വി.കെ അബ്ദു വിവരസാങ്കേതികവിദ്യ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പരിചയപ്പെടുത്തിയ മഹാനുഭാവന്‍
മരിക്കുന്നതു വരെ മനസ്സില്‍ ചെറുപ്പം കാത്തുസൂക്ഷിച്ച് താനിടപഴകുന്ന സകലരോടും സ്നേഹവും ബഹുമാനവും ആദരവും കാണിക്കാന്‍ ഒരു പിശുക്കും കാണിക്കാത്ത അതുല്യ വ്യക്തിത്വത്തിനുടമയായിരുന്നു അബ്ദു സാഹിബ്. നിരന്തരം കാര്യങ്ങള്‍ സംസാരിക്കുകയും കൂടിയാലോചന നടത്തുകയും ചെയ്തിരുന്ന ആത്മസുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹം. തൊണ്ണൂറുകളുടെ അവസാനത്തിലാണ് ഞങ്ങളുടെ ബന്ധത്തിന് തുടക്കമാവുന്നത്. 1998 ഏപ്രില്‍ മാസത്തില്‍ നടന്ന ഹിറാ സമ്മേളനത്തിലെ പ്രദര്‍ശന നഗരിയില്‍ വിവരസാങ്കേതികരംഗത്തെ പുതിയ സാധ്യതകള്‍ ദീനീമേഖലക്ക് പരിചയപ്പെടുത്താന്‍ അബ്ദു സാഹിബ് മുന്നിലുണ്ടായിരുന്നു. അവിടെ വെച്ച് കൂടുതല്‍ അടുക്കാനും തുറന്ന ആശയവിനിമയം നടത്താനും അവസരം ലഭിച്ചത് ഏറെ സംതൃപ്തിയോടെയാണ് ഓര്‍ക്കുന്നത്.
ആധുനിക വിവരസാങ്കേതികവിദ്യ ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും പരമാവധി സൗകര്യത്തിലും എളുപ്പത്തിലും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാര്യമായ ചിന്ത. 1977 മുതല്‍ നീണ്ട 24 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 2001-ലാണ് അബ്ദു സാഹിബ് നാട്ടില്‍ തിരിച്ചെത്തുന്നത്. വലിയ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം സ്വപ്നം കാണാന്‍ സാധിച്ചിരുന്ന കാലത്ത് കമ്പ്യൂട്ടറും അനുബന്ധ സംവിധാനങ്ങളും സ്വന്തമാക്കിയിരുന്ന അബ്ദു സാഹിബ് മരിക്കുന്നതുവരെ ആ മേഖലയിലെ ഏതു പുതുമയെയും കൗതുകപൂര്‍വം ശ്രദ്ധിക്കുകയും അത് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഐ.ടി ഫീല്‍ഡിലെ ശരിയായ പള്‍സും അപ്ഡേഷനുകളും അറിയാന്‍ മറ്റെവിടെയും പരതേണ്ടതില്ലാത്ത വിധം ഒരു റെഡി റഫറന്‍സ് കൂടിയായിരുന്നു അദ്ദേഹം.
