Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 26

3191

1442 റജബ് 14

അതിജീവനത്തിന്റെ അത്ഭുത കഥകള്‍

സി.ടി സുഹൈബ്

ചരിത്രം ഭൂതകാലത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളമല്ല, വര്‍ത്തമാന കാലത്തിന്റെ അതിജീവന പോരാട്ടത്തിന്റെ പ്രചോദക പ്രവാഹമാണ്. മുസ്‌ലിം സമൂഹം പിന്നിട്ട കാലങ്ങളില്‍ ഭീതിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോയെന്ന് ആലോചിക്കാന്‍ പോലുമാകാനാവാത്ത പ്രതിസന്ധികളില്‍നിന്ന് മുസ്‌ലിം സമൂഹം അത്ഭുതകരമായി ഉയിര്‍ത്തെഴുന്നേറ്റതിന് കാലം സാക്ഷിയാണ്. ചിതറിക്കിടക്കുന്ന അത്തരം അതിജീവന ചരിത്രത്തിലെ ചില അത്ഭുതങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകമാണ് ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ഇസ്‌ലാമിക സമൂഹം: അതിജീവനത്തിന്റെ അത്ഭുത കഥകള്‍.'
പരിചിതമായ ചരിത്ര സന്ദര്‍ഭങ്ങളാണെങ്കിലും പുതിയ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഏടുകളാണ് ഗ്രന്ഥകാരന്‍ കോര്‍ത്തിണക്കിയിട്ടുള്ളത്. വിശ്വാസവും അസ്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന, നിരന്തരമായ അവകാശനിഷേധങ്ങള്‍ക്കിടയില്‍ ഓരോ നാളും അരക്ഷിതാവസ്ഥയില്‍ മുന്നോട്ടു നീങ്ങുന്ന സമുദായത്തിന് പ്രതീക്ഷയുടെ പുലരികള്‍ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നുണ്ട്, ഇതിലെ ഓരോ അധ്യായവും.
നബി(സ)യുടെ നേതൃത്വത്തില്‍ മദീന കേന്ദ്രമാക്കി അതുല്യമായൊരു സംസ്‌കാരത്തിന് തുടക്കം കുറിച്ചു. ക്ഷേമത്തിന്റെയും നീതിയുടെയും സുഗന്ധം പരത്തിയ ഭരണകാലം പക്ഷേ, നാല് പതിറ്റാണ്ടു പിന്നിട്ടപ്പോഴേക്ക് രാജാധിപത്യത്തിലേക്ക് വഴിമാറിയത് അത്യന്തം ദൗര്‍ഭാഗ്യകരമായിരുന്നു. ഇസ്‌ലാമിക ക്ഷേമരാഷ്ട്രത്തിന്റെ സൗന്ദര്യങ്ങളോരോന്നായി മാഞ്ഞു തുടങ്ങി. അക്രമത്തിന്റെയും അനീതിയുടെയും ആഡംബരത്തിന്റെയും കാര്‍മേഘങ്ങളാല്‍ ഇരുള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവാചകപൗത്രന്‍ തന്നെ രംഗത്തിറങ്ങി. പിന്നീട് നടന്ന ചതിയുടെയും വഞ്ചനയുടെയും ക്രൂരതയുടെയും, ധീരതയുടെയും ചരിത്രം ഇസ്‌ലാമിക ചരിത്രത്തില്‍ രക്തം പുരണ്ട് കിടക്കുന്ന ഏടുകളാണ്. 'ചോരച്ചാലില്‍ വിരിഞ്ഞ ചെന്താമര' എന്ന ആദ്യ അധ്യായത്തില്‍ ഹൃദയസ്പര്‍ശിയായി വിവരിച്ച കാര്യങ്ങള്‍ കണ്ണുനനയാതെ വായിക്കാനാവില്ല. കര്‍ബല വലിയൊരു ആഘാതമായിരുന്നു. പ്രവാചക പൗത്രനോടു പോലും ഇത്ര ക്രൂരമായി പെരുമാറിയ ഭരണകൂടത്തോട് ഒരാള്‍ക്ക് പോലും എതിരു നില്‍ക്കാന്‍ കഴിയാത്തത്ര ഭീതി നിറച്ചുവെച്ച സംഭവം. രാജാധിപത്യത്തില്‍നിന്നൊരു മോചനത്തെക്കുറിച്ച പ്രതീക്ഷകള്‍ നെടുവീര്‍പ്പുകള്‍ക്ക് വഴിമാറി. പക്ഷേ, ചരിത്രം അത്ഭുതങ്ങളുടെ കലവറയാണ്. ഏതൊരു കുടുംബമാണോ ഖിലാഫത്തിന്റെ നന്മകളെ ചോര്‍ത്തിക്കളഞ്ഞത് അതേ കുടുംബത്തില്‍നിന്നു തന്നെ ആ നന്മകളെ തിരിച്ചുപിടിക്കാനൊരാള്‍ ജന്മമെടുത്തു. ഉമറുബ്‌നു അബ്ദില്‍ അസീസിലൂടെ ഖിലാഫത്തിന്റെ നന്മകള്‍ വീണ്ടും തളിരിട്ടു. കര്‍ബലയില്‍ ചിന്തിയ ചോര വെറുതെയായില്ല. തല്ലിക്കെടുത്താന്‍ ശ്രമിക്കുമ്പോഴും കെടാതെ ബാക്കിയാകുന്ന കനലുകളില്‍ സത്യത്തിന്റെ പ്രകാശം ജ്വലിച്ചു കത്തുമെന്നതിന്റെ ചരിത്രസാക്ഷ്യം.
'കനല്‍പഥങ്ങള്‍ താണ്ടിക്കടന്ന കര്‍മശാസ്ത്രസരണികള്‍' എന്ന രണ്ടാമധ്യായത്തില്‍ ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന് സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഇരയാകേണ്ടിവന്ന പണ്ഡിതശ്രേഷ്ഠരായ ഇമാമുമാരെ കുറിച്ചാണ് പറയുന്നത്. തങ്ങളുടെ അധികാരം നിലനിര്‍ത്താനും അന്യായത്തിനും അക്രമങ്ങള്‍ക്കും ന്യായീകരണങ്ങള്‍ ചമക്കാനും പണ്ഡിതന്മാരുടെ പിന്തുണ വേണമായിരുന്നു ഭരണാധികാരികള്‍ക്ക്. പല കൊട്ടാരം പണ്ഡിതന്മാരും അവര്‍ക്ക് കൂട്ടുനിന്നപ്പോള്‍ നിലപാടുകള്‍ ബലികൊടുക്കാതെ ഉറച്ചു നിന്ന ഇമാമുമാര്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളും അപമാനങ്ങളുമായിരുന്നു. അനീതിയുടെ ഭരണകൂടത്തില്‍ നീതിന്യായ വകുപ്പ് ഏറ്റെടുക്കാതിരുന്നതിനാല്‍ തടവില്‍ കിടന്ന് മരണപ്പെട്ട ഇമാം അബൂഹനീഫ. ജനങ്ങളുടെ തൃപ്തിയില്ലാതെ അധികാരം കൈയാളുന്നത് അസാധുവാണെന്ന് ഫത്‌വ നല്‍കിയതിന് തോളെല്ല് വേര്‍പെടും വരെ മര്‍ദനങ്ങള്‍ക്ക് വിധേയനായ ഇമാം മാലിക്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടതിന് എതിരാളികളുടെ ദുരാരോപണങ്ങളുടെ പേരില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് ദീര്‍ഘദൂരം നടക്കേണ്ടി വന്ന ഇമാം ശാഫിഈ. മുഅ്തസിലീ വാദങ്ങള്‍ അംഗീകരിക്കാതെ ആദര്‍ശത്തില്‍ അടിയുറച്ചു നിന്നതിന് നിരന്തരമായ അപമാനങ്ങള്‍ക്കും ക്രൂരമായ മര്‍ദനങ്ങള്‍ക്കും വിധേയനായ ഇമാം അഹ്മദു ബ്‌നു ഹമ്പല്‍. ഭരണാധികാരികള്‍ ഇമാമുമാരെ അവഹേളിക്കാനും അപമാനിക്കാനും ശ്രമിച്ചു പക്ഷേ, രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് അവര്‍ പ്രശസ്തരാവുകയാണുായത്. അവരുടെ ഫത്‌വകളും അറിവുകളും ലക്ഷങ്ങള്‍ക്ക് വെളിച്ചമായി. അധികാരം സംരക്ഷിക്കാന്‍ ഏതക്രമവും പ്രവര്‍ത്തിച്ചവര്‍ ചവറ്റുകൊട്ടയിലെറിയപ്പെട്ടു. ഇന്നും കോടിക്കണക്കിന് വിശ്വാസികള്‍ക്ക് കര്‍മശാസ്ത്രത്തിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും മാര്‍ഗദര്‍ശനം നല്‍കി തിളങ്ങുന്ന പ്രകാശഗോപുരങ്ങളായി നിലനില്‍ക്കുന്നു ആ ഇമാമുമാര്‍.
