Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 26

3191

1442 റജബ് 14

ബോധിസത്വന്റെ കലാപങ്ങള്‍

മുഹമ്മദ് ശമീം

ഇന്നത്തെ മധ്യപ്രദേശിലുള്ള മ്ഹൗവിലെ ഒരു മഹര്‍ കുടുംബത്തില്‍ 1891-ല്‍ ജനിച്ച ഭീംറാവ് റാംജി ആണ് ദലിത് പോരാട്ടത്തിന്റെയും അധഃസ്ഥിതരുടെ ഉണര്‍വിന്റെയും പ്രതീകമായ ബാബാ സാഹെബ് ഡോ. അംബേദ്കര്‍ ആയി അറിയപ്പെട്ടത്.
മഹാരാഷ്ട്രയിലെ ആദിമനിവാസികളായാണ് മഹര്‍ സമുദായം കണക്കാക്കപ്പെടുന്നത്. വര്‍ണവ്യവസ്ഥയുടെ കീഴില്‍ ശൂദ്രജാതിയായി വര്‍ഗീകരിക്കപ്പെട്ട മഹറുകള്‍ പേഷ്വാമാരുടെ കാലത്ത് അസ്പൃശ്യരായ അവര്‍ണരായി തരം താഴ്ത്തപ്പെടുകയായിരുന്നത്രെ. പതിനെട്ടാം നൂറ്റാണ്ടില്‍ മറാത്ത ഭരിച്ച ബ്രാഹ്മണരാജാക്കന്മാരായിരുന്നു പേഷ്വാമാര്‍. ശിവജി ഉള്‍പ്പെടെയുള്ള മറാത്താ രാജാക്കന്മാരുടെ പ്രധാനമന്ത്രിമാരായിരുന്ന, ഹിന്ദു ജാതിശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന തട്ടിലുള്ള ചിത്പവന്‍ ബ്രാഹ്മണ സമുദായത്തില്‍പെട്ട പേഷ്വാമാര്‍ പിന്നീട് അധികാരം പിടിച്ചെടുത്തു. പേഷ്വാമാരെപ്പോലെത്തന്നെ ശിവജിയും പിന്‍ഗാമികളും വര്‍ണവ്യവസ്ഥയില്‍ ക്ഷത്രിയരില്‍പെട്ടവരായിരുന്നില്ല. ദേശാഷ്ട ബ്രാഹ്മണ സമുദായമായിരുന്നു അവരുടേത്.
മറ്റ് അസ്പൃശ്യജാതിക്കാരേക്കാള്‍ അല്‍പം ഉയര്‍ന്നവരായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തില്‍പെട്ടവര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തി. പ്രാഥമിക വിദ്യാഭ്യാസമെങ്കിലുമില്ലാത്തവര്‍ അവരിലുണ്ടായില്ല എന്നു തന്നെ പറയാം. ചുരുക്കം ചില കാര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ഉയര്‍ന്ന ജാതിക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താനും അവര്‍ക്ക് അധികാരമുണ്ടായിരുന്നു. ഭക്തിപ്രസ്ഥാനകാലത്ത് അവര്‍ക്കിടയില്‍ അറിയപ്പെടുന്ന നിരവധി സന്തുക്കളും കവികളും ഉണ്ടായി വന്നു. ഭക്തിപ്രസ്ഥാനത്തിലെ നാമദേവിന്റെ ശിഷ്യന്‍ ചോഖമേല മഹറുകളുടെ കൂട്ടത്തിലെ അറിയപ്പെടുന്ന സാമൂഹിക പരിഷ്‌കര്‍ത്താവും സന്തും നിരവധി അഭംഗകവിതകളുടെ കര്‍ത്താവായ കവിയുമായിരുന്നു. അദ്ദേഹത്തിന്റെ പത്നി സൊയാരബായി, മകന്‍ കര്‍മമേല, മകള്‍ നിര്‍മല എന്നിവരും മറാത്ത സമൂഹത്തില്‍ ആദരിക്കപ്പെട്ടു.
പേഷ്വാമാരാല്‍ അടിച്ചമര്‍ത്തപ്പെട്ട മഹറുകളുടെ അവസ്ഥയില്‍ അല്‍പമെങ്കിലും ഉയര്‍ച്ചയുണ്ടായത് പത്തൊമ്പതാം നൂറ്റാണ്ടിലെ ഭോസ്ലെ രാജവംശത്തില്‍പെട്ട രാജര്‍ഷി ഷാഹു എന്ന, കോല്‍ഹാപ്പൂരിലെ ഛത്രപതി ഷാഹു മഹാരാജാവിന്റെ കാലത്തായിരുന്നു. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ഷാഹു.
