തലമുറകളുടെ അന്തരവും ദാമ്പത്യത്തിലെ സംഘര്‍ഷങ്ങളും
മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വിദ്യാഭ്യാസവും പകര്‍ന്നുനല്‍കി സ്ത്രീകളെ ഉദ്ബുദ്ധരാക്കണമെന്നും വരും തലമുറക്ക് മാതൃകയായി മുന്നില്‍ നില്‍ക്കേണ്ടത് വിദ്യാസമ്പന്നരായ മാതാക്കളാണെന്നും ഇസ്‌ലാം ഉണര്‍ത്തുന്നു. വിദ്യാഭ്യാസത്തോടൊപ്പം സത്യസന്ധതയും ഉയര്‍ന്ന ധാര്‍മിക ബോധവുമാണ് യഥാര്‍ഥ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും നല്‍കുക വഴി നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും.
വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം സാധിക്കുകയും സാമൂഹികമായി വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്ത കാലമാണ് നമ്മുടേത്. ഇന്നത്തെ കുടുംബങ്ങളില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ പഴയകാല കുടുംബ പ്രശ്‌നങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. പഴയകാലത്ത് വിദ്യാഭ്യാസം കുറഞ്ഞ പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞാല്‍ ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട് ഭര്‍ത്താവിനും മക്കള്‍ക്കും വെച്ചുവിളമ്പി ഗൃഹം പരിപാലിച്ചു ജീവിക്കുമായിരുന്നു. എന്നാല്‍, ഇന്ന് പെണ്‍കുട്ടികള്‍ വിദ്യാ സമ്പന്നരാണ്. പൊതുവെ പെണ്‍കുട്ടികളേക്കാള്‍ പിറകിലാണ് ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം. ഈയൊരു വ്യത്യാസം വീട്ടിലെ ഗൃഹനാഥന്‍ എന്ന നിലയില്‍ പുരുഷന് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. തന്നേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ ആളാണ് തന്റെ ഭര്‍ത്താവ് എന്ന ചിന്ത പെണ്‍കുട്ടിയെയും അസ്വസ്ഥപ്പെടുത്താം. വിദ്യാഭ്യാസത്തില്‍ ആണ്‍കുട്ടികള്‍ പിറകിലാവുകയും പെണ്‍കുട്ടികള്‍ ഉയരങ്ങളിലെത്തുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് വൈവാഹിക ജീവിതത്തില്‍ പൊട്ടലും ചീറ്റലുമുണ്ടാക്കും.
പഴയ തലമുറയുടെയും പുതിയ തലമുറയുടെയും കാഴ്ചപ്പാടുകള്‍ ഭിന്നമായിരിക്കും. തങ്ങള്‍ ജീവിച്ച കാലഘട്ടത്തിലല്ല പുതിയ തലമുറ ജീവിക്കുന്നതെന്നും, തങ്ങളുടേതു പോലുള്ള പഠന രീതിയല്ല അവരുടേതെന്നും പഴയ തലമുറ മനസ്സിലാക്കണം. തങ്ങള്‍ ഉപയോഗിച്ച യന്ത്രസാമഗ്രികളല്ല അവര്‍ ഉപയോഗിക്കുന്നത്. പുസ്തക വായനയിലൂടെയാണ് തങ്ങള്‍ അറിവ് നേടിയിരുന്നത്. എന്നാല്‍ ഈ കാലത്ത് ഒരു വിരല്‍സ്പര്‍ശം മതി, പുതിയ തലമുറയുടെ മുമ്പില്‍ അറിവുകള്‍ കൂമ്പാരമാവുകയായി. അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അതിനെ നെഗറ്റീവായി മാത്രം കാണരുത്. തന്റെ മകള്‍ അല്ലെങ്കില്‍ മരുമകള്‍ എന്നും ചാറ്റിംഗിലാണ്, ഫേസ്ബുക്കിലാണ്, വാട്ട്‌സ് ആപ്പിലാണ് എന്ന നെഗറ്റീവ് ചിന്തയിലാണ് രക്ഷിതാക്കളെങ്കില്‍ ആ കുടുംബത്തില്‍ പ്രശ്‌നമൊഴിഞ്ഞ നേരമുണ്ടാവുകയില്ല.
