കൊറോണാ കാലത്ത് വര്‍ധിക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍
കോവിഡ് കാലത്ത് പൊതുവെ അപകടങ്ങളുടെയും അതുമായി ബന്ധപ്പെട്ട കേസുകളുടെയും കണക്കില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുന്നു എന്നതാണ് അപകടങ്ങളും അപകട മരണങ്ങളും കുറയാന്‍ പ്രധാന കാരണം. പക്ഷേ ഈ കണക്കിന് ഒരു മറുപുറം ഉണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് ഗാര്‍ഹിക പീഡനം വര്‍ധിച്ചതായാണ് ദേശീയ വനിതാ കമീഷന്റെ കണ്ടെത്തല്‍. ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് രാജ്യത്തെ സ്ത്രീകള്‍ക്കെന്നും ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചിട്ടുണ്ടെന്നും കമീഷന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
2020 മാര്‍ച്ച് രണ്ട് മുതല്‍ എട്ടു വരെയുള്ള ആദ്യ ആഴ്ചയില്‍ മാത്രം 116 പരാതികളാണ് ഓണ്‍ലൈന്‍ വഴി കമീഷന് ലഭിക്കുന്നത്. അവയത്രയും വീടകങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച പരാതികളാണ്. മാര്‍ച്ച് 23 മുതല്‍ 31 വരെയുള്ള ആഴ്ചയില്‍ 257 പരാതികള്‍ കമീഷന് ലഭിച്ചു. ഓണ്‍ലൈന്‍ വഴി പരാതികള്‍ അറിയിക്കാന്‍ സാധിക്കാത്ത നിരവധി സ്ത്രീകള്‍ ഉണ്ടാകുമെന്നതാണ് ആശങ്കാജനകമായ മറുവശം.
മാര്‍ച്ച് 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ 69 ഗാര്‍ഹിക പരാതികള്‍ മാത്രം ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദിനംപ്രതി ഗാര്‍ഹിക പീഡന പരാതികളും ലൈംഗിക അതിക്രമ പരാതികളും വര്‍ധിക്കുന്നതായി കമീഷന്‍ വെളിപ്പെടുത്തുന്നുണ്ട്.
ശാരീരിക പീഡനങ്ങള്‍ക്കപ്പുറം മാനസികമായി പീഡിപ്പിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. മാനസിക പീഡനം അനുഭവിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതായും കണക്കുകളില്‍ കാണാം. 90 പരാതികളാണ് ഈ കാലയളവില്‍ യു.പിയില്‍ നിന്ന് മാത്രം ഓണ്‍ലൈനായി ലഭിച്ചത്. രാജ്യതലസ്ഥാനത്തു നിന്ന് ലഭിച്ചത് 37 പരാതികളും.
2020-ല്‍ 5000 പരാതികളാണ് ഗാര്‍ഹിക പീഡനവുമായി മാത്രം ബന്ധപ്പെട്ട് ദേശീയ വനിതാ കമീഷന് ലഭിച്ചിട്ടുള്ളത്.
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ കൂടിയതെന്നും കമീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്ക് ഡൗണ്‍ ആയതോടെ സ്ത്രീകള്‍ വീടുകളില്‍ മാത്രമായി കുടുങ്ങിയതും പീഡിപ്പിക്കുന്ന ആളിന്റെയൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരായതും ഗാര്‍ഹിക പീഡനം വര്‍ധിക്കാന്‍ കാരണമായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡന പരാതികള്‍ കമീഷന് ലഭിച്ചത്. ജൂലൈ മാസം മാത്രം 660 പരാതികള്‍. സാമ്പത്തിക അസ്ഥിരതയും കൊറോണ സൃഷ്ടിച്ച അരക്ഷിതാവസ്ഥയുമാണ് ഗാര്‍ഹിക പീഡനങ്ങള്‍ ഇത്രയേറെ വര്‍ധിക്കാന്‍ കാരണമായതെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറയുന്നു. അവബോധം വളരുന്നതിനനുസരിച്ച് ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വര്‍ധിക്കുന്നതായി കാണാം. സ്ത്രീകള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയ, അവര്‍ക്ക് ശബ്ദിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍നിന്നാണ് ഇത്തരം ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പോലീസും സ്ത്രീസംഘടനകളും സജീവമായിരിക്കുന്നിടത്തും റിപ്പോര്‍ട്ടിംഗ് വര്‍ധിക്കുന്നുണ്ട്.