എളിമയും ലാളിത്യവും വിനയവും ജീവിതത്തിലുടനീളം കൊണ്ടുനടക്കുക, താന്‍ നേടിയ അറിവുകളെല്ലാം സമൂഹത്തിലെ എല്ലാ തുറയിലുള്ളവര്‍ക്കും ഒരു പിശുക്കും കൂടാതെ ചെറുപുഞ്ചിരിയോടെ നിര്‍ലോഭം സമ്മാനിക്കുക- ഇത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. അക്കാദമികമായ യോഗ്യതയില്ലാത്തവര്‍ക്കും ടെക്നിക്കല്‍ മേഖല കീഴടക്കാമെന്നും സാങ്കേതിക വിദ്യയുടെ മുന്നില്‍ നടക്കാമെന്നും ജീവിതം കൊണ്ട് അടയാളപ്പെടുത്താന്‍ സാധിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഏത് പ്രായക്കാരെയും കമ്പ്യൂട്ടര്‍ കീബോര്‍ഡും മൗസും ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സാക്ഷരരാകാന്‍ പ്രാപ്തമാക്കി എന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അതിന് ആളുകളെ സജ്ജമാക്കുന്ന ലളിതവും, എന്നാല്‍ ആകര്‍ഷകവുമായ പാഠ്യക്രമവും സിലബസും അദ്ദേഹം തന്നെ രൂപപ്പെടുത്തിയിരുന്നു. കേരള ജമാഅത്തിന്റെ സംസ്ഥാന- ജില്ലാ- ഏരിയാ നേതാക്കള്‍ക്ക് ബാച്ചുകളായി രാത്രിയും പകലുമായി നടത്തിയ ഒരാഴ്ചത്തെ തീവ്ര യജ്ഞ കോഴ്‌സ് മധുരമുള്ള ഓര്‍മയാണ്. ജാതി- മത- ലിംഗഭേദമന്യേ നിരവധി പേര്‍ക്ക് ഉപകാരപ്പെടുന്ന വിധം അദ്ദേഹം രൂപകല്‍പ്പന നടത്തിയ വ്യത്യസ്ത പ്രോഗ്രാമുകളുടെ ഗുണഫലങ്ങള്‍ സ്വീകരിച്ച ഒരുപാട് പേരുടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന അനുസ്മരണ കുറിപ്പുകള്‍ അവയുടെ ജനകീയതയുടെ സാക്ഷ്യപത്രമാണ്. അത്തരം ബന്ധങ്ങളുടെ ആഴവും പരപ്പുമാണ് ഐ.ടി ലോകം, ഇന്‍ഫോ കൈരളി പോലുള്ള മാഗസിനുകളില്‍ അദ്ദേഹത്തെ കോളമിസ്റ്റാക്കിയതും.
2001-ല്‍ നാട്ടിലെത്തിയ ശേഷം, കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെ സാങ്കേതികവിദ്യയുടെ വേഗതയാര്‍ന്ന പ്രതലത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്താനുള്ള തീവ്ര ആലോചനകളുടെയും വിവിധ പ്രോജക്ടുകളുടെയും അമരത്ത് സ്വയം സമര്‍പ്പിക്കാനാണ് അബ്ദു സാഹിബ് തീരുമാനിച്ചത്. ആരോഗ്യസംബന്ധിയായ കാരണങ്ങളാല്‍ വിശ്രമജീവിതം വിധിക്കപ്പെട്ടാണ് നാട്ടിലെത്തുന്നത്. എന്നാല്‍ പ്രായവും അനാരോഗ്യവും കണക്കിലെടുക്കാതെ തനിക്കേറെ ഇഷ്ടപ്പെട്ട സാങ്കേതിക മേഖലയുടെ ഇസ്‌ലാമികവത്കരണത്തില്‍ എപ്പോഴും അദ്ദേഹം മുന്നിലുണ്ടായിരുന്നു; വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റാന്‍. സുഊദി കെ.ഐ.ജിയുടെ താല്‍പര്യപ്രകാരം ജമാഅത്ത് കേരള ഘടകത്തിന്റെ അനുവാദത്തോടെ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ ഒന്നാം പ്രോജക്ടിന് 2006-ല്‍ ശാന്തപുരം അല്‍ജാമിഅ കേന്ദ്രീകരിച്ച് തുടക്കം കുറിക്കുന്നത് അങ്ങനെയാണ്. ശൈഖ് മുഹമ്മദ് കാരകുന്ന് ഡയറക്ടറും മര്‍ഹൂം റഹ്മാന്‍ മുന്നൂര് എഡിറ്ററുമായ പ്രോജക്ടിന്റെ ചുമതല അബ്ദു സാഹിബിനായിരുന്നു. സഹചുമതലക്കാരനായി ഈയുള്ളവനുമുണ്ടായിരുന്നു. അവിടന്നിങ്ങോട്ട് മരിക്കുന്നതു വരെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഗാഢവും സുദൃഢവുമായിരുന്നു.
2012-ല്‍ കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഐ.ടി ഡിവിഷനായി ഡിഫോര്‍ മീഡിയ രൂപം കൊണ്ടപ്പോള്‍ അതിന്റെ ഡയറക്ടറായി അബ്ദു സാഹിബാണ് തലപ്പത്തുണ്ടായിരുന്നത്. എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം ആരോഗ്യകാരണങ്ങളാല്‍ തല്‍സ്ഥാനം ഒഴിവായപ്പോഴും അദ്ദേഹം തന്നെ താല്‍പര്യപൂര്‍വം തുടങ്ങിയ 'ഇസ്‌ലാം ഓണ്‍ലൈവി'ല്‍ ഐ.ടി കോളമിസ്റ്റായി ഒപ്പമുണ്ടായിരുന്നു. ആ കോളത്തിലൂടെ ഒട്ടനവധി ഇസ്‌ലാമിക ആപ്പുകളെയും സംവിധാനങ്ങളെയും പരിചയപ്പെടുത്തുകയുണ്ടായി. വിപുലമായ പ്രവര്‍ത്തന മേഖലയിലേക്ക് ഡിഫോര്‍ മീഡിയ മുന്നിട്ടിറങ്ങിയത് അബ്ദു സാഹിബിന്റെ കാലത്താണ്. സാലറി സ്വീകരിക്കാതെ കേവലം ടി.എ മാത്രം സ്വീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മുഴുസമയ സേവനം.
