കുടുംബം പുതുകാല പ്രശ്‌നങ്ങളും ഇസ്‌ലാമിക പരിഹാരങ്ങളും
വിവാഹവും കുടുംബ സങ്കല്‍പവും ആണ്‍-പെണ്‍ ബന്ധങ്ങളുമെല്ലാം നിരന്തര സംവാദത്തിനും ചര്‍ച്ചക്കും വിധേയമാകുന്നതാണ് പുതിയ സാമൂഹിക അന്തരീക്ഷം. മതാത്മക കുടുംബ സങ്കല്‍പങ്ങളെ നിരന്തരം കടന്നാക്രമിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന പുതിയ വ്യവഹാരങ്ങള്‍ക്ക് പുതുതലമുറയില്‍ വലിയ ഇടം ലഭിക്കുന്നുണ്ട്.
മതങ്ങളുടെ ജനിതകഘടനയില്‍ തന്നെ ഉണ്ടെന്ന് പുരോഗമന പക്ഷം ആരോപിക്കുന്ന ഹിംസാത്മക പുരുഷാധിപത്യ താല്‍പര്യങ്ങള്‍ ഇസ്‌ലാമിനു മേലും അവര്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. താത്ത്വികമായി ഇസ്‌ലാം കൃത്യമായി ലിംഗനീതി ഉറപ്പു വരുത്തുമ്പോഴും പ്രായോഗികമായി മുസ്‌ലിം കുടുംബങ്ങളിലെ അനുഭവ പരിസരങ്ങള്‍ മുന്‍നിര്‍ത്തി രൂപപ്പെടുന്ന ആഖ്യാനങ്ങള്‍ ഇസ്‌ലാമിന്റെ മതനിയമമായും അധ്യാപനമായും വ്യാഖ്യാനിക്കപ്പെടുന്ന ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാം.
കുടുംബം എന്ന സങ്കല്‍പം തന്നെ കാപട്യത്തിനു മേല്‍ കെട്ടിപ്പൊക്കിയ ഒരു എസ്റ്റാബ്ലിഷ്‌മെന്റാണെന്ന് വാദിക്കുന്നവരും അതിന് സൈദ്ധാന്തിക അടിത്തറ പാകുന്നവരും കൃത്യമായ അജണ്ട സെറ്റ് ചെയ്തുവെച്ചാണ് മുന്നോട്ടു പോകുന്നത്.
മുസ്‌ലിം ചെറുപ്പത്തിനിടയില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചന പ്രവണതകളും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും പൊരുത്തമില്ലായ്മയും അധികാരത്തര്‍ക്കങ്ങളും അവിഹിതബന്ധങ്ങളുമെല്ലാം രൂപപ്പെടുന്നതിനു പിന്നിലുള്ള കാരണങ്ങളും പ്രേരകങ്ങളും ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. ദമ്പതികള്‍ ഇസ്‌ലാമിനകത്ത് പരിഹാരങ്ങള്‍ അന്വേഷിക്കുന്നതിനു പകരം ഇസ്‌ലാമിനു പുറത്തു രൂപപ്പെട്ടുവരുന്ന നരേറ്റീവുകളില്‍ ശരി കണ്ടെത്തുകയും നിസ്സാര കാരണങ്ങള്‍ മുന്‍നിര്‍ത്തി വിവേകപരമായ ആലോചനകളൊട്ടുമില്ലാതെ ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു. ശേഷം ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. ഇത്തരം പ്രവണതകളുടെ മൗലിക കാരണങ്ങളിലേക്കും പരിഹാരങ്ങളിലേക്കും തല്‍സംബന്ധമായ ശിക്ഷണങ്ങളിലേക്കും സമുദായ നേതൃത്വത്തിന്റെ സജീവ ശ്രദ്ധ പതിയേണ്ട ഘട്ടം കൂടിയാണിത്.
രണ്ട് പുഴകള്‍ ചേര്‍ന്ന് ഒന്നാകുമ്പോള്‍
സവിശേഷ വ്യക്തിത്വവും വ്യതിരിക്തതയുമുള്ള അപരിചിതരായ രണ്ടു പേര്‍ പവിത്രമായ കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിക്കുന്ന വിവാഹത്തില്‍ പങ്കാളികളാകുന്നവരുടെ മാനസിക പൊരുത്തം പ്രധാന ഘടകമാണ്. അഭിരുചികളും താല്‍പര്യങ്ങളും മനസ്സിലാക്കി പരസ്പരം ആഴത്തില്‍ ബോധ്യപ്പെടുമ്പോള്‍ രണ്ടു പുഴകള്‍ സന്ധിച്ച് ഒരൊറ്റ പുഴയായി, സ്വഛന്ദമായി ഒഴുകുന്നു. ആഴത്തില്‍ പാരസ്പര്യം രൂപപ്പെട്ടുവരാത്ത ബന്ധങ്ങള്‍ എപ്പോഴും ഒരിക്കലും ലയിച്ചുചേരാനാവാതെ രണ്ട് കൈവഴികളായി ഒഴുകുന്നു.