ഇതിനൊരു മറുവശമുള്ളത്, പലപ്പോഴും സ്ത്രീകള്‍ ഗാര്‍ഹിക പീഡനങ്ങള്‍ നിശ്ശബ്ദമായി സഹിക്കുന്നു എന്നതാണ്. ഭര്‍ത്താക്കന്മാര്‍ അതിക്രമം കാണിച്ചാല്‍ അത് സ്വന്തം സുഹൃത്തുക്കളുമായി പോലും പങ്കുവെക്കുകയില്ല. തങ്ങള്‍ ഇരകളാണ് എന്ന് അംഗീകരിക്കാനും തയാറാവാറില്ല. എന്താണ് വീടുകളില്‍ സംഭവിക്കുന്നതെന്നും തുറന്നു പറയില്ല. സാമൂഹികമായി ഒറ്റപ്പെടുത്തുമെന്ന ഭീതി, അഥവാ മറ്റുള്ളവര്‍ എന്തു കരുതുമെന്ന ചിന്ത ഇതാണ് ഭര്‍ത്താവിന്റെ അതിക്രമം പുറത്തു പറയാതെ സ്ത്രീകള്‍ മൗനം പാലിക്കാനുള്ള പ്രധാന കാരണം.
ഇന്ത്യയുടെ മാത്രം സ്വഭാവവിശേഷമല്ല ഗാര്‍ഹിക പീഡനം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. എന്താണ് ഇന്ത്യയെ മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ ഇതു സംബന്ധമായി സാംസ്‌കാരിക തലങ്ങളില്‍ കനത്ത മൗനം തുടരുന്നു എന്നതാണ്.
ക്വാറന്റൈന്‍ കാലം ഗാര്‍ഹിക പീഡന കാലം
കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യം ഗാര്‍ഹിക പീഡനമാണ് എന്നതാണ്.
പൂര്‍ണമായും അടച്ചിടപ്പെട്ടതോടെ തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാനുള്ള അവസരം പോലും സ്ത്രികള്‍ക്ക് നഷ്ടമായി. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത നിര്‍ബന്ധിത സാഹചര്യം മറ്റൊരു അരക്ഷിതാവസ്ഥക്കാണ് കാരണമായത്. പരാതി നല്‍കാനും സഹായം അഭ്യര്‍ഥിക്കാനുമുള്ള വഴികളും താരതമ്യേന കുറഞ്ഞു. വീടിനു പുറത്തെത്തി ഫോണ്‍ ചെയ്തു സഹായം അന്വേഷിക്കാന്‍ സാഹചര്യം ഇല്ലാതെയായി. ഇത് ഗാര്‍ഹിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അവസ്ഥയും സൃഷ്ടിച്ചു. സാധാരണഗതിയില്‍ പീഡനം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷണം നടത്താറാണ് പതിവ്. ലോക്ക് ഡൗണ്‍ അതിനും തടസ്സമായി. മറ്റു അടിയന്തര സാഹചര്യങ്ങള്‍ പോലെ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായുള്ള നിയമങ്ങളെ അവശ്യ സേവനമായി കണ്ട് അത് ഉപയോഗപ്പെടുത്താന്‍ കഴിയണമായിരുന്നു.
ഗാര്‍ഹിക പീഡനം എന്നാല്‍ പങ്കാളിയില്‍നിന്ന് ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടിവരിക എന്നതാണ്. മുമ്പ് ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളവരും പീഡനം നടത്തിയവരുമടക്കം മുഴുവന്‍ സമയവും വീട്ടില്‍തന്നെയായതിനാല്‍ അത് ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയൊരു പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍, ജോലി നഷ്ടപ്പെടുമോ എന്ന ആധി, മറ്റു മാനസിക സമ്മര്‍ദങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്ന അമര്‍ഷം തീര്‍ക്കാന്‍ ഇത്തരക്കാര്‍ പങ്കാളിയോട് ക്രൂരമായി പെരുമാറാനിടയുണ്ട്. അതോടൊപ്പം ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗവും മാനസികാരോഗ്യത്തെ അസ്ഥിരപ്പെടുത്തുന്നു. ലഘുവും കഠിനവുമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കോവിഡ് മൂലം ഉണ്ടാവുന്നു. അമിതമായ ആശങ്ക, ഉത്കണ്ഠ, ഭയം, വിഷാദം എന്നിവയാണ് അവയില്‍ പ്രധാനം.
