Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

നേതാക്കളുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും മതേതര പാര്‍ട്ടികളുടെ വംശീയതയും

സജീദ് ഖാലിദ്

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രം എന്ന് സി.പി.ഐ (എം) കേരള ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ കോഴിക്കോട് ജില്ലയിലെ മുക്കത്തു വെച്ച് നടത്തിയ പ്രസ്താവന കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിവാദമായതോടെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് അദ്ദേഹം മലക്കം മറിഞ്ഞു. അദ്ദേഹത്തിന്റെ മുന്‍കാല നടപടികള്‍ അറിയുന്ന ആര്‍ക്കും ഇത്തരം ഒരു പരാമര്‍ശം അദ്ദേഹം നടത്തുമെന്നതില്‍  തെല്ലും സംശയം ഉണ്ടാകാനിടയില്ല.
ഇന്ത്യയില്‍ പൊതുവിലും കേരളത്തിലും ന്യൂനപക്ഷങ്ങള്‍ എന്നു വിവക്ഷിക്കുമ്പോള്‍ അതില്‍ മുസ്‌ലിംകളും ക്രൈസ്തവരും പാഴ്‌സികളും വേറെയും ചില മതസമൂഹങ്ങളും ഉള്‍പ്പെടുമെങ്കിലും ന്യൂനപക്ഷ വര്‍ഗീയത എന്ന് വിജയരാഘവനോ കേരളത്തിലെ മറ്റേതെങ്കിലും നേതാക്കളോ പറയുമ്പോള്‍ അവരര്‍ഥമാക്കുക മുസ്‌ലിം വര്‍ഗീയത എന്നു തന്നെയാണ്.
കേരളത്തിലോ ഇന്ത്യയിലെവിടെയെങ്കിലുമോ മുസ്‌ലിം വര്‍ഗീയത  ആസൂത്രിതമായി സംഘടിത രൂപം പ്രാപിച്ചതായോ, അപകടകരമാംവിധം തീവ്ര സ്വഭാവം  കൈവരിച്ചതായോ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയില്ല. മതേതര പ്രഛന്ന വേഷം ധരിച്ച ഇത്തരം നേതാക്കളും ഹാര്‍ഡ്‌കോര്‍ സംഘ് പരിവാറുകാരും നടത്തുന്ന വിദ്വേഷ പ്രഭാഷണങ്ങളിലല്ലാതെ ഒരിടത്തും അങ്ങനെയൊന്ന് കാണിച്ചുതരാനാവില്ല.
വിജയരാഘവന്റെ ഇത്തരത്തിലുള്ള ആദ്യ പരാമര്‍ശമല്ല ഇത്. എന്നു മാത്രമല്ല, വേറേയും സമുന്നത നേതാക്കള്‍ ഇത്തരത്തില്‍ മുസ്‌ലിം ജനസമൂഹത്തെ അടച്ചാക്ഷേപിച്ചും പൈശാചികവത്കരിച്ചും ഈ വിധം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും പേറ്റന്റ് എടുത്തവരെന്ന് അവകാശപ്പെടുന്ന നിരവധി പേര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതായി നമുക്ക് കാണാനാകും. അവയില്‍ പലതും സംഘ് പരിവാര്‍ ദേശീയതലത്തില്‍ തന്നെ ആയുധമായി ഉപയോഗിച്ചിട്ടുമുണ്ട്.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറി  എന്ന് പ്രസ്താവിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 2020 ഫെബ്രുവരി 3-ന് നിയമസഭാ ചോദ്യോത്തരത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  പൗരത്വ പ്രക്ഷോഭങ്ങളില്‍ കേരളത്തില്‍ രൂപപ്പെട്ട മുസ്‌ലിം സംഘടനകളുടെ ഐക്യത്തെ തുരങ്കം വെക്കാന്‍ പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടതിന്റെ ഈര്‍ഷ്യയിലാണ് പിണറായി വിജയന്‍ ഇത് പറഞ്ഞതെങ്കിലും ഇത് ആയുധമാക്കിയത് സംഘ് പരിവാറാണ്. 2020 ഫെബ്രുവരി ആറിന് നരേന്ദ്ര മോദി രാജ്യസഭയില്‍ പിണറായി വിജയന്റെ ഈ പ്രസ്താവന ക്വാട്ട് ചെയ്യുകയുണ്ടായി. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ രാജ്യമാകെയുള്ള പോലീസ് വേട്ടയുടെ ന്യായമായി പ്രധാനമന്ത്രി എടുത്തു പറഞ്ഞത് കേരള മുഖ്യമന്ത്രിയുടെ നിയമസഭാ പരാമര്‍ശമാണ്!
മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് വലിയ വിജയം നേടുന്നതെന്ന് 2005-ലെ എന്‍ട്രന്‍സ് പരീക്ഷാ ഫലത്തെ വിശകലനം ചെയ്തുകൊണ്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശവും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. കേരളത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ല എന്ന നിലയില്‍ മലപ്പുറത്തെ ആ നിലക്ക് വംശീയമായി അധിക്ഷേപിക്കുക എന്നത് സ്ഥിരമായി കാണുന്ന പ്രവണതയാണ്. പ്രവാസവും സംരംഭകത്വവും വിവിധ സംഘടനകളുടെ മത്സരാധിഷ്ഠിത പ്രവര്‍ത്തനവുമെല്ലാം കാരണം കേരളത്തിലെ മുസ്‌ലിംകളില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ കണ്ടുവരുന്ന പുത്തനുണര്‍വിന്റെ ഭാഗമാണ് വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച. ഈ വളര്‍ച്ചയെ ഇകഴ്ത്തുക  മാത്രമല്ല, മുസ്‌ലിംകളെ വിദ്യാഭ്യാസപരമായി ഉയരാന്‍ അനുവദിക്കരുത് എന്ന ഗൂഢ ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.
2021 ഫെബ്രുവരി 21-ന്  സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, ഒരു സംഘടന വിദ്യാര്‍ഥികളെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് പഠിപ്പിക്കാനയക്കുന്നത് വലിയ തീവ്രവാദ പ്രവര്‍ത്തനമാണെന്ന മട്ടില്‍ നടത്തിയ പരാമര്‍ശം ഇതിനോട് ചേര്‍ത്തു വായിക്കുക. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സും കേന്ദ്ര സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ഉതകുന്ന മറ്റു മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതു പോലും അപകടകരമാണ് എന്ന് വ്യാഖ്യാനിക്കുന്നത്    സംഘ് പരിവാര്‍ സൃഷ്ടിച്ച ഇസ്‌ലാമോഫോബിയ എന്ന മനോരോഗത്തെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ടാണ്.
ഗെയ്ല്‍ പൈപ്പ്‌ലൈനുമായി ബന്ധപ്പെട്ട് അതിന് ഇരകളായ ജനങ്ങള്‍ സംഘടിച്ച് നടത്തിയ പ്രക്ഷോഭങ്ങളെ മുസ്‌ലിം തീവ്രവാദ പ്രവര്‍ത്തനമായി പറഞ്ഞത് എ. വിജയരാഘവനാണ്. ദേശീയ പാതയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സമരത്തെയും അദ്ദേഹം ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. കരിമണല്‍ ഖനനത്തിനെതിരെ കൊല്ലം ജില്ലയിലെ ആലപ്പാട്ട് നടന്ന ജനകീയ പ്രക്ഷോഭത്തെ കേരളത്തിലെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ വിശേഷിപ്പിച്ചത് മലപ്പുറത്തുകാര്‍ നടത്തുന്ന സമരം എന്നാണ്. ആലപ്പാട് പഞ്ചായത്തും മലപ്പുറവും തമ്മില്‍ ഇവ രണ്ടും കേരളത്തിലാണ് എന്നതൊഴിച്ച് ഭൂമിശാസ്ത്രപരമായോ മറ്റോ യാതൊരു ബന്ധവുമില്ല. ആലപ്പാട്ടെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായാണ് അവിടെ സമരം നടത്തിയിരുന്നത്. പക്ഷേ ആ സമരത്തെ മലപ്പുറത്തുകാരുടെ സമരം എന്ന് വിശേഷിപ്പിച്ചതിന്റെ ഗൂഢോദ്ദേശ്യം എന്തെന്ന് വളരെ വ്യക്തം.
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെ സംബന്ധിച്ച് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്നാണ്. മലപ്പുറത്ത് വിജയിച്ചത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായതാണ് കടകംപള്ളി ഇങ്ങനെ പറയാന്‍ കാരണം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ഹസന്‍-കുഞ്ഞാലിക്കുട്ടി- അമീര്‍ കൂട്ടുകെട്ടാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന കേരളത്തെ  വര്‍ഗീയമായി ധ്രുവീകരിക്കാന്‍ വേണ്ടി തന്നെയാണ്. യു.ഡി.എഫ് എന്ന കേരളത്തിലെ മതേതര മുന്നണി മുസ്‌ലിംകളുടെ കൈയിലെത്തിയെന്നും അത് കേരളത്തിലെ മറ്റു മതവിശ്വാസികള്‍ക്ക് അപകടമാണെന്നും  സിഗ്നല്‍ കൊടുക്കുകയായിരുന്നു കോടിയേരി.