സമ്പത്തും നിറവും സൗന്ദര്യവും ആഢ്യത്വവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സാമൂഹിക പദവിയും മാത്രം വിവാഹത്തിന്റെ മാനദണ്ഡങ്ങളാവുകയും അവ മുന്‍ഗണനാക്രമത്തില്‍ വരികയും, ധാര്‍മ്മിക ബോധവും (ദീന്‍) പരസ്പരച്ചേര്‍ച്ചയും അവശ്യഘടകങ്ങളാകാതിരിക്കുകയും ചെയ്യുമ്പോള്‍ രൂപപ്പെട്ടുവരുന്ന പ്രതിസന്ധികള്‍ കുടുംബ ഘടനക്ക് വലിയ പോറലുകളേല്‍പിക്കുന്നുണ്ട്. ഇവിടെ ദീര്‍ഘകാലം ഒരുമിച്ച് ജീവിതനൗക തുഴയേണ്ടവരുടെ മാനസിക പൊരുത്തങ്ങള്‍, അഭിരുചികള്‍, ജീവിത വീക്ഷണങ്ങള്‍ എന്നിവ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
വിവാഹത്തിനു ശേഷം ഇത്തരം വിഷയങ്ങളിലെ ചേര്‍ച്ചയില്ലായ്മകള്‍ മറനീക്കി പുറത്തുവരുമ്പോഴാണ് ഇതേപ്പറ്റി നാം ബോധവാന്മാരാവുക.
മറുവശത്ത്, സ്ത്രീ പുരുഷനെ ആശ്രയിച്ചു ജീവിക്കേണ്ടവളായതുകൊണ്ട് പുരുഷാധിപത്യ പ്രവണതകള്‍ ശക്തമായി നിലനില്‍ക്കുന്ന സാമൂഹിക ഘടനക്കകത്ത് അവള്‍ രണ്ടാംകിട വ്യക്തിയായി നിശ്ശബ്ദയാക്കപ്പെടുമോ എന്ന ഭീതി പലതരം ബോധ്യങ്ങളാലും സ്വാധീനങ്ങളാലും പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. അത്തരം ബോധ്യങ്ങളെ ഇസ്‌ലാമിക ദര്‍ശനത്തിനകത്തുള്ള മെക്കാനിസം കൊണ്ട് തിരുത്തുന്നതിനു പകരം ഇസ്‌ലാമിന് അന്യമായ ഫെമിനിസ്റ്റ് ശാഠ്യങ്ങള്‍ കൊണ്ടോ മറ്റോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് നമ്മെ എവിടെയുമെത്തിക്കില്ല.
വിവാഹശേഷം പെണ്ണിന്റെ സ്വപ്‌നവും ആവിഷ്‌കാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു എന്ന പരാതികളും പരിഭവങ്ങളും അവ രൂപപ്പെടുത്തുന്ന ആത്മനിന്ദയും മൂര്‍ഛിച്ച് രൂപപ്പെടുന്ന അഭിപ്രായ ഭിന്നതകളും തര്‍ക്കങ്ങളും പരസ്പരം മനസ്സിലാക്കലിന്റെയും വിട്ടുകൊടുക്കലിന്റെയും നേര്‍ത്ത ഒരു പോയന്റിലാണ് പലപ്പോഴും വീണുടയുന്നത്.
ഡോ. മുസ്തഫസ്സിബാഈ, മുസ്‌ലിം സ്ത്രീകള്‍ കുടുംബത്തിലെ പുരുഷന്മാരുടെ കൃത്യമായ അനുപാതത്തില്‍ കൂട്ടത്തോടെ തൊഴിലിടങ്ങളിലേക്ക് കടന്നുവരുന്നതിന്റെ അപകടങ്ങളെ കുറിച്ച് ബോധവത്കരിക്കുമ്പോള്‍ തന്നെ, വ്യത്യസ്ത മേഖലകളില്‍ കഴിവും പ്രാപ്തിയും നേതൃശേഷിയുമുള്ള സ്ത്രീകള്‍ അവരുടെ ഇടങ്ങളില്‍ ഉത്തരവാദിത്വനിര്‍വഹണത്തില്‍ ഏര്‍പ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ സ്ത്രീസൗഹൃദ തൊഴിലിടങ്ങളുടെ കുറവും, മക്കളെ ജോലിസ്ഥലങ്ങളില്‍ പരിചരിക്കാനുള്ള സൗകര്യങ്ങളുടെ അഭാവവും, ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന സ്ത്രീകളുടെ മനുഷ്യവിഭവശേഷിയെ നഷ്ടമായി കണക്കാക്കുന്ന കോര്‍പറേറ്റ് -കമ്പനി പോളിസികളുമെല്ലാം ചേര്‍ന്ന് ആഹ്ലാദകരവും ആനന്ദപൂര്‍ണവുമായ കുടുംബം എന്ന സങ്കല്‍പത്തിലേക്ക് ദമ്പതികളുടെ മനസ്സിനെ ഇണക്കിക്കൊണ്ടുവരുന്നതില്‍ വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആത്മസാക്ഷത്കാരത്തിന്റെ ഭാഗമായി പഠിച്ച കോഴ്‌സിന്റെ ബലത്തില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പെണ്ണിന് കുടുംബത്തെ ബലികഴിക്കേണ്ടിവരികയോ തൊഴിലുപേക്ഷിക്കുന്നതിന്റെ അന്തഃസംഘര്‍ഷങ്ങളിലേക്ക് നിപതിക്കുകയോ ചെയ്യേണ്ടിവരുന്നു. ഇത്തരം ധാരാളം ഉള്‍പിരിവുകളുള്ള സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിയും താല്‍പര്യവും മാത്രം മുന്‍നിര്‍ത്തി ദമ്പതികള്‍ക്കിടയില്‍ രൂപപ്പെടുന്ന കൃത്യമായ പരസ്പരധാരണ മാത്രമേ വിജയം കാണൂ. പാരസ്പര്യവും ബന്ധത്തിലെ രസതന്ത്രവും ഏറ്റവുമധികം പ്രവര്‍ത്തനക്ഷമമാകേണ്ടത് അവിടെയാണ്.