സംശയരോഗം, മദ്യപാനം, ലഹരിക്കടിപ്പെടല്‍, സ്ത്രീകള്‍ക്കു നേരെയുള്ള അധികാരപ്രയോഗ പ്രവണതകള്‍, ചെറുപ്പത്തില്‍ അനുഭവിച്ച ലൈംഗിക അരക്ഷിതാവസ്ഥ, മേല്‍ക്കോയ്മാ ബോധം തുടങ്ങി നിരവധി കാരണങ്ങള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഹേതുവാകുന്നു. ഒറ്റപ്പെടല്‍, നിയന്ത്രിക്കപ്പെടല്‍, പീഡനത്തിന് സാംസ്‌കാരിക മേഖലയില്‍നിന്നുള്ള മൗനാംഗീകാരം, സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതിരിക്കല്‍, അപമാനഭയം, പേടി, കുട്ടികളുടെ സംരക്ഷണത്തിന് വേറെ മാര്‍ഗമില്ലാതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ സ്ത്രീകള്‍ അക്രമാസക്തമായ ബന്ധങ്ങളില്‍ കുടുങ്ങിപ്പോകുന്നതിനാല്‍ അതിന്റെ മാനസികാഘാതം മൂലമുള്ള പ്രശ്‌നങ്ങള്‍ വേറെയും. അക്രമം നടക്കുന്ന ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്കും അനിയന്ത്രിതവും പ്രകോപനമില്ലാതെയുമുള്ള അക്രമസ്വഭാവം പോലുള്ള മാനസിക തകരാറുകള്‍ ചെറുപ്രായത്തില്‍ തന്നെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഈ കുട്ടികള്‍ മുതിര്‍ന്ന വ്യക്തികളായിക്കഴിഞ്ഞാല്‍ പീഡനത്തിന്റെ ഈ കുടുംബ പൈതൃകം തുടര്‍ന്നുകൊണ്ടുപോകാനുള്ള സാധ്യതയും കൂടുതലാണ്.
ആഗോളതലത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍ സിംഹഭാഗവും സ്ത്രീകളാണ്; പ്രത്യേകിച്ച് യാഥാസ്ഥിതിക പുരുഷാധിപത്യ സമൂഹങ്ങളില്‍. കൂടാതെ സ്ത്രീകള്‍ കൂടുതല്‍ രൂക്ഷമായ അതിക്രമങ്ങള്‍ സഹിക്കേണ്ടിയും വരുന്നു. ചില രാജ്യങ്ങളില്‍ ഗാര്‍ഹിക പീഡനങ്ങള്‍ ന്യായീകരിക്കപ്പെടുന്നതായി പോലും കാണാം.
അക്രമിക്ക് തന്റെ അതിക്രമങ്ങള്‍ ന്യായീകരിക്കാനാവുന്നതാണെന്നോ, നിയമപരമായി അത് രേഖപ്പെടുത്തപ്പെടുകയില്ലെന്നോ തോന്നുമ്പോഴാണ് ഗാര്‍ഹിക പീഡനങ്ങള്‍ മിക്കതും സംഭവിക്കുന്നത്. ഇത് കുട്ടികള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമിടയില്‍ ഇത്തരം അതിക്രമങ്ങള്‍ അംഗീകരിക്കാവുന്നതോ പൊറുക്കാവുന്നതോ ആണെന്ന ധാരണ സൃഷ്ടിക്കുകയും തലമുറകളിലേക്ക് അതിക്രമങ്ങളുടെ തുടര്‍ച്ച പടരുകയും ചെയ്യുന്നു. വളരെക്കുറച്ച് ആളുകള്‍ മാത്രമേ പീഡകരായി കണക്കാക്കപ്പെടുന്നുള്ളൂ. അവരുടെ പീഡനങ്ങളെപ്പോലും കുടുംബപ്രശ്‌നം നിയന്ത്രണാതീതമായി എന്ന നിലയില്‍ ഗൗരവം കുറച്ചേ ജനം കാണുന്നുള്ളൂ. അതുകൊണ്ടു കൂടിയാണ് ഗാര്‍ഹിക പീഡനങ്ങളുടെ തോത് നിര്‍ണയിക്കാന്‍ നമുക്ക് സാധ്യമാവാതെ പോകുന്നത്. കോവിഡ് കാലം ഇത്തരം പ്രവണതകളെയെല്ലാം ശക്തിപ്പെടുത്തുകയും കൂടുതല്‍ സൗകര്യമൊരുക്കുകയും ചെയ്തു എന്നു തന്നെ പറയാം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യ പതിനൊന്ന് ദിവസങ്ങളില്‍ മാത്രം 92,000 പരാതികളാണ് രാജ്യമെമ്പാടുമായി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളിലൂടെ ലഭിച്ചത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍
ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം സംസ്ഥാനത്ത് 173 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. കുട്ടികളിലെ മാനസിക പിരിമുറുക്കമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും പിന്നിലെന്നാണ് കണ്ടെത്തല്‍. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലും.
