ആരെയും ആകര്‍ഷിക്കുന്ന കുടുംബ വ്യവസ്ഥ
ഇസ്‌ലാമിക മൂല്യസംഹിതയുടെ പ്രത്യേകത, അത് ചരിത്രപരമോ പരമ്പരാഗതമോ ആയ മാമൂലുകളെയോ ആചാരങ്ങളെയോ ചുറ്റിപ്പറ്റിയല്ല നിലകൊള്ളുന്നത് എന്നതാണ്. ഈ ആചാരങ്ങള്‍ എത്ര തന്നെ പ്രബലമായിരുന്നാലും ആധുനികതയുടെയും നവകൊളോണിയലിസത്തിന്റെയും ശക്തികളെ ചെറുക്കാനുള്ള കരുത്ത് അവക്ക് ഉണ്ടാകില്ല. അതുകൊണ്ടാണ് ഇസ്‌ലാമിക മൂല്യങ്ങളൊക്കെയും ദൃഢവിശ്വാസത്തിന്റെ അടിത്തറയിലേ സ്ഥാപിതമാകാവൂ എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ദൃഢവിശ്വാസത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇസ്‌ലാമിന്റെ അത്തരമൊരു മൂല്യമാണ് കൂടുംബവും കുടുംബ ജീവിതവും.
പാശ്ചാത്യ ലോകത്ത് സ്ത്രീ-പുരുഷ സമത്വത്തെച്ചൊല്ലി പ്രകൃതിക്കിണങ്ങാത്തതും അനാരോഗ്യകരവുമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നപ്പോള്‍ അത് ഏറ്റവും കൂടുതല്‍ പരിക്കേല്‍പ്പിച്ചത് അവിടത്തെ കുടുംബ ജീവിതത്തിനാണ്. കുടുംബത്തിന്റെ തകര്‍ച്ച സാമൂഹിക ജീവിതത്തെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ ലോകമൊട്ടുക്ക് നാം കണ്ടുകൊണ്ടിരിക്കുകയുമാണ്. വിനാശകരമായ ഈ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ മുസ്‌ലിം സമൂഹത്തിനും സാധ്യമല്ല; അവര്‍ അതിന് കൂട്ടുപിടിക്കുന്നത് പരമ്പരാഗത ആചാരങ്ങളെയാണെങ്കില്‍. ഇസ്‌ലാമിലെ കുടുംബ മൂല്യങ്ങള്‍ ദൈവദത്തമാണെന്നും അവയെ മാറ്റാനോ തിരുത്താനോ സാധ്യമല്ലെന്നുമുള്ള ഉറച്ച ബോധ്യവും വിശ്വാസവും ഉണ്ടാകുമ്പോഴാണ് പാശ്ചാത്യദര്‍ശനങ്ങള്‍ പടച്ചുവിട്ട വിനാശകരമായ പ്രവണതകളില്‍നിന്ന് സ്വയംരക്ഷ സാധ്യമാവുക. ആചാരബദ്ധമായ എല്ലാ സംവിധാനങ്ങളും ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താനാവാതെ ആടിയുലയുന്നതും നാം കാണുന്നുണ്ട്. കുടുംബത്തിന്റെയും ആത്യന്തികമായി സ്ത്രീയുടെ തന്നെയും സുരക്ഷ ഇസ്‌ലാമിലാണ് എന്ന് നാം പറയുന്നതിന്റെ ന്യായവും മറ്റൊന്നല്ല.