മതമൂല്യങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രവണതകളും ലിബറല്‍ വ്യക്തിസ്വാതന്ത്ര്യവാദങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളും വ്യക്തി എന്നതിനപ്പുറം കുടുംബത്തിലെ ഒരംഗം, സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ സ്വന്തത്തെ നോക്കിക്കാണാത്തതുമെല്ലാം പ്രശ്‌നങ്ങളുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. നിസ്സാര കാര്യങ്ങളില്‍ വിവാഹമോചനം തേടുന്ന പ്രവണതകള്‍ വര്‍ധിച്ചുവരുന്നു. വിവാഹവും ദാമ്പത്യവും അല്ലാഹുവിനെ മുന്‍നിര്‍ത്തി എടുത്ത ബലിഷ്ഠമായ കരാറും ഉറപ്പുമാണ് എന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
ഈയിടെ കേരളീയ പൊതുമണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയിലും വിവാഹമോചനത്തെയും സ്വതന്ത്ര ജീവിതത്തെയുമാണ് കുടുംബത്തിന്റെ കെട്ടുപാടുകളില്‍നിന്നുള്ള വിമോചനത്തിന് പരിഹാരമായി അവതരിപ്പിക്കുന്നത്. അത്തരം വിവാഹമോചനങ്ങള്‍ സംഭവിക്കുന്നതിനെ അണിയറ ശില്‍പികള്‍ സിനിമയുടെ വിജയമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. കുടുംബ സംവിധാനത്തെ പരിപൂര്‍ണമായി റദ്ദ് ചെയ്തുകൊണ്ടുള്ള സ്ത്രീശാക്തീകരണവാദങ്ങള്‍ക്കപ്പുറം കുടുംബത്തിനകത്തുനിന്നുകൊണ്ടുള്ള ശാക്തീകരണവും വിമോചനവുമെന്ന ബദലിനെക്കുറിച്ച ആലോചനകള്‍ എവിടെയും കണ്ടില്ല. ഇസ്‌ലാമിക കുടുംബ സംവിധാനത്തിനകത്ത് പരസ്പരം തിരുത്തിയും നീതിബോധമുള്ള മധ്യസ്ഥന്മാരിടപെട്ടും സ്വയം നവീകരിച്ചും പരസ്പരം കൂടിയാലോചിച്ചും കൂട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബ സംവിധാനം. വിവാഹമോചനമെന്നത് അവസാനത്തെ ഓപ്ഷനാണ്.
ഒരു കാര്യത്തില്‍ ദമ്പതികള്‍ക്കിടയില്‍ അതൃപ്തിയുണ്ടെങ്കില്‍ മറ്റൊരു കാര്യത്തില്‍ ആകര്‍ഷകമായ ഒരു ഘടകമുണ്ടാകും എന്ന് ദാമ്പത്യത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധേയമാണ്. എല്ലാറ്റിലും നെഗറ്റിവിറ്റി കണ്ടെത്തുന്നതിനു പകരം പോസിറ്റീവായ കാര്യങ്ങളെ മുന്‍നിര്‍ത്തി കുടുംബ ജീവിതം കൂടുതല്‍ മനോഹരമാക്കുക എന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം.
