Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

തോട്ടത്തില്‍ റശീദ് അശരണര്‍ക്ക് ആശ്വാസമേകിയ ധന്യജീവിതം

ശൈഖ് മുഹമ്മദ് കാരകുന്ന്

ആത്മസുഹൃത്തുക്കളിലൊരാളും കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജനസേവകനുമാണ് ഈയിടെ വിടപറഞ്ഞ തോട്ടത്തില്‍ റഷീദ്ക്ക. പേര് അബ്ദുര്‍റശീദ് എന്നാണെങ്കിലും പരിചിതര്‍ക്കെല്ലാം അദ്ദേഹം റശീദ്ക്കയാണ്. റശീദ്ക്ക എപ്പോഴും പ്രയാസപ്പെടുന്നവര്‍ക്ക് താങ്ങും തണലുമായി നിലകൊണ്ടു. റശീദ്ക്കയെപ്പോലെ ജനസേവനം ജീവിതവ്രതമാക്കിയവര്‍ അത്യപൂര്‍വമായിരിക്കും.
പുതിയ ആശയങ്ങളും പരിപാടികളും പദ്ധതികളുമായാണ് അദ്ദേഹം എപ്പോഴും ഹിറാ സെന്ററില്‍ വന്നിരുന്നത്. അവയെല്ലാം സമുദായത്തിന്റെ നന്മയും പുരോഗതിയും ലക്ഷ്യംവെച്ചുള്ളവയായിരുന്നു. അതോടൊപ്പം സമൂഹത്തിലെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ  പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവയും.
വഴിവിട്ട ജീവിതം നയിക്കേണ്ടിവന്ന നഗരത്തിലെ ചില സഹോദരിമാരെ സംബന്ധിച്ചാണ് ഒരു ദിവസം റശീദ് സാഹിബ് സംസാരിച്ചത്. എന്തോ കാരണത്താല്‍ പാപത്തിന്റെ പാഴ്‌ച്ചേറിലമര്‍ന്നുപോയ ആ പതിത ജീവിതങ്ങളെ എല്ലാവരും അവഗണിക്കുന്നു. പൊതുധാരയില്‍നിന്ന് പുറന്തള്ളി അകറ്റിനിര്‍ത്തുന്നു. അതിനാലവര്‍ക്ക് നന്നാവാനുള്ള സാധ്യത പോലും ഇല്ലാതാവുന്നു. അവരെ രക്ഷിക്കേണ്ട ചുമതല നമുക്കില്ലേ? ഈ ചോദ്യമുന്നയിച്ച് മാറിനില്‍ക്കുകയല്ല റശീദ്ക്ക ചെയ്തത്. അവരില്‍ ചിലരെയെങ്കിലും രക്ഷിച്ചെടുത്ത് പുനരധിവസിപ്പിക്കുകയായിരുന്നു. അധികമാരും അതേക്കുറിച്ച് നല്ല വാക്ക് പറയില്ലെന്ന് അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണച്ചവര്‍ക്കും അറിയാമായിരുന്നു. അതേസമയം സമാനതയില്ലാത്ത സേവനമാണ് അദ്ദേഹം ചെയ്തതെന്ന് നന്മയെ സ്‌നേഹിക്കുന്ന കാര്യബോധമുള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു.
മറ്റൊരിക്കല്‍ അദ്ദേഹം സംസാരിച്ചത് കോഴിക്കോട് നഗരത്തില്‍ കടയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക്  ജുമുഅ നഷ്ടപ്പെടുന്നതിനെ സംബന്ധിച്ചാണ്. അത് പരിഹരിക്കാനും പട്ടണത്തില്‍ പുതിയ പള്ളികള്‍ ഉണ്ടാക്കാനുള്ള പ്രയാസങ്ങളൊഴിവാക്കാനും ഒരേ  പള്ളിയില്‍ സമയ വ്യത്യാസത്തില്‍ രണ്ടു ജുമുഅ സംഘടിപ്പിച്ചുകൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിനെപ്പറ്റിയുള്ള  ആലോചനകള്‍ നടക്കുന്നതിനിടയിലാണ് കോവിഡ് ജനജീവിതത്തിന്റെ താളം തെറ്റിച്ചത്. നമ്മുടെ രാജ്യത്തു തന്നെ മുംബൈയില്‍ രണ്ടു തവണ ജുമുഅ നടക്കുന്നുണ്ടെന്ന ന്യായവും റശീദ്ക്ക മുന്നോട്ടു വെക്കുകയുണ്ടായി. അദ്ദേഹത്തെ സംബന്ധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. അത് ശ്രദ്ധയില്‍പെട്ട ഒരാള്‍ പറഞ്ഞത് അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍ സുന്നികള്‍ക്കും ശീഈകള്‍ക്കും ഒരേ പള്ളിയില്‍ രണ്ടു സമയത്തായി രണ്ടു ജുമുഅ നടക്കുന്നുണ്ടെന്നാണ്.
സദാ പ്രസന്നമായ മുഖം, പ്രസാദാത്മകമായ പെരുമാറ്റം, ആരെയും ആകര്‍ഷിക്കുന്ന സമീപനം, എപ്പോഴും  കഷ്ടപ്പെടുന്നവരെ സംബന്ധിച്ച സംസാരം, അവരുടെ പ്രശ്‌നങ്ങള്‍  പരിഹരിക്കാനുള്ള ആലോചനകള്‍, അതിനു വേണ്ടിയുള്ള നിരന്തരമായ യത്‌നം ഇതൊക്കെയായിരുന്നു തോട്ടത്തില്‍ റശീദിന്റെ ജീവിതം. എത്രയെത്ര ദുരിതജീവിതങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ സഹായഹസ്തം ആശ്വാസമേകിയതെന്ന് ആരും കണക്കെടുപ്പ് നടത്തിയിട്ടുണ്ടാവില്ല. അദ്ദേഹം അതൊന്നും കണക്കു