വി.കെ അബ്ദുവിന്റെ രേഖപ്പെടാത്ത ചില ജീവിത വിശേഷങ്ങള്‍
വി.കെ അബ്ദു എനിക്ക് സഹോദരനാണ്. രണ്ടു വയസ്സിന് മുതിര്‍ന്ന സഹോദരന്‍. പക്ഷേ, ആ സഹോദര്യം സ്ഥാപിതമായ വഴി, കുടുംബ ചരിത്രം ഖനിച്ചു കണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുവരുടെയും ഉപ്പൂപ്പമാരുടെ ഉപ്പമാര്‍ സഹോദരന്മായിരുന്നു എന്നാണ് കണ്ടെത്താനാവുന്നത്. എന്നാല്‍ പണ്ടേക്കുപണ്ടേ ഞങ്ങളുടെ കുടുംബങ്ങള്‍ അയല്‍ക്കാരും അടുത്ത സ്‌നേഹബന്ധുക്കളുമായിരുന്നു.
പ്രാഥമിക തലത്തില്‍ ഒരേ സ്‌കൂളിലായിരുന്നു പഠനം. ഗ്രാമം മുഴുവനും ചിരിച്ചാസ്വദിച്ച കുട്ടിക്കാല കുസൃതികള്‍ രണ്ടാളെയും പിരിയാത്ത കൂട്ടുകാരാക്കി. ഈയുള്ളവന്‍ അഞ്ചാം ക്ലാസ്സില്‍ എത്തുമ്പോഴേക്കും, അബ്ദു മദ്‌റസയിലും സ്‌കൂളിലും ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയിരുന്നു. ആ വര്‍ഷം സമസ്തയുടെ ഏഴാം തരം പൊതുപരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് ജേതാവായിരുന്നു അബ്ദു. ഈ പഠന മികവാണ് അബ്ദുവിനെ മതപഠനത്തിനു തുടര്‍ന്നയക്കാന്‍ പ്രേരണയായത്. അങ്ങനെ അബ്ദു പടിഞ്ഞാറ്റുമുറിയിലെ പടിഞ്ഞാറേക്കുണ്ട് പള്ളിദര്‍സില്‍ പോയിത്തുടങ്ങി. ശാന്തപുരത്ത് ചേര്‍ക്കാന്‍ തീരുമാനിച്ച എന്നെയും ഉപ്പ ഏതാനും മാസങ്ങള്‍ക്ക്, അതേ ദര്‍സിലാക്കി. ഉപ്പാന്റെ സ്‌നേഹിതനും പണ്ഡിതനും പരമ സാത്വികനുമായിരുന്ന പെരിമ്പലം ബാപ്പുട്ടി മുസ്ലിയാരുടെ ശിഷ്യത്വം സമ്പാദിച്ചുതരികയാണുദ്ദേശ്യം എന്ന് പറഞ്ഞുതന്നെയാണ് ചേര്‍ത്തത്. ആ കാലത്താണ് (1963) ഞങ്ങള്‍ 'മന്ദഹാസം' കൈയെഴുത്ത് മാസിക ആരംഭിച്ചത്. നീല മഷിയും ചുവപ്പു മഷിയും മാത്രം ഉപയോഗിച്ച്, അബ്ദുവിന്റെ സ്വന്തം വരയിലും കൈയെഴുത്തിലും ലക്കങ്ങള്‍ പുറത്തിറങ്ങി. ഞങ്ങളുടെ രചനകള്‍ തന്നെയായിരുന്നു മുഖ്യ ഉള്ളടക്കം. പടിഞ്ഞാറ്റുമുറിയിലും ഇരുമ്പുഴിയിലും, വായനക്കാര്‍ക്ക് ഊഴം വെച്ച് കൈമാറപ്പെട്ടിരുന്ന 'മന്ദഹാസ'ത്തിനു നല്ലൊരു വായനാവൃത്തം ഉണ്ടായിരുന്നു.