ഇത്തരത്തിലുള്ള മിക്ക കുട്ടികളും പഠനത്തില്‍ മുന്‍പന്തിയിലായിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ആഗോളതലത്തില്‍ തന്നെ കുട്ടികളില്‍ മാനസിക പിരിമുറുക്കം വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുട്ടികള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനമാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. ലോക്ക് ഡൗണില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സമയം ഒത്തൊരുമിച്ചു കഴിയാനാകുമെന്നത് നേരത്തേയുള്ള കണക്കുകൂട്ടലുകളായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ അനിശ്ചിതമായി നീണ്ടപ്പോള്‍ അനാവശ്യമായി മാതാപിതാക്കള്‍ കുട്ടികളെ ശകാരിക്കുന്ന പ്രവണത കൂടി വന്നു. ഗാര്‍ഹിക പീഡനങ്ങള്‍ നിത്യവും കാണേണ്ടിവരുന്ന കുട്ടികളില്‍ മാനസിക സമ്മര്‍ദം വര്‍ധിക്കും. അവര്‍ ചിലപ്പോള്‍ ആത്മഹത്യകളില്‍ അഭയം തേടും. എന്നാല്‍ കുട്ടികളിലെ ആത്മഹത്യാ നിരക്കുകള്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണങ്ങള്‍ കോവിഡ് ഭയം ആണെന്ന് വരുത്തിത്തീര്‍ക്കുന്നത് ഗുരുതരമായ ഒരു പ്രശ്‌നത്തെ മറച്ചുവെക്കലോ റദ്ദുചെയ്യലോ ആണ്. ലോക്ക് ഡൗണ്‍ മൂലം അവര്‍ ഇടപഴകിയിരുന്ന സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് വന്നത്. ഇതൊക്കെ അവരെ മാനസികമായി തളര്‍ത്തുന്നുണ്ടാകണം. ഒരവസ്ഥയെ ഓരോ കുട്ടിയും വ്യത്യസ്ത രീതിയിലായിരിക്കും അഭിമുഖീകരിക്കുക. രക്ഷിതാക്കള്‍ വളരെ നിസ്സാരമായി കാണുന്ന ആവശ്യങ്ങള്‍ കുട്ടികള്‍ വലിയ ഗൗരവത്തോടെയായിരിക്കും പരിഗണിക്കുന്നത്.
ലോക്ക് ഡൗണോടെ അവര്‍ക്കു നഷ്ടമായത് അവര്‍ ഇടപഴകിയിരുന്ന അവരുടേതായ മനോഹരമായ ഇടങ്ങള്‍ കൂടിയാണ്. അതിന്റെ പിരിമുറുക്കം സ്വാഭാവികമായും കുട്ടികളില്‍ ഉണ്ടാവും. അതോടൊപ്പം വീട്ടില്‍നിന്നുള്ള അനുഗുണമല്ലാത്ത പ്രവണതകളും അവരെ തളര്‍ത്താന്‍ കാരണമാകുന്നു.
കോവിഡ് കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക പീഡന കേസുകളില്‍അധികവും അടുത്ത ബന്ധുക്കളില്‍നിന്നും അയല്‍വാസികളില്‍നിന്നുമാണ്. ഇത്തരം കേസുകള്‍ പലതും സമാനസ്വഭാവമുള്ളതാണ്. കുട്ടികളുടെ ഏറ്റവും അടുത്ത ആളുകളായിരിക്കും പലപ്പോഴും അവരെ പീഡിപ്പിക്കുന്നത്. ഭയം കാരണമോ തങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന അറിവില്ലായിമ കാരണമോ വളരെ കുറഞ്ഞ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കുട്ടികള്‍ ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ പരിഗണിക്കാത്ത ഒരു ഫോര്‍മുല കൊണ്ടും പ്രയോജനമില്ല.
പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും. 2018-ല്‍ സാമൂഹികനീതി വകുപ്പ് നടത്തിയ പഠനത്തില്‍ ആത്മഹത്യ ചെയ്ത എട്ടു കുട്ടികളില്‍ അഞ്ചു പേരും പെണ്‍കുട്ടികളായിരുന്നു. ലൈംഗികാതിക്രമങ്ങളെ തുടര്‍ന്നുള്ള അപമാനബോധമാണ് പല പെണ്‍കുട്ടികളുടെയും ജീവനെടുക്കുന്നത്. രക്ഷിതാക്കളോടോ മാതാപിതാക്കളോടോ താന്‍ അനുഭവിക്കുന്നതിനെ കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം പലപ്പോഴും അവര്‍ക്കില്ലാതെ പോവുന്നത് രക്ഷിതാക്കളുടെ കൂടി മനോഭാവത്തിന്റെയും കുട്ടികളോടുള്ള നിലപാടുകളുടെയും പ്രശ്‌നമാണ്. വിദ്യാലയങ്ങളെന്ന സാമൂഹിക സംവിധാനം അവര്‍ക്ക് പലതും തുറന്നു പറയാന്‍ കുറച്ചുകൂടി അവസരങ്ങള്‍ നല്‍കിയിരിക്കാം. ലോക്ക് ഡൗണില്‍ അവര്‍ക്ക് നഷ്ടമായത് അത്തരം പ്ലാറ്റ്‌ഫോമുകള്‍ കൂടെയാണ്.
ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കു നേരെ വീട്ടകങ്ങളില്‍ അതിക്രമം വര്‍ധിച്ച സാഹചര്യത്തില്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇരകള്‍ക്ക് പ്രത്യേക ഹോട്ടല്‍ റൂം സംവിധാനം വരെ ഒരുക്കിയിരുന്നു. കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിനായി സര്‍ക്കാറുകള്‍ തന്നെ പ്രത്യേക കൗണ്‍സലിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തുകയുണ്ടായി. സ്ത്രീകള്‍ക്ക് മാത്രമായി സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക ഷോപ്പുകളും ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമുണ്ട്.
അവശ്യകാര്യങ്ങള്‍ക്കല്ലാതെ വീടുവിട്ട് പുറത്തിറങ്ങാന്‍ ആര്‍ക്കും അനുവാദമില്ലാത്തതിനാല്‍ ക്വാറന്റൈന്‍ കാലത്ത് സ്ത്രീകള്‍ക്ക് സഹായമഭ്യര്‍ഥിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പല രാജ്യങ്ങളിലും മനുഷ്യാവകാശ കമീഷനുകള്‍ തന്നെ നേരിട്ട് ഇത്തരം പരിമിതികള്‍ക്ക് ബദലുകള്‍ കാണണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
ഇന്ത്യ, ഫ്രാന്‍സ്, സ്പെയിന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കേസുകള്‍ ക്രമാതീതമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളുടെ ക്വാറന്റൈന്‍ കാലത്ത് സ്‌പെയിനില്‍ ഫാര്‍മസികളില്‍ മാസ്‌ക് 19 എന്ന കോഡ് ഭാഷയുപയോഗിച്ചാണ് സ്ത്രീകള്‍ ഗാര്‍ഹിക പീഡനം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കോവിഡിനെ ചെറുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി സ്ത്രീകളുടെ സംരക്ഷണം എല്ലാ സര്‍ക്കാറുകളും ഉറപ്പുവരുത്തണമെന്ന നിര്‍ദേശവുമായി ഐക്യരാഷ്ട്ര സഭയും മുന്നോട്ടു വന്നിരുന്നു. ഏറ്റവും സുരക്ഷിതം എന്നു കരുതുന്ന വീടുകളാണ് ഏറെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വലിയ ഭീഷണിയാവുന്നത് എന്നായിരുന്നു ലോക്ക് ഡൗണ്‍ കാലത്തെ ഗാര്‍ഹിക പീഡനങ്ങളെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം.
പകര്‍ച്ചവ്യാധികളുടേത് ഉള്‍പ്പെടെ എല്ലാ അടിയന്തര സാഹചര്യങ്ങളിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. വിവരങ്ങള്‍ അപര്യാപ്തമാണെങ്കിലും കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ട സമയം മുതല്‍ ചൈന, യു.കെ, യു.എസ് തുടങ്ങി പല രാജ്യങ്ങളിലും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജൂണ്‍ 21-ന് യു.എസ് നാഷ്‌നല്‍ ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിച്ച അവരുടെ പഠനത്തില്‍, യു.സി.എല്‍.എയിലെ പബ്ലിക് പോളിസി പ്രഫസര്‍മാരായ ശരവണ രവീന്ദ്രനും മനീഷ ഷായും ഇന്ത്യയിലെ ദേശീയ വനിതാ കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍ സമാഹരിച്ച് റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിച്ച് ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ലോകമെമ്പാടും മൂന്നിലൊന്നു സ്ത്രീകള്‍ അവരുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഗാര്‍ഹിക അതിക്രമങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എല്ലാ ഭരണ സംവിധാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സമത്വം, സ്വാതന്ത്ര്യം, സമാധാനം, നീതി എന്നിവയൊന്നും പലപ്പോഴും കുടുംബങ്ങളില്‍ പുലരാത്തതുകൊണ്ട് നിയമങ്ങള്‍ ഇനിയും കര്‍ശനമാക്കേണ്ടിയിരിക്കുന്നു.
Comments