ബ്രാഹ്മണാധിപത്യത്തിനെതിരെ ഛത്രപതി ഷാഹു കടുത്ത നിലപാടുകളെടുത്തു. വേദോക്ത വിവാദം എന്നറിയപ്പെടുന്ന ഒരു സംഭവമുണ്ടായി അദ്ദേഹത്തിന്റെ കാലത്ത്. അബ്രാഹ്മണര്‍ക്ക് വേദം അഭ്യസിപ്പിക്കാനും അവരുടെ കര്‍മങ്ങള്‍ ചെയ്യാനും ബ്രാഹ്മണര്‍ മടിച്ചു നിന്നപ്പോള്‍ രാജാവ് ഉടന്‍ തന്നെ അവരെ എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്തു. പകരം വേദാധ്യാപകരായി മറ്റ് സമുദായങ്ങളില്‍നിന്നുള്ളവരെ നിയോഗിച്ചു. സമത്വത്തിന്റെ ശക്തനായ വക്താവായിരുന്ന ഷാഹു മഹാരാജ് ബ്രാഹ്മണര്‍ക്ക് സവിശേഷമായ എന്തെങ്കിലും പരിഗണന നല്‍കാന്‍ ഒരു കാരണവശാലും തയാറായില്ല. എന്നു മാത്രമല്ല, സാമൂഹികമായി ക്വാറന്റൈന്‍ ചെയ്യപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്കും ഭരണനിര്‍വഹണത്തിലേക്കും കൊണ്ടുവരാന്‍ വളരെയധികം യത്നിക്കുകയും ചെയ്തു. അതിനായി വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും സംവരണം, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ നടപ്പിലാക്കുകയും പാഠശാലകള്‍ വ്യാപിപ്പിക്കുകയും ചെയ്തു. മുസ്‌ലിംകള്‍, ക്രൈസ്തവര്‍, ജൈനന്മാര്‍ തുടങ്ങിയ ഇതര മതവിഭാഗങ്ങളെയും ഇത്തരം പദ്ധതികളുടെ ആനുകൂല്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ഇന്റര്‍കാസ്റ്റ് വിവാഹങ്ങളെ നിയമവിധേയമാക്കുകയും സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതു കിണറുകള്‍ തുടങ്ങിയ ഇടങ്ങളിലേക്കുള്ള പ്രവേശനാവകാശം എല്ലാവര്‍ക്കും തുല്യമാക്കാന്‍ ഉത്തരവിടുകയും ചെയ്തു. ലിംഗവിവേചനത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും വിധവാ വിവാഹം നിയമവിധേയമാക്കുകയും ശൈശവവിവാഹങ്ങള്‍ തടയുകയും ചെയ്തു. ദേവദാസി സമ്പ്രദായം നിരോധിച്ചു.
ജ്യോതിറാവു ഫൂലെയും ഡോ. ബി.ആര്‍ അംബേദ്കറും ഷാഹു മഹാരാജിന്റെ ഭരണകാലത്തിന് സാക്ഷ്യം വഹിച്ചവരാണ്. ഫൂലെയുടെ സത്യശോധകസമാജത്തിന്റെ രക്ഷാധികാരിയായിരുന്നു ഷാഹു എന്ന് പറയാം. അംബേദ്കറെ സാമൂഹിക നേതൃത്വത്തിന്റെ പദവിയിലേക്കുയര്‍ത്തിയതും ഛത്രപതി ഷാഹുവാണ്. അംബേദ്കറുടെ ആദ്യകാല കളരിയായ 'മൂകനായക്' പത്രത്തിന്റെ സ്ഥാപകനും ഷാഹു മഹാരാജ് തന്നെ.
പില്‍ക്കാലത്ത് മഹറുകളില്‍ ഭൂരിഭാഗവും അംബേദ്കറെത്തുടര്‍ന്ന് ബുദ്ധമതം സ്വീകരിച്ചു.