പടിഞ്ഞാറ്റുമുറി ദര്‍സില്‍നിന്ന് അബ്ദു പൊടിയാട്ടേക്ക് മാറി. മലബാറിലെ വിശ്രുത പണ്ഡിതനും നാട്ടുകാരനുമായ അബ്ദുര്‍റഹ്മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു മുദര്‍രിസ്. അദ്ദേഹം വെല്ലൂര്‍ 'ബാഖിയാത്തു സ്വാലിഹാത്തി'ന്റെ പ്രിന്‍സിപ്പല്‍ ആയി നിയമിതനായപ്പോള്‍, ദര്‍സില്‍ ഉണ്ടായിരുന്ന അധിക ശിഷ്യരും വെല്ലൂരിലേക്ക് പോയി. അങ്ങനെയാണ് അബ്ദു വെല്ലൂരില്‍ എത്തുന്നത്. വെല്ലൂരില്‍നിന്ന് 'മുഖ്തസ്വര്‍' ക്ലാസ്സിലെ പഠനം പൂര്‍ത്തിയാക്കി. 'മുത്വവ്വലി'നു ചേരാതെ നാട്ടിലെത്തിയശേഷം എന്‍ട്രന്‍സ് പരീക്ഷയെഴുതി ആലത്തൂരില്‍ അറബി അധ്യാപകനായി. ഇത് അദ്ദേഹത്തിന്റെ ഭ്രാന്തമായ കലാ-സാഹിത്യ പ്രണയത്തിന്റെ കാലമാണ്. സാഹിത്യ ക്യാമ്പുകള്‍ അന്വേഷിച്ചു നടന്ന കാലം. ഒരു നോവല്‍ അടക്കം, ചില അനുചിത രചനകളാണ് അക്കാലത്ത് പുറത്തു വന്നത്. വളരെ ഹ്രസ്വമായ ഒരു കാലയളവുകൊണ്ട് അബ്ദു സ്വയം ഈ അവസ്ഥ പൂര്‍ണമായും തരണം ചെയ്തു.
രചന ആര്‍ട്‌സ്
1977-ല്‍ മറ്റു പരശ്ശതം മലപ്പുറത്തുകാരെയുംപോലെ അബ്ദുവും ഹജ്ജിനു പോയി. തൊഴില്‍ അന്വേഷണവുമായി അവിടെ തങ്ങി. 1977-നു രണ്ടുമൂന്നാണ്ടുകള്‍ക്കു മുമ്പു തന്നെ, നാട്ടില്‍ നില്‍ക്കപ്പൊറുതിയില്ലാത്തവരുടെ ഒരു വ്യൂഹം, ഈ 'അതിജീവന തീര്‍ഥാടനം' ആരംഭിച്ചുകഴിഞ്ഞിരുന്നു. എണ്ണ വരുമാനം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് സുഊദി അറേബ്യ, അറ്റമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളിലേക്ക് ദ്രുതഗമനം ആരംഭിച്ച കാലം. തൊഴില്‍ മേഖലയില്‍, എല്ലാ ഗണത്തിലും പെട്ട മനുഷ്യവിഭവത്തിന് വലിയ ക്ഷാമം അനുഭവപ്പെട്ടു. അന്ന് നിയമാനുസൃത രേഖകളില്ലാതെ നാട്ടില്‍ തങ്ങുന്ന ആയിരങ്ങള്‍ക്ക് നാട്ടിനകത്തു വെച്ചുതന്നെ ഉദാരമായി വിസ സ്റ്റാമ്പ് ചെയ്തു നല്‍കാന്‍ ഖാലിദ് രാജാവ് അസാധാരണ ഉത്തരവിട്ടു. 'ഫോര്‍ട്ടി ഫോര്‍' എന്ന നാമധേയത്തിലാണ്, പിന്നീടൊരിക്കലും ആവര്‍ത്തനം ഇല്ലാതിരുന്ന ഈ പൊതു വിസാ മുദ്രണത്തെ വിളിച്ചുപോരുന്നത്. 44 എന്ന അക്ക സൂചന എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അംഗീകൃത പൗരത്വ രേഖയും, സേവനം ആവശ്യമുള്ള സ്‌പോണ്‍സറെയും കണ്ടെത്തണമെന്ന നിബന്ധനകളേ ഉണ്ടായിരുന്നുള്ളൂ. മലബാറിന്റെ മുഖഛായ മാറ്റിയ സുഊദി പ്രവാസ വികാസത്തിന്റെ അവിസ്മരണീയമായ അധ്യായമാണിത്.
