Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

ഹലാലും ഹറാമും തിരിച്ചറിയുന്നു

ജി.കെ എടത്തനാട്ടുകര

[ജീവിതം - 9 ]

പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിക്കെ വിരസത മാറ്റാന്‍ ഒരു ദിവസം കോഴിക്കോട് കടപ്പുറത്ത് പോയി. സൂര്യാസ്തമയം കണ്ടപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട വരികള്‍ അന്ന് രാത്രി ഡയറിയില്‍ എഴുതിവെച്ചിരുന്നു. അതിന്റെ തുടക്കം ഇങ്ങനെയാണ്; 'പടിഞ്ഞാറേ ചക്രവാളത്തില്‍ ചെഞ്ചായ ചിത്രമെഴുതി ആഴിയിലേക്ക് ഉതിര്‍ന്നിറങ്ങുന്ന സൂര്യന്‍ എത്ര സുന്ദരം! സൃഷ്ടികര്‍ത്താവൊരു പെരുന്തച്ചന്‍ തന്നെ.'
പ്രകൃതി ദൈവത്തിന്റെ മഹത്തായ അനുഗ്രഹമാണല്ലോ. ഇങ്ങനെ മനസ്സിലാക്കിയതോടെ പ്രകൃതിയെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വന്നു. അതിലെ ഓരോ സൃഷ്ടിയെയും സമീപിക്കുന്ന രീതിയും മാറി. അതുകൊണ്ടാണ് അങ്ങനെ കുറിക്കാന്‍ തോന്നിയത്.
യുക്തിവാദിയായിരുന്ന കാലത്തും സൂര്യാസ്തമയം പലതവണ കണ്ടതാണ്. അതിന് പക്ഷേ ഒരു 'ജീവന്‍' ഉണ്ടായിരുന്നില്ല. കാരണം, പ്രകൃതി യാദൃഛികമായി ഉണ്ടായതാണ് എന്നാണ് അന്ന് വിശ്വസിച്ചിരുന്നത്. ആ വിശ്വാസം ചില ശൂന്യതകളാണ് സൃഷ്ടിച്ചുകൊണ്ടിരുന്നത്.     
അതിമനോഹരമായൊരു ചിത്രം കാണുമ്പോള്‍ അത് വരച്ച ചിത്രകാരനെ അഭിനന്ദിക്കാന്‍ തോന്നുമല്ലോ. അത് മനുഷ്യനില്‍ ജന്മസഹജമായിത്തന്നെ ഉള്ള പ്രവണതയാണ്. ചിത്രകാരനെ കാണാത്തതിനാല്‍, ചിത്രം താനേ ഉണ്ടായതാണ് എന്ന് വാദിച്ചാലോ? അഭിനന്ദനത്തിന് പിന്നെ ഒരിടവുമില്ല. ചിത്രകാരനെ നിരാകരിക്കുന്നത് യുക്തിക്ക് എതിരാണ്. കാരണം, മനുഷ്യന്റെ യുക്തിപ്രകാരം ഒരു ചിത്രം ചിത്രകാരന് തെളിവാണ്.
സൃഷ്ടികളെ നോക്കി സ്രഷ്ടാവിനെ നിരാകരിക്കുന്നതിലും മറ്റൊരു സ്വഭാവത്തില്‍ ഈ പ്രശ്‌നങ്ങള്‍ കാണാം. ഇതു സംബന്ധമായി കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഒരു പ്രവാചക വചനം ഇതാണ്: 'ദൈവത്തിന്റെ സൃഷ്ടികളെ നേരില്‍ കണ്ടിട്ടും ദൈവത്തിന്റെ കാര്യത്തില്‍ സംശയിക്കുന്നവന്റെ കാര്യം അത്ഭുതം തന്നെ.'
ഒരു ഗ്രന്ഥത്തെ നോക്കി അതിനൊരു ഗ്രന്ഥകര്‍ത്താവുണ്ടാവുമോ എന്ന് സംശയിക്കുന്നത് അത്ഭുതമല്ലേ? ഗ്രന്ഥകാരനെ നിരാകരിക്കുന്ന ആ നിലപാട് മനുഷ്യന്റെ സാമന്യ യുക്തിക്കും എതിരാണ്. എങ്ങനെയാണത് യുക്തിക്കെതിരാവുന്നത്?
കണ്ട ഒന്നില്‍നിന്ന് കാണാത്ത ഒന്നിനെ അനുമാനിക്കാനുള്ള കഴിവാണല്ലോ യുക്തി. കാര്യത്തില്‍നിന്ന് കാരണം കണ്ടെത്താനുള്ള കഴിവ്. പട്ടിക്കും പൂച്ചക്കും കോഴിക്കും കഴുതക്കുമൊന്നും ഇല്ലാത്ത ഒരു കഴിവാണത്. പുക കണ്ടാലറിയാം എവിടെയോ തീ ഉണ്ടായിട്ടുണ്ട് എന്ന്. ഒരു ശില്‍പം കണ്ടാല്‍ അതിന്റെ പിന്നിലൊരു ശില്‍പിയുടെ കരവിരുതുണ്ടെന്നും മനസ്സിലാക്കാം. എന്നിരിക്കെ സൃഷ്ടികളെക്കണ്ടാല്‍ അവയുടെ പിന്നില്‍ ഒരു സ്രഷ്ടാവുണ്ടെന്ന് മനസ്സിലാവാതിരിക്കുന്നതെങ്ങനെ? 
‘കള വേലൃല ശ െമ റലശെഴി വേലൃല ാൗേെ യല മ റലശെഴിലൃ' (സൃഷ്ടിയുണ്ടെങ്കില്‍ സ്രഷ്ടാവുമുണ്ട്) എന്നതാണല്ലോ ശരി. ഈ തത്ത്വത്തിന് അടിവരയിടുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. 