ഹിന്ദുവും അംബേദ്കറും

അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെ സാമൂഹിക ഉന്നമനത്തിനായി ഭരണതലത്തില്‍ ഷാഹു തീവ്ര പരിശ്രമങ്ങളിലേര്‍പ്പെടുമ്പോഴും ഗ്രാമീണ ജീവിതത്തില്‍ കടുത്ത വിവേചനങ്ങള്‍ക്കിരയായിരുന്നു മഹര്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍. സ്വാഭാവികമായും അയിത്താചരണത്തിന്റെയും അസ്പൃശ്യതയുടെയും ഭീകരതകള്‍ നേരിട്ടനുഭവിച്ചാണ് അംബേദ്കറും വളര്‍ന്നുവന്നത്. എന്നാല്‍ നിരന്തര പരിശ്രമത്താലും ഷാഹു മഹാരാജിനെപ്പോലുള്ളവരുടെ പിന്തുണയാലും അദ്ദേഹം ഉയര്‍ന്ന വിദ്യാഭ്യാസം നേടി. ബോംബെ, കൊളംബിയ യൂനിവേഴ്സിറ്റികളിലും ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്സിലും പഠനം പൂര്‍ത്തിയാക്കിയ ഭീംറാവ് സമൂഹത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നുവന്നു.
ഹിന്ദു എന്ന സ്വത്വത്തെയും വേദങ്ങളുടെ അസ്തിത്വത്തെയും അതിനിശിതമായി ചോദ്യം ചെയ്യുന്നതാണ് ജാതീയതയുമായി ബന്ധപ്പെട്ട അംബേദ്കറുടെ വിശകലനം. സമൂഹത്തിലെ മഹാഭൂരിപക്ഷത്തെയും പാര്‍ശ്വവല്‍ക്കരിക്കുന്ന സവര്‍ണയത്നങ്ങളെ അദ്ദേഹം ഇങ്ങനെ ക്രമീകരിച്ചു:
1) വ്യത്യസ്ത തൊഴിലുകള്‍ ചെയ്തിരുന്ന മനുഷ്യരെ പദവി തിരിച്ച് ക്രമീകരിച്ചു.
2) ഇതില്‍ ശൂദ്രരായി താഴ്ന്ന പടിയില്‍ നിര്‍ത്തിയവരെയും അസ്പൃശ്യ അവര്‍ണരായി കല്‍പിച്ചവരെയും പൂര്‍ണമായും നിരായുധീകരിച്ചു.
3) ശൂദ്രര്‍ക്കും അസ്പൃശ്യര്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചു.
4) അധികാരഘടനയുടെ ചെറുസ്ഥാനങ്ങള്‍ പോലും അവര്‍ക്ക് വിലക്കി.
5) അവര്‍ സമ്പത്ത് ആര്‍ജിക്കുന്നത് പൂര്‍ണമായും തടഞ്ഞു.
6) സവര്‍ണരും അവര്‍ണരുമായ സ്ത്രീകളെ സമ്പൂര്‍ണമായും തരംതാഴ്ത്തി അടിച്ചമര്‍ത്തി.
(What Congress and Gandhi have Done to the Untouchables).
ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ, അസ്പൃശ്യരുടെ ഉന്നമനത്തിന് വേണ്ടി 'ബഹിഷ്‌കൃത് ഹിതകാരിണി സഭ' രൂപീകരിച്ചുകൊണ്ടാണ് അദ്ദേഹം സംഘാടനരംഗത്തേക്ക് വന്നത്. മൂകനായക്, ബഹിഷ്‌കൃതഭാരത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അദ്ദേഹം ആരംഭിച്ചു.
പൊതുസ്രോതസ്സില്‍നിന്ന് വെള്ളമെടുക്കാനും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനും അധഃകൃതര്‍ക്ക് അവകാശം ലഭിക്കുന്നതിനായി മഹദില്‍ അംബേദ്കര്‍ സത്യഗ്രഹമാരംഭിച്ചു. 1927 ഡിസംബര്‍ 25-ന് പരസ്യമായി മനുസ്മൃതി കത്തിച്ചു. ഇത്തരം സമരപരിപാടികള്‍ പെട്ടെന്ന് രാജ്യമെങ്ങും വ്യാപിച്ചു. ഡിസംബര്‍ 25 ചില ദലിത് സംഘടനകള്‍ മനുസ്മൃതി ദഹന്‍ ദിന്‍ ആയി ആചരിക്കാറുണ്ട്.