കോടിയേരി നടത്തിയ ഈ പരാമര്‍ശം സംഘ് പരിവാര്‍ ദേശീയ തലത്തില്‍ ഏറ്റെടുക്കുകയും ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാ സഖ്യത്തിനെതിരെ കോടിയേരിയുടെ പരാമര്‍ശം വെച്ച് കോണ്‍ഗ്രസ് മുസ്‌ലിം ഭീകരതയുടെ തടവറയിലാണ് എന്ന പ്രചാരണം നടത്തി വര്‍ഗീയ ധ്രുവീകരണം നടത്തി ബിഹാറില്‍ ബി.ജെ.പി സഖ്യം.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണപങ്കാളിത്തം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഭരണഘടന വിഭാവന ചെയ്ത സംവരണത്തെ അട്ടിമറിച്ച് നടപ്പാക്കിയ മുന്നാക്ക സംവരണത്തിനെതിരെ ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ നടത്തിയ എതിര്‍പ്പിനെ മുസ്‌ലിം വര്‍ഗീയതയായി വ്യാഖ്യാനിച്ച്  സംഘ് പരിവാര്‍ പൊതുബോധത്തിന്റെ പിന്തുണ നേടിയെടുക്കുക എന്ന വംശീയ അജണ്ടയും കേരളത്തില്‍ അവതരിപ്പിച്ചത് സി.പി.ഐ (എം) ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനാണ്.
സംഘ് പരിവാര്‍ വിഭാവന ചെയ്യുന്ന മുസ്‌ലിംവിരുദ്ധ വംശീയ അജണ്ടയുടെ ആനുകൂല്യം കൈപ്പറ്റാനാണ് ഇതിനിവര്‍ തുനിഞ്ഞിറങ്ങുന്നത്. ഈ പ്രഛന്ന സംഘ് പരിവാര്‍ അജണ്ടയാണ് സംഘ് പരിവാറിനെ രാജ്യത്ത് വളര്‍ത്തിയത്. സംഘ് പരിവാറിനെ ഭൂരിപക്ഷ വര്‍ഗീയ സംഘടനയായി കണ്ടതാണ് രാജ്യത്തെ മതേതര പാര്‍ട്ടികള്‍ ചെയ്ത ഒന്നാമത്തെ തെറ്റ്.  അതോടെ സംഘ് പരിവാര്‍ ഇന്ത്യയിലെ ഹൈന്ദവ ജനതയെ സംബന്ധിച്ച് ഭയപ്പെടേണ്ടതില്ലാത്ത ഒന്നായി മാറുന്നു.
ഈ തെറ്റ് വന്നതോടെ അനിവാര്യമായ രണ്ടാം തെറ്റിലേക്കും ഇവര്‍ക്ക് കടക്കേണ്ടിവന്നു. സംഘ് പരിവാര്‍ ഹൈന്ദവ വര്‍ഗീയതയാണ് ഏറ്റെടുക്കുന്നത് എന്ന് പറയുമ്പോള്‍, ഹൈന്ദവ ജനതക്കുണ്ടാകുന്ന അസ്വസ്ഥത തങ്ങളെ ബാധിക്കുമോ എന്ന ഭയത്താല്‍ സംഘ് പരിവാറിന് ഒരു മറുപക്ഷം ചാര്‍ത്തി ന്യൂനപക്ഷ വര്‍ഗീയത എന്ന മിത്തിനെയും മതേതര പാര്‍ട്ടികള്‍ക്ക് തന്നെ സൃഷ്ടിക്കേണ്ടി വരുന്നു. ന്യൂനപക്ഷം എന്നതിനെ പതിയെ പതിയെ മുസ്‌ലിം എന്നാക്കുന്നു. മുസ്‌ലിം വര്‍ഗീയതയും ഹൈന്ദവ വര്‍ഗീയതയും മുഖാമുഖമെന്ന മട്ടില്‍ പ്രചാരണം നടത്തുന്നു. ആര്‍.എസ്.എസ്‌വത്കൃത ഭരണ സംവിധാനങ്ങളും മീഡിയയും സൃഷ്ടിക്കുന്ന ഭീതിതമായ കഥകള്‍, ഇല്ലാത്ത മുസ്‌ലിം വര്‍ഗീയതയെ കൂടുതല്‍ ഭീതിതമാക്കുന്നു.