ലൈംഗിക അസംതൃപ്തികള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ദാമ്പത്യ പരാജയങ്ങളുടെ മുഖ്യ ഹേതുവാണ്. വിവാഹത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ ആയതില്‍ പ്രണയം(മവദ്ദത്ത്), ആര്‍ദ്രത (റഹ്മത്ത്), പ്രശാന്തി (സുകൂന്‍) എന്നീ മൂന്ന് കാര്യങ്ങളാണ് അടിസ്ഥാന ഘടകങ്ങളായി അവതരിപ്പിക്കുന്നത്. മനോഹരമായ ദാമ്പത്യം ഇത് മൂന്നും ചേരാതെ സാധ്യമാകില്ല. ദാമ്പത്യങ്ങളില്‍ പലതും പരാജയപ്പെടുന്നത് ആഴത്തില്‍ പരിശോധിച്ചാല്‍ ഈ മൂന്നിലൊന്നിന്റെ അഭാവം കൊണ്ടാണെന്നു കാണാം. ഇതില്‍ മനോഹരമായ ലൈംഗികത രൂപപ്പെടുന്നത് പ്രണയവും കാരുണ്യവും കൃത്യമായി ഇഴചേരുമ്പോഴാണ്. നിയമവിധേയമാക്കപ്പെട്ട ബലാത്സംഗങ്ങളാണ് വിവാഹ ജീവിതത്തില്‍ നടക്കുന്നതെന്ന ഒരു ഫെമിനിസ്റ്റ് വാദമുണ്ട്. മറ്റു പലതിന്റെയും സ്വാധീനത്താലുള്ള പുരുഷന്റെ അമിത ലൈംഗികത മൂലം രോഗിയെന്നോ ഗര്‍ഭിണിയെന്നോ ക്ഷീണിതയെന്നോ പരിഗണിക്കാതെ അവളുടെ വിസമ്മതത്തോടെയും താല്‍പ്പര്യത്തെ പരിഗണിക്കാതെയുമാണ് പുരുഷന്‍ ലൈംഗികതയിലേര്‍പ്പെടുന്നത് എന്നാണ് അതിനു വിശദീകരണമായി അവര്‍ പറയുന്നത്. പരസ്പര ആഗ്രഹങ്ങളെയും തൃപ്തിയെയും ഇഷ്ടങ്ങളെയും പരിഗണിച്ച് വസ്ത്രം പോലെ ഇണയും തുണയും ഒന്നായിച്ചേരുന്ന ഒന്നിന്റെ പേരാണ് ഇസ്‌ലാമിലെ ലൈംഗിക ജീവിതം. നിങ്ങള്‍ പക്ഷികളെപ്പോലെ ലൈംഗികതയില്‍ ഏര്‍പ്പെടരുത് (അവളെ പരിഗണിക്കണം) എന്ന് പുരുഷനോടും അവന്‍ ക്ഷണിച്ചാല്‍ നീ കിടപ്പറയില്‍ ചെല്ലണം എന്ന് പെണ്ണിനോടും പ്രവാചകന്‍ പറഞ്ഞത് ആണ്‍-പെണ്‍ വ്യക്തിത്വങ്ങളിലെ വ്യതിരിക്തതയെ കൃത്യമായി അഭിമുഖീകരിച്ചുകൊണ്ടു തന്നെയാണ്. ആണ്‍-പെണ്‍ ബന്ധങ്ങള്‍ കേവലം ശരീരകേന്ദ്രീകൃതമായി ചുരുങ്ങിയ ഒരു കാലത്ത് ആത്മാര്‍ഥ പ്രണയത്തിന്റെ അഭാവത്തില്‍ പല ദാമ്പത്യങ്ങളും ഊഷരമായ മരുഭൂമിയായി പരിണമിച്ചിട്ടുണ്ട്.
ലിവിംഗ് റ്റുഗദര്‍, ഡേറ്റിംഗ് പോലുള്ള ബന്ധങ്ങള്‍ പലപ്പോഴും പുരുഷന് സമ്മാനിക്കുന്നത് സുഖകരമായ ജീവിതമാണ്. കുടുംബത്തിന്റെ മുഴുവന്‍ പരിരക്ഷയും ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതില്ലാത്ത പെണ്ണും കൂടി ആ ജീവിതത്തില്‍ ചെലവുകള്‍ വഹിക്കും. എന്നാല്‍ മക്കളുടെ ഉത്തരവാദിത്വം എന്ന വലിയ ബാധ്യത ഏറ്റെടുക്കേണ്ടതുമില്ല. ഇങ്ങനെ ഒരുതരം കൈകഴുകല്‍ ജീവിതം അതില്‍ ഒളിച്ചിരിപ്പുണ്ട്. പുരുഷന് അദൃശ്യമായ ഒരു പ്രിവിലേജ് അത്തരം ബന്ധങ്ങള്‍ വകയിരുത്തുന്നുണ്ട്; സ്ത്രീക്ക് അമിതഭാരവും. ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കൃത്യപ്പെടുത്താത്ത കുടുംബ ജീവിതത്തില്‍ അനാഥരാക്കപ്പെടുക മക്കള്‍ മാത്രമായിരിക്കില്ല, വൃദ്ധരായ മാതാപിതാക്കളും വിധവകളും മാനസികനില തെറ്റിയവരും അംഗവൈകല്യമുള്ളവരുമെല്ലാം അനാഥത്വത്തിന്റെ പട്ടികയിലേക്ക് കടന്നുവരും.
പെണ്ണുകാണല്‍ ചടങ്ങുകളെ വെറും ചടങ്ങുകളാക്കാതെ, ജീവിത വീക്ഷണങ്ങളും അഭിരുചികളും തുറന്നുപറയാനുള്ള അവസരമാക്കി അവയെ മാറ്റണം. ഒരുപാട് യാത്രയും വായനയും ഇഷ്ടമുള്ള ഒരാളെ സംബന്ധിച്ചേടത്തോളം ഇതില്‍ യാതൊരു താല്‍പര്യവുമില്ലാത്ത ഇണ എന്നത് ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കും.
