ഫലസ്ത്വീന്‍: തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പും
തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനുസ് നഗരത്തിലാണ് ഇബ്‌റാഹീം അബൂ ഔദ താമസിക്കുന്നത്. 34-കാരനായ അബൂ ഔദ ഉപരോധിക്കപ്പെട്ട തീരപ്രദേശത്തെ കാട ഫാം നടത്തിപ്പുകാരനാണ്. യൂറോപ്പിന്റെ തണുത്ത കാലാവസ്ഥയില്‍ നിന്ന് മിഡില്‍ ഈസ്റ്റിലെ ചൂടിലേക്ക് അഭയാര്‍ഥികളായി വന്നെത്തുന്ന കാടകളെ പിടിക്കുന്നത് ഗസ്സയിലെ തൊഴില്‍രഹിതരുടെ പ്രധാന വരുമാന മാര്‍ഗമായി മാറിയിരിക്കുന്നു. തങ്ങളുടെ അന്നത്തിനായി അവരത് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുന്നു. അവരില്‍ ഒരാള്‍ മാത്രമാണ് അബൂ ഔദ; എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തമായി, കര്‍മരംഗത്ത് സജീവമാണ് അദ്ദേഹം. അഞ്ച് വര്‍ഷം മുമ്പാണ് അബൂ ഔദ കാടകളെ പിടിക്കുന്നവരില്‍ (Quail hunters) നിന്ന് കുറച്ച് മുട്ടകള്‍ വാങ്ങുകയും, തന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഏതാനും കൂടുകളില്‍ കാട വളര്‍ത്താന്‍ തുടങ്ങുകയും ചെയ്യുന്നത്. തുടര്‍ന്ന് വീടിന്റെ അടുത്ത് ചെറിയൊരു സ്ഥലം വാടകക്കെടുത്ത് കാട വളര്‍ത്തല്‍ വിപുലപ്പെടുത്തിയപ്പോള്‍, ആവശ്യക്കാര്‍ വര്‍ധിച്ചു. ഇപ്പോള്‍, പ്രതിമാസം ലാഭമായി 500 ഡോളറാണ് അബൂ ഔദ കൈപ്പറ്റുന്നത്. അബൂ ഔദ ജോലി കണ്ടെത്തുമ്പോഴും ധാരാളം പേര്‍ തൊഴിലില്ലാതെ ജീവിതം നയിക്കുന്നവരാണെന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ട് പറയുന്നു.
ഗസ്സ പതിനാല് വര്‍ഷമായി ഇസ്രയേല്‍ ഉപരോധത്തിലാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്, ഗസ്സയിലെ ഫലസ്ത്വീനികളുടെ പ്രധാന വരുമാനമായ മത്സ്യബന്ധനം. തൊഴിലില്ലായ്മാ നിരക്ക് 2005-ല്‍ 40 ശതമാനമായിരുന്നെങ്കില്‍ 2021-ല്‍ 56 ശതമാനമായിരിക്കുന്നുവെന്ന് യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം വലിയ രീതിയിലുള്ള തൊഴിലില്ലായ്മയാണ് ദൃശ്യമാകുന്നത്. അതോടൊപ്പം, 68 ശതമാനത്തിലധികം കുടുംബങ്ങള്‍ അല്ലെങ്കില്‍ 1.3 മില്യന്‍ ആളുകള്‍ കടുത്തതോ മിതമോ ആയ രീതിയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി യു.എന്നിന്റെ ഒ.സി.എച്ച്.എയുടെ (Office for the Coordination of Humanitarian Affairs) കണക്കുകള്‍ വ്യക്തമാക്കുന്നു. ഗസ്സയിലെ ദാരിദ്ര്യ നിരക്ക് 60 ശതമാനവും അതില്‍ 42 ശതമാനം കടുത്ത രീതിയിലുമാണെന്ന് പി.സി.ബി.