വിശുദ്ധ ഖുര്‍ആനിലെ അത്തരം സൂക്തങ്ങളിലെ ചില പ്രയോഗങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അതില്‍ പെട്ടതാണ് 'ചിന്തിക്കുന്നവര്‍ക്കതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്' എന്ന ഉണര്‍ത്തല്‍. പ്രപഞ്ചത്തിലേക്ക്, പ്രകൃതിയിലേക്ക്, പ്രകൃതി പ്രതിഭാസങ്ങളിലേക്ക് ചൂണ്ടിക്കൊണ്ടുള്ള ആ ഉണര്‍ത്തല്‍ യുക്തിബോധത്തെ ശക്തിപ്പെടുത്തുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അര്‍ഥശൂന്യമായ 'യുക്തിവാദ'ത്തില്‍നിന്ന് അര്‍ഥപൂര്‍ണമായ 'യുക്തിബോധ'ത്തിലേക്കാണ് ഖുര്‍ആന്‍ വഴിതെളിച്ചത്. 'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്തിക്കുന്നവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്' എന്ന മൂന്നാം അധ്യായത്തിലെ 190-ാം സൂക്തം ആദ്യം ഹൃദിസ്ഥമാക്കിയവയില്‍ പെട്ടതാണ്.
സൃഷ്ടികളുടെ പിന്നിലെ സ്രഷ്ടാവിനെ മനസ്സിലായതോടെ സൃഷ്ടികളോടുള്ള സമീപനത്തില്‍ മാറ്റം വന്നു. അതോടെ യുക്തിക്കൊരു 'കുളിര്‍മ' അനുഭപ്പെട്ട പോലെ. യുക്തിയില്‍ അനുഭവപ്പെട്ട ആ 'കുളിര്‍മ'യാണോ പിന്നീട് 'ഭക്തി'യായി മാറിയത് എന്നറിയില്ല. എന്തായാലും അതോടെ പ്രകൃതിയെ നോക്കിക്കാണുന്ന രീതി മാറി. പ്രകൃതിയെയും അതിലെ ഓരോ പ്രതിഭാസത്തെയും നോക്കി ചിന്തിക്കുമ്പോള്‍ ദൈവത്തിന്റെ അസ്തിത്വം മാത്രമല്ല, ഏകത്വവും അതോടൊപ്പം മഹത്വവും ബോധ്യപ്പെട്ടുകൊണ്ടിരുന്നു. ആ ബോധ്യം പിന്നീട് ദൈവസ്തുതിയിലേക്ക് നയിച്ചു.
സൃഷ്ടിയുണ്ടെങ്കില്‍ സ്രഷ്ടാവുമുണ്ട് എന്ന് മനസ്സിലാക്കാന്‍ സാമാന്യ യുക്തി മാത്രം മതി. അതാണ് നേരത്തേ സൂചിപ്പിച്ചത്. ദൈവത്തിന്റെ ഏകത്വത്തിന് പ്രപഞ്ചത്തിന്റെ താളം അടിവരയിടുന്നുണ്ട്.
ഒരു സ്‌കൂള്‍ പോലും വ്യവസ്ഥാപിതമായി മുന്നോട്ടു പോകാന്‍ ഒരു ഹെഡ്മാസ്റ്ററല്ലേ പറ്റൂ. ഒരു കോളേജിന് ഒരു പ്രിന്‍സിപ്പല്‍, ഒരു പഞ്ചായത്തിന് ഒരു പ്രസിഡന്റ്, ഒരു സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രി, ഒരു രാജ്യത്തിന് ഒരു പ്രധാനമന്ത്രി. അതാണല്ലോ ശരി. വ്യവസ്ഥാപിതമായി നയിക്കപ്പെടാന്‍ ഏതൊന്നിനും ഒരു നേതൃത്വമേ പറ്റൂ എന്ന കാര്യമാണിവിടെ വ്യക്തമാവുന്നത്. ഒരു വാഹനത്തിനു പോലും ഒരേസമയം രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടാവാന്‍ പാടില്ല. എങ്കില്‍, വിശാലമായ ഈ പ്രപഞ്ചം വ്യവസ്ഥാപിതമായി നിലനില്‍ക്കാന്‍ ഒരു നാഥനേ പറ്റുകയുള്ളൂ എന്ന കാര്യം വ്യക്തമല്ലേ? വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തി ഒന്നാം അധ്യായത്തിലെ ഇരുപത്തിരണ്ടാം വാക്യത്തില്‍ ഈ വസ്തുത ബോധ്യപ്പെടുത്താന്‍ പറഞ്ഞ ഉദാഹരണം ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട്:
''ആകാശഭൂമികളില്‍ സ്രഷ്ടാവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് ദൈവം. സിംഹാസനത്തിന്ന് അധിപനാണവന്‍.''
ദൈവത്തെ അറിഞ്ഞതോടെ ജീവിത വ്യവഹാരങ്ങളില്‍ ഓരോ സന്ദര്‍ഭത്തിലും, ഓരോന്ന് കാണുമ്പോഴും അവിടെയൊക്കെ ഒരദൃശ്യ മേല്‍നോട്ടമുണ്ടെന്ന 'തിരിച്ചറിവ്' ശക്തിപ്പെട്ട പോലെ തോന്നിത്തുടങ്ങി. അരുതാത്ത പ്രവണതകളെ നിയന്ത്രിക്കുന്ന ഒരു 'കാവല്‍ക്കാരന്‍' ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന പോലെ!
ജന്മസഹജമായിത്തന്നെ ദുഷ്പ്രവണതകളുള്ളവനാണല്ലോ മനുഷ്യന്‍. അതില്‍നിന്നെല്ലാം പിന്തിരിപ്പിക്കുന്ന ഒരു 'വഴികാട്ടി'യുടെ സാന്നിധ്യം ജീവിതത്തില്‍ അനുഭവപ്പെട്ടുതുടങ്ങി.
രോഗിയുടെ വൃക്ക മോഷ്ടിച്ചെടുക്കുന്ന 'ശാസ്ത്രബോധ'മുള്ള ഡോക്ടര്‍ക്കും സ്വന്തം വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുന്ന 'വിദ്യാസമ്പന്ന'നായ അധ്യാപകനും ഉപകാരപ്പെടുന്ന നല്ല തിരിച്ചറിവാണത്. 
'എന്റെ പാല്‍ക്കാരന്‍ ഒരു ദൈവവിശ്വാസിയാവുന്നതാണ് എനിക്കിഷ്ടം' എന്ന് യുക്തിവാദിയും ബുദ്ധിജീവിയുമായ വോള്‍ട്ടയര്‍ ഒരിക്കല്‍ ആഗ്രഹം പറഞ്ഞിരുന്നു. കെ.ഇ.എന്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അത് ഉദ്ധരിക്കുന്നുണ്ട്.
