Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

പ്രവാസലോകത്തെ അനുകരണീയ വ്യക്തിത്വം

ഇബ്‌റാഹീം ശംനാട്

വി.കെ അബ്ദു സാഹിബിനെ കുറിച്ച് പറയുമ്പോള്‍  ഓര്‍മ വരുന്നത് പ്രശസ്ത കനേഡിയന്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ബ്‌ളോഗറും  ഗ്രന്ഥകര്‍ത്താവുമായ കോറി ഡോക്ട്രൊ (Cory Doctorow) പറഞ്ഞ വാക്കുകളാണ്. 'നിങ്ങള്‍ സാങ്കേതികവിദ്യ ശരിയായ വിധത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് ശക്തിയും സ്വകാര്യതയും നല്‍കും. അതുകൊണ്ടാണ് ഞാന്‍ സാങ്കേതിക വിദ്യയെ അത്രമേല്‍ സ്‌നേഹിക്കുന്നത്.' തമിഴ്‌നാട്ടിലെ പ്രശസ്തമായ വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാത്തില്‍നിന്ന് മതപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്  കാലത്തോടൊപ്പം സഞ്ചരിക്കാനും ടെക്‌നോളജിയെ പരമാവധി പ്രയോജനപ്പെടുത്താനും സാധിച്ചു. ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവും തന്നെയാണ് അതിന്റെ ഗുണഭോക്താക്കളായത്.
1992 സെപ്റ്റംബറില്‍ പ്രവാസത്തിന്റെ രണ്ടാമുഴത്തിന് തുടക്കം കുറിച്ച് ഞാന്‍ ജിദ്ദയിലെത്തിയപ്പോള്‍, ഗുരുതുല്യം സ്‌നേഹിക്കുന്ന പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായ  വി.കെ ജലീല്‍ സാഹിബായിരുന്നു അന്ന് താന്‍ താമസിച്ചിരുന്ന വില്ലയില്‍ താമസ സൗകര്യം ചെയ്തു തന്നത്.  പ്രബുദ്ധരായ നിരവധി മലയാളികളോടൊപ്പം ആ വില്ലയില്‍ താമസിച്ചിരുന്ന വി.കെ അബ്ദു സാഹിബിനെ പരിചയപ്പെടുത്തിത്തന്നതും ജലീല്‍ സാഹിബ് തന്നെ.
വി.കെ അബ്ദു സാഹിബുമായി അന്ന് തുടക്കം കുറിച്ച ബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടരാന്‍ സാധിച്ചത് മധുരിക്കുന്ന ഓര്‍മകളാണ്. അക്കാലത്ത് അദ്ദേഹം ചന്ദ്രിക വാരാന്തപ്പതിപ്പില്‍ എഴുതിയിരുന്ന വിശുദ്ധ മക്കയുടെ ചരിത്രം, ഹജ്ജ് അനുഷ്ഠാനങ്ങളും ചൈതന്യവും, ഉംറ, മദീന സിയാറ തുടങ്ങിയ ലേഖനങ്ങള്‍ കാണിച്ചുതന്നതും അത് സാകൂതം വായിച്ചതും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.
2001-ല്‍ അദ്ദേഹം പ്രവാസ ജീവിതത്തോട് വിടവാങ്ങുന്നതു വരെ ഒന്നിച്ചു താമസിക്കാന്‍ ഭാഗ്യമുണ്ടായി. പ്രവാസലോകത്തെ അനുകരണീയ വ്യക്തിത്വമായിരുന്നു വി.കെ അബ്ദു. സമയനിഷ്ഠയിലും ജീവിതാസൂത്രണത്തിലും ഏറെ അനുകരണീയമായ വ്യക്തിത്വം. ആറ്റിക്കുറുക്കിയ സംസാരം. സമയം ഒരു നിമിഷവും പാഴാക്കാതെ അമൃതം പോലെ കരുതലോടെ ഉപയോഗിക്കുന്ന വ്യക്തി. പ്രഭാതത്തില്‍ ഉണര്‍ന്നാല്‍ സജീവമാകുന്ന ജീവിതചര്യ. അതിനിടയില്‍ സംഘടനാപരവും വ്യക്തിപരവുമായ നിലയില്‍ പലരിലേക്കായി നീളുന്ന സഹായഹസ്തങ്ങള്‍.
