ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലി ശ്രദ്ധേയമായ സാംസ്‌കാരിക സമ്മേളനങ്ങള്‍
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ നാല് സാംസ്‌കാരിക സമ്മേളനങ്ങള്‍ കാലികമായ ഉള്ളടക്കവും ഓഫ്‌ലൈനിലും ഓണ്‍ലൈനിലുമായി പങ്കുചേര്‍ന്ന ആയിരങ്ങളുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. 'പോപ്പുലിസ്റ്റ് കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയവും ദലിത്-മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വവും' എന്ന തലക്കെട്ടില്‍ 2021 ജനുവരി എട്ടിന് നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയാണ് ആദ്യത്തേത്.
ഇന്ത്യയിലെ ദലിത്, മുസ്‌ലിം, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ അധഃസ്ഥിത വിഭാഗങ്ങള്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ പരസ്പരം യോജിച്ച് കരുത്താര്‍ജിക്കണമെന്നും, തങ്ങളെ വിഡ്ഢികളാക്കുന്ന പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ദേശീയ ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. മതേതര രാജ്യമായ ഇന്ത്യയില്‍ രാഷ്ട്രപതിയുടെയും സാധാരണ കര്‍ഷകന്റെയും വോട്ടിന്റെ മൂല്യം ഒന്നു തന്നെയാണ്. എന്നാല്‍ അധഃസ്ഥിതരുടെ പ്രശ്‌നങ്ങള്‍ ഇവിടെ നാള്‍ക്കുനാള്‍ സങ്കീര്‍ണമായി വരുന്നു. പണക്കാരന്‍ കൂടുതല്‍ പണക്കാരനായപ്പോള്‍ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനായി. ഭരണകൂടങ്ങളും കോടതിയും പലപ്പോഴും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നില്ല. പൗരത്വ ഭേദഗതി ബില്‍ വലിയ ഉദാഹരണമാണ്. അതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരെ വിവിധ ആരോപണങ്ങള്‍ ചാര്‍ത്തി ഭരണകൂടം ജയിലിലടക്കുകയായിരുന്നു. ഹാഥറസിലെ ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നത് മറക്കാന്‍ കഴിയുന്നതല്ല. ഉത്തര്‍പ്രദേശ് സംസ്ഥാനം ക്രൂരകൃത്യങ്ങളുടെ താവളമായി മാറിയിരിക്കുന്നു. കുട്ടിയുടെ കുടുംബത്തെ കൂടി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അധികാരികള്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നില്ല. നമ്മുടെ പൂര്‍വികള്‍ രക്തം നല്‍കി നേടിയെടുത്ത രാജ്യം ഇങ്ങനെ ദുര്‍ബലപ്പെട്ട് നശിച്ചുപോകാന്‍ പാടില്ല. അനീതിക്കും അക്രമത്തിനുമെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് തിരിച്ചുപിടിക്കാന്‍ എല്ലാവരും രംഗത്തു വരണം. പിന്നാക്ക വിഭാഗങ്ങള്‍ നിയമനിര്‍മാണ സഭകളിലെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബദീഉസ്സമാന്‍ വിഷയമവതരിപ്പിച്ചു. കെ. ബാബുരാജ്, കെ.എ ശഫീഖ്, ആഇശ റന്ന, താഹിര്‍ ജമാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എ.എ ഹലീം മോഡറേറ്ററായിരുന്നു.