2001 മുതല്‍ അബ്ദു സാഹിബിന്റെ നിഴലായി കൂടെ സഞ്ചരിക്കാന്‍ സാധിച്ചുവെന്നതില്‍ ഈ എളിയവന് അതിയായ സന്തോഷമുണ്ട്. എന്നെ മള്‍ട്ടിമീഡിയയും വെബ് ടെക്നോളജിയും കമ്പ്യൂട്ടര്‍ മാനേജ്മെന്റും ഗൗരവത്തില്‍ പഠിപ്പിക്കുന്നതില്‍ അബ്ദു സാഹിബിന് അനല്‍പ്പമായ പങ്കുണ്ട്. അങ്ങനെയാണ് കേരള ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും ഐ.പി.എച്ചിന്റെയുമെല്ലാം വെബ്‌സൈറ്റുകള്‍ രൂപപ്പെടുന്നത്. കേരള ജമാഅത്തിന്റെ ത്രൈമാസ റിപ്പോര്‍ട്ടിന്റെ ഓണ്‍ലൈന്‍വത്കരണത്തിനു വേണ്ടി, ജില്ലാ-ഏരിയാ നേതൃത്വത്തിന് അതിന്റെ പ്രവര്‍ത്തനം പഠിപ്പിക്കാന്‍ സ്വന്തം ലാപ്‌ടോപ്പും ചുമന്ന് നിശ്ചിത സമയത്തിനു മുമ്പ് അതത് കേന്ദ്രത്തിലെത്തുന്ന അബ്ദു സാഹിബ് ഇനി ഓര്‍മ മാത്രമാണ്.
1998-ലും '99-ലുമായി യഥാക്രമം കമ്പ്യൂട്ടര്‍ ലോകം, ഇന്റര്‍നെറ്റ് ലോകം എന്നീ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയിരുന്ന കുറിപ്പുകളും ലേഖനങ്ങളും ഏറെ കൗതുകത്തോടെയാണ് അന്നൊക്കെ വായിച്ചിരുന്നത്. മലയാളികള്‍ക്ക് അദ്ദേഹം തികഞ്ഞ കമ്പ്യൂട്ടര്‍ ഉസ്താദ് തന്നെ ആയിരുന്നു. 'ഇന്‍ഫോ മാധ്യമ'ത്തിന്റെ ചുമതലയിലൂടെയും മാധ്യമം കമ്പ്യൂട്ടര്‍ ക്ലബിലൂടെയും അദ്ദേഹമത് ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു. പുതിയ തലമുറയെ ദീനീ അടിത്തറയില്‍ സാങ്കേതിക മികവോടെ പുറത്തിറക്കണമെന്ന അദ്ദേഹത്തിന്റെ ചിന്തക്ക് പ്രസ്ഥാനം നല്‍കിയ അംഗീകാരം കൂടിയാണ് ശാന്തപുരം അല്‍ജാമിഅയിലെ ഐ.ടി സെന്റര്‍. അതിന്റെ ആദ്യകാല ഡയറക്ടറും അബ്ദു സാഹിബായിരുന്നു.