അംബേദ്കറുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് പൂനാ പാക്ട്. അസ്പൃശ്യതക്കെതിരായ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിയുമായി അദ്ദേഹത്തിനുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ കൂടി പ്രതിഫലനം ആയിരുന്നു അത്. 1932-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്യൂണല്‍ അവാര്‍ഡില്‍, പ്രാദേശിക നിയമനിര്‍മാണസഭകളില്‍ Depressed Classes-ന് പ്രത്യേക ഇലക്ടറേറ്റുകള്‍ ഏര്‍പ്പെടുത്തി. അതിനു മുമ്പ് 1919-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യ ആക്ടിനു വേണ്ടിയുള്ള Southborough Committee-യില്‍ പ്രത്യേക ഇലക്ടറേറ്റിനും സംവരണത്തിനും വേണ്ടി അംബേദ്കര്‍ ശക്തിയായി വാദിച്ചിരുന്നു. എന്നാല്‍ കമ്യൂണല്‍ അവാര്‍ഡിനെ ഗാന്ധി ശക്തിയായി എതിര്‍ത്തു. പ്രത്യേക ഇലക്ടറേറ്റ് ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ഇനിയൊരിക്കലും യോജിക്കാനാവാത്ത വിധം വിഭജിക്കുമെന്നും ജാതിവൈരുധ്യവും അസഹിഷ്ണുതയും പ്രവചനാതീതമായി മൂര്‍ഛിക്കുമെന്നുമായിരുന്നു ഗാന്ധിയുടെ വാദം. സ്വാഭാവികമായും ഇതിന്റെ അനുരണനങ്ങള്‍ കോണ്‍ഗ്രസ്സിലും ഉണ്ടാകും. ദേശീയപ്രസ്ഥാനത്തിനകത്ത് ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള ബ്രിട്ടീഷ് ഗൂഢാലോചനയായിപ്പോലും കമ്യൂണല്‍ അവാര്‍ഡിനെ വിലയിരുത്തിയവരുണ്ട്. ആ സമയത്ത് പൂനയിലെ യെര്‍വാദാ ജയിലിലായിരുന്ന ഗാന്ധിജി കമ്യൂണല്‍ അവാര്‍ഡിനെതിരെ നിരാഹാര സത്യഗ്രഹമാരംഭിച്ചു. തുടര്‍ന്നുണ്ടായ സമ്മര്‍ദങ്ങള്‍ നിമിത്തം യെര്‍വാദയില്‍ വെച്ച് അംബേദ്കറും ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ഒപ്പുവെച്ച കരാറാണ് പൂന പാക്ട്. ദലിതുകള്‍ക്കു വേണ്ടി അംബേദ്കറും ഹിന്ദുക്കള്‍ക്കു വേണ്ടി മദന്‍ മോഹന്‍ മാളവ്യയും കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം, പ്രത്യേക ഇലക്ടറേറ്റ് റദ്ദ് ചെയ്യപ്പെടുകയും യൂനിഫൈഡ് ഇലക്ടറേറ്റിന് കീഴില്‍ ഒപ്രസ്ഡ് ക്ലാസ്സുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. കമ്യൂണല്‍ അവാര്‍ഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റംസേ മക്ഡൊണാള്‍ഡ് പ്രഖ്യാപിച്ചിരുന്ന 71 സീറ്റുകള്‍ക്കു പകരം പ്രാദേശിക ലെജിസ്ലേച്ചറില്‍ 147 സീറ്റുകള്‍ ദലിതര്‍ക്ക് സംവരണാവകാശമായി ലഭിച്ചു. Depressed classes എന്നതിന് പകരം 1935-ലെ ഇന്ത്യാ ആക്ടിലും തുടര്‍ന്ന് 1950-ല്‍ ഇന്ത്യന്‍ ഭരണഘടനയിലും ദലിതര്‍ Scheduled Castes and Scheduled Tribes‑(പട്ടികജാതികളും പട്ടികവര്‍ഗങ്ങളും) ആയി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായി അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടതും പൂനാ പാക്ടിന്റെ ഫലമാണെന്ന് പറയപ്പെടുന്നു.
സംവരണം ചെയ്യപ്പെടുന്ന ഇലക്ടറല്‍ സീറ്റുകള്‍ക്കകത്ത് പട്ടികജാതി, വര്‍ഗങ്ങളുടെ സ്പെഷല്‍ ഇലക്ടറേറ്റിന് പാക്ടിന്റെ രണ്ടാം വകുപ്പില്‍ നിബന്ധനയുണ്ട്. സംവരണമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദലിത് വിഭാഗത്തില്‍പെട്ട വോട്ടര്‍മാരുടെ ഈ ഇലക്ടറേറ്റിനകത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആളുകളായിരിക്കും പൊതു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ കേന്ദ്രതലം വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ അധഃസ്ഥിതര്‍ക്കുള്ള പ്രാതിനിധ്യം പൂനാ കരാര്‍ ഉറപ്പുവരുത്തുന്നുണ്ട്. കേന്ദ്ര നിയമസഭയില്‍ പതിനെട്ട് ശതമാനം സംവരണവും വ്യവസ്ഥ ചെയ്യുന്നു. വിദ്യാഭ്യാസത്തിലുള്ള സംവരണവും ഇത് ഊന്നിപ്പറയുന്നുണ്ട്.

