മൗലാനാ ആസാദും മൗലാനാ മൗദൂദിയും
'മൗലാനാ ആസാദിനെ മൗദൂദിയാക്കുന്നവര്‍' എന്ന തലക്കെട്ടില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതിയത് (സമകാലിക മലയാളം-2021 ഫെബ്രുവരി 15) അദ്ദേഹത്തിന്റെ മാറാരോഗമായ ജമാഅത്തെ ഇസ്‌ലാമി വിരോധം തന്നെയാണ്.
എല്ലാ ചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവുമായ ഏക മഹാശക്തിയുടെ നിയമനിര്‍ദേശങ്ങള്‍ അവന്റെ ഭൂമിയില്‍ അവന്റെ സൃഷ്ടികള്‍ക്കിടയില്‍ പുലരണമെന്നതാണ് 'ഹുകൂമത്തെ ഇലാഹി'യുടെ പൊരുള്‍. ഇതേ ശീര്‍ഷകത്തില്‍ ആസാദ് 'അല്‍ ഹിലാല്‍' മാസികയില്‍ എഴുതിയ ലേഖനം പില്‍ക്കാലത്ത് 'പ്രബോധന'ത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് കൂടിയായ ആസാദ് ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളുടെ പിന്‍ബലത്തോടെ എഴുതിയ പ്രസ്തുത ലേഖനം ഏറെ ശക്തവും ചിന്തനീയവുമാണ്.
പില്‍ക്കാലത്ത് ഇന്ത്യയുടെ സങ്കീര്‍ണ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മുഴുശ്രദ്ധയും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലായിരുന്നു. പക്ഷേ താന്‍ ആദ്യകാലത്ത് എഴുതിയതിനെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. തന്റെ ജീവിതകാലത്ത് ആസാദ് മൗലാനാ മൗദൂദിയെ വിമര്‍ശിച്ചതായും അറിയില്ല. കോണ്‍ഗ്രസിലെ ധാരാളം പേര്‍ മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും വളരെ മതിപ്പോടെ വീക്ഷിച്ചവരായിരുന്നു. ഗാന്ധിജി തന്നെ സ്വാതന്ത്ര്യത്തിനുമുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ പാറ്റ്‌ന സമ്മേളനത്തില്‍ സംബന്ധിക്കുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിലെ സയ്യിദ് മഹ്മൂദിനെ പോലുള്ള പല മുതിര്‍ന്ന നേതാക്കളും ഇന്ത്യയിലെ പ്രഥമ ജമാഅത്ത് അമീറായിരുന്ന മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി ഉള്‍പ്പെടെ പലരുമായും സമ്പര്‍ക്കപ്പെടാറുണ്ടായിരുന്നു. കേരളത്തില്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന പരേതനായ ടി.ഒ ബാവ സാഹിബിനെ പോലുള്ളവരും ജമാഅത്തെ ഇസ്‌ലാമിയുമായി നല്ല ബന്ധം സ്ഥിരമായി പുലര്‍ത്തിയവരായിരുന്നു. പരേതനായ എം.ഐ ഷാനവാസും ജമാഅത്തെ ഇസ്‌ലാമിയോട് വളരെയേറെ മമതയോടെ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ മണ്‍മറഞ്ഞ നേതാക്കളായ ഖാഇദെ മില്ലത്തും സുലൈമാന്‍ സേട്ടും ഇപ്പോഴത്തെ പല നേതാക്കളും അങ്ങനെ തന്നെ.
1941-ല്‍ പിറവിയെടുത്ത ജമാഅത്തെ ഇസ്ലാമിയുമായി 1946-ലെ തെരഞ്ഞെടുപ്പില്‍ ബന്ധപ്പെടുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രാരംഭ ദശയിലായിരുന്നു; അന്ന് സജീവരാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല.
പ്രതീക്ഷകള്‍ പൂവണിയട്ടെ
അലി മണിക്ഫാന്റെ പ്രതീക്ഷകള്‍ പൂവണിയട്ടെ. അലി മണിക്ഫാനുമായി സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ അഭിമുഖം ഏറെ ശ്രദ്ധേയമായി. ഇങ്ങനെയൊരു മഹാപ്രതിഭ, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, കണ്ടുപിടിത്തങ്ങള്‍ രാജ്യത്തിനുതന്നെ പ്രചോദകമാണ്. മുസ്ലിം സമൂഹത്തിനും ഇദ്ദേഹം അഭിമാനമാണ്. ഏകീകൃത ചാന്ദ്രമാസ കലണ്ടര്‍, കാര്‍ നിര്‍മാണം എന്നീ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ സഫലമാകാന്‍ നമുക്കും പ്രാര്‍ഥിക്കാം.