മാതാപിതാക്കളുടെ വിവാഹ മോചനത്തിലൂടെ കടുത്ത ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന, എല്ലാറ്റിനോടും ശത്രുതാ മനോഭാവം വെച്ചുപുലര്‍ത്തുന്ന മക്കള്‍ പലപ്പോഴും സമൂഹത്തില്‍ ചോദ്യചിഹ്നമായി മാറുന്നു. എത്ര പൂര്‍ണമാക്കാന്‍ നോക്കിയാലും സാധ്യമാവാത്ത അപൂര്‍ണമായൊരു കവിത പോലെ ഒരുപാട് ജീവിതങ്ങള്‍.
2011-ല്‍ പുറത്തിറങ്ങിയ അസ്ഹര്‍ ഫര്‍ഹദി സംവിധാനം ചെയ്ത ഠവല ടലുലൃമശേീി എന്ന ഇറാനിയന്‍ സിനിമ അത്തരം ചില കാര്യങ്ങള്‍ നമ്മോട് സംവദിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ജീവിതത്തിലേറ്റെടുക്കേണ്ടിവരുന്ന ഭാരിച്ച ഉത്തരവാദിത്വം കുടുംബം എന്ന ഉദാത്തവും ആര്‍ദ്രവുമായ സ്ഥാപനത്തിന്റെ വൈകാരികതയുടെ ആഴവും പരപ്പുമുള്ള ഇടങ്ങളെയാണ് സംവിധായകന്‍ ദൃശ്യവത്കരിക്കുന്നത്. ലൈംഗികതക്കും ശരീരത്തിന്റെ താല്‍പര്യങ്ങള്‍ക്കുമപ്പുറമുള്ള കാരുണ്യത്തിന്റെ ഇഷ്ടികകള്‍ കൊണ്ട് ഭദ്രമായി പരസ്പരം താങ്ങിനിര്‍ത്തുന്ന ബന്ധങ്ങളിലെ ഇഴയടുപ്പത്തെക്കുറിച്ച ആവിഷ്‌കാരമാണത്.
കുടുംബത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും മനോഹരമായി സ്വപ്‌നം കാണുന്നവരും അവ കര്‍മപഥത്തിലൂടെ സഫലമാക്കുകയും സാക്ഷാത്കരിക്കുകയും ചെയ്യുന്നവരും പോലും ചില നേരങ്ങളില്‍ ഇടറിപ്പോകുന്നതു കാണാം; എത്ര അയച്ചിട്ടാലും മുറുകിപ്പോകുന്ന വൈകാരിക പിരിമുറുക്കങ്ങളില്‍ പ്രത്യേകിച്ചും. യാത്രകളും വായനയും വൈജ്ഞാനിക വ്യവഹാരങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നിരൂപണങ്ങളുമൊക്കെ ഹരമായി കൊണ്ടുനടക്കാന്‍ ശീലിച്ച പുതിയ തലമുറയിലെ അക്ഷരം കൊണ്ട് ഇരുത്തം വന്നവര്‍ പോലും പ്രായോഗികമായി കൂട്ടുകുടുംബത്തില്‍ ഏതെങ്കിലും അര്‍ഥത്തില്‍ ചേര്‍ന്നു പോകേണ്ടിവരുമ്പോള്‍ ചിലപ്പോഴെങ്കിലും ഇടറിപ്പോകുന്നു. കുടുംബത്തിലെ മുതിര്‍ന്നവരുടെ 'പഴഞ്ചന്‍' രീതികളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ ഒടുവില്‍ വിവാഹമോചനത്തില്‍ അഭയം തേടുന്ന സാഹചര്യം രൂപപ്പെട്ടുവരുന്നു.
അവകാശങ്ങളെക്കുറിച്ച ഉയര്‍ന്ന മാനവിക ബോധം പുലര്‍ത്തുമ്പോള്‍ തന്നെ കടമകളെ തമസ്‌കരിക്കുകയോ ലാഘവത്തോടെ കാണുകയോ ചെയ്യുന്ന പ്രവണത വ്യാപകമാകുന്നുണ്ട്. പുരുഷ മേല്‍ക്കോയ്മയെയും അധികാര രൂപങ്ങളെയും നിരാകരിക്കുമ്പോള്‍ തന്നെ വീട്ടിലെ വൃദ്ധരും രോഗികളുമായ മാതാപിതാക്കളോട് (അത് ഭര്‍ത്താവിന്റേതാണെങ്കില്‍ പോലും) കാരുണ്യത്തോടെ പെരുമാറുകയും അവരെ പരിചരിക്കുകയും ചെയ്യുന്നത് സ്വന്തം വ്യക്തിസ്വാതന്ത്ര്യത്തിനെതിരാണെന്ന് ചിന്തിക്കുന്നിടത്തും ചില പ്രശ്‌നങ്ങളുണ്ട്. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ട് സ്വയം വരിക്കുന്ന ത്യാഗമനോഭാവത്തിന്റെ ആത്മീയാനുഭൂതിയുടെ പേരാണ് ഇസ്‌ലാം. പക്ഷേ അവിടെ ത്യാഗത്തിലൂടെയുള്ള സ്വര്‍ഗം പെണ്ണിനെഴുതിക്കൊടുത്തിട്ട് പുരുഷന്‍ തീര്‍ത്തും നിരുത്തരവാദപരമായി പെരുമാറുന്നിടത്ത് കുടുംബത്തിനു വേണ്ടി ഒന്നായി ചേര്‍ന്ന് ആത്മീയ രസാനുഭൂതികളില്‍ വിഷം കലക്കപ്പെടുകയാണ് ചെയ്യുന്നത്.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ രണ്ട് സ്വതന്ത്ര വ്യക്തികളാണ്. സ്വപ്‌നവും കാഴ്ചപ്പാടുമുള്ള വ്യത്യസ്ത അഭിരുചികളുള്ളവര്‍. ഇത്തരം വ്യതിരിക്തതകളെ ഉള്‍ക്കൊള്ളാനുള്ള പക്വതയോ പാകതയോ ആര്‍ജിക്കാതെ അനാവശ്യ അധികാരം സ്ഥാപിക്കലും കുടുംബ ജീവിതത്തെ മൊത്തം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദൃഷ്ടിയില്‍ വായിച്ചെടുക്കലുമെല്ലാം ഒരുപോലെ ബന്ധങ്ങളിലെ വില്ലനായിത്തീരുന്നു.
