോട്ട് സഞ്ചരിക്കുകയും വളരുകയുമാണ് ചെയ്യുന്നത്. ഹെഗലും മാര്‍ക്‌സും പറഞ്ഞത് ഇസ്‌ലാമിനു പുറത്ത് ഒരു പരിധിവരെ ശരിയാണ്. അവര്‍ പറഞ്ഞ തിസീസിനും ആന്റിതിസീസിനുമിടയിലുള്ള ശേഷമുള്ളതല്ല, മധ്യമാര്‍ഗമാണ് ഇസ്‌ലാം അഥവാ സ്വിറാത്തുല്‍ മുസ്തഖീം (ചൊവ്വായ പാത), അല്ലെങ്കില്‍ സവാഉസ്സബീല്‍ (നേര്‍മാര്‍ഗം). ഹെഗലും മാര്‍ക്‌സും പറയുന്ന സിന്തസിസ് ഒരു താല്‍ക്കാലിക സമവായം മാത്രമാണ്. അവരുടെ കാഴ്ചപ്പാടില്‍ മനുഷ്യ പ്രകൃതം തന്നെ വൈരുധ്യങ്ങളുടെ സംഘര്‍ഷമായതുകൊണ്ട് ഈ സിന്തസിസ് മറ്റൊരു തിസീസായി മാറും. വീണ്ടും സംഘട്ടനം ആരംഭിക്കും. മാര്‍ക്‌സിസത്തില്‍ വൈരുധ്യങ്ങള്‍ ഇല്ലാതാവുകയും സംഘര്‍ഷങ്ങള്‍ അവസാനിക്കുകയും ചെയ്യുന്ന ഘട്ടമാണ് വര്‍ഗരഹിത സമൂഹം. അത് സമ്പൂര്‍ണമായി എങ്ങനെയായിരിക്കണമെന്ന് മാര്‍ക്‌സിനോ ഏംഗല്‍സിനോ പറയാന്‍ കഴിഞ്ഞിട്ടില്ല. അതിലേക്കുള്ള വഴിയാവട്ടെ അങ്ങേയറ്റം സംഘര്‍ഷഭരിതം മാത്രമല്ല, പലപ്പോഴും രക്തപങ്കിലവുമാണ്. മഹത്തായ സ്വപ്‌നത്തിലേക്കുള്ള നീചമായ മാര്‍ഗമാണ് മാര്‍ക്‌സിസം. ആ മഹത്തായ സ്വപ്‌നമാകട്ടെ ഒരു കെട്ടുകഥ മാത്രവുമാണ്. വൈരുധ്യങ്ങളെ അതിന്റെ പ്രകൃതിപരമായ, അല്ലെങ്കില്‍ ദൈവികമായ യാഥാര്‍ഥ്യത്തില്‍ മനസ്സിലാക്കുന്നതില്‍ ഹെഗലും മാര്‍ക്‌സും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇവര്‍ വൈരുധ്യം എന്ന് പറയുന്നതിന്റെ യാഥാര്‍ഥ്യം (ഹഖ്) വൈരുധ്യമല്ല, വൈവിധ്യമാണ്. അദൈവികമായ കാഴ്ചപ്പാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ഈ വൈവിധ്യങ്ങള്‍ വൈരുധ്യങ്ങളായി മാറുന്നത്. ഇവയെ സംഘട്ടനത്തിന് വിട്ടുകൊടുക്കാതെ അതിന്റെ ശരിയായ യാഥാര്‍ഥ്യത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്യേണ്ടത്.
മനുഷ്യബന്ധങ്ങള്‍ക്കകത്തേക്ക് ധാര്‍മിക മൂല്യങ്ങള്‍ കടത്തിവിടുമ്പോള്‍ മാത്രം സംഭവിക്കുന്ന കാര്യമാണ് വൈവിധ്യങ്ങളുടെ സമന്വയവും സഹവര്‍ത്തിത്വവും.
തിസീസിനും ആന്റിതിസീസിനുമിടയിലുള്ള മധ്യമാര്‍ഗത്തിനു മാത്രമേ എല്ലാറ്റിനെയും അതിന്റെ യാഥാര്‍ഥ്യത്തില്‍ മനസ്സിലാക്കാനും ഇടപഴകുന്ന എല്ലാവരോടും നീതി കാണിക്കാനും കഴിയുകയുള്ളൂ. തിസീസും ആന്റിതിസീസും ആത്യന്തികതയുടെയും അനീതിയുടെയും രണ്ടറ്റങ്ങളായിരിക്കും. മൗലാനാ മൗദൂദി ചൂണ്ടിക്കാട്ടിയ പോലെ, ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അഭാവത്തില്‍ സിന്തസിസ് എന്ന മധ്യമ മാര്‍ഗത്തില്‍ കാലുറപ്പിക്കാന്‍ ഈ ചിന്താ സരണിക്ക് കഴിയുകയുമില്ല (തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറ അല്‍മാഇദ വാക്യം 16-ന്റെ വ്യാഖ്യാനക്കുറിപ്പ്).
Comments