എസ് (Palestinian Cetnral Bureau of Statistics) 2017-ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റൊരു പ്രധാന പ്രതിസന്ധി ദിവസവും പതിനാറ് മണിക്കൂര്‍ വൈദ്യുതി വിഛേദിക്കപ്പെടുന്നതാണ്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍നിന്നോ, തിരിച്ചോ അയക്കുന്ന അന്താരാഷ്ട്ര തപാലുകള്‍ നിലവില്‍ ജോര്‍ദാന്‍, ഇസ്രയേല്‍ വഴിയാണ് കടന്നുപോകുന്നത്. രണ്ടായാലും അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് അയക്കുന്നത് പരിശോധിക്കുന്നത് ഇസ്രയേലാണ്. കാരണം അധിനിവേശ മേഖലകളിലേക്കുള്ള ചരക്കുകളുടെ പ്രവേശനം നിയന്ത്രിക്കുന്നത് അവരാണ്. അതിനാല്‍തന്നെ, ഫലസ്ത്വീന്‍ അതോറിറ്റി കഴിഞ്ഞ ഞായറാഴ്ച (07/02/2021) സ്വന്തമായി തപാല്‍ കോഡ് ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. തപാല്‍ കോഡ് തയാറാക്കാനുള്ള പദ്ധതി ഫലസ്ത്വീന്‍കാരുടെ തപാല്‍ സുഗമമാക്കുന്ന ഫലസ്ത്വീന്‍ വിലാസ സംവിധാനം (Addressing System) സ്ഥാപിക്കാനാണ് ഫലസ്ത്വീന്‍ അതോറിറ്റി ശ്രമിക്കുന്നത്. ഈയൊരു നടപടിയിലൂടെ അധിനിവേശ മേഖലകളിലേക്ക് ചരക്കുകള്‍ എത്തിക്കുന്നത് എളുപ്പമാക്കാനും, പരമാധികാരം ദൃഢീകരിക്കാനുമാണ് ഫലസ്ത്വീന്‍ അതോറിറ്റി ലക്ഷ്യംവെക്കുന്നത്.
അധിനിവേശ ഫലസ്ത്വീന്‍ മേഖലയിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതാണെന്ന കഴിഞ്ഞ വെള്ളിയാഴ്ചയിലെ വിധി (05/02/2021) ഫലസ്ത്വീന്‍ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തായി അല്‍ജസീറ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാരണം, ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തിയ ഗസ്സ മുനമ്പില്‍ 2014-ലെ ഇസ്രയേല്‍-ഫലസ്ത്വീന്‍ യുദ്ധ സമയത്ത് നടന്ന യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് വഴിയൊരുക്കുന്നതാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വിധി. ഐ.സി.സി പ്രോസിക്യൂട്ടര്‍ ഫാതു ബിന്‍സൂദയോട് വിഷയത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ടിട്ടുണ്ട്. അപ്രകാരം, ഇസ്രയേല്‍-ഫലസ്ത്വീന്‍ സായുധ വിഭാഗങ്ങള്‍ മേഖലയില്‍ നാശം വിതയ്ക്കുകയും, കൂടുതല്‍ സിവിലിയന്മാരുള്‍പ്പെടെ ഫലസ്ത്വീന്‍ ഭാഗത്തു നിന്ന് 2251 പേരും കൂടുതല്‍ സൈനികരുള്‍പ്പെടെ ഇസ്രയേല്‍ ഭാഗത്തു നിന്ന് 74 പേരും മരിക്കുകയും ചെയ്ത 50 ദിവസത്തെ യുദ്ധം ഇതിനകം ഐ.സി.സിയുടെ അഞ്ച് വര്‍ഷത്തെ പ്രാഥമിക അന്വേഷണത്തിന് വിഷയമായിട്ടുണ്ട്. കിഴക്കന്‍ ജറൂസലം, ഗസ്സ മുനമ്പ് ഉള്‍പ്പെടെ വെസ്റ്റ് ബാങ്കില്‍ യുദ്ധ കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും അല്ലെങ്കില്‍ നടക്കുന്നുണ്ടെന്നും വിശ്വസിക്കാന്‍ ന്യായമായ അടിസ്ഥാനമുണ്ടെന്ന് ഫാതു ബിന്‍സൂദ 2019-ല്‍ പറഞ്ഞിരുന്നു. ഫലസ്ത്വീന്‍ യുദ്ധക്കുറ്റ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ഐ.സി.സിയുടെ വിധിയെ ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അഭിവാദ്യം ചെയ്തിട്ടുമുണ്ട്.
Comments