ഭൂരിപക്ഷ ഹൈന്ദവ ജനതയെ  സംബന്ധിച്ചേടത്തോളം അപകടം ഹൈന്ദവ വര്‍ഗീയതയല്ലല്ലോ, ഹൈന്ദവ ജനതയെ ആക്രമിക്കാനൊരുങ്ങുന്ന മുസ്‌ലിം വര്‍ഗീയതയാണല്ലോ. അതുകൊണ്ടുതന്നെ മുസ്‌ലിം വിരുദ്ധ വംശീയ നിലപാടെടുക്കുന്ന ആര്‍.എസ്.എസിനോട് അനുഭാവം ഈ സമൂഹങ്ങളില്‍ രൂപപ്പെടുന്നു. മുസ്‌ലിമല്ലാത്ത എല്ലാ ജനവിഭാഗങ്ങളിലും ഈ വംശീയ വിദ്വേഷം പടര്‍ത്താന്‍ ആര്‍.എസ്.എസിനാവുന്നു. യഥാര്‍ഥത്തില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും അപകടപ്പെടുത്തുന്ന കോര്‍പ്പറേറ്റ്  സവര്‍ണ വംശീയ വാദമാണ് ആര്‍.എസ്.എസ് ഉയര്‍ത്തുന്നത് എന്നത് മറന്നുകൊണ്ടാണ് ഇവിടെ ഈ ലളിതവത്കരണവും താരതമ്യവും നടക്കുന്നത്.
അധികാരത്തിന്റെയും മാധ്യമ പ്രോപ്പഗണ്ടയുടെയും കോര്‍പ്പറേറ്റ് സമ്പത്തിന്റെയും പിന്‍ബലത്തില്‍ വംശീയാക്രമണങ്ങളിലൂടെയും ക്രൂരമായ വംശഹത്യകളിലൂടെയും നിരാലംബരാക്കപ്പെട്ട, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയമാക്കുകയാണ് ഇത്തരം വംശീയ പരാമര്‍ശങ്ങളിലൂടെ മതേതരരെന്ന് അവകാശപ്പെടുന്ന ഇവരൊക്കെ ചെയ്തുവരുന്നത്.  അതുകൊണ്ടാണ് കേരളത്തിലടക്കം ഇടതുപാര്‍ട്ടികളിലെ അണികളുള്‍പ്പെടെ ബി.ജെ.പിയിലേക്ക് പോകുന്നത്. തിരുവനന്തപുരം ജില്ലയില്‍ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ഓഫീസുള്‍പ്പെടെ ബി.ജെപിയിലേക്ക്  പോയത് കഴിഞ്ഞ ആഴ്ചയാണ്. ബംഗാളിലും ത്രിപുരയിലും ഇതൊക്കെ നിത്യ സംഭവമാണ്.  ബി.ജെ.പി നേര്‍ക്കുനേരെ പറയുന്ന വംശീയത മൃദുവായോ വ്യംഗ്യമായോ പറയുമ്പോള്‍ ഇതൊക്കെ കേള്‍ക്കുന്ന ജനം ഒറിജിനല്‍ വംശീയതയെ പുല്‍കുക സ്വാഭാവികമാണല്ലോ. കേരളത്തിലെ വോട്ട് വിഹിതത്തില്‍ 18 ശതമാനം ഇപ്പോള്‍ ബി.ജെ.പിക്കുണ്ട്. അതായത് അഞ്ചിലൊരാളുടെ പിന്തുണ. ഈ പിന്തുണയിലേക്ക് അവരെ എത്തിച്ചത് ഈ മതേതര നേതാക്കളുടെ 'ന്യൂനപക്ഷ വര്‍ഗീയത', 'തീവ്രവാദം' പോലുള്ള അപകടകരമായ പ്രൊപ്പഗണ്ടയാണ്. ലൗ ജിഹാദ് എന്ന ഇല്ലാ സംഭവത്തെ ഇപ്പോഴും സത്യമെന്ന് കരുതുന്നത് സംഘ് പരിവാര്‍  മാത്രമല്ല, ചില ക്രൈസ്തവ പുരോഹിതന്മാരും സഭകളും അടക്കം വലിയ ഒരു ജനവിഭാഗം ആ തെറ്റിദ്ധാരണകള്‍ കൊണ്ടുനടക്കുന്നു.
ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം രാജ്യത്ത് എത്ര ആഴത്തിലാണ് വേരോടിയിരിക്കുന്നതെന്നും, അതിന്റെ മുസ്‌ലിംവിരുദ്ധ വംശീയത എത്ര വലിയ സ്വാധീനമാണ് സി.പി.ഐ (എം) അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ചെലുത്തിക്കൊണ്ടിരിക്കുന്നതെന്നും പച്ചയായി വെളിവാക്കുന്നതാണ് ഈ നേതാക്കളുടേതായി വന്നുകൊണ്ടിരിക്കുന്ന പരാമര്‍ശങ്ങളും അതുവഴിയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളും. ഇതൊന്നും യാദൃഛികമായി സംഭവിക്കുന്നതോ, നാക്കുപിഴകളോ അല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