ആധുനിക വിവരസാങ്കേതികവിദ്യയുടെ ഉപാസകന്‍ എന്ന നിലയില്‍ കമ്പ്യൂട്ടര്‍ ടെക്‌നോളജിയില്‍ വി.കെ അബ്ദുവിന്റെ അഗാധമായ അറിവ് ആരെയും അത്ഭുതപ്പെടുത്തും. ആ അറിവ് കരസ്ഥമാക്കാന്‍ ഏതറ്റം വരെ പോവാനും അദ്ദേഹം സന്നദ്ധനായിരുന്നു. അതിന് വേണ്ടി അദ്ദേഹം അക്കാലത്ത്  പി.സി മാഗസിന്‍ അടക്കമുള്ള വിലകൂടിയ ആനുകാലികങ്ങള്‍ വാങ്ങുകയും അതിലുള്ള പുതിയ വിവരങ്ങള്‍ മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുമായിരുന്നു. അത്തരം അറിവുകള്‍ പലരും സ്വന്തം തൊഴില്‍പരമായ അഭിവൃദ്ധിക്കു വേണ്ടി മാത്രം ഉപയോഗപ്പെടുത്തുമ്പോള്‍, വി.കെ അബ്ദു അത് ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും ഏതെല്ലാം രൂപത്തില്‍ പ്രയോജനപ്പെടുത്താമെന്ന ചിന്തയിലായിരുന്നു. അദ്ദേഹത്തെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ-ആമീന്‍.

 

മുടക്കുമുതല്‍ ഗ്യാരണ്ടിയോ?

അബൂബക്കര്‍ സിദ്ദീഖ് പറവണ്ണ പ്രബോധനത്തില്‍ (ലക്കം: 36)  എഴുതിയ കത്തില്‍ മൗലികമായ ചില അബദ്ധങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ശരീഅത്ത് ശക്തമായി വിലക്കിയ അത്തരം അബദ്ധങ്ങള്‍ വായിച്ച് ആരുടെയും ഇടപാടുകള്‍ ഹറാമായ വിധത്തില്‍ ആയിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് ഈ പ്രതികരണം.
'കൂട്ടുസംരംഭങ്ങളിലെ ഉപാധികള്‍ എന്ന തലക്കെട്ടില്‍ ചോദ്യകര്‍ത്താവിന് നല്‍കിയ വിശദീകരണങ്ങള്‍ വ്യക്തമായിരുന്നെങ്കിലും അതിന്റെ ഒടുവില്‍ നാലാമത്തെ തത്ത്വമായി പറഞ്ഞ കാര്യം ചോദ്യകര്‍ത്താവിനെ മാത്രം ഉദ്ദേശിച്ചതാണെങ്കില്‍ യോജിക്കാമെങ്കിലും അതിനെ കൂട്ടുസംരംഭങ്ങള്‍ എന്ന പേരില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിലേക്കും മൊത്തമായി ബാധകമാക്കുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്' എന്നാണ് അദ്ദേഹം എഴുതുന്നത്.
ശര്‍ഈ വീക്ഷണത്തില്‍ ഒരു പ്രശ്നവുമില്ലെന്നു മാത്രമല്ല, ഇസ്‌ലാമിക കര്‍മശാസ്ത്രമനുസരിച്ച് ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലാത്ത, കൂട്ടുസംരംഭത്തിന്റെ മര്‍മപ്രധാനമായ ഉപാധി കൂടിയാണത്.  നാലാം നമ്പറായി പറഞ്ഞ കാര്യം ഇങ്ങനെ വായിക്കാം: 'സംരംഭകര്‍ക്ക് മൂലധനം ഗ്യാരണ്ടിയാണെന്ന് ഉറപ്പുനല്‍കിക്കൊണ്ട്, ലാഭമെന്ന പേരില്‍ നല്‍കപ്പെടുന്ന എല്ലാ ആനുകൂല്യങ്ങളും ഹറാമാണ്.'
പൗരാണികരോ ആധുനികരോ ആയ ഫുഖഹാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല.
കൂട്ടു സംരംഭങ്ങളില്‍ പങ്കുചേരുന്നവര്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളികളായിരിക്കണം  എന്ന കാര്യം അദ്ദേഹം തന്റെ കത്തില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷേ നഷ്ടം സംഭവിച്ചാല്‍ പങ്കാളികള്‍ക്ക് അവര്‍ മുടക്കിയ മുതല്‍ അതേപടി തിരിച്ചുകൊടുക്കണമെന്നും അദ്ദേഹം തന്നെ പറയുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കാണുക: 'സ്ഥാപനം നല്ല നിലക്ക് നടക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ലാഭം നിശ്ചിത ശതമാനമനുസരിച്ച് പങ്കുവെക്കാം.... എന്നാല്‍ സ്ഥാപനം നഷ്ടത്തിലാണെങ്കില്‍ .... എത്രയാണോ ആ സ്ഥാപനത്തിലേക്ക് പങ്കാളിത്ത മുതല്‍ എന്ന പേരില്‍ മുതല്‍ മുടക്കിയത് അതു മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ. വ്യക്തികളില്‍നിന്നും ലഭിച്ച ഷെയറായതിനാല്‍, ആ നിശ്ചിത തുക മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ.'