സമൂഹത്തിലെ 'പെണ്ണത്ത'ത്തിന്റെയും 'ആണത്ത'ത്തിന്റെയും അനുസൃത സവിശേഷതകളെ സ്വീകരിക്കുകയെന്നത് സമൂഹത്തിലെ ലിംഗ ബന്ധങ്ങളെക്കുറിച്ച ന്യായയുക്തവും ശക്തിമത്തായതുമായ ഒരു രീതിയാണ്. അല്ലാതെ അത് സമൂഹത്തിലെ സ്ത്രീകളുടെ പദവിയെ അടിച്ചമര്‍ത്തുന്നതോ പ്രതിലോമപരമോ ആയ കാഴ്ചപ്പാടല്ല.
''സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്കനുവദനീയമല്ല. അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമാണ്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം ധാരാളം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്നു വരാം'' (ഖുര്‍ആന്‍ 4:19).
വിട്ടുവീഴ്ചകളും ഇണക്കങ്ങളും പങ്കുവെക്കലുകളുമെല്ലാമായി മുന്നോട്ടു പോകേണ്ട ഒന്നാണ് കുടുംബം. സൗഹൃദവും പരസ്പര വിശ്വാസവും ബഹുമാനത്തോടു കൂടിയ സ്നേഹവുമെല്ലാമാണ് വിവാഹ ജീവിതത്തെ മനോഹരമാക്കുന്നത്.
പരസ്പര മനസ്സിലാക്കലുകളും ചേര്‍ത്തുപിടിക്കലുകളുമല്ലാതെ ഈഗോ പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതം യുദ്ധക്കളമാകുന്നു. ദമ്പതികള്‍ പ്രണയ പ്രകടനങ്ങള്‍ പങ്കുവെക്കുന്നത് പൈങ്കിളിത്തരമായോ മതവിരുദ്ധമായോ തെറ്റായി മനസ്സിലാക്കിയവര്‍ പോലുമുണ്ട്. നിലത്തേക്ക് തട്ടിത്തെറിപ്പിക്കപ്പെട്ട മുന്തിരിയില്‍നിന്നും ആഇശയുടെ വായിലേക്ക് പ്രണയപൂര്‍വം അതിലൊന്ന് വെച്ചുകൊടുക്കുന്നതും പ്രാണസഖിയോടൊപ്പം ഓട്ടമത്സരം നടത്തുന്നതും എത്യോപ്യയില്‍നിന്ന് വന്ന പുരുഷന്മാരുടെ കായികാഭ്യാസങ്ങള്‍ കാണിച്ചുകൊടുക്കുന്നതുമെല്ലാം പ്രണയാര്‍ദ്രമായ കുടുംബ ജീവിതത്തിലെ മനോഹര നിമിഷങ്ങളാണ്. ജീവന്‍ പകര്‍ന്നേക്കാവുന്ന സ്നേഹ നിമിഷങ്ങള്‍.