യൂറോപ്യന്‍ രാജാക്കന്മാര്‍ ക്രൈസ്തവ സഭയുടെ ആശീര്‍വാദത്തോടെയും പിന്തുണയോടെയും മുസ്‌ലിം രാജ്യങ്ങളില്‍ നടത്തിയ കുരിശുയുദ്ധത്തിന്റെയും വീണ്ടെടുപ്പിന്റെ പോരാട്ട ചരിത്രത്തെയും വിവരിക്കുകയാണ് 'മധുരമായ പ്രതികാരം' എന്ന അധ്യായം. മുസ്‌ലിം ഭരണകൂടത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് കുരിശുപട നാടുകളോരോന്നായി കീഴടക്കി. ഫലസ്ത്വീന്‍ പിടിച്ചടക്കി മസ്ജിദുല്‍ അഖ്‌സ്വാ കൈയേറിയ ശേഷം അവിടെ നടന്നത് ചരിത്രത്തിലെ വലിയ ക്രൂരതകളിലൊന്നാണ്. എഴുപതിനായിരത്തില്‍പരം മുസ്‌ലിംകളെ കഴുത്തറുത്തു കൊന്നു. മുസ്‌ലിംലോകം നിസ്സഹായതയോടെ നോക്കിനിന്ന നേരം. ഇഛാഭംഗവും അപമാനവും അവരെ തളര്‍ത്തിക്കളഞ്ഞു. പക്ഷേ, ഒന്നും ഒന്നിന്റെയും അവസാനമായിരുന്നില്ല. ഒരു വിമോചകനെ കാത്തിരുന്ന സമുദായത്തിന് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയിലൂടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായി. കുരിശു പടയാളികളെ പരാജയപ്പെടുത്തി ഖുദ്‌സ് വീണ്ടെടുത്തപ്പോള്‍ അവര്‍ ചെയ്ത ക്രൂരതകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാമായിരുന്നു. പക്ഷേ, സുല്‍ത്താന്‍ മാപ്പു നല്‍കി. ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും മഹിതമായൊരു അധ്യായം രചിക്കപ്പെടുകയായിരുന്നു. വീണ്ടെടുപ്പ് മാത്രമായിരുന്നില്ല. മങ്ങി തുടങ്ങിയിരുന്ന ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തിളക്കം കൂട്ടിയ ചരിത്ര സന്ദര്‍ഭം കൂടിയായിരുന്നു അത്.
സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ഉത്തുംഗതയില്‍ വിരാചിച്ചിരുന്ന മുസ്‌ലിം നഗരങ്ങളില്‍ പൊടുന്നനെയാണ് താര്‍ത്താരികളുടെ കടന്നുകയറ്റമുണ്ടാകുന്നത്. കണ്ണില്‍കണ്ടതെല്ലാം നശിപ്പിച്ചു. ഗ്രന്ഥശേഖരങ്ങള്‍ ചുട്ടെരിച്ചു. പടുത്തുയര്‍ത്തിയതെല്ലാം തരിപ്പണമാക്കി. നൂറ്റാണ്ടുകളുടെ അധ്വാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചാരമായി. മുസ്‌ലിംകളുടെ സുവര്‍ണയുഗം അവസാനിച്ചെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് ആ അത്ഭുതം സംഭവിച്ചത്. പരാജിതര്‍ വിജയികളുടെ പാത പിന്തുടരുകയെന്ന പതിവുരീതികള്‍ തിരുത്തപ്പെട്ട കഥ 'വിസ്മയകരമായ മനംമാറ്റ'മെന്ന അധ്യായത്തില്‍  വായിക്കാം. ഇസ്‌ലാമിക നാഗരികതയെ തകര്‍ത്തെറിഞ്ഞവര്‍ തന്നെ അതിന്റെ സംരക്ഷകരായി മാറിയ മനംമാറ്റത്തിന്റെയും തിരിച്ചുവരവിന്റെയും കഥ അത്ഭുതകരം തന്നെയാണ്.