വീണു കിടക്കുന്ന ഒരു സ്വര്‍ണ മോതിരം കാണുമ്പോള്‍ അതൊരു സ്വര്‍ണ മോതിരമാണെന്ന 'അറിവും', അത് മറ്റാരുടേതോ ആണ് എനിക്കതവകാശപ്പെട്ടതല്ല എന്ന 'തിരിച്ചറിവും' ചേരുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ മനുഷ്യനാവുന്നത്. ഇത്തരം ധാര്‍മിക മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് ഇസ്ലാമിന്റെ മൗലികമായൊരു ലക്ഷ്യം. ഇസ്‌ലാമിനോട് ചേര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിച്ച പല ഘടകങ്ങളിലൊന്ന് ഇതാണ്.    
ഇസ്‌ലാമിനെ പഠിക്കുന്തോറും ഇത്തരം ചിന്തകള്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. അതോടെ, ജീവിതത്തെ ചിട്ടപ്പെടുത്തണമെന്ന മോഹം ദാഹമായി മാറി.
ദൈവത്തെ സ്തുതിക്കാനുള്ള മോഹം അഞ്ചു നേരത്തെ നമസ്‌കാരങ്ങളിലൂടെ സഫലമായിത്തുടങ്ങി. നമസ്‌കരിക്കണമെങ്കില്‍ ശുദ്ധി വേണമെന്ന് അസീസ് സാഹിബ് പറഞ്ഞിരുന്നു. 'മൂത്രം അശുദ്ധിയാണ്. ഡ്രസ്സിലൊന്നും അതുണ്ടാവാന്‍ പാടില്ല. മൂത്രമൊഴിച്ചാല്‍ കഴുകണം.'
അന്നു മുതലാണ് അതാരംഭിച്ചത്. ജീവിതത്തില്‍ ആദ്യമായി, ഇരുപത്തി നാലാം വയസ്സിലാണ് അങ്ങനെ ഒരു 'ശുദ്ധിക്രിയ' നടത്തിത്തുടങ്ങിയത്. പക്ഷേ, അത് ആരും അറിയാന്‍ പാടില്ലായിരുന്നു. കാരണം, മറ്റ് സംസ്‌കാരങ്ങളിലൊന്നും അങ്ങനെ ഒരു ശീലം ഇല്ല. അതുകൊണ്ടുതന്നെ മറ്റൊരു സമുദായത്തില്‍ ജനിച്ച ഒരാള്‍ അത് ചെയ്യുന്നത് 'ദുര്‍ലക്ഷണ'മാണ്! മതം മാറിയതിന്റെ ലക്ഷണം.
യഥാര്‍ഥത്തില്‍ അന്നു മുതലാണ് 'അണ്ടര്‍വെയര്‍' വൃത്തിയാവാന്‍ തുടങ്ങിയത്. നന്നായി കുളിച്ച് വൃത്തിയായാലും ഒന്ന് മൂത്രമൊഴിച്ചാല്‍ പിന്നെ ആ വൃത്തികേടും പേറിയാണ് നടക്കുക. പതിനഞ്ചു വര്‍ഷത്തോളം വിദ്യാഭ്യാസം നേടിയിട്ടും വൃത്തിയുടെ ഈ പ്രാഥമിക പാഠം ആരും പറഞ്ഞുതന്നില്ല. അത് വൃത്തികേടാണ് എന്ന് സ്വയം തോന്നിയതുമില്ല. അങ്ങനെ എത്രയെത്ര ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരുമടക്കം പല മഹാന്മാരും കുളിച്ചിട്ടും വൃത്തികേടായി നടക്കുന്നു! മനുഷ്യനെ എല്ലാ അര്‍ഥത്തിലും നന്നാക്കാന്‍ ഭൗതിക വിജ്ഞാനത്തിനപ്പുറം ദൈവിക വെളിപാടിന്റെ അനിവാര്യത ബോധ്യപ്പെട്ട ഇതുപോലെയുള്ള ധാരാളം കാര്യങ്ങളുണ്ട്.
സൂര്യോദയത്തിനു മുമ്പുതന്നെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും ജീവിതത്തെ ചിട്ടപ്പെടുത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു. പ്രഭാതത്തിനു മുമ്പ് സ്രഷ്ടാവിന്റെ മുമ്പില്‍ നമസ്‌കരിച്ചിട്ടുമതി ബാക്കി കാര്യങ്ങള്‍ എന്നതില്‍ വാശി പിടിച്ചു.
വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ദൈവനാമത്തില്‍ ആരംഭിച്ചു തുടങ്ങി. അര്‍ഹതപ്പെട്ടതല്ലാത്തതൊന്നും ഭക്ഷിക്കുകയില്ലെന്ന് തീരുമാനിച്ചു. കാരണം, അത് 'ഹറാമാ'ണ്.  ഹറാം എന്നാല്‍ സ്രഷ്ടാവ് തന്റെ സൃഷ്ടികളായ മനുഷ്യര്‍ക്ക് നിഷിദ്ധമാക്കിയതാണ്. അനുവദിച്ച കാര്യങ്ങള്‍ക്ക് 'ഹലാല്‍' എന്നാണ് പറയുക. മനുഷ്യന്‍ ഹലാലും ഹറാമും പാലിക്കണമെന്നാണ് ദൈവകല്‍പന.