ഏത് പുതിയ ഡിവൈസും മാര്‍ക്കറ്റിലെത്തിയാല്‍ അത് വാങ്ങി പരീക്ഷിച്ച് അതിന്റെ റിസള്‍ട്ട് ഒന്നുകില്‍ ഫോണില്‍, അല്ലെങ്കില്‍ ഓഫീസില്‍ വന്നശേഷം പറഞ്ഞുതരാറുള്ള ആത്മസുഹൃത്തിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2013-ല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയപ്പോള്‍ അതിന്റെ പ്രവര്‍ത്തന രീതിയും മറ്റും നേരില്‍ കണ്ട് മനസ്സിലാക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഓര്‍മയുണ്ട്. ഒരിക്കലല്ല, പലപ്രാവശ്യം വീട്ടില്‍ സന്ദര്‍ശിച്ച് ഖദീജാത്തയുടെ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന് നന്നായി പാചകം ചെയ്യാനും അറിയാമായിരുന്നു. അറേബ്യന്‍ പാചകത്തില്‍ സമര്‍ഥനായിരുന്നു. ഞങ്ങളുടെ ഒന്നിച്ചുള്ള പല യാത്രകളിലും അത്തരം വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. വീട്ടിലേക്ക് ആവശ്യമായ വിഷരഹിത മീന്‍, വിഷരഹിത പച്ചക്കറി (അക്വാപോണിക്സ്) വീട്ടുമുറ്റത്ത് സംവിധാനിച്ചത് കൗതുക കാഴ്ചയാണ്. അടുക്കള വേസ്റ്റ് സംസ്‌കരണത്തിലൂടെ മീന്‍തീറ്റയും കോഴിത്തീറ്റയും ഒപ്പം പച്ചക്കറികള്‍ക്ക് വളവും ലഭ്യമാക്കുന്ന ബയോപോഡ് സംവിധാനം അദ്ദേഹം സ്വന്തം നിലക്ക് രൂപകല്‍പന ചെയ്തിരുന്നു. ഏകദേശം രണ്ടു വര്‍ഷം മുമ്പ് മൂത്ര സംബന്ധിയായ ഓപ്പറേഷനു ശേഷം വീട്ടുമുറ്റത്തെ കൃഷിയിലും അതിന്റെ പരിപാലനത്തിലുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിലെ സന്തോഷം പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.
എല്ലാമാസവും നിശ്ചിത സംഖ്യ സ്വദഖയായി നല്‍കാന്‍ ഒരു സ്വകാര്യ ലിസ്റ്റ് അദ്ദേഹം സൂക്ഷിച്ചിരുന്നു. ഇരുമ്പുഴി വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായിരുന്നു. മൊബൈല്‍ ആപ്പിലുള്ള ഹോം ലൈബ്രറിയും പേപ്പര്‍ലെസ്സ് ഓഫീസുമൊക്കെ അബ്ദു സാഹിബിന്റെ സ്വപ്നമായിരുന്നു.
വിവരസാങ്കേതികവിദ്യയുടെ തുടക്കക്കാലത്ത് അതിന്റെ മുന്നണി പ്രചാരകനായിരുന്ന, തന്റെ ജീവിത കാലത്തുതന്നെ അതിനായി ഒട്ടേെറ നീര്‍ച്ചാലുകള്‍ക്ക് രൂപം നല്‍കാന്‍ സാധിച്ച കര്‍മഫലവുമായാണ് അബ്ദു സാഹിബ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് അതിന്റെയൊക്കെ സൗകര്യങ്ങളും ഫലങ്ങളും നുകരുന്നത്.
വാളക്കുണ്ടില്‍ ബാപ്പു ഹാജിയുടെയും വില്ലന്‍ പാത്തുമ്മയുടെയും മകനായി ജനിച്ച അബ്ദു സാഹിബിന് 73 വയസ്സായിരുന്നു മരിക്കുമ്പോള്‍. ഖദീജ വരിക്കോടനാണ് ഭാര്യ. അബ്ദുസ്സലാം, ഹാരിസ്, ശഫീഖ് (മൂവരും സുഊദി) വി.കെ ഷമീം (സബ് എഡിറ്റര്‍ മാധ്യമം) എന്നിവര്‍ മക്കളും നസീബ (പൂക്കോട്ടൂര്‍), തസ്നിയ മോള്‍ (പുല്ലൂര്‍), ഖദീജ സുഹാന (വാഴക്കാട്), സജ്ന (തുവ്വൂര്‍) എന്നിവര്‍ മരുമക്കളുമാണ്.
പരേതനെ അല്ലാഹു അര്‍ഹമായതിലുമധികം പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ, ബര്‍സഖീ ജീവിതം സന്തോഷകരമാക്കട്ടെ, നാഥന്‍ അവന്റെ സ്വര്‍ഗപ്പൂങ്കാവനത്തില്‍ നമ്മെ എല്ലാവരെയും ഒരുമിച്ചുകൂട്ടട്ടെ - ആമീന്‍.
Comments