മക്കയിലെ 'ബിന്ദി ഹൈശ്' കുടുംബത്തില്‍പെട്ട അബ്ദുല്‍ മുഹ്‌സിനെയാണ് അബ്ദുവിനു സ്‌പോണ്‍സറായി ലഭിച്ചത്. മഹാ പണ്ഡിതന്മാരും ന്യായാധിപന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്ന ഒരു സുഊദി കുടുംബമായിരുന്നു ബിന്ദി ഹൈശ്. പ്രകൃത്യാ, ഒരു ചെറുകുന്ന് ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന 'ജംറത്തുല്‍ അഖബാ'യെ ഭൂവിതാനത്തില്‍ സംവിധാനിക്കാന്‍ മതവിധി നല്‍കിയത്, അബ്ദുല്‍ മുഹ്‌സിന്റെ പിതാമഹന്‍ അബ്ദുല്ലാ ബിന്ദി ഹൈശ് ആയിരുന്നു.
സ്‌പോണ്‍സറുടെ കീഴില്‍ രണ്ടു റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കടകളും ഒരു ഇലക്‌ട്രോണിക്‌സ് സ്ഥാപനവും അബ്ദുവിന്റെ പ്രധാന മേല്‍നോട്ടത്തില്‍, ഒരു ഫലസ്ത്വീനി ഇടയാളായി പ്രവര്‍ത്തിച്ചുവന്നു. ഈ സ്ഥാപനങ്ങളിലേക്ക് തൊഴിലന്വേഷകരായ സ്വന്തക്കാരെയും ബന്ധുക്കളെയും അബ്ദു ആകര്‍ഷിച്ചു. തൊട്ടു സ്ഥിതിചെയ്തിരുന്ന സ്ഥാപനങ്ങളുടെ മുകളില്‍ താമസസൗകര്യവും ലഭിച്ചു. അതിന്റെ അകത്തെ ചുമരിലൊരിടത്ത് കട്ടി മഷിയില്‍, മലയാളത്തില്‍ തന്റെ അസുഭഗ ലിപിയില്‍ അബ്ദു കോറിയിട്ടു; 'രചന ആര്‍ട്‌സ്'.
സ്വദേശത്തെ അക്ഷരപ്പച്ചയില്‍നിന്ന്, മക്കയിലെ പാറമലകളുടെ ഊഷരതകളിലേക്ക് സ്വയം എടുത്തെറിഞ്ഞതിനെ കുറിച്ച ഏകാന്ത വിചാരങ്ങളിലെപ്പോഴോ മനസ്സില്‍ വിരിഞ്ഞ ആശയമാവണം 'രചന.' പകരമില്ലാത്ത നിരവധി ഉപകാരങ്ങളില്‍, അബ്ദുവിന്റെ മുന്‍ഗാമിത്വം വിളംബരം ചെയ്യുന്ന ഏകാംഗ സ്ഥാപനമായി 'രചന' സേവനമേഖലയില്‍ ദീര്‍ഘകാലം നിലകൊണ്ടു. മക്കയെ മലയാളി വായനക്കാരുമായി ഹജ്ജ് എഴുത്തിലൂടെയും അല്ലാതെയും ബന്ധിപ്പിച്ചുകൊണ്ടിരുന്നതാണ് 'രചന'യുടെ മുഖ്യ നിര്‍വഹണം. അല്ലെങ്കിലും, ആധുനിക മക്കയെ മലയാളത്തോട്, അക്ഷരങ്ങളിലൂടെ ഇത്രമേല്‍ അടുപ്പിച്ച മറ്റാരാണ് കേരളത്തില്‍ ഉള്ളത്? ഹിജ്‌റ വര്‍ഷം 1400-ല്‍ (മാധ്യമം പിറന്നിട്ടില്ലാത്ത കാലത്ത്) അരങ്ങേറിയ, ജുഹൈമാനും കൂട്ടരും ഹറമില്‍ അതിക്രമിച്ചു കയറിയപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍, രംഗഭൂമിയില്‍നിന്ന് നേരിട്ട്, അബദ്ധങ്ങളില്ലാതെ വായനക്കാരില്‍ എത്തിക്കാന്‍, അബ്ദുവും ചന്ദ്രികയും തനിച്ചേ ഉണ്ടായിരുന്നുള്ളൂ. 'രചന'യുടെ ചരിത്രനിയോഗ നിര്‍വഹണങ്ങള്‍ ഇനിയും ഒരുപാടുണ്ട്. മക്കയിലെ മലയാളികളായ സാധാരണ അരക്ഷിതതൊഴിലാളികള്‍ക്ക്, നിരവധി ജീവല്‍ പ്രശ്‌നങ്ങള്‍ക്കുള്ള ആശ്രയകേന്ദ്രമായിരുന്നു 'രചന.'