കാലത്തോടൊപ്പം സഞ്ചരിക്കണമെങ്കില്‍ പുതിയ മാധ്യമങ്ങളും സംവിധാനങ്ങളും ആവശ്യമാണെന്ന് മനസ്സിലാക്കണം. അതിലെ ചതിക്കുഴികളും അപകടങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കുക. പഴയ കാലത്തെ ഭക്ഷണ രീതിയല്ല ഇന്നുള്ളത്. പുത്തന്‍രീതികള്‍ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ചില വീടകങ്ങളില്‍ ഇന്നും അമ്മിയില്‍ അരച്ചതേ പറ്റൂ, അടുപ്പില്‍ വിറക് കത്തിച്ച് വേവിച്ചതേ തിന്നൂ. അതുതന്നെ ഇന്ന് കിട്ടണമെന്ന് വാശി പിടിക്കുന്നവര്‍, ഫാസ്റ്റ് ഫുഡിന്റെ രുചിയറിഞ്ഞ ഇന്നത്തെ തലമുറയോട് ശാഠ്യം പിടിക്കുമ്പോള്‍ ശ്രദ്ധിക്കുക. പുതുതലമുറക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം ഇടക്കൊക്കെ ഉണ്ടാക്കാനുള്ള അനുമതി കൊടുക്കുകയോ അവര്‍ക്കിഷ്ടപ്പെട്ടവ ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുകൊടുക്കുകയോ ചെയ്യണം. അവരെ ഒപ്പം ചേര്‍ത്ത് അവരോടൊപ്പം സന്തോഷം പങ്കിട്ടു കഴിക്കുമ്പോഴാണ് ആ കുടുംബം സന്തോഷകരമായി മുന്നോട്ടു പോവുക.
ഇന്ന് കുടുംബങ്ങളില്‍ മക്കള്‍ ഏതു വഴിയാണ് നീങ്ങുന്നത് എന്നതിനെക്കുറിച്ച ആധിയുണ്ട്. കുട്ടികള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ നാടു വിട്ടും സംസ്ഥാനം വിട്ടും കടല്‍ കടന്നും മറ്റു കാമ്പസുകളില്‍ പോയി പഠിക്കുന്നു. ചിലരെങ്കിലും നാസ്തികതയിലേക്കും മറ്റും വഴിതെറ്റുന്നു. അവര്‍ക്ക് ദീനീപരമായ അടിത്തറ നല്‍കുന്നതില്‍ രക്ഷിതാക്കള്‍ പരാജയപ്പെട്ടതാണ് ഇതിന്റെ പ്രധാന കാരണം. ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്ത് അവരെ പഠിപ്പിച്ചിട്ടുണ്ടാവും. ഏറ്റവും മികച്ച സ്‌കൂള്‍ തന്നെ തേടിപ്പിടിച്ച് ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതി പോലും കണക്കിലെടുക്കാതെ ശ്രദ്ധിച്ചിട്ടുമുണ്ടാവും. മദ്‌റസയില്‍ പഠിച്ചില്ലെങ്കിലും കുഴപ്പമില്ല തന്റെ മകന്‍, അല്ലെങ്കില്‍ മകള്‍ സ്‌കൂളുകളിലെ പഠനസംബന്ധമായ ട്യൂഷനും മറ്റു സ്‌പെഷ്യല്‍ ക്ലാസ്സുകളും അറ്റന്റ് ചെയ്യണം എന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ മാറുന്നു. സ്‌കൂളില്‍ പരീക്ഷ തുടങ്ങിയാല്‍ പിന്നെ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമുള്ള മദ്‌റസ ലീവാക്കുന്ന കുട്ടികളെയും കാണാം. ദീനീപഠനത്തില്‍ വരുന്ന ഈ അലംഭാവമാണ് കോളേജ് പഠനകാലങ്ങളിലും മറ്റും കുട്ടികള്‍ വഴിതെറ്റിപ്പോകാനുള്ള .ഒരു പ്രധാന കാരണം.