മുസ്തഫാ കമാല്‍പാഷ എന്ന തീവ്ര ഇസ്‌ലാം വിരുദ്ധ സെക്യുലറിസ്റ്റ് തുര്‍ക്കിയില്‍ ഇസ്‌ലാമിക വ്യവസ്ഥക്ക് പകരം പാശ്ചാത്യ നിര്‍മത ആശയങ്ങള്‍ പകരം വെച്ചു. അധികാരം നേടി കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ തുര്‍ക്കിയിലെ ഇസ്‌ലാമിന്റെ മുഴുവന്‍ അടയാളങ്ങളെയും മായ്ച്ചുകളഞ്ഞു. ഇസ് ലാമിക നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രൗഢഗംഭീരമായ അടയാളപ്പെടുത്തലുകള്‍ നിറഞ്ഞുനിന്നിരുന്ന തുര്‍ക്കിയുടെ തെരുവുകളില്‍ ബാങ്കൊലികള്‍ പോലും കേള്‍ക്കാതായി. ആധുനിക തുര്‍ക്കിയെ പൂര്‍ണമായും സെക്യുലര്‍വത്കരിച്ച കമാല്‍പാഷക്ക് മരണശേഷവും അതിന്റെ സ്വാധീനങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. പിന്നീട് എപ്പോഴൊക്കെ ഭരണകൂടം ഇസ്‌ലാമിനോട് അനുഭാവം കാണിച്ചുവോ അപ്പോഴെല്ലാം കമാലിസ്റ്റ് പട്ടാളം അട്ടിമറികള്‍ നടത്തി. പക്ഷേ, ഏത് ഉരുക്കുകോട്ടയെയും ഭേദിച്ച് ദീനിന്റെ പ്രകാശം കടന്നുവരാന്‍ തുടങ്ങി. നജ്മുദ്ദീന്‍ അര്‍ബകാനിലൂടെയും റജബ് ത്വയ്യിബ് ഉര്‍ദുഗാനിലൂടെയും ഇസ്‌ലാമിന്റെ സൗന്ദര്യ ജീവിതത്തിലേക്ക് തുര്‍ക്കി തിരിച്ചു നടന്നുകൊണ്ടിരിക്കുന്ന കഥയാണ് 'ആധുനിക തുര്‍ക്കിക്ക് പറയാനുള്ളത്' എന്ന അധ്യായത്തില്‍ വരച്ചുവെച്ചിട്ടുള്ളത്.
അനീതിയും അക്രമവും അസത്യവും കൈമുതലാക്കി നാടുവാണിരുന്ന രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കും സംഭവിച്ച പരിണതികള്‍ ചരിത്രത്തിലെ വലിയ പാഠങ്ങളാണ്. നംറൂദും ഫറോവയും അബൂലഹബും ഹജ്ജാജും ഫാറൂഖ് രാജാവുമെല്ലാം അതിന്റെ ഉദാഹരണങ്ങള്‍ മാത്രം. ഭൗതികാലങ്കാരങ്ങളുടെ പളപളപ്പില്‍ അഹന്ത കാണിച്ച അവരില്‍ പലരുടെയും അന്ത്യം അതിദയനീയമായിരുന്നു. ചരിത്രപാഠങ്ങള്‍ വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടതുണ്ട്.
'നീതിയുടെയും സത്യത്തിന്റെയും ധീരതയുടെയും പാഠങ്ങള്‍ വീണ്ടും പഠിക്കുക;
ലോകത്തിന്റെ നേതൃത്വം നിങ്ങളില്‍ തന്നെ ഏല്‍പിക്കപ്പെടും' (അല്ലാമാ ഇഖ്ബാല്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (69-82)
ടി.കെ ഉബൈദ്‌