ജിദ്ദയിലേക്ക്
1982 മാര്‍ച്ച് ആദ്യത്തിലാണ് ഈയുള്ളവന്‍ ജിദ്ദയില്‍ എത്തിച്ചേരുന്നത്. അനധികൃത താമസക്കാരെ പിടികൂടാന്‍ 'ജവാസാത്ത്' പുറം പരിശോധനക്ക് ഇറങ്ങിയ സമയമാണ്. അതിനാല്‍ രേഖകള്‍ ശരിപ്പെടാതെ, മക്കത്തു പോയി, കഅ്ബാ ദര്‍ശനം സാധ്യമല്ലെന്ന കുണ്ഠിതത്തോടെ, അസാധാരണ സ്വരം പുറപ്പെടുവിച്ചിരുന്ന ഒരു 'വിന്‍ഡോ ഏസി'യുടെ കുളിരില്‍, ഉച്ചപ്പകലില്‍ ഉറങ്ങിക്കിടക്കവെ അബ്ദു ആദ്യ സന്ദര്‍ശനത്തിനെത്തി. മറ്റൊന്നും ആലോചിക്കാതെ അബ്ദുവിന്റെ കൂടെ, ഇഹ്‌റാമില്‍, പ്രാര്‍ഥനാപൂര്‍വം മക്കയിലേക്കിറങ്ങി. ജീവിതത്തിലെ പ്രഥമ ഉംറ നിര്‍വഹിച്ചു, മൂന്നു നാള്‍ ഹറമില്‍ കഴിഞ്ഞു ചാരിതാര്‍ഥ്യത്തോടെ മടങ്ങി. ഇല്ലെങ്കില്‍ കഅ്ബ കാണാന്‍ നാലു മാസം പിന്നെയും കൊതിയോടെ കാത്തിരിക്കേണ്ടിവന്നേനെ! അനുകൂല സന്ദര്‍ഭത്തില്‍, അബ്ദുവിനെയും ജിദ്ദയിലേക്ക് കൂട്ടാന്‍ അന്നേ ആഗ്രഹമുണ്ടായിരുന്നു.
രേഖകള്‍ ശരിയായി, ഉചിതമായ ജോലിയും താമസ സ്ഥലവും ഒത്തുവന്നപ്പോഴേക്കും വര്‍ഷം ഒന്നു കഴിഞ്ഞുപോയിരുന്നു. പരേതനായ ആത്മമിത്രം കെ.കെ അബ്ദുല്ലയുടെ ഉദ്യമത്തില്‍ ശറഫിയ്യയിലെ ഒരു വില്ലയായിരുന്നു താമസത്തിനായി ലഭിച്ചത്.