പക്ഷിമൃഗാദികളെ സൃഷ്ടിച്ചപ്പോള്‍ അവയുടെ പ്രകൃതത്തില്‍ തന്നെ ഹറാമും ഹലാലും ദൈവം പറഞ്ഞുകൊടുത്തതായി കാണാം. അതുകൊണ്ടാണ് ഒരു പശു പുല്ല് തിന്നുന്നതും മാംസം കഴിക്കാത്തതും. അതുകൊണ്ടാണ് ഒരു പുലി പുല്ല് തിന്നാത്തതും മാംസം കഴിക്കുന്നതും. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ഒരു കോഴിക്കുഞ്ഞിന് ധാന്യമണിയും മണല്‍ത്തരിയും തിരിച്ചറിയാന്‍ കഴിയുന്നത് അതുകൊണ്ടാണ്. അവക്ക് സ്വയം നാ ശം വരുത്തുന്നതൊന്നും അവ ചെയ്യുകയില്ല. എന്നാല്‍, മനുഷ്യന്  ഹലാലും ഹറാമും സൃഷ്ടിച്ചപ്പോള്‍ തന്നെ പഠിപ്പിച്ചു വെച്ചിട്ടില്ല. അതുകൊണ്ടാണ് കൊച്ചു കുട്ടികള്‍ രക്ഷിതാക്കളുടെ ശ്രദ്ധ തെറ്റിയാല്‍ ചിലപ്പോള്‍ സ്വന്തം മലവും വാരി വിഴുങ്ങുന്നത്. ഒരു പട്ടിക്കുട്ടി പോലും അത് ചെയ്യാറില്ല. അതിനാല്‍ മനുഷ്യനെ ഹറാമും ഹലാലും വേറെത്തന്നെ പഠിപ്പിക്കണം. അതാണ് പ്രവാചകന്മാര്‍ ചെയ്ത മുഖ്യമായൊരു ദൗത്യം.
'ഹലാല്‍', 'ഹറാം' എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതെന്താണെന്നറിയുമായിരുന്നില്ല. ഹറാം എന്നാല്‍ 'മാപ്പിളമാര്‍ക്ക് കഴിക്കാന്‍ പറ്റാത്തത്' എന്ന് മാത്രമാണ് മനസ്സിലാക്കിയിരുന്നത്. അതും ജീവിതവും തമ്മിലുള്ള ബന്ധം അറിയുമായിരുന്നില്ല. അത് മനസ്സിലാക്കിയപ്പോഴാണ് മനുഷ്യ സംസ്‌കാരനിര്‍മിതിയിലെ ഒരടിസ്ഥാനമാണത് എന്ന് തിരിച്ചറിഞ്ഞത്.
മദ്യം, പലിശ, കൈക്കൂലി, വ്യഭിചാരം, ചൂതാട്ടം തുടങ്ങി മനുഷ്യന്റെ ശുദ്ധപ്രകൃതി അരുതാത്തതാണെന്ന് പറയുന്നതെല്ലാം ഹറാമില്‍പെടുന്നുണ്ട്.
ഭക്ഷണകാര്യം പറഞ്ഞിടത്ത് പന്നിമാംസം ഹറാമാണെന്ന് പ്രത്യേകം പറയുന്നുണ്ട്. 'മാപ്പിളമാര്‍ക്ക് പന്നിയിറച്ചി ഹറാമാണെ'ന്ന് നേരത്തേ അറിയാമായിരുന്നു. ഇസ്‌ലാം സ്വീകരിക്കുന്നതിനു കുറേ മുമ്പ്  സഹോദരിയുടെ വീട്ടില്‍ വെച്ച് പന്നിമാംസം കഴിച്ചിട്ടുണ്ട്. അത് അത്യപൂര്‍വമായി കിട്ടുന്ന ഒന്നായിരുന്നു. ആ കാലത്ത് ബീഫ് കഴിക്കാന്‍ പാടില്ലായിരുന്നു. അത് 'മാപ്പിളമാരുടെ ഭക്ഷണമാണ്' എന്നായിരുന്നു പൊതുധാരണ. ക്രമേണ ഒരു വ്യവസ്ഥയോടെ ബീഫ് കഴിക്കാന്‍ വീട്ടില്‍നിന്ന് അനുവാദമുണ്ടായി. ബീഫ് കഴിച്ചാല്‍ കുളിച്ചിട്ടേ വീട്ടില്‍ കയറാവൂ എന്നതായിരുന്നു ആ വ്യവസ്ഥ. മുസ്‌ലിംകളുടെ കല്യാണത്തിനോ പെരുന്നാള്‍ സല്‍ക്കാരത്തിനോ പോയി ബീഫ് കഴിച്ചാല്‍ കുളിച്ചിട്ടു വേണം വീട്ടില്‍ കയറാന്‍. ആദ്യകാലത്തൊക്കെ അങ്ങനെ കുറേ കുളിച്ചിട്ടുണ്ട്. ക്രമേണ അതിലും ഇളവുണ്ടായി.
ബീഫ് കഴിക്കാന്‍ പാടില്ല, അഥവാ കഴിച്ചാല്‍ തന്നെ കുളിക്കണം എന്നത് ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. പന്നിമാംസം കഴിക്കാന്‍ പാടില്ല എന്നതും മറ്റൊരു വിശ്വാസത്തിന്റെ ഭാഗമാണ്. യുക്തിവാദി ആയതോടെ ഈ രണ്ട് വിശ്വാസങ്ങളെയും കണക്കിലെടുക്കാതെയായി. കിട്ടിയാല്‍ രണ്ടും കഴിക്കും എന്ന നിലപാടിലായിരുന്നു. എന്നാല്‍, ഇസ്‌ലാം സ്വീകരിച്ചതോടെ പന്നിമാംസം ഹറാമും ബീഫ് ഹലാലുമായി.
പന്നിമാംസം കഴിച്ചാലാണല്ലോ കുളിക്കേണ്ടത്, പന്നിമാംസമാണല്ലോ നിഷിദ്ധമാക്കേണ്ടത് എന്നൊക്കെ തോന്നിയ ഒരു സംഭവം നേരത്തേ ഉണ്ടായിട്ടുണ്ട്.
അമ്മയുടെ അനിയത്തിയുടെ വീട്ടില്‍ പന്നികളെ വളര്‍ത്തിയിരുന്നു. മാത്രമല്ല, കോഴികളെയും ആടുമാടുകളെയും വളര്‍ത്തിയിരുന്നു. പന്നി വളര്‍ത്തല്‍ അത്ര വ്യാപകമല്ലാത്തതിനാല്‍ അതൊരു അപൂര്‍വ കാഴ്ചയാണ്. വീടിന്റെ കുറച്ചകലെയാണ് അവയെ വളര്‍ത്തുന്നത്. ഒരു ദിവസം കൗതുകത്തോടെ പന്നികളെ കാണാന്‍ അടുത്തേക്ക് ചെന്നപ്പോള്‍, 'ഹറാം പിറപ്പുകള്‍' എന്ന് അറിയാതെ പറഞ്ഞുപോകുന്നു. അത്രക്ക് ദുര്‍ഗന്ധം. സകലവിധ മാലിന്യങ്ങളും കൂട്ടിക്കുഴച്ചു തിന്നുന്നു പന്നികള്‍. അവയെ കണ്ടാല്‍ തന്നെ കുളിക്കണം എന്ന് തോന്നും. അത്രക്ക് അറപ്പുളവാക്കുന്ന കാഴ്ചയാണത്.