അബ്ദുല്‍ മാലിക്, മുടിക്കല്‍
വലിയ മനുഷ്യന്‍!
മുസ്ലിംകളുടെ നോമ്പും പെരുന്നാളുകളും പ്രശ്‌നമാക്കുന്ന ഒരാള്‍ എന്നതായിരുന്നു അടുത്ത കാലംവരെയും ഈ കുറിപ്പുകാരന്റെ മനസ്സില്‍ അലി മണിക്ഫാന്റെ ചിത്രം. എന്നാല്‍, ഈയിടെ 'പത്മശ്രീ' ലഭിച്ച ഇദ്ദേഹത്തെ വിവിധ സംഘടനകള്‍ സ്വീകരിച്ചാദരിക്കുന്നതും സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതും ശ്രദ്ധിച്ചപ്പോഴാണ് മണിക്ഫാന്റെ മൂല്യം മനസ്സിലായത്. ഇങ്ങനെയുള്ള ഒരു വലിയ മനുഷ്യനെയാണല്ലോ സമുദായത്തെ ഭിന്നിപ്പിക്കുന്ന കുഴപ്പക്കാരനായി നാളിതുവരെ തെറ്റിദ്ധരിച്ചുപോന്നത് എന്നതില്‍ ഇപ്പോള്‍ വല്ലാത്ത മനസ്താപം തോന്നുന്നു.
അലി മണിക്ഫാനുമായുള്ള സദ്റുദ്ദീന്‍ വാഴക്കാടിന്റെ അഭിമുഖം (പ്രബോധനം ലക്കം 3189) ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതായി. ഭൂമി മുതല്‍ ആകാശം വരെയുള്ള വിവിധ മണ്ഡലങ്ങളിലേക്ക് പരന്നൊഴുകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണത്വരയും അറിവിന്റെ ചക്രവാളവും എന്ന് ബോധ്യമാകുന്നത് ഈ അഭിമുഖത്തിലൂടെയാണ്.
പാണ്ഡിത്യത്തിന്റെയും ലാളിത്യത്തിന്റെയും നിറകുടമായ, പരീക്ഷണനിരീക്ഷണങ്ങളുടെയും സ്ഥിരോത്സാഹത്തിന്റെയും നിദര്‍ശനമായ, മോട്ടോര്‍ ഘടിപ്പിച്ച സൈക്കിള്‍ മുതല്‍ കപ്പല്‍വരെ സ്വന്തം കൈയാല്‍ നിര്‍മിച്ച ഈ മനുഷ്യന്‍ പ്രശസ്തിയുടെ ഉച്ചകോടിയിലെത്തിയിട്ടും ഫലവൃക്ഷത്തിനു സമാനം വിനയാന്വിതനായിരിക്കുന്നു. സമൂഹത്തിനു വെളിച്ചവും വിജ്ഞാനവും പകര്‍ന്നുകൊണ്ട് എണ്‍പതുകളിലും അദ്ദേഹം നിത്യപ്രചോദകന്‍തന്നെ.
ഊര്‍ജസ്വലതയുടെയും സ്ഥിരോത്സാഹത്തിന്റെയുമെന്നപോലെ ഈമാന്റെയും തവക്കുലിന്റെയും നല്ലൊരു മാതൃക നമുക്കദ്ദേഹത്തിന്റെ നടത്തത്തിലും വാക്കിലും ദര്‍ശിക്കാന്‍ കഴിയുന്നു.
'ശരിയായ ഈമാന്‍ -വിശ്വാസം- മനസ്സിലുണ്ടെങ്കില്‍പിന്നെ നാമെങ്ങനെയാണ് പ്രയാസപ്പെടുക! ഭൗതികമായ പരിമിതികളിലും പ്രശ്‌നങ്ങളിലും വലിയ പ്രയാസം തോന്നുന്നുവെങ്കില്‍ അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസത്തിന് ദൗര്‍ബല്യമുണ്ട് എന്നല്ലേ അര്‍ഥം' - അലി മണിക്ഫാന്റെ വാക്കുകള്‍, പ്രതിസന്ധികളിലും പ്രയാസങ്ങളിലും തളരുകയും വീഴുകയും ചെയ്യുന്ന ദുര്‍ബല വിശ്വാസികള്‍ക്കുള്ള നല്ലൊരു ഉണര്‍ത്തുപാട്ട് തന്നെയാണ്.
എന്‍.കെ ഹുസൈന്‍, കുന്ദമംഗലം
Comments