ഇതിന് അദ്ദേഹം ഇസ്‌ലാമിക് ബാങ്കുകളെയും കൂട്ടുപിടിക്കുന്നു. അദ്ദേഹം പറയുന്നു: 'സ്ഥാപനം നല്ല നിലക്ക് നടക്കുമ്പോഴുണ്ടാകുന്ന ലാഭത്തില്‍ ഇരുകൂട്ടരും നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ പങ്കാളിത്തം വഹിക്കുന്നു..... ഇനി സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ അടച്ചുപൂട്ടേണ്ടിവന്നാല്‍ എത്രയാണോ ഇസ്‌ലാമിക ബാങ്കില്‍നിന്നും മുടക്കുമുതലായി വാങ്ങിയത് അതു മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ.'
ഇങ്ങനെയൊരു സിസ്റ്റം ഇസ്‌ലാമിക് ബാങ്കുകളില്‍ ഉള്ളതായി അറിയില്ല. സാമ്പത്തിക സംരംഭങ്ങള്‍ തുടങ്ങാന്‍ ഇങ്ങനെ ലോണ്‍ കൊടുക്കുന്ന സിസ്റ്റം തന്നെ ഇസ്‌ലാമിക് ബാങ്കുകള്‍ക്കില്ല. മറിച്ച് മുളാറബ, മുറാബഹ, മുശാറക തുടങ്ങി ബാങ്കു കൂടി പങ്കാളിയാവുന്ന സംരംഭങ്ങളാണ് പൊതുവെ ഇസ്‌ലാമിക് ബാങ്കുകളുടേത്.
ആര്, ആര്‍ക്ക് തിരിച്ചടക്കുന്ന കാര്യമാണ് ഈ പറയുന്നത്? എവിടെയാണ് അങ്ങനെയൊരു സിസ്റ്റമുള്ളത്?
നഷ്ടത്തില്‍ പങ്കാളിത്തം വഹിക്കണമെന്നു പറയുമ്പോള്‍ എങ്ങനെയാണ് തിരിച്ചടക്കുക? മുടക്കിയ മുതല്‍തന്നെ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടാമല്ലോ. അപ്പോള്‍ പിന്നെ എവിടെനിന്ന് എടുത്താണ് തിരിച്ചടക്കുക?
കൂടാതെ നാലാമത്തെ നമ്പറില്‍ അദ്ദേഹം പറയുന്നു: 'കടമായാലും ഷെയറായാലും സംരംഭകനെ സംബന്ധിച്ച് അത് അന്യരുടെ കാശാണ്. അത് എഴുതിത്തള്ളാന്‍ സംരംഭകന് അവകാശമില്ല. ഇസ്‌ലാമികദൃഷ്ട്യാ അത് ചെയ്യാന്‍ കാശ് നല്‍കിയവന് മാത്രമേ അവകാശമുള്ളൂ.'
സംരംഭത്തില്‍ മുതലിറക്കുന്നതോടെ ആ തുക സംരംഭത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കച്ചവടമാണെങ്കില്‍ ചരക്കുകളായും വ്യവസായമാണെങ്കില്‍ അടിസ്ഥാനസൗകര്യങ്ങളായും അസംസ്‌കൃതവസ്തുക്കളായും ഉപകരണങ്ങളായും യന്ത്രങ്ങളായുമൊക്കെയായി മാറുമല്ലോ. പിന്നെങ്ങനെയാണ് ഷെയര്‍ എഴുതിത്തള്ളല്‍? അങ്ങനെയൊരു സിസ്റ്റമുണ്ടോ?