വെക്കുകയോ അതേപ്പറ്റി ആലോചിക്കുക പോലുമോ ചെയ്യാറുണ്ടായിരുന്നില്ല. തന്റെ മുന്നിലും അറിവിലും വരുന്ന  സേവനത്തിന്റെ ഒരവസരവും അദ്ദേഹം തട്ടിമാറ്റിയില്ല. എന്നല്ല, അവ തേടിപ്പിടിച്ച് കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. പേരോ പ്രശസ്തിയോ പ്രശംസയോ പ്രചാരണമോ അല്‍പംപോലും ആഗ്രഹിക്കാത്ത  നിഷ്‌കാമ കര്‍മിയായിരുന്നു അദ്ദേഹം. മത, ജാതി, സമുദായ, സംഘടനാ ഭേദങ്ങള്‍ക്കതീതമായി കഷ്ടതയനുഭവിക്കുന്നവര്‍ക്കെല്ലാം അദ്ദേഹം തുല്യപരിഗണന നല്‍കി, കാരുണ്യക്കടല്‍ പോലെ.
ജെ. ഡി.റ്റി ഇസ്‌ലാമിന്റെ വൈസ് പ്രസിഡന്റായ റശീദ്ക്ക കോഴിക്കോട് ഇഖ്‌റഅ് ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചുള്ള ആതുരസേവന പ്രവര്‍ത്തനങ്ങളുടെ ജീവനാഢിയായിരുന്നു. നട്ടെല്ലിന് ക്ഷതം ബാധിച്ച് കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനമായി, സഹായിയായി എന്നും എവിടെയും തോട്ടത്തില്‍ റശീദ് ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുള്ള ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അവിടത്തെ കെയര്‍ ഹോമിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും നിര്‍ണായകമായ പങ്കു വഹിച്ചു. അതിന്റെ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു. ഹൃദ്രോഗമുള്ള ചെറിയ കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയക്കുള്ള ഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ചെയര്‍മാനും അദ്ദേഹം തന്നെ. ഇതിന്റെ കീഴില്‍ ഇതിനകം 200 കുട്ടികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തുകയുണ്ടായി. മെഡിക്കല്‍ കോളേജില്‍ തന്നെ നട്ടെല്ലിന് ക്ഷതം ബാധിച്ച് കിടപ്പിലായ രോഗികള്‍ക്കുവേണ്ടി സ്ഥാപിതമായ  സ്‌പൈനല്‍ റിഹാബ് സെന്ററിന്റെ ചെയര്‍മാനും അദ്ദേഹം തന്നെ.
മാനസിക പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള പുനരധിവാസ കേന്ദ്രം അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു. കേരളത്തിനു പുറത്ത്  ഉത്തര്‍പ്രദേശിലും തന്റെ സേവന പ്രവര്‍ത്തനങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മുസഫര്‍നഗറില്‍ 'അവര്‍ ഇന്ത്യ' ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതിലും റശീദ്ക്ക നേതൃപരമായ പങ്കുവഹിച്ചു. ഇപ്പോഴവിടെ അറുനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കിയും മരുന്ന് എത്തിച്ചുകൊടുത്തും വിദ്യാഭ്യാസ സഹായം നല്‍കിയും ആശ്വാസം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. തണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പീസ് മര്‍ച്ചന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോഴിക്കോട് പട്ടാള പള്ളി  പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചുകൊണ്ടിരിക്കെയാണ് റശീദ്ക്ക പരലോകം പ്രാപിച്ചത്. ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും ദുര്‍വ്യയങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം ലളിത വിവാഹത്തിന്റെ ശക്തനായ വക്താവായിരുന്നു.
നാഥാ, നിന്റെ നിസ്സഹായരായ ദാസന്മാര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഞങ്ങളുടെ പ്രിയപ്പെട്ട റശീദ്ക്കാക്ക് നീ സ്വര്‍ഗത്തില്‍ അത്യുന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കേണമേ! ഞങ്ങളെയും അദ്ദേഹത്തെയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂട്ടേണമേ!

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