എന്നാല്‍, വീടിന്റെ അടുത്താണ് ആടുമാടുകളെ വളര്‍ത്തുന്നത്. പുല്ലും പച്ചിലകളുമൊക്കെ തിന്നുന്ന വൃത്തിയുള്ള ആടുകളും പശുക്കളും മറ്റും. ഇവയില്‍ ഏത് മൃഗങ്ങളുടെ മാംസമാണ് കഴിക്കാന്‍ പറ്റാത്തത് എന്ന കാര്യത്തില്‍ മനസ്സാക്ഷി അന്നു തന്നെ ഒരു വിധി പറഞ്ഞുതന്നിരുന്നു. മനസ്സാക്ഷിയുടെ ആ വിധിക്കാണ് ഇസ്ലാം അടിവരയിട്ടു തന്നത്! വൃത്തിഹീനമായ പന്നിയുടെ മാംസമാണ് ഹറാം, മറ്റേതെല്ലാം ഹലാല്‍.
പന്നിമാംസത്തിലെ Trichino Worms മനുഷ്യ ശരീരത്തില്‍Trichinosis എന്ന മാരക രോഗമുണ്ടാക്കുമെന്നും Clonorchias എന്ന കരള്‍ രോഗമുണ്ടാക്കുമെന്നൊക്കെ പിന്നെയാണ് മനസ്സിലാക്കിയത്.
ദൈവനാമത്തില്‍ അറുത്തതേ കഴിക്കുകയുള്ളൂ എന്ന് തീരുമാനിച്ചതും ജീവിതം ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു. അന്നൊക്കെ വീട്ടില്‍ കോഴികളെ വളര്‍ത്തിയിരുന്നു. കഴുത്തു ഞെരിച്ചാണ് കോഴികളെ കൊന്നിരുന്നത്. അങ്ങനെ കൊന്ന കോഴിയിറച്ചി കഴിക്കുന്നത് നിര്‍ത്തി. അതറിഞ്ഞതു മുതല്‍ അമ്മ കോഴിയെ കൊല്ലുന്ന പണി മറ്റാരെയും ഏല്‍പിക്കാറില്ല. അതോടെ, സന്ദര്‍ഭം വരുമ്പോള്‍ മൂര്‍ച്ചയുള്ള കത്തി കൊണ്ട് ദൈവനാമത്തില്‍ കോഴിയെ അറുത്തുകൊടുക്കാന്‍ തുടങ്ങി.
താനേ ചത്തത്, കഴുത്ത് ഞെരിച്ചു കൊന്നത്, അടിച്ചു കൊന്നത് ഇതൊന്നും വിശ്വാസികള്‍ക്ക് പറ്റുകയില്ല. ഇസ്‌ലാമിന്റെ വിധി പ്രകാരം അറുത്തതാകട്ടെ, ഏതൊരു മനുഷ്യനും പറ്റും. മാംസം കഴിക്കുന്ന ഒരാള്‍ക്കും ഇസ്‌ലാമിന്റെ ആ വിധി ശരിയല്ല എന്നു പറയാന്‍ ന്യായങ്ങളില്ല. എന്നാല്‍, ഇസ്‌ലാം പാടില്ലെന്നു പറഞ്ഞത് മനുഷ്യന് തിന്നാതിരിക്കാന്‍ ന്യായങ്ങളുണ്ട്. 
ഇസ്‌ലാം പഠനം ആരംഭിച്ച കാലം മുതല്‍ തന്നെ ദൈവിക വിധികളുടെ ന്യായങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. എല്ലാ വിധികളുടെയും ന്യായം മനുഷ്യബുദ്ധി കൊണ്ട് മനസ്സിലാക്കാം എന്നൊന്നും അതിനര്‍ഥമില്ല. മനുഷ്യബുദ്ധി കണ്ടെത്തിയ ന്യായങ്ങള്‍ പിന്നീട് മാറിമറിഞ്ഞെന്നും വരാം. എന്തായാലും അറുത്തതേ കഴിക്കാന്‍ പാടുള്ളൂ എന്നതിന് കണ്ടെത്തിയ കാരണങ്ങള്‍ അന്ന് ഡയറിയില്‍ കുറിച്ചിട്ടിരുന്നു:      
'മനുഷ്യപ്രകൃതി ശവം തിന്നാന്‍ മടിക്കും. ചത്ത കാരണമറിയില്ല എന്നതും ഒരു പ്രശ്‌നമാണ്. രോഗങ്ങള്‍, അണുവിഷബാധ, കീടനാശിനികള്‍ തുടങ്ങി പല കാരണങ്ങളാല്‍ ചത്തതാകാം. കീടനാശിനികള്‍ മൂലം ചത്ത മാന്‍, മുയല്‍ പോലെയുള്ള ജീവികളുടെ മാംസം കഴിച്ചവരില്‍ മനോരോഗ ലക്ഷണങ്ങള്‍ കണ്ടതായി വൈദ്യശാസ്ത്ര വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്.
എത്ര സമയം മുമ്പാണ് ചത്തത് എന്നറിയില്ല എന്നതും പ്രശ്‌നമാണ്. പഴകിയ മാംസം കഴിച്ചാല്‍ 'സ്റ്റാഫിലോ കോക്കസ്' എന്ന ഭക്ഷ്യവിഷബാധക്കും സാധ്യതയുണ്ടത്രെ. മാത്രമല്ല, പഴക്കമില്ലെങ്കിലും ശവത്തിന്റെ ഞരമ്പിലെ രക്തത്തില്‍ (Venous Blood)  ബാക്ടീരിയകള്‍ ഉണ്ടാവും എന്നതും വൈദ്യശാസ്ത്രം പറയുന്നുണ്ട്. അതും രോഗങ്ങള്‍ വരുത്താന്‍ കാരണമാകും.