ശൂദ്രം

ശൂദ്രരെ സംബന്ധിച്ച് അംബേദ്കര്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളിലൊന്നാണ് Who were the Shudras?  ശൂദ്രരെ ഇതില്‍ രണ്ട് തരമാക്കുന്നു, അദ്ദേഹം. ഇന്നത്തെ ശൂദ്രര്‍ ഭിന്നാത്മകശേഖരങ്ങളില്‍ നിന്നുള്ള ജാതികളുടെ സമാഹാരമാണ്. മൗലികശൂദ്രന്മാര്‍ ഇന്‍ഡോ-ആര്യന്‍ സമൂഹത്തില്‍പെട്ടവരാണ്. ഈ മൗലികശൂദ്രരില്‍നിന്ന് വ്യത്യസ്തരാണ് ഇന്നത്തെ ശൂദ്രര്‍. ആര്യന്മാരുടെ മാതൃദേശം ഇന്ത്യക്കു പുറത്താണെന്ന സിദ്ധാന്തങ്ങളെ അംബേദ്കര്‍ ഇതില്‍ നിരാകരിക്കുന്നുണ്ട്. ഈ വീക്ഷണമാകട്ടെ, ആര്യാധിനിവേശത്തെക്കുറിച്ച ഫൂലെയുടെ സിദ്ധാന്തങ്ങളെ നിരാകരിക്കുന്നതാണ്. മാത്രമല്ല, ഋഗ്വേദത്തിലും മറ്റും പരാമര്‍ശിക്കപ്പെടുന്ന ആര്യനും ദാസനും ദസ്യുവുമൊന്നും വ്യത്യസ്ത ജനതകള്‍ (Different Peoples) അല്ലെന്നും അവ പരസ്പരം മത്സരിക്കുന്ന മതവിഭാഗങ്ങള്‍ (Competing Religious Groups) മാത്രമാണെന്നും അദ്ദേഹം വാദിച്ചു. ദ്രാവിഡ ജനതക്ക് മേലുള്ള ആര്യാധിനിവേശം എന്ന ചരിത്രത്തെ അംബേദ്കര്‍ പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്. ബ്രാഹ്മണ നിയമങ്ങളുടെ കാര്‍ക്കശ്യം കാരണമായി ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ ശൂദ്രന്മാര്‍ കാലക്രമേണ അധഃപതിക്കുകയും പൊതുജീവിതത്തില്‍ വളരെ താഴ്ന്ന നിലയില്‍ എത്തിച്ചേരുകയും ചെയ്തു. ആദ്യകാലത്ത് കുറ്റവാളികളെ ഉദ്ദേശിച്ച് രൂപം നല്‍കിയ നിയമസംഹിത പില്‍ക്കാലത്ത് നിരപരാധികളുടെ മേലും നടപ്പാക്കിത്തുടങ്ങി. അതായത്, മൗലിക ശൂദ്രരുടെ കാര്യത്തില്‍ എത്രത്തോളം കര്‍ക്കശമായാണോ ആ വ്യവസ്ഥ നടപ്പിലാക്കിയിരുന്നത്, അതേ കാര്‍ക്കശ്യത്തോടെ തന്നെ ഇന്നത്തെ ശൂദ്രരുടെ കാര്യത്തിലും അത് നടപ്പാക്കി.
മൗലിക ശൂദ്രരുടെ ഉല്‍പത്തിയെയും അവര്‍ നാലാം വര്‍ണമായതെങ്ങനെ എന്നതിനെയും സംബന്ധിച്ച നിഗമനങ്ങളെ പുസ്തകത്തിന്റെ മുഖവുരയില്‍ത്തന്നെ അംബേദ്കര്‍ ഇപ്രകാരം സംക്ഷേപിക്കുന്നു:
1) സൂര്യവംശത്തില്‍പെട്ട ആര്യന്‍ സമുദായങ്ങളിലൊന്നായിരുന്നു ശൂദ്രര്‍.