ഇവിടെ, അബ്ദുല്ലയെയും എന്നെയും കൂടാതെ, 'അറബ് ന്യൂസി'ല്‍ പരിഭാഷകനായി ജോലിചെയ്തിരുന്ന പ്രഫ. മൊയ്തീന്‍ കുട്ടി സാഹിബ് (മോങ്ങം), 'സൗദി ഗസറ്റി'ലെ വിവര്‍ത്തകരാ യിരുന്ന പ്രഫ. മുഹമ്മദ് സാഹിബ് (ഒഴുകൂര്‍), പ്രഫ. അബ്ദുല്‍ ഹമീദ ്(ഫാറൂഖ് കോളേജ്), സൗദി എയര്‍ലൈന്‍സിലെ ഉന്നതോദ്യോഗസ്ഥരായ മൊയ്തീന്‍ സാഹിബ്, ഫസല്‍ സാഹിബ് എന്നിവര്‍ സഹതാമസക്കാരായി ഉണ്ടായിരുന്നു. മൊയ്തീന്‍ സാഹിബ് പിന്നീട് 'മാധ്യമം' മാനേജറായി. ഇവര്‍ക്ക് പുറമെ, 'നാഷ്‌നല്‍ കൊമേഴ്‌സ്യല്‍ ബാങ്കി'ലെ ജീവനക്കാരനായിരുന്ന പരേതനായ പി.കെ മുഹമ്മദ് അലി (ലക്കിടി) അടക്കം വേറെയും പ്രഗത്ഭരുടെ നല്ലൊരു സഹൃദയ നിര വില്ലയില്‍ അന്തേവാസികളായി ഉണ്ടായിരുന്നു. വില്ലയില്‍ താമസം തുടങ്ങുന്നതിനു മുമ്പു തന്നെ, അറിയിപ്പ് കിട്ടുമ്പോള്‍ ജീവിതോപകരണങ്ങളുമായി ജിദ്ദയില്‍ വരാന്‍ അബ്ദുവിനോട് പ്രത്യേകം ശട്ടം കെട്ടിയിരുന്നു
അബ്ദുവിനെ സംബന്ധിച്ചേടത്തോളം മക്കയില്‍നിന്ന് ജിദ്ദയിലേക്ക് എന്നതിനേക്കാള്‍, ഒരു ജീവിതപഥത്തില്‍നിന്ന് മറ്റൊരു പ്രയാണപഥത്തിലേക്കുള്ള നിര്‍ണായകമായ ചുവടുമാറ്റത്തിന്റെ പ്രാരംഭം കൂടി ആയിരുന്നു ഇത്.
കെട്ടിട ഉടമ വാടകക്കരാര്‍ പുതുക്കിത്തരാത്തതിനാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും നിരവധി സുഗന്ധ സ്മരണകള്‍ സമ്മാനിച്ച ഈ സഹജീവിതം ശിഥിലമായി.
എടുത്തോതേണ്ട വസ്തുത, ഇക്കാലമത്രയും അബ്ദുവിന്റെ ആശയജീവിതത്തിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനം സന്നിവേശിച്ചിരുന്നില്ല എന്നതാണ്. ഒരു വിവാദത്തിനു ഇടകൊടുക്കാതിരിക്കാന്‍, പച്ചയായി ഞാനതിന് ശ്രമിച്ചിട്ടും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളറയിലെ 'പ്രസ്ഥാന പ്രകൃതി'യില്‍ അങ്ങേയറ്റത്തെ ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നതു കൂടിയാണ് കാരണം.
1989-ല്‍ റുവൈസിലെ ശര്‍ബ്ബത്തലി വില്ലയില്‍ വീണ്ടും ഒരേ മുറിയില്‍ താമസം ആരംഭിക്കുമ്പോഴാണ്, മക്കയില്‍നിന്ന് കുടിയിറക്കിക്കൊണ്ടുവന്നതിന്റെ, കാത്തിരുന്ന സല്‍ഫലങ്ങള്‍ അബ്ദുവില്‍ പൂര്‍ണമായും പ്രകാശിതമായത്. അപ്പോഴേക്കും കെ.ഐ.ജി സംഘടനാ രൂപം പ്രാപിച്ചുകഴിയുകയും, ഈയുള്ളവനില്‍ അതിന്റെ നേതൃത്വം വന്നു വീഴുകയും ചെയ്തിരുന്നു.
പ്രസ്ഥാന വഴിയില്‍
നടേ സൂചിപ്പിച്ച പോലെ സംസാരത്തിലും പെരുമാറ്റത്തിലും സാമ്പത്തിക ഇടപാടുകളിലും അങ്ങേയറ്റം 'തഖ്‌വ' പുലര്‍ത്തിയിരുന്ന അബ്ദുവിനെ പ്രസ്ഥാനം പരിചയപ്പെടുത്തി 'മുത്തഫിഖ്' ആക്കാന്‍ ആരും സമയം മിനക്കെടുത്തേണ്ടി വന്നിട്ടില്ല. സ്വയം പഠിച്ചു, മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് 'കാര്‍കുനാ'യി കടന്നുവന്നതും, പുതുകാല സാങ്കേതിക വിവരങ്ങളില്‍ പ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായതും. എന്നാല്‍ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി അംഗത്വം സ്വീകരിച്ചിരുന്നില്ല.