എന്നാല്‍ മത്സ്യം, വെട്ടുകിളി പോലെയുള്ളവയെ അറുക്കേണ്ടതില്ല എന്നാണ് ഇസ്‌ലാമിന്റെ വിധി. പക്ഷിമൃഗാദികളുടേത് ഉഷ്ണ രക്ത(Warm Blood)മാണ്. അതിനാല്‍ അണുബാധക്കുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, മത്സ്യങ്ങളുടേത് ശീത രക്ത (Cold Blood)മാണ്. ഉപ്പിന്റെ അംശവും കൂടും. അതിനാല്‍ പെട്ടെന്നുള്ള അണുബാധക്ക് സാധ്യത കുറവാണ്. വെട്ടുകിളിക്ക് രക്തമില്ല. പകരം മറ്റൊരു ദ്രാവകമാണ്.'
ഇസ്‌ലാമിന്റെ ഓരോ വിധിയും പരിശോധിച്ചാല്‍ മനുഷ്യന്റെ ശുദ്ധ പ്രകൃതിക്ക് ഇണങ്ങുന്നതാണ് എന്നു കാണാം. മനുഷ്യന്റെ ആരോഗ്യത്തെയും സംസ്‌കാരത്തെയും അത് പ്രതികൂലമായി ബാധിക്കുകയില്ല. ഇസ്‌ലാം ദൈവികമാണ് എന്നതിന്റെ തെളിവായിട്ടാണ് ഇതിനെയെല്ലാം കാണാന്‍ കഴിഞ്ഞത്.
ഭക്ഷണസാധനങ്ങള്‍ പാഴാക്കാതിരിക്കാന്‍ ശ്രദ്ധിച്ചു തുടങ്ങിയതും ജീവിതത്തെ ചിട്ടപ്പെടുത്തലിന്റെ ഭാഗമായിരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ദൈവസ്തുതി ശീലമാക്കിത്തുടങ്ങി.
പലിശയോട് അടുക്കില്ലെന്നും തീരുമാനിച്ചു. അക്കാലത്ത് 'വട്ടിപ്പലിശക്കാര്‍' നാട്ടിലുടനീളം വീടുകളില്‍ ചെന്ന് പണം പലിശക്ക് നല്‍കുമായിരുന്നു. നൂറു രൂപക്ക് നൂറ്റിപ്പത്ത് എന്നതായിരുന്നു കണക്ക്. ഒറ്റ നോട്ടത്തില്‍ ഇത് സാധാരണക്കാര്‍ക്ക് 'ഉപകാരപ്രദ'മായി തോന്നും. യഥാര്‍ഥത്തില്‍ അത് സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ദൂരവ്യാപകമാണ്. അത് മനസ്സിലായത് ഇസ്‌ലാമിനെ പഠിച്ചപ്പോഴാണ്. ഒരു ചൂഷണോപാധി എന്ന നിലക്ക് കമ്യൂണിസവും പലിശയെ നിരോധിച്ചിട്ടുണ്ട്.
കൂടെ പഠിച്ചിരുന്ന ഒരു സുഹൃത്ത് പലിശക്ക് പണം കൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങിയിരുന്നു. അത്തരക്കാര്‍ പൊതുവില്‍ സ്വാര്‍ഥരായിരിക്കും എന്നാണ് അനുഭവം. എന്തു കിട്ടും എന്നു മാത്രമാണ് അത്തരക്കാര്‍ ചിന്തിക്കുക. പ്രായമായ അമ്മയെ ആര് നോക്കും എന്ന കാര്യത്തില്‍ അവന്റെ വീട്ടില്‍ ജ്യേഷ്ഠാനിയന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. പെറ്റമ്മയെ സംരക്ഷിക്കാന്‍ പോലും തോന്നാത്ത ദുര്‍മനസ്സ്! എന്തു കിട്ടും എന്നു മാത്രം ചിന്തിക്കുന്നവര്‍ക്ക് പെറ്റമ്മ പോലും ഭാരമായി തോന്നും.
മനുഷ്യന്റെ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന  സാമ്പത്തിക സമ്പ്രദായമാണല്ലോ പലിശ. അത് സമ്പന്നര്‍ക്ക് മാത്രമേ ലഭിക്കൂ. സമ്പത്ത് സമ്പന്നരില്‍ കുമിഞ്ഞുകൂടാന്‍ കാരണമാകുന്ന ഒന്നാണത്. മാത്രമല്ല, സാമ്പത്തിക വ്യവസ്ഥക്കു തന്നെ അതേല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ല. അതുകൊണ്ടാണ് 'പലിശക്ക് പണം കടം കൊടുക്കുന്നവരെ ദയാവധത്തിന് വിധേയമാക്കിയാലല്ലാതെ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമല്ല' എന്ന് അലന്‍ പീക്കോക്കിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞത്. ഇസ്‌ലാം പലിശയെ ഹറാമാക്കുക മാത്രല്ല ചെയ്തത്, വന്‍പാപങ്ങളിലും ഉള്‍പ്പെടുത്തി. അതേസമയം പലിശക്ക് പകരമായി പ്രോത്സാഹിപ്പിക്കാന്‍ പറഞ്ഞതാകട്ടെ 'സകാത്തി'നെയാണ്.
വിശുദ്ധ ഖുര്‍ആനിലെ മുപ്പതാം അധ്യായത്തില്‍ മുപ്പത്തി ഒമ്പതാം വാക്യം ഇത് വ്യക്തമാക്കുന്നുണ്ട്:
''ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് ദൈവത്തിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ ദൈവത്തിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍.''
പലിശ പണക്കാര്‍ക്ക് മാത്രം ലഭിക്കുന്നതും സകാത്ത് പാവപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കുന്നതുമാണ്. പണക്കാര്‍ക്ക് മാത്രം ലഭിക്കുന്ന പലിശയെ നിഷിദ്ധമാക്കി. പാവപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കുന്ന സകാത്തിനെ നിര്‍ബന്ധവുമാക്കി. ഇതുപോലെ, മനുഷ്യജീവിതത്തിന്റെ ഓരോ വളവുതിരിവിലും മാനവികതയിലേക്ക് വഴിതിരിക്കുന്ന ഖുര്‍ആനിന്റെ സമീപനം മനോഹരമായി തോന്നിയിട്ടുണ്ട്.