ഒരുവശത്ത് കുടുംബത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ, മറുവശത്ത് കുടുംബ മൂല്യങ്ങള്‍ ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയുമാണ്; പ്രത്യേകിച്ച് ഇസ്‌ലാമിലെ കുടുംബ ജീവിതം. ഇത് മനസ്സിലാക്കിയ ഇസ്‌ലാമിന്റെ എതിരാളികള്‍ ഇസ്‌ലാമിക കുടുംബ വ്യവസ്ഥയെ താറടിക്കാനും അതുവഴി ഇസ്‌ലാംപേടി ഉല്‍പ്പാദിപ്പിക്കാനും ശ്രമിക്കുന്നതും നാം കാണുന്നുണ്ട്. ഇസ്‌ലാം സ്വീകരിച്ച പ്രഗത്ഭ നയതന്ത്രജ്ഞനും പണ്ഡിതനുമായ മുറാദ് ഹോഫ്മന്‍ തന്റെ Religion on the Rise: Islam in the Third Millenium എന്ന പുസ്തകത്തില്‍ കുടുംബവും കുടുംബ മൂല്യങ്ങളും ഇസ്‌ലാമിന്റെ ശക്തിസ്രോതസ്സുകളിലൊന്നാണെന്ന് സ്ഥാപിക്കുന്നുണ്ട്. പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കുന്നത് അതായിരിക്കുമെന്നും അദ്ദേഹം എഴുതുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം താല്‍പര്യമുണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് നവമുസ്‌ലിംകളായ വനിതകളുമായി അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. Narratives of Conversion to Islam: Female Perspectives എന്ന പേരില്‍ 2013-ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങള്‍ എന്തുകൊണ്ട് ഇസ്‌ലാം സ്വീകരിച്ചു എന്ന ചോദ്യത്തിന് ആ വനിതകള്‍ നല്‍കിയ മറുപടി, സ്ത്രീകളെ സംബന്ധിച്ചും കുടുംബത്തെ സംബന്ധിച്ചുമുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ് തങ്ങളെ ആകര്‍ഷിച്ചത് എന്നാണ്. 2017-ല്‍ അമേരിക്കയിലെ ഒരു പ്രമുഖ സ്ഥാപനം നടത്തിയ കുടുംബ സര്‍വെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്, 17 വയസ്സിനും 34 വയസ്സിനും ഇടക്കുള്ള അമേരിക്കയിലെ പുതിയ തലമുറ (ങശഹഹലിശമഹ)െ പരമ്പരാഗത കുടുംബ സംവിധാനം ഇഷ്ടപ്പെടുന്നുവെന്നാണ്. ഇതിനു മുമ്പുള്ള തലമുറക്ക് ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളായിരുന്നു പഥ്യം. പുതിയ തലമുറയാകട്ടെ പരമ്പരാഗത കുടുംബ സംവിധാനത്തെ പുല്‍കാനാണ് ആഗ്രഹിക്കുന്നത് (ഡേവിഡ് കോട്ടറും ജോവന്ന പെപിനും തയാറാക്കിയ റിപ്പോര്‍ട്ട്: Trending toward Traditionalism? Changes in youths' Ideology).
പുതിയ തലമുറയില്‍ ലോകവ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റം ഇസ്‌ലാമിക കുടുംബ വ്യവസ്ഥക്ക് അവര്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, രണ്ട് കാര്യങ്ങള്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം; ഒന്ന്, ഇസ്‌ലാമിന്റെ കുടുംബ മൂല്യങ്ങളും അധ്യാപനങ്ങളും വ്യക്തമായ തെളിവുകളുടെ അകമ്പടിയോടെ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കണം. അതൊരു സുപ്രധാന ഡിസ്‌കോഴ്സായി ഉയര്‍ത്തിക്കൊണ്ടു വരണം. കുടുംബവും കുടുംബ മൂല്യങ്ങളും ലോകമെമ്പാടും വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. കുടുംബ സംവിധാനത്തെ ഇകഴ്ത്തുകയാണ് ആധുനികത ചെയ്തത്. ഇന്ന് കുടുംബ സംവിധാനത്തിന്റെ അനിവാര്യത ആര്‍ക്കും നിഷേധിക്കാനാവാത്ത സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ, പരമ്പരാഗത കുടുംബ സംവിധാനത്തെ തകര്‍ത്തുകളയുന്ന പല അധാര്‍മിക പ്രവണതകളെയും അതിനോട് ചേര്‍ത്തുകെട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബോയ്ഫ്രന്റ്, ഗേള്‍ഫ്രന്റ് ബന്ധങ്ങളും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളും കുടുംബ ഘടനയെന്ന പോലെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഗേ, ലെസ്ബിയന്‍ കുടുംബവും തട്ടിക്കൂട്ടി ഉണ്ടാക്കുന്നു. ഒരേ ലിംഗത്തില്‍പെടുന്നവരുടെ ഈ 'കുടുംബ'ത്തിലേക്ക് കുട്ടികളെ ദത്തെടുക്കുകയാണ് ചെയ്യുക. ഇത്തരം വഴികേടുകളെയൊക്കെ തുറന്നുകാട്ടി ഏറ്റവും മികച്ച കുടുംബ സുരക്ഷ നല്‍കാനാവുക ഇസ്‌ലാമിനു മാത്രമാണെന്ന് സമര്‍ഥിക്കാന്‍ കഴിയണം.
രണ്ടാമത്തെ സുപ്രധാന കാര്യം സ്ത്രീകളുമായും കുടുംബവുമായും ബന്ധപ്പെട്ട ചില മര്‍മപ്രധാന വിഷയങ്ങളില്‍ ഇജ്തിഹാദും പഠനഗവേഷണങ്ങളും നടക്കേണ്ടതുണ്ട് എന്നതാണ്. പുതിയ കാലത്തെ കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അത്തരം ഇജ്തിഹാദുകള്‍ ഇല്ലാതെ പറ്റില്ല. മുസ്‌ലിം സമൂഹത്തിന്റെ സത്വര ശ്രദ്ധ പതിയേണ്ട ഒരു മേഖലയാണത്.
Comments