ഇവിടെ ഈയുള്ളവനെ ഹഠാദാഹ്ലാദിപ്പിക്കുന്ന ഒരു സത്യ വസ്തുത, അന്ന് സൗഹൃദ സമ്മര്‍ദത്തിനു വഴങ്ങി ജിദ്ദയിലേക്ക് വന്നതുകൊണ്ടാണ്, അബ്ദുവിന്റെ ശേഷമുള്ള ജീവിതസാകല്യം ഇത്രയും തങ്കത്തിളക്കം നേടിയത് എന്നതാണ്. ജിദ്ദയില്‍ വെച്ചുള്ള പ്രഥമ സഹജീവിത വേളയില്‍ തന്നെ, രണ്ടു കാര്യങ്ങളില്‍ അബ്ദുവിന്റെ മേല്‍ എന്റെ സ്‌നേഹാധികാരം പ്രയോഗിച്ചിരുന്നു.
ഒന്ന്, പ്രസിദ്ധീകരിക്കാന്‍ തയാറുള്ളവര്‍ ഉണ്ടെന്നു വെച്ച് അകക്കാമ്പില്ലാത്ത രചനകള്‍ നടത്തരുത്. അത്രയും സമയം ലോക വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ വിനിയോഗിക്കണം. എന്നാലേ സന്ദര്‍ഭങ്ങളുമായി ചേര്‍ത്തെഴുതി മുന്നോട്ടു പോകാനാവൂ. അതോടെ നിത്യേനയെന്നോണം പ്രസിദ്ധീകരിക്കപ്പെട്ടു വന്നിരുന്ന വൃഥാലേഖന നിര്‍മാണത്തിന് വിരാമമായി. വിലപിടിപ്പുള്ള ഒരു കൊച്ചു റേഡിയോ സ്വന്തമാക്കി വാര്‍ത്താശ്രവണം പതിവാക്കി.
അറബി അറിയാവുന്നതിനാല്‍, സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന രചനകളിലേക്കു കൂടി വായന തിരിച്ചുവിടണം എന്നതായിരുന്നു രണ്ടാമത്തെ നിര്‍ദേശം.
ഇവ രണ്ടും എന്റെയും സ്വാര്‍ഥങ്ങളായിരുന്നു. എട്ടു വര്‍ഷത്തോളം ഇസ്‌ലാമിക പത്രപ്രവര്‍ത്തനരംഗത്ത് ജോലിചെയ്‌തെത്തിയ ഈയുള്ളവനെ കൂടാതെ, ജിദ്ദയിലെ പ്രമുഖ പത്ര സ്ഥാപനങ്ങളില്‍ എഡിറ്റോറിയല്‍ ചുമതലകള്‍ ഉണ്ടായിരുന്ന, പുരോഗമനാശയക്കാരായ നാലു പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പമുള്ള കൂട്ടു ജീവിതം, അബ്ദുവിന്റെ ചിന്താ വികാസത്തിനു വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. പത്രപ്രവര്‍ത്തന രംഗത്ത് വിധിവശാല്‍, കൂടുതല്‍ സമയം വിനിയോഗിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും, ലോക വാര്‍ത്തകള്‍ കൃത്യമായി നിരീക്ഷിച്ചിരുന്ന കെ.കെ അബ്ദുല്ലയും അക്കാലം മുതലേ അബ്ദുവിനെ ഏറെ സ്വാധീനിച്ചിരുന്നു. എനിക്ക് അബ്ദുവിനെ പോലെ വൈജ്ഞാനിക രംഗത്ത് കൂട്ടാളിയായി ഉണ്ടായിരുന്ന ആളായിരുന്നു പ്രിയ സതീര്‍ഥ്യന്‍ കെ.കെ അബ്ദുല്ലയും. ജമാല്‍ മലപ്പുറത്തെക്കൂടി ചേര്‍ത്താല്‍ ഈ പട്ടിക പൂര്‍ത്തിയാവും. ഇവര്‍ മൂന്നു പേരുടെയും ജീവിതം മുഴുവന്‍ അറിയുന്ന ഒരാള്‍, അവരെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍ തെറ്റു പറയാനാവില്ല എന്ന് തോന്നാറുണ്ട്: ജമാല്‍ സാഹിബും കെ.കെ യും വസന്തം വന്നത് അറിയാതെ, പൂക്കാന്‍ മറന്നുപോയ പൂമരങ്ങള്‍ ആയിരുന്നു. അബ്ദുവാകട്ടെ, ജീവിതാന്ത്യത്തില്‍, സുകൃത പുഷ്പ-ഫല സമൃദ്ധിയാല്‍ ചില്ലത്തലപ്പുകള്‍ താഴ്ന്നു തൂങ്ങിയ നന്മമരവും.