കുട്ടികള്‍ വഴിമാറി സഞ്ചരിക്കാന്‍ മറ്റൊരു പ്രധാന കാരണം മാതാപിതാക്കളുടെ സ്വരച്ചേര്‍ച്ചയില്ലായ്മയാണ്. അവര്‍ തമ്മിലെ കലഹങ്ങളും കുറ്റപ്പെടുത്തലുകളും വിശ്വാസമില്ലായ്മയും വലിയ മാനസിക ആഘാതമാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. പൊതുവെ ശ്രദ്ധയില്‍ വരാത്ത മറ്റൊരു പ്രശ്‌നവുമുണ്ട്. നല്ല ദീനീവിദ്യാഭ്യാസമുള്ള, ആരാധനാകാര്യങ്ങളിലൊക്കെ കൃത്യതയുള്ള പിതാവ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരനായിരിക്കും. അവരെ സേവിക്കാനും അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരിക്കും. എന്നാല്‍ മക്കള്‍ക്ക് സ്‌നേഹം കൊടുക്കാനും അവരെ കേള്‍ക്കാനും അവര്‍ക്കു വേണ്ടി സമയംമാറ്റി വെക്കാനും ഈ പിതാവ് വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടാവില്ല. ഇങ്ങനെയുള്ള കുട്ടികളില്‍ ചിലരെങ്കിലും തനിക്ക് കിട്ടേണ്ട സ്‌നേഹം തന്നില്ല എന്നതിലുള്ള വൈരാഗ്യം തീര്‍ക്കുന്നതിന് മറ്റു പലതിലേക്കും വഴിമാറിപ്പോകുന്നതും കാണാറുണ്ട്. ഭാര്യയെ പരിഗണിക്കാത്ത, മക്കളെ പരിഗണിക്കാത്ത എന്നാല്‍ നാട്ടുകാര്‍ക്ക് വേണ്ടി എപ്പോഴും ഓടിപ്പാഞ്ഞു നടക്കുന്ന ചിലര്‍ക്കെങ്കിലും വന്നുപെടുന്ന ദുരന്തമാണിത്. ഇത്തരം ദീന്‍ എന്ത് ദീനാണെന്ന ചിന്തയില്‍, ആ ദീന്‍ തനിക്കാവശ്യമില്ല എന്ന തീരുമാനത്തിലെത്തുകയും ആ ദീനില്‍നിന്ന് മകന്‍ / മകള്‍ പുറത്തു കടക്കുകയും ചെയ്യുന്നു. അവര്‍ പുറത്തു ചാടുന്നതും നോക്കി വലയും ചൂണ്ടയുമായി നില്‍ക്കുന്നവരുടെ ചട്ടിയില്‍തന്നെ അവര്‍ ചെന്നു ചാടും. പിതാവ് മാത്രമല്ല മാതാവും ഇത്തരം ദുരന്തങ്ങള്‍ക്ക് ഉത്തരവാദിയാണ്.
ഇസ്‌ലാം നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്, പ്രായം കണക്കിലെടുത്ത് മക്കളോട് എങ്ങനെ പെരുമാറണമെന്ന്. അത്തരം കാര്യങ്ങളും ഇന്ന് മിക്ക മാതാപിതാക്കളും ശ്രദ്ധിക്കാറില്ല. ശാരീരിക, മാനസിക, വൈകാരിക മാറ്റങ്ങള്‍ അതിവേഗം നടക്കുന്ന കാലമാണ് ടീനേജ് അല്ലെങ്കില്‍ കൗമാരക്കാലം. ഇന്നത്തെ ഭക്ഷണരീതി കൊണ്ടാവാം കുട്ടികള്‍ നേരത്തേ തന്നെ കൗമാരത്തിലേക്ക് എത്തിപ്പെടുന്നു. ഈ മാറ്റവും വളര്‍ച്ചയും മനസ്സിലാക്കുക. അവര്‍ വളര്‍ന്നുവെന്ന് അവരുടെ മനസ്സ് പറയും. പക്ഷേ മുതിര്‍ന്നവരുടെ കൂട്ടത്തില്‍ അവരെ ഉള്‍പ്പെടുത്തുകയില്ല, മുതിര്‍ന്നവരുടെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ല; എന്നാല്‍ കുട്ടിക്കളികളില്‍നിന്ന് അവരെ വിലക്കുകയും ചെയ്യും. ഇതൊക്കെ അവരില്‍ മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും. അത് കുടുംബത്തോട് വെറുപ്പ് ജനിപ്പിക്കാനും കാരണമാവും. ഈ അവസ്ഥയില്‍ പെട്ടുപോകുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവന് വീട്ടിലേക്ക് മഗ്‌രിബ് നേരത്തും എത്താന്‍ താല്‍പര്യമില്ലാതെയാവുന്നു. അവന്‍ തന്റെ കൂടുതല്‍ സമയവും കൂട്ടുകാരോടൊത്ത് ചെലവഴിക്കുന്നു. ആ കൂട്ടുകാര്‍ ഏതു രൂപത്തിലുള്ളവരാണോ ആ രൂപത്തിലേക്ക് അവനും (അവളും) മാറുന്നു. പെണ്‍കുട്ടികളാവട്ടെ, ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും മറ്റു സോഷ്യല്‍ മീഡിയയിലുമായി അധികസമയം ചെലവഴിക്കുകയും തനിക്ക് സ്‌നേഹം കിട്ടുന്നു, തന്നെ പരിഗണിക്കുന്നു എന്ന് തോന്നുന്നവരുടെ കൂടെ, അത് ആണാവട്ടെ പെണ്ണാവട്ടെ, ചാറ്റ് ചെയ്ത് മോശമായ ചിന്തകളിലേക്കും മറ്റും വഴി മാറിപ്പോവുകയും ചെയ്യുന്നു.
ഇവയെല്ലാം കുട്ടികള്‍ രഹസ്യമായി കൊണ്ടുനടക്കുമ്പോഴായിരിക്കും അവരുടെ വിവാഹപ്രായമെത്തുന്നത്. അപ്പോഴുമവര്‍ ആ പഴയ വാട്ട്‌സാപ്പ് ബന്ധം മനസ്സില്‍ താലോലിക്കുന്നുണ്ടാകും. തന്റെ ഭര്‍ത്താവിന്, അല്ലെങ്കില്‍ ഭാര്യക്ക് സ്‌നേഹം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ എത്തിപ്പെടുകയും അത് കശപിശകള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തേക്കാം. വേര്‍പിരിയലില്‍ അവസാനിച്ചേക്കാം. മക്കളെ ശ്രദ്ധിക്കേണ്ട പ്രായത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം പല അപകടങ്ങളും ഒഴിവാക്കാനാകുമായിരുന്നു.
നിങ്ങളോടൊപ്പം കുട്ടികളുണ്ടെങ്കില്‍ നിങ്ങള്‍ കുട്ടികളാവുക. കുട്ടികളിലേക്ക് ഇറങ്ങിചെന്ന് അവരോടൊപ്പം നിലകൊള്ളുക. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്ല നിലയില്‍ പഠിപ്പിക്കുക. ജീവിതത്തില്‍വന്ന് ഭവിക്കുന്ന മാറ്റങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ബോധവല്‍ക്കരിക്കുക. ഒപ്പം പുതു തലമുറയെ നെഗറ്റീവ് ചിന്തയിലൂടെ നോക്കിക്കാണുന്ന പ്രവണതയും അവസാനിപ്പിക്കണം. പണ്ടത്തെ തലമുറ അനുഭവിച്ച പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എണ്ണി പറഞ്ഞ് ഇന്നത്തെ തലമുറയെ മാറ്റിയെടുക്കാം എന്ന് കരുതുന്നതില്‍ അര്‍ഥമില്ല. അവര്‍ക്ക് അത്തരം കഥകള്‍ ചിലപ്പോള്‍ ഇഷ്ടമാകണമെന്നില്ല. അവരുടെ താല്‍പര്യങ്ങളും അഭിരുചികളും കണക്കിലെടുത്ത് അവരുടെ മനഃപരിവര്‍ത്തനത്തിന് ഉതകുന്ന ഏറ്റവും നവീനമായ രീതികളാണ് സ്വീകരിക്കേണ്ടത്.
Comments