ജീവിതത്തെ ചിട്ടപ്പെടുത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കണ്ണും കാതും നാവുമെല്ലാം നിയന്ത്രണവിധേയമാക്കിക്കൊണ്ടിരുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ സിനിമകള്‍ തിയേറ്ററുകളില്‍ പോയി കണ്ടിരുന്ന കാലമുണ്ട്. ആദര്‍ശപ്രതിജ്ഞക്കു ശേഷം ഒരു തവണയാണ് സിനിമക്ക് പോയത്. കോളേജില്‍ ഒരുമിച്ചു പഠിച്ചിരുന്ന ഒരു സുഹൃത്തിന്റെ കൂടെ, അലനല്ലൂരിലെ പി.എച്ച്.എ.ആര്‍ ടാക്കീസില്‍ പോയാണ് സിനിമ കണ്ടത്. അവന് ഇസ്‌ലാം പരിചയപ്പെടുത്താനുള്ള ഒരവസരമാണല്ലോ എന്ന നിലക്കാണ് പോയത്. സിനിമയിലെ ചില രംഗങ്ങള്‍ കടന്നുവരുമ്പോള്‍ അത്തരം കാഴ്ചകള്‍ അരുതാത്തതാണെന്ന ഉള്‍വിളികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഉദ്ദേശിച്ച പോലെ, സുഹൃത്തിനോട് കാര്യങ്ങള്‍ പറയാന്‍ അവസരം കിട്ടിയതില്‍ ദൈവത്തിന് സ്തുതി പറഞ്ഞുകൊണ്ട് സിനിമാ തിയേറ്ററുകളോട് വിട പറഞ്ഞു; ഹലാല്‍ സിനിമകള്‍ വരുന്നതും കാത്ത്!
ഇങ്ങനെ ജീവിതത്തിലുടനീളം പാലിക്കേണ്ട ഹലാലും ഹറാമും തിരിച്ചറിയാന്‍ കഴിഞ്ഞപ്പോഴാണ് ജീവിതത്തിനൊരു 'വെളിച്ചം' ലഭിച്ചത്.
'മതംമാറ്റം' അഥവാ 'സമുദായമാറ്റം'എന്ന ദുഷ്‌പ്പേരിനു കാരണമായ ഈ 'മനംമാറ്റ'ത്തെ അഥവാ 'ജീവിതമാറ്റ'ത്തെ ശരിക്കും മനസ്സിലാക്കിയാല്‍ മനുഷ്യപ്പറ്റുള്ള ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക? ഇസ്‌ലാമിനോടുള്ള എതിര്‍പ്പുകളുടെ പല കാരണങ്ങളിലൊന്ന് അജ്ഞതയാണെന്നതാണ് സത്യം. അതിനാല്‍, ഇങ്ങനെ വായിച്ചും ചിന്തിച്ചും കിട്ടിയ ഈ 'വെളിച്ചം' എത്രയും പെട്ടന്ന് മറ്റുള്ളവരെ അറിയിക്കണമെന്നത് വലിയ മോഹമായി മാറി. സുഹൃത്തുക്കളോടും മറ്റും വാദപ്രതിവാദങ്ങളും ചര്‍ച്ചകളും നിരന്തരമായി നടത്തിക്കൊണ്ടിരുന്നു.   
കൂടുതല്‍ ആളുകളെ ഒരുമിച്ച് ഒരു കാര്യം ബോധ്യപ്പെടുത്താനുള്ള വഴിയാണല്ലോ പ്രസംഗം. അതും വലിയ ഒരാഗ്രഹമായിരുന്നു. പ്രസ്ഥാനത്തിന്റെ യൂനിറ്റ് യോഗങ്ങളില്‍ പ്രസംഗ പരിശീലനം എന്ന നിലക്ക് അവസരങ്ങള്‍ ഉണ്ടായിരുന്നു. അസീസ് സാഹിബിന്റെ പ്രോത്സാഹനവും സഹപ്രവര്‍ത്തകരുടെ സഹകരണവും വലിയ സഹായമായി.
അങ്ങനെയിരിക്കെയാണ് 'ഏക് ഖുദാ, ഏക് ഇന്‍സാന്‍' (ഒരു ദൈവം, ഒരു മനുഷ്യന്‍) എന്ന തലക്കെട്ടില്‍ ഒരു കാമ്പയില്‍ കടന്നുവന്നത്. അതിന്റെ ഭാഗമായി ചുണ്ടോട്ടുകുന്ന് യൂനിറ്റിലും പരിപാടി നടത്തി. പ്രസംഗിച്ചെങ്കിലും അത് ചിട്ടയിലും വ്യവസ്ഥയിലുമായിരുന്നില്ല. ആശയങ്ങളുണ്ടായിരുന്നെങ്കിലും അത് പ്രകടിപ്പിക്കാന്‍ പറ്റുന്ന പദങ്ങളുടെ കുറവ് നന്നായി അനുഭവപ്പെട്ടു. യൂനിറ്റിലെ മറ്റൊരു പ്രവര്‍ത്തകനുമുണ്ടായിരുന്നു പ്രസംഗിക്കാന്‍. 'തമ്മില്‍ഭേദം തൊമ്മന്‍' എന്ന പദവിക്കര്‍ഹനായ പോലെ തോന്നി.
വലിയ ഒരു സത്യത്തെയാണല്ലോ അറിഞ്ഞിരിക്കുന്നത്. ഈ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞേ പറ്റൂ. ഒരു വ്യക്തിക്ക് കൂടുതല്‍ ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയുക പ്രസംഗത്തിലൂടെയാണ്.