ജോലി ചെയ്യുന്ന ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇന്ന് പുതുതലമുറയെ അകല്‍ച്ചയിലേക്കോ ആത്മനിന്ദയിലേക്കോ ഒടുവില്‍ വിവാഹമോചനത്തിലേക്കോ എത്തിക്കുന്നു. മിടുക്കികളായ പെണ്‍കുട്ടികള്‍ കുഞ്ഞ് ജനിക്കുന്നതോടുകൂടി പഠനത്തില്‍നിന്നും ജോലിയില്‍നിന്നും വിട്ടു നില്‍ക്കേണ്ടിവരുന്നു എന്നത് കുടുംബ ജീവിതം എന്ന സങ്കല്‍പ്പത്തോടുതന്നെ വിമുഖത സൃഷ്ടിക്കാന്‍ ഇടയാക്കുന്നുണ്ട്. കുഞ്ഞുങ്ങളെ രണ്ടു വര്‍ഷക്കാലം മുലയൂട്ടുക എന്നതും അവര്‍ക്ക് സ്നേഹ ശിക്ഷണങ്ങള്‍ നല്‍കുക എന്നതും ആ കുഞ്ഞുങ്ങളുടെ അവകാശമാണെന്നിരിക്കെ, ഇണയുടെയും കുടുംബത്തിന്റെയും സഹകരണത്തോടുകൂടി ആ കാലയളവിനെ മറികടക്കാന്‍ അവളെ സഹായിക്കുകയാണ് വേണ്ടത്. കുടുംബത്തിന്റെ ചെലവു നടത്തലും സാമ്പത്തികമായ ആവശ്യപൂര്‍ത്തീകരണവും ആണിന്റെ ചുമതലയാണ്. അതോടൊപ്പം, തന്റെ ഗര്‍ഭധാരണവും മുലയൂട്ടലും ദുരിതവും ഭാരവുമായി കാണുന്നതിനു പകരം അത്തരമൊരു ജീവിതത്തിലെ അനുഭൂതിയും ആനന്ദവും ആസ്വാദ്യതയും കണ്ടെത്തുക എന്നതും പെണ്ണിനെ സംബന്ധിച്ച് പ്രധാനമാണ്. അതൊരുത്തരവാദിത്വമായി പുരുഷനും സ്ത്രീയും ഒരുപോലെ മനസ്സിലാക്കണം. അതില്ലായെങ്കില്‍ ആത്മനിന്ദയും വൈരാഗ്യബുദ്ധിയും സ്വതന്ത്ര വ്യക്തിവാദത്തിലേക്ക് അവളെ നയിക്കും. അറിവും കഴിവും യോഗ്യതകളും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിലേക്ക് അവളുടെ സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിക്കാന്‍ കൂടെയുള്ളവര്‍ക്ക് സാധിക്കണം.
മനുഷ്യന്റെ പല പ്രവണതകളും യഥേഷ്ടം ആനന്ദം തേടുന്നതില്‍നിന്നുണ്ടാവുന്നതാണ്. അത് മനുഷ്യസഹജമായ (പ്രകൃതിപരമല്ല) ദൗര്‍ബല്യമത്രെ. കുറ്റകൃത്യങ്ങള്‍, രോഗങ്ങള്‍, രതിവൈകൃതമടക്കമുള്ള അസ്വാഭാവിക വൃത്തികള്‍ എന്നിവയൊക്കെ പെരുകാന്‍ ഈ മനോഘടന നിമിത്തമാകുന്നു.
ലൈംഗികതയുടെ പൂര്‍ത്തീകരണം മാത്രമല്ല, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ അഭിവാഞ്ഛയും കുടുംബത്തിലൂടെയാണ് മനുഷ്യന് സാധ്യമാകുന്നത്. സ്ത്രീ-പുരുഷ പ്രണയത്തിന്റെ ഉദാത്തത, മാതൃത്വത്തിന്റെ മഹത്വം, മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ എന്നിങ്ങനെ ബന്ധങ്ങളുടെ മഹത്വവല്‍ക്കരണവും ആദര്‍ശവല്‍ക്കരണവുമാണ് മനുഷ്യനെ കുടുംബ ജീവിയാക്കി നിലനിര്‍ത്തുന്നത്.
എന്റെ ശരീരത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്, അതുകൊണ്ട് അതിന്റെ മേലുള്ള അധികാരം എനിക്കു തന്നെയാണ് എന്ന വ്യക്തിവാദം കുടുംബത്തിലേക്ക് ചേര്‍ത്തുവെക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. ഓരോരുത്തരും സ്വതന്ത്ര വ്യക്തികളായിരിക്കെത്തന്നെ അപരനോടുളള ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാനാകുമ്പോഴാണ് മനുഷ്യനെന്ന നിലക്ക് ഭൂമിയിലെ അവന്റെ ദൗത്യനിര്‍വഹണം / ഖിലാഫത്ത് പൂര്‍ണമാവുക. വ്യക്തിവാദം മുന്നോട്ടു വെക്കുന്ന, ആരാലും ബന്ധിക്കപ്പെടാത്ത സ്വതന്ത്ര നിലപാടുള്ള സ്വതന്ത്ര മനുഷ്യന്‍ എന്ന ഭാവന ഇസ്ലാം അംഗീകരിക്കുന്നില്ല. അവകാശങ്ങള്‍ മനോഹരമായി ആസ്വദിക്കുന്നതോടൊപ്പം ബാധ്യതകളെക്കുറിച്ച് നാളെ ചോദ്യം ചെയ്യപ്പെടുമെന്ന ഗൗരവപൂര്‍ണമായ വിചാരവും കണ്ണിചേര്‍ത്താണ് മനുഷ്യജീവിതത്തെ ഇസ്ലാം വിഭാവന ചെയ്യുന്നത്.