2021 ജനുവരി 15-ന് കോഴിക്കോട് വിദ്യാര്‍ഥി ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സംഗമത്തില്‍ 'മലയാള സിനിമ; ജാതി വംശീയത പ്രതിനിധാനം' എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ഡോ. കെ. അശ്‌റഫും ഡോ. ജമീല്‍ അഹ്മദും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഹലാല്‍ സിനിമ പുസ്തകത്തിന്റെ പ്രകാശന വേദിയാണ് പുതുമ നിറഞ്ഞ ആലോചനകള്‍ക്ക് രംഗമൊരുക്കിയത്. വര്‍ഗീയതയിലും വംശീയതയിലും ജാതീയതയിലും അധിഷ്ഠിതമായ സിനിമയില്‍ പുതിയ രാഷ്ട്രീയ ലാവണ്യബോധം സൃഷ്ടിക്കുകയാണ് ഹലാല്‍ സിനിമകള്‍ ചെയ്യുന്നതെന്ന് പാനല്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലെ പ്രാതിനിധ്യത്തേക്കാള്‍ പ്രധാനമാണ് സിനിമയിലെ പ്രാതിനിധ്യം. സിനിമ ജിഹാദ് എന്ന പ്രയോഗം പോലും രൂപപ്പെട്ടിട്ടുണ്ട്.
മുപ്പത് വര്‍ഷത്തോളമായി മലയാള സിനിമയെ പറ്റി ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നടത്തിയ വിവിധ ആലോചനകളാണ് ഹലാല്‍ സിനിമകള്‍ക്ക് വിത്തുപാകിയത്. ജാതി മേല്‍കോയ്മയെ അരക്കിട്ടുറപ്പിക്കുകയും സവര്‍ണ നെറികേടുകളെ മഹത്വവത്കരിക്കുകയും ചെയ്യുന്നവയായിരുന്നു മിക്ക മലയാള സിനിമകളും. മുസ്‌ലിംകളൂം ദലിതുകളും സിനിമയില്‍ മോശക്കാരായി ചിത്രീകരിക്കപ്പെട്ടു. അവതരിപ്പിക്കപ്പെടുന്ന അധമ കഥാപാത്രങ്ങളെ നോക്കി നിസ്സംഗരായി നില്‍ക്കുന്നതിനു പകരം ചിലത് ചെയ്യാനുണ്ട് എന്ന് അടയാളപ്പെടുത്തുകയാണ് ഹലാല്‍ സിനിമകള്‍. വംശീയത ഉല്‍പാദിപ്പിച്ച സിനിമകളും ഒളിഞ്ഞും തെളിഞ്ഞും ഉന്മാദ ദേശീയതയെ പ്രതിനിധീകരിച്ച ഭാഷാ സിനിമകളും ഉണ്ടായിട്ടുണ്ട്. നവ ബ്രാഹ്മണ്യത്തെയും നവ മുതലാളിത്തത്തെയും രാഷ്ട്രവുമായി സമീകരിച്ച സിനിമകള്‍ വേറെയും. വന്ദേമാതരം പാടുന്ന മുസ്‌ലിമാണ് നല്ല മുസ്‌ലിം എന്ന് ചില സിനിമകള്‍ പ്രചരിപ്പിച്ചു. ഭൂപരിഷ്‌കരണവും സംവരണവും ഉന്നതരുടെ പട്ടിണി മാറ്റാന്‍ കൊണ്ടുവന്നതാണെന്ന് അത്തരം സിനിമകള്‍ പറഞ്ഞു വെച്ചു. ഉന്നത ജാതിക്കാരനായ കള്ളന്‍ നടത്തുന്ന കളവിനെ ചില സിനിമകള്‍ കുറ്റമായി കാണുന്നതിനു പകരം, ഗതികേടു കൊണ്ടാണ് അയാള്‍ക്ക് കളവ് നടത്തേണ്ടി വന്നതെന്ന് വിശുദ്ധവത്കരിച്ചു. ഇടത് ആഭിമുഖ്യമുള്ള മുസ്‌ലിമോ സാമ്പ്രദായിക മുസ്‌ലിമോ അല്ല ഹലാല്‍ സിനിമകളിലെ കഥാപാത്രങ്ങളെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഡോ. ഉമര്‍ തറമേല്‍ മുഖ്യ പ്രഭാഷണവും ഡോ. ജമീല്‍ അഹ്മദ് പുസ്തക അവതരണവും നിര്‍വഹിച്ചു. എം. നൗഷാദ്, ഷമീമ സക്കീര്‍, മുഹമ്മദ് ശമീം, ഡോ. കെ. അശ്‌റഫ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമീര്‍ ബിന്‍സി പുസ്തകം പ്രകാശനം ചെയ്തു. സി. ദാവൂദ് മോഡറേറ്ററായിരുന്നു. കെ.ടി ഹുസൈന്‍ സ്വാഗതവും നാസര്‍ എരമംഗലം നന്ദിയും പറഞ്ഞു.