2) ആര്യന്‍ സമൂഹം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ മൂന്ന് വര്‍ണങ്ങള്‍ മാത്രം അംഗീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
3) ഇന്‍ഡോ-ആര്യന്‍ സമൂഹത്തില്‍ ക്ഷത്രിയ വര്‍ണത്തിന്റെ ഭാഗമായാണ് ശൂദ്രര്‍ പരിഗണിക്കപ്പെട്ടിരുന്നത്. അവര്‍ പ്രത്യേക വര്‍ണമായിരുന്നില്ല.
4) ശൂദ്രരായിത്തീര്‍ന്ന രാജാക്കന്മാരും ബ്രാഹ്മണരും തമ്മില്‍ നിരന്തരമായ സംഘര്‍ഷങ്ങളുണ്ടായിരുന്നു. തല്‍ഫലമായി ബ്രാഹ്മണര്‍ പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇരയായി.
5) ഈ പീഡനങ്ങളും അപമാനങ്ങളും അവരോട് ബ്രാഹ്മണരില്‍ കടുത്ത വിദ്വേഷം ജനിപ്പിച്ചു. അതിനാല്‍ അവരുടെ ഉപനയനം നടത്താന്‍ ബ്രാഹ്മണര്‍ വിസമ്മതിച്ചു.
6) ഉപനയനം നിഷേധിക്കപ്പെട്ടതോടെ, ക്ഷത്രിയരായിരുന്ന മൗലിക ശൂദ്രര്‍ സാമൂഹികമായി അധഃപതിക്കുകയും വൈശ്യരുടെ സ്ഥാനത്തിനും താഴെ ചെന്ന് പതിക്കുകയും നാലാം വര്‍ണമായിത്തീരുകയും ചെയ്തു.
മൗലിക ശൂദ്രരും ശൂദ്രരില്‍ ചേര്‍ക്കപ്പെട്ടവരും എന്ന തത്ത്വത്തില്‍ ശരിയുണ്ട്. ഇന്‍ഡോ-ഇറാനിയന്‍ ജനതയില്‍ തന്നെയാണ് വര്‍ണപരമായ വിവേചനം ആദ്യം നടപ്പായത്. ഇതരസമൂഹങ്ങളെ വൈദികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അതത് സമൂഹങ്ങളിലേക്ക് കൂടി ഈ വര്‍ണവിഭജനം ചെലുത്തുകയായിരുന്നു ബ്രാഹ്മണര്‍ എന്നതിന് കേരളത്തിലെ ജാതികളുമായി ബന്ധപ്പെട്ട ചരിത്രത്തില്‍തന്നെ തെളിവുകളുണ്ട്. അംബേദ്കറുടെ ഈ വിശകലനത്തിലാകട്ടെ, ബ്രാഹ്മണ-ശൂദ്ര പ്രശ്നത്തിന് ഒരു കുടിപ്പകയുടെ മാനം കൈവരുന്നുണ്ട്. രാഷ്ട്രീയാധികാരം കൈയാളിയിരുന്ന ക്ഷത്രിയരാണ് ബ്രാഹ്മണരെ ആദ്യം പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും വിധേയരാക്കിയത്. അനുഷ്ഠാനപരമായ തങ്ങളുടെ അധികാരം ഉപയോഗിച്ച് ബ്രാഹ്മണര്‍ അതിന് പകരം വീട്ടുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ തന്നെ വിവരണമനുസരിച്ച്, ആദ്യ കുറ്റവാളികളെ, അതായത് ഡീഗ്രേഡ് ചെയ്യപ്പെട്ട ക്ഷത്രിയരായ മൗലികശൂദ്രരെ ഉദ്ദേശിച്ച് രൂപം നല്‍കിയ, മനുവാദി സ്മൃതികളിലെ നിയമസംഹിത ഇക്കാര്യത്തില്‍ തീര്‍ത്തും നിരപരാധരായ പില്‍ക്കാല ശൂദ്രരെ ഉദ്ദേശിച്ചും നടപ്പാക്കിത്തുടങ്ങി. ക്ഷത്രിയരുടെ രാഷ്ട്രീയാധികാരത്തേക്കാള്‍ ശക്തമായിരുന്നു ബ്രാഹ്മണരുടെ മതാധികാരം എന്ന് ഈ വിശകലനത്തില്‍നിന്ന് ഗ്രഹിക്കാം. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (69-82)
ടി.കെ ഉബൈദ്‌