ഉദാഹരണമായി, ഒരാള്‍ ചെരുപ്പ് കച്ചവടം ചെയ്യാനുദ്ദേശിച്ച് നാലു പേരെ സമീപിക്കുകയും അവര്‍ ഓരോ ലക്ഷം വീതം അതിന് മുതല്‍മുടക്കുകയും ചെയ്‌തെന്ന് സങ്കല്‍പ്പിക്കുക. ലാഭം കിട്ടിയാല്‍ ഓരോരുത്തര്‍ക്കും ലാഭത്തിന്റെ 20 ശതമാനം വീതം നല്‍കാമെന്നാണ് വ്യവസ്ഥ. 20 ശതമാനം കച്ചവടം ചെയ്യുന്ന കക്ഷിക്കും. അങ്ങനെ കച്ചവടം തുടങ്ങി ലാഭവും കിട്ടിത്തുടങ്ങി.പ്രതിമാസം മൊത്തം 10,000/- ലാഭമുണ്ടാവും. അതില്‍നിന്ന് ഓരോരുത്തര്‍ക്കും 2000/ - വീതം ലഭിച്ചുകൊണ്ടുമിരുന്നു. അങ്ങനെയിരിക്കെ, ലോക്ക് ഡൗണ്‍ വന്നു. കടപൂട്ടിയിടേണ്ടിവന്നു. മാസങ്ങള്‍ കഴിഞ്ഞ് കടതുറന്നപ്പോള്‍ ചെരുപ്പുകളെല്ലാം പൂപ്പല്‍പിടിച്ച് ആരും വാങ്ങാന്‍ കൂട്ടാക്കാത്ത പരുവത്തിലായി. അല്ലെങ്കില്‍ പ്രളയത്തില്‍പെട്ട് ചേറും ചളിയും പുരണ്ട് ഉപയോഗശൂന്യമായി, അല്ലെങ്കില്‍ അഗ്നിബാധയുണ്ടായി ചെരുപ്പെല്ലാം കത്തിക്കരിഞ്ഞു. ഇങ്ങനെയൊക്കെ നഷ്ടം സംഭവിച്ചാല്‍ മുതല്‍ മുടക്കിയ നാലു പേര്‍ക്കും അവര്‍ മുടക്കിയ സംഖ്യ മുഴുവന്‍ തിരിച്ചുനല്‍കണമെന്നാണല്ലോ ഇദ്ദേഹം പറഞ്ഞതിന്റെ അര്‍ഥം.
എങ്കില്‍ മനസ്സിലാക്കുക; ഇത് ഇസ്‌ലാമികവിരുദ്ധമാണ്. കാരണം ഇവിടെ കൂറുകച്ചവടം (ഖിറാദ്) എന്നത് കടം (ഖര്‍ദ്) എന്നതിലേക്ക് മാറുന്നു. അങ്ങനെയെങ്കില്‍ നേരത്തേ ലാഭമെന്ന പേരില്‍ കൈപ്പറ്റിയതൊക്കെ പലിശയായി മാറും. അങ്ങനെയാവാതിരിക്കണമെങ്കില്‍ അത്രയും തുക തങ്ങളുടെ മുടക്കുമുതലില്‍നിന്ന് കുറവുവരുത്തണം. അതായത് 10000/- കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അത്രയും സംഖ്യകഴിച്ച് ബാക്കി 90,000/- മാത്രമേ അവര്‍ക്ക് തിരിച്ചുമേടിക്കാന്‍ അവകാശമുണ്ടാവൂ എന്നര്‍ഥം. കടം എന്ന നിലക്ക് കൊടുത്താലാണിപ്പറഞ്ഞത്.
അതേസമയം, ഷെയര്‍ എന്ന നിലക്ക് മുതലിറക്കുകയും, തദടിസ്ഥാനത്തില്‍ ലാഭം പറ്റിക്കൊണ്ടിരിക്കുകയും, അങ്ങനെ നഷ്ടത്തിലാവുമ്പോള്‍ കോലം മാറുകയും തങ്ങള്‍ മുടക്കിയ സംഖ്യ മുഴുവന്‍ തിരിച്ചുതരണമെന്ന് ശഠിക്കുകയും ചെയ്യുന്നത് നീതിയല്ല, അത് ഇസ്‌ലാമികവുമല്ല.
യഥാര്‍ഥത്തില്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തമെന്നു പറയുന്നത് മൊത്തം സംരംഭത്തിലാണ്. അതിന്റെ ഏതെങ്കിലും ഒരുഭാഗം മാത്രം അതില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പാടില്ല. അല്ലെങ്കിലും അധ്വാനിച്ചവന്‍ തന്റെ അധ്വാനത്തിന്റെ നഷ്ടം വഹിച്ചാലും പോരാ, പങ്കാളികള്‍ മുടക്കിയ മുടക്കുമുതല്‍ കൂടി കൊടുക്കേണ്ടിവരുക എന്നത് എന്ത് നീതിയാണ്? എവിടെനിന്നാണയാള്‍ ആ പണമത്രയും എടുത്തുകൊടുക്കുക?
ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ ഇമാം ഇബ്നു അബ്ദില്‍ബര്‍റ് പറഞ്ഞു: കൂറുകച്ചവടത്തില്‍ മുഖാരിള് (അധ്വാനം കൊണ്ട് പങ്കാളിത്തം വഹിക്കുന്നവന്‍) തന്റെ ഭാഗത്തുനിന്നുള്ള വല്ല കുറ്റവും കാരണമായോ,  താന്‍ സ്വന്തം ഉപയോഗിച്ചുതീര്‍ന്നുപോയതിനാലോ, താനായിട്ട് നഷ്ടപ്പെടുത്തിയതു കാരണമായോ ഒന്നുമല്ലാതെ സംഭവിക്കുന്ന സാമ്പത്തികനഷ്ടം അയാള്‍ വഹിക്കേണ്ടതില്ല എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. കാരണം അവന്‍ വിശ്വസ്തതയോടെ സമ്പത്ത് കൈകാര്യം ചെയ്യുന്നവനാണ് (മുഅ്തമന്‍) എന്നതാണ് അടിസ്ഥാന നിയമം. ഇതാണ് അമാനത്തിന്റെ മാര്‍ഗം. അമാനത്ത് ഏറ്റെടുത്തവരുടെ വഴിയും ഇതുതന്നെ. അതുപോലെത്തന്നെ ഖിറാളില്‍ ലാഭം നേര്‍പകുതിയോ, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ കുറവോ ഏതുമാകട്ടെ അത് നിര്‍ണിതമായിരിക്കണം എന്ന കാര്യത്തിലും പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.
'നിലവില്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തം എന്ന ലേബലോടെ വ്യക്തികളില്‍നിന്നും മുടക്കുമുതല്‍ വലിയ തോതില്‍ സ്വീകരിക്കുകയും എന്നാല്‍ മുടക്കുമുതല്‍ അന്യരുടേതാണെന്ന യാതൊരു ഉത്തരവാദിത്വബോധവും ഇല്ലാതെ, സ്ഥാപനത്തിന് ഒരു ചെറിയ നഷ്ടം സംഭവിക്കുമ്പോള്‍, .... ലാഭത്തിലും നഷ്ടത്തിലും പങ്കാളിത്തം എന്ന പേരില്‍ മുടക്കുമുതല്‍ തിരിച്ചു നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. അങ്ങനെ  പലര്‍ക്കും തങ്ങളുടെ പണം നഷ്ടപ്പെടുന്നു....... ചിലയാളുകള്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സ്വന്തമായി കാശില്ലെങ്കില്‍, .... വ്യക്തികളില്‍നിന്ന് പ്രലോഭനങ്ങളിലൂടെ ഷെയറെന്ന പേരില്‍ ചുളുവില്‍ പണം സ്വീകരിക്കുന്നുണ്ട്. ബാങ്കുകളിലേക്ക് പലിശയും കൂട്ടുപലിശയും തിരിച്ചടക്കേണ്ടി വരുമല്ലോ. ഒടുവില്‍ മുടക്കുമുതല്‍ പോലും തിരിച്ചടക്കാതെ മുങ്ങുക എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ഇത് ഏതുവിധേനയും തടയേണ്ടതാണ്.'
ഇതാണ് അദ്ദേഹത്തിന്റെ പ്രശ്നം. ഇതിനുപക്ഷേ അദ്ദേഹം കണ്ടെത്തിയ പരിഹാരം  ഇസ്‌ലാമികദൃഷ്ട്യാ സ്വീകാര്യമല്ല. തങ്ങളുടെ പണം വിശ്വസ്തരായ കക്ഷികളെ ഏല്‍പ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. അല്ലാതെ പിന്നീടവര്‍ പറ്റിച്ചാലോ എന്നു കരുതി ഇസ്‌ലാം നിഷിദ്ധമാക്കിയ ഉപാധികളും വ്യവസ്ഥകളും വെക്കാന്‍ നമുക്ക് അനുവാദമില്ല. നബി (സ) പറഞ്ഞു: ''അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അടിസ്ഥാനമില്ലാത്ത നിബന്ധനകള്‍ വെക്കുന്ന ആളുകളുടെ ഒരവസ്ഥ! അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അടിസ്ഥാനമില്ലാത്ത എല്ലാ നിബന്ധനകളും ബാത്വിലാണ്. അത് നൂറു നിബന്ധനകള്‍ തന്നെ ആയാലും ശരി'' (ബുഖാരി: 2729, അഹ്മദ്: 25717). 

ഇല്‍യാസ് മൗലവി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