'മലബാര്‍ സമരം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍' എന്ന തലക്കെട്ടില്‍ മലപ്പുറം മലബാര്‍ ഹൗസിലാണ് ജനുവരി 22-ന് മൂന്നാമത്തെ സെമിനാര്‍ സംഘടിപ്പിച്ചത്. ഡോ. കെ.എസ് മാധവന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. എം.ടി അന്‍സാരി, ഡോ. ഹിക്മത്തുല്ലാ, ഇ.എസ്.എം അസ്‌ലം, ഐ. സമീല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 'വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി' എന്ന ഐ.പി.എച്ച് പുസ്തകത്തിന്റെ കിന്റില്‍ എഡിഷന്‍ പ്രകാശനം ഡോ. കെ.എസ് മാധവന്‍ നിര്‍വഹിച്ചു. ശിഹാബുദ്ദീന്‍ ആരാമ്പ്രം സ്വാഗതവും സി.എച്ച് ബശീര്‍ നന്ദിയും പറഞ്ഞു.
ജനുവരി 29-ന് കോഴിക്കോട്ട് നടന്ന സമാപന സമ്മേളനത്തില്‍ 'മലയാളത്തിലെ ഇസ്‌ലാം എഴുത്തും വായനയും ഐ.പി.എച്ചും' എന്നതായിരുന്നു ചര്‍ച്ചാ വിഷയം.
'മലയാളത്തിലെ ഇസ്‌ലാമിക മുദ്രക്ക് എഴുപത്തഞ്ചാണ്ട്' എന്നത് ഐ.പി.എച്ചിന്റെ ഒരു പരസ്യ വാചകമാണെങ്കിലും ഐ.പി.എച്ച് മലയാളത്തിലെ ഇസ്‌ലാമിക വായനയെ നിര്‍ണായകമായി സ്വാധീനിച്ചുവെന്നത് അതിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന കാര്യമാണെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ അബ്ദുല്ല പറഞ്ഞു. എഴുത്തുകാരന്റെ ആത്മാര്‍ഥത നിമിത്തം ആദ്യകാല പുസ്തകങ്ങളില്‍ വിവര്‍ത്തകന്റെ പേര് ചേര്‍ക്കുന്നതു പോലും വേണ്ടെന്നു വെച്ചിരുന്നു. പ്രസ്തുത പുസ്തകത്തില്‍ പ്രസാധകന്റെ പേരു വെച്ചെഴുതിയ ഒരു കുറിപ്പുണ്ടാവും. അതേ പ്രസാധകനാണ് വിവര്‍ത്തകനെന്ന് പില്‍ക്കാലത്തുള്ളവര്‍ തെറ്റിദ്ധരിക്കാന്‍ ഇത് കാരണമായിട്ടുണ്ട്. ഇത് പഴയകാലത്തെ സൂക്ഷ്മതയുടെ ഉദാഹരണമാണെന്നും ടി.കെ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, എഴുത്തുകാരന്‍ എ.കെ അബ്ദുല്‍ മജീദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പി. റുക്‌സാന, ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ കബീര്‍, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ശാകിര്‍, അനീസ് അഹ്മദ്, ഫൈസല്‍ പൈങ്ങോട്ടായി എന്നിവര്‍ സംസാരിച്ചു. കെ.ടി ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ച് ഐ.പി.എച്ച് ഷോറൂമുകളില്‍ ഒരു മാസം നടന്ന പുസ്തക മേളക്ക് പൊതുജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണുണ്ടായത്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രാദേശികതല പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരികയാണ് ഐ.പി.എച്ചിന്റെ അണിയറ ശില്‍പികള്‍.
Comments