ജീവിതത്തില്‍ ആദ്യമായി ഒരു സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് മൈക്കില്‍ സംസാരിക്കുന്നത് കേരളത്തില്‍ 'സാക്ഷരതാ യജ്ഞം' നടക്കുന്ന കാലത്താണ്. ഓരോ പ്രദേശത്തെയും സാക്ഷരതാ അധ്യാപകര്‍ക്കു വേണ്ടി എടത്തനാട്ടുകര മൂച്ചിക്കല്‍ സ്‌കൂളില്‍ നടന്ന ട്രെയ്‌നിംഗ് പരിപാടിയിലാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. മൈക്കില്‍ സംസാരിച്ച് കൊതി തീരാത്തതിനാല്‍, ചില അറിയിപ്പുകള്‍ നല്‍കാനുണ്ടെന്നു പറഞ്ഞ് രണ്ടാമതും മൈക്ക് വാങ്ങിയത് ഇന്നും ഓര്‍ക്കുന്നു!
അന്ന് ചുണ്ടോട്ടുകുന്ന് ജി.എല്‍.പി സ്‌കൂളില്‍ വെച്ച് സുഹൃത്തുക്കളെക്കൂട്ടി അക്ഷരാഭ്യാസമില്ലാത്ത പ്രായമായവരടക്കമുള്ളവര്‍ക്ക് വേണ്ടി സാക്ഷരതാ പരിപാടി സംഘടിപ്പിച്ചിരുന്നു.
ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ ഈ സ്‌കൂളിലാണ് പഠിച്ചത്. മുമ്പ് സൂചിപ്പിച്ച, സമരം നടത്തി പൂട്ടിച്ച കള്ളുഷാപ്പ് നിന്നിരുന്നത് ഈ സ്‌കൂളിനടുത്താണ്. ആ സമയത്തു തന്നെയാണ് ചീട്ടുകളിക്കെതിരിലുള്ള നിയമപോരാട്ടവും നടന്നത്. മണ്ണാര്‍ക്കാട്, നാട്ടുകല്‍ പോലീസ് സ്റ്റേഷനുകളില്‍ ഈ ആവശ്യാര്‍ഥം പലതവണ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യമായി പോലീസ് സ്റ്റേഷന്‍ കയറുന്നതും ഈ കാലത്താണ്.
ജീവിതത്തില്‍ ആദ്യമായി സ്റ്റേജില്‍ കയറി, ഒരു പാട്ടുകാരനല്ലെങ്കിലും പാട്ടു പാടിയതും, ഒരു നടന്‍ അല്ലെങ്കിലും നാടകത്തിലഭിനയിച്ചതും ഇതേ കാലത്ത് ഇതേ സ്‌കൂളില്‍ വെച്ചാണ്. ദീര്‍ഘകാലമായി പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച കേശവന്‍ മാസ്റ്ററുടെ യാത്രയയപ്പിനോടനുബന്ധിച്ച് നടന്ന വാര്‍ഷിക പരിപാടിയിലായിരുന്നു അത്. നാട്ടില്‍ സൗഹൃദത്തിന്റെ കൂട്ടായ്മ ശക്തിപ്പെടാന്‍ ഇതെല്ലാം കാരണമായിരുന്നു.
ഇതിനിടയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരുന്നു. ജോലിയുടെ പേരില്‍ മാറിത്താമസിക്കാന്‍ തീരുമാനിച്ച കാര്യം നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ.
മാറിത്താമസിക്കുന്നതിന്റെ ഭാഗമായി, അസീസ് സാഹിബിന്റെ നിര്‍ദേശപ്രകാരം, ജോലി തേടി ആദ്യം പോയത് പയ്യനാട്ടുള്ള ഒരു സ്‌കൂളിലേക്കാണ്. ഹെഡ് മാസ്റ്ററായിരുന്ന ഹംസ മാഷുമായി പരിചയപ്പെട്ട് സംസാരിച്ചു. ഇസ്‌ലാം സ്വീകരിച്ച ഒരാള്‍ എന്ന നിലക്കായിരിക്കാം അപരിചിതത്വമില്ലാത്ത ഇടപെടലായിരുന്നു. ആ സൗഹൃദം പിന്നെയും തുടര്‍ന്നു പോന്നു.
അവിടെ ജോലി ശരിയാവാതെ തിരിച്ചുപോരേണ്ടി വന്നു. വഴിയില്‍ വെച്ച് കണ്ട ഒരു സഹോദരന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിചയപ്പെടുത്തിക്കൊടുത്തു. പ്രബോധനത്തില്‍ ആദ്യത്തെ ലേഖനം വന്ന ആഴ്ചയായിരുന്നു അത് എന്നാണ് ഓര്‍മ. ലേഖനത്തിന്റെ തലക്കെട്ട് ഓര്‍ക്കുന്നില്ല. സ്ത്രീധനവുമായി ബന്ധപ്പെട്ട ലേഖനമായിരുന്നു. ആ ലേഖനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പരിചയപ്പെടുത്തിയത്. അതിലെ പേര് കണ്ടപ്പോള്‍ ഒരു മുസ്ലിം ആണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല. ഉടനെ അദ്ദേഹം പറഞ്ഞു: 'അതിലെ ഭാഷ ഞങ്ങളുടെ ഭാഷയാണല്ലോ?'
അങ്ങനെ അദ്ദേഹം പറയാന്‍ കാരണം, ആ ലേഖനം എഴുതിയിരുന്നത് മുഹമ്മദ് നബി (സ), ഇബ്‌റാഹീം നബി (അ), ഉമര്‍ (റ) എന്ന ശൈലിയിലാണ്.
'ഇദ്ദേഹം മുസ്ലിമാണ്' എന്ന് കൂടെയുള്ള സുഹൃത്ത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് യഥാര്‍ഥത്തില്‍ തന്നെ പുറത്തേക്ക് തള്ളി വന്നതായി തോന്നി. 'പേരിലെന്തിരിക്കുന്നു?' എന്ന ലേഖനം പ്രബോധനത്തിലെഴുതാന്‍ പ്രേരിപ്പിച്ച പല കാരണങ്ങളിലൊന്ന് ഇതായിരുന്നു.
പിന്നീട് ജോലി തേടിപ്പോയത് വളാഞ്ചേരിക്കടുത്ത് എടയൂരിലെ ഐ.ആര്‍.എസ്സിലേക്കാണ്. ജീവിതത്തില്‍ അതൊരു പുതിയ വഴിത്തിരിവായിരുന്നു. 

(തുടരും)

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