ഏതൊരു കാര്യവും നവീന ശൈലിയിലും അര്‍പ്പണബോധത്തോടെയും നിര്‍വഹിക്കുക എന്ന പതിവു രീതി, പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സദാ ദീക്ഷിച്ചുപോന്നു. ജിദ്ദയിലായിരിക്കെ, സംഘടനാതലത്തില്‍ അബ്ദുവിന്റെ ബുദ്ധി വ്യാപരിക്കാത്ത മേഖലകളില്ല. എന്നാല്‍ കൂടിയാലോചനാ സമിതികളിലെ അംഗത്വമല്ലാതെ, നേതൃപദവികളൊന്നും അബ്ദു ഏറ്റു സഹിച്ചതുമില്ല.
അബ്ദുവിന്റെ സുപ്രധാന ശ്രദ്ധാ വിഷയങ്ങളില്‍ പ്രഥമസ്ഥാനത്ത് ഖുര്‍ആന്‍ തന്നെയായിരുന്നു. ജിദ്ദയിലായിരിക്കെ ഖുര്‍ആന്‍ പഠന ക്ലാസുകളിലൂടെ അറബിഭാഷയും പഠിപ്പിക്കുന്ന ശൈലി ആവിഷ്‌കരിച്ചത് നിരവധി പേരെ ആകര്‍ഷിച്ചു. നാട്ടിലെത്തിയ ശേഷം കൊറോണയുടെ ദുരാഗമനം വരെ വര്‍ഷങ്ങളായി ഭംഗം വരാതെ, എല്ലാ ദിവസവും പ്രഭാത നമസ്‌കാരാനന്തരം സ്വന്തം വീട്ടില്‍, തല്‍പ്പരരായ ഏതാനും പഠിതാക്കളെ ചേര്‍ത്ത് ഒരു ഖുര്‍ആന്‍ പഠന ക്ലാസ്സിന് മേല്‍നോട്ടം വഹിച്ചു വന്നിരുന്നു. മരണദിവസം പോലും ഓണ്‍ലൈനിലൂടെ അമ്പതോളം ഖുര്‍ആന്‍ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ചിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം, ഡിജിറ്റല്‍ രംഗത്തും അബ്ദുവിന്റെ ഏറ്റവും മഹത്തായ സംഭാവനകള്‍ ഖുര്‍ആന്‍ സംബന്ധിച്ചാണല്ലോ.
'ഇസ്‌ലാമിലെ സകാത്താ'യിരുന്നു സ്മര്യപുരുഷന്‍ ഏറ്റവും കൂടുതല്‍ പേരെ ഇരുത്തി പഠിപ്പിച്ച മറ്റൊരു സുപ്രധാന വിഷയം. ഈ വിഷയത്തില്‍ വളരെ സൂക്ഷ്മതയോടെയുള്ള കാഴ്ചപ്പാട് പുലര്‍ത്തിയിരുന്ന അദ്ദേഹം, വിഷയം ഏവര്‍ക്കും സുഗ്രാഹ്യമാക്കാന്‍ ചില ലളിതരീതികള്‍ ആവിഷ്‌കരിച്ചിരുന്നു. ജിദ്ദയിലെ സകാത്ത്ദാതാക്കളെ പ്രത്യേകം വിളിച്ചുചേര്‍ത്തു നടത്തിയ ബോധവല്‍ക്കരണ പഠന ക്ലാസ്സുകളുടെയും സംശയ നിവാരണ സദസ്സകളുടെയും സല്‍ഫലങ്ങള്‍ ഇന്നും ഒരുപാട് പേര്‍ അനുഭവിച്ചുവരുന്നു.
ജിദ്ദാ കെ.ഐ.ജിയുടെ ആസ്ഥാനം കൂടിയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന 'ശര്‍ബ്ബത്തലി വില്ല.' നാട്ടില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ജിദ്ദാ സന്ദര്‍ശനത്തിനെത്തിയിരുന്ന പ്രസ്ഥാന നേതാക്കളും സ്ഥാപന മേധാവികളും വില്ലയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. അവരുടെ ദൗത്യം വിജയിപ്പിക്കുന്നതിനാവശ്യമായ എഴുത്തുകുത്തുകളെല്ലാം ദീര്‍ഘകാലം അബ്ദുവിന്റെ ചുമലിലായിരുന്നു നിക്ഷിപ്തമായിരുന്നത്.
വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്ക്
മുകളില്‍ വിവരിച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള ഒരാള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ലോകത്തെ അതികായന്‍ ആയതെങ്ങനെ എന്ന് പലരും അന്വേഷിക്കാറുണ്ട്. അബ്ദു തന്റെ ജ്ഞാനതൃഷ്ണയും ബൗദ്ധിക മികവും വഴി നേടിയെടുത്തതാണ് ഇതത്രയും എന്ന് പറയാമെങ്കിലും ജിദ്ദാ കെ.ഐ.ജി തന്നെയാണ് അതിനു നിമിത്തമായത്. കമ്പ്യൂട്ടറിനെക്കുറിച്ച് കേട്ടു തുടങ്ങിയ കാലം. അബ്ദുവും ഈയുള്ളവനുമടക്കം പത്തു പേര്‍ ചേര്‍ന്ന് പതിനായിരം രിയാല്‍ സംഘടിപ്പിച്ച് ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നു. 'ഡിസ്‌ക് ഓപറേറ്റിംഗ് സിസ്റ്റം' പഠിപ്പിക്കാന്‍ എഞ്ചിനീയര്‍ പറമ്പാടന്‍ കുഞ്ഞഹമ്മദ് സാഹിബ് (കൊണ്ടോട്ടി) വന്നുചേരുന്നു. പിന്നെയങ്ങോട്ട് നിസ്തന്ദ്രമായ പരിശ്രമങ്ങളാണ്. അബ്ദു ഒഴിച്ചുള്ളവരെല്ലാം, തങ്ങള്‍ക്ക് അപ്പോള്‍ ആവശ്യമായത്രയും പഠിച്ചു നിര്‍ത്തി. ഇതല്ലാതെ ഈ വിഷയകമായി ഔപചാരികമായ ഒരു പഠനത്തിനും അബ്ദു പോയിട്ടില്ല.
അബ്ദുവിന്റെ വായനയുടെയും പഠനത്തിന്റെയും വേറിട്ട രീതി മനസ്സിലാക്കാന്‍ ഇതാ ഒരു സംഭവം. ഞങ്ങള്‍ രണ്ടു പേരും തനിച്ച് ഒരു മുറിയില്‍ താമസിക്കുന്ന കാലത്ത്, വായനക്കും പഠനത്തിനുമായി ദിനേന ഒരു നിശ്ചിത സമയം ചെലവഴിക്കുമെന്ന് സ്വയം പ്രതിജ്ഞ എടുത്തിരുന്നു.
അന്നൊരിക്കല്‍ അബ്ദു ഒരു പുതിയ പുസ്തകവുമായി വന്നു. പിന്നെ കാണുന്നത് അദ്ദേഹം അതില്‍നിന്ന് പേജുകള്‍ കീറി ചവറ്റുകൊട്ടയില്‍ എറിയുന്നതാണ്. ഞാന്‍ ചോദിച്ചു: 'ഇതെന്താണ് കാര്യം?' അബ്ദു പറഞ്ഞു: 'ഓരോ താളിന്റെയും വായന കഴിയുന്ന മുറക്ക് അത് കീറിക്കളയുകയാണ്. ഒറ്റ വായനക്കേ മൂല്യമുള്ളൂ. വായന കഴിയുന്നതോടെ പുസ്തകവും തീരണം. ഇല്ലെങ്കില്‍, അത് വെറുതെ സൂക്ഷിച്ചുവെക്കേണ്ടേ?' ജീവിതരംഗങ്ങളിലെല്ലാം പുതു വഴികളിലൂടെ മാത്രം സൗമ്യനായി സഞ്ചരിച്ചു, കാലാനുസൃതമായി അറിവുകള്‍ നവീകരിച്ചു, അവ ആയിരങ്ങള്‍ക്ക് ഭൗതിക പ്രതിഫലേഛയില്ലാതെ പകര്‍ന്നു, കടന്നുപോയ ആത്മമിത്രമേ വിട!
Comments