ഞങ്ങള്‍ സ്വതന്ത്ര വ്യക്തികളാണ്, സ്വതന്ത്ര ലൈംഗികവാദങ്ങളും ലിവിംഗ് റ്റുഗെദറുമടക്കം ഞങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമാണ്, അതിന്റെ അനന്തര ഫലങ്ങളും പ്രത്യാഘാതങ്ങളും ഞങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണ്, നിങ്ങള്‍ എന്തിനാണ് അതില്‍ അസ്വസ്ഥപ്പെടുന്നത് എന്ന് ലിബറലിടങ്ങളില്‍നിന്ന് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നുണ്ട്. വ്യക്തി ചെയ്യുന്ന ഏതു പ്രവൃത്തിയുടെയും പ്രതിഫലനം സമൂഹത്തിലുണ്ടാകും എന്ന യാഥാര്‍ഥ്യം മറന്നുകൊണ്ടാണ് പലപ്പോഴും ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്. മദ്യവും മയക്കു മരുന്നുപയോഗവും സ്വവര്‍ഗ ലൈംഗികതയുമടക്കം വ്യക്തി ചെയ്യുന്ന എല്ലാ തിന്മകളും സമൂഹത്തെ ഗുരുതരമായി ബാധിക്കും.
അമേരിക്കയിലും മറ്റും ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയപ്പോള്‍ കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞതായി പഠനങ്ങള്‍ കാണിക്കുന്നുണ്ട്. ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതിനാല്‍ അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് എളുപ്പമായതാണ് അതിന്റെ കാരണമെന്ന് ചില ഗവേഷകര്‍ വിശ്വസിക്കുന്നു. ആവശ്യമില്ലാത്ത കുട്ടികളുടെ ജനനം കുറയുന്നതിനനുസരിച്ച് കുട്ടികളെ കുറ്റവാളികളാക്കുന്ന ഹാനികരമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ വളരുന്നവരുടെ സംഖ്യയും കുറയും എന്നാണ് ഇതുകൊണ്ട് ഇവര്‍ അര്‍ഥമാക്കുന്നത്. ഉദാരവാദികള്‍ ഈ പഠനങ്ങള്‍ പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് ഗര്‍ഭഛിദ്രം ഒരു നല്ല കാര്യമാണെന്ന് വാദിക്കാനാണ്. സമൂഹത്തിന് മൊത്തത്തില്‍ അത് ഗുണമാണെന്നാണ് വാദം. ഗര്‍ഭഛിദ്രം അനുവദനീയമാക്കുന്നതിനാണ് ഈ വാദമെങ്കിലും സ്വകാര്യമായും വ്യക്തിപരമായും ചെയ്യുന്ന ഒരു കാര്യം സാമൂഹികമായി അനന്തരഫലങ്ങളുണ്ടാക്കും എന്ന് സമ്മതിക്കുകയാണ് യഥാര്‍ഥത്തില്‍ ഇതിലൂടെ ഇവര്‍ ചെയ്യുന്നത്.
ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടി ബന്ധനങ്ങളില്ലാത്ത ഒരു ലോകത്തെക്കുറിച്ചാണ് ഒരു കൂട്ടം വിഭാവന ചെയ്യുന്നതെങ്കില്‍, ദൈവഭയത്താലുണ്ടാകുന്ന ജാഗ്രതാ ബോധത്തിന്റെയും സഹജീവികളോടുള്ള കാരുണ്യത്തിന്റെയും ബാധ്യതാ നിര്‍വഹണത്തെക്കുറിച്ച സൂക്ഷ്മതയുടെയും അടിത്തറയില്‍ കെട്ടിയുയര്‍ത്തിയ കുടുംബത്തെ പിഴുതുമാറ്റുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കണം.
മനുഷ്യജീവിതത്തെക്കുറിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളില്‍ കണ്ണടച്ച് പാല്‍ കുടിക്കല്‍ സാധ്യമല്ല. ഓരോ കാല്‍വെപ്പും അതിസൂക്ഷ്മതയോടു കൂടി മുന്നോട്ടുവെക്കുന്ന, ഹൃദയം നിറയെ കാരുണ്യവും സ്നേഹവുമുള്ള, ഹൃദയ വിശാലത കൊണ്ട് കര്‍മങ്ങളെ അലങ്കരിക്കുന്ന ദൈവഭയമുള്ള വിശ്വാസിയെയാണ് ഇസ്ലാം മാനവരാശിക്ക് പരിചയപ്പെടുത്തുന്നത്. ജീവസ്സുറ്റ കുടുംബങ്ങളില്‍നിന്ന് ജീവസ്സുറ്റ സമൂഹത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണം അത്രമേല്‍ മഹത്തരമാണ്. അല്ലാഹു നിശ്ചയിച്ച പരിധികള്‍ക്കകത്തു (ഹുദൂദുല്ലാഹ്) നിന്നു കൊണ്ട് ജീവിതത്തെ സ്ത്രീയും പുരുഷനും ഫ്രെയിം ചെയ്യുകയും അല്ലാഹുവിന്റെ വര്‍ണത്തില്‍ (സിബ്ഗത്തുല്ലാഹ്) ചാലിക്കുകയും ചെയ്യുമ്പോള്‍, കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം അറുതിയുണ്ടാകുന്നു; കുടുംബം ദുന്‍യാവിലെ സ്വര്‍ഗമായി മാറുന്നു.
Comments